മർക്കൊസ്

മർക്കൊസ് എന്ന യോഹന്നാൻ
(John Mark)

പേരിനർത്ഥം – വലിയ ചുറ്റിക, കൂടം

മർക്കൊസ് ലത്തീൻ പേരാണ്. യോഹന്നാൻ യെഹൂദ്യനാമമാണ്. പുതിയനിയമത്തിൽ മർക്കൊസിന്റെ പേർ പത്തുപ്രാവശ്യം കാണപ്പെടുന്നു. അപ്പൊസ്തല പ്രവൃത്തികളിൽ രണ്ടുപ്രാവശ്യം യോഹന്നാൻ (13:5,13) എന്നും, ഒരിക്കൽ മർക്കൊസ് (15:38) എന്നും, മൂന്നുപ്രാവശ്യം മർക്കൊസ് എന്നു മറുപേരുള്ള യോഹന്നാൻ (12:12,25; 15:36) എന്നും പറഞ്ഞിട്ടുണ്ട്. ലേഖനങ്ങളിൽ നാലു പ്രാവശ്യവും മർക്കൊസ് എന്നു മാത്രമേ ഉള്ളൂ.

യെരുശലേം സഭയിൽ പ്രധാനസ്ഥാനം ഉണ്ടായിരുന്ന മറിയയുടെ മകനായിരുന്നു മർക്കൊസ് എന്നു മറുപേരുള്ള യോഹന്നാൻ. രണ്ടാം സുവിശേഷത്തിന്റെ ഗ്രന്ഥകർത്താവ് മർക്കൊസ് ആണ്. സഭാപിതാക്കന്മാരുടെ എഴുത്തുകളിലൊന്നിൽ മർക്കൊസിന് കട്ടവിരലൻ (Kolobodaktylos) എന്ന വിശേഷണം നല്കിക്കാണുന്നു. വിരലിനുണ്ടായിരുന്ന ഏതോ വൈകല്യത്തെയായിരിക്കണം ഇതു സൂചിപ്പിക്കുന്നത്. മർക്കൊസിന്റെ മച്ചുനനാണ് ബർന്നബാസ്. (കൊലൊ, 4:10). ബർന്നബാസ് ലേവ്യനായതിനാൽ (അപ്പൊ, 4:36,37) മർക്കൊസും ലേവ്യനാണ്. എനിക്കു മകനായ മർക്കൊസ് എന്നു മർക്കൊസിനെപ്പറ്റി പത്രൊസ് തന്റെ ലേഖനത്തിൽ (1പത്രൊ, 5:12) പറയുന്നുണ്ട്. അതിൽനിന്നും പത്രൊസിന്റെ ശുശ്രൂഷയിൽ മർക്കൊസ് ക്രിസ്ത്യാനിയായി എന്നു കരുതാവുന്നതാണ്. മർക്കൊസിനെക്കുറിച്ചുള്ള ആദ്യസൂചന പ്രസ്തുത നാമത്തിലുള്ള സുവിശേഷത്തിലാണ്. (14:51). യേശുവിനെ ബന്ധിച്ചപ്പോൾ പുതപ്പു പുതച്ചുകൊണ്ടു യേശുവിനെ അനുഗമിക്കുകയും പിടിച്ചപ്പോൾ പുതപ്പു വിട്ടു നഗ്നനായി ഓടിപ്പോകുകയും ചെയ്ത ബാല്യക്കാരൻ മർക്കൊസ് ആയിരുന്നുവെന്നു പൊതുവെ കരുതപ്പെടുന്നു. (മർക്കൊ, 14:51). മർക്കൊസിനെക്കുറിച്ചുള്ള ആദ്യത്ത വ്യക്തമായ പരാമർശം പത്രൊസിന്റെ വിടുതലുമായുള ബന്ധത്തിലാണ്. മറിയയുടെ ഭവനത്തിൽ പത്രൊസിന്റെ വിടുതലിനുവേണ്ടി സഭ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. കാരാഗൃഹ മോചിതനായ പത്രൊസ് രാത്രിവന്നത് മറിയയുടെ വീട്ടിലായിരുന്നു. ഇവിടെയാണ് മർക്കൊസിന്റെ പേര് ആദ്യമായി കാണുന്നതു. (അപ്പൊ, 12:12). ക്ഷാമകാലത്തു യെരൂശലേം സഭയ്ക്കുളള സഹായം എത്തിച്ചശേഷം പൗലൊസും ബർന്നബാസും മർക്കൊസിനെയും കൂട്ടിക്കൊണ്ടു അന്ത്യാക്ക്യയിലെത്തി. (പ്രവൃ, 11:27-30; 12:25). പൗലൊസിന്റെയും ബർന്നബാസിന്റെയും ഒന്നാം മിഷണറി യാത്രയിൽ ഒരു ഭൃത്യനെന്ന നിലയിൽ മർക്കൊസ് അവരെ അനുഗമിച്ചു. (പ്രവൃ, 13:5). എന്നാൽ പംഫുല്യയിലെ പെർഗ്ഗയിൽ വച്ച് മർക്കൊസ് അവരെ വിട്ടുപിരിഞ്ഞ് യെരൂശലേമിലേക്കു മടങ്ങിപ്പോയി. ഗൃഹാതുരത്വമോ, തുടർന്നുള്ള മലമ്പ്രദേശയാത്രയിൽ നേരിട്ടേയ്ക്കാവുന്ന ദോഷങ്ങളെക്കുറിച്ചുള്ള ചിന്തയോ ആയിരിക്കണം കാരണം. എന്തായാലും മർക്കൊസിനെ കൂടെ കൊണ്ടുപോകുവാൻ പിന്നീട് പൗലൊസ് വിസമ്മതിച്ചു. (പ്രവൃ, 15:37,38). അതിന്റെ പേരിൽ പൗലൊസും ബർന്നബാസും തമ്മിൽ ഉഗ്രവാദം ഉണ്ടായി. മിഷണറിസംഘം രണ്ടു ഗണമായി. പൗലൊസ് ശീലാസിനോടൊപ്പം ഏഷ്യാമൈനർ പ്രദേശങ്ങളിലേക്കു പോയി. ബർന്നബാസ് മർക്കൊസിനെ കൂട്ടിക്കൊണ്ടു കപ്പൽ കയറി കുപ്രൊസ് ദ്വീപിലേക്കു പോയി. (പ്രവൃ,15:38).

