Category Archives: Uncategorized

ഗലീല

ഗലീല (Galilee)

പേരിനർത്ഥം — വൃത്തം, ചക്രം, മേഖല

ഗലീലയെക്കുറിച്ചുള്ള പ്രഥമ പരാമർശം യോശുവ 20:7-ലാണ്. നഫ്താലി മലനാട്ടിൽ ഗലീലയിലെ കേദേശ് സങ്കേതനഗരമായി തിരിച്ചു. യെശയ്യാ പ്രവാചകന്റെ കാലത്ത് ഗലീലയിൽ സെബൂലൂൻ പ്രദേശം ഉൾപ്പെട്ടിരുന്നു. യിസ്രായേല്യരല്ലാത്ത ധാരാളം പേർ അവിടെ പാർത്തിരുന്നതിനാലാണ് ജാതികളുടെ ഗലീല എന്നു വിളിക്കപ്പെട്ടത്. (മത്താ, 4:14). ഇത് യെശയ്യാ പ്രവചനത്തിൽ നിന്നുള്ള ഉദ്ധരണിയാണ്. (യെശ, 9:1). ഗലീലയുടെ മൂന്നു ചുറ്റും വിജാതീയരാണ്. തന്മൂലം ദാക്ഷിണാത്യരായ യെഹൂദന്മാർ ഗലീല്യരെ അവജ്ഞയോടു കൂടി നോക്കിയിരുന്നു. 

റോമൻ ഭരണകാലത്ത് പലസ്തീൻ യെഹൂദ്യ, ശമര്യ, ഗലീല എന്നു മൂന്നു ജില്ലകളായി വിഭജിക്കപ്പെട്ടിരുന്നു. അവയിൽ ഏറ്റവും വടക്കെ അറ്റത്തുളളതാണ് ഗലീല. ഗലീലയുടെ അതിരുകൾ ഒരിക്കലും സ്ഥിരമായിരുന്നില്ല. ഏററവും വലിയ വ്യാപ്തി 97 കി.മീറ്റർ നീളവും 48 കി.മീറ്റർ വീതിയുമാണ്. യേശുവിന്റെ കാലത്ത് ഗലീല പ്രവിശ്യയ്ക്ക് വടക്കു തെക്കായി 70 കി.മീറ്ററും കിഴക്കു പടിഞ്ഞാറായി 40 കി.മീറ്ററും ദൈർഘ്യമുണ്ടായിരുന്നു. അതിന്റെ കിഴക്കു യോർദ്ദാനും ഗലീലക്കടലും അതിരുകളായിരുന്നു. ഉത്തരഗലീലയിലെ ഉയർന്ന പ്രദേശം സമുദ്രനിരപ്പിൽനിന്ന് 1000 മീറ്റർ ഉയരെയാണ്. പുതിയനിയമകാലത്ത് അധികം ജനവാസമില്ലാത്ത ഒരു മലനാടായിരുന്നു അത്. ഗലീലയുടെ താണപ്രദേശം ദക്ഷിണ ഗലീല എന്നറിയപ്പെടുന്നു. സുവിശേഷത്തിന്റെ പശ്ചാത്തലഭൂമി ഏറിയകൂറും ദക്ഷിണ ഗലീലയാണ്. വടക്കുള്ള മലകളിൽ നിന്ന് ഒഴുകുന്ന അരുവികളും ഫലപുഷ്ടിയുള്ള മണ്ണും ഈ പ്രദേശത്തെ ജനബാഹുല്യമുള്ളത് ആക്കിത്തീർത്തു. ഒലിവെണ്ണയും പയറും തടാകത്തിൽ നിന്നുള്ള മത്സ്യവും കയറ്റുമതി ചെയ്തിരുന്നു. റോമൻ പ്രവിശ്യ എന്ന നിലയിൽ ഗലീലയെ മഹാനായ ഹെരോദാവ്, ഹെരോദാ അന്തിപ്പാസ് എന്നിവർ ഭരിച്ചിരുന്നു. ഗലീല ഒരിക്കലും പലസ്തീൻ്റെ അഭേദ്യഭാഗമായിരുന്നില്ല. തെക്കുളളവരും വടക്കുള്ളവരും തമ്മിൽ വളരെയേറെ അകൽച്ച ഉണ്ടായിരുന്നു. ഗലീലക്കാരുടെ ഭാഷാരീതിയിൽ മററുളളവർക്കു തിരിച്ചറിയാൻ തക്കവണ്ണമുള്ള ചില പ്രത്യേകതകൾ കാണപ്പെട്ടിരുന്നു. (മത്താ, 26:73).

