ദൈവവും കർത്താവും

ദൈവവും കർത്താവും (God and Lord)

പഴയനിയമത്തിൽ ദൈവത്തെ കുറിക്കുന്ന ഒരു പ്രധാന പദമാണ് ഏലോഹീം (Elohiym). 2350-ലധികം പ്രാവശ്യം ഈ പദം സത്യദൈവത്തെ കുറിക്കുന്നു. ലോകത്തിന്റെ സ്രഷ്ടാവും പരിപാലകനും പരമോന്നത ന്യായാധിപനുമാണെന്ന് തന്റെ പ്രവൃത്തികളാൽ കാണിക്കുന്ന നിത്യനും സർവ്വശക്തനുമായ ദൈവമായിട്ടാണ് എലോഹീമിനെ ബൈബിൾ വെളിപ്പെടുത്തുന്നത്. തൻ്റെ സൃഷ്ടിയോടുള്ള ബന്ധത്തിൽ ആദ്യം പറഞ്ഞിരിക്കുന്ന പദവും ഇതുതന്നെ: “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു:” (ഉല്പ, 1:1. ഒ.നോ: 2,3,4,5,6,7,8,9,10). എലോഹിം എന്നതു ഒരു പേരല്ല; പദവിനാമമാണ്. ഈ സ്ഥാനപ്പേരിന് ഉന്നതൻ, ബലവാൻ, ശക്തൻ എന്നൊക്കെ അർത്ഥം കല്പിക്കാം. എന്നാൽ, പഴയനിയമത്തിൽ നമ്മുടെ എലോഹീമിനു ഒരു പേർ പറഞ്ഞിട്ടുണ്ട്. നമുക്കറിയാം, അസ്തിത്വദ്യോതകമാണ് പേര്. അഥവാ, അസ്തിത്വത്തെ മാത്രം ആശ്രയിച്ചു നില്ക്കുന്നതാണ് പേര്. പേർകൂടാതെ ഒന്നും നിലനില്ക്കുന്നില്ല. ആകാശ സൈന്യങ്ങളെയൊക്കെയും സൃഷ്ടിക്കുകയും സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കയും അവയെയെല്ലാം പേർചൊല്ലി വിളിക്കയും ചെയ്യുന്ന (യെശ, 40:26) ദൈവത്തിനൊരു പേരില്ലാതെ വരുമോ? ആദിയിൽ സൃഷ്ടിയൊക്കെയും പൂർത്തിയാക്കിയശേഷം, സൃഷ്ടിയുടെ മകുടമായി താൻ കൈകൊണ്ട് മെനഞ്ഞ മനുഷ്യനെക്കൊണ്ട് സകല പക്ഷിമൃഗാദികൾക്കും പേരിടുവിച്ചവനുമായ ദൈവത്തിനു (ഉല്പ, 2:19) നിശ്ചയമായും ഒരു പേരുണ്ട്. കത്തിക്കൊണ്ടിരുന്ന മുൾപ്പടർപ്പിൽ പ്രത്യക്ഷപ്പെട്ടു യിസ്രായേൽ ജനത്തെ വീണ്ടെടുക്കുവാൻ മോശെയ്ക്കു നിയോഗം നല്കിയപ്പോൾ സർവ്വശക്തൻ തൻ്റെ നാമംകൂടി വെളിപ്പെടുത്തി: “ദൈവം മോശെയോടു: ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേൽമക്കളോടു പറയേണം എന്നു കല്പിച്ചു. ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തന്നാൽ: നീ യിസ്രായേൽമക്കളോടു ഇപ്രകാരം പറയേണം: അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇതു എന്നേക്കും എന്റെ നാമവും തലമുറ തലമുറയായി എന്റെ ജ്ഞാപകവും ആകുന്നു:” (പുറ, 3:14,15). ‘ഞാൻ ആകുന്നവൻ ഞാൻ ആകുന്നു’ എന്നതു എബ്രായയിൽ എഹ്യെഹ് അഷെർ എഹ്യെഹ് (ehyeh aser ehyeh) ആണ്. എഹ്യെഹ് (ഞാനാകുന്നു) യ്ഹ്വ്ഹ് (YHVH=യാഹ്വേ, യഹോവ) എന്നീ നാമങ്ങളുടെ ധാത്വാർത്ഥം ‘സ്വയം നിലനില്ക്കുന്നവൻ’ (Self Existence) അഥവാ, തൻ്റെ അസ്ഥിത്വത്തിനു കാരണം തന്നിൽ തന്നെയാണ് മറ്റൊന്നിലല്ല. ഞാൻ ആകുന്നത് ഞാൻ ആകുന്നതിനാലാണ്. യാഹ്വേ അഥവാ, യഹോവ എന്ന തൻ്റെ നാമം ദൈവം ആദ്യമായി വെളിപ്പെടുത്തിയത് മോശെയ്ക്കാണ്. (പുറ, 6:3). പഴയനിയമത്തിൽ 6600-റോളം പ്രാവശ്യം യഹോവയെന്ന നാമമുണ്ട്. ആദ്യപ്രയോഗം ഉല്പത്തി 2:4-ൽ

