യിസ്രായേലിൻ്റെ പതിനൊന്നാമത്തെ ന്യായാധിപൻ. ഏലോൻ യിസ്രായേലിൽ പത്ത് സംവത്സരം ന്യായപാലനം ചെയ്തു. അതിൻ്റെശേഷം ഏലോൻ മരിച്ചു. സെബൂലൂൻ നാട്ടിൽ അയ്യാലോനിൽ ഇയാളെ അടക്കം ചെയ്തു: (ന്യായാ, 12:11,12).
യിസ്രായേലിലെ പത്താമത്തെ ന്യായാധിപൻ: (ന്യായാ, 12:8-10). യിഫ്താഹിനുശേഷം യിസ്രായേലിന് ഏഴു വർഷം ന്യായപാലനം ചെയ്തു. ഇബ്സാൻ വലിയ സമ്പന്നനായിരുന്നു. അവന് മുപ്പതു പുത്രന്മാരും മുപ്പതു പുത്രിമാരും ഉണ്ടായിരുന്നു. ഇബ്സാൻ ബേത്ലേഹെമ്യനായിരുന്നു. ഈ ബേത്ലേഹെം സെബൂലുനിലെ ബേത്ലേഹെമാണ്; യെഹൂദ്യയിലെ ബേത്ലേഹെം അല്ല.
യിസ്രായേലിലെ ഒമ്പതാമത്തെ ന്യായാധിപൻ. ഗിലെയാദ് ദേശത്തിലെ ഗിലെയാദിനു ഒരു വേശ്യയിൽ ജനിച്ച പുത്രനാണ് യിഫ്താഹ്. അവിഹിതജനനം നിമിത്തം കുടുംബഭ്രഷ്ടനും ദേശഭ്രഷ്ടനും ആയിത്തീർന്നു. തോബ് ദേശത്തു ചെന്നു തന്നെപ്പോലെ നിസ്സാരന്മാരായ ആളുകളെ സംഘടിപ്പിച്ചു അവരുടെ നായകനായി: (ന്യായാ, 11:1-3). അമ്മോന്യരും യിസ്രായേല്യരുമായി യുദ്ധം ഉണ്ടായപ്പോൾ തങ്ങൾക്കു സ്വീകാര്യനായ നേതാവായി യിസ്രായേല്യർ യിഫ്താഹിനെ വിളിച്ചു. തന്നോടു മോശമായി പെരുമാറിയതിനാൽ ഈ ക്ഷണം യിഫ്താഹ് ആദ്യം നിരസിച്ചു. യുദ്ധം തീർന്നതിനു ശേഷവും തന്നെ നേതാവായി സ്വീകരിക്കുമെന്നു ഉറപ്പു വാങ്ങിയ ശേഷം യിഫ്താഹ് യിസ്രായേല്യരുടെ നേതൃത്വം ഏറ്റെടുത്തു. അമ്മോന്യരുമായി സമാധാനമായി കഴിയുവാനുള്ള ശ്രമം പരാജയപ്പെട്ടതിനു ശേഷമാണ് യിഫ്താഹ് യുദ്ധത്തിനൊരുമ്പെട്ടത്. യഹോവയുടെ ആത്മാവ് യിഫ്താഹിന്റെ മേൽ വന്നു. അമ്മോന്യരെ ജയിച്ചു സമാധാനത്തോടെ മടങ്ങിവരുമ്പോൾ വീട്ടിന്റെ വാതില്ക്കൽ നിന്നു തന്നെ എതിരേറ്റു വരുന്നതിനെ യഹോവയ്ക്ക് ഹോമയാഗമായി അർപ്പിക്കും എന്നു യിഫ്താഹ് പ്രതിജ്ഞ ചെയ്തു. അമ്മോന്യരെ ജയിച്ചു മടങ്ങിവന്നപ്പോൾ യിഫ്താഹിനെ എതിരേറ്റു വന്നത് തന്റെ ഏകമകൾ ആയിരുന്നു: (ന്യായാ, 11:4-33).
