ക്രിസ്തുയേശു ആരാണ്?

യേശു ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയാണെന്ന് യഹോവസാക്ഷികൾ വിശ്വസിക്കുന്നു. സർവ്വലോകങ്ങൾക്കുമുമ്പെ പിതാവിൽനിന്ന് ജനിച്ചതാണെന്ന് ട്രിനിറ്റി വിശ്വസിക്കുന്നു. എ.ഡി. 4-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അലക്സാഡ്രിയക്കാരനായ അറിയൂസിൻ്റെ ഉപദേശമാണ് യഹോവസാക്ഷികൾ വിശ്വസിക്കുന്നത്. എന്നാൽ, അറിയൂസിൻ്റെ ഉപദേശത്തെ ഖണ്ഡിക്കാനെന്ന പേരിൽ എ.ഡി 325-ൽ കോൺസ്റ്റൻ്റയിൻ ചക്രവർത്തിയുടെ നേതൃത്വത്തിൽ നിഖ്യായിൽ കൂടിയ സുനഹദോസ് അതേ ഉപദേശത്തെ വെള്ളപൂശി എടുത്തതാണ് ത്രിത്വവിശ്വാസം. അറിയൂസ് സൃഷ്ടിച്ച പുത്രനെ, സുനഹദോസ് ജനിപ്പിച്ചെടുത്തു. സൃഷ്ടിച്ചു എന്ന് പറഞ്ഞാലും ജനിപ്പിച്ചു എന്ന് പറഞ്ഞാലും, ബൈബിൾ പ്രകാരവും ലോകപ്രകാരവും ഏകദേശം ഒരർത്ഥമാണ് ഉള്ളത്. സൃഷ്ടിക്കപ്പെടും മുമ്പ് സൃഷ്ടിയും ജനിപ്പിക്കപ്പെടും മുമ്പ് ജനിച്ചവനും ഉണ്ടാകില്ല. (ഉല്പ, 5:1-3). അതായത്, രണ്ടുകൂട്ടരുടെയും ഉപദേശം ഉണ്ടായത് ബൈബിളിൽ നിന്നല്ല; അറിയൂസിൽ നിന്നാണ്. എങ്കിലും, യഹോവസാക്ഷികളെ സംബന്ധിച്ച്, യേശു ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയായ ഒരു ദൂതനാണ്. ട്രിറ്റിയെ സംബന്ധിച്ച്, യേശു സർവ്വലോകങ്ങൾക്കുമുമ്പെ സത്യദൈവത്തിൽ നിന്ന് ജനിച്ച സത്യദൈവമാണ്. തന്മൂലം, അവർക്ക് സത്യദൈവമായ പുത്രദൈവത്തിൻ്റെ അവതാരമാണ് ക്രിസ്തുയേശു. “അവൻ സമ്പൂർണ്ണദൈവം ആയിരിക്കുന്നതിനൊപ്പം സമ്പൂർണ്ണമനുഷ്യനും ആണെന്നു” ട്രിനിറ്റിയുടെ ദൈവശാസ്ത്രം പറയുന്നു. [വ്യവസ്ഥിത ദൈവശാസ്ത്രം, ജഡധാരണം, പേജ് 229]. എന്നാൽ, വൺനെസ്സുകാരുടെ ഉപദേശം ഇവരിൽനിന്ന് തികച്ചും വിഭിന്നമാണ്. അവരിൽ പലർക്കും പല ഉപദേശങ്ങളാണ്. ദൈവപുത്രനായ യേശുവിൻ്റെ അസ്തിത്വത്തിലും ക്രിസ്തുത്വത്തിലും ചരിത്രപരതയിലും വിശ്വസിക്കാത്തവരാണ്, വൺനെസ്സുകാരിൽ അധികവും. അവരെ സംബന്ധിച്ച് പൂർണ്ണദൈവമാണ് മനുഷ്യസാദൃശ്യത്തിൽ അഥവാ, മനുഷ്യവേഷത്തിൽ വന്നതെന്നാണ് അവർ വിശ്വസിക്കുന്നത്. ചിലർ, അവൻ പൂർണ്ണ ദൈവവും പൂർണ്ണ മനുഷ്യനുമാണെന്ന് വിശ്വസിക്കുന്നു. എന്നാൽ, മേല്പറഞ്ഞ ഉപദേശങ്ങളൊന്നും ബൈബിളിൽ കണ്ടെത്താൻ കഴിയില്ല. തന്മൂലം, ദൈവത്തിൻ്റെ വചനം എന്ത് പറയുന്നുവെന്നാണ് നാം പരിശോധിക്കുന്നത്:

1. ക്രിസ്തുയേശു ആരാണെന്ന് ചോദിച്ചാൽ, അവൻ ജീവനുള്ള ദൈവത്തിൻ്റെ ജഡത്തിലുള്ള വെളിപ്പാടാണ്. അതാണ് ദൈവഭക്തിയുടെ മർമ്മമെന്ന് പൗലൊസ് വ്യക്തമാക്കിയിട്ടുണ്ട്. (1തിമൊ, 3:14-16. ഒ.നോ: യിരെ, 10:10; മത്താ, 1:21; ലൂക്കൊ, 1:68; എബ്രാ, 2:14-16). അവൻ്റെ സ്വരൂപം അഥവാ, പ്രകൃതി എന്താണെന്ന് ചോദിച്ചാൽ, അവൻ മനുഷ്യനാണ്; പാപരഹിതനായ മനുഷ്യൻ. ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും മറുവിലയുമായത് മനുഷ്യനായ ക്രിസ്തുയേശു ആണെന്ന് പൗലൊസ് വ്യക്തമാക്കുന്നു: “ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ  കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1 തിമൊ, 2:5-6). ഈ വസ്തുത യേശുതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്: “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40). “നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു?” എന്ന് ലോകത്തോട് ഉറക്കെ ചോദിക്കുവാൻ തക്കവണ്ണം ധാർമ്മികമായും കാർമ്മികമായും വിശുദ്ധിയുള്ള മറ്റൊരു മനുഷ്യൻ ലോകത്തിൽ ഉണ്ടായിട്ടില്ല, ഉണ്ടാകുകയുമില്ല. (യോഹ, 8:46. ഒ.നോ: 2കൊരി, 5:21). അതുകൊണ്ടാണ്, അവനെ ദൈവത്തിൻ്റെ പരിശുദ്ധൻ എന്ന് അപ്പൊസ്തലന്മാർ വിശേഷിപ്പിച്ചത്. (യോഹ, 6:69). അതായത്, മനുഷ്യരുടെ പാപപരിഹാരാർത്ഥം യഹോവയായ ഏകദൈവം എടുത്ത ഒരു മനുഷ്യപ്രത്യക്ഷതയാണ്, യേശുവെന്ന ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23;46) പൂർണ്ണ മനുഷ്യൻ. (യോഹ, 8:40,46). ദൈവപുത്രൻ, മനുഷ്യപുത്രൻ, അബ്രാഹാമിൻ്റെ പുത്രൻ, ദാവീദുപുത്രൻ, ക്രിസ്തു തുടങ്ങിയവയെല്ലാം, അവൻ്റെ അഭിധാനങ്ങൾ അഥവാ, സ്ഥാനപ്പേരുകളാണ്. യേശുവെന്ന പാപമറിയാത്ത മനുഷ്യൻ ജനിച്ചത് ബി,സി 6-ൽ ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:5-7). എന്നാൽ, യെശയ്യാവിൻ്റെയും ദൈവദൂതൻ്റെയും പ്രവചനം പോലെ, യേശു എന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത് എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1-2; ലുക്കൊ, 1:32,35; 2:11; 3:22; 4:16-21; പ്രവൃ, 4:27; 10:38). അതായത്, ദൈവം മനുഷ്യരുടെ നിത്യരക്ഷയ്ക്കായി യേശു എന്ന നാമത്തിൽ ഒരു മനുഷ്യപ്രത്യക്ഷത എടുക്കുന്നത് ബി.സി. 6-ൽ അഥവാ, എബ്രായ വർഷം 3755-ൽ  മാത്രമാണ്. അതിനുമുമ്പും ദൈവം മനുഷ്യപ്രത്യക്ഷത എടുത്തിട്ടുണ്ടെങ്കിലും, അത് മനുഷ്യരുടെ രക്ഷയ്ക്കുവേണ്ടി ആയിരുന്നില്ല; യേശുവെന്ന നാമത്തിലും ആയിരുന്നില്ല. (ഉല്പ, 18:1-3). അതിനാൽ, ബി.സി. ആറിന് മുമ്പ് അഥവാ, പഴയനിയമത്തിൽ അവനെക്കുറിച്ചുള്ള പ്രവചനങ്ങൾ അല്ലാതെ, യേശുവെന്ന വ്യക്തിയെ കാണാൻ കഴിയില്ല. അപ്പോൾ, അവൻ ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയാണെന്ന് യഹോവസാക്ഷികളും, സർവ്വലോകങ്ങൾക്കുമുമ്പെ പിതാവിൽനിന്ന് ജനിച്ചവനാണെന്ന് ട്രിനിറ്റിയും പറഞ്ഞാൽ ശരിയാകുമോ? ചരിത്രകാരനായ ലൂക്കൊസ് ഉൾപ്പെടെ, നാല് സുവിശേഷകന്മാർ ക്രിസ്തുയേശുവിൻ്റെ ജീവചരിത്രം എഴുതിവെച്ചിരിക്കെ, ഭൂമിയിൽ ജനിച്ചുജീവിച്ച് മരിച്ചുയിർത്ത് ആർക്കും ഭേദിക്കാനാവാത്ത ചരിത്രം ചമച്ച് സ്വർഗ്ഗേകരേറി അപ്രത്യക്ഷമായ അവന് അസ്തിത്വമില്ല, അവൻ ചരിത്രപുരുഷനല്ല എന്നൊക്കെ വൺനെസുകാർ പറഞ്ഞാൽ ശരിയാകുമോ? തന്മൂലം, ഇക്കൂട്ടരുടെ ഉപദേശങ്ങളൊന്നും ബൈബിളുമായി ബന്ധമുള്ളതല്ലെന്ന് മനസ്സിലാക്കാം. ക്രിസ്തുയേശുവിനെക്കുറിച്ച്, ദൈവാത്മാവിനാൽ വിരചിതമായ ബൈബിൾ നമ്മോട് എന്ത് പറയുന്നുവെന്നാണ് നാം വിശദമായി പരിശോധിക്കുന്നത്:

2. “അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വംശാവലി” എന്ന പുതിയനിയമത്തിലെ പ്രഥമ വാക്യംതന്നെ, മേല്പറഞ്ഞ എല്ലാ ദുരുപദേശങ്ങളെയും ഖണ്ഡിക്കുന്നതാണ്. (മത്താ, 1:1). അബ്രഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനായി അവരുടെ വംശാവലിയിൽ, വംശാവലിയോ, ജനനമോ, മരണമോ ഇല്ലാത്ത ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ, ദൂതനോ, മനുഷ്യവേഷമൊ ജനിച്ചുവെന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും? അബ്രാഹാമെന്ന മനുഷ്യൻ്റെയും ദാവീദെന്ന മനുഷ്യൻ്റെയും സന്തതിയായി അവരുടെ വംശാവലിയിൽ ഒരു മനുഷ്യൻ ജനിച്ച കാര്യമാണ് പ്രഥമവാക്യത്തിൽ ദൈവാത്മാവ് എഴുതിവെച്ചിരിക്കുന്നത്.

