നിഖ്യായിലെ വിശ്വാസപ്രമാണം, ഒരു പഠനം

നിഖ്യാവിശ്വാസപ്രമാണം

നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേൻ.” (1തിമൊ, 1:17). അക്ഷയനും അദൃശ്യനുമായ ഏകദൈവമാണ് (monos theos – the only God) നമുക്കുള്ളത്. ആ ദൈവം സൃഷ്ടി നടത്താനും സൃഷ്ടികൾക്ക് തന്നെത്തന്നെ വെളിപ്പെടുത്താനുമായി, പിതാവെന്ന പദവിയിലും മനുഷ്യസാദൃശ്യത്തിലും സ്വർഗ്ഗസിംഹാസനത്തിൽ പ്രത്യക്ഷനായി ഇരുന്നുകൊണ്ടാണ് ദൃശ്യവും അദൃശ്യവുമായ സകലതും സൃഷ്ടിച്ചതും ആദ്യമനുഷ്യനായ ആദാമിനെ നിലത്തെ പൊടികൊണ്ട് തൻ്റെ സ്വരൂപത്തിലും സാദൃശ്യത്തിലും മെനഞ്ഞതും പൂർവ്വപിതാക്കന്മാർക്ക് സർവ്വശക്തിയുള്ള ദൈവമായി വെളിപ്പെട്ടതും: (യെഹെ, 1:26-28; 8:2; ഉല്പ, 1:26,27; മലാ, 2:10; മത്താ, 18:11; നെഹെ, 9:6; യെശ, 44:24; കൊലൊ, 1:16; ഉല്പ, 1:26,27; 2:7; റോമ, 5:14;പുറ, 6:13). ആ ദൈവംതന്നെയാണ് മോശെ മുതലുള്ള പഴയനിയഭക്തന്മാർക്ക് യഹോവ എന്ന നാമത്തിൽ സ്വർഗ്ഗത്തിലും ഭൂമിയിലുമായി പ്രത്യക്ഷനായത്: (പുറ, 3:15; 1രാജാ, 22:19; യെശ, 6:1-5; യെഹെ, 1:26-28; ദാനീ, 7:9,10). ആ ദൈവം തന്നെയാണ് കാലസമ്പൂർണ്ണത വന്നപ്പോൾ യേശുവെന്ന സംജ്ഞാനാമത്തിലും പുത്രനെന്ന അഭിധാനത്തിലും കന്യകയായ മറിയയിലൂടെ പാപമറിയാത്ത പൂർണ്ണമനുഷ്യനായി ലോകത്തിൽ പ്രത്യക്ഷനായി തൻ്റെ മരണത്താൽ പാപപരിഹാരം വരുത്തിയത്: (ഗലാ, 4:4; മത്താ, 1:21; 2കൊരി, 5:21; എബ്രാ, 2:14,15). ആ ദൈവംതന്നെയാണ് പെന്തെക്കൊസ്തു നാളിൽ അദൃശ്യനായ ആത്മാവായി പ്രത്യക്ഷനായി ദൈവസഭ സ്ഥാപിച്ചതും വ്യക്തികളെ വീണ്ടുംജനിപ്പിച്ചുകൊണ്ട് സകലസത്യത്തിലും വഴിനടത്തുന്ന പരിശുദ്ധാത്മാവെന്ന കാര്യസ്ഥനായി ലോകാവസാനത്തോളം തൻ്റെ മക്കളോടുകൂടെ വസിക്കുന്നതു. (പ്രവൃ, 2:1-4; യോഹ, 3:5-8; യോഹ, 14:16; 16:13; യോഹ, 14:18, 28; മത്താ, 28:19). “എല്ലാവർക്കും മീതെയുള്ളവനും എല്ലാവരിലും കൂടി വ്യാപരിക്കുന്നവനും എല്ലാവരിലും ഇരിക്കുന്നവനുമായി എല്ലാവർക്കും ദൈവവും പിതാവുമായവൻ ഒരുവൻ.” (എഫെസ്യർ 4:6)

ദൈവം ഏകൻ അഥവാ ഒരുത്തൻ മാത്രമാണെന്നത് ബൈബിളിൻ്റെ മൗലിക ഉപദേശമാണ്. എങ്കിലും ഏതോ മിഥ്യാധാരണയിൽ ഒന്നിലധികം ദൈവങ്ങളോ വ്യക്തികളോ ഉണ്ടെന്ന് ഭൂരിപക്ഷം ക്രൈസ്തവരും (ത്രിത്വം) വിചാരിക്കുന്നു. ദൈവത്തിന് ബഹുത്വമുണ്ടെന്ന ഉപദേശം ബൈബിളിൻ്റെയല്ല; നിഖ്യായിലെ സുന്നഹദോസിൻ്റെയാണ്. ദൈവസഭ സ്ഥാപിതമായി ഏകദേശം മുന്നൂറോളം വർഷമായപ്പോൾ, ബിഥുന്യയിലെ നിഖ്യായിൽവെച്ച് (ഇപ്പോഴത്തെ തുര്‍ക്കിയിലെ ഇസ്നിക്‌ പട്ടണം) എ.ഡി. 325 മെയ്‌ 20 മുതല്‍ ജൂണ്‍ 10 വരെ നടന്ന ഒരു സുന്നഹദോസിൽ വെച്ചാണ് യേശുക്രിസ്തു ദൈവത്തിൽനിന്ന് ജനിച്ച മറ്റൊരു വ്യക്തിയാണെന്ന ദുരുപദേശം ഉരുത്തിരിഞ്ഞത്. ഒന്നാം നിഖ്യാ സുന്നഹദോസ് എന്നറിയപ്പെടുന്ന നിഖ്യായിലെ സാർവ്വത്രിക സുന്നഹദോസിൽ രൂപംകൊണ്ട വിശ്വാചാരങ്ങളുടെ ഏറ്റുപറച്ചിലാണ് നിഖ്യാവിശ്വാസപ്രമാണം എന്നപേരിൽ അറിയപ്പെടുന്നത്. എ.ഡി. 381-ൽ യൂറോപ്പിലെ കോൺസ്റ്റാന്റിനോപ്പിളിൽ (ഇപ്പോഴത്തെ തുർക്കിയിലെ ഇസ്താംബുൾ പട്ടണം) വെച്ചുനടന്ന ഒന്നാം കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസിൽ വെച്ച് പരിശുദ്ധാത്മാവിനെയും മറ്റൊരു വ്യക്തിയാക്കി. ത്രിത്വവിശ്വാസത്തിന് ആധാരമായ നിഖ്യാവിശ്വാസപ്രമാണം ബൈബളിനോട് നീതിപുലർത്തുന്നുണ്ടോ എന്നാണ് നാം പരിശോധിക്കുന്നത്: 

നിഖ്യാവിശ്വാസപ്രമാണം: “സര്‍വ്വശക്തനായ പിതാവും ദൃശ്യവും അദൃശ്യവുമായ സകലത്തിന്‍റെയും സ്രഷ്ടാവുമായ ഏകദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. പിതാവിന്‍റെ ഏകപുത്രനും സർവ്വലോകങ്ങൾക്കും മുമ്പെ പിതാവിൽനിന്നും ജനിച്ചവനും; ദൈവസത്തയുള്ളവനും ദൈവത്തില്‍നിന്നുള്ള ദൈവവും പ്രകാശത്തില്‍നിന്നുള്ള പ്രകാശവും സത്യദൈവത്തില്‍നിന്നുള്ള സത്യദൈവവും; ജനിച്ചവനും സൃഷ്ടിയല്ലാത്തവനും സാരാംശത്തില്‍ പിതാവിനോട് തുല്യനും; സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകലത്തിന്‍റെയും സ്രഷ്ടാവുമായ ഏകകര്‍ത്താവായ ഈശോയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. അവിടുന്ന് മനുഷ്യരായ ഞങ്ങള്‍ക്കും ഞങ്ങളുടെ രക്ഷയ്ക്കും വേണ്ടി സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി, മനുഷ്യസ്വഭാവം സ്വീകരിച്ചു മനുഷ്യനായി തീര്‍ന്നു. അവിടുന്ന് കഷ്ടം അനുഭവിച്ചു, മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റു സ്വര്‍ഗ്ഗത്തിലേക്ക്‌ കരേറി. അവിടുന്ന് ജീവിക്കുന്നവരേയും മരിച്ചവരെയും വിധിക്കാന്‍ വരുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. പരിശുദ്ധാത്മാവിലും ഞങ്ങള്‍ വിശ്വസിക്കുന്നു. എന്നാല്‍ ആരെങ്കിലും അവന്‍ (ക്രിസ്തു) ഇല്ലായിരുന്ന സമയം ഉണ്ടായിരുന്നുവെന്നും, അവന്‍ (ക്രിസ്തു) സൃഷ്ടിക്കപ്പെടുന്നതിനു മുന്‍പ്‌ ഇല്ലായിരുന്നുവെന്നും, അവന്‍ (ക്രിസ്തു) ഇല്ലായ്മയില്‍നിന്നും സൃഷ്ടിക്കപ്പെട്ടുവെന്നും, വേറൊരു സത്തയുള്ളവനാണെന്നും അല്ലെങ്കില്‍ ദൈവപുത്രന്‍ സൃഷ്ടിക്കപ്പെട്ടുവെന്നും മാറ്റപ്പെടുന്നുവെന്നും പറയുന്നുവെങ്കില്‍ അവരെ സാര്‍വത്രികവും പരിശുദ്ധവുമായ സഭ ശപിച്ചു പുറം തള്ളുന്നു.”

വിശദമായ പഠനം

1. സര്‍വ്വശക്തനായ പിതാവും ദൃശ്യവും അദൃശ്യവുമായ സകലത്തിന്‍റെയും സ്രഷ്ടാവുമായ ഏകദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു.

ദൈവം ഏകൻ അഥവാ ഒരുത്തൻ മാത്രമാണെന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണെന്നത് കേവലമൊരറിവല്ല; അതൊരു പരിജ്ഞാനവും പ്രാർത്ഥനയുമാണ്. (ആവ, 6:4). യഹോവ ഒരുത്തൻ മാത്രം ദൈവം: (2രാജാ, 19:15; 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20). പിതാവായ ഏകദൈവമേയുള്ളു: (1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 8:41; 17:1-3; മലാ, 2:10; യെശ, 63:16; 64:8). യഹോവയല്ലാതെ ദൈവമില്ല: (ആവ, 32:39; യെശ, 44:6; 44:8; 45:5; 45:21; 45:22; 46:8). യഹോവയല്ലാതെ രക്ഷിതാവില്ല: (യെശ, 43:11; 45:21, 22; ഹോശേ, 13:5). യഹോവയല്ലാതെ മറ്റൊരുത്തനുമില്ല: (ആവ, 4:35; 4:39; 1രാജാ, 8:59; യെശ, 45:5; 45:6; 45:18). യഹോവയ്ക്ക് സമനില്ല: (പുറ, 15:11; സങ്കീ, 35:10; 71:19; 86:8; 89:6; യെശ, 40:25; 46:5; യിരേ, 10:6; 10:7; യിരെ,49:19; 50:44; മീഖാ, 7:18). യഹോവയ്ക്ക് സദൃശനില്ല: (സങ്കീ, 40:5; 89:6; 113:5; യെശ, 40:25; 46:5). യഹോവ ഒരുത്തൻ മാത്രം സ്രഷ്ടാവ്: (2രാജാ, 19:15; നെഹെ, 9:6; ഇയ്യോ, 9:8; യെശ, 37:16; 44:24). യഹോവയ്ക്കു മുമ്പും പിമ്പും മറ്റൊരു ദൈവവും ഉണ്ടായിട്ടില്ല, ഉണ്ടാകയുമില്ല: (യെശ, 43:10). യഹോവയും (യെശ, 44:8) യിസ്രായേലും (ഹോശേ, 13:4) ദൈവത്തിൻ്റെ ക്രിസ്തുവും (യോഹ, 17:3) അവൻ്റെ അപ്പൊസ്തലന്മാരും മറ്റൊരു ദൈവവ്യക്തിയെ അറിയുന്നുമില്ല. (1കൊരി, 8:6). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). “യഹോവയെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.” (1രാജാ, 8:23; ഒ.നോ: യോശു, 2:11; 1ദിന, 2:11; 2ദിന, 6:14). വിശ്വാസപ്രമാണത്തിൻ്റെ ആദ്യഭാഗം ബൈബിൾ വെളിച്ചത്തിൽ നൂറുശതമാനം ശരിയാണ്.

2. പിതാവിന്‍റെ ഏകപുത്രനും സർവ്വലോകങ്ങൾക്കും മുമ്പെ പിതാവിൽനിന്നും ജനിച്ചവനും;

പിതാവിൻ്റെ ഏകപുത്രൻ: ത്രിത്വവിശ്വാസികൾ അക്ഷരാർത്ഥത്തിൽ പിതാവിൻ്റെ ഏകപുത്രൻ അഥവാ ഏകജാതനായ പുത്രനായി യേശുവിനെ മനസ്സിലാക്കുന്നു. (യോഹ, 3:16). അപ്പോൾ മനുഷ്യപുത്രൻ ആരാണെന്ന് പറയും? ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടായ ക്രിസ്തുവിൻ്റെ നൂറുകണക്കിനുള്ള പദവികളിൽ പ്രധാനപ്പെട്ട രണ്ടു പദവികളാണ്: ദൈവപുത്രനും മനുഷ്യപുത്രനും. ആദ്യജാതനും ഏകജാതനും ചേർത്ത് ആകെ എഴുപത്തഞ്ചു പ്രാവശ്യം ദൈവപുത്രനെന്നും എൺപത്തൊമ്പതു പ്രാവശ്യം മനുഷ്യപുത്രനെന്നും യേശുവിനെ വിശേഷിപ്പിച്ചിട്ടുണ്ട്. ക്രിസ്തു 5 പ്രാവശ്യം തന്നെത്തന്നെ ദൈവപുത്രനെന്നും 82 പ്രാവശ്യം തന്നെത്തന്നെ മനുഷ്യപുത്രനെന്നും വിശേഷിപ്പിച്ചിട്ടുണ്ട്. എപ്രകാരമാണ് ദൈവപുത്രൻ (Son of God) എന്നു വിളിച്ചിരിക്കുന്നത്, അപ്രകാരം തന്നെയാണ് മനുഷ്യപുത്രൻ (Son of Man) എന്നും ബൈബിൾ അവനെ വിളിച്ചിരിക്കുന്നത്. അക്ഷരാർത്ഥത്തിലാണെങ്കിൽ രണ്ടും പരസ്പരവിരുദ്ധമായ പ്രയോഗങ്ങളാണ്. യേശു ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാണെങ്കിൽ, അതേയർത്ഥത്തിൽ അവൻ ഏതോ ഒരു മനുഷ്യൻ്റെയും പുത്രനാകണ്ടേ? അവൻ ഏത് മനുഷ്യൻ്റെ പുത്രനാണെന്ന് പറയും? ക്രിസ്തുവിനെ ഏഴുപേരുടെ പുത്രനായി പുതിയനിയമം പരിചയപ്പെടുത്തുന്നു. ദൈവപുത്രൻ, മനുഷ്യപുത്രൻ, അബ്രാഹാമിൻ്റെ പുത്രൻ, ദാവീദിൻ്റെ പുത്രൻ, മറിയയുടെ പുത്രൻ, യോസേഫിൻ്റെ പുത്രൻ, സ്ത്രീയുടെ സന്തതി (കാലസമ്പൂർണ്ണതയിലെ സ്ത്രീ യിസ്രായേലാണ്). എന്നാൽ യഥാർത്ഥത്തിൽ അവൻ ആരുടെയും പുത്രനല്ല; ജഡത്തിൽ വെളിപ്പെട്ടവൻ്റെ അനേകം അഭിധാങ്ങളിൽ ഒന്നു മാത്രമാണ് അവൻ്റെ പുത്രത്വം.

ദൈവപുത്രനെന്നത് ജഡത്തിൽ വെളിപ്പെട്ടവൻ്റെ പദവി മാത്രമാണെന്ന് സുവിശേഷങ്ങളുടെ ആരംഭത്തിൽ നിന്നുതന്നെ മനസ്സിലാക്കാം. കന്യകയായ മറിയയിലൂടെ ലോകത്തിൽ ജനിച്ച യേശുവെന്ന മനുഷ്യൻ അഥവാ ശിശു ദൈവമോ, ദൈവപുത്രനോ, ക്രിസ്തുവോ ആയിരുന്നില്ല; പാപമറിയാത്ത ഒരു മനുഷ്യക്കുഞ്ഞായിരുന്നു: (ലൂക്കൊ, 1:35; 2കൊരി, 5:21. ഒ.നോ: യോഹ, 8:40; 9:11; പ്രവൃ, 2:23; റോമ, 5:15; 1കൊരി, 15:21; 15:47; 1തിമൊ, 2:5,6). മറിയ പ്രസവിച്ച വിശുദ്ധശിശുവിനെ എട്ടുദിവസം തികഞ്ഞപ്പോൾ പരിച്ഛേദന കഴിക്കയും ‘യേശു’ എന്നു പേർ വിളിക്കുകയും ചെയ്തു: (ലൂക്കൊ, 2:21). മറിയയുടെ ശുദ്ധീകരണകാലമായ മുപ്പത്തിമൂന്നു ദിവസം തികഞ്ഞപ്പോൾ എല്ലാ ആൺക്കുഞ്ഞുങ്ങളെപോലെ ന്യായപ്രമാണപ്രകാരം ദൈവാലയത്തിൽ കൊണ്ടുവന്നു ആദ്യജാതൻ്റെ വീണ്ടെടുപ്പിനുള്ള കർമ്മങ്ങൾ ചെയ്തു: (ലേവ്യ, 12:2-6; ലൂക്കൊ, 2:22-24). ആത്മാവിൽ ബലപ്പെട്ടു, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്ന യേശുവെന്ന മനുഷ്യൻ (ലൂക്കൊ, 2:40,52). ഏകദേശം മുപ്പതു വയസ്സായപ്പോൾ യോർദ്ദാനിൽ യോഹന്നാൻ്റെ കൈക്കീഴിൽ സ്നാനമേല്ക്കുമ്പോൾ, ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ ക്രിസ്തു അഥവാ അഭിഷിക്തനായത്: (മത്താ, 3:16; ലൂക്കൊ, 4:18,19; പ്രവൃ, 10:38). അനന്തരം, “ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്ന ഗബ്രീയേൽ ദൂതൻ്റെ പ്രവചനംപോലെ, ദൈവപിതാവിനാൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെടുകയായിരുന്നു: (ലൂക്കൊ, 1:32,35; 3:22). പിന്നെയാണ്, യേശു ആത്മാവിൻ്റെ ശക്തിയോടെ ശുശ്രൂഷ ആരംഭിച്ചത്: (ലൂക്കൊ, 4:14). ‘ദൈവപുത്രനെന്നു വിളിക്കപ്പെടും’ എന്ന് ഒന്നല്ല; രണ്ട് പ്രവചനങ്ങളാണ് യോർദ്ദാനിൽ നിവൃർത്തായായത്. പ്രവചനം ഭാവിയെക്കുറിച്ചുള്ളതാണ്; അല്ലാതെ, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. മുമ്പെ അവൻ ദൈവപുത്രനായിരുന്നെങ്കിൽ, ‘ദൈവപുത്രൻ നിൻ്റെ ഉദരത്തിൽ വന്ന് ജനിക്കും’ എന്നു ദൂതൻ പറയുമായിരുന്നു. അല്ലാതെ, ‘നിൻ്റെ ഉദരത്തിൽ നിന്നു ജനിക്കുന്ന ശിശു ദൈവപുത്രൻ എന്നു വിളിക്കപ്പെടും’ എന്നു പ്രവചിക്കില്ലായിരുന്നു. അതായത്, യേശു തൻ്റെ ഐഹിക ജീവകാലത്തു അഥവാ സ്നാനം മുതൽ ക്രൂശുമരണംവരെയുള്ള മൂന്നരവർഷം മാത്രമാണ് ദൈവപുത്രൻ ആയിരുന്നത്. പിന്നെങ്ങനെ അവൻ സർവ്വകാലങ്ങൾക്കും മുമ്പെ പിതാവിൽനിന്നു ജനിച്ച പുത്രനാകും.

“ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ടു ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക; അതു ആകുന്നു സുവിശേഷം.” (2തിമൊ, 2:8). ബൈബിളിൻ്റെ ആകെത്തുക അഥവാ സാരാംശം എന്താണെന്നു ചോദിച്ചാൽ; ക്രിസ്തുവിലൂടെ ദൈവമൊരുക്കിയ രക്ഷ അഥവാ സുവിശേഷമാണ്. (ഉല്പ, 3:15; യോഹ, 20:31). ദൈവത്തിൻ്റെ ക്രിസ്തുവിലൂടെ അവനൊരുക്കിയിരിക്കുന്ന രക്ഷയെക്കാൾ വലുതായി മറ്റൊന്നും ബൈബിളിലില്ല. യേശു ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാണെങ്കിൽ സുവിശേഷത്തിൻ്റെ നിർവ്വചനം ഇതാകുമായിരുന്നോ? ദൈവത്തിൻ്റെ സാക്ഷാൽ പുത്രനാണ് ജനിച്ചുമരിച്ചുയിർത്തതെങ്കിൽ സുവിശേഷത്തിനടിസ്ഥനം ദാവീദിൻ്റെ പുത്രനാണെന്ന് പൗലൊസ് പറയുമായിരുന്നോ? ഈ പറഞ്ഞതിൻ്റെ താല്പര്യമെന്താണെന്ന് ചോദിച്ചാൽ; ദൈവപുത്രൻ ആരുടെയും സാക്ഷാൽ പുത്രനല്ല. യഹോവയായ ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടാണെന്ന് മനസ്സിലാക്കാനാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം. (1തിമൊ, 3:14-16). ദൈവഭക്തിയുടെ മർമ്മത്തിൽ “God was manifest in the flesh” എന്നാണ് KJV-യിൽ കാണുന്നത്: (1തിമൊ, 3:16). എന്നാൽ അത് പൂർണ്ണമായും ശരിയല്ല. ഭാഷയിലെ സർവ്വനാമം അറിയാമെങ്കിൽ “അവൻ ജഡത്തിൽ വെളിപ്പെട്ടു” എന്നതിലെ “അവൻ” എന്ന സർവ്വനാമം മാറ്റിയിട്ട് തൽസ്ഥാനത്ത് “നാമം” ചേർത്താൽ “ജീവനുള്ള ദൈവം ജഡത്തിൽ വെളിപ്പെട്ടു” എന്നു കിട്ടും. ജീവനുള്ള ദൈവവും ശാശ്വതരാജാവും യഹോവയാണ്: (യിരെ, 10:10). അതായത്, പൗലൊസ് പറയുന്നത് യഹോവയായ ദൈവമാണ് ജഡത്തിൽ അഥവാ മനുഷ്യനായി വെളിപ്പെട്ട് നമ്മുടെ പാപപരിഹാരം വരുത്തിയതെന്നാണ്. അതാണ് ദൈവഭക്തിയുടെ മർമ്മം: (1തിമൊ, 3:14-16. ഒ.നോ: മത്താ, 1:21; ലൂക്കൊ, 1:68; ഫിലി, 2:6-8; 1തിമൊ, 3:14-16; എബ്രാ, 2:14,15).

സർവ്വലോകങ്ങൾക്കും മുമ്പെ പിതാവിൽനിന്നും ജനിച്ചവൻ: യേശു പിതാവിൽനിന്നു ജനിച്ചവനാണെന്ന് പഠിപ്പിക്കുകയും, ഒപ്പം ദൈവത്തോടു സമത്വമൂള്ളവനാണെന്ന് പറയുകയും ചെയ്താൽ ശരിയാകുമോ? ജനിപ്പിക്കപ്പെട്ടവൻ എങ്ങനെയാണ് ജനിപ്പിച്ചവനോട് സമത്വമുണ്ടാകുന്നത്? ഇതൊക്കെ ചോദിച്ചാൽ; ‘ജനിപ്പിച്ചു’ എന്നാൽ ‘സൃഷ്ടിച്ചു’ എന്നർത്ഥമില്ലെന്നു ത്രിത്വം പറയും. പിന്നെന്താണർത്ഥം? ബൈബിളിൽ ജനിച്ചു, ജനിപ്പിച്ചു (begat, beget, born) എന്നൊക്കെ പറഞ്ഞാൽ; ശൂന്യതയിൽനിന്ന് സൃഷ്ടിച്ചു എന്നർത്ഥമില്ലെങ്കിലും, “പുതുതായി ഒന്നു ഉത്ഭവിക്കുക, മുമ്പെ ഇല്ലാതിരുന്ന ഒന്നു ഉളവാകുക” എന്നൊക്കെയാണ് അർത്ഥം. ഹാനോക്കിന്നു ഈരാദ് ജനിച്ചു (born); ഈരാദ് മെഹൂയയേലിനെ ജനിപ്പിച്ചു (begat); മെഹൂയയേൽ മെഥൂശയേലിനെ ജനിപ്പിച്ചു (begat); മെഥൂശയേൽ ലാമെക്കിനെ ജനിപ്പിച്ചു (begat).” (ഉല്പ, 4:18). “ആദാമിനു നൂറ്റിമുപ്പതു വയസ്സായാപ്പോൾ അവൻ തന്റെ സാദൃശ്യത്തിൽ തന്റെ സ്വരൂപപ്രകാരം ഒരു മകനെ ജനിപ്പിച്ചു (begat); അവന്നു ശേത്ത് എന്നു പേരിട്ടു.” (ഉല്പ, 5:3). ഇവിടെയൊന്നും ജനിപ്പിക്കപ്പെട്ടവൻ ജനിപ്പിച്ചവന് തുല്യനാണെന്നോ, ജനിച്ചവൻ ഉത്ഭവമില്ലാത്തവനാണെന്നോ അർത്ഥമില്ല. ആദ്യനും അന്ത്യനും ഇന്നലെയും ഇന്നുമെന്നെന്നേക്കും അനന്യനുമായ യേശുക്രിസ്തു ദൈവത്തിൽനിന്നു ജനിച്ചവനാണെന്നു പഠിപ്പിക്കുന്ന ദുരുപദേശമാണ് അനേകരും വിശ്വസിക്കുന്നത്. സ്രഷ്ടാവായ ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടിനെ സൃഷ്ടിയാക്കാനുള്ള സാത്താൻ്റെ തന്ത്രമാണ് ത്രിത്വം.

അറിയൂസിൻ്റെ ദുരുപദേശത്തിനെതിരെയാണ് സുന്നഹദോസ് വിളിച്ചുചേർത്തത്. “യേശു ലോകാരംഭത്തിന് മുമ്പ് ദൈവപിതാവിനാൽ സൃഷ്ടിക്കപ്പെട്ടവനാണെന്നും പിതാവിന്റെ സൃഷ്ടിയാകയാൽ പുത്രൻ ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു” എന്നായിരുന്നു അറിയൂസിൻ്റെ വാദം. അറിയൂസ് രണ്ട് കാര്യങ്ങളാണ് പറഞ്ഞത്: ഒന്ന്; യേശു സൃഷ്ടിയാണെന്ന് പറഞ്ഞു; സുന്നഹദോസ് അതിനെ ഖണ്ഡിച്ചിട്ട് സൃഷ്ടിയല്ല; ജനിച്ചവനാണെന്നു സ്ഥാപിച്ചു. തമ്മിലെന്താണ് വ്യത്യാസം? ഒന്നുമില്ല. ശൂന്യതയിൽനിന്ന് സൃഷ്ടിച്ചു എന്നർത്ഥമില്ലെങ്കിലും ജനിച്ചവൻ സൃഷ്ടിയാണ്; ആംരംഭമുള്ളവനാണ്. തത്വത്തിൽ രണ്ടുപേരും പറഞ്ഞത് ഒന്നാണ്; അറിയൂസിൻ്റെ സൃഷ്ടിയെ സുന്നഹദോസ് വെള്ളപൂശി ജനിപ്പിച്ചെടുത്തു. അറിയൂസിൻ്റെ രണ്ടാമത്തെ വാദം; യേശു ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു; സുന്നഹദോസ് അതിനെ ഖണ്ഡിച്ചിട്ട് ‘പിതാവിൽ നിന്നു ജനിച്ചു’ എന്നു സ്ഥാപിച്ചു. തമ്മിലെന്താണ് വ്യത്യാസം? ഒന്നുമില്ല. പുത്രൻ പിതാവിനോടൊപ്പം ജനിച്ചുവെന്നല്ല; പിതാവിൽനിന്നു ജനിച്ചുവെന്നാണ് സുന്നഹദോസ് പ്രഖ്യാപിച്ചത്. പിതാവു മുമ്പേ ഉള്ളതുകൊണ്ടാണല്ലോ, പുത്രൻ പിതാവിൽനിന്ന് ജനിച്ചത്? ജനിപ്പിച്ച പിതാവും ജനിപ്പിക്കപ്പെട്ട പുത്രനും തമ്മിൽ ചെറുതെങ്കിലും ഒരിടവേള എന്തായാലും ഉണ്ടാകും. അപ്പോൾ, പുത്രന് ഒരു ആരംഭമുണ്ടെന്നും; പുത്രനില്ലാതെ, പിതാവു മാത്രമുണ്ടായിരുന്ന കാലമുണ്ടായിരുന്നു എന്ന അറിയൂസിൻ്റെ വാദം സുന്നഹദോസ് അംഗീകരിക്കുകയാണ് ചെയ്തത്. ബൈബിളിൽ നിന്നു തെളിവുതരാം: “ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു.” (ഉല്പ, 1:27). “ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ ദൈവത്തിന്റെ സാദൃശ്യത്തിൽ അവനെ ഉണ്ടാക്കി.” (ഉല്പ, 5:1). “ആദാമിനു നൂറ്റിമുപ്പതു വയസ്സായാപ്പോൾ അവൻ തന്റെ സാദൃശ്യത്തിൽ തന്റെ സ്വരൂപപ്രകാരം ഒരു മകനെ ജനിപ്പിച്ചു; അവന്നു ശേത്ത് എന്നു പേരിട്ടു.” (ഉല്പ, 5:3). ദൈവം ആദാമെന്ന തൻ്റെ മകനെ നേരിട്ട് സൃഷ്ടിച്ചു; എന്നാൽ, നൂറ്റിമുപ്പതു വർഷം കഴിഞ്ഞപ്പോൾ  ആദാം തൻ്റെ മകനായ ശേത്തിനെ ദൈവം കൊടുത്ത കൃപയാൽ അഥവാ കഴിവിനാൽ ജനിപ്പിച്ചു. ആദാമിനെ സൃഷ്ടിക്കും മുമ്പ് ആദാം ഇല്ലായിരുന്നു; ശേത്തിനെ ജനിപ്പിക്കും മുമ്പ് ശേത്തും ഇല്ലായിരുന്നു. രണ്ടുപേരുടെയും വാദം ഒന്നുതന്നെ. അപ്പോൾ, പുത്രനെ പിതാവ് സൃഷ്ടിച്ചതാണെന്നും പുത്രൻ ഇല്ലാതിരുന്ന കാലമുണ്ടെന്നും അറിയൂസ് പറഞ്ഞത് നിഖ്യാസുനഹദോസ് അതേപടി അംഗീകരിക്കുകയായിരുന്നില്ലേ? ഇവിടെയാണ് ഹവ്വായെ വഞ്ചിച്ച പഴയപാമ്പിൻ്റെ ഉപായം മനസ്സിലാക്കേണ്ടത്. കോൺസ്റ്റൻ്റയിൻ എന്ന റോമൻ ചക്രവർത്തിയിലൂടെ ലോകം മുഴുവനുമുള്ള മുന്നൂറോളം ബിഷപ്പുമാരെ സുന്നഹദോസിനായി നിഖ്യായിൽ കൂട്ടിവരുത്തിയിട്ട് അറിയൂസെന്ന ഒരു പാഷണ്ഡകൻ്റെ ഉപദേശത്തെ വെള്ളപൂശി സർപ്പം സഭയ്ക്കകത്ത് നുഴയിച്ച് കയറ്റുകയായിരുന്നു. (സുന്നഹദോസിൻ്റെ കൂടുതൽ വിവരങ്ങൾ താഴെക്കാണാം)

യേശു, സർവ്വലോകങ്ങൾക്കും മുമ്പെ പിതാവിൽനിന്നും ജനിച്ചവനാണ് എന്നതിൻ്റെ തെളിവായി സങ്കീർത്തനം 2:7; യോഹ, 17:5; കൊലോസ്സ്യർ 1:15 എന്നീ മൂന്നു വാക്യങ്ങളാണ് ഇവർ പ്രധാനമായി പറഞ്ഞുകാണുന്നത്. സങ്കീർത്തനം 2:7-ലെ ദൈവം ജനിപ്പിച്ച പുത്രൻ യേശുക്രിസ്തുവല്ല; യിസ്രായേലാണ്. (കാണുക: രണ്ടാം സങ്കീർത്തനം). യഹോവയായ ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടായ മനുഷ്യനെ യഹോവ ജനിപ്പിച്ചു എന്ന് വിശ്വസിക്കുന്ന ഒരു ദുരന്ത ഉപദേശമാണ് ത്രിത്വം. (1തിമൊ, 3:14-16). സർവ്വസൃഷ്ടിക്കും ആദ്യജാതൻ: യേശു അദൃശ്യനായ ദൈവത്തിന്റെ പ്രതിമ അഥവാ ദൃശ്യരൂപം ആയതുകൊണ്ടാണ് സർവ്വസൃഷ്ടിക്കും ആദ്യജാതൻ എന്ന് പറഞ്ഞിരിക്കുന്നത്. (കൊലൊ, 1:15). ഇത് യഥാർത്ഥത്തിൽ ദൈവപുത്രനെക്കുറിച്ചല്ല; യേശുക്രിസ്തുവെന്ന മഹാദൈവത്തെക്കുറിച്ചുള്ള പ്രയോഗമാണ്. ആദ്യജാതൻ ദൈവത്തിൻ്റെ ആദ്യത്തെ മകനായതുകൊണ്ടല്ല. അവൻ സർവ്വസൃഷ്ടികൾക്കും മുമ്പേയുള്ളവനും സ്രഷ്ടാവും പരിപാലകനും, സകലത്തിനും ആധാരവും താൻ മുഖാന്തരം തനിക്കായി സകലവും സൃഷ്ടിച്ചവനുമാണ്. (കൊലൊ, 1:16,17; എബ്രാ, 1:10). “സകലവും അവനിൽ നിന്നും അവനാലും അവങ്കലേക്കും ആകുന്നുവല്ലോ; അവന്നു എന്നേക്കും മഹത്വം ആമേൻ.” (റോമ, 11:36). ബൈബിൾ വായിച്ചിട്ടല്ല ഇവരീ വിശ്വാസപ്രമാണം ഉണ്ടാക്കിയിരിക്കുന്നത്. അക്ഷരാർത്ഥത്തിലാണ് ആദ്യജാതനെന്ന് യേശുവിനെ വിളിച്ചിരിക്കുന്നതെങ്കിൽ രണ്ടുവിധത്തിൽ ഇവർക്കുതന്നെ അത് കെണിയായി മാറും; എന്തെന്നാൽ ദൈവത്തിൻ്റെ ഏകജാതനും ആദ്യജാതനും ഒരാൾതന്നെയാണ്. ഒന്ന്; യഥാർത്ഥത്തിലാണെങ്കിൽ ഏകജാതനും ആദ്യജാതനും പരസ്പരവിരുദ്ധമായ പ്രയോഗങ്ങളാണ്. അതിനാൽ അത് ജഡത്തിൽ വെളിപ്പെട്ടവൻ്റെ പദവിയാണെന്ന് മനസ്സിലാക്കാം. രണ്ട്; ഏതെങ്കിലുമൊന്ന് അക്ഷരാർത്ഥത്തിലാണെന്ന് പറഞ്ഞാലും പ്രശ്നമാണ്. ഉദാ: ഏകജാതനാണെന്നു പറഞ്ഞാൽ; ദൈവത്തിന് അനേകം മക്കളുണ്ടെന്ന് ബൈബിൾ പറയുമ്പോൾ, യഥാർത്ഥത്തിൽ യേശു ദൈവത്തിൻ്റെ ഏകജാതനായ പുത്രനാണന്ന് പറഞ്ഞാൽ അത് ബൈബിൾ വിരുദ്ധമാകും. യഥാർത്ഥത്തിൽ ആദ്യജാതനാണെന്ന് പറഞ്ഞാൽ, ക്രിസ്തുവിനു തുല്യനായ അനന്തരജാതന്മാർ ദൈവത്തിന് ഉണ്ടെന്നുവരും; അത് ദുരുപദേശമായിമാറും. സത്യത്തിൽ ത്രിത്വം ബൈബിളിൻ്റെ ഉപദേശമല്ല; അനേകരെ വഞ്ചിക്കാൻ ഉപായിയായ സർപ്പം സഭയിൽ നുഴയിച്ചുകയറ്റിയ ദുരുപദേശമാണ്. (കാണുക: ഏകജാതനും ആദ്യജാതനും)

3. ദൈവസത്തയുള്ളവനും ദൈവത്തില്‍നിന്നുള്ള ദൈവവും പ്രകാശത്തില്‍നിന്നുള്ള പ്രകാശവും സത്യദൈവത്തില്‍നിന്നുള്ള സത്യദൈവവും;

ദൈവസത്തയുള്ളവൻ: ത്രിത്വവിശ്വാസികൾക്ക് യേശുക്രിസ്തുവെന്ന മഹാദൈവത്തെയും മനുഷ്യരുടെ പാപപരിഹാരാർത്ഥം ക്രൂശിൽ മരിച്ച യേശുവെന്ന മനുഷ്യനെയും വേർതിരിച്ചറിയില്ല. അതറിയണമെങ്കിൽ “ദൈവം ഒരുത്തൻ മാത്രമാണ് അഥവാ പിതാവായ ഏകദൈവമേ നമുക്കുള്ളു” എന്ന ബൈബിളിൻ്റെ മൗലിക ഉപദേശം അംഗീകരിക്കണം: (2രാജാ, 19:15; 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20; 1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 8:41; 17:1-3; മലാ, 2:10; യെശ, 63:16; 64:8). മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), മനുഷ്യൻ്റെ പാപം സ്രഷ്ടാവായ തൻ്റെ പാപമായി കണ്ടുകൊണ്ട്, പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ഏകദൈവംതന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) പാപമറിയാത്ത മനുഷ്യനായി വെളിപ്പെട്ട് പാപപരിഹാരം വരുത്തുകയായിരുന്നു. (മത്താ, 1:21; ലൂക്കൊ, 1:68; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). ഒന്നുകൂടി പറഞ്ഞാൽ പഴയനിയമത്തിലെ യഹോവയും പുതിയനിയമത്തിലെ ലേഖനത്തിൽ കാണുന്ന യേശുക്രിസ്തുവെന്ന മഹാദൈവവും ഒരാളാണ്. ആ ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടാണ് സുവിശേഷങ്ങളിലെ മനുഷ്യനായ ക്രിസ്തു. (1തിമൊ, 13:14-16; 1പത്രൊ, 1:20). അതായത്, നമുക്ക് പിതാവായ ഏകദൈവം മാത്രമേയുള്ളു: (യോഹ, 5:44; 17:3; മത്താ, 4:10; ലൂക്കോ, 4:8; മത്താ, 24:36; യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). പിതാവായ ഏകദൈവത്തിൻ്റെ ജഡത്തിലുള്ള അഥവാ മനുഷ്യനായിട്ടുള്ള പ്രത്യക്ഷതയാണ് ദൈവപുത്രനായ യേശുക്രിസ്തു: (1തിമൊ, 2:6; 3:14-16). പിതാവായ ദൈവത്തിൻ്റെ നേരിട്ടുള്ള പ്രത്യക്ഷതയാണ് ദൈവമായ യേശുക്രിസ്തു: (മർക്കൊ, 16:14; യോഹ, 20:28. ഒ.നോ: തീത്തൊ, 2:12)

