ക്രിസ്ത്യാനി

ക്രിസ്ത്യാനി (Christian)

ക്രിസ്റ്റ്യനൊസ് (Christianos) എന്ന ഗ്രീക്കുപദം മൂന്നിടത്തുണ്ട്: (പ്രവൃ, 11:26; 26:28; 1പത്രൊ, 4:16). ക്രിസ്തുവിൽ വിശ്വസിക്കുകയും ക്രിസ്തുവിനെ അനുഗമിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ക്രിസ്ത്യാനി. ക്രിസ്തുവിന്റെ അനുയായികളെ ക്രിസ്ത്യാനികളെന്നു ആദ്യം വിളിച്ചത് അന്ത്യാക്ക്യയിൽ ഉള്ളവരാണ്: (പ്രവൃ, 11:26). മറ്റു രണ്ടിടങ്ങളിൽ കൂടി ഈ പേരുണ്ട്. ഇരുപതുവർഷത്തിനു ശേഷം അവിശ്വാസിയായ അഗ്രിപ്പാരാജാവ് പൗലൊസിനോട്, “ഞാൻ ക്രിസ്ത്യാനിയായിത്തീരുവാൻ നീ എന്നെ അല്പംകൊണ്ടു സമ്മതിപ്പിക്കുന്നു എന്നു പറഞ്ഞു:” (പ്രവൃ, 26:28). മൂന്നാമതായി കഷ്ടതയോടുള്ള ബന്ധത്തിൽ പത്രൊസ് ഈ പേര് ഉപയോഗിച്ചു: “ക്രിസ്ത്യാനിയായിട്ടു കഷ്ടം സഹിക്കേണ്ടിവന്നാലോ ലജ്ജിക്കരുത്:” (1പത്രൊ, 4:16).

ക്രിസ്ത്യാനി എന്നപേര് ഉണ്ടായത് ശ്രദ്ധേയമായ സംഗതി എന്ന മട്ടിലാണ് ലൂക്കോസ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്തെഫാനോസിന്റെ വധത്തെ തുടർന്ന് സഭ വളർന്നപ്പോൾ അന്ത്യൊക്ക്യയിൽ ആയിരുന്നു പലസ്തീനു പുറത്തെ ഏറ്റവും ശക്തമായ വിശ്വാസിസമൂഹം നിലവിൽ വന്നത്. കുപ്രൊസിൽ നിന്നും കുറേനയിൽ നിന്നും ഉള്ള ആളുകളാണ് അവിടെ ഗ്രീക്കുകാർ ഉൾപ്പെടെ ഉള്ളവരോട് സുവിശേഷം പ്രസംഗിച്ചത്. അന്ത്യൊക്ക്യയിലുള്ളവർ സുവിശേഷം കൈക്കൊണ്ടു എന്നറിഞ്ഞപ്പോൾ യെരൂശലേമിലെ മാതൃസഭ ബർണബാസിനെ അങ്ങോട്ടയച്ചു. ബർന്നബാസും ശൗലും ഒരു വർഷം അവിടെ സുവിശേഷം പ്രസംഗിച്ചു. ഹെരോദാവിന്റെ പീഡനത്തിന് മുൻപായിരുന്നു അത്. അഗബൊസിൻ്റെ പ്രവചനവും അക്കാലത്തായിരുന്നു. അത് ക്ലൗദ്യൊസിൻ്റെ കാലത്ത് (40-44) സംഭവിച്ചുവെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. (11:28). അങ്ങനെങ്കിൽ 40-41 കാലത്തായിരിക്കണം ക്രിസ്ത്യാനികൾ എന്ന പേര് വീണത്.