തുടർന്നു എഫ്രയീമ്യരുമായി കലഹമുണ്ടായി. തങ്ങളുടെ അനുവാദം കൂടാതെ യിഫ്താഹ് അമ്മോന്യരോടു യുദ്ധം ചെയ്യാൻ പോയതിനെ എഫ്രയീമ്യർ ചോദ്യം ചെയ്തു. “ഞങ്ങൾ നിന്നെ വീട്ടിനകത്തിട്ടു ചുട്ടുകളയും” എന്നു അവർ ഭീഷണി മുഴക്കി. ഗിലെയാദ്യരെ കൂട്ടിച്ചേർത്തു യിഫ്താഹ് എഫ്രയീമ്യരോടു യുദ്ധം ചെയ്ത അവരെ തോല്പിച്ചു. എഫ്രയീം ഭാഗത്തുള്ള യോർദ്ദാന്റെ കടവുകൾ ഗിലെയാദ്യർ പിടിച്ചു. എഫ്രയീമ്യരിൽ 42,000 പേർ വീണു. യിഫ്താഹ് ആറു വർഷം യിസ്രായേലിനു ന്യായപാലനം ചെയ്തു. ഗിലെയാദ്യ പട്ടണങ്ങളിൽ ഒന്നിൽ അവനെ അടക്കം ചെയ്തു: (ന്യായാ, 12:1-7). എബ്രായ ലേഖനത്തിലെ വിശ്വാസ വീരന്മാരുടെ പട്ടികയിൽ യിഫ്താഹും ഉണ്ട്: (എബ്രാ, 11:32).
യിഫ്താഹ് തന്റെ മകളെ യാഗം കഴിച്ചുവോ ഇല്ലയോ എന്നതു വിവാദഗ്രസ്തമായ വിഷയമാണ്. താൻ നേർന്നതുപോലെ യിഫ്താഹ് മകളെ ഹോമയാഗം കഴിച്ചു എന്നു പലരും കരുതുന്നു: (ന്യായാ, 11:3-39). എന്നാൽ ലേവ്യപുസ്തകത്തിൽ നിർദ്ദേശിച്ചിട്ടുള്ളതുപോലെ പണം കൊടുത്തു അവളെ വീണ്ടെടുത്തു ജീവപര്യന്തം കന്യകയായിരിക്കുവാൻ സമർപ്പിച്ചു എന്നു മറ്റു ചിലർ കരുതുന്നു.
1. എന്റെ വീട്ടുവാതില്ക്കൽ നിന്നു എന്നെ എതിരേറ്റു വരുന്നതിനെ ഞാൻ ഹോമയാഗമായി അർപ്പിക്കും എന്നു യിഫ്താഹ് നേരുകയും അവൻ നേർന്നിരുന്ന നേർച്ചപോലെ അവളോടു ചെയ്യുകയും ചെയ്തു: (11:31, 39).
2. നരബലി പരിചിതമായിരുന്ന പുറജാതികളുടെ ഇടയിൽ അവരെപ്പോലെയാണ് യിഫ്താഹ് ജീവിച്ചിരുന്നത്.
3. ആണ്ടുതോറും കന്യകമാർ യിഫ്താഹിന്റെ മകൾക്കു വേണ്ടി നാലു ദിവസം കീർത്തിപ്പാൻ പോകുന്നതു അവൾ യാഗമായതുകൊണ്ടാണ്.
4. യിഫ്താഹിന്റെ പ്രവൃത്തിയെ ദൈവം അംഗീകരിച്ചതായി പറഞ്ഞിട്ടുമില്ല. ഇവയാണ് യിഫ്താഹ് മകളെ യാഗം കഴിച്ചു എന്ന വാദത്തിനനുകൂലമായ പ്രധാന തെളിവുകൾ.
ഈ വാദത്തെ നിരാകരിക്കുന്നവർ താഴെപ്പറയുന്ന ന്യായങ്ങൾ ചൂണ്ടിക്കാണിക്കുന്നു:
1. കുഞ്ഞുങ്ങളെ ബലി കഴിക്കുന്നത് ന്യായപ്രമാണം വിലക്കിയിട്ടുണ്ട്. അത് യഹോവയ്ക്ക് അറെപ്പാണ്: (ലേവ്യ, 18:21; 20:2-5; ആവ, 12:31; 18:10).