പഴയനിയമം അഥവാ ന്യായപ്രമാണം നല്കുന്നതിനു മുന്നോടിയായാണ് ദൈവം തൻ്റെ നാമം മോശെയ്ക്ക് വെളിപ്പെടുത്തിയത്. (പുറ, 3:14,15). അതിനു മുമ്പൊരിക്കലും, പൂർവ്വപിതാക്കന്മാർക്കുപോലും ആ നാമം വെളിപ്പെടുത്തിയിരുന്നില്ല. (പുറ, 6:3). അതുപോലെ, പുതിയനിയമം സ്ഥാപിക്കുന്നതിനു മുന്നോടിയായാണ് ജീവനുള്ള ദൈവമായ യഹോയുടെ പ്രത്യക്ഷതയായ മനുഷ്യനു യെഹോശൂവാ അഥവാ യേശു എന്ന പേർ നല്കിയത്. (മത്താ, 1:21; ലൂക്കൊ, 1:31). പഴയനിയമപ്രവചനംപോലെ (യിരെ, 31:31-34) ദൈവത്തിൻ്റെ പ്രത്യക്ഷതയായ അഭിഷിക്തമനുഷ്യൻ്റെ രക്തംമൂലം പുതിയനിയമം സ്ഥാപിതമായപ്പോൾ (ലൂക്കൊ, 22:20; എബ്രാ, 8:8-13) പിതാവ് (യോഹ, 5:43; 17:11,12) പുത്രൻ (മത്താ, 1:23) പരിശുദ്ധാത്മാവ് (യോഹ, 14:26) എന്നത് ഏകദൈവത്തിൻ്റെ പദവികളും യേശുക്രിസ്തു എന്നത് നാമവുമായി. (മത്താ, 28:19. ഒ.നോ: പ്രവൃ, 2:38; 8:16; 10:48; 19:5: 22:16; കൊലൊ, 3:17). സുവിശേഷചരിത്രകാലത്ത് ദൈവവും ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യനും എന്ന രണ്ടു വ്യക്തികൾ ഉണ്ടായിരുന്നു. (യോഹ, 8:16-18; 8:29; 16:32). പ്രത്യക്ഷനായവൻ ശുശ്രൂഷ തികച്ച് അപ്രത്യക്ഷനായാൽ മറ്റൊരു വ്യക്തിയായി ഉണ്ടാകുകയുമില്ല. ആരാണോ മനുഷ്യനായി പ്രത്യക്ഷനായത്, അവനാണ് ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനും മഹാദൈവവുമായ യഹോവ അഥവാ യേശുക്രിസ്തു. (തീത്തൊ, 2:12; എബ്രാ, 13:8). ആകാശത്തിനു കീഴിൽ മനുഷ്യരുടെ ഇടയിൽ രക്ഷയ്ക്കായി യേശുക്രിസ്തുവെന്ന ഏകനാമമല്ലാതെ മറ്റൊരു നാമമില്ലെന്ന് അപ്പൊസ്തലന്മാരിൽ പ്രഥമനും പ്രധാനിയുമായവൻ വിളിച്ചുപറഞ്ഞതും കുറിക്കൊള്ളുക. (പ്രവൃ, 4:12). പഴയനിയമത്തിൽ പറഞ്ഞിരിക്കുന്ന ഏകദൈവവും സകലഭൂവാസികളുടെയും ഏകരക്ഷിതാവും യഹോവ മാത്രമാണ്. (യെശ,45:22). യേശുക്രിസ്തുവൽനിന്ന് വ്യതിരിക്തനാണ് യഹോവയെങ്കിൽ പത്രൊസിനെക്കാൾ വലിയ ദൈവദൂഷകൻ വേറെയില്ല.

ദൈവപുത്രൻ ദൈവമായിരുന്നില്ല; ദൈവത്തിൻ്റെ വെളിപ്പാടായ പാപമറിയാത്ത മനുഷ്യൻ ആയിരുന്നു: “മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി.” (1കൊരി, 15:21). പൂർണ്ണ അനുസരണത്താലും നിഷ്കളങ്ക രക്തത്താലും ആദാമിൻ്റെ പാപത്തിനു പരിഹാരം വരുത്തിയത് ദൈവമല്ല; പാപമറിയാത്ത മനുഷ്യനാണ്. (2കൊരി, 5:21; എബ്രാ, 5:7-9;1പത്രൊ, 1:19). “പാപം അറിയാത്തവൻ, പാപം ചെയ്തിട്ടില്ല, വായിൽ വഞ്ചനയില്ല, അവനിൽ പാപം ഇല്ല” എന്നിത്യാദി പ്രയോഗങ്ങൾ സ്വർഗ്ഗംപോലും തൃക്കണ്ണിനു നിർമ്മലമല്ലാത്ത ദൈവത്തെ കുറിക്കുന്നതല്ല; ക്രിസ്തുയേശു എന്ന മനുഷ്യനെ കുറിക്കുന്നതാണ്. (1പത്രൊ, 2:22; 1യോഹ, 3:5). മദ്ധ്യസ്ഥനും മറുവിലയും ദൈവകുഞ്ഞാടുമായി തന്നെത്താൻ ദൈവത്തിനു സൗരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിച്ച മഹോപുരോഹിതൻ ദൈവമല്ല; ദൈവത്തിൻ്റെ പ്രത്യക്ഷതയായ ക്രിസ്തുയേശു എന്ന മനുഷ്യനാണ്. (എഫെ, 5:2; 1തിമൊ, 2:5,6; 3:164-16). മഹാദൈവമായ യേശുക്രിസ്തുവിനെയും അവൻ്റെ പ്രത്യക്ഷതയായ ക്രിസ്തുയേശു എന്ന മനുഷ്യനെയും വേർതിരിച്ചറിയണം: “ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5,6). പിതാവ് പുത്രനു കൊടുത്ത തൻ്റെ നാമമാണ് യേശുക്രിസ്തു: “നീ എനിക്കു തന്നിരിക്കുന്ന നിൻ്റെ നാമം” (യോഹ, 17:11; 17:12). അതായത്, പുതിയനിയമം വെളിപ്പെടുത്തുന്ന ദൈവപിതാവിൻ്റെ പേരും മനുഷ്യനായ ദൈവപുത്രൻ്റെ പേരും യേശുക്രിസ്തു എന്നാകുന്നു: (മത്താ, 1:21; സങ്കീ, 118:26–മത്താ, 23:39; യോഹ, 5:43; 10:25; യോഹ, 12:28–17:1; 17:6; 17:11,12; യോവേ, 2:32–പ്രവൃ, 2:22;–റോമ, 10:13–പ്രവൃ, 4:12–യെശ, 45:22; മത്താ, 28:19–പ്രവൃ, 2:38; 8:16; 10:48; 19:5: 22:16). ദൈവപുത്രനായ യേശു ദൈവമായിരുന്നില്ല; പാപമറിയാത്ത മനുഷ്യനായിരുന്നു. അതിനാൽ, ദൈവസത്തയുള്ളവനെന്ന പ്രയോഗം അവന് ചേരില്ല.

ദൈവത്തില്‍നിന്നുള്ള ദൈവം: ഇതൊരുമാതിരി വെളിവുകെട്ട പ്രയോഗമാണ്. ദൈവത്തിൽനിന്നു മറ്റൊരു ദൈവം; അപ്പോൾ എത്ര ദൈവമുണ്ട്? ഏകദൈവത്തിന് പ്രത്യക്ഷതകൾ അഥവാ വെളിപ്പാടുകൾ മാത്രമേയുള്ളു. ക്രിസ്തുവിൻ്റെ ജഡത്തിലെ ശുശ്രൂഷയോടുള്ള ബന്ധത്തിലാണ് ഇത് പറയുന്നതെങ്കിൽ, ദൈവപുത്രനായ യേശു ദൈവമായിരുന്നില്ല; പാപമറിയാത്ത മനുഷ്യൻ മാത്രമായിരുന്നു. പുനരുത്ഥാനശേഷം പിതാവിൻ്റെ സന്നിധിയിൽ കരേറിപ്പോയതോടുകൂടി മനുഷ്യനായ ദൈവപുത്രൻ്റെ ശുശ്രൂഷ കഴിഞ്ഞു. (യോഹ, 20:17; 28). വീണ്ടും സ്വർഗ്ഗത്തിൽനീന്നു പ്രത്യക്ഷനായതു മനുഷ്യനല്ല; ദൈവമാണ്: (മർക്കൊ, 16:14; യോഹ, 20:28. ഒ.നോ: തീത്തൊ, 2:12). അതുകൊണ്ടാണ് തോമാസ് അവനെ “എൻ്റെ കർത്താവും എൻ്റെ ദൈവവുമായുള്ളോവേ” എന്നു വിളിച്ചത്: (യോഹ, 20:28). ഒരു യെഹൂദൻ യഹോവയെ അല്ലാതെ മറ്റാരെയും “എൻ്റെ ദൈവം” (My God) എന്നു വിളിക്കില്ല. ദാവീദ്, “എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ” (സങ്കീ, 35:23) എന്നു വിളിച്ചവനെത്തന്നെയാണ് യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ യാക്കോബ് “എൻ്റെ ദൈവം” എന്നു വിളിച്ചത്.

താൻ മനുഷ്യനാണെന്നു ദൈവപുത്രൻ പറയുന്നു: “എന്നാൽ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു; അങ്ങനെ അബ്രാഹാം ചെയ്തില്ലല്ലോ.” (യോഹ, 8:40). ദൈവം ഒരുത്തൻ മാത്രമാണെന്നും (യോഹ, 5:43) പിതാവ് മാത്രമാണ് സത്യദൈവമെന്നും (17:3) അവനെ മാത്രം ആരാധിക്കണമെന്നും (മത്താ, 4:10; ലൂക്കൊ, 4:8) പിതാവ് മാത്രമാണ് സകലവും അറിയുന്നതെന്നും (മത്താ, 24:36) പറഞ്ഞുകൊണ്ട് താൻ ദൈവമല്ലെന്നും ദൈവപുത്രൻ തന്നെ സാക്ഷ്യം പറയുന്നു. ദൈവപുത്രൻ മനുഷ്യനാണെന്നു അപ്പൊസ്തലന്മാരും സാക്ഷ്യം പറയുന്നു: (മത്താ, 11:19; 26:72; 26:74; മർക്കൊ, 14:71; 15:39; ലൂക്കൊ, 23:4; 23:6; 23:14; 23:47; യോഹ, 1:30; 4:29; 5:12; 7:46; 8:40; 9:11; 9:16; 9:24; 10:33; 11:47; 18:14; 18:17; 18:29; 19:5; പ്രവൃ, 5:28; റോമ, 5:15; 1കൊരി, 15:21; 15:45; 15:47; 1തിമൊ, 2:6). “പിതാവായ ഏകദൈവമേ നമുക്കുള്ളു” എന്നു പറഞ്ഞുകൊണ്ട് പുത്രൻ ദൈവമല്ലെന്നും അപ്പൊസ്തലന്മാർ സാക്ഷ്യം പറഞ്ഞിരിക്കുന്നു: (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). ക്രൂശിൽ മരിച്ചതും മനുഷ്യനാണെന്നു പറഞ്ഞിരിക്കുന്നു: “എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:6). ഇത്രയ്ക്കും സ്ഫടികസ്ഫുടമായി ദൈവപുത്രൻ ദൈവമല്ലെന്നു പറഞ്ഞിരിക്കെ നിഖ്യാസുന്നഹദോസ് അവനെ ദൈവത്തിൽനിന്നു ജനിച്ച ദൈവമാക്കിയതെന്തിനാണ്? ഏകസത്യദൈവത്തെ ബഹുദൈവമാക്കാനും മറിയയെ ദൈവമാതാവാക്കാനുള്ള സാത്താൻ്റെ തന്ത്രമാണ് അവൻ നിഖ്യാസുന്നഹദോസിലൂടെ നടപ്പാക്കിയത്. കത്തോലിക്കരിൽ ഉരുവായ ദുരുപദേശം ബൈബിൾ വായിക്കാത്തവരും വായിച്ചാൽത്തന്നെ സ്വയവ്യാഖ്യാനംകൂടാതെ വിശ്വസിക്കാത്തവരുമായ പ്രൊട്ടസ്റ്റൻ്റുകാർ വെള്ളംതൊടാതെ വിഴുങ്ങുകയായിരുന്നു.

പ്രകാശത്തില്‍നിന്നുള്ള പ്രകാശം: യേശുവിനെ, ‘ദൈവതേജസ്സിൻ്റെ പ്രഭ’ എന്ന് എബ്രായലേഖകൻ പറഞ്ഞിട്ടുണ്ടുണ്ട്: (1:3). ഈശ്വരതേജസ്സിൻ്റെ മഹത്തായ ശോഭയെന്നാണ് മറ്റൊരു പരിഭാഷ. ആദൃശ്യനായ ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിക്കുന്ന ദൃശ്യമായ പ്രതിമ അഥവാ ദൃശ്യരൂപമെന്ന നിലയിലാണ് അവനെ ദൈവതേജസ്സിൻ്റെ പ്രഭയെന്ന് വിശേഷിപ്പിച്ചിച്ചിരിക്കുന്നത്. (കൊലൊ, 1:15; 2:9). അതു ദൈവപുത്രനെക്കുറിച്ചല്ല; മഹാദൈവമായ യേശുക്രിസ്തുവിനെ അഥവാ അദൃശ്യദൈവത്തിൻ്റെ സ്വർഗ്ഗത്തിലെ നിത്യമായ പ്രത്യക്ഷതയായ യഹോവയായ ദൈവത്തെക്കുറിച്ചാണ്. അവൻ മറ്റൊരു ദൈവമോ, വ്യക്തിയോ അല്ല. ‘പ്രകാശത്തിൽ നിന്നുള്ള പ്രകാശം’ എന്നത് ഏകസത്യദൈവത്തെ ത്രിത്വമാക്കാനുള്ള സാത്താൻ്റെ തന്ത്രമാണ്; കൂടുതൽ അലങ്കാരമൊന്നും വേണ്ട; തേജസ്സിൻ്റെ പ്രഭ അല്ലെങ്കിൽ ‘മഹത്വത്തിൻ്റെ തേജസ്സ് അതുമല്ലെങ്കിൽ തേജസ്സിൻ്റെ പ്രതിഫലനം അതൊക്കെ മതി.

സത്യദൈവത്തില്‍നിന്നുള്ള സത്യദൈവം: അപ്പോൾ ആകെ നിങ്ങൾക്ക് എത്ര സത്യദൈവമുണ്ട്? സത്യദൈവത്തിൽ നിന്നുള്ള സത്യദൈവം എന്ന പ്രയോഗത്തിനാധാരമായ വാക്യം ഇതാണ്: “ദൈവപുത്രൻ വന്നു എന്നും സത്യദൈവത്തെ അറിവാൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തിൽ അവന്റെ പുത്രനായ യേശുക്രിസ്തുവിൽ തന്നേ ആകുന്നു. അവൻ സത്യദൈവവും നിത്യജീവനും ആകുന്നു.” (1യോഹ, 5:20). ഈ പരിഭാഷ കൃത്യമല്ല. ഈ വാക്യപ്രകാരം ദൈവപുത്രൻ സത്യദൈവമാണന്ന് അനേകരും കരുതുന്നു. കെ.ജെ.വി. പരിഭാഷ ചേർക്കുന്നു: “And we know that the Son of God is come, and hath given us an understanding, that we may know him that is true, and we are in him that is true, even in his Son Jesus Christ. This is the true God, and eternal life.” ( KJV). “ദൈവപുത്രൻ വന്നിരിക്കുന്നു എന്നും സത്യമായവനെ അറിയേണ്ടതിന്നു അവൻ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു.  നാം സത്യമായവനിലും അവന്റെ പുത്രനായ യേശുക്രിസ്തുവിലുമാണ്. ഇതാകുന്നു സത്യദൈവവും നിത്യജീവനും.” ഇതാണ് കെ.ജെ.വിയുടെ തർജ്ജമ. സത്യദൈവത്തെയും സത്യദൈവത്തെ അറിവാൻ വിവേകംതന്ന ദൈപുത്രനും നിത്യജീവനുമായ അഥവാ വഴിയും സത്യവും ജീവനുമായ യേശുക്രിസ്തുവെന്ന മനുഷ്യനായ ദൈവപുത്രനെയും യോഹന്നാൻ വേർതിരിച്ചു കാണിക്കുകയാണ്. അതായത്, യോഹന്നാൻ 17:3-നു തത്തുല്യമായ വേദഭാഗമാണിത്: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” അവിടെയും ഏകസത്യദൈവത്തെയും മനുഷ്യനായ രക്ഷകനെയും വേർതിരിച്ചു കാണിക്കുകയാണ്. രണ്ടിലും ഒരേ ആശയമാണുള്ളത്. സത്യവേദപുസ്തകം പരിഷ്കരിച്ച ലിപിയിലുള്ള പരിഭാഷയിൽ വാക്യം തിരുത്തിയിട്ടുണ്ട്: “ദൈവപുത്രന്‍ വന്നു എന്നും സത്യദൈവത്തെ അറിയുവാനുള്ള വിവേകം അവിടുന്നു നമുക്കു നല്‌കി എന്നും നാം അറിയുന്നുവല്ലോ. നാം സത്യദൈവത്തോട്, അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനോടുതന്നെ ഏകീഭവിച്ചിരിക്കുന്നു; അവിടുന്നാണ് സത്യസ്വരൂപന്‍; അവിടുന്നാണ് നിത്യജീവനും.” (1 യോഹ, 5:20). ഇതിൽ സത്യദൈവമെന്നു മാറ്റി സത്യസ്വരൂപനെന്നാക്കി. മൂലഭാഷയിൽ നിന്നും സത്യവേപുസ്തകത്തിലെ പരിഭാഷയ്ക്ക് വളരെ വ്യത്യാസമുണ്ട്. അതിൽ ഒരുപ്രാവശ്യം ദൈവപുത്രനെന്നും (Son of God) ഒരുപ്രാവശ്യം സത്യദൈവമെന്നുമാണ് (True God) ഉള്ളത്. സത്യവേദപുസ്തകത്തിൽ മൂന്നുപ്രാവശ്യം സത്യദൈവമെന്നുണ്ട്. അടുത്തത്, ‘ഇതു’ എന്ന് തർജമ ചെയ്യേണ്ട ഓട്ടൊസ് എന്ന ഗ്രീക്കുപദത്തെ (οὗτός – outos – this) മലയാളത്തിൽ ‘അവൻ’ എന്നാണ് തർജ്ജമ ചെയ്തിരിക്കുന്നത്. എന്നാൽ ‘അവൻ, ഇവൻ’ എന്നൊക്കെ ഉപയോഗിക്കാൻ അഫ്ട്ടൊസ് (αὐτὸς – aftos – he) എന്ന മറ്റൊരു പദമുണ്ട്. ആ പദമല്ല പ്രസ്തുത വാക്യത്തിൽ യോഹന്നാൻ ഉപയോഗിച്ചിരിക്കുന്നത്. ഇതു (this) എന്നർത്ഥം വരുന്ന outos ആണ് ഉപയോഗിച്ചിരിക്കുന്നത്. “This is the true God, and eternal life അഥവാ ഇതാകുന്നു സത്യദൈവവും നിത്യജീവനും” എന്നാണ് പറഞ്ഞിരിക്കുന്നത്. അനേകം ഇംഗ്ലീഷ് പരിഭാഷകളിൽ This is the true God, and eternal life എന്നാണ്: ABP, ABU, ACV, AZV, BB, BKJV, BSV, BB2020, CGV, CLNT, COMM, CPDV, CVB, DLNT, DRB, DRC, Dialott, EMP, EOB’13, GB, GB1, GLW, GW’20, GWN, HKJV+, JUB, KJV+, LBP, LEB, LHB, LITV, LONT, LSV, MNT, NEB’70, NET, NHEB, NHEB-Y, NMB, NMV’18, NOG, NSB, NTM, Niobe, Noy, NumNT, OJB, PCE, PESH, PSNT, RHB, RKJNT, RNKJV, RNT, RSV, RSV-CE, RSV-CI, RV, RWV+, RcV’03, SLT, TRC, YLT1898. അതായത്, സത്യദൈവത്തെയും അവനെ അറിയാൻ വിവേകംതന്നെ സത്യദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ദൈവപുത്രനെക്കുറിച്ചും പറഞ്ഞശേഷം, സത്യദൈവത്തെയും ദൈവപുത്രനിലൂടെ ലഭിച്ച നിത്യജീവനെയും വേർതിരിച്ചു കാണിക്കയാലാണ്, ഇത് (this) എന്ന നപുംസലിംഗം ഉപയോഗിച്ചിരിക്കുന്നത്. അല്ലാതെ, ആ വാക്യത്തിലെ ദൈവപുത്രൻ ദൈവമാണെന്നല്ല അതിനർത്ഥം. അത് പരിഭാഷാപ്രശ്നമാണ്. പിതാവ് മാത്രമാണ് സത്യദൈവമെന്ന് ദൈവപുത്രൻതന്നെ പറയുകയും പിതാവായ ഏകദൈവമേ നമുക്കുള്ളെന്നു അപ്പൊസ്തലന്മാർ പറയുകയും ചെയ്യുമ്പോൾ, ദൈവപുത്രൻ സത്യദൈവമാണെന്നു വന്നാൽ ബൈബിൾ പരസ്പരവിരുദ്ധമാകും എന്നോർക്കുക. ദൈവപുത്രനല്ല; ദൈവപിതാവാണ് ഏകസത്യദൈവം. പുതിയനിയമത്തിൽ ദൈവപുത്രൻ്റെ പേരും ദൈവപിതാവിൻ്റെ പേരും യേശുക്രിസ്തു എന്നാണ്: (മത്താ, 28:19. ഒ.നോ: മത്താ, 1:21; സങ്കീ, 118:26–മത്താ, 23:39; യോഹ, 5:43; 10:25; യോഹ, 12:28–17:1; 17:6; 17:11,12; 14:26; യോഹ, 2:32–പ്രവൃ, 2:22;–റോമ, 10:13–പ്രവൃ, 4:12–യെശ, 45:22; പ്രവൃ, 2:38; 8:16; 10:48; 19:5: 22:16). ‘സത്യദൈവത്തില്‍നിന്നുള്ള സത്യദൈവം’ എന്ന പ്രയോഗം ദൂരപദേശമാണ്.

