ബൈബിൾ വെളിപ്പെടുത്തുന്ന ദൈവവിശ്വാസം എന്താണ്❓

ബൈബിൾ വെളിപ്പെടുത്തുന്ന ദൈവവിശ്വാസം: “ട്രിനിറ്റി” (Trinity) വിശ്വാസമാണോ, “വൺനെസ്സ്” (Oneness) വിശ്വാസമാണോ, “റസ്സലിസം” (Russellism) ആണോ, മോണാതീയിസം (Monotheism) ആണോ എന്നാണ് നാം പരിശോധിക്കുന്നത്. യഹോവയായ ഏകദൈവവും പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും ദൈവത്തിൻ്റെ ക്രിസ്തുവും അവൻ്റെ ശിഷ്യന്മാരും പഠിപ്പിച്ചത്, “ഏകദൈവം” അഥവാ, “ഒരുത്തൻ മാത്രമായ” (The only God) ദൈവത്തെക്കുറിച്ചാണ്. ഏകദൈവത്തിലുള്ള വിശ്വാസമാണ് “മോണോതീയിസം” (Monotheism) അഥവാ, ഏകദൈവവിശ്വാസം. ദൈവം “ട്രിനിറ്റി” ആണെന്നോ, “വൺനെസ്സ്” ആണെന്നോ ബൈബിളിൽ ഒരിടത്തും പറഞ്ഞിട്ടില്ല. ത്രിത്വം, ത്രിയേകത്വം, മൂന്ന് ആളത്വം, മൂന്ന് വ്യക്തി, മൂന്ന് വ്യക്തിത്വം, മൂന്നു ഹൈപ്പോസ്റ്റാസിസ്, ദൈവവും മനുഷ്യനുമെന്ന ഇരുപ്രകൃതി, നിത്യപുത്രൻ, ഐക്യത്തിൽ ഒന്ന്, ബഹുത്വമുള്ള ഏകത്വം, സത്യദൈവത്തിൽ നിന്ന് ജനിച്ച സത്യദൈവം, സമനിത്യരായ മൂന്നുപേർ, സാരാംശത്തിലൊന്ന് തുടങ്ങി, ട്രിനിറ്റിയെന്ന ഉപദേശം നിർവ്വചിക്കാൻ എടുക്കുന്ന ഒരു വാക്കുപോലും ബൈബിളിൽ കാണാൻ കഴിയില്ല. പല വാക്കുകളും നിഘണ്ടുവിൽപ്പോലും ഉള്ളതല്ല. 783,137 വാക്കുകളുള്ള ബൈബിളിൽ ഒരു വാക്കിൽപോലും പറഞ്ഞിട്ടില്ലാത്ത ദൈവമാണ് ത്രിത്വദൈവം. അഖിലാണ്ഡത്തിൽ ഇല്ലാത്തൊരു ദൈവത്തിലുള്ള വിശ്വാസമാണ് “ത്രിത്വവിശ്വാസം.” ത്രിത്വമെന്ന ആശയം ഉണ്ടെന്നു പറയുന്നതുപോലും ബാലിശമായ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ്. പിതാവ്, പുത്രൻ, പരിശുദ്ധാത്മാവെന്ന് ഒരു വാക്യത്തിൽത്തന്നെ പറഞ്ഞിരിക്കുന്നതാണ് അവർ ഉയർത്തിക്കാണിക്കുന്ന ആശയം. അതാണ് ത്രിത്വത്തിനു് തെളിവെങ്കിൽ, പിതാവിനെയും പുത്രനെയും മാത്രം പറഞ്ഞിരിക്കുന്ന അഥവാ, ദൈവം ദ്വൈത്വമാണെന്ന് തെളിയിക്കാൻ അഞ്ചൂറിലധികം വാക്യങ്ങളുണ്ട്. [കാണുക: ത്രിത്വമെന്ന ആശയം ബൈബിളിലുണ്ടോ?] തന്മൂലം, ട്രിനിറ്റിയെന്ന ഉപദേശത്തിനു് ബൈബിളുമായി യാതൊരു ബന്ധവുമില്ലെന്ന് മനസ്സിലാക്കാം. പല ഭാഗങ്ങൾ ചേർന്ന് ഒന്നായതോ, പലർ ചേർന്ന് ഒന്നായതോ ആയ അവസ്ഥയ്ക്കാണ് “വൺനെസ്സ്” അഥവാ, “ഏകത്വം” എന്ന് പറയുന്നത്. അങ്ങനെ ഒരു ദൈവത്തെയും ബൈബിളിൽ ആർക്കും കാണാൻ കഴിയില്ല. മാറ്റമില്ലാത്ത അല്ലെങ്കിൽ, ഗതിഭേദത്താൽ ആഛാദനമില്ലാത്ത ദൈവത്തിനു് ഒരു