2. ഇപ്രകാരമുള്ള ബലിക്കു ഒരു മുൻമാതൃകയുമില്ല. ആഹാസ് രാജാവിന്റെ കാലത്തിനു മുമ്പു ഏതെങ്കിലും യിസ്രായേല്യൻ നരബലിയർപ്പിച്ചതായി ഒരു രേഖയുമില്ല.
3. കുറ്റം ചെയ്യുന്ന കുഞ്ഞിനെപ്പോലും ഒരു പിതാവു മരണശിക്ഷയ്ക്കു ഏല്പിക്കുകയില്ല. യിഫ്താഹിന്റെ മകളാകട്ടെ നിഷ്ക്കളങ്കയും: (ആവ, 21:18-21; 1ശമൂ, 14:24-45).
4. അവൻ നേർന്നിരുന്ന നേർച്ചപോലെ അവളോടു ചെയ്തു എന്നു പറഞ്ഞശേഷം അവൾ ഒരു പുരുഷനെ അറിഞ്ഞിരുന്നതുമില്ല എന്നു പറയുന്നു. അവളെ മരണത്തിനേല്പിച്ചിരുന്നുവെങ്കിൽ ഈ പ്രസ്താവന നിരർത്ഥകമാണ്. കന്യാത്വത്തിന് അവളുടെ ജീവിതം സമർപ്പിക്കപ്പെട്ടു എന്നാണ് അതു ചൂണ്ടിക്കാണിക്കുന്നത്. ദൈവാലയ ശുശ്രൂഷയ്ക്കുവേണ്ടി തങ്ങളെത്തന്നെ സമർപ്പിച്ചിരുന്ന സ്ത്രീകളെക്കുറിച്ചു പറഞ്ഞിട്ടുണ്ട്: (പുറ, 38:8; 1ശമൂ, 2:22; ലൂക്കൊ, 2:37). ഈ സമർപ്പിതകളോടൊപ്പം യിഫ്താഹിന്റെ പുത്രിയും വേർതിരിക്കപ്പെട്ടു. യിസ്രായേലിലെ കന്യകകൾ വർഷംതോറും അവളുടെ കന്യാത്വത്തെ പ്രകീർത്തിക്കുവാൻ പോയി എന്നതു അവളെ ബലിയർപ്പിച്ചില്ല എന്നതിനു തെളിവാണ്.
5. തന്റെ മകൾക്കു സംഭവിപ്പാൻ പോകുന്ന മരണത്തെക്കുറിച്ചല്ല അവളുടെ കന്യാത്വത്തെക്കുറിച്ചു വിലപിക്കുവാനാണ് രണ്ടു മാസം നല്കിയത്: (ന്യായാ, 11:37,38).
യിസ്രായേലിലെ എട്ടാമത്തെ ന്യായാധിപൻ; ഇരുപത്തിരണ്ടു വർഷം ന്യായപാലനം ചെയ്തു: (ന്യായാ, 10:3-5). യായീരിനു കഴുതപ്പുറത്തു കയറി ഓടിക്കുന്ന മുപ്പതു പുത്രന്മാർ ഉണ്ടായിരുന്നു. അവരുടെ അവകാശത്തിൽ മുപ്പതു ഊരുകളും ഉണ്ടായിരുന്നു. അവയ്ക്ക് ഹവ്വോത്ത്–യായീർ എന്നു പേർ പറയുന്നു; അവ ഗിലെയാദ് ദേശത്തു ആകുന്നു. യായീർ മരിച്ചപ്പോൾ അവനെ കാമോനിൽ അടക്കി.
യിസ്സാഖാർ ഗോത്രജനായ പൂവാവിന്റെ മകൻ: (ന്യായാ, 10:1,2). ഗിദെയോനു വെപ്പാട്ടിയിൽ ജനിച്ച പുത്രനായ അബീമേലെക്കിനുശേഷം തോലാ യിസ്രായേലിൻ്റെ രക്ഷകനായി എഴുന്നേറ്റു. എഫ്രയീം നാട്ടിലെ ശാരീരിൽ പാർത്തിരുന്നു. യിസ്രായേലിന് 23 വർഷം ന്യായപാലനം ചെയ്തശേഷം മരിച്ചു. ശാരീരിൽ അവനെ അടക്കി.