പുതിയനിയമത്തിൽ എലോഹീമിന് തത്തുല്യമായ പദം തിയൊസ് (Theos) ആണ്. 1325-ലേറെ പ്രാവശ്യം ദൈവത്തെ കുറിക്കുന്നു. പുതിയനിയമത്തിലും സൃഷ്ടിയോടുള്ള ബന്ധത്തിൽ പലയിടത്തും ഈ പദം പറഞ്ഞിട്ടുണ്ട്: (മർക്കൊ, 10:6; 13:19; റോമ, 1:20; 1:25). പിതാവിനെയും പുത്രനെയും അഭിന്നമായിട്ട് ഇതു പ്രയോഗിച്ചിട്ടുണ്ട്. എങ്കിലും, അധികം സ്ഥാനങ്ങളിലും പിതാവിനെയാണ് ഈ പദം സൂചിപ്പിക്കുന്നത്. പഴയനിയമത്തിൽ ദൈവത്തിൻ്റെ ഏകനാമം ‘യഹോവ’ എന്നാണെന്ന് നാം കണ്ടതാണ്. “നിന്റെ ദൈവമായ യഹോവയുടെ നാമം വൃഥാ എടുക്കരുതു” (പുറ, 20:7) എന്ന മൂന്നാം കല്പനയോടുള്ള ഭയംനിമിത്തം ‘യഹോവ’ എന്നെഴുതിയിട്ടുള്ള സ്ഥാനങ്ങളിൽ യെഹൂദന്മാർ ‘അദോനായി (Adonay) അഥവാ, കർത്താവു’ എന്നു വായിക്കും. പഴയനിയമത്തിൻ്റെ ഗ്രീക്കു സപ്തതിയിൽ (Septuagint) ‘യഹോവ’ എന്ന നാമത്തെ ‘കുറിയോസ് (kyrios) അഥവാ, കർത്താവു’ എന്നാണു തർജ്ജമ ചെയ്തിരിക്കുന്നത്. പുതിയനിയമത്തിൽ കുറിയോസ് 670-ലേറെ പ്രാവശ്യം പിതാവിനെയും പുത്രനെയും അഭിന്നമായിട്ട് വിളിച്ചിട്ടുണ്ട്. ഏറ്റവും അധികം പ്രാവശ്യം കുറിയോസ് പുത്രനെയാണ് സൂചിപ്പിക്കുന്നത്. പഴയനിയമത്തിലെ ‘യഹോവ’യെന്ന സംജ്ഞാനാമത്തെയാണ് ‘കുറിയൊസെ’ന്ന് പരിഭാഷ ചെയ്തതെന്നു നാം കണ്ടതാണ്. പഴയനിയമത്തിലെ പ്രധാന വ്യക്തി ‘യഹോവയെന്ന അതിപരിശുദ്ധ നാമമുള്ളവൻ’ ആണെങ്കിൽ, പുതിയനിയമത്തിൽ കുറിയോസ് എന്നു വിളിക്കപ്പെട്ടിരിക്കുന്ന യേശുക്രിസ്തുവാണ്. ഇത് യഹോവയുടേയും യേശുക്രിസ്തുവിൻ്റെയും അഭിന്നത്വത്തിന് ശക്തമായ തെളിവാണ്. ഈ വസ്തുത സുവിശേഷങ്ങളിൽ നിന്നു തെളിയിച്ചശേഷം വിഷയത്തിലേക്ക് കടക്കാം: നമ്മൾ സാധാരണ പറയുന്നത്; യോഹന്നാൻ്റെ സുവിശേഷമാണ് യേശുവിൻ്റെ ദൈവത്വം വെളിപ്പെടുത്തിയിരിക്കുന്നത് എന്നാണ്. എന്നാൽ, പുതിയനിയമത്തിലെ ഒന്നാം പുസ്തകത്തിലെ ഒന്നാം അദ്ധ്യായത്തിൽത്തന്നെ ജഡത്തിൽ വെളിപ്പെട്ടവൻ ആരാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്: കന്യകയായ മറിയയുടെ ഗർഭത്തിൽ സംശയാലുവായ യോസേഫ് അവളെ ഗൂഢമായി ഉപേക്ഷിക്കാൻ ഭാവിക്കുമ്പോൾ, അവളുടെ ഉദരത്തിൽ ഉരുവായിരിക്കുന്നത് ആരാകുന്നുവെന്ന് ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷനായി അവനോടു പറയുന്നുണ്ട്: “അവൾ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21). ജനിക്കുവാനുള്ള ശിശുവിനെക്കുറിച്ചാണ് പറയുന്നത്; ‘അവൻ തൻ്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിക്കും.’ ജനം യിസ്രായേലാണെങ്കിൽ, ഉടയവൻ യഹോവയാണ്. ‘യഹോവയുടെ ജനമായ യിസ്രായേൽ’ (2ശമൂ, 6:21; 2രാജാ, 9:6) എന്നു ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്. അപ്പോൾ, ജനിച്ചവൻ മറ്റാരുല്ല; യഹോവയാണ്. കൂടാതെ, സമവീക്ഷണ സുവിശേഷങ്ങളിലെല്ലാം തൻ്റെ ശുശ്രൂഷ ആരംഭിക്കുന്നതിനു മുമ്പുതന്നെ യേശുവെന്ന സംജ്ഞാനാമത്തിലും, പുത്രനെന്ന സ്ഥാനനാമത്തിലും ജഡത്തിൽ വെളിപ്പെട്ടവൻ ആരാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്: “കേട്ടോ ഒരുത്തൻ വിളിച്ചുപറയുന്നതു: മരുഭൂമിയിൽ യഹോവെക്കു വഴി ഒരുക്കുവിൻ; നിർജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന്നു ഒരു പെരുവഴി നിരപ്പാക്കുവിൻ:” (യെശ, 40:3. ഒ.നോ: മലാ, 3:1). എന്നിങ്ങനെ യെശയ്യാവും, മലാഖിയും പ്രവചിച്ച യഹോവ തന്നെയാണ് യേശുവെന്ന് മത്തായിയും (3:3), മർക്കൊസും (1:2,3), ലൂക്കൊസും (3:4,5) ഖണ്ഡിതമായിത്തന്നെ എഴുതിവെച്ചിട്ടുണ്ട്. എന്നാൽ, യോഹന്നാനാകട്ടെ; ഒന്നാം അദ്ധ്യായത്തിൻ്റെ ഒന്നാം വാക്യത്തിൽത്തന്നെ ജഡത്തിൽ വെളിപ്പെട്ടവൻ്റെ ദൈവത്വം അനാവരണം ചെയ്യുകയും, അവസാനംവരെ അതൂന്നിപ്പറയുകയും ചെയ്യുന്നു എന്നതാണ് പ്രത്യേകത. “ആദിയിൽ വചനം (പുത്രൻ/യേശു) ഉണ്ടായിരുന്നു; വചനം (പുത്രൻ/യേശു) ദൈവത്തോടു (പിതാവ്/യഹോവ) കൂടെ ആയിരുന്നു; വചനം (പുത്രൻ/യേശു) ദൈവം (പിതാവ്/യഹോവ) ആയിരുന്നു.” (യോഹ, 1:1. ഒ.നോ: 1:3,4; 1:18; 3:13; 3:15-18; 5:17-34; 6:35; 6:39,40; 6:54; 6:58; 8:12; 8:24; 8:28; 8:58 10:9; 10:11; 10:30; 11:25,26; 12:44; 14:6; 14:7; 14:9; 15:4; 16:9; 16:23,24; 20:29). പൗലൊസ് തിമൊഥെയൊസിനു എഴുതുമ്പോൾ ‘ജീവനുള്ള ദൈവമായ യഹോവ’യാണ് ജഡത്തിൽ വെളിപ്പെട്ടവനെന്ന് അർത്ഥശങ്കയ്ക്ക് ഇടയില്ലാതെ വ്യക്തമാക്കിയിട്ടുമുണ്ട്: (1തിമൊ, 3:15,16). 