ഗലാത്യ

ഗലാത്യ (Galatia)

ഗലാത്യരാജ്യം: ഗലാത്യരാജ്യവും ഗലാത്യ പ്രവിശ്യയുമുണ്ട്. ഏഷ്യാമൈനറിന്റെ വലിയ പീഠഭൂമിക്ക് വടക്കായി ഗലാത്യരാജ്യം സ്ഥിതിചെയ്തിരുന്നു. ബി.സി. മൂന്നാം നൂറ്റാണ്ടിൽ മദ്ധ്യയൂറോപ്പിലുണ്ടായ ജനസംഖ്യാ സ്ഫോടനഫലമായി ഗാളിലുള്ളവർ ഈ പ്രദേശത്തു വന്നു. പ്രാചീന ഗാളിലുള്ള കെൽറ്റിക് ഗോത്രങ്ങളുടെ പേരിൻ്റെ (കെൽറ്റോയ്, കെൽറ്റായ്) ഗ്രീക്കു രൂപമാണ് ഗലാത്യ. ബി.സി. 280-നടുപ്പിച്ച് ഗ്രീസിനെയും മാസിഡോണിയയെയും ആക്രമിച്ച ശേഷം ബിദുന്യയിലെ രാജാവായ നിക്കോമെഡസ് (Nikomedes) ഒന്നാമൻ്റെ അപേക്ഷ അനുസരിച്ച് ആഭ്യന്തരയുദ്ധത്തിൽ സഹായിക്കാൻ വേണ്ടി അവർ ഏഷ്യാമൈനറിലേക്കു കടന്നു. ദേശത്തു വളരെയേറെ നാശം വിതച്ചശേഷം അവർ ഏഷ്യാമൈനറിന്റെ ഉത്തരമദ്ധ്യഭാഗത്ത് കുടിയേറി പാർത്തു. ജേതാക്കളെന്ന നിലയിൽ തങ്ങളുടെ പേർ അവർ ദേശത്തിനു നല്കി. ബി.സി. 189-ൽ റോം ഗലാത്യയെ കീഴടക്കി. തുടർന്നു തങ്ങളുടെ തന്നെ നേതാക്കന്മാരുടെ കീഴിൽ റോമിന്റെ സാമന്തരാജ്യമായി അവർ തുടർന്നു. ബി.സി. 63-നു ശേഷം അവർക്കു രാജാക്കന്മാരുണ്ടായി. 

ഗലാത്യപ്രവിശ്യ: റോമൻ പ്രവിശ്യയായ ഗലാത്യ അഥവാ വിശാല ഗലാത്യ. ബി.സി. 25-ൽ അവസാനരാജാവായ അമിന്താസ് (Amyntas) മരിച്ചപ്പോൾ ഗലാത്യ ഒരു റോമൻ പ്രവിശ്യയായി. ഗലാത്യർ വസിച്ചിരുന്ന ഭാഗം മാത്രമല്ല പൊന്തൊസ്, ഫ്രുഗിയ (Phrygia), ലുക്കാവോന്യ (Lycaonia), പിസിദ്യ (Pisidia), പാഫ്ലഗോണിയ (Paphlagonia), ഇസൗറിയ (Isauria) എന്നിവയുടെ ഭാഗങ്ങളും പുതിയ റോമൻ പ്രവിശ്യ ഉൾക്കൊണ്ടു. ആദ്യമിഷണറി യാത്രയിൽ പൗലൊസ് സുവിശേഷം അറിയിച്ച അന്ത്യാക്ക്യ, ഇക്കോനിയ, ലുസ്ത്ര, ദെർബ്ബ എന്നീ സ്ഥലങ്ങൾ ഗലാത്യ പ്രവിശ്യയിലാണ്. (പ്രവൃ, 13,14 അ). പൗലൊസ് ഗലാത്യ സന്ദർശിച്ചു സഭകൾ സ്ഥാപിച്ചു എന്നത് വ്യക്തമാണ്. എന്നാൽ ഉത്തര ഗലാത്യയിൽ അപ്പൊസ്തലൻ പോയിരുന്നോ എന്നതു വിവാദ്രഗ്രസ്തമാണ്. 1കൊരി, 16:1; ഗലാ, 1:2; 2തിമൊ, 4:10; 1പത്രൊ, 1:1 എന്നീ വാക്യങ്ങളിൽ ഗലാത്യ പരാമൃഷ്ടമാണ്. 1പത്രൊ, 1:1-ലും 2തിമൊ, 4:10-ലും ഗലാത്യ പ്രവിശ്യയാണെന്നു പൊതുവെ കരുതപ്പെടുന്നു. ഗലാ, 1:2-ലെ ഗലാത്യ രാജ്യത്തെയാണോ, അതോ ഗലാത്യ പ്രവിശ്യയെയാണോ വിവക്ഷിക്കുന്നത് എന്ന കാര്യത്തിൽ പണ്ഡിതന്മാർ വിരുദ്ധചേരികളിലാണ്.