മോഡലിസ്റ്റിനെപ്പോലെ വേഷംമാറാൻ കഴിയില്ല. തന്നെയുമല്ല, ദൈവപുത്രനായ ക്രിസ്തുവിൻ്റെ അസ്തിത്വത്തിലും വ്യക്തിത്വത്തിലും ക്രിസ്തുത്വത്തിലും കർത്തൃത്വത്തിലും ചരിത്രപരതയിലും വൺനെസ്സുകാർ വിശ്വസിക്കുന്നില്ല; അവർക്ക് എല്ലാം യഹോവ തന്നെയാണ്. ജനിച്ചതും ജീവിച്ചതും മരിച്ചതും ദൈവം ഉയിർപ്പിച്ചതും ഒരു ദൈവം തന്നെത്തന്നെയാണ്. ദൈവത്തിനു് വംശാവലിയോ ജനനമോ, മരണമോ ഇല്ലെന്നുപോലും രണ്ടുകൂട്ടർക്കും അറിയില്ല. അതിനാൽ, വൺനെസ്സ് വിശ്വാസത്തിനും ബൈബിളുമായി വലിയ ബന്ധമൊന്നുമില്ല. ക്രിസ്തു ദൈവത്തിൻ്റെ ആദ്യത്തെ സൃഷ്ടിയാണെന്നും, പ്രധാന ദൂതനായ മീഖായേലാലാണന്നും തരാതരംപോലെ പറയുന്നവരാണ് “റസ്സൽമതക്കാർ.” അവരുടെ ഉപദേശവും ശരിയാണെന്ന് പറയാൻ നിർവ്വാഹമില്ല.

ക്രിസ്തു ആരാണ്? അല്ലെങ്കിൽ അവൻ്റെ അസ്തിത്വം എന്താണ്? എന്നറിയാത്തവരാണ് ത്രിത്വത്തിലും വൺനെസ്സിലും റസ്സൽമതത്തിലും വിശ്വസിക്കുന്നത്. ക്രിസ്തു ആരാണെന്ന് എന്ന് തിരിച്ചറിയുന്നുവോ, അന്ന് ബൈബിൾ വെളിപ്പെടുത്തുന്ന “മോണോസ് തെയോസിനെ” (Mónos Theós) തിരിച്ചറിയുകയും “മോണോതീയിസം” (Monotheism) സ്വീകരിക്കുകയും ചെയ്യും. അതുവരെ നിഖ്യായിൽ ഉപായിയായ സർപ്പം ബീജാവാപം ചെയ്ത ദുരുപദേശത്തിൽ കഴിയും.

“എലോഹീം ബാദ്” (אֱלֹהִים בַּד – Elohim Bad) അഥവാ, ദൈവം ഒരുത്തൻ മാത്രമാണെന്ന് പഴയനിയമത്തിൽ ആവർത്തിച്ച് കാണാൻ കഴിയും. തൽസ്ഥാനത്ത് പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയായ സെപ്റ്റ്വജിൻ്റിൽ (Septuagint), “തെയോസ് മോണോസ്” (Theos Mónos – θεὸς μόνος) അഥവാ, “ദൈവം ഒരുത്തൻ മാത്രം” (The only God) ആണ്: (2രാജാ, 19:15; 19:19; സങ്കീ, 86:10; യെശ, 37:16; 37:20). പുതിയ നിയമത്തിലും, “ദൈവം ഒരുത്തൻ മാത്രം” (The only God) അഥവാ, “മോണോസ് തെയോസ്” [μόνος θεός -Mónos Theós) ആണെന്ന് ആവർത്തിച്ചു കാണാൻ കഴിയും: (ലൂക്കൊ, 5:21;;യോഹ, 5:44; 17:3; റോമ, 16:26; 1തിമൊ, 1:17; യൂദാ, 1:4; 1:24). “മോണോസ് തെയോസിൽ” (μόνος θεός – Mónos Theós), അഥവാ, “ഏകദൈവത്തിൽ” ഉള്ള വിശ്വാസമാണ് “മോണോതീയിസം” (Monotheism) എന്നു പറയുന്നത്. “മോണോതീയിസം” (Monotheism) എന്നത് പുതിയനിയമ ഗ്രീക്കിലെ “മോണോതെയിസ്മോസ്” (monotheïsmós) എന്നതിൻ്റെ ഇംഗ്ലീഷ് രൂപമാണ്. പഴയനിയമത്തിൻ്റെ ഗ്രീക്കു പരിഭാഷയായ സെപ്റ്റ്വജിൻ്റിലും (Septuagint) കാണുന്നതും പുതിയനിയമത്തിൽ ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ചതുമായ ദൈവമാണ് “മോണോസ് തെയോസ്” അഥവാ, “ഒരേയൊരു ദൈവം.” ഏകദൈവത്തിൽ അഥവാ, ഒരുത്തൻ മാത്രമായ ദൈവത്തിലുള്ള വിശ്വാസമാണ് “മോണോതീയിസം” (Monotheism). അതാണ് ബൈബിൾ വെളിപ്പെടുത്തുന്ന ദൈവവിശ്വാസം. മറ്റൊരു ദൈവത്തെയും വിശ്വാസത്തെയും ബൈബിളിൽ കണ്ടെത്താൻ ആർക്കും കഴിയില്ല. ക്രിസ്തുവോ, അപ്പൊസ്തലന്മാരോ പഠിപ്പിച്ചിട്ടില്ലാത്ത മറ്റൊരു ദൈവത്തെക്കുറിച്ചോ, മറ്റൊരു വിശ്വാസത്തെക്കുറിച്ചോ ഇനി അപ്പൊസ്തലന്മാർ എഴുന്നേറ്റുവന്നു പറഞ്ഞാലും അല്ലെങ്കിൽ, സ്വർഗ്ഗത്തിൽനിന്ന് ഒരു ദൂതൻവന്നു പറഞ്ഞാലും അവൻ ശപിക്കപ്പെട്ടവനാണ്: (ഗലാ, 1:8-9).

“ദൈവം ഏകൻ” അഥവാ, ഒരുത്തൻ മാത്രം (The only God) എന്നതാണ് ബൈബിളിൻ്റെ മൗലിക ഉപദേശം. ദൈവം ഏകനാണെന്നത് കേവലം ഒരു അറിവല്ല, അതൊരു പരിജ്ഞാനവും പ്രാർത്ഥനയും ആണ്. പഴയനിയമത്തിൻ്റെ ഭാഷയിൽ പറഞ്ഞാൽ, യഹോവയായ ദൈവം ഏകൻ ആണെന്നതും അവനെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം എന്നതും നമ്മുടെ ഹൃദയത്തിൽ ഇരിക്കേണ്ടതും നമ്മൾ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും സംസാരിക്കേണ്ടതും നമ്മുടെ മക്കൾക്ക് ഉപദേശിച്ചു കൊടുക്കേണ്ടതും അതൊരു അടയാളമായി നമ്മുടെ കൈയ്യിൽ കെട്ടേണ്ടതും ഒരു പട്ടമായി നമ്മുടെ നെറ്റിയിൽ അണിയേണ്ടതും വീടിന്റെ കട്ടിളകളിന്മേലും പടിവാതിലുകളിലും എഴുതിവെക്കേണ്ടതും ആണ്: (ആവ, 6:4-9). നിർഭാഗ്യവശാൽ ഈ പരമമായ സത്യം ക്രിസ്ത്യാനികളിൽ ഭൂരിപക്ഷം പേർക്കും അറിയില്ല. അല്ലെങ്കിൽ അറിയാത്തവരായി നടിച്ചുകൊണ്ട്, ദൈവത്തിൻ്റെ, ഇല്ലാത്ത ബഹുത്വത്തിൽ അവർ വിശ്വസിക്കുന്നു. അതിനാൽ, ദൈവം ഒരുത്തൻ മാത്രമാണെന്നും ബൈബിൾ വെളിപ്പെടുത്തുന്ന വിശ്വാസം ട്രിനിറ്റിയോ, വൺനെസ്സോ, അല്ല; “മോണോതീയിസം” (Monotheism) ആണെന്നും ഉള്ളതിൻ്റെ തെളിവുകളാണ് ഇനി കാണാൻ പോകുന്നത്:

മോണോതീയിസം (Monotheism): ബൈബിൾ വെളിപ്പെടുത്തുന്ന ദൈവവിശ്വാസം “ട്രിനിറ്റിയും” (Trinity) അല്ല, “വൺനെസ്സും” (Oneness) അല്ല; “മോണോതീയിസം” (Monotheism) ആണ്. ദൈവം ട്രിനിറ്റിയാണെന്നോ, വൺനെസ്സ് ആണെന്നോ ബൈബിളിൽ എവിടെയും കാണാൻ കഴിയില്ല. എന്നാൽ “മോണോസ് തെയോസ്” (μόνος θεός – Mónos Theós – The only God) ആണെന്ന് ആവർത്തിച്ച് കാണാൻ കഴിയും. Mónos