തുടർന്നു മർക്കൊസിനെ കാണുന്നത് പൗലൊസിന്റെ സഹപ്രവർത്തകനായിട്ടാണ്. പൗലൊസ് തടവിൽ ആയിരുന്നപ്പോൾ മർക്കൊസ് കൂട്ടുവേലക്കാരനും ആശ്വാസവും ആയിരുന്നു. അതിനാൽ അവൻ വന്നാൽ അവനെ കൈക്കൊള്ളണമെന്നു ആവശ്യപ്പെട്ടു കൊണ്ടു പൗലൊസ് മർക്കൊസിന്റെ വന്ദനം കൂടി സഭയെ അറിയിച്ചു. (കൊലൊ, 4:10; ഫിലേ, 1:24). മർക്കൊസ് തനിക്കു ശുശ്രൂഷയ്ക്ക് ഉപയോഗമുളളവൻ ആകയാൽ അവനെ കൂട്ടിക്കൊണ്ടു ചെല്ലുന്നതിനു കാരാഗൃഹത്തിൽ വച്ച് പൗലൊസ് തിമൊഥയൊസിനു് എഴുതി. (2തിമൊ, 4:11). പത്രൊസ് അപ്പൊസ്തലൻ മർക്കൊസിനെപ്പറ്റി ‘എനിക്കു മകനായ മർക്കൊസ്’ എന്നു പറയുന്നു. (1പത്രൊ, 5 ;13). ഈജിപ്റ്റിലെയും അലക്സാണ്ട്രിയയിലെയും സഭകൾ മർക്കൊസ് സ്ഥാപിച്ചു എന്നും പത്രൊസിന്റെയും പൗലൊസിന്റെയും മരണശേഷം മർക്കൊസ് രക്തസാക്ഷിയായി എന്നും പാരമ്പര്യം പറയുന്നു.

മത്തഥ

മത്തഥ (Mattatha)

പേരിനർത്ഥം – യഹോവയുടെ ദാനം

യേശുവിന്റെ വംശാവലിയിൽ ദാവീദിന്റെ പുത്രനായ നാഥാന്റെ പുത്രൻ. “എല്യാക്കീം മെല്യാവിന്റെ മകൻ, മെല്യാവു മെന്നയുടെ മകൻ, മെന്നാ മത്തഥയുടെ മകൻ, മത്തഥാ നാഥാന്റെ മകൻ, നാഥാൻ ദാവീദിന്റെ മകൻ.” (ലൂക്കൊ, 3:31).