4. ജനിച്ചവനും സൃഷ്ടിയല്ലാത്തവനും സാരാംശത്തില്‍ പിതാവിനോട് തുല്യനും;

ജനിച്ചവനും സൃഷ്ടിയല്ലാത്തവനും: ജനിച്ചവൻ ഏത് കാരണത്താൽ സൃഷ്ടിയല്ലെന്നു പറയും? ‘ജനിപ്പിക്കുക’ എന്ന പദത്തിന് ഇല്ലായ്മയിൽനിന്ന് ഉളവാക്കുക എന്നർത്ഥമില്ലെങ്കിലും ബൈബിളിൻ്റെ അർത്ഥം സൃഷ്ടിക്കുക എന്നു തന്നെയാണ്. മുകളിൽ അത് സൂചിപ്പിച്ചതാണ്. “ഞാൻ ഒരു നിർണ്ണയം പ്രസ്താവിക്കുന്നു: യഹോവ എന്നോടു അരുളിച്ചെയ്തതു: നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.” (സങ്കീ, 2:7). ഈ വാക്യം ക്രിസ്തുവിൻ്റെ അനാദിനിത്യതയിലെ ജനനത്തെ കുറിക്കുന്നതായി ത്രിത്വം വിചാരിക്കുന്നു. രണ്ടാം സങ്കീർത്തനം വായിക്കാത്തതിൻ്റെ കുഴപ്പമാണത്. അവിടെ ദൈവം ജനിപ്പിച്ചു എന്നു പറഞ്ഞിരിക്കുന്ന പുത്രൻ യേശുക്രിസ്തുവല്ല; യിസ്രായേലാണ്. യിസ്രായേലിനെ ദൈവം സൃഷ്ടിച്ചതായി അനവധി വാക്യങ്ങൾ വേറെയുമുണ്ട്. (യെശ, 27:11; 29:16; 43:1,43:15,21; 44:2,21,24; 45:11; 49:5; 64:8; മലാ, 2:10). അതിനാൽ ‘ജനിച്ചവനും സൃഷ്ടിയല്ലാത്തവനും’ എന്ന യേശുവിനെക്കുറിച്ചുള്ള പ്രയോഗം ദുരുപദേശത്തെ വെള്ളപൂശാനുള്ള സാത്താൻ്റെ തന്ത്രം മാത്രമാണ്. (കാണുക: രണ്ടാം സങ്കീർത്തനം)

സാരാംശത്തില്‍ പിതാവിനോട് തുല്യൻ: ഈ പ്രയോഗത്തിനാധാരം ഫിലിപ്പിയർ 2:6 ആണ്: “അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു വിചാരിച്ചില്ല.” (ഫിലി, 2:6). ഈ വേഭാഗത്തെ വിഷയം എന്താണെന്നുപോലും വിശ്വാസപ്രമാണം ഉണ്ടാക്കിയവർക്കും അത് വിശ്വസിക്കുന്നവർക്കും അറിയില്ല. ക്രിസ്തുവിൻ്റെ ഭാവം അഥവാ മനോഭാവമാണ് അവിടുത്തെ വിഷയം. (ഫിലി, 2:5). താഴ്മയാണ് ക്രിസ്തുവിൻ്റെ ഭാവം: ഏകദൈവം തന്നെത്താൻ ഒഴിച്ച് വേഷത്തിൽ മനുഷ്യനായി ക്രൂശിലെ മരണത്തോളം അനുസരണമുള്ളവൻ ആയതാണ് അവൻ്റെ താഴ്മ. (ഫിലി, 2:7,8). ചിലകാര്യങ്ങൾ പറഞ്ഞാൽ ദൈവത്തോടു സമത്വമുള്ളവനല്ല; യേശുവെന്ന് മനസ്സിലാക്കാം: ഒന്ന്; ‘ദൈവം ഒരുത്തൻ മാത്രമാണെന്നും’ (2രാജാ, 19:15; 19:19; നെഹെ, 9:6; സങ്കീ, 83:18; 86:10; യെശ, 37:16; 37:20); പിതാവായ ഏകദൈവമേ നമുക്കുള്ളുവെന്നും (1കൊരി, 8:6; എഫെ, 4:6; മർക്കൊ, 12:29-32; യോഹ, 8:41; 17:1-3; മലാ, 2:10; യെശ, 63:16; 64:8) ബൈബിൾ സ്ഫടികസ്ഫുടം വ്യക്തമാക്കുന്നു. പിതാവ് മാത്രമാണ് സത്യദൈവമെന്നും അവനെ മാത്രമേ ആരാധിക്കാവു എന്നും മനുഷ്യനായിരുന്ന യേശുവും വ്യക്തമാക്കിയിരുന്നു: (മത്താ, 4:10; ലൂക്കൊ, 4:8; യോഹ, 5:44; 17:3). അതിനാൽ, പുത്രൻ സാരാംശത്തില്‍ പിതാവിനോട് തുല്യലാണന്നത് ദുരുപദേശമാണ്. രണ്ട്; അവിടെ “പിതാവിനോടുള്ള സമത്വമെന്നല്ല; ദൈവത്തോടുള്ള സമത്വം” എന്നാണ് പറഞ്ഞിരിക്കുന്നത്. ദൈവത്തിൽ സമനിത്യരും വ്യതിരിക്കരുമായ മൂന്നു വ്യക്തിയുണ്ടെന്നാണ് ത്രിത്വവിശ്വാസം. ഗതിഭേദത്താൽ ആഛാദനമില്ലാത്ത അഥവാ മാറ്റമോ മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്ത ദൈവത്തിന് ചിലപ്പോൾ മൂന്നുവ്യക്തിയായും മറ്റുചിലപ്പോൾ ഒരു വ്യക്തിയുമായി അവസ്ഥാദേദം വരാൻ കഴിയില്ല. (യാക്കോ, 1:17; മലാ, 3:6). അതിനാൽ ദൈവം മൂന്നു വ്യക്തിയാണെങ്കിൽ എല്ലായിപ്പോഴും അങ്ങനെതന്നെ ആയിരിക്കണം. അപ്പോൾ “ദൈവത്തോടുള്ള സമത്വം മുറുകെപ്പിടിച്ചില്ല” എന്നു പറയുന്നതിനെ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കിയാൽ, നിങ്ങളുടെ മൂന്നു വ്യക്തികളുള്ള ഏകദൈവത്തോടു സമനായ മറ്റൊരു ദൈവം അഥവാ മറ്റൊരു ത്രിത്വമാണ് യേശുവെന്നേ വരുകയുള്ളു. അപ്പോൾ മൂന്നുംമൂന്നും ആറു വ്യക്തികളുള്ള രണ്ടു ദൈവമാകും. ഇനി, ആ ദൈവം പിതാവെന്ന ഏകവ്യക്തിയാണെന്നു വാദിച്ചാലും, പിതാവെന്നല്ല; ദൈവമെന്നാണ് അവടെ പറഞ്ഞിരിക്കുന്നത് എന്നതിനാൽ ദൈവത്തോടു സമനായ മറ്റൊരു ദൈവമെന്നേവരു; അപ്പോഴും രണ്ടു ദൈവമാകും. മൂന്ന്; “ദൈവത്തോടുള്ള സമത്വം” (equal with God) എന്നതിൽ ‘ഓടുള്ള’ (with = meta) ഗ്രീക്കിൽ ഇല്ല; ഇസാ തിയോ (ἴσα Θεῷ = isa Theo) മാത്രമേയുള്ളു. ഇതു പരിഭാഷാ പ്രശ്നമാണ്. ഇസാ (isa) എന്ന ഗ്രീക്കുപദത്തിനു പ്രവൃത്തികളിലെ അതേ (same) എന്ന അർത്ഥം കൊടുത്താൽ (11:7); “അവൻ ദൈവരൂപത്തിൽ ഇരിക്കെ, അതേ അഥവാ ആ ദൈവത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു” എന്നാകും. ദൈവരൂപത്തിലിരുന്നവൻ അഥവാ ഏകസത്യദൈവമായവൻ തൻ്റെ ദൈവത്വം മുറുകെപ്പിടിക്കാതെ തന്നെത്താൻ ഒഴിച്ച് ക്രൂശിലെ മരണത്തോളം അനുസരണമുള്ള മനുഷ്യനായി പ്രത്യക്ഷനായതാണ് ഫിലിപ്പിയരിലെ വിഷയം. (1തിമൊ, 3:14-16). ഇവിടെ സമത്വത്തിനു ഉപയോഗിച്ചിരികുന്ന അതെപദം പ്രവൃത്തികളുടെ പുസ്തകത്തിൽ ഉപയോഗിച്ചിട്ടുണ്ട്. (11:7). (കൂടുതലറിയാൻ കാണുക: ദൈവത്തോടുള്ള സമത്വം)

5. സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകലത്തിന്‍റെയും സ്രഷ്ടാവുമായ ഏകകര്‍ത്താവായ ഈശോയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു.

സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകലത്തിന്‍റെയും സ്രഷ്ടാവ്: ഈ വിശ്വാസപ്രമാണം വിശ്വസിക്കുന്നവർ വെളിവും വെള്ളിയാഴ്ചയും ഇല്ലാത്തവരാണോ? ഈ വിശ്വാസപ്രമാമണത്തിൻ്റെ ആദ്യഭാഗത്ത് പറയുന്നത്; “സര്‍വ്വശക്തനായ പിതാവും ദൃശ്യവും അദൃശ്യവുമായ സകലത്തിന്‍റെയും സ്രഷ്ടാവുമായ ഏകദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു” എന്നാണ്. ത്രിത്വത്തിൽ സമനിത്യരും വ്യതിരിക്തരുമായ മൂന്നു വ്യക്തിയാണുള്ളത്. പിതാവ് പുത്രനും പരിശുദ്ധാത്മാവുമല്ല; പുത്രൻ പിതാവും പരിശുദ്ധാത്മാവുമല്ല; പരിശുദ്ധാത്മാവ് പിതാവും പുത്രനുമല്ല എന്നതാണ് ഇവരുടെ ഉപദേശം. ആദ്യഭാഗത്ത് ഒന്നാമനായ പിതാവാണ് സകലത്തിൻ്റെയും സ്രഷ്ടാവായ ഏകദൈവമെന്ന് പറഞ്ഞിട്ട്, പിന്നെപ്പറയുന്നു; രണ്ടാമനായ പുത്രനാണ് സകലത്തിൻ്റെയും സ്രഷ്ടാവ്. ശരിക്കും നിങ്ങളുടെ വിശ്വാസപ്രകാരം ആരാണ് സ്രഷ്ടാവ്? ആർക്കറിയാം. സമനിത്യരായ മൂന്നു വ്യക്തിയിൽ മൂന്നാമനായ പരിശുദ്ധാത്മാവിന് സൃഷ്ടിയിൽ പങ്കൊന്നുമില്ലേ? ഇതൊക്കെ ആരോട് ചോദിക്കും! യഹോവ ഒരു വെല്ലുവിളിയോടെ ചോദിക്കുന്നു: “നിന്റെ വീണ്ടെടുപ്പുകാരനും ഗർഭത്തിൽ നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യഹോവയായ ഞാൻ സകലവും ഉണ്ടാക്കുന്നു; ഞാൻ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആർ എന്നോടുകൂടെ ഉണ്ടായിരുന്നു?” (യെശ, 44:24). യഹോവ ഒറ്റയക്കാണ് സകലവും സൃഷ്ടിച്ചതെന്ന് വേറെയും വാക്യങ്ങളുണ്ട്. (2രാജാ, 19:15; നെഹെ, 9:6; ഇയ്യോ, 9:8; യെശ, 37:16). ത്രിത്വം പഠിപ്പിക്കുന്നത്; മൂന്നു വ്യക്തികൾ മാറിമാറി സൃഷ്ടിച്ചു. ഇത് വിശ്വാസപ്രമാണമല്ല; അവിശ്വാസപ്രമാണമാണ്.

ഏകകര്‍ത്താവായ ഈശോയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു: സത്യദൈവത്തിൽ നിന്നുള്ള സത്യദൈവം ഇപ്പോൾ ഏകകർത്താവായോ? “പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” (കൊരി, 8:6). “പിതാവായ ഏകദൈവമേ നമുക്കുള്ളു” എന്നു പറഞ്ഞശേഷമാണ് “യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു” എന്ന് പൗലൊസ് പറഞ്ഞത്. ഏകദൈവത്തിൽ വിശ്വസിക്കാതെ, ദൈവത്തെ ത്രിത്വമാക്കിയിട്ട് ഏകകർത്താവിൽ വിശ്വസിച്ചാൽ മതിയോ? ഈ ഏകകർത്താവാണ് പറഞ്ഞത്; പിതാവ് മാത്രമാണ് ദൈവം (യോഹ, 17:3), അവനെ മാത്രമേ ആരാധിക്കാവു. (മത്താ, 4:10; ലൂക്കൊ, 4:8). അപ്പോൾ ഏകദൈവവും ഏകകർത്താവും രണ്ട് ദൈവമോ രണ്ടു വ്യത്യസ്ത വ്യക്തികളോ ആണോ? അല്ല. ഏകദൈവത്തിൻ്റെ രണ്ടു വെളിപ്പാടുകളാണ്. യഹോവയായ ഏകദൈവം യേശു എന്ന നാമത്തിൽ മനുഷ്യനായി വെളിപ്പെട്ടതാണ് ദൈവപുത്രൻ: (മത്താ, 1:21: 1തിമൊ, 2:6; 3:14-16). മനുഷ്യൻ്റെ ശുശ്രൂഷ യോഹന്നാൻ 20:17-ഓടുകൂടി കഴിഞ്ഞു. സ്വർഗ്ഗത്തിൽനിന്നും ദൈവം വീണ്ടും പ്രത്യക്ഷനായത് മനുഷ്യനായിട്ടല്ല; ദൈവമായിട്ടുതന്നെയാണ്: മർക്കൊ, 16:14; യോഹ, 20:28). അതായത്, പിതാവായ ഏകദൈവവും കർത്താവായ യേശുക്രിസ്തുവും എന്നു പറഞ്ഞാൽ; സകലത്തിൻ്റെയും സ്രഷ്ടാവും പരിപാലകനും പിതാവുമായ ഏകദൈവത്തെയും ആ ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനെയും വേർതിരിച്ചുകാണിക്കുന്ന പ്രയോഗമാണ്. ഏകസത്യദൈവമാണ് കർത്താവായ ക്രിസ്തുവായി അഥവാ മനുഷ്യനായി ലോകത്തിൽ വെളിപ്പെട്ട് ക്രൂശിൽ മരിച്ചുയിർത്ത് പാപപരിഹാരം വരുത്തിയത്. (ലൂക്കൊ, 1:68; 2:11; 1തിമൊ, 2:5,6; 3:14-16). ദൈവത്തെയോ ദൈവത്തിൻ്റെ പ്രത്യക്ഷതായായ ക്രിസ്തുവിനെയോ അറിയാത്തതാണ് ത്രിത്വവിശ്വാസികളുടെ പ്രശ്നം. “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു.” (യോഹ, 8:19).

6. അവിടുന്ന് മനുഷ്യരായ ഞങ്ങള്‍ക്കും ഞങ്ങളുടെ രക്ഷയ്ക്കും വേണ്ടി സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി, മനുഷ്യസ്വഭാവം സ്വീകരിച്ചു മനുഷ്യനായി തീര്‍ന്നു.