3. “അവളിൽ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു.” (മത്താ, 1:20; 2:21). അവൻ്റെ ജനനം സ്വാഭാവികമായിരുന്നില്ല; പരിശുദ്ധാത്മാവ് കന്യകയിൽ അവനെ ഉല്പാദിപ്പിച്ചതാണ്. ഉല്പാദിതമാകുക എന്നാൽ; ഉരുവാകുക അഥവാ, രൂപപ്പെടുക എന്നാണ്. അതായത്, ട്രിനിറ്റിയുടെ പുത്രദൈവമോ, യഹോവസാക്ഷികളുടെ ദൂതനോ അവതാരം എടുത്തതല്ല; പരിശുദ്ധാത്മാവിനാൽ ഒരു പുതിയ മനുഷ്യശിശു കന്യകയിൽ രൂപപ്പെട്ടതാണ്. യേശുവിനു ദേഹവും ദേഹിയും ആത്മാവുണ്ടെന്ന് ബൈബിൾ ഖണ്ഡിതമായി പറഞ്ഞിരിക്കെ, ദൈവത്തിൻ്റെ മനുഷ്യവേഷത്തെയാണ് പരിശുദ്ധാത്മാവ് ഉല്പാദിപ്പിച്ചതെന്ന വൺനെസ്സ് ഉപദേശവും ന്യായീകരിക്കപ്പെടുന്നതല്ല. തന്മൂലം, അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനോ, ദൂതനോ, മനുഷ്യവേഷം മാത്രമുള്ളവനോ ആയിരുന്നില്ല; പൂർണ്ണമനുഷ്യൻ ആയിരുന്നു എന്ന് മനസ്സിലാക്കാം.

4. “മറിയ ആദ്യജാതനായ മകനെ പ്രസവിച്ചു.” (ലൂക്കൊ, 2:7). കന്യക പ്രസവിച്ചത് ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൂതനെയോ, മനുഷ്യവേഷത്തെയോ, ദൈവപുത്രനെയോ, ക്രിസ്തുവിനെയോ അല്ല. അബ്രാഹാമിൻ്റെയും ദാവീദിൻ്റെയും പുത്രനും വിശേഷാൽ, അവളുടെ ആദ്യജാതനുമായ ഒരു വിശുദ്ധ പ്രജയെ അഥവാ, പാപരഹിതനായ ഒരു മനുഷ്യക്കുഞ്ഞിനെയാണ് പ്രസവിച്ചത്. (മത്താ, 1:1,25; ലൂക്കൊ, 1:35; 2:7; 2കൊരി, 5:21). ആദ്യജാതനെന്ന പ്രയോഗം അവൾക്ക് അനന്തരജാതർ ഉണ്ടെന്ന് സൂചിപ്പിക്കുന്നതാണ്. യേശുവിനെക്കൂടാതെ, മറിയ്ക്ക് യോസേഫിൽ വേറെ മക്കൾ ഉള്ളതായി പറഞ്ഞിട്ടുമുണ്ട്. (മത്താ, 13:55-6; മർക്കൊ, 6:3). അവളുടെ മറ്റു മക്കളിൽനിന്ന് യേശുവിൻ്റെ പ്രകൃതിക്ക് എന്തെങ്കിലും വ്യത്യാസം ഉണ്ടായിരുന്നെങ്കിൽ, അഥവാ, അവൻ ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ, ദൂതനോ ആയിരുന്നെങ്കിൽ, അവനെ അവളുടെ ആദ്യജാതനെന്നല്ല; ഏകജാതനെന്ന് ദൈവാത്മാവ് വിശേഷിപ്പിക്കുമായിരുന്നു. യേശുവിൻ്റെ അതേ പ്രകൃതിയുള്ള മക്കൾ അവൾക്ക് ഉണ്ടായിരുന്നതുകൊണ്ടാണ്, അവനെ ആദ്യജാതൻ അഥവാ, പ്രൊട്ടൊട്ടൊക്കൊൻ (prototokon) എന്ന് രണ്ടുപ്രാവശ്യം വിശേഷിപ്പിച്ചിരിക്കുന്നത്. (ലൂക്കൊ, 2:7; മത്താ, 1:25). ക്രിസ്തുയേശു എന്ന മറിയയുടെ ആദ്യജാതൻ ദൈവം ആയിരുന്നെങ്കിൽ, അവൻ്റെ അമ്മ ദൈവമാതാവും, അനന്തരജാതർ അഥവാ, അവൻ്റെ സഹോദരങ്ങൾ ദൈവങ്ങളും ആകും.

5. “പരിച്ഛേദന കഴിപ്പാനുള്ള എട്ടു ദിവസം തികെഞ്ഞപ്പോൾ അവൻ  ഗർഭത്തിൽ ഉല്പാദിക്കുംമുമ്പെ ദൂതൻ പറഞ്ഞതുപോലെ അവന്നു യേശു എന്നു പേർ വിളിച്ചു.” (ലൂക്കോ, 2:21). മറിയ പ്രസവിച്ചത് തൻ്റെ ആദ്യജാതനായ മനുഷ്യക്കുഞ്ഞ് ആയതുകൊണ്ടാണ്, എട്ടാം ദിവസം പരിച്ഛേദന കഴിച്ചത്. അവൻ ജെൻ്ററില്ലാത്ത ദൈവമോ, ദൂതനോ, മനുഷ്യസാദൃശ്യം മാത്രമോ ആയിരുന്നെങ്കിൽ, എങ്ങനെ അവനെ പരിച്ഛേദന കഴിക്കും? ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെ പരിച്ഛേദന കഴിക്കാനുള്ള പ്രമാണമേതാണ്? അബ്രാഹാമിൻ്റെ സന്തതികളും ദാസന്മാരുമായ മനുഷ്യക്കുഞ്ഞുങ്ങളെ പരിച്ഛേദന കഴിക്കാനാണ് പ്രമാണമുള്ളത്. (ഉല്പ, 17:10-14). ദൈവത്തെയോ, പൂർണ്ണദൈവവും മനുഷ്യനുമായവനെയോ പരിച്ഛേദന കഴിച്ചുവെന്ന് പറഞ്ഞാൽ, അതില്പരം ദൈവദൂഷണമെന്താണ്? വൺനെസ്സുകാർ പറയുംപോലെ, മനുഷ്യവേഷം മാത്രമുള്ളവനെ എങ്ങനെ പരിച്ഛേദന കഴിക്കും?

6. “മോശെയുടെ ന്യായപ്രമാണപ്രകാരം അവളുടെ ശുദ്ധീകരണകാലം തികഞ്ഞപ്പോൾ കടിഞ്ഞൂലായ ആണൊക്കെയും കർത്താവിന്നു വിശുദ്ധം ആയിരിക്കേണം എന്നു കർത്താവിന്റെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ അവനെ കർത്താവിന്നു അർപ്പിപ്പാനും ഒരു ഇണ കുറുപ്രാവിനെയോ രണ്ടു പ്രാക്കുഞ്ഞിനെയോ കർത്താവിന്റെ ന്യായപ്രമാണത്തിൽ കല്പിച്ചതുപോലെ യാഗം കഴിപ്പാനും അവർ അവനെ യെരൂശലേമിലേക്കു കൊണ്ടുപോയി.” (ലൂക്കൊ, 2:22-24). അവൻ മനുഷ്യൻ്റെ കടിഞ്ഞൂൽ ആയതുകൊണ്ടാണ്, പിന്നെയും മുപ്പത്തിമൂന്ന് ദിവസങ്ങൾ കഴിഞ്ഞപ്പോൾ, ദൈവാലയത്തിൽ കൊണ്ടുപോയി ആദ്യജാതൻ്റെ വീണ്ടെടുപ്പ് കർമ്മങ്ങൾ ചെയ്തത്. (ലേവ്യ, 12:2-6). ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയോ, ദൂതനെയോ, മനുഷ്യവേഷത്തെയോ വീണ്ടെടുക്കാൻ പ്രമാണമില്ല. ദൈവമാണെങ്കിൽ എന്തിന് വീണ്ടെടുക്കണം? ദൈവത്തെ ഏത് ദൈവത്തിൽ നിന്ന് വീണ്ടെടുക്കും? മനുഷ്യൻ്റെ കടിഞ്ഞൂലിനെയും അശുദ്ധ മൃഗങ്ങളുടെ കടിഞ്ഞൂലിനെയുമാണ് വീണ്ടെടുക്കേണ്ടത്. (സംഖ്യാ, 18:5). താൻ ന്യായപ്രമാണത്തെ നീക്കുവാനല്ല; അതിലെ വള്ളിക്കോ, പുള്ളിക്കോ മാറ്റം വരാതെ അതിനെ നിവൃത്തിക്കാനാണ് വന്നതെന്നാണ് യേശു പറഞ്ഞത്. (മത്താ, 5:17-18). യേശു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ, ദൂതനോ, മനുഷ്യസാദൃശ്യം മാത്രമുള്ളവനോ ആയിരുന്നെങ്കിൽ, ന്യായപ്രമാണത്തെ നിവൃത്തിക്കാൻ വന്നവൻതന്നെ; തൻ്റെ പ്രവൃത്തികളാൽ ന്യായപ്രമാണത്തെ ലംഘിച്ചുവെന്ന് പറയേണ്ടിവരും. ഏകസത്യദൈവം മനുഷ്യരുടെ പാപപരിഹാരാർത്ഥം എടുത്ത മനുഷ്യപ്രത്യക്ഷതയായ, ക്രിസ്തുയേശുവെന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പൂർണ്ണമനുഷ്യനാണ് മരിച്ചതെന്ന പരമമായ സത്യത്തെ അട്ടിമറിച്ചുകൊണ്ട്, എല്ലാവനെയും നരകത്തിലേക്ക് ആനയിക്കാനാണ്, നാലാം നൂറ്റാണ്ടിൽ സാത്താൻ സഭയ്ക്കകത്ത് ദുരുപദേശങ്ങൾ നുഴയിച്ചുകയറ്റിയത്.

7. “പൈതൽ വളർന്നു ജ്ഞാനം നിറഞ്ഞു, ആത്മാവിൽ ബലപ്പെട്ടുപോന്നു; ദൈവകൃപയും അവന്മേൽ ഉണ്ടായിരുന്നു.” (ലൂക്കോ, 2:40). പൈഡിയൊൻ (paidion) എന്ന ഗ്രീക്കുപദം മനുഷ്യക്കുഞ്ഞുങ്ങളെ കുറിക്കുന്നതാണ്. (മത്താ, 18:2; മർക്കൊ, 5:38; ലൂക്കൊ, 1:76; യോഹ, 10:49). അല്ലാതെ, ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയോ, ദൂതനെയോ, മനുഷ്യവേഷത്തെയോ കുറിക്കുന്നതല്ല. ആത്മാവിൽ ബലപ്പെട്ടുപോന്നു എന്ന പ്രയോഗവും മനുഷ്യനെ കുറിക്കുന്നതാണ്. ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ ആത്മാവിൽ ബലപ്പെടണമോ? ദൈവകൃപയും അവന്മേൽ ഉണ്ടായിരുന്നു എന്ന പ്രയോഗവും മനുഷ്യനെ മാത്രം കുറിക്കുന്നതാണ്. ദൈവത്തിൻ്റെമേൽ ദൈവകൃപ (grace of God) ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ, എന്ത് അബദ്ധമാണ്. പൂർണ്ണദൈവവും പൂർണ്ണമനുഷ്യനും ആയിരുന്നെങ്കിൽ, മറ്റൊരു ദൈവത്തിൻ്റെ കൃപ എന്തിനാണ്? മനുഷ്യവേഷമുള്ള ദൈവം ആത്മാവിൽ ബലപ്പെടുന്നത് എന്തിനാണ്? അവന് മറ്റൊരു ദൈവത്തിൻ്റെ കൃപവേണമോ?

8. “യേശുവോ ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റെയും മനുഷ്യരുടെയും കൃപയിലും മുതിർന്നുവന്നു.” (ലൂക്കോ, 2:52). ആത്മാവിൽ ബലപ്പെട്ട്, ദൈവത്തിൻ്റെയും മനുഷ്യരുടെയും കൃപയിൽ മുതിർന്നുവന്നത് യേശുവെന്ന മനുഷ്യനാണ്. (ലൂക്കൊ, 2:40; 2:52). ഒരു ദൈവമോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനോ, ദൂതനോ, മനുഷ്യവേഷമോ മനുഷ്യരുടെ കൃപയിൽ വളർന്നു വന്നു എന്നുപറഞ്ഞാൽ എങ്ങനെയിരിക്കും?