Theos-ൽ ഉള്ള വിശ്വാസമാണ്, “മോണോതീയീസം” (Monotheism) അഥവാ, ഏകദൈവവിശ്വാസം: “യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം ഭൂമിയിലെ സകല രാജ്യങ്ങൾക്കും ദൈവം ആകുന്നു – O LORD God of Israel, thou art the God, even thou alone, of all the kingdoms of the earth:” (2രാജാ, 19:15). ഈ വേദഭാഗത്ത്, “ദൈവം ഒരുത്തൻ മാത്രം” എന്ന് പറയാൻ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം “ഒന്നിനെ” കുറിക്കുന്ന (One) “എഹാദ്” (ehad – אֶחָד) അല്ല; “ഒറ്റയെ” (alone/only) കുറിക്കുന്ന “ബാദ്” (bad – בַּד) ആണ്. പഴയനിയമത്തിൽ ദൈവത്തിൻ്റെ അതുല്യതയെ അഥവാ, അദ്വിതീയതയെ (uniqueness) കുറിക്കാൻ ഏകമാത്രമായ, ഒന്നുമാത്രമായ, ഒറ്റയായ, ഒരുത്തൻ മാത്രം, കേവലമായ, മാത്രം (only, alone) എന്നീ അർത്ഥങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന “അക്” (ak), “റാഖ്” (raq), “ബാദ്” (bad), “ബദാദ്” (badad) എന്നിങ്ങനെ നാല് എബ്രായ പദങ്ങൾ 32 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. അതിൽ “ബാദ്” (bad) ഉപയോഗിച്ചിരിക്കുന്ന 23 വാക്യങ്ങളിൽ 21 വാക്യത്തിലും “ബദാദ്” (badad) ഉപയോഗിച്ചിരിക്കുന്ന 2 വാക്യത്തിലും പഴയനിയമത്തിൻ്റെ ഗ്രീക്കുപരിഭാഷയായ സെപ്റ്റ്വജിൻ്റിൽ (Septuagint) “മോണോസ്” (μόνος – Mónos) ആണ് കാണുന്നത്. (പുറ, 22:20; ആവ, 32:12; 1ശമൂ, 7:3; 1ശമൂ, 7:4; 1രാജാ, 8:40; 2രാജാ, 19:15; 2രാജാ, 19:19; 2ദിന, 6:31; നെഹെ, 9:6; ഇയ്യോ, 9:8; സങ്കീ, 4:8; സങ്കീ, 51:4; സങ്കീ, 71:16; സങ്കീ, 72:18; സങ്കീ, 83:18; സങ്കീ, 86:10; സങ്കീ, 136:4; സങ്കീ, 148:13; യെശ, 2:11; യെശ, 2:17; യെശ, 37:16; യെശ, 37;20; യെശ, 44:24). പഴയനിയമത്തിൽ ഏകമാത്രമായ/ഒന്നുമാത്രമായ/അനന്യമായ (only) എന്ന അർത്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന “യാഹീദ്” (yahid – יָחִיד) എന്ന പദത്തിന് തുല്യമായ പദമാണ് ഗ്രീക്കിലെ “മോണോസ്” (Mónos). നമ്മുടെ കർത്താവായ ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പരിഭാഷയാണ് സെപ്റ്റ്വജിൻ്റ്. അതിലാണ്, ദൈവം ഒരുത്തൻ മാത്രമാണെന്ന് “മോണോസ്” (Mónos) ഉപയോഗിച്ച് ഖണ്ഡിതമായ അർത്ഥത്തിൽ 23 പ്രാവശ്യം പറഞ്ഞിരിക്കുന്നത്. തന്നെയുമല്ല, പുതിയനിയമത്തിൽ ദൈവത്തിൻ്റെ അതുല്യതയെ (uniqueness) കുറിക്കാൻ “മോണോസ്” (Mónos) 13 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്: “ദൈവം ഒരുവൻ അല്ലാതെ പാപങ്ങളെ മോചിപ്പാൻ കഴിയുന്നവൻ ആർ എന്നു ചിന്തിച്ചുതുടങ്ങി.” (ലൂക്കൊ, 5:21). ഈ വേദഭാഗത്ത് ഗ്രീക്കിൽ, “മോണോസ് ഹോ തെയോസ്” (μόνος ὁ θεός – Mónos ho Theós) അഥവാ, “ദൈവം ഒത്തൻ മാത്രം” (The only God) ആണ്. ഈ വേദഭാഗത്തും, “ദൈവം ഒരുവൻ” എന്നു പറയാൻ ഉപയോഗിച്ചിരിക്കുന്ന പദം “ഒന്നിനെ” (One) കുറിക്കുന്ന “ഹെയ്സ്” (εἷς – heis) അല്ല; “ഒറ്റയെ” (alone/only) കുറിക്കുന്ന “മോണോസ്” (Mónos – μόνος) ആണ്. പുതിയനിയമത്തിൽ “ദൈവം ഒരുത്തൻ മാത്രം” ആണെന്ന് ക്രിസ്തുവും അപ്പൊസ്തലന്മാരും ഖണ്ഡിതമായി പറഞ്ഞിരിക്കുന്നത് “മോണോസ്” കൊണ്ടാണ്. (മത്താ, 4:10; മത്താ, 24:36; ലൂക്കോ, 4:8; ലൂക്കൊ, 5:21; യോഹ, 5:44; യോഹ, 17:3; റോമ, 16:26; 1തിമൊ, 1:17; 1തിമൊ, 6:15; 1തിമൊ, 6:16; യൂദാ, 1:4; യൂദാ, 1:24; വെളി, 15:14). അതായത്, ദൈവത്തിൻ്റെ അദ്വിതീയതയെ (uniqueness) കുറിക്കാൻ “യാഹീദിന്” (yahid) തുല്യമായ “മോണോസ്” (monos) പഴയപുതിയനിയമങ്ങളിൽ ദൈവത്തെ കുറിക്കാൻ 36 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. ക്രിസ്തുവും അപ്പൊസ്തലന്മാരും ഉപയോഗിച്ചിരുന്ന പഴയനിയമത്തിൽ 23 പ്രാവശ്യവും, ക്രിസ്തുവും അപ്പൊസ്തലന്മാരും സ്വന്ത വായ്കൊണ്ട് 13 പ്രാവശ്യവും പറഞ്ഞിട്ടുണ്ട്. തന്മൂലം, ആകാശവും ഭൂമിയും കീഴ്മേൽ മറിഞ്ഞാലും യഹോവ അഥവാ, പിതാവായ ഏകദൈവം മാത്രമല്ലാതെ, മറ്റൊരു ദൈവത്തെ ദുരുപദേശങ്ങളും ദുർവ്യാഖ്യാനങ്ങളും കൊണ്ടല്ലാതെ ബൈബിളിൽ കണ്ടെത്താൻ ആർക്കും കഴിയില്ല. ട്രിനിറ്റിയുടെ വ്യാജവാദംപോലെ, “എഹാദിനും (ehad), ഹെയ്സിനും (heis)” ബഹുത്വം ഉണ്ടായിരുന്നെങ്കിൽ, പഴയപുതിയനിയമങ്ങളിൽ ഖണ്ഡിതമായ അർത്ഥത്തിൽ “ഒറ്റയെ” (alone/only) കുറിക്കുന്ന “യാഹീദിനു” (yahid) തുല്യമായ “മോണോസ്” (Mónos) കൊണ്ട്, “ദൈവം ഒരുത്തൻ മാത്രം” (The only God) ആണെന്ന് പറയുമായിരുന്നില്ല. പരിശുദ്ധാത്മാവ് ആലേഖനംചെയ്ത് വെച്ചിരിക്കുന്നതിന് വിരുദ്ധമായി, ഏകസത്യദൈവത്തെ ത്രിമൂർത്തി ബഹുദൈവം ആക്കുന്നത്, പരിശുദ്ധാത്മാവിനു് എതിരെയുള്ള ദൂഷണമാണ്. ആത്മാവിനെതിരെയുള്ള ദൂഷണം ഈ ലോകത്തിലും വരുവാനുള്ളതിലും ക്ഷമിക്കപ്പെടാത്ത പാപമാണ്: (മത്താ, 12:32). [കാണുക: മോണോതീയിസം (Monotheism) തെളിവുകൾ].