നമുക്കു പുതിയനിയമത്തിൽ ദൈവവും കർത്താവും എന്നു പറഞ്ഞിരിക്കുന്നത് ഏതർത്ഥത്തിലാണെന്ന് നോക്കാം. പിതാവായ ദൈവമെന്നും കർത്താവായ യേശുക്രിസ്തുവെന്നും അനേകം വാക്യങ്ങളിൽ പറയുന്നുണ്ട്. ഉദാ: “നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.” (റോമ, 1:4. ഒ.നോ: റോമ, 15:5; 1കൊരി, 1:3; 2കൊരി, 1:2; ഗലാ, 1:3,4; എഫെ, 1:1; 6:23; ഫിലി, 1:2; 1തെസ്സ, 1:1; 2തസ്സ, 1:1; 1:2; 2:16; 1തിമൊ, 1:2; 2തിമൊ, 1:2; തീത്തൊ, 1:4; ഫിലെ, 1:3; 2യോഹ, 1:3) തുടങ്ങിയവ. ഇത് സൃഷ്ടിതാവായ ദൈവത്തെയും രക്ഷിതാവായ ക്രിസ്തുവിനെയും അഥവാ, യഹോവയുടെ ദൈവത്വവും മനുഷ്യത്വവും വേർതിരിച്ചു കാണിക്കുന്ന പ്രയോഗമാണ്. ദൈവത്തിൽ മൂന്നു വ്യക്തികളുണ്ടെന്നു പറയുന്നവരും, ക്രിസ്തു ദൈവമല്ല; അയക്കപ്പെട്ടവൻ മാത്രമാണ്, മദ്ധ്യസ്ഥനാണ്, മറുവിലയാണ് എന്നൊക്കെ പറയുന്നവരും നമുക്കു ചുറ്റുമുണ്ട്. ഇവർക്കു രണ്ടുകൂട്ടർക്കും മറുപടി ആവശ്യമുണ്ട്: വിശ്വാസത്താലുള്ള നീതീകരണത്തോടുള്ള ബന്ധത്തിൽ പലൊസ് ഗലാത്യർക്കെഴുതുമ്പോൾ (3:1-4:7), വാഗ്ദത്തവും ന്യായപ്രമാണവും തമ്മിലുള്ള അന്തരം വ്യക്തമാക്കുന്നുണ്ട്. അബ്രാഹാമിനോടുള്ള ദൈവത്തിൻ്റെ ഉടമ്പടി അനുഗ്രഹത്തിൻ്റെ നിരുപാധികമായ വാഗ്ദത്തമായിരുന്നു. മനുഷ്യൻ യഥാർത്ഥമായി അനുഗ്രഹിക്കപ്പെടണമെങ്കിൽ അത് ദൈവത്തിൻ്റെ കൃപയാൽ മാത്രമായിരിക്കണം. വാഗ്ദത്തസന്തതി ക്രിസ്തുവാണ്: (3:16). ക്രിസ്തുവിലാണ് സകല ജാതികളും നിരുപാധികം അനുഗ്രഹിക്കപ്പെടുന്നത്: (3:8). അങ്ങനെയെങ്കിൽ ന്യായപ്രമാണത്തിൻ്റെ ഉദ്ദേശമെന്താണ്? കാലസമ്പൂർണ്ണതയിൽ (5:4) വാഗ്ദത്തസന്തതി വരുവോളം ‘ന്യായപ്രമാണം’ ലംഘനം എന്ന നിലയിൽ പാപത്തെ അതിൻ്റെ ശരിയായ സ്വഭാവത്തിൽ വെളിപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതായിരുന്നു. ന്യായപ്രമാണം നല്കുന്നതിനുമുമ്പേ പാപം നിലനിന്നിരുന്നു. എന്നാൽ, ന്യായപ്രമാണം വരുന്നതുവരെ അതു നിയമലംഘനമാണെന്ന് വേർതിരിച്ചു മനസ്സിലാക്കിയിരുന്നില്ല. അറിയപ്പെടുന്ന നിയമത്തെ അതിക്രമിക്കുന്നതാണ് ലംഘനം: (3:19). “ന്യായപ്രമാണത്താൽ അല്ലാതെ ഞാൻ പാപത്തെ അറിഞ്ഞില്ല” (റോമ, 7:7) എന്ന പൗലൊസിൻ്റെ പ്രസ്താവനയും നോക്കുക. തുടർന്നു, 19-ാം വാക്യത്തിൽ: “എന്നാൽ ന്യായപ്രമാണം എന്തിന്നു? വാഗ്ദത്തം ലഭിച്ച സന്തതിവരുവോളം അതു ലംഘനങ്ങൾ നിമിത്തം കൂട്ടിച്ചേർത്തതും ദൂതന്മാർ മുഖാന്തരം മദ്ധ്യസ്ഥന്റെ കയ്യിൽ ഏല്പിച്ചതുമത്രേ.” രണ്ടു കക്ഷികൾ തമ്മിലുള്ള കരാറിലാണ് (ദൈവവും, യിസ്രായേലും) ഒരു മദ്ധ്യസ്ഥൻ അഥവാ, ഇടനിലക്കാരൻ ആവശ്യമായി വരുന്നത്. ന്യായപ്രമാണം എന്നത്; രണ്ടു ഉഭയകക്ഷികളെ ഉൾപ്പെടുത്തി അഥവാ, യഹോവയ്ക്കും യിസ്രായേലിനും മദ്ധ്യേ മോശെ മദ്ധ്യസ്ഥനായി സേവചെയ്തു. എന്നാൽ, ക്രിസ്തുവിലൂടെ നിവർത്തിയായിരിക്കുന്നത് മോശെയുടെ ന്യായപ്രമാണമല്ല; അബ്രാഹാമിനോടുള്ള വാഗ്ദത്തമാണ്. അതിനു, മദ്ധ്യസ്ഥൻ ഇല്ലെന്നു മാത്രമല്ല; ഉപാധികളില്ലാത്ത കൃപയാകയാൽ, മദ്ധ്യസ്ഥൻ്റെ ആവശ്യവുമില്ല: “ഒരുത്തൻ മാത്രം എങ്കിൽ മദ്ധ്യസ്ഥൻ വേണ്ടിവരികയില്ല; ദൈവമോ ഒരുത്തൻ മാത്രം:” (ഗലാ, 3:20). അബ്രാഹാമിനോടു ദൈവം വാഗ്ദത്തം ചെയ്യുമ്പോൾ ഏകകക്ഷി യഹോവ ഒരുത്തൻ മാത്രമാകയാൽ, അഥവാ, ദൈവത്തിൻ്റെ സ്വാപാധിക നിർണ്ണയമാകയാൽ മറ്റൊരു മദ്ധ്യസ്ഥൻ ഇല്ലായിരുന്നു. അർത്ഥാൽ, വാഗ്ദത്തം നിവർത്തിക്കുവാനും ഒരിടനിലക്കാരൻ്റെ ആവശ്യമില്ല. 26-ാം വാക്യം: “ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു:” (ഗലാ, 3:26). ദൈവം ഒരുത്തൻ മാത്രമാണ്, മദ്ധ്യസ്ഥനില്ലെങ്കിൽ, ക്രിസ്തുയേശുവിലെ വിശ്വാസത്താൽ എങ്ങനെ ദൈവമക്കളാകും??? അവൻ തന്നെ ഇവൻ; യഹോവയായ ദൈവംതന്നെ ജഡത്തിൽ വെളിപ്പെട്ടതാണ് മനുഷ്യനായ ക്രിസ്തുയേശു: “ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ:” (തിമൊ, 2:5). ഇവിടെ വ്യക്തമല്ലേ? ദൈവവും മദ്ധ്യസ്ഥനും ഒരു വ്യക്തിയാണെന്ന്. കൃപയാലുള്ള ദൈവത്തിൻ്റെ ദാനമാണ് (എഫെ, 2:8) അബ്രാഹാമിനോടുള്ള വാഗ്ദത്തമായ ക്രിസ്തുവിലൂടെയുള്ള രക്ഷ. അതിനു, ദൈവത്തിൽനിന്ന് വ്യതിരിക്തനായ ഒരു ദൈവമോ, മറ്റൊരു മദ്ധ്യസ്ഥനോ ആവശ്യമില്ല. രക്ഷ ആസൂത്രണം ചെയ്യുന്ന ദൈവവും, അതു നിവർത്തിക്കുന്ന കർത്താവും ക്രിസ്തുവുമായ മനുഷ്യനും ഒരുവനത്രേ. യേശുവിൻ്റെ പുനരുത്ഥാനത്തിൽ വിശ്വസിക്കാതിരുന്ന വിശ്വാസത്തിൽ അല്പം ബലഹീനനായ തോമാസ് പിന്നത്തേതിൽ പശ്ചാത്താപ വിവശനായി യേശുവിനെ വിളിച്ചത്: “എന്റെ കർത്താവും എന്റെ ദൈവവും ആയുള്ളോവേ (യോഹ, 20:28) എന്നാണ്. യോഹന്നാൻ ഇത് രേഖപ്പെടുത്തുമ്പോൾ സൃഷ്ടിതാവായ ദൈവവും രക്ഷിതാവായ ക്രിസ്തുവും ഒരുവൻ തന്നെയാണെന്ന് അർത്ഥശങ്കയ്ക്കിടയില്ലാതെ അടിവരയിടുകയാണ്.