നേതാവിന്റെ പേരിനോട് ianos എന്ന് ചേർത്ത് അനുയായികളെ വിശേഷിപ്പിക്കുന്നത് ഒരു റോമൻരീതി ആയിരുന്നു: ‘കൈസറിയാനി, പോംപിയാനി’ തുടങ്ങിയവ സാമ്രാജ്യത്തിലെങ്ങും പ്രസിദ്ധമായിരുന്നു. അതുകൊണ്ട് ക്രിസ്ത്യാനി എന്ന സംജ്ഞയിൽ അത്ഭുതം ഉളവാക്കേണ്ടതില്ല. എന്നാൽ ആരാണ് ഈപേർ വിളിച്ചത്? ദൈവമക്കളല്ല. “സഹോദരന്മാർ, ശിഷ്യന്മാർ, വിശ്വാസികൾ, വിശുദ്ധന്മാർ” ഇങ്ങനെയൊക്കെ ആയിരുന്നല്ലോ അവർ സ്വയം വിശേഷിപ്പിച്ചിരുന്നത്. പിന്നെ യഹൂദന്മാരാണോ? ‘നസറായമതം’ (24:5), ‘മതഭേദം’ (24:14) എന്നൊക്കെയാണ് അവർ വിളിക്കുന്നത്. ക്രിസ്തുവിനെ ഒരു വിധത്തിലും അംഗീകരിക്കാത്ത യെഹൂദന്മാർ ക്രിസ്തുവിന്റെ അനുയായികളെ ഒരിക്കലും ക്രിസ്ത്യാനികളെന്ന് വിളിക്കുകയില്ല. ഇനിയുള്ളത് അന്ത്യൊക്ക്യയിലെ വിജാതിയരാണ്. കളളൻ, കൊലപാതകൻ, മോഷ്ടാവ് എന്നിവയുടെ സ്ഥാനത്താണ് ക്രിസ്ത്യാനി എന്ന പദവും ശത്രുക്കൾ ഉപയോഗിച്ചതെന്നാണ് പത്രൊസിൻ്റെ ലേഖനത്തിലെ സൂചന. (1പത്രൊ, 4:16). ‘ഞാൻ ക്രിസ്ത്യാനിയായിത്തിരുവാൻ നീ എന്നെ അല്പംകൊണ്ടു സമ്മതിപ്പിക്കുന്നു” (26:28) എന്ന അഗ്രിപ്പായുടെ തികഞ്ഞ പുച്ഛത്തിനു മറുപടി പറയുമ്പോൾ, ക്രിസ്ത്യാനിയെന്ന സംജ്ഞ ഒഴിവാക്കിക്കൊണ്ട്, ‘എന്നെപ്പോലെ ആകേണം’ (26:29) എന്നാണ് പൗലൊസ് പറയുന്നത്. ഒരു ക്രിസ്റ്റോസിനെക്കുറിച്ച് പ്രസംഗിച്ചു നടക്കുകയും ആ പേരിൽ സ്നാനപ്പെടുത്തുകയും ചെയ്തിരുന്നവരെ പുച്ഛത്തോടെ ജാതികൾ വിളിച്ച പേരാണ് ക്രിസ്ത്യാനികൾ.

അന്ത്യോഖക്ക്യ വലിയ നഗരം ആയിരുന്നു. ദാർശനികലോകത്തിലെ മുഖ്യസരണികളൊന്നും അന്യമല്ലാതിരുന്ന ആ മഹാനഗരത്തിൽ ഇങ്ങനെ ഒരു നവീനോപദേശം ആദ്യം വലിയ കോളിളക്കം ഒന്നും സൃഷ്ടിച്ചിരിക്കാനിടയില്ല. ലുക്കൊസ് എഴുതുന്ന കാലം ആയപ്പോഴേക്കും പേര് പ്രശസ്തമായിരുന്നു. എന്നാൽ അത് വർഷങ്ങൾക്കു ശേഷം ആയിരുന്നു എന്ന് ഓർക്കണം. എങ്കിലും പരന്നത് വേഗം തന്നെ. ക്രിസ്ത്യാനി എന്ന പ്രയോഗം രണ്ട് പതിറ്റാണ്ടുകൾക്കകം പ്രത്യേക മുഖവുര കൂടാതെ റോമൻ വൃത്താന്തങ്ങളിൽ പ്രയോഗക്ഷമമായി: (പ്രവൃ, 26:28). എ.ഡി. 64-ൽ റോമിൽ എത്തിയിരുന്നു എന്ന് ടാസിറ്റസിന്റെ പരാമർശം തെളിയിക്കുന്നു. 64-67 കാലത്താണ് പത്രൊസിന്റെ പ്രയോഗം: (1പത്രൊ, 5:16). 112-113 കാലത്ത് ചെറിയ പ്ളിനിയുമായി ട്രാജൻ നടത്തിയ കത്തിടപാടിലും, ഏതാണ്ട് അതേ കാലത്ത് ഇഗ്നാത്തിയോസിന്റെ ലേഖനങ്ങളിലും ഇത് കാണുന്നു. രണ്ടാം നൂറ്റാണ്ടുമുതൽ വിശ്വാസികൾ ഈ പേരു സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *