Category Archives: Uncategorized

കാനാ

കാനാ (Cana)

പേരിനർത്ഥം – ഞാങ്ങണയുടെ സ്ഥലം

ഗലീലയിലെ ഒരു പട്ടണം. ‘ഗലീലയിലെ കാനാ’യെന്ന സവിശേഷ പ്രയോഗം യോഹന്നാന്റെ സുവിശേഷത്തിൽ നാലിടത്തുണ്ട്. (യോഹ, 2:1, 11; 4:46; 21:2). കഫർന്നഹുമിനൂ അടുക്കലായിരിക്കണം. ഇതിന്റെ യഥാർത്ഥ സ്ഥാനത്തെക്കുറിച്ച് അഭിപ്രായഭേദമുണ്ട്. നസറേത്തിനു വടക്കുള്ള രണ്ടുസ്ഥലങ്ങൾ പൊതുവെ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. 1. നസറേത്തിനു 8 കി.മീറ്റർ വടക്കുകിഴക്കുള്ള കെഫർ കെന്ന (Kefer kenna). ഇതൊരു ക്രൈസ്തവ ഗ്രാമമാണ്. കുരിശുയുദ്ധങ്ങൾക്ക് മുമ്പ് യഥാർത്ഥസ്ഥാനമായി കരുതപ്പെട്ടിരുന്നതിവിടമാണ്. 2. അതിനും ഏഴു കി.മീറ്റർ വടക്കുള്ള കാനാ എൽ ജലീൽ (Kana el-Jelil). അടയാളങ്ങളുടെ ആരംഭമായി യേശു വെള്ളം വീഞ്ഞാക്കിയത് കാനായിൽ വച്ചായിരുന്നു. (യോഹ, 2:11). ഒരു രാജഭൃത്യന്റെ മകനെ യേശു സൗഖ്യമാക്കി. (യോഹ, 4:46-54). ഇതു രണ്ടാമത്തെ അടയാളമായിരുന്നു. നഥനയേലിൻ്റെ ജന്മസ്ഥലം കാനായാണ്. (യോഹ, 21:2). ആശേരിനു വടക്കുള്ള ഒരു പട്ടണത്തിനും കാനാ എന്നു പേരുണ്ട്. യോശു, 19:28).

കാദേശ്

കാദേശ് (kadesh)

പേരിനർത്ഥം – പ്രതിഷ്ഠിതം

കാദേശ് ബർന്നേയ എന്നാണ് പൂർണ്ണമായ പേര്. ഈജിപ്തിൽ നിന്നും പലസ്തീനിലേക്കുള്ള യാത്രയിൽ യിസ്രായേൽമക്കൾ ഇവിടെ രണ്ടു പ്രാവശ്യം അതായതു പത്തൊമ്പതാമതും മുപ്പത്തേഴാമതും പാളയമിറങ്ങി. കാദേശിന്റെ ആദ്യനാമം രിത്ത്മ ആയിരുന്നിരിക്കണം (സംഖ്യാ, 33:18,19) സമാഗമനകൂടാരം വച്ചപ്പോഴാണ് അവിടം കാദേശായത്. യിസ്രായേൽ മക്കളുടെമേൽ ന്യായവിധി വന്നപ്പോൾ അത് ഏൻ മിശ്പാത്ത് (ന്യായവിധിയുടെ ഉറവ) ആയിമാറി. (ഉല്പ, 14:7). കലഹത്തിൻ്റെയും പിറുപിറുപ്പിന്റെയും സ്ഥലമായപ്പോൾ കാദേശ് മെരിബാ എന്നു വിളിക്കപ്പെട്ടു. 

ഏലാം രാജാവായ കെദൊർലായോമെറിന്റെ ആക്രമണത്തോടുള്ള ബന്ധത്തിലാണ് കാദേശിനെക്കുറിച്ചുള്ള ആദ്യപരാമർശം. ഇതു അബ്രാഹാമിൻറ കാലത്തായിരുന്നു. (ഉല്പ, 14:1-16). സാറായുടെ അടുക്കൽ നിന്നോടിപ്പോയ ഹാഗാർ കാദേശിനും ബേരദിനും മദ്ധ്യേ (ഉല്പ, 16:14) ശൂരിനു പോകുന്ന വഴിയിലെ നീരുറവിന്നരികെ വിശ്രമിച്ചു. (ഉല്പ, 16:7). ഹെബ്രാനിൽ നിന്നു പുറപ്പെട്ട അബ്രാഹാം കാദേശിന്നും സൂരിന്നും മദ്ധ്യേ കുടിയിരുന്നു. (ഉല്പ, 20:1). ചിലരുടെ അഭിപ്രായത്തിൽ കോരഹും കൂട്ടരും മത്സരിച്ചതും അവരെ ഭൂമി പിളർന്നു വിഴുങ്ങിയതും കാദേശിൽ വച്ചായിരുന്നു. (സംഖ്യാ, 16:1, 31). മിര്യാം മരിച്ചതും അടക്കപ്പെട്ടതും കാദേശിൽ വച്ചത്രേ. (സംഖ്യാ, 20:1). പാറയോടു കല്പിക്കാൻ പറഞ്ഞപ്പോൾ മോശെ പാറയെ അടിച്ചു. (സംഖ്യാ, 20:2-11). തന്മൂലം മോശെക്കു കനാനിൽ പ്രവേശിക്കുവാൻ കഴിഞ്ഞില്ല.

ഹോരേബിൽ നിന്നു സേയീർപർവ്വതം വഴി കാദേശിലെത്തുവാൻ 11 ദിവസം വേണ്ടിവന്നു. (ആവ, 1:2). യിസ്രായേൽ ജനം കാദേശിൽ ദീർഘകാലം പാർത്തു. (ആവ, 1:46). ഈ കാലം മുഴുവൻ കാദേശ് കേന്ദ്രമാക്കിക്കൊണ്ട് യിസ്രായേൽ മക്കൾ മരുഭൂമിയിലെ താഴ്വരയിലൊക്കെയും ചിതറിപ്പാർക്കുകയും അലഞ്ഞു തിരിയുകയുമായിരുന്നു. യിസായേല്യർ അവിടെ മുപ്പത്തേഴു വർഷം കഴിഞ്ഞു. ഈ ദീർഘമായ കാലയളവിൽ വാഗ്ദത്തനാടു കൈവശമാക്കുന്നതിനു അവർക്കൊരു ചുവടുപോലും മുന്നോട്ടു വയ്ക്കാൻ കഴിഞ്ഞില്ല. ഏദോം രാജാവിനോടും (സംഖ്യാ, 20:14-21), മോവാബു രാജാവിനോടും (ന്യായാ, 11:16,17) അവരുടെ ദേശത്തുകൂടി കടക്കുവാനുള്ള അനുമതിക്കുവേണ്ടി മോശെ ദൂതന്മാരെ കാദേശിൽ നിന്നും അയച്ചു. കനാൻദേശം ഒറ്റുനോക്കുവാൻ വേണ്ടി മോശെ ഒറ്റുകാരെ അയച്ചതും കാദേശ്ബർന്നേയയിൽ നിന്നായിരുന്നു. യഹോവയുടെ ശബ്ദം കാദേശ് മരുവിനെ നടുക്കുന്നു (സങ്കീ, 29:8) എന്നത് വടക്കു പർവ്വതങ്ങളിൽ നിന്നുള്ള കൊടുങ്കാറ്റ് തെക്കു കാദേശിലേക്കു ചീറിയടിക്കുന്നതിന്റെ സൂചനയാകാം. ഹെബ്രോനു 110 കി.മീറ്റർ തെക്കുള്ള ഐൻ കാദൈസ് ആണ് സ്ഥാനം.

കർമ്മേൽ

കർമ്മേൽ (Carmel)

പേരിനർത്ഥം – തോട്ടം, ഉദ്യാനഭൂമി

യെഹൂദ്യയിലെ മലമ്പ്രദേശത്തിലെ ഒരു പട്ടണം. (യോശു, 15:1, 55). ഇന്നത്തെ പേര് കെർമെൽ (Kermel) ആണ്. ഹെബ്രോനു 12 കി.മീറ്റർ തെക്കുകിഴക്കാണ് സ്ഥാനം. അമാലേക്യരെ ജയിച്ചതിൻ്റെ ഒരു ജ്ഞാപകസ്തംഭം ശൗൽ ഇവിടെ നാട്ടി. (1ശമൂ, 15:12). നാബാലും (1ശമൂ, 25:2, 5, 7, 40), ദാവീദിന്റെ ഇഷ്ടഭാര്യയായ അബീഗയിലും (1ശമൂ, 27:3; 1ദിന, 3:1) കർമ്മേല്യരാണ്. ഈ കർമ്മേലിൽ തന്നെയാണ് കൃഷിപ്രിയനായ ഉസ്സീയാ രാജാവിന് മുന്തിരിത്തോട്ടങ്ങൾ ഉണ്ടായിരുന്നത്. (2ദിന, 26:10). ദാവീദിന്റെ വീരന്മാരിൽ ഒവനായ ഹെസ്രോ കർമ്മേല്യനായിരുന്നു. (2ശമൂ, 23:35; 1ദിന, 11:37). ഒരു സാമാന്യ നാമമായും കർമ്മേൽ പ്രയോഗിച്ചു കാണുന്നുണ്ട്. (യെശ, 16:10; 32:15; യിരെ, 2:7; 4:26; 2രാജാ, 19:23). (നോക്കുക: കർമ്മേൽ പർവ്വതം).

കഫർന്നഹൂം

കഫർന്നഹൂം (Capernaum)

പേരിനർത്ഥം – നഹൂമിന്റെ ഗ്രാമം

കെഫാർ നാഹും എന്ന സെമിറ്റിക് പ്രയോഗത്തിൽ നിന്നാണ് കഫർന്നഹും എന്ന പേർ വന്നത്. കർത്താവായ യേശുക്രിസ്തുവിൻ്റെ ശുശ്രൂഷയിൽ വളരെ പ്രാധാന്യമർഹിച്ച ഒരു പട്ടണമായിരുന്നു ഇത്. ഗലീലാക്കടലിന്റെ വടക്കുപടിഞ്ഞാറെ തീരത്താണ് ഇതിന്റെ സ്ഥാനം. ബി.സി. ഒന്നാം നൂറ്റാണ്ടുമുതൽ എ.ഡി. ഏഴാം നൂറ്റാണ്ടുവരെ നിരന്തരം ആൾപാർപ്പുണ്ടായിരുന്ന പ്രദേശമാണിത്. കഫർന്നഹൂമിന്റെ സ്ഥാനനിർണ്ണയത്തിന് ആവശ്യമായ വസ്തുതകൾ സുവിശേഷങ്ങളിൽ നിന്നു തന്നെ ലഭ്യമാണ്. കഫർന്നഹൂം: 1. കടൽക്കരയിലാണ് (മത്താ, 4:13). 2. രാഷ്ട്രീയമായ അതിരിലാണ്. അതുകൊണ്ട് ഒരു ചുങ്കസ്ഥലവും (മർക്കൊ, 2:14), ഒരു പട്ടാളത്താവളവും (മത്താ, 8:5-13; ലൂക്കൊ, 7:1-10) ഉണ്ടായിരുന്നു. ഒരു ശതാധിപൻ അവിടെ താമസിച്ചിരുന്നു. (മത്താ, 8:5). 3. ഗെന്നേസരത്തിനു അരികിലാണ്. ഈ പ്രദേശം ഫലസമൃദ്ധിയുള്ളതാണ് (മർക്കൊ, 6:53; യോഹ, 6:22, 59). ഗലീലാക്കടലിന്റെ വടക്കുപടിഞ്ഞാറെ തീരത്ത് യോർദ്ദാൻ നദിക്കു ഏറ്റവും അരികിലുള്ള ഗ്രാമമാണിത്. തേൽ ഹ്യൂമിലെ (Tell Hum) നഷ്ടശിഷ്ടങ്ങൾ കഫർന്നഹൂം അവിടെയാണെന്നു ഉറപ്പുനല്കുന്നു. ജൊസീഫസിന്റെ സാക്ഷ്യവും ഇതിനവലംബമായുണ്ട്. ഇവിടത്തെ തീരദേശസമതലം വളരെ ഇടുങ്ങിയതാണ്. പ്രാചീനകാലത്ത് യോർദ്ദാനിൽ നിന്നൊരു പാത കഫർന്നഹൂം വഴി ഗെന്നേസരത്ത് സമഭൂമിയിലൂടെ ഗ്രേററ് ട്രങ്ക് റോഡിനോടു ചേർന്നിരുന്നു. ഈ റോഡ് മെസപ്പൊട്ടേമ്യയിൽ നിന്നും ദമ്മേശെക്കിൽ നിന്നും പലസ്തീനിലൂടെ മിസ്രയീമിലേക്കു കടന്നു പോയിരുന്നു. ഗെന്നേസരത്ത് സമഭൂമിയിൽ നിന്ന് ഉത്ഭവിക്കുന്ന അനേകം അരുവികൾ ഗലീലക്കടലിൽ ചേരുന്നു. ഈ അരുവികളിലൂടെ ഒഴുകി എത്തുന്ന സസ്യാവശിഷ്ടങ്ങൾ മീനുകളെ ആകർഷിക്കുന്നു. തന്മൂലം കഫർന്നഹും മീൻ പിടിത്തക്കാർക്കു ഒരാശ്രയസ്ഥാനമാണ്. 

ഗെന്നേസരത്തിനു മുഴുവൻ ജലം പ്രദാനം ചെയ്ത ജലസമൃദ്ധമായ ഒരുറവിനടുത്തായിരുന്നു കഫർന്നഹൂം. ആ ഉറവയുടെ പേരു ഗ്രീക്കിൽ ഹെപ്റ്റാ പേഗോൻ (ഏഴുറവകളുടെ സ്ഥാനം) എന്നാണ്. ഏകദേശം എ.ഡി. 383-ൽ എഗേരിയായും (Egeria), എ.ഡി. 530-ൽ തിയോഡോഷ്യസും (Theodosius) ഇതിനെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. തിയോഡോഷ്യസ് ഈ സ്ഥലത്തെക്കുറിച്ചു വ്യക്തമായ വിവരണം നല്കി. അതനുസരിച്ചു തബ്ഘയ്ക്കു (Tabgha) 3.5 കി.മീ. വടക്കാണ് കഫർന്നഹൂം. ഏഴുറവകൾ ജലസമൃദ്ധിയെ കാണിക്കുന്നു. റബ്ബിമാരുടെയും പിതാക്കന്മാരുടെയും കീഴിൽ യെഹൂദ സമൂഹങ്ങൾ കഫർന്നഹൂമിൽ വളർന്നുവന്നു. കോൺസ്റ്റൻ്റയിൻ ചക്രവർത്തിയുടെ മാനസാന്തരംവരെ ഇതു തുടർന്നു. ഏകദേശം എ.ഡി. 335-ൽ ജോസഫ് എന്ന യെഹൂദക്രിസ്ത്യാനി തങ്ങൾ പാർക്കുന്ന ഇടങ്ങളിൽ നിന്നും വിജാതീയരെ ഒഴിച്ചു നിർത്തുന്ന യെഹൂദന്മാരാണ് തിബെര്യാസിലും, സെഫോറിസിലും (Sepphoris), നസറെത്തിലും, കഫർന്നഹൂമിലും മുഴുവൻ വസിക്കുന്നതെന്നു ചക്രവർത്തിയെ അറിയിച്ചു. ഇവിടെ സഭകൾ പണികഴിപ്പിക്കുവാനുള്ള അനുവാദം ജോസഫ് ചക്രവർത്തിയിൽ നിന്നും നേടി. എ.ഡി. അഞ്ചാം നൂറ്റാണ്ടു വരെ പുറജാതി ക്രിസ്ത്യാനികൾ ഈ യെഹൂദ്യാ പ്രദേശത്ത് ഉറച്ചില്ല. 

കാനാവിലെ കല്യാണത്തിൽ ആദ്യത്തെ അടയാളം പ്രവർത്തിച്ചശേഷം യേശു അമ്മയും സഹോദരന്മാരും ശിഷ്യന്മാരുമൊപ്പം കഫർന്നഹുറൂമിലേക്കു പോയി. ചില നാളുകൾ അവിടെ താമസിച്ചതിനുശേഷം പെസഹ ആചരിക്കുന്നതിന് യേശു യെരൂശലേമിലേക്കു പോയി. (യോഹ, 2:12,13). വീണ്ടും യേശുക്രിസ്തു ഗലീലയിലെ കാനാവിൽ വന്നു. അവിടെ കഫർന്നഹൂമിലെ രാജഭത്യൻ്റെ മകനെ സൌഖ്യമാക്കി. (യോഹ, 4:46-54). ഈ വാർത്ത എല്ലായിടവും പരന്നു. തന്മൂലം യേശു കാനാവിൽനിന്നും സ്വദേശമായ നസറെത്തിലേക്കു പോയപ്പോൾ “കഫർന്നഹുമിൽ ഉണ്ടായി കേട്ടതു എല്ലാം ഈ നിൻ്റെ പിതൃനഗരത്തിലും ചെയ്ക എന്നു നിങ്ങൾ എന്നോടു പറയും നിശ്ചയം” എന്നു യേശു അവരോടു പറഞ്ഞു. (ലൂക്കൊ, 4:23). തന്നെ കൊല്ലാൻ ശ്രമിക്കുക നിമിത്തം യേശു നസറെത്ത് വിട്ടു, യെശയ്യാപ്രവചനം നിറവേറുമാറ് (9:1,2) സെബുലൂന്റെയും നഫ്താലിയുടെയും അതിരുകളിൽ കടൽക്കരയിലുള്ള കഫർന്നഹൂമിൽ ചെന്നു പാർത്തു. (മത്താ, 4:13-16; ലൂക്കൊ, 4:28-31). 

കഫർന്നഹൂമിനു വടക്കുകിഴക്കു ഭാഗത്തുള്ള ഗലീലക്കടലിൽ മീൻപിടിച്ചു കൊണ്ടിരിക്കുമ്പോഴാണ് പത്രൊസിനെയും അന്ത്രയാസിനെയും സെബെദി മക്കളെയും യേശു കണ്ടതും തന്നെ അനുഗമിപ്പാൻ വിളിച്ചതും. തുടർന്നു യേശു ഇവിടെയുള്ള പള്ളിയിൽ പ്രസംഗിക്കുകയും രോഗികളെ സൌഖ്യമാക്കുകയും ചെയ്തു വന്നു. മീൻപിടിത്തക്കാരായ പത്രൊസും അന്ത്രയാസും കഫർന്നഹൂമിൽ ഉള്ളവരായിരുന്നു. (മർക്കൊ, 1:29). കഫർന്നഹൂമിലെ ചുങ്കസ്ഥലത്ത് ഇരിക്കുമ്പോഴാണ് യേശു മത്തായിയെ വിളിച്ചത്. മത്തായി തൻ്റെ വീട്ടിൽ യേശുവിനൊരു വിരുന്നു നല്കി. (മത്താ, 9:9). കഫർന്നഹൂം കർത്താവിന്റെ സ്വന്തം പട്ടണം തന്നെയായി മാറി. യേശു കഫർന്നഹൂമിൽ വന്നപ്പോഴാണ് അവൻ വീട്ടിൽ ഉണ്ടെന്നു ശ്രുതിയായത്. (മർക്കൊ, 2:1). കുഞ്ഞുങ്ങളെക്കുറിച്ച് യേശു പറഞ്ഞതു കഫർന്നഹൂമിൽ വെച്ചായിരുന്നു. (മർക്കൊ, 9:33; മത്താ, 18:1). യോഹന്നാൻ 6-ലെ പ്രസിദ്ധമായ പ്രഭാഷണം യേശു നല്കിയത് ഇവിടെയുള്ള പള്ളിയിലായിരുന്നു. അവിശ്വാസത്തിനു യേശു കുറ്റപ്പെടുത്തിയ പട്ടണങ്ങളിലൊന്നായിരുന്നു കഫർന്നഹൂം. “നീയോ കഫർന്നഹൂമേ, സ്വർഗ്ഗത്തോളം ഉയർന്നിരിക്കുമോ? നീ പാതാളംവരെ താണുപോകും; നിന്നിൽ നടന്ന വീര്യപ്രവൃത്തികൾ സൊദോമിൽ നടന്നിരുന്നു എങ്കിൽ അതു ഇന്നുവരെ നില്ക്കുമായിരുന്നു?” (മത്താ, 11:23). ഈ പ്രവചനം നിറവേറുകയും പ്രസ്തുതസ്ഥലം ശൂന്യമായി കിടക്കുകയും ചെയ്യുന്നു.

കപ്പദോക്യ

കപ്പദോക്യ (Cappadocia)

പേരിനർത്ഥം – മനോഹരമായ കുതിരകളുടെ നാട്

ഏഷ്യാമൈനറിന്റെ കിഴക്കുഭാഗത്തു ഏകദേശം 900 മീറ്റർ ഉയരത്തിൽ കിടക്കുന്ന ഭൂപ്രദേശം. കപ്പദോക്യയുടെ തെക്കുഭാഗത്തു ടോറസ് പർവ്വതവും കിഴക്കു യൂഫ്രട്ടീസ് നദിയും വടക്കു പൊന്തൊസും കിടക്കുന്നു. എന്നാൽ ദേശത്തിൻറ യഥാർത്ഥ അതിരുകൾ അവ്യക്തമാണ്. അതെപ്പോഴും മാറിക്കൊണ്ടിരുന്നു. തിബെര്യാസിന്റെ കാലത്ത് (എ.ഡി. 17 ) അത് റോമൻ പ്രവിശ്യയായി. എ.ഡി. 70-ൽ വെസ്പേഷ്യൻ അതിനെ അർമ്മീനിയ മൈനറിനോടു (Lesser Armenia) ചേർത്തു. തുടർന്നുള്ള രാജാക്കന്മാരുടെ കാലത്ത് കപ്പദോക്യയുടെ പ്രാധാന്യവും വിസ്തൃതിയും വർദ്ധിച്ചു. മദ്ധ്യേഷ്യയ്ക്കും കരിങ്കടലിനും മദ്ധ്യേയുള്ള വാണിജ്യമാർഗ്ഗം കപ്പദോക്യയിലൂടെ കടന്നുപോയിരുന്നു. പെന്തെക്കൊസ്തു നാളിൽ യെരൂശലേമിൽ കൂടിയ യെഹൂദന്മാരിൽ കപ്പദോക്യയിൽ നിന്നുള്ളവരും ഉണ്ടായിരുന്നു. (പ്രവൃ, 2:9). പത്രൊസിന്റെ ഒന്നാം ലേഖനം ലക്ഷ്യമാക്കിയ ചിതറിപ്പാർത്ത യെഹൂദന്മാരിൽ ഒരു വിഭാഗം കപ്പദോക്യയിൽ വസിച്ചിരുന്നവരാണ്. (1പത്രൊ, 1:1). ക്രിസ്തുമാർഗ്ഗം ഇവിടെ വളർന്നതിനാൽ, എ.ഡി. നാലാം നൂറ്റാണ്ടായപ്പോഴേക്കും പല സഭാനായകന്മാരും കപ്പദോക്യയിൽ നിന്നുണ്ടായതായി കാണുന്നു.

കനാൻ

കനാൻ (Canaan)