ദൈവവും കർത്താവും യേശുക്രിസ്തൂ തന്നെയാണെന്നതിനു അനവധി തെളിവുകൾ പൂതിയനിയമത്തിൽ ഉണ്ട്; ‘ദൈവമായ കർത്താവു’ എന്ന പ്രയോഗം പുതിയനിയമത്തിൽ ഇരുപതു പ്രാവശ്യമുണ്ട്: (മത്താ, 47; 4:10; 22:37; മർക്കൊ, 12:29; 12:30; ലൂക്കൊ, 1:16; 1:68; 4:8; 4:12; 10:27; പ്രവൃ, 2:39; 3:22; വെളി, 1:8; 15:3; 16:7; 18:8; 19:6; 21:22; 22:5; 22:6). ഇതിൽ ചില വാക്യങ്ങൾ കാണിക്കാം: “എല്ലാറ്റിലും മുഖ്യകല്പനയോ: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു:” (മർക്കൊ, 12:29). ഇവിടെ, ദൈവവും കർത്താവുമായി ഏകനെയുള്ളുവെന്ന് യേശുക്രിസ്തുവിൻ്റെ വാക്കുകളാൽ മർക്കൊസ് സാക്ഷ്യപ്പെടുത്തുന്നു. യോഹന്നാൻ സ്നാപകനെക്കുറിച്ചുള്ള ദർശനം സെഖര്യാവിന് ദൂതൻ മുഖാന്തരം ഉണ്ടായപ്പോൾ, ദൂതൻ യോഹന്നാനെക്കുറിച്ചു പറയുന്നു: “അവൻ യിസ്രായേൽമക്കളിൽ പലരെയും അവരുടെ ദൈവമായ കർത്താവിങ്കലേക്കു തിരിച്ചുവരുത്തും:” (ലൂക്കോ, 1:16). ഇവിടെ ദൂതൻ പറയുന്ന ‘അവൻ’ ഏലീയാവിൻ്റെ ആത്മാവോടും ശക്തിയോടും കൂടെ വന്ന യോഹന്നാൻ സ്നാപകനാണ്. ഈ വാക്യത്തിലെ ‘അവരുടെ ദൈവമായ കർത്താവു’ ആരാണ്? യിസ്രായേലിൻ്റെ ദൈവം യഹോവയാണ്. (പുറ, 5:1). അപ്പോൾ, ജഡത്തിൽ വെളിപ്പെട്ടതാരാണ്? അതിൻ്റെ ഉത്തരം യോഹന്നാൻ ജനിച്ചുകഴിയുമ്പോൾ, പരിശുദ്ധാത്മാവു നിറഞ്ഞവനായി സെഖര്യാവ് പ്രവചിക്കുന്നുണ്ട്: “യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അവൻ തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും. (ലൂക്കോ, 1:68). യിസ്രായേലിന്റെ ദൈവമായ കർത്താവു അനുഗ്രഹിക്കപ്പെട്ടവൻ. അടുത്തഭാഗം: അവൻ ഒരാളെ അയച്ചു ജനത്തിനു ഉദ്ധാരണം നല്കുമെന്നാണോ? അല്ലെങ്കിൽ, അവൻ തൻ്റെ പുത്രനെ അയച്ച് ഉദ്ധാരണം നല്കുമെന്നോ? രണ്ടുമല്ലല്ലോ, പിന്നെന്താണ്??? “അവൻ തൻ്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും. ഒന്നുകൂടി പറഞ്ഞാൽ; യിസ്രായേലിന്റെ ദൈവമായ കർത്താവു തന്റെ ജനത്തെ സന്ദർശിച്ചു ഉദ്ധാരണം ചെയ്യും.” വന്നതാരാണ്? ജഡത്തിൽ വെളിപ്പെട്ടവനായി തൻ്റെ ജനത്തെ സന്ദർശിച്ചു അവരുടെ പാപങ്ങളെ ചുമന്നൊഴിച്ചവനാരാണോ? അവനാണ് യിസ്രായേലിൻ്റെ ദൈവവും കർത്താവും. സ്നാപകനെക്കുറിച്ചു സെഖര്യാവിൻ്റെ ഒരു പ്രവചനം കൂടിയുണ്ട്: “നീയോ പൈതലേ, അത്യുന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും: (ലൂക്കോ, 1:76). ‘അത്യുന്നതന്റെ പ്രവാചകൻ’ എന്നു വിളിക്കപ്പെടും. യോഹന്നാൻ ആരെക്കുറിച്ചാണ് പ്രവചിച്ചത്? തൻ്റെ പിന്നാലെവരുന്ന ബലവാനെക്കുറിച്ചാണ്? യോഹന്നാൻ്റെ പിന്നാലെ സ്വന്തംജനത്തെ സന്ദർശിക്കാൻ വന്നവനാരാണോ അവനാണ് അത്യുന്നതൻ. വെളിപ്പാടിലെ വാക്യങ്ങളും നോക്കുക: “ഞാൻ അല്ഫയും ഒമേഗയും ആകുന്നു എന്നു ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവ്വശക്തിയുള്ള ദൈവമായ കർത്താവു അരുളിച്ചെയ്യുന്നു:” (വെളി, 1:8). “അപ്പോൾ വലിയ പുരുഷാരത്തിന്റെ ഘോഷംപോലെയും പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും തകർത്ത ഇടിമുഴക്കംപോലെയും ഞാൻ കേട്ടതു; ഹല്ലെലൂയ്യാ! സർവ്വശക്തിയുള്ള നമ്മുടെ ദൈവമായ കർത്താവു രാജത്വം ഏറ്റിരിക്കുന്നു:” (വെളി, 19:6). “മന്ദിരം അതിൽ കണ്ടില്ല; സർവ്വശക്തിയുള്ള ദൈവമായ കർത്താവും കുഞ്ഞാടും അതിന്റെ മന്ദിരം ആകുന്നു:” (വെളി, 21:22). മേല്പറഞ്ഞ വാക്യങ്ങളിൽ യേശുവിനെ സ്പഷ്ടമായി ‘ദൈവമായ കർത്താവു’ എന്നു വിളിച്ചിരിക്കുന്നു. പുതിയ യെരൂശലേമിനെക്കുറിച്ചു പറയുമ്പോൾ; ‘സൂര്യനും ചന്ദ്രനും ആവശ്യമില്ല; കുഞ്ഞാടു അതിന്റെ വിളക്കു ആകുന്നു’ (വെളി, 21:23) എന്നു പറയുന്നു. 22:5-ൽ: “ദൈവമായ കർത്താവു അവരുടെ മേൽ പ്രകാശിക്കുന്നതുകൊണ്ടു വിളക്കിന്റെ വെളിച്ചമോ സൂര്യന്റെ വെളിച്ചമോ അവർക്കു ആവശ്യമില്ല” എന്നും പറയുന്നു. ലോകത്തിൻ്റെ പാപങ്ങൾ ചുമന്നോഴിച്ചുകളഞ്ഞ കുഞ്ഞാടു തന്നെയാണ് ‘ദൈവവും കർത്താവും’ എന്നു അസന്ദിഗ്ധമായി പ്രഖ്യാപിച്ചുകൊണ്ടാണ് പുതിയനിയമം അവസാനിക്കുന്നതും.