അവിടുന്ന് മനുഷ്യരായ ഞങ്ങള്‍ക്കും ഞങ്ങളുടെ രക്ഷയ്ക്കും വേണ്ടി സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി: “സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്നവനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല.” (യോഹ, 3:13; 6:38). ഇതാണ് ആ വാക്യം. ഈ വാക്യം ജീവനുള്ള ദൈവമായ യഹോവയുടെ ജഡത്തിലുള്ള പ്രത്യക്ഷതയെ കുറിക്കുന്ന വാക്യമാണ്. (1തിമൊ, 3:14-16). സ്വർഗ്ഗസിംഹാസനത്തിൽ ഇരിക്കുന്നവൻ തന്നെയാണ് മനുഷ്യനായി ഭൂമിയിൽ വെളിപ്പെട്ടത്. മനുഷ്യരെല്ലാം പാപികളായതുകൊണ്ട് (ഇയ്യോ, 15:14; 25:4; സഭാ, 7:20; റോമ, 3:23; 5:12) മനുഷ്യനു മനുഷ്യൻ്റെ പാപം പോക്കാൻ കഴിയാത്തതിനാൽ (സങ്കീ, 49:7-9), മനുഷ്യൻ്റെ പാപം സ്രഷ്ടാവായ തൻ്റെ പാപമായി കണ്ടുകൊണ്ട്, പാപത്തിൻ്റെ ശമ്പളം മരണം (റോമ, 6:23), പാപം ചെയ്യുന്ന ദേഹി മരിക്കും (യെഹെ, 18:4), രക്തം ചൊരിഞ്ഞിട്ടല്ലാതെ വിമോചനമില്ല (എബ്രാ, 9:22) എന്ന ദൈവനീതി നിവൃത്തിക്കാൻ ഏകദൈവംതന്നെയാണ് യേശുവെന്ന സംജ്ഞാനാമത്തിലും (മത്താ, 1:21; ലൂക്കൊ, 1:32) ദൈവപുത്രനെന്ന പദവിയിലും (ലൂക്കൊ, 1:32,35) പാപമറിയാത്ത മനുഷ്യനായി വെളിപ്പെട്ട് പാപപരിഹാരം വരുത്തുകയായിരുന്നു. (മത്താ, 1:21; ലൂക്കൊ, 1:68; യോഹ, 3:13; 2കൊരി, 5:21; ഫിലി, 2:6-8; 1തിമൊ, 3:16; എബ്രാ, 2:14,15). 

ഗതിഭേദത്താൽ ആഛാദനമില്ലാത്ത ദൈവത്തിന് പ്രത്യക്ഷനാകാനല്ലാതെ അവതാരമെടുക്കാൻ കഴിയില്ല. (യാക്കോ, 1:17; മലാ, 3:6). പ്രത്യക്ഷതയെന്നല്ലാതെ അവതാരമെന്നൊരു വാക്കോ ആശയമോ ബൈബിളിലില്ല. “സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നു” എന്നത് ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിൻ്റെ മറ്റൊരു പ്രയോഗം മാത്രമാണ്. “പിതാക്കന്മാർക്കു തിന്നുവാൻ സ്വർഗ്ഗത്തിൽ നിന്നു അപ്പം കൊടുത്തു” എന്നു പറഞ്ഞിട്ടുണ്ട്. (യോഹ, 6:31). ആ സ്വർഗ്ഗത്തിൽനിന്നു ദൈവം ഇട്ടുകൊടുത്തതല്ലല്ലോ? “സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്ന അപ്പം ഇതു ആകുന്നു” എന്ന് യേശു തന്നെക്കുറിച്ചുതന്നെ പറയുന്നു. (യോഹ, 6:58). അക്ഷരാർത്ഥത്തിൽ യേശു സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നതാണെന്നു മനസ്സിലാക്കിയാൽ അവൻ മനുഷ്യനായിരുന്നില്ല; അപ്പമായിരുന്നു എന്നും മനസ്സിലാക്കണ്ടേ? “സ്വർഗ്ഗത്തിൽ നിന്നു കൊടുത്തിട്ടല്ലാതെ മനുഷ്യന്നു ഒന്നും ലഭിപ്പാൻ കഴികയില്ല” എന്ന് യോഹന്നാൻ സ്നാപകൻ പറഞ്ഞു. (യോഹ, 3:27). ദൈവം മനുഷ്യർക്ക് സ്വർഗ്ഗത്തിൽനിന്ന് ഓരോന്ന് ഇട്ടുകൊടുക്കുകയാണെന്ന് ആരെങ്കിലും പറരുമോ? “പിതാവു പുത്രനെ ലോകരക്ഷിതാവായിട്ടു അയച്ചിരിക്കുന്നു” എന്നു പറഞ്ഞിട്ടുണ്ട്. (യോഹ, 1 4:14). അതുപോലെ, “ദൈവം അയച്ചിട്ടു ഒരു മനുഷ്യൻ വന്നു” എന്നു സ്നാപകനെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. (യോഹ, 1:6). യേശു ദൈവത്തിൻ്റെ അടുക്കൽ ഉണ്ടായിരുന്ന മറ്റൊരു വ്യക്തിയാണെങ്കിൽ യോഹന്നാനും ദൈവത്തിൻ്റെ അടുക്കൽ ഉണ്ടായിരുന്നതാണെന്ന് മനസ്സിലാക്കണ്ടേ? യോഹന്നാൻ മാത്രമല്ല, എല്ലാ പ്രവാചകന്മാരെയും ദൈവം അയച്ചതാണ്; അവരൊക്കെ ദൈവത്തിൻ്റെ വലത്തും ഇടത്തുമായി ഉണ്ടായിരുന്നവരാണെന്ന് ആരും വിശ്വസിക്കുന്നില്ല. ദൈവം ജഡതിൽ വെളിപ്പെട്ടത് ഭൂമിയിൽ കന്യകയായ മറിയത്തിലൂടെയാണ്: (1തിമൊ, 3:14-16). ജഡത്തിലുള്ള വെളിപ്പാടിൻ്റെ മറ്റൊരു പ്രയോഗമാണ്, “വചനം ജഡമായിത്തീർന്നു” (യോഹ, 1:14). വചനം ജഡമായതും സ്വർഗ്ഗത്തിലല്ല; ഭൂമിയിൽ മറിയയുടെ ഉദരത്തിലാണ്. അവനെങ്ങനെ അക്ഷരാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവരും? [കാണുക: ദൈവം തന്റെ പുത്രനെ അയച്ചു]

എന്നാൽ വസ്തുത എന്താണ്: മറിയയുടെ ഉദരത്തിൽ ഉരുവാകുന്നതിനു മുമ്പ് യേശുവെന്ന് പേരുള്ളൊരു മനുഷ്യനോ, ക്രിസ്തുവോ, ദൈവപുത്രനോ ഇല്ലായിരുന്നു. അവൻ്റെ ജനനത്തിനും ഒമ്പതു മാസവും ഒമ്പതു ദിവസവും മുമ്പു മാത്രമാണ് യേശുവെന്ന പേർപോലും ദൈവം വെളിപ്പെടുത്തിയത്. കന്യകയായ മറിയയിൽ ജനിച്ച് ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്ന യേശുവെന്ന പാപമറിയാത്ത മനുഷ്യൻ (ലൂക്കൊ, 2:52; 2കൊരി, 5:21), യോർദ്ദാനിലെ സ്നാനത്തിൽവെച്ച് ദൈവം തൻ്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അഭിഷിക്തൻ അഥവാ ക്രിസ്തു ആയത്. (മത്താ, 3:16; പ്രവൃ, 10:38). അനന്തരം “ദൈവപുത്രൻ എന്നു വിളിക്കപ്പെടും” എന്ന ഗബ്രീയേൽ ദൂതൻ്റെ പ്രവചനംപോലെ ദൈവപിതാവിനാൽ “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്ന് വിളിക്കപ്പെടുകയായിരുന്നു. (ലൂക്കൊ, 1:32,35; മത്താ, 1:17). മനുഷ്യരുടെ പാപപരിഹാരാർത്ഥം കന്യകയായ മറിയയിലൂടെ ദൈവം ജഡത്തിൽ വെളിപ്പെടുകയായിരുന്നു. (1തിമൊ, 3:14-16). മുമ്പെ ഉണ്ടായിരുന്നത് അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ്; അവൻ വെളിപ്പെട്ടത് അന്ത്യകാലത്താണ്: “അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു. (1പത്രൊ, 1:20). ദൈവത്തിൻ്റെ വെളിപ്പാട് അഥവാ പ്രത്യക്ഷതയായ മനുഷ്യൻ പ്രത്യക്ഷതയ്ക്ക് മുമ്പേ ദൈവത്തിൻ്റെ അടുക്കൽ ഉണ്ടായിരുന്നു എന്നു പറഞ്ഞാൽ എന്തബദ്ധമാണ്. ഉദാ: മമ്രേയുടെ തോപ്പിൽ അബ്രാഹാമിനു പ്രത്യക്ഷനായി ആറേഴുനാഴിക അവൻ്റെകൂടെ ചിലവഴിച്ച് ഭക്ഷണപാനീയങ്ങൾ കഴിച്ച് അവനെ അനുഗ്രഹിച്ച് മടങ്ങിപ്പോയ ദൈവത്തിൻ്റെ പ്രത്യക്ഷതയായ യഹോവയെന്ന മനുഷ്യൻ മുമ്പെ സ്വർഗ്ഗത്തിൽ ഉണ്ടായിരുന്നതാണെന്ന് ആരെങ്കിലും പറയുമോ? പറഞ്ഞാൽ അത് വെളിവുകേടല്ലാതെ മറ്റെന്താണ്? അതുപോലെയാണ് യേശുവെന്ന മനുഷ്യൻ അക്ഷരാർത്ഥത്തിൽ സ്വർഗ്ഗത്തിൽനിന്ന് ഇറങ്ങിവന്നതാണെന്ന് വിശ്വസിക്കുന്നത്. 

മനുഷ്യസ്വഭാവം സ്വീകരിച്ചു മനുഷ്യനായി തീര്‍ന്നു: ദൈവം മനുഷ്യസ്വഭാവം സ്വീകരിച്ചു മനുഷ്യനായിത്തീർന്നതല്ല അഥവാ അവതരിക്കുകയല്ല ചെയ്തത്; ജഡത്തിൽ പ്രത്യക്ഷനാകുകയാണ് ചെയ്തത്. “ജഡമായി തീർന്നു” എന്നു യോഹന്നാൻ പറഞ്ഞിരിക്കുന്നത്, ദൈവത്തെക്കുറിച്ചല്ല; വചനത്തെക്കുറിച്ചാണ്. പഴയനിയമത്തിൽ ദൈവത്തിൻ്റെ വചനം അഥവാ ദവാർ ദൈവത്തിൻ്റെ വായിലെ വചനമാണ്. (യെശ, 45:23; 55:11; യിരെ, 9:20; യെഹെ, 3:17; 33:17; സെഖ, 7:12). ആ വചനത്താലാണ് ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചത്. (സങ്കീ, 33:6). ദൈവത്തിൻ്റെ ആ വചനമാണ് ജഡമായിത്തീർന്നത്. (യോഹ, 1:14). ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടിൻ്റെ മറ്റൊരു പ്രയോഗമാണ് “വചനം ജഡമായി” എന്നത്. (1തിമൊ, 3:14-16; 1പത്രൊ, 1:20). യേശുവിന് മനുഷ്യസ്വഭാവം മാത്രമല്ല ഉണ്ടായിരുന്നത്; ദേഹവും (1പത്രൊ, 2:24) രക്തവും (യോഹ, 19:34) ദേഹിയും (മത്താ, 26:38) ആത്മാവും (ലൂക്കോ, 23:46) ഉള്ള പാപമറിയാത്ത പൂർണ്ണമനുഷ്യൻ ആയിരുന്നു. (1കൊരി, 5:21; 2കൊരി, 5:21; 1തിമൊ, 2:6). അവൻ ദൈവം ആയിരുന്നില്ല.

7. അവിടുന്ന് കഷ്ടം അനുഭവിച്ചു, മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റു സ്വര്‍ഗ്ഗത്തിലേക്ക്‌ കരേറി.

ശരിയാണ്. “ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിർത്തെഴുന്നേറ്റു.” (1കൊരി, 15:3,4). ഉയിർത്തെഴുന്നേറ്റ ദൈവപുത്രൻ തൻ്റെ യാഗമരണത്തിൻ്റെ സാക്ഷ്യവുമായി യെരൂശലേമിൽ നിന്നുതന്നെയാണ് പിതാവിൻ്റെ സന്നിധിയിലേക് കരേറിപ്പോയത്: (യോഹ, 20:17). അതോടുകൂടി യേശുവെന്ന പാപമറിയാത്ത മനുഷ്യൻ്റെ ശുശ്രൂഷ കഴിഞ്ഞു: (എബ്രാ, 9:12).

8. അവിടുന്ന് ജീവിക്കുന്നവരേയും മരിച്ചവരെയും വിധിക്കാന്‍ വരുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. 

ശരിയാണ്. “താൻ നിയമിച്ച പുരുഷൻ മുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ അവൻ ഒരു ദിവസത്തെ നിശ്ചയിച്ചു അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചതിനാൽ എല്ലാവർക്കും അതിന്റെ ഉറപ്പു നല്കിയുമിരിക്കുന്നു.” (പ്രവൃ 17:31). “ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു.” (വെളി, 22:12).

9. പരിശുദ്ധാത്മാവിലും ഞങ്ങള്‍ വിശ്വസിക്കുന്നു.

ശരിയാണ്. പ്രരിശുദ്ധാത്മാവിൽ വിശ്വസിക്കേണ്ടത് ആവശ്യമാണ്. എന്തെന്നാൽ പരിശുദ്ധാത്മാവ് മറ്റൊരു വ്യക്തിയല്ല ദൈവം തന്നെയാണ്. (സങ്കീ, 139:7-10; പ്രവൃ, 5:3-4,9). അഥവാ വ്യക്തികളിൽ ദൈവത്തിൻ്റെ പ്രത്യേക പ്രവർത്തികൾക്കായുള്ള ദൈവത്തിൻ്റെ അദൃശ്യമായ പ്രത്യക്ഷതയാണ് പരിശുദ്ധാത്മാവ്. (യോഹ, 3:8; പ്രവൃ, 2:2,3). (കാണുക:

10. എന്നാല്‍ ആരെങ്കിലും അവന്‍ (ക്രിസ്തു) ഇല്ലായിരുന്ന സമയം ഉണ്ടായിരുന്നുവെന്നും, അവന്‍ (ക്രിസ്തു) സൃഷ്ടിക്കപ്പെടുന്നതിനു മുന്‍പ്‌ ഇല്ലായിരുന്നുവെന്നും, അവന്‍ (ക്രിസ്തു) ഇല്ലായ്മയില്‍നിന്നും സൃഷ്ടിക്കപ്പെട്ടുവെന്നും;

ആരെങ്കിലും ക്രിസ്തു ഇല്ലായിരുന്ന സമയം ഉണ്ടായിരുന്നുവെന്നു പറഞ്ഞാൽ: ക്രിസ്തു അഥവാ മശീഹ എന്ന പദത്തിന് ദൈവത്താൽ അഭിഷേകം ചെയ്യപ്പെട്ടവൻ അഥവാ അഭിഷിക്തൻ എന്നാണർത്ഥം. അഭിഷിക്കൻ ദൈവമല്ല; അഭിഷേകദാതാവാണ് ദൈവം. ദൈവപുത്രനായ യേശു ദൈവമല്ല; ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യൻ മാത്രമാണ്. ജഡത്തിൽ വെളിപ്പെട്ടു നില്ക്കുന്നവൻ ‘ആരാകുന്നു‘ എന്നു ചോദിച്ചാൽ; അവൻ പാപമറിയാത്ത ഒരു മനുഷ്യനാകുന്നു: (1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 2:6). എന്നാൽ ജഡത്തിൽ വെളിപ്പെട്ടു വന്നവൻ ‘ആരായിരുന്നു‘ എന്നു ചോദിച്ചാൽ; അവൻ ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനായ മഹാദൈവം ആയിരുന്നു. (തീത്തൊ, 2:12; എബ്രാ, 13:8). ഒന്നുകൂടി വ്യക്തമാക്കിയാൽ; നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിൽമരിച്ച മനുഷ്യൻ ജീവനുള്ള ദൈവത്തിൻ്റെ വെളിപ്പാട് അഥവാ പ്രത്യക്ഷതയായിരുന്നു. (1തിമൊ, 3:14-16). മനുഷ്യനെന്ന നിലയിൽ അവനൊരു ആരംഭം അഥവാ പ്രത്യക്ഷതയും ഒരവസാനം അഥവാ അപ്രത്യക്ഷത അല്ലെങ്കിൽ സ്വർഗ്ഗാരോഹണവും ഉണ്ട്. ഇത് ബൈബിൾ സ്ഫടികസ്ഫുടം വ്യക്തമാക്കുന്നു. അതിനാൽ അഭിഷിക്തനായ മനുഷ്യന് അഥവാ ക്രിസ്തുവിന് ആരംഭമുണ്ട്. (മത്താ, 1:16; 1:21; ലൂക്കൊ, 1:35; 2:11; റോമ, 9:5; 1തിമൊ, 3:16;  എബ്രാ, 1:2; 1പത്രൊ, 1:20). ഒരവസാനവും ഉണ്ട്. (യോഹ, 20:17). യേശുവെന്ന ക്രിസ്തു അഥവാ അഭിഷിക്തമനുഷ്യൻ ജനനത്തിനു മുമ്പില്ലായിരുന്നു സ്വർഗ്ഗാരോഹണത്തിനു ശേഷവുമില്ല. എന്നേക്കുമിരിക്കുന്നത്; ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനും മഹാദൈവവുമായ യേശുക്രിസ്തു അഥവാ യാഹ്വെ മാത്രം. (തീത്തൊ, 2:12; എബ്രാ, 13:8).

ക്രിസ്തു സൃഷ്ടിക്കപ്പെടുന്നതിനു മുമ്പ് ഇല്ലായിരുന്നുവെന്നു പറഞ്ഞാൽ: ഈ പ്രയോഗം ശ്രദ്ധിക്കണം; “ക്രിസ്തു സൃഷ്ടിക്കപ്പെടുന്നതിനു മുമ്പു.” അപ്പോൾ ക്രിസ്തു ദൈവത്തിൻ്റെ സൃഷ്ടിയാണെന്ന് ഇവർതന്നെ സമ്മതിക്കുകയല്ലേ ചെയ്യൂന്നത്? ത്രിത്വത്തെ സംബന്ധിച്ച് ദൈവപുത്രനായ ക്രിസ്തു ദൈവമാണ്. മുകളിൽ ഇവർ പറഞ്ഞത്; “ജനിച്ചവനെങ്കിലും സൃഷ്ടിയല്ലാത്തവൻ” എന്നാണ്. അവിടെ സൃഷ്ടിയല്ലെന്ന് പറഞ്ഞിട്ട് ഇവിടെ സൃഷ്ടിയാണെന്ന് സമ്മതിക്കുന്നു. ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ ദൈവപുത്രൻ സൃഷ്ടിയാണെന്ന് പറയുന്നതുതന്നെ പൈശാചിക ഉപദേശമാണ്. എന്നാലിവർ യഹോവ തന്നെയായ മഹാദൈവദൈവമായ യേശുക്രിസ്തുവും സൃഷ്ടിയാണെന്ന് അഥവാ ദൈവത്തിൽനിന്നു ജനിച്ചനാണെന്നു പഠിപ്പിക്കുന്നു. ദൈവത്തിന് ഒരപ്പൻ ഉണ്ടെന്നു പറയുന്ന ഉപദേശമാണ് ത്രിത്വം. സൃഷ്ടിക്കപ്പെട്ടു എന്നു സമ്മതിക്കുക; എന്നിട്ട് സൃഷ്ടിക്കപ്പെടുന്നതിന് മുമ്പെ ഉണ്ടായിരുന്നു എന്നുകൂടി പഠിപ്പിക്കുക. ഒറ്റവാക്കിൽ പറഞ്ഞാൽ; ആടിനെ പട്ടിയാക്കുന്ന തലതിരിഞ്ഞ അവിശ്വാസപ്രമാണമാണിത്.