പേരിനർത്ഥം – നിമ്നപ്രദേശം

പലസ്തീൻ്റെ പൗരാണിക നാമമാണ് കനാൻ. ഹാമിൻ്റെ പുത്രനായ കാനാൻ്റെ സന്തതികളാണ് കനാനിലെ നിവാസികൾ അഥവാ, കനാന്യർ. (ഉല്പ, 10:15-18). ബൈബിളിലും ബാഹ്യരേഖകളിലും മൂന്നർത്ഥത്തിൽ കനാൻ എന്ന പദം പ്രയോഗിച്ചിട്ടുണ്ട്: 1. സുറിയ പലസ്തീൻ തീരപ്രദേശത്തെയും നിവാസികളെയും കുറിക്കുന്നു. (ഉല്പ, 10:15-19). കനാന്യർ കടല്ക്കരയിലും യോർദ്ദാൻ നദീതീരത്തും സമഭൂമികളിലും അമോര്യർ തുടങ്ങിയവർ പർവ്വതങ്ങളിലും പാർക്കുന്നു എന്നു പിൻവരുന്ന ഭാഗങ്ങൾ വ്യക്തമാക്കുന്നു. (സംഖ്യാ, 13:29; യോശു, 5:1; 11:3; ന്യായാ, 1:27). 2. പൊതുവെ സുറിയ-പലസ്തീൻ: (ഉല്പ, 10:15-19). ഹിത്യർ, യെബൂസ്യർ, അമോര്യർ, ഹിവ്യർ, ഗിർഗ്ഗശ്യർ എന്നിവരെ ഉൾക്കൊള്ളിക്കുകയും കനാന്യ വംശങ്ങൾ പരന്നു എന്നു രേഖപ്പെടുത്തുകയും ചെയ്യുന്നു. (ഉല്പ, 10:18). കനാന്യ വംശങ്ങൾ വ്യാപിച്ച പ്രദേശത്തിന്റെ അതിരുകളും വ്യക്തമാക്കിയിട്ടുണ്ട്. “കനാന്യരുടെ അതിർ സീദോൻ തുടങ്ങി ഗെരാർവഴിയായി ഗസ്സാ വരെയും സൊദോമും ഗൊമോരയും ആദ്മയും സെബോയീമും വഴിയായി ലാശവരെയും ആയിരുന്നു.” (ഉല്പ, 10:19; ഒ.നോ: ഉല്പ, 12:5; 13:12; സംഖ്യാ, 13:17-21; 34:1,2). 3. കച്ചവടക്കാരൻ എന്ന സങ്കുചിതാർത്ഥം കനാന്യനുണ്ട്. കനാന്യരുടെ പ്രധാനതൊഴിൽ കച്ചവടമായതാണ് അതിനു കാരണം. “അവൻ ഒരു കനാന്യനാകുന്നു; കള്ളത്തുലാസു അവന്റെ കയ്യിൽ ഉണ്ട്; പീഡിപ്പിപ്പാൻ അവൻ ആഗ്രഹിക്കുന്നു.” (ഹോശേ, 12:7). ഇയ്യോ, 41:6; യെശ, 23:8; യെഹെ, 17:4; സെഫ, 1:11 എന്നിവിടങ്ങളിൽ കച്ചവടക്കാരെ ക്കുറിക്കുന്നതിനു കനാന്യൻ എന്ന പദമാണു എബ്രായയിൽ പ്രയോഗിച്ചിട്ടുളളത്. യിരെമ്യാവ് 10:17-ൽ ഭാണ്ഡം അഥവാ കച്ചവടച്ചരക്ക് എന്ന അർത്ഥത്തിൽ ‘ക്നാ’ത് എന്ന പ്രയോഗം പോലുമുണ്ട്.

കനാൻആക്രമണം: അമോര്യ രാജാവായ സീഹോനെയും ബാശാൻ രാജാവായ ഓഗിനെയും ജയിച്ചശേഷം യോശുവയുടെ നേതൃത്വത്തിൽ യിസ്രായേൽമക്കൾ യോർദ്ദാൻ കടന്നു പശ്ചിമ പലസ്തീനിൽ പ്രവേശിച്ചു. മലമ്പദേശത്തിന്റെ നിയന്ത്രണം നേടിയശേഷം അവർ കനാന്യ രാജാക്കന്മാരെ പരാജയപ്പെടുത്തി. ഈ ആക്രമണത്തിന്റെ ചരിത്രം യോശുവ 1-12 അദ്ധ്യായങ്ങളിൽ വിവരിച്ചിട്ടുണ്ട്. ദൈവം പൂർവ്വപിതാക്കന്മാരോടു ചെയ്ത പൗരാണിക വാഗ്ദത്തത്തിൻ്റെ നിറവേറലായിരുന്നു എബ്രായരെ സംബന്ധിച്ചിടത്തോളം ഈ കനാൻ ആക്രമണം. (ഉല, 17:8; 28:4, 13,14; പുറ, 6:2-8). അവിടെയുള്ള ജാതികളെ നിർമ്മലമാക്കിക്കളയേണ്ടതാണ്. അവരോടു ഉടമ്പടി ചെയ്കയോ കൃപകാണിക്കയോ ചെയ്യാൻ പാടില്ല. (ആവ, 7:1,2). ആ ജാതികളെ യഹോവ നീക്കിക്കളയുന്നതു അവരുടെ ദുഷ്ടതനിമിത്തവും അബ്രാഹാം യിസ്ഹാക്ക് യാക്കോബ് എന്ന പൂർവ്വപിതാക്കന്മാരോടു താൻ ചെയ്ത സത്യവചനം നിവർത്തിക്കേണ്ടതിനും അത്രേ. അല്ലാതെ യിസ്രായേൽ മക്കളുടെ നീതിയോ നന്മയോ നിമിത്തമല്ല. (ആവ, 9:4-5; ഉല്പ, 15:16). യെരീഹോ, ഹായി എന്നീ പട്ടണങ്ങളെ നശിപ്പിച്ചശേഷം (യോശു, 6:1-8:29) യിസ്രായേല്യർ ദക്ഷിണകനാനും (യോശു, 10) ഉത്തരകനാനും ആക്രമിച്ചു. (യോശ, 11:1-5). ഈ ആക്രമണത്തിന്റെ സംക്ഷിപ്തരേഖയാണ് യോശുവ 11:16-12:24). ആക്രമണത്തിന്റെ വിശദാംശങ്ങൾ രേഖപ്പെടുത്താതെ തിരഞ്ഞെടുത്ത സംഭവങ്ങളുടെ ഹസ്വവിവരണമാണ് നല്കിയിട്ടുള്ളത്. ആക്രമണത്തിനുശേഷം കനാൻദേശം ഗോത്രങ്ങൾക്കു വിഭജിച്ചു നല്കി. ദേശവിഭജനത്തിന്റെ വിവരണമാണ് യോശുവ 13-22 അദ്ധ്യായങ്ങളിൽ.