ദൈവം ഏകൻ, ഒരുവൻ, ഒരുത്തൻ മാത്രം, യഹോവ ഒരുത്തൻ മാത്രം ദൈവം, യഹോയല്ലാതെ മറ്റൊരു ദൈവമില്ല, യഹോവയ്ക്ക് സമനായും സദൃശനായും ആരുമില്ല, യഹോവയല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ല, യഹോവയ്ക്ക് മുമ്പോ പിമ്പോ മറ്റൊരു ദൈവമില്ല, ഏകദൈവം, ഏകസത്യദൈവം, പിതാവായ ഏകദൈവം, ദൈവവും പിതാവും ആയവൻ ഒരുവൻ എന്നിങ്ങനെ അല്ലാതെ, ദൈവം വ്യക്തിയാണെന്നോ, ദൈവത്തിൽ വ്യക്തികളുണ്ടെന്നോ, ദൈവത്തിനു് ബഹുത്വമുണ്ടെന്നോ, ഐക്യത്തിൽ ഒന്നാണെന്നോ ഒരു വാക്യത്തിൽപ്പോലും പറഞ്ഞിട്ടില്ല. യഹോവയായ ഏകദൈവവും പഴയനിയമത്തിലെ മശീഹമാരും ഭക്തന്മാരും ദൈവത്തിൻ്റെ ക്രിസ്തുവും അവൻ്റെ ശിഷ്യന്മാരും പഠിപ്പിച്ചത് “ഏകദൈവം” അഥവാ, “ഒരുത്തൻ മാത്രമായ” (The only God) ദൈവത്തെക്കുറിച്ചാണ്. “ഞാൻ യഹോവയാകുന്നു മറ്റൊരുത്തനുമില്ല; ഞാനല്ലാതെ ഒരു ദൈവവുമില്ല; എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല; എന്റെ ശേഷം ഉണ്ടാകയുമില്ല; എനിക്കു സമനായും സദൃശനായും ആരുമില്ല, ഞാൻ ഒരുത്തനെയും അറിയുന്നില്ല” എന്നൊക്കെയാണ് യഹോവ പഠിപ്പിച്ചത്. (യെശ, 40:25; 43:10; 44:8; 45:5). “യഹോവ ഒരുത്തൻ മാത്രമാണ് ദൈവമെന്നും, അവനു സമനായും സദൃശനായും ആരുമില്ലെന്നും, യഹോവയല്ലാതെ മറ്റൊരുദൈവം സ്വർഗ്ഗത്തിലോ ഭൂമിയിലോ ഇല്ല” എന്നുമാണ് പഴയനിയമ ഭക്തന്മാർ പഠിപ്പിച്ചത്. (പുറ, 15:11; 1രാജാ, 8:23; 2രാജാ, 19:15,19; നെഹെ, 9:6; സങ്കീ, 40:5).