യിസ്രായേലിന്റെ ആറാമത്തെ ന്യായാധിപൻ. മനശ്ശെ ഗോത്രത്തിൽ അബിയേസ്ര്യ കുടുംബത്തിൽ യോവാശിൻറ മകൻ: (ന്യായാ, 6:11). യോർദ്ദാനക്കരെ ഗിലെയാദിലെ ഒഫ്രയിൽ പാർത്തിരുന്നു. യിസ്രായേൽ മക്കൾ യഹോവയ്ക്ക് അനിഷ്ടമായതു പ്രവർത്തിച്ചതുകൊണ്ടു യഹോവ അവരെ ഏഴുവർഷം മിദ്യാന്യരുടെ കയ്യിൽ ഏല്പിച്ചു. മിദ്യാന്യർ നിമിത്തം യിസ്രായേല്യർ പർവ്വതങ്ങളിലെ ഗഹ്വരങ്ങളും ഗുഹകളും ദുർഗ്ഗങ്ങളും ശരണമാക്കി. മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാരും വന്ന് യിസ്രായേല്യരുടെ വിള നശിപ്പിക്കുകയും ആട് കാള കഴുത എന്നിവയെ കൊണ്ടുപോകുകയും ചെയ്തു: (ന്യായാ, 6:1-6). ഇങ്ങനെ യിസ്രായേൽ ഏറ്റവും ക്ഷയിച്ചിരുന്ന കാലത്ത് ഗിദെയോൻ മുന്തിരിച്ചക്കിന്നരികെ വച്ച് കോതമ്പ് മെതിക്കുകയായിരുന്നു: (ന്യായാ, 6:11). യഹോവയുടെ ദൂതൻ ഗിദെയോനു പ്രത്യക്ഷപ്പെട്ട് “അല്ലയോ പരാക്രമശാലിയേ, യഹോവ നിന്നോടു കൂടെ ഉണ്ട്” എന്നറിയിച്ചു. അതിനു ഗിദയോൻ; “അയ്യോ, യജമാനനേ, യഹോവ നമ്മോടുകൂടെ ഉണ്ടെങ്കിൽ നമുക്കു ഇതു ഒക്കെ ഭവിക്കുന്നതു എന്തു” എന്നു നിരാശാപൂർണ്ണമായ മറുപടി നല്കി. യഹോവ അവനെ യിസ്രായേലിനെ രക്ഷിക്കുവാൻ നിയോഗിച്ചു. എന്നാൽ അത് അസാദ്ധ്യമാകയാൽ യഹോവയുടെ സഹായം ഉണ്ടെന്നതിൻ്റെ ഉറപ്പിനായി സ്വർഗ്ഗത്തിൽ നിന്നൊരടയാളം ഗിദെയോൻ ആവശ്യപ്പെട്ടു. അവനടയാളം ലഭിച്ചു. ഗിദെയോൻ അർപ്പിച്ച കോലാട്ടിൻ കുട്ടിയുടെ മാംസത്തെയും പുളിപ്പില്ലാത്ത വടയെയും യഹോവയുടെ ദൂതൻ വടിയുടെ അറ്റം കൊണ്ടു തൊട്ടപ്പോൾ പാറയിൽ നിന്നു അഗ്നി പുറപ്പെട്ടു അതിനെ ദഹിപ്പിച്ചു. ഗിദെയോൻ പരിഭ്രമിച്ചു എങ്കിലും യഹോവ അവനെ ആശ്വസിപ്പിച്ചു. ഗിദെയോൻ ഒരു യാഗപീഠം നിർമ്മിച്ച് അതിനു “യഹോവ ശലോം” എന്നു പേരിട്ടു: (ന്യായാ, 6:1-24).