9. “നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ  നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൗഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.” (പ്രവൃ, 10:38). യേശുവിനു, ഏകദേശം മുപ്പതു വയസ്സായപ്പോൾ യെശയ്യാവിൻ്റെയും ദൂതൻ്റെയും പ്രവചനംപോലെ, യോർദ്ദാനിൽ വെച്ച് ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തപ്പോഴാണ് അവൻ അഭിഷിക്തൻ അഥവാ, ക്രിസ്തു ആയത്. (യെശ, 61:1-2; ലൂക്കൊ, 2:11; 3:22; 4:18,19; പ്രവൃ, 4:27). താൻ ക്രിസ്തു ആയത് യോർദ്ദാനിൽ വെച്ചാണെന്ന് യെശയ്യാപ്രവചനം  ഉദ്ധരിച്ചുകൊണ്ട് നസറെത്തിലെ പള്ളിയിൽവെച്ച് യേശുതന്നെ സാക്ഷ്യം പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 4:16-21). ദൈവം അഭിഷിക്തനല്ല; അഭിഷേകദാതാവാണ്. (പ്രവൃ, 10:38). ബൈബിളിൽ അനേകം അഭിഷിക്തന്മാർ അഥവാ, മശീഹമാരുണ്ട്. പേർ പറയപ്പെട്ടവർതന്നെ ഇതുപത് പേരുണ്ട്. അവരിൽ അവസാനത്തെ മശീഹയാണ് യേശു. ദൈവം മനുഷ്യരെ തൻ്റെ ശുശ്രൂഷകൾ ചെയ്യാൻ പരിശുദ്ധാത്മാവിനാൽ ശക്തിപ്പെടുത്തുന്ന ശുശ്രൂഷയാണ് അഭിഷേകം. അതിൽ, ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ; ദൂതന്മാർക്കുപോലും അഭിഷേകം ആവശ്യമില്ല. യേശു ദൂതന്മാരെക്കാൾ താഴ്ചവന്ന മനുഷ്യനായതുകൊണ്ടാണ് അവന് അഭിഷേകം ആവശ്യമായി വന്നത്. (എബ്രാ, 2:9). പിന്നെ വായിക്കുന്നത്; “യേശു ആത്മാവിന്റെ ശക്തിയോടെ ഗലീലെക്കു മടങ്ങിച്ചെന്നു; അവന്റെ ശ്രുതി ചുറ്റുമുള്ള നാട്ടിൽ ഒക്കെയും പരന്നു” എന്നാണ്. (ലൂക്കോ, 4:14). ദൈവം ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി ഉള്ളവനെയോ, ദൂതനെയോ, മനുഷ്യവേഷത്തെയോ ആണ് അഭിഷേകം ചെയതതെന്ന് പറഞ്ഞാൽ; അതൊരു നാടകമായിട്ടല്ലാതെ, വസ്തുതയായി കണക്കാക്കാൻ പറ്റുമോ?

10. “അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും.” (ലൂക്കോ, 1:32). അടുത്തവാക്യം: “പരിശുദ്ധാത്മാവു നിന്റെമേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെമേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.” (ലൂക്കൊ, 1:35). മറിയ ദൈവത്തെയോ, ദൈവപുത്രനെയോ പ്രസവിക്കുമെന്നല്ല ഗബ്രീയേൽ ദൂതൻ പറഞ്ഞത്. അവൾ പ്രസവിക്കുന്ന അവളുടെ ആദ്യജാതൻ ദൈവപുത്രൻ എന്ന് വിളിക്കപ്പെടുമെന്ന് പ്രവചിക്കുകയാണ് ചെയ്തത്. യേശുവിന് ഏകദേശം മുപ്പത് വയസ്സുള്ളപ്പോൾ, ദൂതൻ്റെ രണ്ട് പ്രവചനംപോലെ, ദൈവപിതാവിനാൽ ‘ഇവൻ എന്റെ പ്രിയപുത്രൻ’ എന്നു വിളിക്കപ്പെട്ടപ്പോഴാണ്, യേശുവെന്ന അഭിഷിക്തനായ മനുഷ്യൻ ദൈവത്തിൻ്റെ പുത്രൻ ആയത്. (ലൂക്കൊ, 1:32,35; 3:22). പ്രവചനം, ഭൂതവർത്തമാനകാലത്തിലെ ചരിത്രമല്ല; ഭാവിയിൽ സംഭവിപ്പാനുള്ളതാണ്. ഒരു പ്രവചനം നിവൃത്തിയാകുമ്പോഴാണ് അത് ചരിത്രമാകുന്നത്. (സംഖ്യാ, 24:14; ദാനീ, 2:28). അതായത്, കന്യകയായ മറിയ പ്രസവിക്കുന്നതുവരെ, യേശുവെന്ന ഒരു മനുഷ്യൻ ഇല്ലായിരുന്നു. യോർദ്ദാനിലെ അഭിഷേകത്തിനു മുമ്പെ, യേശുവെന്ന ക്രിസ്തു ഇല്ലായിരുന്നു. അഭിഷേകാനന്തരം, ഗബ്രീയേൽ ദൂതൻ്റെ രണ്ട് പ്രവചനങ്ങളുടെ നിവൃത്തിപോലെ, ഇവൻ എൻ്റെ പ്രിയപുത്രനെന്ന് പിതാവ് അരുളിച്ചെയ്യുന്നതു വരെ, യേശുവെന്ന ദൈവപുത്രനും ഇല്ലായിരുന്നു. തന്മൂലം, അവൻ ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയാണെന്ന സാക്ഷികളുടെ ഉപദേശവും, സർവ്വലോകങ്ങൾക്കു മുമ്പെ പിതാവിൽനിന്ന് ജനിച്ചവനാണെന്ന ട്രിനിറ്റിയുടെ ഉപദേശവും, പൂർണ്ണദൈവവും പൂർണ്ണ മനുഷ്യനുമാണെന്ന ഉപദേശവും, അവൻ അസ്തിത്വമില്ലാത്ത മനുഷ്യസാദൃശ്യം മാത്രമാണെന്ന വൺനെസ്സ് ഉപദേശവും ബൈബിൾ വിരുദ്ധമാണെന്ന് മനസ്സിലാക്കാം.

11. “യേശു ആത്മാവിന്റെ ശക്തിയോടെ ഗലീലെക്കു മടങ്ങിച്ചെന്നു; അവന്റെ ശ്രുതി ചുറ്റുമുള്ള നാട്ടിൽ ഒക്കെയും പരന്നു.” (ലൂക്കൊ, 4:14). അഭിഷേകത്താൽ ലഭിച്ച ആത്മാവിൻ്റെ ശക്തിയോടെയാണ് യേശുവെന്ന മനുഷ്യൻ തൻ്റെ ശുശ്രൂഷ ആരംഭിച്ചത്. (ലൂക്കൊ, 4:14). ദൈവം അവനു കൊടുത്ത അധികാരത്താലാണ്, അവൻ പാപമോചനം നല്കിയത്. (മത്താ, 9:8). ദൈവാത്മാവിനാലാണ് അവൻ അത്ഭുതങ്ങളെ പ്രവർത്തിച്ചത്. (മത്താ, 12:8). സൗഖ്യമാക്കുവാൻ കർത്താവിൻ്റെ ശക്തി അവനോടുകൂടെ ഉണ്ടായിരുന്നു എന്നും പറഞ്ഞിട്ടുണ്ട്. (ലൂക്കൊ, 5:17). ദൈവമാണ് അവനെക്കൊണ്ട് അത്ഭുതങ്ങളും അടയാളങ്ങളും ചെയ്യിച്ചതെന്ന് പത്രൊസ് പറഞ്ഞിട്ടുണ്ട്. (പ്രവ, 10:22; 10:38). തുടർന്ന്, മൂന്നരവർഷം മഹത്വകരമായ ശുശ്രൂഷ ചെയ്തത്, യേശുവെന്ന ദേഹവും ദേഹിയും ആത്മാവുമുള്ള പൂർണ്ണമനുഷ്യൻ ആയിരുന്നു. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40,46). അനന്തരം, അവൻ തൻ്റെ മനുഷ്യാത്മാവിനെ പിതാവിൻ്റെ കരങ്ങളിൽ ഏല്പിച്ചിട്ട് (ലൂക്കൊ, 23:43), ദൈവാത്മാവിനാൽ മരിക്കുകയും (എബ്രാ, 9:14), ദൈവാത്മാവിനാൽ ജീവിപ്പിക്കപ്പെടുകയും ചെയ്തവനാണ്. (1പത്രൊ, 3:18). ദൈവപിതാവാണ് മൂന്നാം ദിവസം അവനെ മരണത്തിൽനിന്നും ഉയിർപ്പിച്ചതെന്നും ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. (പ്രവൃ, 2:24,31; 4:10; 5:30; 10:40; ഗലാ, 1:1). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ തൻ്റെ ദൈവവും പിതാവും ആയവൻ്റെ അടുക്കലേക്ക് കരേറിപ്പോയതോടെ, യേശുവെന്ന പാപമറിയാത്ത മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ, 20:17; 9:11-12; 7:27; 10:10). മനുഷ്യൻ മൂലമുണ്ടായ മരണം മനുഷ്യൻ മൂലമാണ് നീങ്ങിയതെന്നും (1കൊരി, 15:21), ദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥനും മറുവിലയുമായി ക്രൂശിൽ മരിച്ചത് മനുഷ്യനായ ക്രിസ്തുയേശു ആണെന്നും പൗലൊസ് പറഞ്ഞിട്ടുണ്ട്. (1തിമൊ, 2:5-6). ദൈവകൃപയാൽ എല്ലാവർക്കുംവേണ്ടി മരണം ആസ്വദിച്ചത് ദൂതന്മാരെക്കാൾ അല്പം ഒരു തഴ്ചവന്ന വന്ന യേശുവാണെന്ന് എബ്രായലേഖകൻ പറഞ്ഞിരിക്കുന്നു. (2:9). തന്മൂലം, ജിനിച്ചുജീവിച്ച് മനുഷ്യരുടെ പാപങ്ങളെ തൻ്റെ ശരീരീരത്തിൽ ചുമന്നുകൊണ്ട് ക്രൂശിൽ മരിച്ചതും മനുഷ്യനാണ് (1പത്രൊ, 2:24), മൂന്നാം ദിവസം ദൈവം ഉയിർപ്പിച്ചതും ക്രിസ്തുയേശു എന്ന മനുഷ്യനെയാണ്. ബൈബിൾ അത് സ്ഫടികസ്ഫുടം വ്യക്തമാക്കിയിട്ടുണ്ട്. (1തിമൊ, 2:6; പ്രവൃ, 2:22-24).