ഗദര

ഗദര (Gadara)

ദെക്കപ്പൊലി നഗരങ്ങളിൽ (ദശനഗരസഖ്യം) ഒന്നാണിത്. ആധുനിക ഗ്രാമമായ ഉമ്മ് കെയ്സിലെ (Umm Qays) നഷ്ടശിഷ്ടങ്ങൾ ഗദരയുടെ സ്ഥാനം ചൂണ്ടിക്കാണിക്കുന്നു. യാർമ്മുഖ് മലയിടുക്കിന്നരികിൽ ഗലീലാക്കടലിനു 10 കി.മീറ്റർ തെക്കുകിഴക്കായി കിടക്കുന്ന ഗദര ഒരു ഉപജില്ല ആയിരുന്നിരിക്കണം. പഴയനിയമ കാലത്തു ഗദര അറിയപ്പെട്ടിരുന്നു എന്നതിനു മിഷ്ണയിൽ തെളിവുണ്ട്. ബി.സി. മുന്നാം നൂറ്റാണ്ടുമുതൽ ടോളമികളും സെലൂക്യരും യെഹൂദന്മാരും റോമാക്കാരും വിവിധ കാലങ്ങളിൽ ഗദരയെ കീഴ്പെടുത്തിയിരുന്നു. ഗദരേന്യ ദേശത്തെക്കുറിച്ചുള്ള ബൈബിളിലെ ഒരേയൊരു പരാമർശം ക്രിസ്തു ലെഗ്യോനെ പുറത്താക്കിയ അത്ഭുതവുമായി ബന്ധപ്പെട്ടതാണ്. (മത്താ, 8:28; മർക്കൊ, 5:1; ലൂക്കൊ, 8:26, 37). ലൂക്കൊസ് 8:26, 37-ൽ ഗെരസേന്യദേശം എന്നാണ്.

ഖിയൊസ്

ഖിയൊസ് (Chios)

ഏഷ്യാമൈനറിന്റെ പശ്ചിമതീരത്തുള്ള വലിയ ഈജിയൻ ദ്വീപുകളിലൊന്നാണ് ഖിയൊസ്. വെസ്പേഷ്യൻ്റെ കാലം വരെ ഇത് റോമാസാമ്രാജ്യത്തിന്റെ കീഴിൽ സ്വത്രന്ത്ര നഗരരാഷ്ടം ആയിരുന്നു. ത്രോവാസിൽനിന്നു ‘പത്തര’യിലേക്കുള്ള മാർഗ്ഗമദ്ധ്യ പൗലൊസിന്റെ കപ്പൽ അവിടെ നങ്കൂരമടിച്ചു. “അവൻ അസ്സൊസിൽ ഞങ്ങളോടു ചേർന്നപ്പോൾ അവനെ കയറ്റി മിതുലേനയിൽ എത്തി; അവിടെ നിന്നു നീക്കി, പിറ്റെന്നാൾ ഖിയൊസ് ദ്വീപിന്റെ തൂക്കിൽ എത്തി, മറുനാൾ സാമൊസ് ദ്വീപിൽ അണഞ്ഞു. പിറ്റേന്നു മിലേത്തൊസിൽ എത്തി.” (പ്രവൃ, 20:14,15).