അനന്തരം ഗിദെയോൻ പിതൃഭവനത്തെ ശുദ്ധീകരിച്ചു. ബാലിന്റെ ബലിപീഠം ഇടിക്കുകയും അശേരാപ്രതിഷ്ഠ വെട്ടിക്കളകയും ചെയ്തു. തുടർന്നു യഹോവയ്ക്ക് യാഗപീഠം പണിതു. അപ്പൻ്റെ ഏഴുവയസ്സു പ്രായമുള്ള രണ്ടാമത്തെ കാളയെ യഹോവയ്ക്ക് യാഗം കഴിച്ചു. പട്ടണവാസികൾ ഗിദെയോനെതിരെ തിരിഞ്ഞ് അവനെ കല്ലെറിയാനൊരുങ്ങി. ബാൽതന്നെ ഇവൻറ നേരെ വ്യവഹരിക്കട്ടെ എന്ന് പിതാവായ യോവാശ് പറഞ്ഞു. അങ്ങനെ അവനു യെരൂബ്ബാൽ എന്നു പേരായി: (ന്യായാ, 6:32). മിദ്യാന്യരും കൂട്ടരും ഒരിക്കൽ കൂടി യിസ്രായേലിനെ ആക്രമിച്ചു. യഹോവയുടെ ആത്മാവ് ഗിദയോൻ മേൽവന്നു. മനശ്ശെ, ആശേർ, സെബൂലൂൻ, നഫ്താലി എന്നീ ഗോത്രങ്ങളിൽ നിന്നും ഒരു സൈന്യം ശേഖരിച്ചു. വിജയസൂചകമായി ഒരടയാളം ഗിദെയോൻ ദൈവത്തോടു ചോദിച്ചു. താൻ നിലത്തിടുന്ന ആട്ടിൻതോൽ മഞ്ഞിനാൽ നിറഞ്ഞിരിക്കണമെന്നും ചുറ്റുമുള്ള നിലം ഉണങ്ങിയിരിക്കണമെന്നും ഗിദെയോൻ ആവശ്യപ്പെട്ടു. പിറ്റേദിവസം രാവിലെ തോൽ പിഴിഞ്ഞപ്പോൾ ഒരുകിണ്ടി മഞ്ഞു വെളളം ലഭിച്ചു. പിറ്റേ ദിവസം ഈ അത്ഭുതം മറിച്ചു സംഭവിക്കണമെന്നു ഗിദെയോൻ അപേക്ഷിച്ചു. അതനുസരിച്ചു മണ്ണു നനഞ്ഞും ആട്ടിൻതോൽ ഉണങ്ങിയും ഇരുന്നു: (ന്യായാ, 6:36-40).
വിജയനിശ്ചയത്തോടുകൂടി ഗിദെയോൻ മിദ്യാന്യർക്കെതിരെ പുറപ്പെട്ടു, ജെസ്രീൽ താഴ്വരയിൽ ഹരോദ് ഉറവിന്നരികെ പാളയമിറങ്ങി. ശത്രുക്കൾ 135000 ഉണ്ടായിരുന്നു; യിസ്രായേൽ സൈന്യമാകട്ടെ 32000-ഉം. ഈ സൈന്യത്തിൽനിന്നും ഭീരുക്കൾ പിന്മാറുവാൻ ഗിദെയോൻ ആവശ്യപ്പെട്ടു. അതനുസരിച്ച് 22000 പേർ പിൻവാങ്ങി. പതിനായിരം പേർ ശേഷിച്ചു. എന്നാൽ അതും കൂടുതലാകയാൽ അവരെ വെള്ളത്തിലിറക്കി പരിശോധിക്കുവാൻ യഹോവ ആവശ്യപ്പെട്ടു. പട്ടിയെപ്പോലെ മുട്ടുകുത്തി വെള്ളം നക്കിക്കുടിച്ചവരെ ഉപേക്ഷിച്ചു. കൈ വായ്ക്കുവച്ചു നക്കിക്കുടിച്ചവരെ സ്വീകരിച്ചു. അവർ മുന്നൂറു പേർ ആയിരുന്നു. യഹോവയുടെ കല്പന അനുസരിച്ച് ഗിദെയോനും ബാല്യക്കാരനായ പൂരയും കൂടി രാത്രി പാളയത്തിലേക്കിറങ്ങിച്ചെന്നു. അപ്പോൾ ഒരുവൻ ഒരുവനോടു തന്റെ സ്വപ്നം പറയുന്നതു ഗിദെയോൻ കേട്ടു. ഒരു യവത്തപ്പം മിദ്യാന്യരുടെ പാളയത്തിലേക്കു ഉരുണ്ടു ചെന്നു കൂടാരത്തെ തള്ളിയിട്ടു എന്നായിരുന്നു സ്വപ്നം. ഈ സ്വപ്നവും ഗിദെയോനു ധൈര്യം നല്കി. മുന്നൂറു പേരെയും മൂന്നു ഗണമായി തിരിച്ചു. ഓരോരുത്തർക്കും കാഹളവും ഒഴിഞ്ഞ കുടവും കുടത്തിന്നകത്തു ഓരോ പന്തവും കൊടുത്തു. സൈന്യം മുന്നേറുമ്പോൾ ജ്വലിക്കുന്ന പന്തത്തെ മറയ്ക്കുവാനായിരുന്നു കുടം. അവർ കാഹളം ഊതി കുടം ഉടച്ചു. ശബ്ദവും പന്തത്തിൻ്റെ പെട്ടെന്നുള്ള പ്രകാശവും ഗിദെയോൻ സൈന്യത്തിന്റെ എണ്ണം തെറ്റിദ്ധരിക്കാൻ കാരണമായി. മിദ്യാന്യരെ അവർ പൂർണ്ണമായി പരാജയപ്പെടുത്തി. യിസ്രായേല്യർ അവരെ പിന്തുടർന്നു നശിപ്പിച്ചു; രണ്ടുപ്രഭുക്കന്മാരായ ഓരേബിനെയും സേബിനെയും കൊന്നു, അവരുടെ തലകളെ ഗിദെയോന്റെ അടുക്കൽ കൊണ്ടുവന്നു. ഈ പ്രവൃത്തി ഗിദെയോന്റെ നേതൃത്വം അവർ അംഗീകരിച്ചതിന്റെ അടയാളമാണ്. മിദ്യാന്യരെ പിന്തുടരുമ്പോൾ സുക്കോത്തിലെയും പെനുവേലിലെയും ആളുകൾ യിസ്രായേല്യർക്കു സഹായം നിരസിച്ചു. മടങ്ങിവന്നപ്പോൾ ഗിദെയോൻ രണ്ടു സ്ഥലങ്ങളെയും നശിപ്പിച്ചു: (ന്യായാ, 8:4-17). സേബഹിനോടും സൽമുന്നയോടും ‘നിങ്ങൾ താബോരിൽ വച്ചു കൊന്ന പുരുഷന്മാർ എങ്ങനെയുള്ളവർ ആയിരുന്നു” എന്നു ഗിദെയോൻ ചോദിച്ചു. നിന്നെപ്പോലെ ഓരോരുത്തൻ രാജകുമാരനു തുല്യൻ ആയിരുന്നു എന്നു ഉത്തരം പറഞ്ഞു. സ്വന്തം സഹോദരന്മാരായ അവരെ കൊന്നതു കൊണ്ടു ഗിദയോൻ ഇരുവരെയും കൊന്നു: (8:18-21).
മിദ്യാന്യരുടെ കയ്യിൽനിന്നും തങ്ങളെ രക്ഷിച്ചതുകൊണ്ട് ഗിദെയോൻ തങ്ങൾക്കു രാജാവായിരിക്കണമെന്നു യിസ്രായേല്യർ ഗിദയോനോടപേക്ഷിച്ചു. ഇവിടെ യിസ്രായേല്യർ 6:35-ൽ പറഞ്ഞിട്ടുള്ള ഉത്തരഗോത്രങ്ങൾ മാത്രമാണ്. ഗിദെയോൻ ആ അപേക്ഷ തിരസ്കരിച്ചു: (8:23). ഗിദെയോൻ ആളുകളുടെ കയ്യിൽനിന്നും സ്വർണ്ണത്തിലുളള കർണ്ണാഭരണങ്ങൾ വാങ്ങി. അത് ഉദ്ദേശം 1700 ശേക്കെൽ ഉണ്ടായിരുന്നു. ഈ സ്വർണ്ണം കൊണ്ട് ഒരു ഏഫോദുണ്ടാക്കി ഒഫ്രയിൽ പ്രതിഷ്ഠിച്ചു. അതു ഗിദെയോനും അവന്റെ കുടുംബത്തിനും ഒരു കണിയായിത്തീർന്നു: (8:27). അവർ അതിനെ പൂജാവസ്തുവാക്കി മാറ്റി. ഗിദെയോൻ്റെ കാലത്തു ദേശത്തിന് നാല്പതു വർഷം സ്വസ്ഥത ലഭിച്ചു. ഗിദെയോനു പല ഭാര്യമാരിലായി എഴുപതു പുത്രന്മാരും വെപ്പാട്ടിയിൽ അബീമേലെക്ക് എന്നൊരുവനും ജനിച്ചു. ഗിദെയോൻ നല്ല വാർദ്ധക്യത്തിൽ മരിച്ചു. ഒഫ്രയിൽ പിതാവിന്റെ കല്ലറയിൽ അവനെ അടക്കി. മശീഹായിലൂടെ ലഭിക്കുന്ന വിടുതലിന്റെ ഉദാഹരണമായി യെശയ്യാപ്രവാചകൻ ഗിദെയോൻ്റെ മിദ്യാന്യവിജയം ചൂണ്ടിക്കാണിച്ചു: (യെശ, 9:4). എബായലേഖനത്തിലെ വിശ്വാസവീരന്മാരുടെ പട്ടികയിൽ ഗിദെയോനും സ്ഥാനം പിടിച്ചു: (എബ്രാ, 11:32).
കേദേശിലെ അബീനോവാമിന്റെ പുത്രൻ. നഫ്താലി ഗോത്രത്തിലെ സങ്കേതനഗരമാണ് കേദെശ്. ദെബോരാ പ്രവാചികയുടെ നിയോഗമനുസരിച്ച് കനാന്യരാജാവായ യാബീനോടും അയാളുടെ സേനാപതിയായ സീസെരയോടും ബാരാക്ക് യുദ്ധത്തിനു പുറ ൾപ്പെട്ടു: (ന്യായാ, 4:4-16). നഫ്താലി, സെബൂലൂൻ ഗോത്രങ്ങളിൽ നിന്നും പതിനായിരം പേരെ ചേർത്തു യുദ്ധത്തിനു പോകാനാണ് ദെബോരാ ബാരാക്കിനോടു പറഞ്ഞത്. സീസെരയെയും സൈന്യത്തെയും കീശോൻ തോട്ടിന്നരികെ കൊണ്ടുവന്നു ബാരാക്കിന്റെ കൈയിൽ ഏല്പിക്കുമെന്നു യഹോവ അരുളിച്ചെയ്തു. ദെബോരാ കൂടെ വരുന്നെങ്കിൽ താൻ പോകാം എന്നു ബാരാക് സമ്മതിച്ചു. ദെബോരാ ബാരാക്കിനോടൊപ്പം കേദേശിലേക്കു പോയി. സീസെര 900 രഥവും പടജ്ജനവുമായി കീശോൻ തോട്ടിലെത്തി. കൊടുങ്കാറ്റും മഴയും നിമിത്തം കീശോൻ തോട്ടിൽ വെളളപ്പൊക്കമുണ്ടായി. ബാരാക്കിന്റെ ചെറിയ സൈന്യം കുന്നിൽ നിന്നിറങ്ങി വന്നു കനാന്യരെ തോല്പിച്ചു, ഹരോശെത്ത് പിടിച്ചടക്കി. സീസെര വധിക്കപ്പെട്ടു. ഈ വിജയം അഞ്ചാമദ്ധ്യായത്തിലെ മനോഹരമായ ഗാനത്തിൽ വർണ്ണിച്ചിട്ടുണ്ട്. എബായലേഖനത്തിൽ വിശ്വാസവീരന്മാരുടെ പട്ടികയിൽ ബാരാക്കിനെയും ചേർത്തിട്ടുണ്ട്: (11:32).