കണ്ണുനീർ താഴ്വര

കണ്ണുനീർ താഴ്വര (valley of Baca) 

യെരുശലേമിനു അടുത്തുള്ള ഒരു സ്ഥലം. (സങ്കീ, 84:6). ഇംഗ്ലീഷിൽ KJV-യും RSV-യും ബാഖാതാഴ്വര (Valley of Baca) എന്നു തർജ്ജമ ചെയ്യുന്നു. ബെഖേഹ് എന്ന ധാതുവിൽ നിന്നും (ഒ.നോ: എസ്രാ, 10:1) നിഷ്പാദിപ്പിച്ച് കരച്ചിലിന്റെ താഴ്വര എന്നു വിവർത്തനം ചെയ്യുന്നതിന് ജെറോമിൻ്റെ കാലത്തോളം പഴക്കമുണ്ട്. നിരനിരയായുള്ള കല്ലറകൾ കാരണമാകണം താഴരയ്ക്ക് ഈ പേർ ലഭിച്ചതെന്ന് ഡ്രിവർ (R. Driver) അനുമാനിക്കുന്നു. ബാഖാവൃക്ഷങ്ങളുടെ താഴ്വരയെന്നും വിവർത്തനമുണ്ട്. (2ശമൂ, 5:23). കണ്ണീരിനു സദൃശമായ പശ ഈ വൃക്ഷങ്ങൾ ഒലിപ്പിക്കാറുണ്ട്. വെറും ഭാവനാജന്യമായ ഒരു താഴ്വരയാണിതെന്നും വരണ്ട അനുഭവത്തെ വിവക്ഷിക്കുക മാത്രമേ ചെയ്യുന്നുള്ളൂവെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. ഇതിനു നേർവിപരീതമായ അനുഭവമാണ് ജലാശയത്തിന്റേത്. അതാണ് കണ്ണുനീർ താഴ്വരയിൽ കൂടി കടക്കുമ്പോൾ അവർ അതിനെ ജലാശയമാക്കിത്തീർക്കുന്നു എന്നു കോരഹ് പുത്രന്മാർ പാടുന്നത്.

താഴ്വര (valley of Baca) 

യെരുശലേമിനു അടുത്തുള്ള ഒരു സ്ഥലം. (സങ്കീ, 84:6). ഇംഗ്ലീഷിൽ KJV-യും RSV-യും ബാഖാതാഴ്വര (Valley of Baca) എന്നു തർജ്ജമ ചെയ്യുന്നു. ബെഖേഹ് എന്ന ധാതുവിൽ നിന്നും (ഒ.നോ: എസ്രാ, 10:1) നിഷ്പാദിപ്പിച്ച് കരച്ചിലിന്റെ താഴ്വര എന്നു വിവർത്തനം ചെയ്യുന്നതിന് ജെറോമിൻ്റെ കാലത്തോളം പഴക്കമുണ്ട്. നിരനിരയായുള്ള കല്ലറകൾ കാരണമാകണം താഴരയ്ക്ക് ഈ പേർ ലഭിച്ചതെന്ന് ഡ്രിവർ (R. Driver) അനുമാനിക്കുന്നു. ബാഖാവൃക്ഷങ്ങളുടെ താഴ്വരയെന്നും വിവർത്തനമുണ്ട്. (2ശമൂ, 5:23). കണ്ണീരിനു സദൃശമായ പശ ഈ വൃക്ഷങ്ങൾ ഒലിപ്പിക്കാറുണ്ട്. വെറും ഭാവനാജന്യമായ ഒരു താഴ്വരയാണിതെന്നും വരണ്ട അനുഭവത്തെ വിവക്ഷിക്കുക മാത്രമേ ചെയ്യുന്നുള്ളൂവെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. ഇതിനു നേർവിപരീതമായ അനുഭവമാണ് ജലാശയത്തിന്റേത്. അതാണ് കണ്ണുനീർ താഴ്വരയിൽ കൂടി കടക്കുമ്പോൾ അവർ അതിനെ ജലാശയമാക്കിത്തീർക്കുന്നു എന്നു കോരഹ് പുത്രന്മാർ പാടുന്നത്.