മത്തഥ്യൊസ്

മത്തഥ്യൊസ് (Mattathias)

പേരിനർത്ഥം – യഹോവയുടെ ദാനം

യേശുവിന്റെ വംശാവലിയിൽ ആമോസിന്റെ പുത്രൻ. “യോസേഫിന്റെ മകൻ, യോസേഫ് മത്തഥ്യൊസിന്റെ മകൻ, മത്തഥ്യൊസ് ആമോസിന്റെ മകൻ, ആമോസ് നാഹൂമിന്റെ മകൻ, നാഹൂം എസ്ളിയുടെ മകൻ, എസ്ളി നഗ്ഗായിയുടെ മകൻ.” (ലൂക്കൊ, 3:25).

മത്തഥ്യൊസ്

യേശുവിന്റെ വംശാവലിയിൽ ശെമയിയുടെ മകൻ. “നഗ്ഗായി മയാത്തിന്റെ മകൻ, മയാത്ത് മത്തഥ്യൊസിന്റെ മകൻ, മത്തഥ്യൊസ് ശെമയിയുടെ മകൻ, ശെമയി യോസേഫിന്റെ മകൻ, യോസേഫ് യോദയുടെ മകൻ.” (ലൂക്കൊ, 3:26).

മത്ഥാത്ത്

മത്ഥാത്ത് (Matthat)

പേരിനർത്ഥം – ദൈവദാനം

യേശുവിന്റെ വംശാവലിയിൽ ഹേലിയുടെ പിതാവ്. “യോസേഫ് ഹേലിയുടെ മകൻ, ഹേലി മത്ഥാത്തിന്റെ മകൻ, മത്ഥാത്ത് ലേവിയുടെ മകൻ, ലേവി മെൽക്കിയുടെ മകൻ, മെൽക്കി യന്നായിയുടെ മകൻ.” (ലൂക്കോ, 3:24).

മത്ഥാത്ത്

യേശുവിന്റെ വംശാവലിയിൽ യോരീമിന്റെ പിതാവ്. “ഏർ യോസുവിന്റെ മകൻ, യോശു എലീയേസരിന്റെ മകൻ, എലീയേസർ യോരീമിന്റെ മകൻ, യോരീം മത്ഥാത്തിന്റെ മകൻ, മത്ഥാത്ത് ലേവിയുടെ മകൻ.” (ലൂക്കൊ, 3:2:29).

മത്ഥാൻ

മത്ഥാൻ (Matthan)

പേരിനർത്ഥം – ദാനം

മറിയയുടെ ഭർത്താവായ യോസേഫിന്റെ പിതാമഹൻ. “എലീഹൂദ് എലീയാസരെ ജനിപ്പിച്ചു; എലീയാസർ മത്ഥാനെ ജനിപ്പിച്ചു; മത്ഥാൻ യാക്കോബിനെ ജനിപ്പിച്ചു.” (മത്താ . 1:15).

ബെസലേൽ

ബെസലേൽ (Bezaleel)

പേരിനർത്ഥം – ദൈവത്തിന്റെ തണലിൽ

യെഹൂദാഗോത്രത്തിൽ ഊരിയുടെ മകനായ ബസലേലിനെ സമാഗമന കൂടാരത്തിന്റെ പണിക്കായി യഹോവ പേർചൊല്ലി വിളിച്ചു. ചിത്രപ്പണികൾ ചെയ്യുവാൻ ആവശ്യമായ ജ്ഞാനവും ബുദ്ധിയും സാമർത്ഥ്യവും അവനു ദൈവം പ്രത്യേക ദാനമായി നല്കി. സമാഗമനകൂടാരവും ഉപകരണങ്ങളും ബെസലേലിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി. (പുറ, 31:2-11; 35:30-35; 1ദിന, 2:20; 2ദിന, 1:5).

ബേൽശസ്സർ

ബേൽശസ്സർ (Belshannar)

പേരിനർത്ഥം – ബേൽ രാജാവിനെ രക്ഷിക്കട്ടെ

നബോണിദസിന്റെ പുത്രനും നെബൂഖദ്നേസർ രണ്ടാമന്റെ പൗത്രനുമായ ബേൽശസ്സർ നവബാബിലോന്യ സാമ്രാജ്യത്തിലെ അവസാന രാജാവായിരുന്നു. അറേബ്യയിലെ തേമായിൽ ആക്രമണങ്ങൾ നടത്തുന്നതിനു ഇറങ്ങി പുറപ്പെട്ട നബോണിദസ് രാജ്യഭരണം പുത്രനെ ഏല്പിച്ചു. ഏതാണ്ട് പത്തുവർഷം അയാൾ വിദേശങ്ങളിലെ യുദ്ധങ്ങളിൽ വ്യാപൃതനായിരുന്നു. ദിനവൃത്താന്തങ്ങളിൽ രാജാവ് 7,9,10,11 വർഷങ്ങളിൽ തേമാ എന്ന പട്ടണത്തിലായിരുന്നുവെന്നും രാജാവിന്റെ പുത്രനും പ്രഭുക്കന്മാരും സൈന്യവും അക്കാദിയിൽ (ബാബേൽ) ആയിരുന്നവെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. രാജാവിന്റെ അസാന്നിദ്ധ്യത്തിൽ പുതുവത്സരോത്സവം ആഘോഷിച്ചില്ല. 17-ാം വർഷം രാജാവ് മടങ്ങിവന്ന ശേഷമാണ് ഉത്സവം ആചരിച്ചത്. നബോണിദസിന്റെ അസാന്നിദ്ധ്യത്തിൽ ഭരണം മുഴുവൻ നടത്തിയത് ബേൽശസ്സർ ആയിരുന്നു. അതിനാലാണ് ബേൽശസ്സറിനെ കല്ദയരാജാവെന്നു പറഞ്ഞിട്ടുള്ളത്. (ദാനീ, 5:30). ദാനീയേൽ 5:1-ൽ ബേൽശസ്സറിനെ നെബുഖദ്നേസറിന്റെ മകൻ എന്നു പറഞ്ഞിരിക്കുന്നു. ബേൽശസ്സർ നെബൂഖദ്നേസറിന്റെ പുത്രനല്ല. ബേൽശസ്സറിന്റെ മാതാവായ നിറ്റോക്രിസ് നെബൂഖദ്നേസറിന്റെ പുത്രിയാണ്. ഇവിടെ അപ്പൻ എന്ന പ്രയോഗം ശേമ്യനടപ്പനുസരിച്ചു മുൻഗാമി എന്നു മനസ്സിലാക്കിയാൽ മതി. അശ്ശൂർ രേഖകളിൽ യേഹുവിനെ ഒമ്രിയുടെ പുത്രൻ എന്നു പറഞ്ഞിട്ടുണ്ട്. ഒരു രാജകീയ അനന്തരഗാമി എന്നതിലേറെ യേഹൂവിനും ഒമ്രിക്കും തമ്മിൽ ഒരു ബന്ധവുമില്ല.

ബേൽശസ്സർ രാജ്യത്തിലെ മഹത്തുക്കൾക്കു ഒരു വിരുന്നു നടത്തി. വീഞ്ഞുകുടിച്ചു രസിച്ചിരിക്കുമ്പോൾ യെരൂശലേം ദൈവാലയത്തിൽ നിന്നു നെബൂഖദ്നേസർ കൊണ്ടുവന്ന പാത്രങ്ങൾ വരുത്തി അവയിൽ നിന്നു പാനം ചെയ്തു. ആ സമയത്തു ചുവരിന്റെ വെള്ളമേൽ ഒരു കൈപ്പത്തി എഴുതി. രാജാവു പരിഭ്രമിച്ചു. ചുവരിലെ എഴുത്തു വായിച്ചു അർത്ഥം അറിയിക്കുന്നതിനു ബാബേലിലെ വിദ്വാന്മാരെ വരുത്തി. എന്നാൽ അവർക്കാർക്കും എഴുത്തു വായിക്കുന്നതിനും അർത്ഥം പറയുന്നതിനും കഴിഞ്ഞില്ല. ദാനീയേൽ പ്രവാചകൻ ആ എഴുത്തു വായിച്ചു അർത്ഥം ബോധിപ്പിച്ചു. “മെനേ, മെനേ, തെക്കേൽ, ഊഫർസീൻ. കാര്യത്തിന്റെ അർത്ഥമാവിതു മെനേ എന്നുവെച്ചാൽ: ദൈവം നിന്റെ രാജത്വം എണ്ണി, അതിനു അന്തം വരുത്തിയിരിക്കുന്നു. തെക്കേൽ എന്നുവെച്ചാൽ: തുലാസിൽ നിന്നെ തൂക്കി, കുറവുള്ളവനായി കണ്ടിരിക്കുന്നു. പെറേസ് എന്നുവെച്ചാൽ: നിന്റെ രാജ്യം വിഭാഗിച്ചു മേദ്യർക്കും പാർസികൾക്കും കൊടുത്തിരിക്കുന്നു.” (ദാനീ, 5:25-28). ആ രാത്രിയിൽ തന്നെ കല്ദയരാജാവായ ബേൽശസ്സർ കൊല്ലപ്പെട്ടു. മേദ്യനായ ദാര്യാവേശ് രാജാവായി. (ദാനീ, 5:31).