12. ദൂതന്മാർക്കുപോലും വംശാവലിയോ ജനനമോ മരണമോ ഇല്ലാതിരിക്കെ; ദൈവമാണ് വംശാവലിയോടെ ജനിച്ചു ജീവിച്ചു മരിച്ചുയിർത്തതന്ന് വിശ്വസിക്കുന്നവരാണ് ഭൂരിപക്ഷം ക്രൈസ്തവരും. സത്യദൈവത്തിന് മരണമില്ലെന്നത് ശിശുസഹജമായ ഒരു അറിവാണ്. തന്നെയുമല്ല, ബൈബിളിൽ അക്ഷരംപ്രതി അത് എഴുതിവെച്ചിട്ടുണ്ട്. (1തിമൊ, 6:16). എന്നാൽ, ദൈവമാണ് ക്രൂശിൽ മരിച്ചതെന്ന് ദൈവശാസ്ത്രം പറയുന്നു: “ക്രൂശിൽ മരിച്ച ദൈവപുത്രൻ നിത്യനായ ദൈവമാണ്. നിത്യനായ ദൈവപുത്രൻ ദൈവത്വം ഒഴിവാക്കാതെ മനുഷ്യനായി തീർന്നതാണ് ജഡധാരണം.” [Systematic Theology, ജഡധാരണം, പേജ്, 228]. എന്നാൽ, യേശുവെന്ന മനുഷ്യൻ ജനിച്ചത്, ബി.സി. 6-ൽ ബേത്ത്ലേഹെമിലാണ്. (ലൂക്കൊ, 2:5-7). ക്രിസ്തുയേശുവിന് ഒരു ആരംഭം ഉണ്ടെന്ന് വചനം വ്യക്തമായി പറഞ്ഞിട്ടുണ്ട്. (മീഖാ, 5:2; മത്താ, 1:16; 2:1; ലൂക്കൊ, 1:35; 2:7; പ്രവൃ, 3:22; 7:37; റോമ, 9:5). എന്നാൽ പ്രവചനംപോലെ, യേശുവെന്ന ക്രിസ്തുവും ദൈവപുത്രനും ജനിച്ചത്, എ.ഡി. 29-ൽ യോർദ്ദാനിൽ വെച്ചാണ്. (യെശ, 61:1-2; ലൂക്കൊ, 1:32,35; 2:11; 3:22; പ്രവൃ, 4:27; 10:38). പഴയനിയമത്തിൽ, ദൈവപുത്രനായ യേശുക്രിസ്തു ഇല്ല; അവനെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. (ഉല്പ, 3:15; 7:14; 9:6; 61:1-2). തന്മൂലം, നിത്യദൈവമാണ് മരിച്ചത്, അവൻ നിത്യപുത്രനാണ്, ദൈവത്വം ഒഴിവാക്കാതെ മനുഷ്യയിത്തീർന്നു എന്നൊക്കെ പഠിപ്പിക്കുന്ന ദൈവശാസ്ത്രം വചനവിരുദ്ധമാണെന്ന് മനസ്സിലാക്കാം. ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം മനുഷ്യനുമല്ല (ഇയ്യോ, 9:32; ഹോശേ, 11:9); അവന് മരണവുമുമില്ല. (1തിമൊ, 6:16). അതായത്, ദൈവശാസ്ത്രത്തിലെ ദൈവവും ബൈബിളിലെ ദൈവവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് മനസ്സിലാക്കാം.

ഇനി, ഏക ദൈവത്തെക്കുറിച്ചും മനുഷ്യരുടെ രക്ഷയ്ക്കായി താനെടുത്ത പ്രത്യക്ഷതയായ: ക്രിസ്തുയേശു എന്ന മനുഷ്യനെക്കുറിച്ചും ചില കാര്യങ്ങൾ കൂടി അറിയാം:

13. ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം ഒരുത്തൻ മാത്രമാണ്. ഈ വസ്തുത, യഹോവയായ ഏക ദൈവവും മോശെ മുതൽ മലാഖി വരെയുള്ള പഴയനിയമ ഭക്തന്മാരും ദൈവത്തിൻ്റെ ക്രിസ്തുവും അവൻ്റെ അപ്പൊസ്തലന്മാരും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നു: യഹോവയായ ഞാൻ നിൻ്റെ ദൈവമാകുന്നു, ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കുണ്ടാകരുത് എന്ന ഒന്നാം കല്പന തുടങ്ങി, ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; ഞാൻ ഒരുത്തനെയും അറിയുന്നില്ല എന്നൊക്കെയാണ് യഹോവ പറയുന്നത്. (പുറ, 20:2-3; യെശ, 43:10; 44:8; 45:5). യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകലരാജ്യങ്ങൾക്കും ദൈവം ആകുന്നു (you alone are God over all the kingdoms of the earth) എന്നും (2രാജാ, 19:15), യഹോവയ്ക്ക് സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ലെന്നും പഴയനിയമ ഭക്തന്മാർ പറയുന്നു. (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:19; നെഹെ, 9:6; സങ്കീ, 40:5). ദൈവം ഒരുത്തൻ മാത്രമാണെന്നും, സത്യദൈവം പിതാവ് മാത്രമാണെന്നും ക്രിസ്തു പറയുന്നു. (യോഹ, 5:44; 17:3). ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവായ ഏകദൈവമേ നമുക്കുള്ളെന്നും അപ്പൊസ്തലന്മാർ പറയുന്നു. (ലൂക്കൊ, 5:21; യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6; 1തിമൊ, 1:17). “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39. ഒ.നോ: യോശു, 2:11; 1രാജാ, 8:23; 1ദിന, 2:11; 2ദിന, 6:14). തന്മൂലം, ഏകദൈവമായ യഹോവയല്ലാതെ, മറ്റൊരു ദൈവമുണ്ടെന്ന് സ്വർഗ്ഗത്തിലോ, ഭൂമിയിലോ ഉള്ള ആർക്കും തെളിയിക്കാൻ സാദ്ധ്യമല്ല.

14. ദൈവം ഒരുത്തൻ മാത്രമാണ് എന്നതിൻ്റെ ശക്തമായ ഒരു തെളിവ് തരാം: കേവലമായ ഒന്നിനെ കുറിക്കാൻ, ഇംഗ്ലീഷിൽ only, alone എന്നു പരിഭാഷ ചെയ്തിരിക്കുന്ന ബാദ്, ബദാദ് എന്നിങ്ങനെ രണ്ട് എബ്രായ പദങ്ങൾ 20 പ്രാവശ്യം ദൈവത്തിന് ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ തൽസ്ഥാനങ്ങളിൽ, പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ സെപ്റ്റ്വജിൻ്റിൽ 20 പ്രാവശ്യം മോണോസ് ആണ് കാണുന്നത്. (പുറ, 22:20; ആവ, 33:12; 1ശമൂ, 7:3,4; 12:24; 2രാജാ, 19:15,19; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 4:8; 71:16; 72:18; 83:18; 86:10; 136:4; 148:13; യെശ, 2:11,17; 26:13; 37:16,20; 44:24). ഒറ്റയെ കുറിക്കാൻ പഴയനിയമത്തിൽ ഉപയോഗിച്ചിരിക്കുന്ന യാഖീദിന് തത്തുല്യമായ പദമാണ് ഗ്രീക്കിലെ മോണോസ്. നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. ആ പരിഭാഷയിലാണ്, ദൈവം ഒരുത്തൻ മാത്രമാണെന്ന് മോണോസ് ഉപയോഗിച്ച് ഖണ്ഡിതമായ അർത്ഥത്തിൽ 20 പ്രാവശ്യം പറഞ്ഞിരിക്കുന്നത്. തന്നെയുമല്ല, പുതിയനിയമത്തിൽ ദൈവത്തോട് ചേർത്ത് മോണോസ് 13 പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് മോണോസ് കൊണ്ടാണ്. (മത്താ, 4:10; 24:36; ലൂക്കോ, 4:8; 5:21; യോഹ, 5:44; 17:3; റോമ, 16:26; 1തിമൊ, 1:17;6:15,16; യൂദാ, 1:4,24; വെളി, 15:14). അതായത്, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന യാഖീദിന് തത്തുല്യമായ മോണോസ്, പഴയപുതിയനിയമങ്ങളിൽ ദൈവത്തെ കുറിക്കാൻ 33 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൽ 20 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ട് പുതിയനിയമത്തിൽ 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. തന്മൂലം, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും പിതാവായ ഏകദൈവമല്ലാതെ, മറ്റൊരു ദൈവത്തെ ബൈബിളിൽ കണ്ടെത്താൻ കഴിയില്ല.

15. “സാത്താനേ, എന്നെ വിട്ടുപോ; നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു.” (മത്താ, 4:10. ഒ.നോ: ലൂക്കൊ, 4:8). തന്നെ നമസ്കരിക്കണമെന്ന ആവശ്യവുമായി സാത്താൻ ക്രിസ്തുവിൻ്റെ അടുക്കൽ വന്നപ്പോൾ, അവൻ പറഞ്ഞ മറുപടിയാണ് മേൽപ്പറഞ്ഞത്. രണ്ട് കാര്യങ്ങൾ ഈ വേദഭാഗത്തുനിന്ന്മനസ്സിലാക്കാം. ഒന്നാമത്, ദൈവത്തിൻ്റെ ഭക്തന്മാരെപ്പോലും, അനുവാദംകൂടാതെ തൊട്ടാൽ പണിമേടിക്കുമെന്ന് അറിയാവുന്നവനും ദൈവത്തെ ഭയപ്പെടുന്നവനുമാണ് സാത്താൻ. ക്രിസ്തു ദൈവമായിരുന്നെങ്കിൽ, തന്നെ നമസ്കരിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് അവനൊരിക്കലും ക്രിസ്തുവിൻ്റെ മുമ്പിൽച്ചെന്ന് നില്ക്കയില്ലായിരുന്നു. രണ്ടാമത്, ക്രിസ്തുവിൻ്റെ മറുപടി ശ്രദ്ധിക്കുക: ആവർത്തനപ്പുസ്തകം ഉദ്ധരിച്ചുകൊണ്ട്, “നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു” എന്നാണ് അവൻ പറഞ്ഞത്. (ആവ, 6:13). തന്നെ ആരാധിക്കണമെന്നല്ല ക്രിസ്തു പറഞ്ഞത്. പ്രഥമപുരുഷ സർവ്വനാമത്തിലും അവനെ മാത്രം ആരാധിക്കണമെന്ന് എന്ന് ഏകവചനത്തിലാണ്. അതായത്, ഉത്തമപുരുഷനായ ക്രിസ്തു, മധ്യമപുരുഷനായ സാത്താനോട്, പ്രഥമപുരുഷനായ (Third Person) അഥവാ, മൂന്നാമനായ യഹോവയായ ഏകദൈവത്തെ മാത്രമേ ആരാധിക്കാവു എന്നാണ് ക്രിസ്തു പറഞ്ഞത്. അതായത്, ഈ വാക്യത്തിൽ, അവനെ മാത്രം ആരാധിക്കണം” എന്ന് ക്രിസ്തു പറഞ്ഞത്, ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന മോണോസ് (monos) എന്ന പദം കൊണ്ടാണ്. തന്മൂലം, താൻ ആരാധനയ്ക്ക് യോഗ്യനായ ദൈവമല്ലെന്ന് ക്രിസ്തുവിൻ്റെ വാക്കിനാൽത്തന്നെ വ്യക്തമാണ്.

16. ഷ്മാ പ്രഖ്യാപനം: “യിസ്രായേലേ, കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു.” (മർക്കൊ, 12:29). ദൈവപുത്രനായ ക്രിസ്തുവിനോട്, ഒരു ശാസ്ത്രി വന്നിട്ട്, എല്ലാറ്റിലും മുഖ്യകല്പന ഏതെന്ന് ചോദിച്ചപ്പോൾ, യെഹൂദന്മാർ ദിവസവും രണ്ടുനേരം ചൊല്ലുന്ന (രാവിലെയും വൈകുന്നേരവും) ഷ്മാ പ്രാർത്ഥനയിൽ നിന്നാണ് യേശു മറുപടി കൊടുത്തത്. യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ. (ആവ, 6:4). യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നാണ് ക്രിസ്തു പറഞ്ഞത്. അതുകേട്ട ശാസ്ത്രി ക്രിസ്തുവിനോട് പറഞ്ഞത് ശ്രദ്ധേയമാണ്: “നന്നു, ഗുരോ, നീ പറഞ്ഞതു സത്യം തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.” (മർക്കൊ, 12:32). ശാസ്ത്രിയുടെ വാക്കുകൾ ശ്രദ്ധിക്കുക: ദൈവം ഏകനേയുള്ളൂ; എന്ന് പറഞ്ഞശേഷം, അവൻ അല്ലാതെ മറ്റൊരുത്തനുമില്ല എന്ന് രണ്ട് ഏകവചന പ്രയോഗങ്ങൾകൊണ്ട്; ഖണ്ഡിതമായിട്ടാണ് പറഞ്ഞത്. അതായത്, ഉത്തമപുരുഷനായ ശാസ്ത്രി, മധ്യമപുരുഷനായ യേശുവിനോട് പ്രഥമപുരുഷ സർവ്വനാമത്തിൽ, മൂന്നാമത് ഒരുവനായ പിതാവായ ഏകദൈവത്തെക്കുറിച്ചാണ്; അവൻ അല്ലാതെ മറ്റൊരുത്തനുമില്ല എന്നു പറഞ്ഞത്. അതുകേട്ട, യേശുവിൻ്റെ പ്രത്യുത്തരം അതിലും ശ്രദ്ധേയമാണ്: “അവൻ  ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ടു: നീ ദൈവരാജ്യത്തോടു അകന്നവനല്ല എന്നു പറഞ്ഞു.” (മർക്കൊ, 12:34). ദൈവത്തിനു ബഹുത്വമുണ്ടെന്ന് വിശ്വസിക്കുന്നവരല്ല; ദൈവം ഒരുത്തൻ മാത്രമാണെന്ന് വിശ്വസിക്കുന്നവരാണ് ദൈവരാജ്യത്തോട് അടുത്തുനിൽക്കുന്നത്. യേശുവിനെ വാക്കിൽക്കുടുക്കാൻ പുറകെ നടക്കുന്നവനാണ് ശാസ്ത്രി. എങ്കിലും, പിതാവാണ് ഏകദൈവമെന്ന അവൻ്റെ വിശ്വാസത്തെ ക്രിസ്തു മാനിച്ചു. തന്മൂലം, ബൈബിൾ വെളിപ്പെടുത്തുന്ന ഒരേയൊരു ദൈവം പിതാവാണെന്നും ക്രിസ്തുയേശു മനുഷ്യനാണെന്നും മനസ്സിലാക്കാം.