ഏലീം

ഏലീം (Elim)

പേരിനർത്ഥം – വൃക്ഷങ്ങൾ

യിസ്രായേൽ ജനം ചെങ്കടൽ കടന്നതിനുശേഷം പാളയമടിച്ച സ്ഥലം. (പുറ, 15:27; സംഖ്യാ, 33:9). ശൂർ മരുഭൂമിക്കപ്പുറത്ത് ഇന്നത്തെ സൂയസ്കനാലിന്റെ കിഴക്കുവശത്തുള്ള മാറായിലായിരുന്നു അവർ ആദ്യം പാളയമടിച്ചത്. അനന്തരം അവർ ഏലീമിൽ എത്തി. അവിടെ പ്രന്തണ്ടു നീരുറവും എഴുപതു ഈത്തപ്പനയും ഉണ്ടായിരുന്നു. അവിടെ അവർ ഒരു മാസം കഴിഞ്ഞു. (പുറ, 16:1).

ഏൽ-ബേഥേൽ

ഏൽ-ബേഥേൽ (Ek-Bethel)

പേരിനർത്ഥം – ബേഥേലിലെ ദൈവം

യാക്കോബു യാഗപീഠം പണിതസ്ഥലം. സഹോദരന്റെ മുമ്പിൽ നിന്നു ഓടിപ്പോയപ്പോൾ ദൈവം യാക്കോബിന് അവിടെ വച്ച് പ്രത്യക്ഷപ്പെട്ടതുകൊണ്ട് ആ സ്ഥലത്തിനു ഏൽ-ബേഥേൽ എന്നു പേരിട്ടു. (ഉല്പ, 35:7). ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ ഏൽ-ബേഥേൽ ഒരു സ്ഥലത്തിനനു യോജ്യമായ പേരല്ല. തന്മൂലം സെപ്റ്റ്വവജിൻ്റ്, വുൾഗാത്ത, പെഷീത്ത, അറബി വിവർത്തനങ്ങളിൽ ആദ്യത്തെ ഏൽ വിട്ടുകളഞ്ഞിട്ടുണ്ട്. ബേഥേലിൽ ഏൽ ഉള്ളതുകൊണ്ട് ആരംഭത്തിലെ ഏൽ അനാവശ്യമായ ആവർത്തനമായിട്ടാണ് കരുതുനത്. ഉദ്ദേശം ഇരുപതു വർഷം മുമ്പ് യാക്കോബിനു ദൈവം ഇവിടെ വച്ച് പ്രത്യക്ഷപ്പെടുകയും ഒരിക്കലും അവനെ കൈവിടാതെ കാക്കാമെന്നു വാഗ്ദത്തം ചെയ്യുകയും ചെയ്തു. യഹോവ ഈ സ്ഥലത്തുണ്ട് സത്യം എന്നു പറഞ്ഞ് യാക്കോബ് ആ സ്ഥലത്തിനു ബേഥേൽ എന്നു പേരിട്ടു. (ഉല്പ, 28:10-22). തന്മൂലം വീണ്ടും പ്രസ്തുത യാഗപീഠത്തിന് പേരിട്ടപ്പോൾ ദൈവം ബേഥേലിൽ ഉണ്ട് എന്ന അർത്ഥത്തിൽ ഏൽ-ബേഥേൽ എന്നു നാമകരണം ചെയ്തതിൽ അനൗചിത്യം ഇല്ല.

ഏദോം

ഏദോം (Edom)

പേരിനർത്ഥം – ചുവന്നവൻ

ചുവന്ന പായസത്തിനു ജ്യേഷ്ഠാവകാശം വിറ്റുകളഞ്ഞതുകൊണ്ട് ഏശാവിനു ലഭിച്ച് പേരാണ് ഏദോം. (ഉല്പ, 25:30). ഏശാവിന്റെ സന്തതികൾ പാർത്തിരുന്ന ദേശത്തെയും ഏദോം എന്നു വിളിക്കുന്നു. ദേശത്തിന്റെ പഴയ പേർ സേയീർ എന്നായിരുന്നു. (ഉല്പ, 32:3; 36:20,21, 30). ചുവന്ന മണൽക്കല്ലുകൾ നിറഞ്ഞഭൂമിയാണിത്. അതിനാൽ ഏദോം എന്ന പേര് ഈ ദേശത്തിനു അന്വർത്ഥമാണ്. പലസ്തീൻ്റെ തെക്കുകിഴക്കുഭാഗത്ത് ഏദോം സ്ഥിതിചെയ്യുന്നു. സീനായിൽ നിന്നും കാദേശ് ബർന്നേയയിലേക്കുള്ള വഴിയിലാണ് ഏദോംദേശം. ഏദോമിനു വടക്ക് മോവാബ് സ്ഥിതിചെയ്യുന്നു. സേരെദ് തോടാണ് ഈ പ്രദേശത്തിന്റെ അതിർ. (ആവ, 2:13,14, 18).