യിസ്സാഖാർ ഗോത്രത്തിൽ ലപ്പീദൊത്തിന്റെ ഭാര്യയായ ദെബോരാ യിസ്രായേലിലെ ഏകസീത്രീ ന്യായാധിപയാണ്: (ന്യായാ, 4:4(. എബ്രായ സ്ത്രീകൾക്ക് താണസ്ഥാനം നല്കിയിരുന്ന കാലത്ത് ദെബോരയ്ക്കു ലഭിച്ച സ്ഥാനം അവളുടെ കഴിവുകളുടെയും ദൈവാനുഗ്രഹത്തിന്റെയും അംഗീകാരമാണ്. അന്നു യിസ്രായേൽ കനാന്യരാജാവായ യാബീനു വിധേയപ്പെട്ടിരുന്നു. ദെബോരാ ബാരാക്കിനെ വിളിപ്പിച്ച് അവനോടുകൂടി കനാന്യർക്കെതിരെ യുദ്ധത്തിനു പോയി. കനാന്യ സേനാധിപതിയായ സീസെരയെ ബാരാക്ക് തോല്പിച്ചു. സീസെരയുടെ സൈന്യം മുഴുവൻ സംഹരിക്കപ്പെട്ടു. യായേലിന്റെ കൂടാരത്തിൽ ചെന്ന സീസെരയെ അവൾ ചതിവിൽ കൊന്നു: (ന്യായാ, 4:24). പിന്നീട് നാല്പതു വർഷം ദേശത്തു സ്വസ്ഥത ഉണ്ടായി. ദെബോരയെ യിസ്രായേലിന്റെ മാതാവ് എന്നു വിശേഷിപ്പിച്ചിരുന്നു: (ന്യായാ, 5:7). ദെബോരയും ബാരാക്കും പാടിയ ജയഗീതം എബായ കവിതയുടെ പ്രാക്തനസ്വഭാവം വെളിപ്പെടുത്തുന്ന ഒന്നാണ്: (ന്യായാ, 5:2-31). യുദ്ധത്തിനു പോയ മകൻ്റെ മടങ്ങിവരവു ഉൽക്കണ്ഠയോടെ കാത്തിരിക്കുന്ന മാതാവിന്റെ (സീസെരയുടെ) മനോഹരമായി വർണ്ണന ഈ ഗീതത്തിലുണ്ട്: (5:28-30).
യിസ്രായേലിലെ മൂന്നാമത്തെ ന്യായാധിപനായ ശംഗർ അനാത്തിന്റെ മകനായിരുന്നു: (ന്യായാ, 5:6). നഫ്താലി ഗോത്രത്തിൽ നിന്നുള്ളവനായിരിക്കണം; കാരണം ബേത്ത്-അനാത്ത് നഫ്താലി ഗോത്രത്തിൽപ്പെട്ടതാണ്: (ന്യായാ, 1:33). ശംഗിറിന്റെ കാലത്ത് യിസ്രായേൽ വലിയ ഞെരുക്കത്തിലായിരുന്നു. ഒരു മുടിങ്കോൽ കൊണ്ടു ശംഗർ ഫെലിസ്ത്യരെ ആക്രമിച്ച് അറുനൂറുപേരെ കൊന്നു: (ന്യായാ, 3:31). ഫെലിസ്ത്യരുടെ മേൽ യിസ്രായേല്യർക്ക് നിലനില്ക്കുന്ന വിജയം അയാൾ നേടിക്കൊടുത്തതായി പറഞ്ഞിട്ടില്ല. എന്നാൽ യിസ്രായേല്യരെ രക്ഷിച്ചു. “അവന്റെ ശേഷം അനാത്തിന്റെ മകനായ ശംഗർ എഴുന്നേറ്റു; അവൻ ഒരു മുടിങ്കോൽകൊണ്ടു ഫെലിസ്ത്യരിൽ അറുനൂറുപേരെ കൊന്നു; അവനും യിസ്രായേലിനെ രക്ഷിച്ചു.” (ന്യായാ, 3:31). എത്രവർഷം ശുശ്രൂഷചെയ്തു എന്നത് വ്യക്തമാക്കിയിട്ടില്ല. കൂടാതെ ഒരു ന്യായാധിപൻ എന്നു അയാളെക്കുറിച്ചു പറഞ്ഞിട്ടും ഇല്ല.