പ്രിസ്ക, പ്രിസ്കില്ല

പ്രിസ്ക, പ്രിസ്കില്ല (Prisca, Priscila)

 പേരിനർത്ഥം — കൊച്ചുകിഴവി

അക്വിലാവിൻ്റെ ഭാര്യ. സത്യവേദപുസ്തകത്തിൽ മൂന്നിടത്ത് പ്രിസ്ക എന്നും, മൂന്നിടത്ത് പ്രിസ്കില്ല എന്നും കാണുന്നു. പ്രിസ്ക എന്ന ലത്തീൻ പദത്തിനു വൃദ്ധ എന്നർത്ഥം. അക്വിലാവിൻ്റെ പേരിനോടു ചേർത്താണ് പ്രിസ്കില്ലയുടെ പേരും പറഞ്ഞുകാണുന്നത്. (പ്രവൃ, 18:2, റോമ, 16:3). യെഹൂദാ ക്രിസ്ത്യാനികളായ ഇവർ കൂടാരപ്പണിക്കാരായിരുന്നു. (പ്രവൃ, 18:3). ഇവരുടെ ഭവനത്തിൽ ഒരു സഭ ഉണ്ടായിരുന്നു. (1കൊരി, 16:19). ഇരുവരും പൗലൊസിനെ സഹായിച്ചു. (പ്രവൃ, 18:18). അപ്പല്ലോസിനെ ഉപദേശിച്ചു. (പ്രവൃ, 18:26). റോമാലേഖനത്തിലും തിമൊഥെയൊസിള്ള ലേഖനത്തിലും പൗലൊസ് ഇവരെ വന്ദനം ചെയ്യുന്നുണ്ട്. (റോമ, 16:3, 2തിമൊ, 4:19).

പെർസിസ്

പെർസിസ് (Persis)

റോമായിൽ പാർത്തിരുന്ന ഒരു ക്രൈസ്തവ വനിത. ‘കർത്താവിൽ വളരെ അദ്ധ്വാനിച്ചവൾ’ എന്നാണ് അപ്പൊസ്തലൻ അവളെ വിശേഷിപ്പിച്ചിരിക്കുന്നത്. (റോമ, 16:12). 

നുംഫാ

നുംഫാ (Nympha)

ലവുദിക്യ പട്ടണത്തിലെ ഒരു വിശ്വാസിനി. അവളുടെ ഭവനത്തിലാണ് സഭ കൂടി വന്നിരുന്നത്. (കൊലൊ, 4:15). നുംഫാ സ്തീയോ പുരുഷനോ എന്നത് സംശയവിഷയമാണ്. സ്ത്രീയാണെങ്കിൽ നുംഫായും, പുരുഷനാണെങ്കിൽ നുംഫാസും ആണ് ശരിയായ രൂപം. ‘അവളുടെ വീട്ടിലെ സഭ’ എന്നാണ് സത്യവേദപുസ്തകം, പി.ഒ.സി. ഓശാന, NIV, RSV തുടങ്ങിയവയിൽ കാണുന്നത്. ‘അവന്റെ വീട്ടിലെ സഭ’ എന്നു ACV, GNV, KJV വിശുദ്ധഗ്രന്ഥം തുടങ്ങിയവയിലും, ‘അവരുടെ വീട്ടിലെ സഭ’ എന്നു ASV, BBE, GodBay തുടങ്ങിയവയിലും കാണുന്നു. 

ദ്രുസില്ല

ദ്രുസില്ല (Drusilla) 

റോമൻ ദേശാധിപതിയായ ഫേലിക്സിൻ്റെ ഭാര്യയായ യെഹൂദസ്ത്രീ. (പ്രവൃ, 24:24). ഹെരോദാ അഗ്രിപ്പാവു ഒന്നാമന്റെ ഇളയ പുത്രിയായി ദ്രുസില്ല എ.ഡി. 38-ൽ ജനിച്ചു. ആറാമത്തെ വയസ്സിൽ (എ.ഡി. 44) പിതാവു മരിച്ചു. എഡെസ്സയിലെ രാജാവായ അസിസസിന് ദ്രുസില്ലയെ വിവാഹം ചെയ്തുകൊടുത്തു. അവൻ അയാളെ ഉപേക്ഷിച്ചു ഫേലിക്സിൻ്റെ ഭാര്യയായി. എ.ഡി. 57-ൽ പൗലൊസിനെ വിസ്തരിച്ചപ്പോൾ ഫേലിക്സിനോടുകൂടി ദ്രുസില്ലയും ഉണ്ടായിരുന്നു.

ദമരീസ്

ദമരീസ് (Damaris)

പേരിനർത്ഥം — സൗമ്യ

പൗലൊസിൻ്റെ പ്രസംഗം കേട്ടു ക്രിസ്ത്യാനിയായിത്തീർന്ന ഒരു ആഥേനക്കാരി. (അപ്പൊ, 17:34). ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്ന അരയോപഗസ്ഥാനിയായ ദിയൊനുസ്യോസിൻ്റെ ഭാര്യയായിരിക്കാം ദമരീസ് എന്നും ചിലർ അഭിപ്രായപ്പെടുന്നു.

ത്രുഫോസ

ത്രുഫോസ (Tryphosa)

റോമിൽ പാർത്തിരുന്ന ഒരു ക്രിസ്തീയ വനിത. “കർത്താവിൽ അദ്ധ്വാനിക്കുന്നവരായ ത്രുഫൈനെക്കും ത്രുഫോസെക്കും വന്ദനം ചൊല്ലുവാൻ” പൗലൊസ് റോമിലെ വിശ്വാസികൾക്ക് എഴുതി. (റോമ, 16:12). അവരുടെ ബന്ധമെന്താണെന്ന് കൃത്യമായറിയില്ല. ഒരുപക്ഷെ ത്രുഫൈനയും ത്രുഫോസയും സഹോദരിമാർ ആയിരുന്നിരിക്കാം. രണ്ടു പേരുകളുടെയും ധാതു ഒന്നാകയാൽ അവർ ഇരട്ട സഹോദരിമാർ ആയിരുന്നെന്നും കരുതപ്പെടുന്നു.

ത്രുഫൈന

ത്രുഫൈന (Tryphena)

പേരിനർത്ഥം — മൃദുല

റോമിൽ പാർത്തിരുന്ന ഒരു ക്രിസ്തീയ വനിത. “കർത്താവിൽ അദ്ധ്വാനിക്കുന്നവരായ ത്രുഫൈനെക്കും ത്രുഫോസെക്കും വന്ദനം ചൊല്ലുവാൻ” പൗലൊസ് റോമിലെ വിശ്വാസികൾക്ക് എഴുതി. (റോമ, 16:12). അവരുടെ ബന്ധമെന്താണെന്ന് കൃത്യമായറിയില്ല. ഒരുപക്ഷെ ത്രുഫൈനയും ത്രുഫോസയും സഹോദരിമാർ ആയിരുന്നിരിക്കാം. രണ്ടു പേരുകളുടെയും ധാതു ഒന്നാകയാൽ അവർ ഇരട്ട സഹോദരിമാർ ആയിരുന്നെന്നും കരുതപ്പെടുന്നു.

താമാർ

താമാർ (Tamar)