ദൈവവും കർത്താവും ഒരുവൻ തന്നെയാണെന്നുള്ളതിൻ്റെ അഥവാ, സൃഷ്ടിതാവായ ദൈവത്തെയും കർത്താവും രക്ഷിതാവുമായ മനുഷ്യനെയും വേർതിരിച്ചുകാണിക്കുന്ന സുദൃഢമായ തെളിവാണ് 1കൊരിന്ത്യർ 8:6-ൽ: “പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കർത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.” പിതാവായ ഏകദൈവമേ നമുക്കള്ളൂവെങ്കിൽ, ആ ദൈവത്തിൽനിന്ന് വ്യതിരിക്തനായ മറ്റൊരു ദൈവം ആകാശത്തിലോ ഭൂമിയിലോ ഉണ്ടാകുക സാദ്ധ്യമല്ല. എന്നാൽ, സകലത്തിൻ്റെയും മുഖാന്തരവും സകലത്തിനും കാരണഭൂതനുമായ ഒരു കർത്താവു നമുക്കുണ്ടുതാനും. നമ്മുടെ പാപങ്ങളെപ്രതി തന്നെത്താൻ ഏല്പിച്ചുകൊടുത്തിട്ടു മരിച്ചുയിർത്തെഴുന്നേറ്റ മനുഷ്യനായ യേശുക്രിസ്തു. പിതാവായ ഏകദൈവവും മനുഷ്യപുത്രനായ കർത്താവും. ഏകസത്യദൈവമായ യഹോവയുടെ ദൈവത്വവും മനുഷ്യത്വവുമാണ് ദൈവവും കർത്താവും എന്ന പ്രയോഗം. ചില പ്രയോഗങ്ങൾ നോക്കാം: “നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നും കർത്താവായ യേശുക്രിസ്തുവിങ്കൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ:” (റോമ, 1:4. ഒ.നോ: റോമ, 16:20; 1കൊരി, 1:3; 2കൊരി, 1:2; ഗലാ, 1:3,4; എഫെ, 1:1; 6:23; ഫിലി, 1:2; 1തിമൊ, 1:2; 2തെസ്സ, 1:2; 1:11; 2:16; 2തിമൊ, 1:2; ഫിലേ, 1:3; 2പത്രൊ, 1:2). “നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം നമുക്കു ദൈവത്തോടു സമാധാനം:” (റോമ, 5:1).  “ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ:” (റോമ, 6:23). “കർത്താവായ യേശുക്രിസ്തുമുഖാന്തരം ഞാൻ ദൈവത്തിന്നു സ്തോത്രം; (റോമ, 7:25). “കർത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹം:” (റോമ, 8:39). “കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും:” (1കൊരി, 6:11). “കർത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നല്കുന്ന ദൈവം:” (1കൊരി, 15:57). “ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലൻ:” (എഫെ, 1:1; കൊലൊ, 1:1). “യേശുക്രിസ്തു കർത്താവു എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറയും:” (ഫിലി, 2:11). “കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ദൈവവും പിതാവുമായവന്നു സ്തോത്രം:” (എഫെ, 5:20). “കർത്താവിൽ ധൈര്യം പൂണ്ടു ദൈവത്തിന്റെ വചനം പ്രസ്താവിച്ചു:” (ഫിലി, 1:14). “എല്ലാ നാവും ‘യേശുക്രിസ്തു കർത്താവു’ എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറയേണ്ടിവരും:” (ഫിലി, 2:11). “വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻ മുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം:” (കൊലൊ, 3:17). “പിതാവായ ദൈവത്തിലും കർത്താവായ യേശുക്രിസ്തുവിലും ഉള്ള സഭ:” (1തെസ്സ, 1:1; 2തെസ്സ, 1:1). “കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രത്യാശയുടെ സ്ഥിരതയും നമ്മുടെ ദൈവവും പിതാവുമായവന്റെ സന്നിധിയിൽ:” (1തെസ്സ, 1:3). “ദൈവവും പിതാവുമായവനും നമ്മുടെ കർത്താവായ യേശുവും:’ (1തെസ്സ, 3:11). “കർത്താവായ യേശു തന്റെ സകലവിശുദ്ധന്മാരുമായി വരുന്ന പ്രത്യക്ഷതയിൽ നമ്മുടെ ദൈവവും പിതാവുമായവന്റെ മുമ്പാകെ വിശുദ്ധീകരണത്തിൽ അനിന്ദ്യരായി വെളിപ്പെടുംവണ്ണം:” (1തെസ്സ, 3:13). “കർത്താവു താൻ ഗംഭീരനാദത്തോടും ദൈവത്തിന്റെ കാഹളത്തോടുംകൂടെ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവരും:” (1തെസ്സ, 4:16). സമാധാനത്തിന്റെ ദൈവം തന്നേ ….. യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ” (1തെസ്സ, 5:23). “കർത്താവിന്നു പ്രിയരായ സഹോദരന്മാരേ, ദൈവം നിങ്ങളെ ആദിമുതൽ ആത്മാവിന്റെ വിശുദ്ധീകരണത്തിലും സത്യത്തിന്റെ വിശ്വാസത്തിലും രക്ഷെക്കായി തിരഞ്ഞെടുത്തു:” (2തെസ്സ, 2:13). “ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും ദാസൻ:” (യാക്കോ, 1:1). “ദൈവത്തിന്റെ കൃപയെ ദുഷ്കാമവൃത്തിക്കു ഹേതുവാക്കി ഏകനാഥനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെ നിഷേധിക്കുന്ന അഭക്തർ:” (യൂദാ, 1:4). “കർത്താവായ യേശുക്രിസ്തുവിന്റെ കരുണെക്കായി കാത്തിരുന്നുംകൊണ്ടു ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നേ സൂക്ഷിച്ചുകൊൾവിൻ:” (യൂദാ, 1:21). “കർത്താവായ യേശുക്രിസ്തുമുഖാന്തരം നമ്മുടെ രക്ഷിതാവായ ഏകദൈവത്തിന്നു:” (യൂദാ, 1:24). ദൈവവും കർത്താവും ആത്മാവും എന്നു പറയുന്ന വേദഭാഗങ്ങളുമുണ്ട്: “കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും:” (2കൊരി, 13:14). “കർത്താവു താൻ പറഞ്ഞുതുടങ്ങിയതും ദൈവം അടയാളങ്ങളാലും അത്ഭുതങ്ങളാലും വിവിധവീര്യപ്രവൃത്തികളാലും തന്റെ ഇഷ്ടപ്രകാരം പരിശുദ്ധാത്മാവിനെ നല്കിക്കൊണ്ടും സാക്ഷി നിന്നതും:” (എബ്രാ, 2:3). “പിതാവായ ദൈവത്തിന്റെ മുന്നറിവിന്നു ഒത്തവണ്ണം ആത്മാവിന്റെ വിശുദ്ധീകരണം പ്രാപിച്ചു അനുസരണം കാണിപ്പാനും യേശുക്രിസ്തുവിന്റെ രക്തത്താൽ തളിക്കപ്പെടുവാനുമായി:” (1പത്രൊ, 1:2). ഇവിടെയൊക്കെയും ദൈവവും കർത്താവും ആത്മാവും ഒരുവൻ തന്നെയാണെന്നു മനസ്സിലാക്കാവുന്നതാണ്. 