17. ആത്മാവായ ദൈവം: “ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.” (യോഹ, 4:24). ക്രിസ്തു ശമര്യക്കാരിയോടു പറയുന്ന വേദഭാഗമാണിത്. ഇവിടെ ശ്രദ്ധേയമായ രണ്ടുകാര്യങ്ങൾ കാണാം: 1. ദൈവം ആത്മാവു ആകുന്നു. എന്നാൽ, ക്രിസ്തു ദേഹവും (1പത്രൊ, 2:24) ദേഹിയും (മത്താ, 26:38) ആത്മാവുമുള്ള (ലൂക്കൊ, 23:46) മനുഷ്യനായിരുന്നു. താൻ മനുഷ്യനാണെന്ന് ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്: “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40). 2. “അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം. അവരെ എന്നോ, ഞങ്ങളെ എന്നോ അല്ല; അവനെ അഥവാ, ദൈവം അവർ അല്ല, അവനാണ്. എന്തെന്നാൽ, ദൈവത്തിനു ബഹുത്വമില്ല; അവൻ ഏകനാണ്. തന്മൂലം, അവനെ എന്ന ഏകവചനത്തിലും പ്രഥമപുരുഷ സർവ്വനാമത്തിലുമാണ് ക്രിസ്തു ദൈവത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. അതായത്, ക്രിസ്തു രണ്ട് കാര്യങ്ങൾ പറഞ്ഞുകൊണ്ട്, തന്നെക്കുറിച്ചുള്ള മൂന്നു കാര്യങ്ങളുടെ സ്ഥിരീകരണമാണ് നല്കുന്നത്: 1. താൻ ആത്മാവായ ദൈവമല്ല, ദേഹവും ദേഹിയും മനുഷ്യാത്മാവുമുള്ള മനുഷ്യനാണ്. ഇത് ക്രിസ്തുതന്നെ വ്യക്തമാക്കിയിട്ടുണ്ട്. (യോഹ, 8:40). 2. ദൈവം അവരല്ല; അവനാണ്. അഥവാ, ദൈവത്തിനൊരു ബഹുത്വമില്ല; അവൻ ഏകനാണ്. ഇതും താൻതന്നെ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്: (യോഹ, 5:44; 17:3). 3. ആത്മാവിലും സത്യത്തിലും ആരാധിക്കേണ്ടത് എന്നെയല്ല; അവനെയാണ് അഥവാ, ഏകദൈവത്തെയാണ്. അതും അർത്ഥശങ്കയ്ക്കിടയില്ലാതെ ക്രിസ്തു പറഞ്ഞിട്ടുണ്ട്: (മത്താ, 4:10; ലൂക്കൊ, 4:8). ക്രിസ്തുതന്നെ താൻ ദൈവമല്ല, മനുഷ്യനാണെന്ന് പറഞ്ഞരിക്കെ, അവനെ ദൈവമാക്കി ഏകദൈവത്തെ ബഹുദൈവമാക്കുന്നവർ ദൈവരാജ്യത്തിൽ എങ്ങനെ പ്രവേശിക്കും?

18. എന്നെ നല്ലവനെന്നു പറയുന്നതെന്ത്?: “ഒരു പ്രമാണി യേശുവിനോടു: നല്ല ഗുരോ, ഞാൻ നിത്യജീവനെ അവകാശമാക്കേണ്ടതിന്നു എന്തു ചെയ്യേണം എന്നു ചോദിച്ചു. അതിന്നു യേശു: “എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരും ഇല്ല.” (ലൂക്കോ, 18:18-19). സമവീക്ഷണ സുവിശേഷങ്ങളിലെല്ലാം ഈ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്: (മത്താ, 9:16-17; മർക്കൊ, 10:17-18). ദൈവപുത്രനായ യേശുവിനെയും, അരിമത്യയിലെ യോസേഫിനെയും നല്ലവനെന്ന് വിളിച്ചിട്ടുണ്ട്. ലൂക്കൊ, 23:50; യോഹ, 7:12),. എന്നാൽ, ആത്യന്തികമായി “നല്ലവൻ” എന്ന പദവിക്ക് യോഗ്യനായി ദൈവം ഒരുവൻ മാത്രമേയുള്ളു: (എസ്രാ, 3:13; സങ്കീ, 34:8; 73:1; 86:5; 100:5; 106:1). ക്രിസ്തു താൻ ദൈവം അല്ലാത്തതുകൊണ്ടാണ്, ദൈവത്തിൻ്റെ പദവിയായ നല്ലവൻ എന്നു വിളിച്ചപ്പോൾ നിഷേധിച്ചത്. പ്രമാണി യേശുവിനെ ദൈവം എന്നല്ല; നല്ലവൻ എന്നാണ് വിളിച്ചത്. തന്നെ നല്ലവനെന്ന് വിളിച്ചതുപോലും നിഷേധിച്ച ദൈവപുത്രനെ, ദൈവം എന്ന് വിളിച്ചാൽ, അവൻ എത്രയധികമായി അത് നിഷേധിക്കും? തന്മൂലം, ക്രിസ്തുയേശു ദൈവമല്ല; മനുഷ്യനാണെന്ന് വളരെ വ്യക്തമായി മനസ്സിലാക്കാം.

19. ക്രിസ്തു ദൈവത്തോട് സമനായ നിത്യപുത്രനാണെന്ന് കരുതുന്നവർ, ആദാമിനെ സൃഷ്ടിക്കുമ്പോൾ അവൻ കൂടെയുണ്ടായിരുന്നു എന്നാണ് വിചാരിക്കുന്നത്. (ഉല്പ, 1:26). എന്നാൽ, അക്കാര്യം ക്രിസ്തുവിനുപോലും അറിയില്ലെന്ന് അവൻ്റെ വാക്കിനാൽ വ്യക്തമാണ്. ഭാര്യയെ ഉപേക്ഷിക്കുന്നത് വിഹിതമോ, എന്ന് ചോദിച്ച പരീശന്മാരോട് അവൻ പറയുന്നത് നോക്കുക: “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു.” (മത്താ, 19:4. ഒ.നോ: മർക്കൊ, 10:6). ഈ വാക്യത്തോടുള്ള ബന്ധത്തിൽ മൂന്നുകാര്യങ്ങൾ പറയാം: 1. ക്രിസ്തു പറഞ്ഞത്: സൃഷ്ടിച്ച ‘അവൻ‘ (he wich made) എന്നാണ്. സ്രഷ്ടാവായ ദൈവത്തിനു ഒരു ബഹുത്വം ഉണ്ടായിരുന്നെങ്കിൽ അഥവാ, ദൈവത്തോടൊപ്പം സൃഷ്ടിയിങ്കൽ താനും ഉണ്ടായിരുന്നെങ്കിൽ, ‘സൃഷ്ടിച്ച അവൻ’ എന്ന ഏകവചനമല്ല, ‘സൃഷ്ടിച്ച ഞങ്ങൾ‘ (we which made) എന്ന ബഹുവചനം പറയുമായിരുന്നു. 2. ത്രിത്വവ്യാഖ്യാന പ്രകാരം; ദൈവത്തിലെ മൂന്നു വ്യക്തിചേർന്ന് ആദവും ഹവ്വായും എന്ന രണ്ടു വ്യക്തിയെയാണ് ഉണ്ടാക്കിയത്. എന്നാൽ ക്രിസ്തു പറഞ്ഞത്: ‘സൃഷ്ടിച്ച അവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു’ എന്നാണ്. വാക്യം ശ്രദ്ധിക്കണം: ആദത്തിനെയും ഹവ്വായെയും ചേർത്താണ് ‘അവരെ‘ (them) എന്ന ബഹുവചനം ക്രിസ്തു പറഞ്ഞത്. സൃഷ്ടികളായ രണ്ടു വ്യക്തിയെച്ചേർത്ത് ബഹുവചനം പറഞ്ഞ ക്രിസ്തു, സ്രഷ്ടാവ് മൂന്നു വ്യക്തിയായിരുന്നെങ്കിൽ ബഹുവചനം എന്തുകൊണ്ട് പറഞ്ഞില്ല? എന്തെന്നാൽ,  സ്രഷ്ടാവ് ഒരുത്തൻ മാത്രമാണ്. (നെഹെ, 9:6; യെശ, 44:24). 3. സൃഷ്ടിച്ച ‘അവൻ‘ എന്ന പ്രഥമപുരുഷ സർവ്വനാമമാണ് ക്രിസ്തു ഉപയോഗിച്ചത്. അതായത്, ഉത്തമപുരുഷനായ ക്രിസ്തു, മധ്യമപുരുഷനായ യെഹൂദന്മാരോട്, ദൈവത്തെ പ്രഥമപുരുഷനിൽ അവൻ അഥവാ, മൂന്നാമനായി വിശേഷിപ്പിച്ചുകൊണ്ട്, തനിക്ക് സൃഷ്ടിയിൽ ഒരു പങ്കുമില്ലെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കി. സൃഷ്ടിയിങ്കൽ താൻ ദൈവത്തോടൊപ്പം ഇല്ലായിരുന്നുവെന്ന് ദൈവത്തിൻ്റെ ക്രിസ്തുതന്നെ ഖണ്ഡിതമായി പറഞ്ഞിരിക്കെ, മനുഷ്യനായ അവനെ നിത്യദൈവമാക്കാൻ ശ്രമിക്കുന്നവർ എന്തു വിചാരിക്കുന്നു. ദൈവാത്മാവിനാൽ വിരചിതമായ വചനം തെറ്റാണെന്നോ? അതോ, ക്രിസ്തു നുണയനാണെന്നോ?