ക്രിസ്തു ഇല്ലായ്മയില്‍നിന്നും സൃഷ്ടിക്കപ്പെട്ടുവെന്നു പറഞ്ഞാൽ: ക്രിസ്തു ദൈവത്തിൽനിന്നു ജനിച്ചവനാണെന്നും സൃഷ്ടിക്കപ്പെട്ടവനാണെന്നും നിങ്ങൾതന്ന സമ്മതിക്കുന്നു. ജനിപ്പിക്കപ്പെട്ടവനായാലും സൃഷ്ടിക്കപ്പെട്ടവനായാലും ഒരു ആരംഭമുണ്ടെല്ലോ. ഉത്ഭവിച്ചവൻ ഉത്ഭവത്തിനുമുമ്പെ എങ്ങനെയുണ്ടാകും? യേശുക്രിസ്തുവെന്ന ദൈവപുത്രനെയും യേശുക്രിസ്തുവെന മഹാദൈവത്തെയും വേർതിരിച്ചറിയായ്കയാൽ, അല്ഫയും ഒമേഗയും (വെളി, 21:6) ആദിയും അന്തവും (21:6) ആദ്യനും അന്ത്യനും (1:17) ഒന്നാമനും ഒടുക്കത്തവനും (22:13) ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനെന്നും (എബ്രാ, 13:8) ബൈബിൾ വിശേഷിപ്പിക്കുന്നവനെയാണ് നിങ്ങൾ സർവ്വലോകങ്ങൾക്കുമുമ്പെ പിതാവിൽനിന്നു ജനിച്ചവനെന്നും സൃഷ്ടിയാണെന്നുമൊക്കെ പഠിപ്പിക്കുന്നതു. ബൈബിളുമായി പുലബന്ധം പോലുമുള്ള ഉപദേശമല്ല ത്രിത്വവും നിങ്ങളുടെ ഈ അവിശ്വാസപ്രമാണവും. 

11. വേറൊരു സത്തയുള്ളവനാണെന്നും അല്ലെങ്കില്‍ ദൈവപുത്രന്‍ സൃഷ്ടിക്കപ്പെട്ടുവെന്നും മാറ്റപ്പെടുന്നുവെന്നും പറയുന്നുവെങ്കില്‍ അവരെ സാര്‍വത്രികവും പരിശുദ്ധവുമായ സഭ ശപിച്ചു പുറം തള്ളുന്നു.

വേറൊരു സത്തയുള്ളവനാണെന്നു പറഞ്ഞാൽ: ദൈവം ഏകനാണ് (മർക്കൊ, 12:29), ദൈവം ഒരുവനാണ് (എഫെ,4:6), ദൈവം ഒരുത്തൻ മാത്രമാണ് (2രാജാ, 19:19) എന്നൊക്കെ ബൈബിൾ നൂറുകണക്കിനു വാക്യങ്ങളിൽ പറഞ്ഞിരിക്കെ, സമനിത്യരും വ്യതിരിക്തരുമായ മൂന്നു വ്യക്തികളാണെന്നു പഠിപ്പിച്ചതാരാണ്? “ഞാനും പിതാവും ഒന്നാകുന്നു” (യോഹ, 10:30), “ഞാൻ ഇത്രകാലം നിങ്ങളോടുകൂടെ ഇരുന്നിട്ടും നീ എന്നെ അറിയുന്നില്ലയോ” “എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു” (യോഹ, 14:9) എന്നൊക്കെ യേശുതന്നെ പറഞ്ഞിട്ടും; പിതാവല്ല പുത്രനെന്ന് പഠിപ്പിച്ചതാരാണ്? പിതാവല്ല പുത്രനെങ്കിൽ, അഥവാ നിത്യമായ അസ്തിത്വത്തിൽ പിതാവും പുത്രനും ഒരാളാണെന്ന് വിശ്വസിക്കാത്ത നിങൾ തന്നെയാണ് പുത്രൻ വേറൊരു സത്തയുള്ളവനാണെന്ന് പഠിപ്പിച്ചത്.

സൃഷ്ടിക്കപ്പെട്ടുവെന്നും മാറ്റപ്പെടുന്നുവെന്നും പറയുന്നുവെങ്കില്‍ അവരെ സാര്‍വത്രികവും പരിശുദ്ധവുമായ സഭ ശപിച്ചു പുറംതള്ളുന്നു: സർവ്വലോകങ്ങൾക്കുമുമ്പെ പുത്രൻ പിതാവിൽനിന്നു ജനിച്ചവനാണെന്നും, പുത്രൻ സൃഷ്ടിയാണെന്നും, ഗതിഭേദത്താൽ ആഛാദനമില്ലാത്ത ദൈവം അവതരിച്ചുവെന്ന് പഠിക്കുകയും ചെയ്ത നിങ്ങൾതന്നെയാണ് ശപിക്കപ്പെട്ടവർ. ഈ അവിശ്വാസപ്രമാണം ഉണ്ടാക്കിയവരും അത് വിശ്വസിക്കുന്നവരും ക്രിസ്തുവിൻ്റെ ശരീരമായ ദൈവത്തിൻ്റെ സഭയിൽനിന്ന് എന്നേ പുറംതള്ളപ്പെട്ടവരാണ്. 

ത്രിത്വം ബൈബിളിൻ്റെ ഉപദേശമല്ല; ഏകസത്യദൈവത്തെ കുറിച്ചാണ് പഴയപുതിയനിയമങ്ങൾ പഠിപ്പിക്കുന്നത്. യഹോവയ്ക്കോ (യെശ, 44:8) യിസ്രായേലിനോ (ഹോശേ, 13:4) ദൈവത്തിൻ്റെ ക്രിസ്തുവിനോ (യോഹ, 17:3) അവൻ്റെ അപ്പൊസ്തലന്മാർക്കോ (1കൊരി, 8:6) മറ്റൊരു ദൈവവ്യക്തിയെ അറിയില്ലായിരുന്നു. നാലാം നൂറ്റാണ്ടുവരെ ത്രിത്വമെന്ന ഉപദേശം സഭയ്ക്കകത്തില്ലായിരുന്നു. ഉണ്ടായിരുന്നെങ്കിൽ കോൺസ്റ്റൻ്റൈൻ ചക്രവർത്തിയുടെ നേതൃത്വത്തിൽ ദിവസങ്ങളോളം സംവാദം നടത്തി ഇങ്ങനെയൊരു അവിശ്വാസപ്രമാണം സഭയുടെമേൽ അടിച്ചേല്പിക്കേണ്ട ഒരാവശ്യവും ഇല്ലായിരുന്നു. ആയതിനാൽ ഇത് വിശ്വാസപ്രമാണമല്ല; വിശ്വസിക്കാൻ കൊള്ളാത്ത പ്രമാണമാണെന്ന് മനസ്സിലാക്കാം. (ത്രിത്വം നാലാം നൂറ്റാണ്ടിൽ മാത്രം ഉരുത്തിരിഞ്ഞ ഉപദേശമാണെന്നതിൻ്റെ ചരിത്രത്തെളിവുകൾ കാണാൻ: ത്രിത്വം, നാലാം നൂറ്റാണ്ടിലെ നവീനോപദേശം)

അനുബന്ധം: ദൈവപുത്രനും മനുഷ്യനുമായ ക്രിസ്തുയേശുവിനെയും (1തിമൊ, 2:6) മഹാദൈവമായ യേശുക്രിസ്തുവിനെയും (യോഹ, 20:28; തീത്തൊ, 2:12) വേർതിരിച്ച് അറിയായ്കയാൽ; ആദ്യനും അന്ത്യനും ഇന്നലെയുമിന്നുമെന്നേക്കും അനന്യനും മഹാദൈവവുമായ യേശുക്രിസ്തു സർവ്വലോകങ്ങൾക്കുമുമ്പെ പിതാവിൽനിന്ന് ജനിച്ച വ്യക്തിയാണെന്നും ദൈവത്തിൻ്റെ ആത്മാവ് ദൈവത്തിൽനിന്ന് വിഭിന്നനാണെന്ന് പഠിപ്പിക്കുകയും ചെയ്ത നിഖ്യാ കോൺസ്റ്റാന്റിനോപ്പിൾ സുന്നഹദോസുകളുടെ മാരണ ഉപദേശമാണ് ക്രൈസ്തവസഭയിലെ സകല ദുരുപദേശങ്ങൾക്കും ബീജാവാപം ചെയ്തത്. സഭാപിതാക്കന്മാരുടെ ഉപദേശമെന്ന് പറഞ്ഞുകൊണ്ടാണ് കത്തോലിക്കാ, പെന്തെക്കൊസ്തു, ബ്രദറുകാർ ഈ ഉപദേശത്തെ വിശ്വസിക്കുന്നത്. ഈ ദുരുപദേശത്തിൻ്റെ ഉപജ്ഞാതാക്കളാണ് സഭയുടെ പിതാക്കന്മാരെങ്കിൽ, ഏകദൈവത്തെക്കുറിച്ച് പഠിപ്പിച്ച അപ്പൊസ്തലന്മാർ നിങ്ങൾക്ക് ആരായിട്ടുവരും? യഹോവ ഒരുത്തൻ മാത്രം ദൈവം, മറ്റൊരുത്തനുമില്ലെന്ന് പഠിപ്പിച്ച പഴയനിയമ ഭക്തന്മാരുമായി നിങ്ങൾക്കെന്താണ് ബന്ധം? ഞാനല്ലാതെ മറ്റൊരു ദൈവമില്ല; എനിക്കു സമനായും സദൃശനായും മറ്റൊരുത്തനുമില്ല; എനിക്ക് മുമ്പോപിമ്പോ മറ്റൊരു ദൈവം ഉണ്ടായിട്ടില്ല, ഉണ്ടാകുകയുമില്ല; ഞാനൊരുത്തനെയും അറികയുമില്ലെന്ന് അരുളിച്ചെയ്ത യഹോവ നിങ്ങൾക്കാരാണ്? സത്യത്തിനു സാക്ഷിനില്ക്കാൻ ജനിച്ച, ഏകസത്യദൈവത്തെക്കുറിച്ച് പഠിപ്പിച്ച ദൈവത്തിൻ്റെ ക്രിസ്തുവുമായി നിങ്ങൾക്കെന്താണ് ബന്ധം? പൗലൊസിൻ്റെ ആശങ്കപോലെ, ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ട് വിശ്വാസികൾ വഷളായിപ്പോകാൻ ഉപായിയായ സർപ്പം സഭയിൽ നുഴയിച്ചുകയറ്റിയ വേറൊരു സുവിശേഷമാണ് നിഖ്യായിലെ അവിശ്വാസപ്രമാണം.

ദൈവത്തിൽ സമനിത്യരും വ്യതിരിക്കരുമായ മൂന്നു വ്യക്തിയുണ്ടെന്നാണ് ത്രിത്വവിശ്വാസം. ഗതിഭേദത്താൽ ആഛാദനമില്ലാത്ത അഥവാ മാറ്റമോ മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്ത ദൈവത്തിന് ചിലപ്പോൾ മൂന്നുവ്യക്തിയായും മറ്റുചിലപ്പോൾ ഒരു വ്യക്തിയുമായി അവസ്ഥാദേദം വരാൻ കഴിയില്ല. (യാക്കോ, 1:17; മലാ, 3:6). അതിനാൽ ദൈവം മൂന്നു വ്യക്തിയാണെങ്കിൽ എല്ലായിപ്പോഴും അങ്ങനെതന്നെ ആയിരിക്കണം. അപ്പോൾ, പിതാവായ ദൈവം (യോഹ, 6:27), പിതാവായ ഏകദൈവം (1കൊരി, 8:6), ദൈവവും പിതാവുമായവൻ ഒരുവൻ (എഫെ, 4:6) എന്നിത്യാദി പ്രയോഗങ്ങൾ അബദ്ധവും ബൈബിൾ പരസ്പരവിരുദ്ധവുമാകും. അതാണ് നിഖ്യാസുന്നഹദോസിലൂടെ ഉപായിയായ സർപ്പം ലക്ഷ്യംവെച്ചതും. 

കത്തോലിക്കാ ദൈവവും പ്രൊട്ടസ്റ്റന്റ് ദൈവവും: കത്തോലിക്കരുടെ ദൈവവിശ്വാസവും പ്രൊട്ടസ്റ്റൻ്റ് ദൈവവിശ്വാസവും തമ്മിൽ ചെറിയൊരു വ്യത്യാസമുണ്ട്: കത്തോലിക്കരുടെ ദൈവത്തിന് അപ്പനുമമ്മയും ഉണ്ട്; പ്രൊട്ടസ്റ്റൻ്റ് ദൈവത്തിന് അമ്മയില്ല; അപ്പൻ മാത്രമേയുള്ളു. കന്യകയായ മറിയയിലൂടെ ജഡത്തിൽ വെളിപ്പെട്ട പാപമറിയാത്ത മനുഷ്യൻ മാത്രമായ യേശു, ദൈവമായിരുന്നെന്ന് രണ്ടുകൂട്ടരും വിശ്വസിക്കുന്നു. അതിനാൽ കത്തോലിക്കർ യേശുവിനെ പ്രസവിച്ച മറിയ ദൈവമാതാവാണെന്ന് വിശ്വസിക്കുന്നു. ദൈവപുത്രനും ദൈവമാണെന്ന് വിശ്വസിക്കുന്ന പ്രൊട്ടസ്റ്റൻ്റുകാർ, ദൈവത്തെ പ്രസവിച്ച മറിയയെ കേവലം മനുഷ്യസ്ത്രീയായി കണക്കാക്കുന്നു. രണ്ടുകൂട്ടരുടെയും ദുരുപദേശമാണെങ്കിലും; അതിൽത്തന്നെ പ്രൊട്ടസ്റ്റൻ്റുകാർ ഇരട്ടത്താപ്പാണ് കാണിക്കുന്നത്. ദൈവപുത്രൻ ദൈവമാണെന്നു വിശ്വസിച്ചാലുമില്ലെങ്കിലും അക്ഷരാർത്ഥത്തിൽ യേശു മറിയയുടെ മകനല്ല. (ലൂക്കൊ, 7:28). എങ്കിലും ഒമ്പതു മാസവും ഒമ്പതു ദിവസവും തൻ്റെ ഉദരത്തിൽ ചുമക്കുകയും ഏതൊരു സ്ത്രീയെപ്പോലെയും അതിവേദനയോടെ മറിയ പ്രസവിക്കുകയും ചെയ്ത മകനാണ് യേശു. പതിനേഴോളം പ്രാവശ്യം മറിയയുടെ മകനായി യേശുവിനെ പറഞ്ഞിട്ടുമുണ്ട്. അതിനാൽ, ജഡത്തിലും യേശു ദൈവമാണെന്ന് വിശ്വസിക്കുന്ന നിങ്ങൾ മറിയയെ ദൈവമാതാവായി അംഗീകരിച്ചില്ലെങ്കിലും, സഹരക്ഷകയായിട്ടോ, മദ്ധ്യസ്ഥയായിട്ടോ എങ്കിലും അംഗീകരിക്കേണ്ടത് ആവശ്യമാണ്; എന്തെന്നാൽ നിങ്ങളുടെ വിശ്വാസപ്രകാരം അവൾ ദൈവത്തെ പ്രസവിച്ചവളാണ്.

എന്നാൽ വസ്തുതയെന്താണ്: മറിയ പ്രസവിച്ച യേശു തൻ്റെ ജനനത്തിൽ ദൈവമായിരുന്നില്ല എന്നു മാത്രമല്ല; ദൈവപുത്രനോ, ക്രിസ്തുവോ പോലും അല്ലായിരുന്നു; ദൈവത്തിൻ്റെ പ്രത്യക്ഷതയായ പാപമറിയാത്ത മനുഷ്യൻ മാത്രമായിരുന്നു. (1കൊരി, 15:21; 2കൊരി, 5:21; 1തിമൊ, 3:14-16). ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്ന യേശുവെന്ന മനുഷ്യനെ ഏകദേശം മുപ്പതു വർഷങ്ങൾക്കുശേഷം ദൈവം തൻ്റെ പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ ക്രിസ്തു ആയത്. (മത്താ, 3:16; പ്രവൃ, 10:38). അനന്തരം “അത്യുന്നതൻ്റെ പുത്രനെന്ന് വിളിക്കപ്പെടും; ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രനെന്ന് വിളിക്കപ്പെടും” എന്ന ഗബ്രീയേൽ ദൂതൻ്റെ പ്രവചനംപോലെ ദൈവപിതാവിനാൽ “ഇവൻ എൻ്റെ പ്രിയപുത്രൻ” എന്നു വിളിക്കപ്പെടുകയായിരുന്നു. (ലൂക്കൊ, 1:32,35; മത്താ, 3:17). 

മനുഷ്യരുടെ പാപപരാഹാരാർത്ഥം മദ്ധ്യസ്ഥനും മറുവിലയുമായി തന്നെത്താൻ ക്രൂശിനേല്പിച്ച ക്രിസ്തുയേശു എന്ന മനുഷ്യന് ഒരു പിതാവ് മാത്രമല്ല; ഒരു ദൈവവും ഉണ്ടെന്ന് ബൈബിൾ വ്യക്തമാക്കുന്നു. (1കൊരി, 15:21; 1തിമൊ, 2:5,6). പിതാവിനെ, “എൻ്റെ ദൈവം” എന്ന് ക്രിസ്തുവും (യോഹ, 20:17); “യേശുക്രിസ്തുവിൻ്റെ ദൈവം” എന്നു അപ്പൊസ്തലന്മാരും സംബോധന ചെയ്തിട്ടുണ്ട്. (2കൊരി, 11:31; എഫെ, 1:3; 1:17). അക്ഷരാർത്ഥത്തിൽ യേശുക്രിസ്തുവിന് ഒരു പിതാവുണ്ടെന്ന് വിശ്വസിക്കുന്ന നിങ്ങൾക്ക് ക്രിസ്തുവിൻ്റെ ദൈവത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്? യേശുവെന്ന ദൈവപുത്രൻ ദൈവമാണെങ്കിൽ, ഒരു ദൈവമുള്ള യേശുവിനെ ഏത് വകയിലാണ് സർവ്വശക്തിയുള്ള ദൈവമായി നിങ്ങൾ വിശ്വസിക്കുന്നത്? ദൂതന്മാർക്കുപോലും വംശാവലിയോ ജനനമോ മരണമോ ഇല്ലാതിരിക്കെ, ദൈവം വംശാവലിയോടുകൂടി ജനിച്ചുജീവിച്ചു മരിച്ചുയിർത്തു എന്നു വിശ്വസിക്കുന്ന വെളിവുകെട്ട ഉപദേശമാണ് ത്രിത്വം. യേശുക്രിസ്തുവെന്ന മഹാദൈവത്തെയും അവൻ്റെ പ്രത്യക്ഷതയായ മനുഷ്യനെയും വേർതിരിച്ചറിയാൻ കഴിയാത്തതിൻ്റെ കുഴപ്പമാണ് നിങ്ങൾക്ക്. നിങ്ങൾ ത്രിമൂർത്തി വിശ്വാസം ത്യജിച്ചുകളായാതെ, ഏകസത്യദൈവമായ യേശുക്രിസ്തുവിനെ അറിയാനോ അംഗീകരിക്കാനോ നിങ്ങൾക്ക് ഒരിക്കലും കഴിയില്ല.

ത്രിത്വം ബൈബിളിൻ്റെ ഉപദേശമല്ല; വിഗ്രഹാരാധകരുടെ (pagan) ഉപദേശമായിരുന്നു. നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ സുന്നഹദോസുകളിലൂടെ ഉപായിയായ സർപ്പം അത് സഭയ്ക്കകത്ത് നുഴയിച്ചുകയറ്റുകയായിരുന്നു. ക്രിസ്തുവിനു മുമ്പുതന്നെ എല്ലാ പ്രാചീന മതങ്ങളിലും ത്രിത്വം ഉണ്ടായിരുന്നു. സുമേരിയരുടെയും ബാബിലോണിയരുടെയും മിസ്രയീമ്യരുടെയും ഗ്രേക്കരുടെയും റോമാക്കാരുടെയും ഫിനിഷ്യരുടെയും ഇന്ത്യക്കാരുടെയും പ്രധാന ദൈവസങ്കല്പം ത്രിത്വമായിരുന്നു. പുറംജാതികളുടെ സങ്കല്പം അഥവാ കെട്ടുകഥ നാലാം നൂറ്റാണ്ടിൽ കോൺസ്റ്റൻ്റൈൻ ചക്രവർത്തിയുടെ നേതൃത്വത്തിലുള്ള ക്രൈസ്തവ നാമധാരികൾ കടമെടുത്ത് വസ്തുതയായിട്ട് അംഗീകരിക്കുകയായിരുന്നു. (കാണുക: ത്രിത്വം, പേഗൻ സിദ്ധാന്തം). 

ബൈബിളിലെ ദൈവം സത്യേകദൈവമാണ്. ഇരുന്നോറോളം വാക്യങ്ങൾ അതിനാധാരമായുണ്ട്. “എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല” എന്നും (യെശ, 43:10), “ഞാനല്ലാതെ ഒരു ദൈവം ഉണ്ടോ? ഒരു പാറയും ഇല്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല” എന്ന് യഹോവ അരുളിച്ചെയ്യുന്നു. (യെശ, 44:8). “നിൻ്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ (Him only) ആരാധിക്കാവു” (മത്താ, 4:10 ലൂക്കൊ, 4:8), ഏകദൈവത്തിൽ (God only) നിന്നുള്ള ബഹുമാനം (യോഹ, 5:44), ഏകസത്യദൈവം (the only true God) (യോഹ, 17:3) എന്നൊക്കെ പറയുന്നത് ദൈവപുത്രനായ ദൈവത്തിൻ്റെ ക്രിസ്തുവാണ്. പഴയനിയമത്തിൽ ഒറ്റയെന്ന ഖണ്ഡിതമായ അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന ‘യാഖീദ്’ (only/alone – yachiyd) എന്ന പദത്തിനു തുല്യമായ പുതിയനിയമത്തിലെ പദമാണ് ‘മോണോസ്’ (only/alone – monos). മോണോസും കേവലമായ ഒന്നിനെയാണ് വിവക്ഷിക്കുന്നത്. ആ പദമുപയോഗിച്ചാണ്, പിതാവു മാത്രം സത്യദൈവം, അവനെ മാത്രമേ ആരാധിക്കാവു എന്നൊക്കെ ക്രിസ്തു പറഞ്ഞിരിക്കുന്നത്. ദൈവത്തിൻ്റെയും അവൻ്റെ ക്രിസ്തുവിൻ്റെയും വാക്കുപോലും വിശ്വസിക്കാത്തവർ വീണ്ടുംജനിച്ചവരാണോന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

ത്രിത്വത്തിന് ബൈബിളിൽ ഒരു തെളിവുമില്ല. ദൈവം ത്രിയേകൻ ആണെന്ന് പറയുന്നവരോട് ബൈബിളിൽനിന്ന് അതൊന്ന് കാണിക്കാൻ പറഞ്ഞാൽ; മുഹമ്മദീയർ ബൈബിളിൽ മുഹമ്മദിനെ തപ്പുന്നതുപോലെ: നാം നമ്മുടെ സ്വരൂപത്തിലെന്നു പറഞ്ഞിരിക്കുന്നു; വരുവിൻ നാം ഇറങ്ങിച്ചെല്ലാം എന്ന് ദൈവം ബഹുവചനം പറയുന്നു; അബ്രാഹാമിൻ്റെ അടുക്കൽ മൂന്നുപേർ വന്നു; പരിശുദ്ധൻ എന്ന് മൂന്നു പ്രാവശ്യം പറഞ്ഞിരിക്കുന്നു; ഞാൻ ഏകനല്ലെന്നു യേശു പറഞ്ഞു എന്നിങ്ങനെയുള്ള ബാലിശമായ കാര്യങ്ങളാണ് എടുത്തുകാണിക്കുന്നത്. ആധുനിക ത്രിത്വപണ്ഡിതന്മാരുടെ മാത്രം കാര്യമല്ലിത്. ത്രിത്വം തെളിയിക്കാൻ ഒരു മാർഗ്ഗവും ഇല്ലാഞ്ഞിട്ട് പെന്തെക്കൊസ്ത് ബ്രദ്റൻ സഭാസ്ഥാപകന്മാർ പുറംജാതി വിശ്വാസം കൊണ്ടാണ് പലപ്പോഴും ത്രിത്വം തെളിയിച്ചിരുന്നത്. കെ.ഇ. എബ്രാഹാം സാറും കെ.വി. സൈമൻ സാറുമൊക്കെ അതാണ് ചെയ്തിട്ടുള്ളത്. “മൂന്നു ശിരസ്സുകളുള്ള അസ്സീറിയായിലെ ത്രിയേകദൈവത്തോടും; മൂന്നു തലകളുള്ള ഹൈന്ദവ ത്രിത്വത്തോടും; മൂന്നു തലകളുള്ള ബുദ്ധൻ്റെ പ്രതിമയോടും ബൈബിളിലെ സത്യേകദൈവത്തെ സാദൃശ്യപ്പെടുത്തിയിട്ടുള്ള ആളാണ് കെ.ഇ. എബ്രഹാം.”

കെ.വി. സൈമൻ സാറും ഒട്ടും മോശമല്ലായിരുന്നു: “വിഷ്ണുവും ശിവനും അന്യോന്യം സംയോജിച്ചതിൻ്റെ ഫലമായി ഹരിഹരസുതൻ എന്നുപേരുള്ള ഒരു ദേവൻ ആവിർഭവിച്ചതായി പറയപെടുന്നുണ്ട്. ആദിയിൽ ദൈവപുത്രൻ ഉത്ഭവിച്ചു എന്നുള്ളതിനെ മങ്ങലായി കാണിക്കുന്ന കാഴ്ചയായിരിക്കാമിത്. (ത്രിത്വപ്രബോധിക, ഹിന്ദുമതവും ത്രിമൂർത്തിത്വവും; അദ്ധ്യായം 14 പേജ് 279-280).

ഹരിഹരസുതൻ ആരാണ്? അവൻ്റെ ജനനമെങ്ങനെയാണ്? എന്നൊക്കെ വിശദമായി അറിയുമ്പോഴാണ് താൻകണ്ട മങ്ങിയകാഴ്ച എത്ര മ്ലേച്ഛമായിരുന്നെന്ന് മനസ്സിലാകുന്നത്: ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവരാണ് ഹൈന്ദവരുടെ ത്രിമൂർത്തികൾ. സൃഷ്ടി, സ്ഥിതി, സംഹാര മൂർത്തികളെന്നു വിശേഷിപ്പിക്കപ്പെടുന്ന ദേവന്മാരാണ് ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നീ ദേവന്മാർ. ഒരേ പരമാത്മാവിന്റെ മൂർത്തിഭേദങ്ങളായി കരുതുന്ന വിഷ്ണുവിന്റെ നാഭിയിലെ താമരയിൽ നിന്ന് ബ്രഹ്മാവും ബ്രഹ്മാവിന്റെ ഭ്രൂമധ്യത്തിൽ (പുരികത്തിന്‍റെ നടുഭാഗം) നിന്ന് പരമശിവനും ജനിച്ചു എന്ന് പുരാണങ്ങളിൽ പറയുന്നു. അതിൽ വിഷ്ണു, ശിവൻ സംയോജിച്ചുണ്ടായതാണ് ഹരിഹരസുതൻ. ഹരിഹരസുതൻ അയ്യപ്പനാണ്. അയ്യപ്പൻ്റെ മറ്റു നാമങ്ങളാണ്; ശാസ്താവ്, ശ്രീഭുതനാഥന്‍, മണികണ്ഠന്‍, ധര്‍മ്മശാസ്താവ്, സ്വാമി അയ്യപ്പന്‍, ശ്രീ ശബരീശൻ തുടങ്ങിയവ. പാലഴികടഞ്ഞപ്പോള്‍ ഉത്ഭവിച്ച അമൃതിനെ അസൂരന്മാരിൽ നിന്നും കൈക്കലാക്കുവാൻ വിഷ്ണു അതിസുന്ദരിയായ മോഹിനീരൂപം സ്വീകരിച്ചു അസുരന്മാരെ മോഹിപ്പിച്ച ദേവി അമൃതകലശം വീണ്ടെടുത്തു. മോഹിനിയുടെ പ്രവൃത്തികള്‍കണ്ടു വിസ്മിതനായ നാരദമഹര്‍ഷി കൈലാസത്തിലെത്തി ശിവനെ വിവരങ്ങൾ അറിയിച്ചു. വിഷ്ണുവിന്റെ മോഹിനീവേഷം കാണാനാഗ്രഹിച്ച ശിവൻ വൈകുണ്ഠത്തിലെത്തി. കാമേശ്വരനായ ശിവനുവേണ്ടി വീണ്ടും മോഹിനിവേഷം ധരിച്ച വിഷ്ണുവിനോട് ശിവന് തോന്നിയ മോഹത്താൽ അവർ തമ്മിൽ സംയോജിച്ചുണ്ടായ മകനാണ് ഹരിഹരപുത്രൻ. (വിശദമായി അറിയാൻ കാണുക: ഹരിഹരപുത്രൻ)

ഇത്രയ്ക്ക് മ്ലേച്ഛമായൊരു സങ്കല്പമാണ് ദൈവപുത്രൻ ജനിച്ചതിൻ്റെ മങ്ങിയ കാഴ്ചയായി സാറ് കണ്ടത്. സത്യത്തിൽ ഹരിഹരപുത്രനോടു സാദൃശ്യപ്പെടുത്തി എന്നതിനെക്കാൾ ഹീനമായ കാര്യമായി ഞാൻ കാണുന്നത്; “ആദിയിൽ ദൈവപുത്രൻ ഉത്ഭവിച്ചു എന്നതിനെ മങ്ങലായി കാണിക്കുന്നു” എന്ന പ്രയോഗമാണ്. ഏത് ദൈവപുത്രനാണ് ആദിയുലുത്ഭവിച്ചത്? ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടാ ദൈവപുത്രനോ? അതോ, ആദ്യനും അന്ത്യനും ഇന്നലെയും ഇന്നും എന്നെന്നേക്കും അനന്യനുമായ മഹാദൈവമാണോ ഉത്ഭവവിച്ചത്? ഏത് ബൈബിളാണ് സാറ് വായിക്കുകയും പഠിക്കുകയും ചെയ്തതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. മനുഷ്യൻ്റെ പാപപരിഹാരത്തോടുള്ള ബന്ധത്തിൽ ബി.സി. 6 മുതൽ എ.ഡി. 33 വരെയുള്ള കാലയളവിൽ, ജനിച്ചുജീവിച്ചു മരിച്ചുയുർത്ത് സ്വർഗ്ഗാരോഹണം ചെയ്തത് ദൈവമല്ല; ദൈവത്തിൻ്റെ പ്രത്യക്ഷതയായ പാപമറിയാത്ത മനുഷ്യനായിരുന്നു. (1തിമൊ, 3:14-16). അത് ആദിയിലല്ല; കാലസമ്പൂർണ്ണതയിലാണ് യേശുവെന്ന പാപമറിയാത്ത മനുഷ്യൻ സ്ത്രീയിൽനിന്നു ജനിച്ചത്. (ഗലാ, 4:4). ദൈവം മനുഷ്യനല്ലെന്നോ (സംഖ്യാ, 23:23) ദൈവത്തിനു പ്രത്യക്ഷനാകാനല്ലാതെ, മനുഷ്യനായി അവതരിക്കാൻ കഴിയില്ലെന്നോപോലും പലർക്കുമറിയില്ല. (യക്കോ, 1:17; മലാ, 3:6). കാലസമ്പൂർണ്ണതയിൽ ജനിച്ചത് ദൈവമല്ല; ദാവീദിൻ്റെ സന്തതിയായി ജനിച്ചുജീവിച്ച് മരിച്ചുയിർത്തത് മനുഷ്യനാണ്. (1കൊരി, 15:3,4; 21; 1തിമൊ, 2:6; 3:16). പിന്നെ, ആദിയിൽ ജനിച്ചതാരാണ്? യേശുക്രിസ്തുവെന്ന മഹാദൈവമോ? ബൈബിളിൽ അങ്ങനെ പറഞ്ഞിട്ടുണ്ടോ? യേശു, സർവ്വലോകങ്ങൾക്കുമുമ്പെ പിതാവിൽനിന്നു ജനിച്ചുതാണെന്ന് പഠിപ്പിച്ചത് ബൈബിളല്ല; നിഖ്യാസുന്നഹദോസാണ്. യേശുക്രിസ്തു പിതാവിൽനിന്ന് ജനിച്ചവനാണെങ്കിൽ, അവനെങ്ങനെ ദൈവമാകും? ജനിപ്പിച്ച ദൈവവും ജനിച്ചദൈവവും എന്നിങ്ങനെ രണ്ട് ദൈവമുണ്ടോ? ഇനി, രണ്ടു ദൈവമുണ്ടെന്ന് സമ്മതിച്ചാൽത്തന്നെ ജനിപ്പിച്ച ദൈവത്തോട് ജനിച്ചദൈവം എങ്ങനെ തുല്യനാകും? ജനിച്ച ദൈവം ഒരു കുട്ടിദൈവമാണെന്നല്ലാതെ, സർവ്വശക്തിയുള്ള ദൈവമാണെന്ന് പറയാൻ കഴിയുമോ? യേശു ഒരു കുട്ടിദൈവമാണെന്ന് പറഞ്ഞാൽപ്പോലും ബൈബിൾ വിരുദ്ധമാണ്. “എനിക്ക് മുമ്പോ പിമ്പോ മറ്റൊരു ദൈവമില്ല; ഉണ്ടാകുകയുമില്ല; ഞാനൊരുത്തനെയും അറിയുന്നില്ല” എന്നാണ് യഹോവ പറഞ്ഞിരിക്കുന്നത്. (യെശ, 43:10; 44:8). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). “യഹോവയെപ്പോലെ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യാതൊരു ദൈവവും ഇല്ല.” (1രാജാ, 8:23; ഒ.നോ: യോശു, 2:11; 1ദിന, 2:11; 2ദിന, 6:14). യഹോവ തന്നെയാണ് യേശുക്രിസ്തുവെന്ന് തിരിച്ചറിയാത്ത നിഖ്യായിലെ അവിശ്വാസപ്രമാണവും ത്രിമൂർത്തിവിശ്വാസവും ബൈബിളിലുള്ളതല്ല; ഉപായിയായ പഴയപാമ്പ് സഭയ്ക്കകത്ത് നുഴയിച്ചുകയറ്റിയതാണ്.