ദൈവത്വവും മനുഷ്യത്വവും വേർതിരിച്ചു കാണിക്കുമ്പോൾത്തന്നെ, പിതാവും പുത്രനും ഏകദൈവവും ഏകവ്യക്തിയുമാണെന്നു സ്പഷ്ടമായി മനസ്സിലാക്കാവുന്ന വാക്യങ്ങളും അനവധിയുണ്ട്: “ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയിൽ ഇരിക്കുന്ന ഏകജാതനായ പുത്രൻ അവനെ വെളിപ്പെടുത്തിയിരിക്കുന്നു:” (യോഹ, 1:18). ഇവിടെ ‘മടിയിൽ’ എന്ന പരിഭാഷ തെറ്റാണ് bosam എന്ന പദത്തിനു നെഞ്ച്, മനസ്സ്, മാറിടം, വക്ഷസ്, ഹൃദയം ഏന്നൊക്കെയാണർത്ഥം. “എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന്നു പിതാവു ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന്നുകൊടുത്തിരിക്കുന്നു:” (യോഹ, 5:22). “പുത്രനെ ബഹുമാനിക്കാത്തവൻ അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല:” (യോഹ, 5:23). “നിങ്ങൾ എന്നെ ആകട്ടെ എന്റെ പിതാവിനെ ആകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു:” (യോഹ, 8:19). “എന്നിൽ വിശ്വസിക്കുന്നവൻ എന്നിലല്ല എന്നെ അയച്ചവനിൽ തന്നേ വിശ്വസിക്കുന്നു:” (യോഹ, 12:44). “ഇപ്പോൾ മനുഷ്യപുത്രൻ മഹത്വപ്പെട്ടിരിക്കുന്നു; ദൈവവും അവനിൽ മഹത്വപ്പെട്ടിരിക്കുന്നു;” (യോഹ, 13:31). “നിങ്ങൾ എന്നെ അറിഞ്ഞു എങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു; ഇന്നുമുതൽ നിങ്ങൾ അവനെ അറിയുന്നു; അവനെ കണ്ടുമിരിക്കുന്നു:” (യോഹ, 14:7). “എന്നെ പകെക്കുന്നവൻ എന്റെ പിതാവിനെയും പകെക്കുന്നു:” (യോഹ, 15:23). “ഇപ്പോഴോ അവർ എന്നെയും എന്റെ പിതാവിനെയും കാൺകയും പകെക്കുകയും ചെയ്തിരിക്കുന്നു:” (യോഹ, 15:24). “അവർ പിതാവിനെയും എന്നെയും അറിയായ്കകൊണ്ടു ഇങ്ങനെ ചെയ്യും:” (യോഹ, 16:3). “ഏകസത്യദൈവമായ നിന്നെയും (പിതാവ്) നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). “യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നേ എതിർക്രിസ്തു ആകുന്നു:” (1യോഹ, 2:22). “ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തന്നും ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്ക്കുന്നവന്നോ പിതാവും പുത്രനും ഉണ്ടു:” (2യോഹ, 1:9). 

വേദപുസ്തകത്തിൽ പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്നും, ദൈവം ക്രിസ്തു ആത്മാവെന്നും പറഞ്ഞിരിക്കുന്നതാണ് ത്രിത്വമായിട്ട് അഥവാ, സമനിത്യരായ മൂന്നു വ്യക്തികളായിട്ട് പണ്ഡിതന്മാർ മനസ്സിലാക്കുന്നത്. അനേകം വേദഭാഗങ്ങളിൽ പിതാവും പുത്രനും പരിശുദ്ധാത്മാവും ഒരുമിച്ചു പറയപ്പെട്ടിട്ടുണ്ട്: “പരിശുദ്ധാത്മാവു നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും:” (ലൂക്കോ, 1:35). “യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി അപ്പോൾ സ്വർഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെ മേൽ വരുന്നതു അവൻ കണ്ടു; ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു എന്നു സ്വർഗ്ഗത്തിൽ നിന്നു ഒരു ശബ്ദവും ഉണ്ടായി: (മത്താ, 3:1617; മർക്കൊ, 1:9-11; ലൂക്കൊ, 3:22,23; യോഹ, 1:32,33). “ഞാൻ (പുത്രൻ) പിതാവിനോടു ചോദിക്കും; അവൻ സത്യത്തിന്റെ ആത്മാവു എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടു കൂടെ ഇരിക്കേണ്ടതിന്നു നിങ്ങൾക്കു തരും:” (യോഹ, 14:16. ഒ.നോ: മത്താ, 28:19; യോഹ, 14:26; പ്രവൃ, 1:4; 2:33; 7:55; 10:38; 11:7; 20:28; റോമ, 8:8-10; 8:11; 14:17,18; 1കൊരി, 12:4-6; 2കൊരി, 1:12,22; 13:14; ഗലാ, 3:11-14; 4:6; എഫെ, 2:18; 3:14-17; 4:4-6; 2തെസ്സ, 2:13; തീത്തൊ, 3:6,7; എബ്രാ, 2:3,4; 6:4-6; 1പത്രൊ, 1:2; 1യോഹ, 5:7; യൂദാ, 1:20,21) തുടങ്ങിയവ. പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നത് ഏകസത്യദൈവമായ യഹോവയുടെ അല്ലെങ്കിൽ, യേശുക്രിസ്തുവിൻ്റെ മൂന്നു പദവികൾ അഥവാ, പ്രത്യക്ഷതകൾ മാത്രമാണ്. (യെഹെ, 1:28; 1തിമൊ, 3:16; പ്രവൃ, 2:3). അത് മത്തായി 28:19-ൽ മൂന്നു സ്ഥാനപ്പേരുകളും ചേർത്തു ‘നാമം’ എന്നു ഏകവചനത്തിൽ പറഞ്ഞിരിക്കുന്നതിനാൽ സ്ഫടികസ്ഫുടം വ്യക്തമാണ്: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു അരുളിച്ചെയ്തു.

പഴയനിയമത്തിൽ രക്ഷയ്ക്കായുള്ള ഏകനാമം യഹോവയാണ്: “എന്നാൽ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപെടും; യഹോവ അരുളിച്ചെയ്തതുപോലെ സിയോൻ പർവ്വതത്തിലും യെരൂശലേമിലും ഒരു രക്ഷിതഗണവും ശേഷിച്ചിരിക്കുന്നവരുടെ കൂട്ടത്തിൽ യഹോവ വിളിപ്പാനുള്ളവരും ഉണ്ടാകും: (യോവേ 2:32). എന്നാൽ പുതിയനിയമത്തിൽ ആ നാമം കർത്താവായ യേശുക്രിസ്തുവാണ്: “എന്നാൽ കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും എന്നു ദൈവം അരുളിച്ചെയ്യുന്നു.” (പ്രവൃ, 2:21. ഒ.നോ:4:12; 10:43; റോമ, 10:9, 13). പഴയനിയമത്തിൽ യിസ്രായേൽജനം വിളിച്ചപേക്ഷിച്ചിരുന്ന നാമവും യഹോവയുടേതാണ്: “നമ്മുടെ ദൈവമായ യഹോവയോടു നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെയും അവൻ നമുക്കു അടുത്തിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തിരിക്കുന്ന ശ്രേഷ്ഠജാതി ഏതുള്ളു? (ആവ, 4:7). “സ്തുത്യനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിക്കും; എന്റെ ശത്രുക്കളിൽനിന്നു താൻ എന്നെ രക്ഷിക്കും:” (2ശമൂ, 22:4). എന്നാൽ, പുതിയനിയമത്തിൽ ആദിമസഭയിലെ എബ്രായ ക്രിസ്ത്യാനികളും ജാതീയ ക്രിസ്ത്യാനികളും വിളിച്ചപേക്ഷിച്ച നാമം കർത്താവായ യേശുക്രിസ്തുവിൻ്റേതാണ്: “ഇവിടെയും നിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരെ ഒക്കെയും പിടിച്ചുകെട്ടുവാൻ അവന്നു മഹാപുരോഹിതന്മാരുടെ അധികാരപത്രം ഉണ്ടു എന്നു ഉത്തരം പറഞ്ഞു:” (പ്രവൃ, 9:14). “ക്രിസ്തുയേശുവിൽ വിശുദ്ധീകരിക്കപ്പെട്ടവരും അവിടെയും ഇവിടെയും എവിടെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന ഏവരോടുംകൂടെ വിളിക്കപ്പെട്ട വിശുദ്ധന്മാരുമായവർക്കു തന്നേ, എഴുതുന്നതു;” (1കൊരി, 1:2). യഹോവയും യേശുക്രിസ്തുവും അഥവാ, ദൈവും കർത്താവും ഒരാൾ തന്നെയാണെന്ന് മനസ്സിലാക്കാൻ വല്ല പ്രയാസവുമുണ്ടോ???

പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യത്യസ്ത വ്യക്തികളല്ല പ്രത്യുത, ഏകവ്യക്തിത്വത്തിനു ഉടമയാണെന്നതിനു ആന്തരികവും ബാഹ്യവുമായ ശക്തമായ ഓരോ തെളിവുകൂടി നല്കാം. ആന്തരികം: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും” (മത്താ, 28:19). പിതാവും പുത്രനും പരിശുദ്ധാത്മാവും വ്യതിരിക്തരായ വ്യക്തികളാണെങ്കിൽ ‘പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമം’ എന്ന വാക്യാംശം (phrase) വ്യാകരണ നിയമപ്രകാരം തെറ്റാണ്. ഉദാഹരണമായി: ‘പത്രൊസിൻ്റെയും പൗലൊസിൻ്റെയും യോഹന്നാൻ്റെയും നാമം’ എന്നു പറയാൻ കഴിയുമോ? ഇല്ല. കാരണം, അവർ വ്യത്യസ്തരായ മൂന്നു വ്യക്തികളാണ്. ആകയാൽ, ‘നാമം’ എന്ന ഏകവചനമല്ല; പ്രത്യുത, ‘നാമങ്ങൾ’ എന്ന ബഹുവചനമാണ് ശരി. മത്തായി 28:19-ൽ “പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമം” എന്നു പറഞ്ഞിരിക്കയാൽ, മൂന്നു പദവികളും ഏകവ്യക്തിയുമാണെന്നു തെളിയുന്നു. ആ വ്യക്തിയുടെ നാമം ‘കർത്താവായ യേശുക്രിസ്തു’ എന്നാണെന്ന് പ്രവൃത്തികളിൽ (2:38; 8:16; 10:48; 19:5) അപ്പൊസ്തലന്മാർ സ്നാനം കഴിപ്പിച്ചതിൽനിന്ന് സ്ഫടികസ്ഫുടമായി തെളിയുന്നു. ബൈബിൾ അബദ്ധരഹിതമാണെന്നു വിശ്വസിക്കുന്നവർക്ക് പിതാവും പുത്രനും പരിശുദ്ധാത്മാവും ഒരൊറ്റ വ്യക്തിയാണെന്ന് മനസ്സിലാക്കാൻ മേൽവിവരിച്ച ഒരു തെളിവു മാത്രം മതിയാകും. ബാഹ്യം: അസ്തിത്വദ്യോതകമാണ് പേര്. പേർകൂടാതെ ഒന്നും നിലനില്ക്കുന്നില്ല. അഥവാ, അസ്തിത്വമുള്ള ഏതിൻ്റെയെങ്കിലും കൂടെയല്ലാതെ (വസ്തു, വ്യക്തി) പേരിനു സ്വതന്ത്രമായി നിലനില്ക്കാൻ കഴിയില്ല. പുതിയനിയമത്തിലെ പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്നത് ഒരു പേരല്ല; സ്ഥാനപ്പേരാണ്. പേർ ഒരു വ്യക്തിയെ തിരിച്ചറിയാനുള്ള ഉപാധിയും, സ്ഥാനപ്പേർ ആ വ്യക്തി അലങ്കരിക്കുന്ന പദവി അഥവാ, സ്ഥാനത്തെ കുറിക്കുന്നതുമാണ്. പുതിയനിയമത്തിൽ പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നതിൽ, പുത്രനു മാത്രമേ ഒരു പേർ പറഞ്ഞിട്ടുള്ളൂ. ഇതു ബൈബിൾ വെളിപ്പെടുത്തുന്ന ഏകസത്യദൈവം ഏക വ്യക്തിത്വത്തിനു ഉടമയാണെന്നു അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയാണ്. ഭാഷാപരവും, യുക്തിസഹവും, ശാസ്തീയവുമായ ശക്തമായൊരു തെളിവുകൂടിയാണിത്.