20. ക്രിസ്തുയേശുവിൻ്റെ സാക്ഷ്യം: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹ, 17:3). ഈ വാക്യത്തിൽ, പിതാവാണ് ഏകസത്യദൈവം എന്നാണ് ക്രിസ്തുയേശു പറഞ്ഞത്. ഏകസത്യദൈവം എന്നത് ഇംഗ്ലീഷിൽ, The only true God എന്നും ഗ്രീക്കിൽ, ton monon alithinon theon എന്നുമാണ്. അതായത്, പിതാവ് സത്യദൈവം എന്നല്ല; പിതാവ് മാത്രമാണ് സത്യദൈവം എന്ന്, ഖണ്ഡിതമായിട്ടാണ് ക്രിസ്തു പറഞ്ഞിരിക്കുന്നത്. താനും ദൈവം ആയിരുന്നെങ്കിൽ, പിതാവ് മാത്രമാണെന്ന് സത്യദൈവമെന്ന് ക്രിസ്തു പറയുമോ? അടുത്തവാക്യം: “തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ടു ഏകദൈവത്തിന്റെ പക്കൽനിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്കു എങ്ങനെ വിശ്വസിപ്പാൻ കഴിയും?” (യോഹ, 5:44). ക്രിസ്തു പറയുന്ന ഈ വാക്യത്തിലെ ഏകദൈവം, ഇംഗ്ലീഷിൽ The only God എന്നും, ഗ്രീക്കിൽ മോണോ തിയോ (monou theou) എന്നുമാണ്. അതായത്, ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തു ഖണ്ഡിതമായിട്ടാണ് പറഞ്ഞിരിക്കുന്നത്. താനും ദൈവമാണെങ്കിൽ, ദൈവം ഒരുത്തൻ മാത്രമാണെന്ന് ക്രിസ്തു പറയുമോ? അവനെ മാത്രം ആരാധിക്കണം, പിതാവ് മാത്രമാണ് സകലവും അറിയുന്നത്, പിതാവ് എല്ലാവരെക്കാളും എന്നെക്കാളും വലിയവനാണ് എന്നൊക്കെ പറഞ്ഞുകൊണ്ട്, താൻ ദൈവമല്ലെന്ന് അസന്ദിഗ്ധമായി ക്രിസ്തു പറഞ്ഞിട്ടുണ്ട്. മത്താ, 4:10; 24:36; ലൂക്കൊ, 4:8; യോഹ, 10:29; 14:28). താൻ മനുഷ്യനാണെന്നും ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്: “ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ നോക്കുന്നു.” (യോഹ, 8:40). പിതാവ് മാത്രമാണ് ദൈവം; താൻ മനുഷ്യനാണെന്ന് ക്രിസ്തുയേശു പറഞ്ഞിട്ടുപോലും വിശ്വസിക്കാത്തവരോട് ആര് പറഞ്ഞാൽ വിശ്വസിക്കും?

21. അപ്പൊസ്തലന്മാരുടെ സാക്ഷ്യം: “എന്നാൽ ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ  സകലത്തിന്നും കാരണഭൂതനും നാം അവനായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:5-6. ഒ.നോ: യോഹ, 8:41; എഫെ, 4:6). പൗലൊസ് പറയുന്നത് ശ്രദ്ധിക്കണം. ആകാശത്തിലോ ഭൂമിയിലോ ദൈവങ്ങൾ എന്നു പേരുള്ളവർ ഉണ്ടെങ്കിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു. അഥവാ, നമ്മുടെ ഒരേയൊരു ദൈവം പിതാവ് മാത്രമാണ്. ക്രിസ്തുവിൻ്റെ ശുശ്രൂഷയിൽ മൂന്നരവർഷം കൂടെയുണ്ടായിരുന്ന അപ്പൊസ്തലന്മാരാണ് പറയുന്നത്; പിതാവായ ഏകദൈവമേ നമുക്കുള്ളു. ക്രിസ്തു ദൈവമാണെങ്കിൽ, പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് അപ്പൊസ്തലന്മാർ പറയുമായിരുന്നോ? പിതാവും പുത്രനും ഒരുപോലെ ദൈവം ആണെങ്കിൽ, അപ്പൊസ്തലന്മാരുടെ വാക്കുകളാൽത്തന്നെ ബൈബിൾ പരസ്പരവിരുദ്ധമാകും. പുത്രൻ മനുഷ്യനാണെന്നും അപ്പൊസ്തലന്മാർ ആവർത്തിച്ചു പറഞ്ഞിട്ടുണ്ട്: ദൈവപുത്രനായ മനുഷ്യൻ (മർക്കൊ, 15:39), കുറ്റമില്ലാത്ത മനുഷ്യൻ (ലൂക്കൊ, 23:4), ഗലീലക്കാരനായ മനുഷ്യൻ (ലൂക്കൊ, 23:6), നീതിമാനായ മനുഷ്യൻ (ലൂക്കൊ, 23:47), യേശു എന്നു പേരുള്ള മനുഷ്യൻ (യോഹ, 9:11), മനുഷ്യനായ നസറായനായ യേശു (പ്രവൃ, 2:22), ഏകമനുഷ്യനായ യേശുക്രിസ്തു (റോമ, 5:15), രണ്ടാം മനുഷ്യൻ (1കൊരി, 15:47), ഏകപുരുഷൻ (2കൊരി, 11:2), മനുഷ്യനായ ക്രിസ്തുയേശു (1തിമൊ, 2:6). ക്രിസ്തുയേശു തിരഞ്ഞെടുത്തവരും അവനോടുകൂടെ മൂന്നരവർഷം ഉണ്ടായിരുന്നവരും പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ടവരുമായ അപ്പൊസ്തലലന്മാരുടെ വാക്ക് വിശ്വസിക്കാത്തവർ പിതാവിനെയും പുത്രനെയും ഒരുപോലെ തള്ളിയവരാണ്. (ലൂക്കൊ, 10:16).

22. ക്രിസ്തുയേശുവും അപ്പൊസ്തലന്മാരും പറഞ്ഞതുകൂടാതെ, ഒന്നാം നൂറ്റാണ്ടിൽ അവനെ നേരിൽക്കണ്ട, യോഹന്നാൻ സ്നാപകനും (യോഹ, 1:30), പുരുഷാരവും (മത്താ, 9:8), ശമര്യാസ്ത്രീയും (യോഹ, 4:29), ചേകവരും (യോഹ, 7:46), പിറവിക്കുരുടനും യോഹ, 9:11), പരീശന്മാരും (യോഹ, 9:16), യെഹൂദന്മാരും (യോഹ, 10:33), മഹാപുരോഹിതന്മാരും (യോഹ, 11:47), കയ്യാഫാവും (യോഹ, 11:50), വാതിൽ കാവൽക്കാരത്തിയും (യോഹ, 18:17), പീലാത്തോസും (ലൂക്കൊ, 23:4), ശതാധിപനും (മർക്കൊ, 15:39), ന്യായാധിപസംഘവും (പ്രവൃ, 5:28) ഉൾപ്പെടെ, എല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഒന്നും രണ്ടും പ്രാവശ്യമല്ല; 36 പ്രാവശ്യം അവൻ മനുഷ്യനാണെന്ന് പറഞ്ഞിട്ടുണ്ട്. രണ്ട് മനുഷ്യരുടെ സാക്ഷ്യം സത്യമെന്നതാണ് ന്യായപ്രമാണത്തിൻ്റെ വ്യവസ്ഥ. (യോഹ, 8:17). യൂദാ ഒഴികെയുള്ള, പുതിയനിയമ എഴുത്തുകരെല്ലാവരും അവൻ മനുഷ്യനാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അവരുടെ സാക്ഷ്യം അസത്യം ആയിരുന്നെങ്കിൽ, ദൈവാത്മാവ് അതിനെ രേഖപ്പെടുത്താൻ അനുവദിക്കുമായിരുന്നോ? ഒരു ദൈവത്തെയോ, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവനെയോ, ദൂതനെയോ, മനുഷ്യവേഷത്തെയോ എഴുത്തുകാർ മനുഷ്യനെന്ന് വിശേഷിപ്പിക്കുമോ? കന്യകയിൽ പരിശുദ്ധാത്മാവിനാൽ ഉല്പാദിതമായി ജനിച്ചുജീവിച്ച് ക്രൂശിൽ മരിച്ചിട്ട്, ദൈവം ഉയിപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവാക്കിയ ക്രിസ്തുയേശു എന്ന മനുഷ്യനെ ഏകദൈവമോ, രണ്ടാം ദൈവമോ ആക്കിയാൽ; അത് ദൈവത്തിനോ, ദൈവത്തിൻ്റെ ക്രിസ്തുവിനോ പ്രസാദമാകുമോ? (പ്രവൃ, 2:23-24; 2:36). ക്രിസ്തുയേശു മനുഷ്യനാണെന്ന് പറഞ്ഞാൽ, അവൻ നമ്മെപ്പോലെ കേവലമൊരു മനുഷ്യനാണെന്ന് ധരിക്കരുത്. അവൻ പരിശുദ്ധാത്മാവിനാൽ കന്യകയിൽ ഉല്പാദിതമായ മനുഷ്യനാണ്. (മത്താ, 1:20; ലൂക്കൊ, 2:21). പാപമറിയാത്ത അഥവാ, പരിശുദ്ധ മനുഷ്യനാണ്. (യോഹ, 6:69; 2കൊരി, 15:21). ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തിരിക്കുന്ന മനുഷ്യനാണ്. (പ്രവൃ, 10:38). ദൈവത്തിൻ്റെ സർവ്വസമ്പൂർണ്ണതയും ദേഹരൂപമായി വസിച്ച മനുഷ്യനാണ്. (ലൂക്കൊ, 3:22; കൊലൊ, 2:9). അവൻ എല്ലാ പുരുഷൻ്റെയും തലയാണ്. (1കൊരി, 11:3). സഭയാകുന്ന ശരീരത്തിൻ്റെ തലയാണ്. (എഫെ, 5:23). എല്ലാവാഴ്ചെക്കും അധികാരത്തിന്നും തലയാണ്. (കൊലൊ, 2:10). എന്നിങ്ങനെ അനവധി സവിശേഷതകൾ അവനുണ്ട്. അവൻ മനുഷ്യനാണെന്ന് പറയുന്ന ബൈബിൾതന്നെ അവനെ സമാന്യ മനുഷ്യരിൽനിന്ന് വേർതിരിച്ചു പറഞ്ഞിട്ടുണ്ട്: “മനുഷ്യരിൽ നിന്നല്ല മനുഷ്യനാലുമല്ല യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിച്ച പിതാവായ ദൈവത്താലുമത്രേ അപ്പൊസ്തലനായ പൌലൊസും കൂടെയുള്ള സകല സഹോദരന്മാരും ഗലാത്യസഭകൾക്കു എഴുതുന്നതു:” (ഗലാ, 1:2).

23. ക്രിസ്തുയേശുവിൻ്റെ ദൈവം: “നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു.” (2കൊരി 11:31). അപ്പൊസ്തലന്മാർ ക്രിസ്തുയേശുവിൻ്റെ ദൈവത്തിന് സ്തോത്രം കരേറ്റുന്ന പല വാക്യങ്ങളും കാണാം: (എഫെ, 1:3; 1:17; റോമ, 15:5; 2കൊരി, 1:3; കൊലൊ, 1:3; 1പത്രൊ, 1:3). തനിക്കൊരു ദൈവവും പിതാവുമുണ്ടെന്ന് ക്രിസ്തുതന്നെ പറഞ്ഞിട്ടുണ്ട്. “എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കൽ ഞാൻ കയറിപ്പോകുന്നു.” (യോഹ, 20:17. ഒ.നോ: മത്താ, 27:46; മർക്കൊ, 15:34). ഇത് ദൈവത്താൽ അഭിഷേകം പ്രാപിച്ച യേശുവെന്ന അഭിഷിക്തൻ്റെ അഥവാ, ക്രിസ്തുയേശു എന്ന മനുഷ്യൻ്റെ ദൈവമാണ്. ക്രിസ്തു ദൈവമായിരുന്നു, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതിയുള്ളവൻ ആയിരുന്നു എന്നൊക്കെ വിശ്വസിക്കുന്നവർ, ദൈവത്തിനും ഒരു ദൈവമുണ്ടെന്ന ദുരുപദേശമാണ് വിശ്വസിക്കുന്നത്. ദൈവമെന്ന പദത്തിന് ഏതർത്ഥം കൊടുത്താലും സത്യദൈവത്തിന് മീതെ മറ്റൊരു ദൈവം ഉണ്ടാകുക സാദ്ധ്യമല്ല. തന്മൂലം, ക്രിസ്തുയേശു ദൈവമല്ല; മനുഷ്യനാണെന്ന് അസന്ദിഗ്ധമായി തെളിയുന്നു.