“ദൈവം ഒരുത്തൻ മാത്രമാണെന്നും, പിതാവ് മാത്രമാണ് സത്യദൈവമെന്നും, അവനെ മാത്രം ആരാധിക്കണമെന്നും, പിതാവ് മാത്രമാണ് സകലവും അറിയുന്നതു” എന്നും “മോണോസ്” (Mónos) കൊണ്ട് ഖണ്ഡിതമായിട്ടാണ് ക്രിസ്തു പഠിപ്പിച്ചത്: (യോഹ, 5:44; 17:3; മത്താ, 4:10; ലൂക്കൊ, 4:8; മത്താ, 24:36. ഒ.നോ: മർക്കൊ, 12:29-32). ക്രിസ്തു പഠിപ്പിച്ചത് തന്നെയാണ് അവൻ്റെ ശിഷ്യന്മാരും പഠിപ്പിച്ചത്. “ദൈവം ഒരുത്തൻ മാത്രമാണു” എന്ന് അപ്പൊസ്തലന്മാർ പഠിപ്പിച്ചതും “മോണോസ്” (Mónos) കൊണ്ടാണ്. ക്രിസ്തു അഞ്ച് വാക്യങ്ങളിലും, അപ്പൊസ്തലന്മാർ എട്ട് വാക്യങ്ങളിലും “മോണോസ്” ഉപയോഗിച്ചിട്ടുണ്ട്. പിതാവായ ഏകദൈവമേ നമുക്കുള്ളൂ എന്നും അപ്പൊസ്തലന്മാർ പഠിപ്പിച്ചു: (യോഹ, 8:41; 1കൊരി, 8:6; എഫെ, 4:6). പിതാവായ ഏകദൈവമേ നമുക്കുള്ളെന്ന് പറഞ്ഞാൽ, യഹോവയായ പിതാവല്ലാതെ മറ്റൊരു ദൈവം സ്വർഗ്ഗത്തിലും ഭൂമിയിലും ഇല്ലെന്നാണ് അർത്ഥം: “ആകയാൽ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും യഹോവ തന്നേ ദൈവം, മറ്റൊരുത്തനുമില്ല എന്നു നീ ഇന്നു അറിഞ്ഞു മനസ്സിൽ വെച്ചുകൊൾക.” (ആവ, 4:39). ഏകസത്യദൈവമായ യഹോവവും അവൻ്റെ ഭക്തന്മാരും നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവും അവൻ്റെ ശിഷ്യന്മാരും സ്വന്ത വായ്കൊണ്ട് അരുളിച്ചെയ്തതും പരിശുദ്ധാത്മാവ് വചനത്തിൽ ആലേഖനം ചെയ്ത് വെച്ചിരിക്കുന്നതുമായ “ഏകദൈവത്തിൽ” ഉള്ള വിശ്വാസത്തെയാണ് “മോണോതീയിസം” (Monotheism) അഥവാ, ഏകദൈവവിശ്വാസം എന്ന് പറയുന്നത്. ഒരേയൊരു സത്യദൈവമായ യഹോവയെയും ദൈവത്തിൻ്റെ ക്രിസ്തുവിനെയും വിശ്വസിക്കാത്തവർക്ക് നിത്യജീവൻ എങ്ങനെ കിട്ടും? യഹോവയായ ഏകദൈവത്തെ തങ്ങളുടെ കണ്ണാൽ കാണുകയും അവൻ്റെ ശബ്ദം കേൾക്കുകയും അവനിൽനിന്നു പഠിക്കുകയും ചെയ്ത പഴയനിയമത്തിലെ മശീഹമാരുടെയും ഭക്തന്മാരുടെയും വാക്കുകൾ വിശ്വസിക്കാത്തവർ എങ്ങനെ വിശ്വാസികൾ ആകും? ക്രിസ്തുവിൻ്റെയും ശിഷ്യന്മാരുടെ വാക്കുകൾ വിശ്വസിക്കാത്തവർ എങ്ങനെ ക്രിസ്തുവിൻ്റെ അനുയായികൾ ആകും? ക്രിസ്തുവിലുള്ള വിശ്വാസത്താലാണ് ദൈവമക്കളും ക്രിസ്ത്യാനികളും ആകുന്നതെങ്കിൽ, ക്രിസ്തു പഠിപ്പിച്ച ഒരേയൊരു സത്യദൈവത്തിലല്ലേ വിശ്വസിക്കേണ്ടത്? ക്രിസ്തുവും അപ്പൊസ്തലന്മാരും പഠിപ്പിച്ച “മോണോതീയിസത്തിൽ” (Monotheism) വിശ്വസിക്കാതെ, നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസിൻ്റെ ത്രിമൂർത്തി ബഹുദൈവത്തിൽ വിശ്വസിക്കുന്നവർ ക്രിസ്തുവിൻ്റെ അനുയായികളല്ല; ക്രിസ്തു വൈരികളാണ്. പരിഗ്രഹിക്കാൻ മനസ്സുള്ളവർ പരിഗ്രഹിക്കുക!

മോണോതീയിസത്തിൻ്റെ മുഴുവൻ തെളിവുകളും കാണാം:

മോണോതീയിസം (Monotheism) തെളിവുകൾ

Leave a Reply

Your email address will not be published. Required fields are marked *