നിഖ്യായിലെ അവിശ്വാസപ്രമാണം ഉരുത്തിരിഞ്ഞ വഴി: ദൈവം ഏകനാണെന്ന് പിശാചിനറിയാം; അവനത് വിശ്വസിക്കുകയും വിറെക്കുകയും ചെയ്യുന്നവനാണ്. (യാക്കോ, 2:19). എന്നാൽ കുലപാതകനും ഭോഷ്കു പറയുന്നവനും അതിന്റെ അപ്പനുമായ പിശാച്, വിശ്വാസികളെ വഞ്ചിക്കാൻ കോൺസ്റ്റൻ്റയിൻ ചക്രവർത്തിയിലൂടെ സഭയ്ക്കകത്ത് നുഴഞ്ഞുകയറി. (യോഹ, 8;44). അതിൻ്റെ ഫലമാണ് നിഖ്യായിലെ സുന്നഹദോസും അതിൽ ഉരുത്തിരിഞ്ഞ വിശ്വാസപ്രമാണവും. കോൺസ്റ്റൻ്റൈൻ വീണ്ടുജനിച്ചിട്ട് ക്രിസ്ത്യാനിയായ മനുഷ്യനൊന്നുമല്ല; അവൻ ക്രിസ്ത്യാനിയായതിനു പിന്നിലെ ചരിത്രം പരിശോധിച്ചാൽ അത് മനസ്സിലാക്കാവുന്നതാണ്. അപ്പൊസ്തലനായ പൗലൊസ് കൊരിന്ത്യലേഖനത്തിൽ ക്രിസ്തുവും സഭയുമായുള്ള ബന്ധം വെളിപ്പെടുത്തിയശേഷം, സഭയെക്കുറിച്ചുള്ള തന്റെ ആശങ്കയും രേഖപ്പെടുത്തിയിട്ടുണ്ട്: “ഞാൻ നിങ്ങളെക്കുറിച്ച് ദൈവത്തിന്റെ എരിവോടെ എരിയുന്നു; ഞാൻ ക്രിസ്തു എന്ന ഏക പുരുഷന്നു നിങ്ങളെ നിർമ്മലകന്യകയായി ഏല്പിക്കാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു. എന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു.” (2കൊരി, 11:2,3). പൗലൊസിന്റെ ഈ ഭയം അസ്ഥാനത്തായിരുന്നില്ല. താനിതെഴുതുന്നത് ഒന്നാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിലായിരുന്നു മൂന്നാം നൂറ്റാണ്ടുവരെ സഭ ഏകദേശം അതിന്റെ പരിപക്വതയിൽ തന്നെയായിരുന്നു. വെളിപ്പാടു പുസ്തകത്തിലെ രണ്ടാമത്തെ സഭയായ സ്മുർന്ന സഭയോട്; “പത്തുദിവസം നിനക്കു ഉപദ്രവം ഉണ്ടാകും” എന്ന് കർത്താവ് ദൂത് പറഞ്ഞിരുന്നു. (വെളി, 2:10). ഇത് റോമൻ ചക്രവർത്തി ‘നീറോ’ (54-68) മുതൽ ‘ഡയോക്ളീഷൻ’ (284-305) വരെയുള്ളവരുടെ കാലത്ത് സഭ നേരിട്ട കഠിനമായ പീഡകളെ കുറിക്കുന്നതായി കരുതപ്പെടുന്നു. അപ്പൊസ്തലന്മാരും, സ്മുർന്നയിലെ പോളികാർപ്പും, ജസ്റ്റിൻ മർട്ടയർ ഉൾപ്പെടെയുള്ള ആയിരക്കണക്കിനു വിശുദ്ധന്മാർ അക്കാലത്ത് രക്തസാക്ഷികളാക്കപ്പെട്ടു. വിശുദ്ധന്മാർ ശിരച്ഛേദം ചെയ്യപ്പെടുകയും, ക്രൂശിൽ തറക്കപ്പെടുകയും, തീയിലേക്ക് എറിയപ്പെടുകയും, തീപ്പന്തങ്ങളായി കത്തപ്പെടുകയും, വന്യമൃഗങ്ങൾക്ക് ആഹാരമാകുകയും, ഈർച്ചവാളാൽ അറുക്കപ്പെടുകയും ചെയ്തുവെങ്കിലും സഭ പൂർവ്വാധികം ശക്തിപ്രാപിക്കുകയാണ് ചെയ്തത്. ക്രിസ്തുവിന്റെ രക്തത്താൽ സ്ഥാപിതമായ സഭ വിശുദ്ധന്മാരുടെ രക്തത്താൽ കൂടുതൽ കൂടുതൽ പരിപോഷിപ്പിക്കപ്പെടുകയായിരുന്നു പീഡകളിലൂടെ സഭയെ തകർക്കാൻ കഴിയില്ലെന്നു മനസ്സിലാക്കിയ സാത്താൻ, അപ്പൊസ്തലൻ ആശങ്കപ്പെട്ടതുപോലെ ഹവ്വയെ വഞ്ചിച്ച അതേ ഉപായം പുറത്തെടുത്തു. “പീഡിപ്പിക്കുന്നതിനു പകരം സഭയോടു സമരസപ്പെട്ടുകൊണ്ടു നാമാവശേഷമാക്കുക” എന്ന തന്ത്രം സ്വീകരിച്ചു. കോൺസ്റ്റന്റയിൻ ചക്രവർത്തിയെയാണ് (306-337) അതിനായി ഉപയോഗിച്ചത്. ചക്രവർത്തി അധികാരത്തിലേറി അധികം കഴിയുംമുമ്പേ കിഴക്കൻ പ്രവിശ്യ ഭരിക്കുന്ന മാക്സെന്റിയസ് ചക്രവർത്തിയുമായി (306-312) ഒരു യുദ്ധം അനിവാര്യമായിവന്നു. എ.ഡി. 312-ൽ നടന്ന ‘മിൽവിയൻ യുദ്ധം’ (Battle of Milvian Bridge) എന്നറിയപ്പെടുന്ന ഈ യുദ്ധത്തിൽ ശത്രുവിനോടു എതിർക്കുവാൻ മതിയായ ശേഷിയില്ലാതിരുന്ന കോൺസ്റ്റന്റയിൻ ആകാശത്തേക്ക് നോക്കിയപ്പോൾ, ‘പ്രകാശിക്കുന്ന ഒരു കുരിശു ചിഹ്നം കാണുകയും, ഒപ്പം ഈ ചിഹ്നത്തോടു കൂടി പടവെട്ടി ജയിക്കുക’ എന്നു ഗ്രീക്കു ഭാഷയിൽ “Ev Tobu Nika” (in this sign, conquer) എഴുതിയിരിക്കുന്നതായി കാണുകയും ചെയ്തു. ചക്രവർത്തിയുടെ കല്പനപ്രകാരം പടയാളികളുടെ പരിചകളിലൊക്കെയും ‘കുരിശുചിഹ്നം’ വെച്ച് യുദ്ധം ചെയ്തതിന്റെ ഫലമായി ശത്രുക്കളെ ഉന്മൂലനാശം വരുത്തി യുദ്ധത്തിൽ വിജയം വരിക്കുവാൻ ഇടയായി. (Eusebius, Life of Constantine). തുടർന്ന് എ.ഡി. 313 ഫെബ്രുവരിയിൽ ‘മിലൻ’ എന്ന സ്ഥലത്തുവെച്ച് ചെയ്ത ഒരു കരാർ പ്രകാരം (The Edict of Milan) ക്രിസ്ത്യാനികൾക്ക് സ്വാതന്ത്ര്യം അനുവദിച്ചു. (Frend, W.H.C. The Early Church SPCK 1965, p. 137). എ.ഡി. 316-ൽ കോൺസ്റ്റന്റയിൻ ക്രിസ്ത്യാനിയാകുകയും ചെയ്തതോടെ ക്രൈസ്തവസഭ രാജകീയമതമായി ഉയർത്തപ്പെട്ടു. ചക്രവർത്തി ക്രിസ്ത്യാനി ആയതോടുകൂടി പ്രജകളെല്ലാം ക്രിസ്ത്യാനികളാകുവാൻ നിർബന്ധിതരായി. ക്രിസ്ത്യാനിയാകുന്നവർക്ക് സ്വർണ്ണനാണയവും വെള്ളയുടുപ്പും സമ്മാനം നൽകുകയും ചെയ്തിരുന്നു. അങ്ങനെ മനഃപരിവർത്തനം കൂടാതെ കൂട്ടത്തോടെ മതപരിവർത്തനത്തിനു വധേയരായതോടുകൂടി സകല അഴുക്കും ദൈവസഭയ്ക്കകത്തേക്ക് കടന്നുവന്നു. അതോടുകൂടി വിശുദ്ധസഭ അശുദ്ധരുമായി ഇണയില്ലാപ്പിണകൂടി സകല ദുരുപദേശത്തിന്റെയും വിളനിലമായി മാറി. വിഗ്രഹാരാധന, കുരിശുവണക്കം, മറിയാരാധന, മരിച്ചവരോടും മരിച്ചവർ ക്കുവേണ്ടിയും പ്രാർത്ഥന, അപ്പവീഞ്ഞുകളുടെ വസ്തുമാറ്റം, മേൽപട്ടക്കാർ പട്ടക്കാർ ശെമ്മാശൻ അൽമായർ തുടങ്ങിയ വേർതിരിവ്, കുമ്പസാരം, അന്ത്യകൂദാശ, ശുദ്ധീകരണസ്ഥലം തുടങ്ങിയവയെല്ലാം കാലക്രമേണ സത്യസഭയ്ക്കകത്തേക്ക് നുഴഞ്ഞുകയറി.

ഇതൊന്നും പോരാഞ്ഞിട്ട് ക്രൈസ്തവിശ്വാസത്തിൻ്റെ നാരായവേരിന് കത്തിവെക്കുന്ന ഒരു വിശ്വാസപ്രമാണവും സാത്താൻ സഭയ്ക്കകത്തേക്ക് നുഴയിച്ചുകയറ്റി. അറിയൂസിൻ്റെ (256-336) ദുരുപദേശത്തിന് തടയിടാനെന്ന പേരിൽ കോൺസ്റ്റൻ്റയിൻ്റെ നേതൃത്വത്തിലാണ് 325-ൽ നിഖ്യാ സുന്നഹദോസ് വിളിച്ചുചേർത്തത്. അറിയൂസിൻ്റെ ഉപദേശംമൂലം ക്രിസ്തുമത്തിന്നുള്ളിലെ ഛിദ്രം സാമ്രാജ്യത്തിന്റെ തന്നെ ഭദ്രതയെ തകർത്തെങ്കിലോ എന്നു ഭയന്നാണ് ചക്രവർത്തി ലോകം മുഴുവനുള്ള മുന്നൂറോളം (318 എന്നൊരു കണക്കുമുണ്ട്) ബിഷപ്പുമാമാരെ സുന്നഹദോസിനായി വിളിച്ചുചേർത്തതെന്നാണ് പറയപ്പെടുന്നത്. “യേശു പൂർവ്വാസ്ത്യക്യം ഉള്ളവനെങ്കിലും ദൈവത്വമുള്ളവനല്ല; വചനമാകുന്ന യേശു ലോകാരംഭത്തിന് മുമ്പ് ദൈവപിതാവിനാൽ സൃഷ്ടിക്കപ്പെട്ടവനാണെന്നും പിതാവിന്റെ സൃഷ്ടിയാകയാൽ പുത്രൻ ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു” എന്നായിരുന്നു അറിയൂസിൻ്റെ വാദം. നിഖ്യായുടെ ഉപദേശം: “യേശു സർവ്വലോകങ്ങൾക്കു മുമ്പെ പിതാവിൽനിന്ന് ജനിച്ചു” എന്നാണ്. തമ്മിൽ എന്താണ് വ്യത്യാസം: അറിയൂസ് സൃഷ്ടിച്ചവനെ ഇവർ ജനിപ്പിച്ചവനാക്കി. സൃഷ്ടിച്ചു എന്നു പറഞ്ഞാലും ജനിപ്പിച്ചു എന്നു പറഞ്ഞാലും ഒന്നുതന്നെയാണ്. അടുത്തത്: ‘സൃഷ്ടിയാകയാൽ പുത്രൻ ഇല്ലാതിരുന്ന കാലമുണ്ടായിരുന്നു’ എന്നു അറിയൂസ് പറഞ്ഞു. ഇവരോ: ‘പിതാവിനൊപ്പം ജനിച്ചുവെന്നല്ല; പിതാവിൽനിന്ന് ജനിച്ചു’ എന്നു പഠിപ്പിച്ചു. പിതാവ് എന്നേക്കുമുള്ളവനാണ്; ജനിച്ചവൻ ജനനത്തിനു മുമ്പെ ഉണ്ടാകുമോ? ഇല്ല. ജനിപ്പിച്ചവനും ജനിച്ചവനും തമ്മിൽ എന്തായാലും ഒരു ഇടവേളയുണ്ടാകും. പുത്രൻ ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു എന്ന് അറിയൂസ് പറഞ്ഞത് അതുകൊണ്ടാണ്. എന്നുവെച്ചാൽ, അറിയൂസിൻ്റെ ഉപദേശത്തെ സഭ വേറൊരു രൂപത്തിൽ അംഗീകരിക്കുകയാണ് ചെയ്തത്. ഇവിടെ മനസ്സിലാക്കേണ്ടത് ഉപയിയായ സർപ്പത്തിൻ്റെ തന്ത്രമാണ്. റോമാ സാമ്രാജ്യത്തിലെ ഏതോ ഒരു കോണിൽ അറിയൂസെന്ന ഒരുത്തൻ പ്രചരിപ്പിച്ച ദുരുപദേശത്തെ ഉന്മൂലനം ചെയ്യാൻ കോൺസ്റ്റൻ്റയിൽ വിളിച്ചുചേർത്ത സുന്നഹദോസ് അതേ ദുരുപദേശത്തെ വെള്ളപൂശി ലോകംമുഴുവനുമുള്ള സഭയുടെ ഔദ്യോഗിക വിശ്വാസപ്രമാണമായി അംഗീകരിച്ചു. അങ്ങനെ സർപ്പം ജയിച്ചു; ത്രിത്വസഭ തോറ്റു.

ക്രൈസ്തവസഭയുടെ ഉപദേശമല്ല ത്രിത്വം; കത്തോലിക്കാ സഭയിയിൽ ഉരുത്തിരിഞ്ഞ അനേകം മാരക ദുരുപദേശങ്ങളിൽ ഒരെണ്ണം മാത്രമാണ്. ത്രിത്വം സത്യമാണെന്ന് വിശ്വസിച്ചുകൊണ്ട് അതേറ്റെടുത്തവർ അവരുടെ എല്ലാ ഉപദേശങ്ങളും സ്വീകരികരിക്കാത്തതെന്തേ? മഹാദൈവത്തിന് അപ്പനുണ്ടെന്ന് വിശ്വസിക്കുന്ന പ്രൊട്ടസ്റ്റന്റുകാർ അവരുടെ വിശ്വാസംപോലെ കുറഞ്ഞപക്ഷം, മറിയയെ ദൈവമാതാവായിട്ടെങ്കിലും അംഗീകരിക്കണം. അതാണ് അതിൻ്റെയൊരിത്. അവരുടെ എല്ലാ ദുരുപദേശങ്ങളും കാണുക:

1. AD 2-ാം നൂറ്റാണ്ട്‌: സഭാദ്ധ്യക്ഷന്മാരെ പുരോഹിതന്മാർ എന്ന് വിളിക്കാൻ തുടങ്ങി.

2. AD 3-ാം നൂറ്റാണ്ട് – പുരോഹിതന്മാരാൽ ഉള്ള ബലിയർപ്പണം തുടങ്ങി.

3. AD 300-ൽ മരിച്ചവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ തുടങ്ങി, കുരിശുരൂപം സ്ഥാപിച്ചു.

4. AD 320-ൽ മെഴുകുതിരി കത്തിക്കൽ തുടങ്ങി.

5. AD 325-ൽ നിഖ്യയിൽ കൂടിയ സുന്നഹദോസിൽവെച്ച് കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ നേതൃത്വത്തിൽ ത്രിത്വദുപദേശം സഭയുടെ ഔദ്യോഗിക വിശ്വാസപ്രമാണമായി അംഗീകരിച്ചു.

6. AD 350-ൽ സൂര്യദേവൻ്റെ ഉത്സവദിനമായ ഡിസംബർ 25 ക്രിസ്തുമസായി ജൂലിയൻ മാർപ്പാപ്പ മാറ്റി.

7. AD 375-ൽ മാലാഖമാർ, മരിച്ച വിശുദ്ധർ, തിരുസ്വരൂപങ്ങൾ മുതലായവ വണങ്ങാൻ തുടങ്ങി.

8. AD 431-ൽ എഫേസോസ് സുന്നഹദോസിൽ വച്ച് മറിയയെ ദൈവമാതാവ് എന്ന് വിളിച്ചു.

9. AD 500-ൽ പുരോഹിതന്മാർ പ്രത്യേക വസ്ത്രം ധരിക്കാൻ തുടങ്ങി.

10. AD 526-ൽ അന്ത്യകൂദാശ ആരംഭിച്ചു.

11. AD 593-ൽ ശുദ്ധീകരണ സ്ഥലത്തെക്കുറിച്ച്‌ പഠിപ്പിക്കാൻ ആരംഭിച്ചു.

12. AD 600-ൽ ആരാധനയിൽ ലത്തീൻ ഭാഷ ഉപയോഗിക്കാൻ തുടങ്ങി; മറിയം, മാലാഖമാർ, മരിച്ച വിശുദ്ധന്മാർ എന്നിവരോട് പ്രാർത്ഥിക്കാൻ തുടങ്ങി.

13. AD 610-ൽ ബോണിഫസ് മൂന്നാമൻ ആദ്യമായി പോപ്പ് എന്ന് വിളിക്കപ്പെട്ടു.

14. AD 709-ൽ മാർപ്പാപ്പമാരുടെ പാദം മുത്താൻ തുടങ്ങി.

15. AD 786-ൽ കുരിശ്, തിരുസ്വരൂപങ്ങൾ, തിരുശേഷിപ്പുകൾ എന്നിവയെ ആരാധിക്കുന്നത് ഔദ്യോഗികമായി അംഗീകരിച്ചു.

16. AD 850-ൽ ഹന്നാൻ ജലം, വിശുദ്ധ തൈലം എന്നിവ പുരോഹിതന്മാരാൽ വാഴ്ത്തിക്കൊടുക്കുന്ന പതിവ് ആരംഭിച്ചു.

17. AD 890-ൽ യൗസേപ്പ് പിതാവിനെ ആരാധിക്കുവാൻ തുടങ്ങി.

18. AD 927-ൽ കർദ്ദിനാൾ സംഘം ആരംഭിച്ചു.

19. AD 998-ൽ നോമ്പും വെള്ളിയാഴ്ച ഉപവാസവും ആരംഭിച്ചു.

20. AD 1079-ൽ പുരോഹിതന്മാർ വിവാഹം കഴിക്കുന്നത് ഗ്രിഗറി ആറാമൻ വിലക്കി.

21. AD 1090-ൽ ജപമാല ആരംഭിച്ചു.

22. AD 11-ാം നൂറ്റാണ്ട്: കുർബ്ബാന ബലിയർപ്പണമായി രൂപാന്തരപ്പെടുകയും അതിൽ പങ്കുകൊള്ളുന്നത് നിർബന്ധമാക്കുകയും ചെയ്തു.

23. AD 1190-ൽ പാപമോചനച്ചീട്ടിൻ്റെ വിൽപ്പന ആരംഭിച്ചു.

24. AD 12-ാം നൂറ്റാണ്ട്: ഏഴു കൂദാശകൾ തുടങ്ങി.

25. AD 1215-ൽ അപ്പ വീഞ്ഞുകളുടെ വസ്തുമാറ്റ സിദ്ധാന്തം ഇന്നസെൻ്റ് മൂന്നാമൻ പ്രഖ്യാപിച്ചു; കുമ്പസ്സാരം ആരംഭിച്ചു.

26. AD 1220-ൽ തിരുവോസ്തി വണങ്ങണമെന്ന് ഹെനോറിയസ് മൂന്നാമൻ കൽപ്പിച്ചു.

27. AD 1229-ൽ വാലൻഷ്യ സുന്നഹദോസിൽ വച്ച് ബൈബിൾ നിരോധിത പുസ്തകങ്ങളുടെ പട്ടികയിൽപ്പെടുത്തുകയും സാധാരണ ജനങ്ങൾ ബൈബിൾ വായിക്കുന്നത് വിലക്കുകയും ചെയ്തു.

28. AD 1251-ൽ സന്യാസി മഠങ്ങളിലെ പ്രത്യേക വസ്ത്രങ്ങൾ ഇംഗ്ലണ്ടിലെ സൈമൻ സ്റ്റോക്ക് എന്ന സന്യാസികണ്ടു പിടിച്ചു.

29. AD 1311-ൽ റാവന്ന സുന്നഹദോസിൽ വച്ച് ശിശു സ്നാനം അംഗീകരിച്ചു.

30. AD 1414-ൽ കുർബ്ബാന സമയത്ത് സാധാരണക്കാർക്ക് വീഞ്ഞ് നിരോധിച്ചു.

31. AD 1439-ൽ ഫ്ലോറൻസിലെ സുന്നഹദോസിൽ ശുദ്ധീകരണ സ്ഥലത്തെക്കുറിച്ചുള്ള ഉപദേശം വിശ്വാസത്യമായി പ്രഖ്യാപിച്ചു.

32. AD 1545-ൽ ട്രെൻ്റു സുന്നഹദോസിൽ പാരമ്പര്യം ബൈബിളിന് തുല്യമായി പ്രഖ്യാപിച്ചു; ബൈബിളിലെ 66 പുസ്തകങ്ങളോട് ചില പുസ്തകങ്ങൾ (അപ്പോക്രിഫ) കൂട്ടിച്ചേർത്തു.

33. AD 1854-ൽ മാതാവിൻ്റെ അമലോത്ഭവം വിശ്വാസസത്യമായി പീയൂസ് ഒമ്പതാമൻ പ്രഖ്യാപിച്ചു.

34. AD 1870-ൽ ധാർമ്മികവും വിശ്വാസപരവുമായ കാര്യങ്ങളിൽ മാർപ്പാപ്പക്കുള്ള തെറ്റാവരം വത്തിക്കാൻ സുന്നഹദോസ് പ്രഖ്യാപിച്ചു.

35. AD 1950-ൽ മാതാവിൻ്റെ സ്വർഗ്ഗാരോഹണം വിശ്വാസസത്യമായി പീയൂസ് പത്താമൻ പ്രഖ്യാപിച്ചു.

36. AD 1965-ൽ മറിയത്തെ സഭാ മാതാവായി പോൾ ആറാമൻ പ്രഖ്യാപിച്ചു. (ഇപ്പോൾ സഹരക്ഷകയായും അവർ കരുതുന്നു)

37. AD 1996-ൽ പരിണാമസിദ്ധാന്തം തെറ്റല്ലെന്ന് ജോൺ പോൾ രണ്ടാമൻ പ്രഖ്യാപിച്ചു.

38. AD 2000-ൽ മുൻ കാലങ്ങളിൽ കത്തോലിക്കാ സഭ ചെയ്‌തു കൂട്ടിയ മഹാപാതകങ്ങൾക്ക് മാർപ്പാപ്പ ലോകത്തോട് മാപ്പ് ചോദിച്ചു.

39. AD 2002-ൽ കൊന്തയ്ക്ക് പുതിയ പതിപ്പിറക്കി.

40. AD 2014-ൽ പ്രപഞ്ചത്തിൻ്റെ ഉൽപ്പത്തിയെക്കുറിച്ച് ബൈബിളിലെ ഉൽപ്പത്തി പുസ്തകത്തിലെ വിവരണം പോപ്പ് ഫ്രാൻസിസ് തളളി.

One thought on “നിഖ്യായിലെ വിശ്വാസപ്രമാണം, ഒരു പഠനം”

Leave a Reply

Your email address will not be published. Required fields are marked *