24. ഏകകർത്താവായ ദൈവം: ഏകദൈവത്തിൽ നിന്ന് ക്രിസ്തുവിനെ വേർതിരിച്ചു കാണിക്കുന്ന അനേകം വേദഭാഗങ്ങൾ ബൈബിളിലുണ്ട്. ഉദാ: (മത്താ, 16:16; 27:46; മർക്കൊ, 15:34; യോഹ, 17:3; 20:17; റോമ, 16:26; 1കൊരി, 8:6; 2കൊരി, 1:3; 11:31; എഫെ, 1:3; 1:17; കൊലൊ, 1:5; 1തിമൊ, 2:5-6; 1പത്രൊ, 1:3; 1യോഹ, 5:20; യൂദാ, 1:4).). അതിൽ പ്രധാനപ്പെട്ട ഒരു വേദഭാഗമാണ് യൂദാ 1:4. ആ വാക്യം, ബെഞ്ചമിൻ ബെയ്‌ലിയുടെ മൂന്നു പരിഭാഷകൾ ഒഴികെ, മലയാളത്തിലെ മറ്റെല്ലാ പരിഭാഷകളിലും തെറ്റായിട്ടാണ് തർജ്ജമ ചെയ്തിരിക്കുന്നത്. എന്നാൽ, ഗ്രീക്കിൻ്റെ നേരിട്ടുള്ള പരിഭാഷ എന്ന് അറിയപ്പെടുന്ന 1534-ലെ, William Tyndale Bible മുതൽ, 1611-ലെ King James Bible വരെയുള്ള എല്ലാ പരിഭാഷകളിലും യുദായുടെ വാക്യാംശം ഇപ്രകാരമാണ്: “ഏക കർത്താവായ ദൈവത്തെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെയും നിഷേധിക്കുന്നു” (denying the only Lord God, and our Lord Jesus Christ). ബെഞ്ചമിൻ ബെയ്‌ലിയിൽ ഇങ്ങനെയാണ്: “ഏകനായി കർത്താവായ ദൈവത്തെയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെയും ഉപേക്ഷിക്കുകയും ചെയ്യുന്നവരായി.” ഈ വേദഭാഗത്ത്, ശ്രദ്ധേയമായ കാര്യം എന്താണെന്ന് ചോദിച്ചാൽ; “ഏകകർത്താവായ ദൈവം” എന്നത് ഗ്രീക്കൽ, ton monon despotin theon എന്നാണ്. പഴയനിയമത്തിൽ ഖണ്ഡിതമായ അർത്ഥത്തിൽ ഒറ്റയെ കുറിക്കുന്ന യാഖീദിന് (yahid) തത്തുല്യമായ ഗ്രീക്കിലെ മോണോൻ (monon) കൊണ്ടാണ്, ഏകകർത്താവായ ദൈവം അഥവാ, ഒരേയൊരു കർത്താവായ ദൈവം എന്ന് യഹോവയെ വിശേഷിപ്പിച്ചിരിക്കുന്നത്. അതായത്, ഏകദൈവമായ യഹോവയായ കർത്താവിനെയും ഏകമനുഷ്യനായ യേശുക്രിസ്തു എന്ന കർത്താവിനെയും വ്യക്തമായി വേർതിരിച്ചാണ് പറഞ്ഞിരിക്കുന്നത്. എന്തെന്നാൽ, നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിൽ മരിച്ചത്, മാറ്റമോ, മരണമോ ഇല്ലാത്ത ദൈവമല്ല; മനുഷ്യനായ ക്രിസ്തുയേശുവാണ്: “എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ  കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:6. ഒ.നോ: എഫെ, 5:2). അവനെ മരണത്തിൽ നിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ രക്ഷിതാവായ കർത്താവും ക്രിസ്തുവും ആക്കിവെച്ചവനാണ് ഏകദൈവം. (പ്രവൃ. 2:22-24,36). അതുകൊണ്ടാണ്, എകകർത്താവായ ദൈവത്തെയും ഏകകർത്താവും മനുഷ്യനുമായ യേശുക്രിസ്തുവിനെയും യൂദാ വേർതിരിച്ച് പറഞ്ഞിരിക്കുന്നത്. യൂദാ, മറിയയുടെ മകനും യേശുവിൻ്റെയും യാക്കോബിൻ്റെയും സഹോദരനുമാണെന്നുകൂടി ഓർക്കണം. അടുത്തൊരു വാക്യം കാണുക: “ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ.” (റോമ, 16:26). ഈ വാക്യം ശ്രദ്ധിക്കുക: ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം അപ്പൊസ്തലൻ മഹത്വം കരേറ്റുകയാണ്. ഏകജ്ഞാനിയായ ദൈവം എന്നത്, ഇംഗ്ലീഷിൽ God only wise. ഗ്രീക്കിൽ mono sofo theo എന്നുമാണ്. അതായത്, ഒരേയൊരു ജ്ഞാനിയായ ദൈവത്തിന്, ആ ദൈവം മരണത്തിൽ നിന്ന് ഉയിർപ്പിച്ച് മനുഷ്യരുടെ കർത്താവാക്കിവെച്ച, യേശുക്രിസ്തു എന്ന മദ്ധ്യസ്ഥനും മറുവിലയുമായമനുഷ്യൻ മുഖാന്തരമാണ് മഹത്വം കരേറ്റുന്നത്. എന്തെന്നാൽ, നമുക്ക് പകരം ക്രൂശിക്കപ്പെട്ടക്രിസ്തു എന്ന മനുഷ്യനില്ലെങ്കിൽ, ഏകജ്ഞാനിയായ ദൈവവുമായി നമുക്ക് യാതൊരു ബന്ധവും ഉണ്ടാകില്ല.

25. ദൈവത്തിൻ്റെയും ക്രിസ്തുയേശുവിൻ്റെയും ഐഡൻ്റിറ്റി: ദൈവത്തിൻ്റെയും ക്രിസ്തുയേശുവിൻ്റെയും ഐഡൻ്റിറ്റിയിൽത്തന്നെ വ്യത്യാസമുണ്ട്. പിതാവ് ഏകദൈവമാണ്: “ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ  സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു.” (1കൊരി, 8:5-6). എന്നാൽ, ക്രിസ്തുയേശു ഏകമനുഷ്യനാണ്: “ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനുഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15). പിതാവ് സ്വർഗ്ഗീയനാണ്: “സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന്നു നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പിൽ പ്രകാശിക്കട്ടെ.” (മത്താ, 5:16). സ്വർഗ്ഗസ്ഥൻ, സ്വർഗ്ഗസ്ഥനായ പിതാവ്, സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവ്, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ്, സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവ് എന്നിത്യാദി പ്രയോഗങ്ങൾ മത്തായി 5:16-മുതൽ, ലൂക്കോസ് 11:13-വരെ 25 പ്രാവശ്യം കാണാൻ കഴിയും. എന്നാൽ, സ്വർഗ്ഗസ്ഥനായ പുത്രൻ എന്ന് ഒരിക്കലും കാണാൻ കഴിയില്ല. ക്രിസ്തുയേശു ഭൂമിയിൽ വസിച്ചിരുന്നവനാണ്: “നീയും ഗലീലക്കാരനായ യേശുവിനോടുകൂടെ ആയിരുന്നുവല്ലോ എന്നു പറഞ്ഞു.” (മത്താ, 26:69). യേശുവിനെ, ഗലീലക്കാരൻ, നസറായൻ, നസറെത്തുകാരൻ എന്നൊക്കയാണ് ആവർത്തിച്ച് പറഞ്ഞിരിക്കുന്നത്. (മത്താ, 26:69,71; മർക്കൊ, 1:24; 10:47; 14:67; 16:6; ലൂക്കോ, 4:34; 18:37; 23:6; 24:19; യോഹ, 1:45; 18:5; 18:7; 19:19; പ്രവൃ, 2:23; 3:6; 4:10; 6:14; 10:38; 22:8; 26:9). അതായത്, യിസ്രായേൽ രാജ്യത്തെ ഗലീലാ ജില്ലയിലെ നസറെത്ത് എന്ന പട്ടണത്തിൽ പാർത്തിരുന്ന മനുഷ്യൻ എന്നാണ് അതിൻ്റെ അർത്ഥം. അല്ലാതെ, നസറെത്ത് പട്ടണത്തിൽ പാർത്തിരുന്ന ദൈവമെന്നല്ല. ദൈവം സ്വർഗ്ഗത്തിൽ എന്നേക്കും വസിക്കുന്നവനാണ്. (സങ്കീ, 2:4; 123:1) ക്രിസ്തുയേശു ഭൂമിയിലാണ് വസിച്ചിരുന്നത്.

26. ദൈവശാസ്ത്രം പഠിപ്പിക്കുന്ന ദൈവം സ്വയംഭൂ ആയവനാണ്: “സ്വയംഭൂവും ആത്മബോധമുള്ളവനും പൗരുഷേയനും എല്ലാറ്റിനും ആദികാരണവും സർവ്വാതിശായിയും സർവ്വസന്നിഹിതനും ആയ സത്തയാണ് ക്രൈസ്തവ ദൈവശാസ്ത്രം പഠിപ്പിക്കുന്ന ദൈവം.” (Systematic Theology, ദൈവത്തിൻ്റെ അസ്തിത്വം, പേജ് 97). സ്വയംഭൂ എന്നാൽ; സ്വയം ഉളവായവൻ അഥവാ, തന്നെത്താൻ ജനിച്ചവൻ ആണ്. തന്നെത്താൻ ഉളവായ ദൈവത്തിന് തൻ്റെ സ്വഭാവവും സ്വരൂപവും ത്യജിച്ചുകൊണ്ട് മായാവിയെപ്പോലെ മനുഷ്യനാകാനോ, മൃഗമാകാനോ, തന്നെത്താൻ ഇല്ലാതാകാനോ കഴിയും. എന്നാൽ, ബൈബിൾ വെളിപ്പെടുത്തുന്ന ദൈവം മാറ്റമോ, മാറ്റത്തിൻ്റെ നിഴലോ ഇല്ലാത്തവനും (മലാ, 3:6; യാക്കോ, 1:17) മരണമില്ലാത്തവനും (1തിമൊ, 6:16) ശാശ്വതവാനും (സങ്കീ, 90:2; യെശ, 57:15), എന്നെന്നേക്കും ജീവിച്ചിരിക്കുന്നവനും ആണ്. (വെളി, 4:10). ദൈവം ഇല്ലാതിരുന്ന ഒരു കാലമില്ല; ഇല്ലാതിരിക്കുന്ന കാലം ഉണ്ടാകയുമില്ല. സത്യദൈവം മാറ്റമില്ലാത്തവനും ശാശ്വതവാനും ആകയാൽ, തൻ്റെ സ്വഭാവമോ, സ്വരൂപമോ ത്യജിച്ചുകൊണ്ടോ, അല്ലാതെയോ മനുഷ്യനോ, മറ്റൊന്നോ ആയിത്തീരാൻ കഴിയില്ല. അതായത്, അവതാരം എടുക്കാൻ കഴിയില്ല. അതുകൊണ്ടാണ്, പാപികളായ മനുഷ്യരുടെ രക്ഷയ്ക്കായി, കന്യകയിലൂടെ ദേഹവും ദേഹിയും ആത്മാവുമുള്ള ഒരു പുതിയ മനുഷ്യാസ്തിത്വം ദൈവം എടുത്തത്. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; യോഹ, 8:40,46). അതിനെയാണ്, ദൈവഭക്തിയുടെ മർമ്മം അഥവാ, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടെന്ന് പറഞ്ഞിരിക്കുന്നത്. (1തിമൊ, 3:14; മത്താ, 1:21; ലൂക്കൊ, 1:68; എബ്രാ, 2:14-16).