പേരിനർത്ഥം — ഈന്തപ്പന

യഹൂദരുടെ മൂത്തമകനായ ഏരിന്റെ ഭാര്യ. എർ മരിച്ചപ്പോൾ ഇളയവനായ ഓനാനോടു ദേവരധർമ്മം അനുഷ്ഠിക്കാൻ യെഹൂദാ ആവശ്യപ്പെട്ടു. എന്നാൽ അവൻ അവളുടെ അടുത്തു ചെന്നപ്പോൾ ജേഷ്ടനു സന്തതിയെ കൊടുപ്പാൻ അവൻ ഇഷ്ടപ്പെട്ടില്ല; അതിനാൽ അവനും മരിച്ചു. താമാറിനോടുള്ള വിവാഹം കഴിഞ്ഞ ഉടൻ രണ്ടു പുത്രന്മാരും മരിച്ചതുകൊണ്ടു അവളോ അവളോടുള്ള വിവാഹമോ ആണ് അവരുടെ മരണത്തിനു കാരണമെന്ന് യെഹൂദാ കരുതി. തന്മൂലം മൂന്നാമത്തെ മകനായ ശേലയ്ക്ക് വിവാഹം ചെയ്തു കൊടുക്കാതെ താമാറിനെ അവളുടെ അപ്പന്റെ വീട്ടിലേക്കു പറഞ്ഞയച്ചു. ശേലയ്ക്ക് പ്രായമാകുമ്പോൾ താമാറിനെ അവനു വിവാഹം ചെയ്തു കൊടുക്കാമെന്ന് ഉറപ്പും നൽകി. ശേലയ്ക്ക് പ്രായമായിട്ടും അവളെ അവനു കൊടുക്കാത്തതുകൊണ്ട്, അവൾ കപടമാർഗ്ഗത്തിലൂടെ അമ്മായിയപ്പനായ യെഹൂദാ മുഖാന്തരം ഗർഭിണിയായി. അവൻ പേരെസ്സ്, സേരഹ് എന്നീ ഇരട്ടകളെ പ്രസവിച്ചു. (ഉല്പ, 38:1-30). യേശുക്രിസ്തുവിൻ്റെ വംശാവലിയിൽ പരാമർശിക്കപ്പെട്ട അഞ്ചു സ്ത്രീകളിൽ ഒരുവളാണ് താമാർ. (മത്താ, 1:3).

തബീഥാ

തബീഥാ (Tabitha) 

പേരിനർത്ഥം — പേടമാൻ

യോപ്പയിൽ വളരെ സൽപ്രവൃത്തികളും ധർമ്മങ്ങളും ചെയ്തിരുന്ന ഒരു ക്രൈസ്തവ വനിത. അവൾ ദീനം പിടിച്ചു മരിച്ചപ്പോൾ ശിഷ്യന്മാർ അടുത്തുണ്ടായിരുന്ന പത്രൊസിനു ആളയച്ചു. പത്രൊസ് വന്ന് അവൾക്കുവേണ്ടി പ്രാർത്ഥിക്കുകയും അവൾ ജീവൻ പ്രാപിച്ചെഴുന്നേല്ക്കുകയും ചെയ്തു. പുതിയനിയമത്തിൽ തബീഥായെ മാത്രമേ ‘ശിഷ്യ’ എന്നു പറഞ്ഞിട്ടുള്ളു. (പ്രവൃ, 9:36-43).

ആകെ സൂചനകൾ (2) — പ്രവൃ, 9:36, 9:40.

ക്ലൗദിയ

ക്ലൗദിയ (Claudia)

ക്ലൗദ്യൊസ് എന്ന പേരിന്റെ സ്ത്രീലിംഗ രൂപമാണ് ക്ലൗദിയ. തിമൊഥെയൊസിനെ ഈ ക്രിസ്തീയ വനിത വന്ദനം ചെയ്യുന്നതായി 2തിമൊ, 4:21-ൽ പൗലൊസ് അപ്പൊസ്തലൻ രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടീഷ് രാജാവായിരുന്ന കോജിദുന്നൂസിൻ്റെ മകളും പൂദെസിൻ്റെ ഭാര്യയും ആണെന്ന് ചിലർ കരുതുന്നു. വിദ്യാഭ്യാസം നേടുന്നതിനായി ക്ലൗദിയയെ റോമിലേക്കയച്ചുവെന്നും അവിടെവെച്ച് അവൻ ക്രിസ്ത്യാനിയായി തീർന്നുവെന്നും പറയപ്പെടുന്നു. പൂദെസിനെക്കുറിച്ചു ഇതേ വാക്യത്തിൽ പറഞ്ഞിട്ടുണ്ട്.