പഴയനിയമത്തിൽ; അബ്രാഹാമിനു കനാനിൽവെച്ചും (ഉല്പ, 17:1-3), മമ്രേയുടെ തോപ്പിൽവെച്ചും പ്രത്യക്ഷനായ യഹോവയും (18:1,2), മോശെയും അഹരോനും നാദാബും അബീഹൂവും എഴുപതു മൂപ്പന്മാരും കണ്ട ദൈവവും (പുറ, 24:9-11), മാനോഹയുടെ കയ്യാൽ യാഗം സ്വീകരിച്ചിട്ട് യാഗാഗ്നിക്കൊപ്പം കയറിപ്പോയ യഹോവയും (ന്യായാ, 13:19-22), ഉസ്സീയാരാജാവു മരിച്ച ആണ്ടിൽ യെശയ്യാവ് കണ്ട, ഉയർന്നും പൊങ്ങിയുമുള്ള സിംഹാസനത്തിൽ ഇരിക്കുന്ന കർത്താവും (യെശ, 6:1,2), കെബാർ നദീതീരത്തുവെച്ച് യെഹെസ്ക്കേൽ കണ്ട യഹോവയും (1:26-28), ഊലായി തീരത്തുവെച്ചു ദാനീയേൽ കണ്ട മനുഷ്യസദൃശനും (8:16-18), ദമസ്കൊസിനു സമീപത്തുവെച്ചു സൂര്യനെ വെല്ലുന്ന പ്രകാശത്തോടെ പൗലൊസിനോടു സംസാരിച്ചവനും (പ്രവൃ, 9:3-5; 26:13), പത്മോസിൽവെച്ചു യോഹന്നാനു വെളിപ്പെട്ടവനും (വെളി, 1:12-17) ഒരുവൻ തന്നെയാണ്. ഇവിടെയൊക്കെയും മഹാദൈവത്തെ ദർശിച്ചവർ സ്രാഷ്ടാംഗം വീഴുകയോ, മരിച്ചവരെപ്പോലെ ആകുകയോ ചെയ്തിട്ടുണ്ട്. ജഡത്തിൽ വെളിപ്പെട്ട മനുഷ്യപുത്രനെ (1തിമൊ, 3:16) തിരിച്ചറിഞ്ഞവരും അവനെ കുമ്പിട്ടാരാധിച്ചതായി കാണാം: (മത്താ, 2:2; 2:8; 2:11; 8:2; 9:18; 14:33; 15:25; 18:26; 20:20; 28:9; 28:17; മർക്കൊ, 5:6; ലൂക്കൊ, 24:52; യോഹ, 9:38; എബ്രാ, 1:6). ഈ യാഥാർത്ഥ്യം ബൈബിളിൽനിന്ന് മനസ്സിലാക്കി ഹൃദയപൂർവ്വം അംഗീകരിക്കുമ്പോഴാണ് നാമോരോരുത്തരും ഉത്തമ വിശ്വാസികളായി മാറുന്നത്. 

പൗലൊസ് കൊരിന്ത്യരോടു പറയുന്ന ഒരു വസ്തുതയുണ്ട്: “ദൈവം ലോകസൃഷ്ടിക്കു മുമ്പെ നമ്മുടെ തേജസ്സിന്നായി മുന്നിയമിച്ചതും മറഞ്ഞിരുന്നതുമായ ദൈവത്തിന്റെ ജ്ഞാനമത്രേ മർമ്മമായി ഞങ്ങൾ പ്രസ്താവിക്കുന്നു. അതു ഈ ലോകത്തിന്റെ പ്രഭുക്കന്മാർ ആരും അറിഞ്ഞില്ല; അറിഞ്ഞിരുന്നു എങ്കിൽ അവർ തേജസ്സിന്റെ കർത്താവിനെ ക്രൂശിക്കയില്ലായിരുന്നു:” (1കൊരി, 2:7,8). ലോകത്തിൻ്റെ രക്ഷയെക്കരുതി ക്രിസ്തു യഥാർത്ഥത്തിൽ ആരാണെന്നുള്ളത് യെഹൂദന്മാർക്ക് മറയ്ക്കപ്പെട്ടിരുന്നു. അറിഞ്ഞിരുന്നുവെങ്കിൽ അവർ അവനെ ക്രൂശിക്കയില്ലായിരുന്നു. അവരുടെ കണ്ണു കുരുടാക്കിയിരുന്നു: (യോഹ, 12:40). രണ്ടായിരം വർഷങ്ങക്കിപ്പുറവും ദൈവമക്കളായ നമ്മിൽ പലരുടേയും കണ്ണുകൾക്ക് ഹ്രസ്വദൃഷ്ടിയും, തിമിരവും, കൂരിരുട്ടും ബാധിച്ചിരിക്കയാണ്. വിവിദോപദേശങ്ങൾ മുറുകെപ്പിടിക്കുന്ന നൂറുകണക്കിനു ക്രൈസ്തവ വിഭാഗങ്ങൾ ഇന്നു ലോകത്തുണ്ട്. യേശു ദൈവമാണെന്നും അല്ലെന്നും വിശ്വസിക്കുന്നവർ ഇക്കൂട്ടത്തിലുണ്ട്. ഇവർക്കെല്ലാവർക്കും പൊതുവായിട്ടുള്ള സാമ്യമെന്താണെന്നു ചോദിച്ചാൽ; യേശുവാണ് ഏകരക്ഷകൻ അഥവാ, രക്ഷയ്ക്കായുള്ള ഏകനാമം ‘കർത്താവായ യേശുക്രിസ്തു’ ആണെന്ന് ഏകദേശം എല്ലാവരുംതന്നെ വിശ്വസിക്കുന്നുണ്ട് എന്നുള്ളതാണ്. എന്നാൽ, ‘യേശു ഏകരക്ഷകൻ’ എന്നുള്ളത് ഒരു സാമാന്യ അറിവ് മാത്രമാണ്. എബ്രായലേഖകൻ്റെ ഭാഷയിൽ പറഞ്ഞാൽ, ക്രിസ്തുവിനെക്കുറിച്ചുള്ള ആദ്യവചനം മാത്രമാണത്. ക്രിസ്തുവിൽ പരിജ്ഞാനപൂർത്തി പ്രാപിച്ചവർക്ക് സവിശേഷമായ ഒരു തിരിച്ചറിവുകൂടിയുണ്ട്; “ഏകരക്ഷകൻ മാത്രമല്ല, ഏകസത്യദൈവവും കർത്താവായ യേശുക്രിസ്തുവാണ്. അഥവാ, പഴയനിയമത്തിൽ വെളിപ്പെട്ട യഹോവ എന്ന അതിപരിശുദ്ധ നാമമുള്ളവൻ തന്നെയാണ് പുതിയനിയമത്തിൽ യേശു എന്ന പേരിലും പുത്രൻ എന്ന സ്ഥാനപ്പേരിലും വെളിപ്പെട്ടവൻ.” ഈ തിരിച്ചറിവ് എല്ലാവർക്കുമുണ്ടാകാൻ ദൈവമായ കർത്താവ് സഹായിക്കട്ടെ!

“മോശെയുടെ പുസ്തകം വായിക്കുമ്പോൾ മൂടുപടം ഇന്നേയോളം അവരുടെ ഹൃദയത്തിന്മേൽ കിടക്കുന്നു. കർത്താവിങ്കലേക്കു തിരിയുമ്പോൾ മൂടുപടം നീങ്ങിപ്പോകും:” (2കൊരി, 3:15-16).

Leave a Reply

Your email address will not be published. Required fields are marked *