27. പഴയപുതിയ നിയമങ്ങളിൽ മനുഷ്യർ കണ്ടതെല്ലാം, അദൃശ്യനും ആരുമൊരുനാളും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായ ഏക ദൈവത്തിൻ്റെ പ്രത്യക്ഷതകളെ അഥവാ, പ്രത്യക്ഷ ശരീരങ്ങളെയാണ്. “അഗോചരനായ ദൈവം തൻ്റെ സ്ഥായിയായ അസ്തിത്വത്തിനും, പ്രകൃതിക്കും മാറ്റംവരാത്തവനായി ഇരിക്കുമ്പോൾത്തന്നെ, മനുഷ്യർക്ക് തന്നെത്തന്നെ ഗോചരമാക്കാൻ, താനെടുക്കുന്ന പുതിയ അസ്തിത്വത്തെയാണ്, വെളിപ്പാട് അഥവാ, പ്രത്യക്ഷത എന്ന് പറയുന്നത്.” യഹോവ മനുഷ്യനായി പ്രത്യക്ഷനായതിൻ്റെയും കൃത്യമായ തെളിവ് പഴയനിയമത്തിലുമുണ്ട്. (ഉല്പ, 18:1-19-1). അബ്രാഹാമിൻ്റെ അടുക്കൽ പ്രത്യക്ഷനായ മൂന്ന് മനുഷ്യരിൽ ഒരാളെ, യഹോവയെന്ന് പത്തുപ്രാവശ്യം വിശേഷിപ്പിച്ചിട്ടുണ്ട്. (ഉല്പ, 18:1,13). രണ്ടുപേർ ദൂതന്മാരാണെന്നും കൃത്യമായി പറഞ്ഞിട്ടുണ്ട്. (18:16,22; 19:1). തൻ്റെ അടുക്കൽ ഭക്ഷണംകഴിച്ച് വിശ്രമിക്കാൻ വന്ന വഴിയാത്രക്കാരായാണ് അബ്രാഹാം അവരെ മനസ്സിലാക്കിയത്. ഏഴെട്ടുനാഴിക അവനോടുകൂടെ ചിലവഴിച്ച്, അവൻ ഒരുക്കിക്കൊടുത്ത വിഭവസമൃദ്ധമായ ഭക്ഷണവും കഴിച്ച്, അവനോടുള്ള ദൈവത്തിൻ്റെ വാഗ്ദത്തം പുതുക്കിയശേഷമാണ്, ദൈവത്തിൻ്റെ പ്രത്യക്ഷതയായ മനുഷ്യൻ മടങ്ങിപ്പോയത്. (ഉല്പ, 18:4-19). അബ്രാഹാമിൻ്റെ അടുക്കൽ മനുഷ്യപ്രത്യക്ഷത എടുത്തുവന്ന യഹോവ തന്നെയാണ്, പുതിയനിയമത്തിൽ മനുഷ്യരുടെ പാപപരിഹാരാർത്ഥം; യേശുവെന്ന സംജ്ഞാനാമത്തിൽ; ഒരു മനുഷ്യപ്രത്യക്ഷ എടുത്തത്. പഴയനിയമ പ്രവചനം ഉദ്ധരിച്ചുകൊണ്ട്, എബ്രായലേഖകൻ പറയുന്നു: “ആകയാൽ ലോകത്തിൽ വരുമ്പോൾ: ഹനനയാഗവും വഴിപാടും നീ ഇച്ഛിച്ചില്ല; എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.” (10:5. ഒ.നോ: സങ്കീ, 40:6, LXX). “എന്നാൽ ഒരു ശരീരം നീ എനിക്ക് ഒരുക്കിയിരിക്കുന്നു.” അതായത്, പുതിയ നിയമത്തിൽ, മനുഷ്യരുടെ രക്ഷയ്ക്കായി; ദൈവം ഒരുക്കിയ ശരീരം അഥവാ, ദൈവം എടുത്ത പ്രത്യക്ഷതയാണ്, യേശുവെന്ന ദേഹവും ദേഹിയും ആത്മാവുള്ള പാപമറിയാത്ത മനുഷ്യൻ. (1പത്രൊ, 2:24; മത്താ, 26:38; ലൂക്കൊ, 23:46; 2കൊരി, 5:21).

28. സുവിശേഷ ചരിത്രകാലത്ത് ഏകദൈവവും, ദൈവത്തിൻ്റെ ജഡത്തിലെ വെളിപ്പാടായ മനുഷ്യനുമെന്ന രണ്ടുപേർ ഉണ്ടായിരുന്നു. “ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ  കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.” (1തിമൊ, 2:5-6. ഒ.നോ: 3:16). ഏകദൈവത്തിനും മനുഷ്യർക്കും മദ്ധ്യസ്ഥൻ ആയത്, മനുഷ്യനായ ക്രിസ്തുയേശു ആണ്. (1തിമൊ, 2:5-6). അതുകൊണ്ടാണ്, പിതാവിനെ തന്നെക്കുറിച്ച് സാക്ഷ്യം പറയുന്ന മറ്റൊരുത്തൻ എന്ന് ക്രിസ്തു വിശേഷിപ്പിച്ചത്. (യോഹ, 5:32;37). യോർദ്ദാനിലെ സ്നാനം മുതൽ ദൈവപിതാവ് മനുഷ്യനായ യേശുവിൻ്റെ കൂടെ അദൃശ്യനായി ഇരുന്നതുകൊണ്ടാണ്, താൻ ഏകനല്ല അഥവാ, ഒറ്റയ്ക്കല്ലെന്ന് അവൻ ആവർത്തിച്ചു പറഞ്ഞത്. (യോഹ, 16:32. ഒ.നോ: 3:2; 8:16; 8:29; പ്രവൃ, 10:38). യേശുവിൻ്റെ കൂടെ ഇരുന്ന ദൈവമാണ് അവനെക്കൊണ്ട് അത്ഭുതങ്ങളും അടയാളങ്ങളും ചെയ്യിച്ചത്. (പ്രവൃ, 2:22; 10:38. ഒ.നോ: മത്താ, 12:28; യോഹ, 3:2). പിതാവിനെയും തന്നെയും ചേർത്ത് “ഞങ്ങൾ” എന്ന് ബഹുവചനത്തിൽ അവൻ പറഞ്ഞിട്ടുണ്ട്. (യോഹ, 14:23). നിന്നെയും എന്നെയും എന്നിങ്ങനെ പിതാവിനെയും തന്നെയും വേർതിരിച്ചു പറയുകയും ചെയ്തു. (യോഹ, 17:3). തന്നെയും പിതാവിനെയും ചേർത്ത്, നമ്മെപ്പോലെ ഒന്നാകേണ്ടതിനു എന്ന് ബഹുവചനത്തിൽ പറഞ്ഞിട്ടുണ്ട്. (യോഹ, 17:11). നാം ഒന്നായിരിക്കുന്നതുപോലെ എന്ന് പിന്നെയും ബഹുവചനത്തിൽ പറഞ്ഞിട്ടുണ്ട്. (യോഹ, 17:23). സുവിശേഷ ചരിത്രകാലം കഴിഞ്ഞാൽ അഥവാ, പ്രത്യക്ഷതയുടെ ദൗത്യം കഴിഞ്ഞ് അപ്രത്യക്ഷമായാൽ, ആ മനുഷ്യവ്യക്തി ദൈവത്തിൽനിന്ന് വിഭിന്നൻ ആയിരിക്കില്ല. (യോഹ, 20:17). അവൻ ദൈവത്തിൽ മറഞ്ഞിരിക്കയാണ്. (കൊലൊ, 3:3). അതുകൊണ്ടാണ്, “അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും; ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്നു ഞാൻ പറയുന്നില്ല” എന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 16:26. ഒ.നോ: യോഹ, 12:48). ഉയിർത്തെഴുന്നേറ്റ അന്നുതന്നെ സ്വർഗ്ഗേ കരേറിപ്പോയതോടുകൂടി, യേശുവെന്ന മനുഷ്യൻ്റെ ശുശ്രൂഷ ഒരിക്കലായി പൂർത്തിയായി. (യോഹ 20:17; എബ്രാ, 9:11-12; 7:26-27; 10:7-10). പിന്നീട്, സ്വർഗ്ഗത്തിൽനിന്ന് പ്രത്യക്ഷനായത് മനുഷ്യനല്ല; ദൈവമാണ്. (മർക്കൊ, 16:14). അവനെയാണ് തോമാസ്, എൻ്റെ കർത്താവും എൻ്റെ ദൈവവും ആയുള്ളോവേ” എന്നേറ്റു പറഞ്ഞത്. (യോഹ, 20:28). ഒരു യെഹൂദൻ യഹോവയായ ദൈവത്തെ അല്ലാതെ, മറ്റാരെയും എൻ്റെ ദൈവം എന്ന് സംബോധന ചെയ്യില്ല. യെഹൂദാ രാജാവായ ദാവീദ്, എൻ്റെ ദൈവവും എൻ്റെ കർത്താവും ആയുള്ളോവേ എന്ന് സംബോധന ചെയ്തവനെത്തന്നെയാണ്, യെഹൂദനും വിശേഷാൽ അപ്പൊസ്തലനുമായ തോമാസ് എൻ്റെ ദൈവം എന്ന് ഏറ്റുപറഞ്ഞത്. (സങ്കീ, 35:23). അതായത്, സുവിശേഷ ചരിത്രകാലം ഒഴികെ, നിത്യമായ അസ്തിത്വത്തിൽ; പിതാവും പുത്രനും ഒന്നുതന്നെയാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ; സുവിശേഷങ്ങളിലെ മനുഷ്യനായ ക്രിസ്തുയേശു പൂർവ്വാസ്തിത്വത്തിൽ യഹോവയായിരുന്നു; നിത്യമായ അസ്തിത്വത്തിലും അവൻ യഹോവ തന്നെയാണ്. (1തിമൊ, 3:16). അതുകൊണ്ടാണ്, ഞാൻ തന്നേ അവൻ അഥവാ, പിതാവെന്ന് ക്രിസ്തു പറഞ്ഞത്. (യോഹ, 8:24,28; 13:9). ഞാനും പിതാവും ഒന്നാകുന്നു എന്നു പറഞ്ഞത്. (യോഹ, 10:30). എന്നെ കണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു എന്ന് ഫിലിപ്പോസിനോട് പറഞ്ഞത്. (യോഹ, 14:9). ഫിലിപ്പോസിൻ്റെ ആവശ്യം “പിതാവിനെ കാണണം” എന്നായിരുന്നു. യേശുവിൻ്റെ മറുചോദ്യം, “നീ എന്നെ അറിയുന്നില്ലയോ” എന്നായിരുന്നു. അപ്പോൾ, ഞാനാരാണ്? ഞാനും പിതാവും ഒന്നാകുന്നു.

ദൈവത്തിൻ്റെ ഒരു ഇച്ഛയെക്കുറിച്ച് അഥവാ, ഒരു ആഗ്രഹത്തെക്കുറിച്ച് പൗലൊസ് വ്യക്തമാക്കിയിട്ടുണ്ട്: “അവൻ  സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു. ദൈവം ഒരുവനല്ലോ; ദൈവത്തിന്നും മനുഷ്യർക്കും മദ്ധ്യസ്ഥനും ഒരുവൻ: എല്ലാവർക്കും വേണ്ടി മറുവിലയായി തന്നെത്താൻ  കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ. തക്കസമയത്തു അറിയിക്കേണ്ടിയ ഈ സാക്ഷ്യത്തിന്നായി ഞാൻ പ്രസംഗിയും അപ്പൊസ്തലനുമായി, ഭോഷ്കല്ല പരമാർത്ഥം തന്നേ പറയുന്നു, ജാതികളെ വിശ്വാസവും സത്യവും ഉപദേശിപ്പാൻ നിയമിക്കപ്പെട്ടിരിക്കുന്നു.” (1തിമൊ, 2:4-7). നമുക്ക്, പിതാവായ ഏകദൈവമാണ് ഉള്ളത്. (1കൊരി, 8:6). എന്നാൽ, നമ്മുടെ പാപപരിഹാരാർത്ഥം ക്രൂശിക്കപ്പെട്ടത്, ഏകദൈവം എടുത്ത പ്രത്യക്ഷതയായ മനുഷ്യനായ ക്രിസ്തുയേശുവാണ്. ഈ വസ്തുത സകല മനുഷ്യരും അറിയണമെന്നാണ് ദൈവത്തിൻ്റെ ആഗ്രഹം. തക്കസമയത്ത് അറിയിക്കേണ്ട ഈ സാക്ഷ്യത്തിനായാണ്, ദൈവം പൗലൊസിനെ അപ്പൊസ്തലനായി നിയമിച്ചത്. ദൈവാത്മാവിനാൽ ആ വസ്തുത ഗ്രഹിപ്പാൻ സർവ്വശക്തിയുള്ള ദൈവം ഈയുള്ളവനും കൃപ നൽകി. പരിഗ്രഹിക്കാൻ മനുസ്സുള്ളവർ പരിഗ്രഹിക്കുക!

Leave a Reply

Your email address will not be published. Required fields are marked *