ബൊവനേർഗ്ഗെസ്

ബൊവനേർഗ്ഗെസ് (Boanerges)

പേരിനർത്ഥം – ഇടിമക്കൾ

സെബെദിയുടെ മക്കളായ യാക്കോബ്, യോഹന്നാൻ എന്നിവർക്കു യേശു നല്കിയ അപരനാമം. (മർക്കൊ, 3:17). അവരുടെ പ്രഭാഷണപാടവം കൊണ്ട് ഈ പേർ ലഭിച്ചുവെന്ന് വിശുദ്ധ ജെറോം രേഖപ്പെടുത്തിയിട്ടുണ്ട്. ദ്രുതഗതിയോ കോപസ്വഭാവമോ നിമിത്തം ഈ പേർ ലഭിച്ചതായി കരുതുന്നവരുമുണ്ട്. (ലൂക്കൊ, 9:52-56). മർക്കൊസ് മാത്രമേ ഈ പേർ രേഖപ്പെടുത്തിയിട്ടുളളൂ.

ബോവസ്

ബോവസ് (Boaz)

പേരിനർത്ഥം – ശീഘ്രത

രൂത്തിന്റെ ഭർത്താവ്. ന്യായാധിപന്മാരുടെ കാലത്ത് ബേത്ത്ലേഹെമിൽ പാർത്തിരുന്ന ഒരു ധനികനായിരുന്നു ബോവസ്. നൊവൊമിയും രൂത്തും മോവാബ് ദേശത്തുനിന്നും ബേത്ത്ലേഹെമിലേക്കു മടങ്ങി വന്നു. ബോവസിന്റെ വയലിൽ കാലാപെറുക്കുവാനുള അനുവാദം രൂത്തിനു ലഭിച്ചു. ബോവസ് രൂത്തിനോടു കരുണയോടെ പെരുമാറി. രൂത്തിനോട് അടുത്ത ബന്ധമുള്ള ചാർച്ചക്കാരൻ ദേവരനിയമം അനുസരിച്ചു രൂത്തിനെ വിവാഹം ചെയ്യുവാൻ താത്പര്യപ്പെട്ടില്ല. എന്നാൽ ബോവസ് എല്ലാ കടപ്പാടുകളും ഏറ്റെടുത്ത് രൂത്തിനെ വിവാഹം ചെയ്തു. ബോവസ് രുത്ത് ദമ്പതികൾക്ക് ഓബേദ് ജനിച്ചു. അദ്ദേഹമായിരുന്നു ദാവീദിന്റെ പിതാമഹൻ. (രൂത്ത്, 4:21; 1ദിന, 2:11; മത്താ, 1:5; ലൂക്കൊ, 3:32).

ബ്ലസ്തൊസ്

ബ്ലസ്തൊസ് (Blastus)

ഹെരോദാ അഗ്രിപ്പാ ഒന്നാമന്റെ പളളിയറസൂക്ഷിപ്പുകാരൻ. സോർ-സീദോൻ നിവാസികൾ ഈയാളെ വശത്താക്കി രാജാവിനെ സ്വാധീനിച്ച് പ്രീതി നേടുവാൻ ശ്രമിച്ചു. “അവൻ സോര്യരുടെയും സിദോന്യരുടെയും നേരെ ക്രുദ്ധിച്ചിരിക്കുമ്പോൾ രാജാവിന്റെ ദേശത്തുനിന്നു തങ്ങളുടെ ദേശത്തിന്നു ആഹാരം കിട്ടിവരികയാൽ അവർ ഏകമനസ്സോടെ അവന്റെ അടുക്കൽ ചെന്നു, രാജാവിന്റെ പള്ളിയറക്കാരനായ ബ്ളസ്തൊസിനെ വശത്താക്കി സന്ധിക്കായി അപേക്ഷിച്ചു.” (പ്രവൃ, 12:20).