ക്ലൗദ

ക്ലൗദ (Clauda)

ക്രേത്തയുടെ (Crete) ദക്ഷിണ പശ്ചിമതീരത്തുള്ള ഒരു ചെറിയ ദ്വീപ്. ഇതിന്റെ ഇന്നത്തെ പേര് ഗൊസ്സാ (Gozzo) എന്നത്രേ. റോമിലേക്കുള്ള യാത്രയിൽ പൗലൊസ് ഈ ദ്വീപിനെ കടന്നുപോയി. ഈശാനമൂലൻ എന്ന കൊടുങ്കാറ്റടിച്ചപ്പോൾ ഈ ദ്വീപിൻ്റെ മറപറ്റി ഓടിയാണ് രക്ഷപെട്ടത്: “കുറെ കഴിഞ്ഞിട്ടു അതിന്നു വിരോധമായി ഈശാനമൂലൻ എന്ന കൊടങ്കാറ്റു അടിച്ചു. കപ്പൽ കാറ്റിന്റെ നേരെ നില്പാൻ കഴിയാതവണ്ണം കുടുങ്ങുകയാൽ ഞങ്ങൾ കൈവിട്ടു അങ്ങനെ പാറിപ്പോയി. ക്ളൌദ എന്ന ചെറിയ ദ്വീപിന്റെ മറപറ്റി ഓടീട്ടു പ്രയാസത്തോടെ തോണി കൈവശമാക്കി.” (പ്രവൃ, 27:14-16).

ക്രേത്ത

ക്രേത്ത (Crete)

മെഡിറ്ററേനിയൻ സമുദ്രത്തിലെ അഞ്ചാമത്ത വലിയദ്വീപ്. ഈജിയൻ കടലിന്റെ തെക്കെ അറ്റത്തു കുറുകെ കിടക്കുന്ന ഈ ദ്വീപിനു 250 കി.മീറ്റർ നീളവും 11 മുതൽ 56 കി.മീറ്റർ വരെ വീതിയുമുണ്ട്. ഗ്രീസിനു ഏകദേശം105 കി.മീറ്റർ തെക്കുകിഴക്കായി കിടക്കുന്നു. കാസോസ് (Casos), കാർപ്പത്തൊസ് (Carpathos), റോഡ്സ് (Rhods) എന്നീ ചെറിയ ദ്വീപുകൾ ഒരു ചങ്ങലപോലെ ഏഷ്യാമൈനറിന്റെ തെക്കുപടിഞ്ഞാറെ മൂലയോടു ക്രേത്തയെ ബന്ധിപ്പിക്കുന്നു. ഈ ഇടുങ്ങിയ ദ്വീപു മുഴുവൻ പർവ്വത പ്രദേശമാണ്. ഏതാണ്ട് മദ്ധ്യത്തിലുള്ള ഇഡ (Ida) പർവ്വതത്തിന് സമുദ്രനിരപ്പിൽ നിന്നും 2450 മീറ്റർ പൊക്കമുണ്ട്. ഉത്തരതീരത്ത് നല്ല തുറമുഖങ്ങളുണ്ട്. ക്രേത്ത ദ്വീപിനെ അതേപേരിൽ പഴയനിയമത്തിൽ പറഞ്ഞിട്ടില്ല. ദാവീദിന്റെ അംഗരക്ഷകന്മാരിൽ ഒരു വിഭാഗമായിരുന്ന ക്രേത്യർ (Cherethites) ക്രേത്തരാണ്. കഫ്തോർ (Caphtor) മിക്കവാറും ഈ ദ്വീപിനെക്കുറിക്കണം. പെന്തെക്കൊസ്തിനു കൂടിയിരുന്നവരിൽ ക്രേത്തർ ഉണ്ടായിരുന്നു. (പ്രവൃ, 2:11). പൗലൊസ് വിചാരണയ്ക്കുവേണ്ടി റോമിൽ പോകുന്ന വഴിക്ക് ക്രേത്തദ്വീപിന്റെ മറപറ്റി ശല്മോനയ്ക്കു നേരെ ഓടിയതായി പറയുന്നു. (പ്രവൃ, 27:7-13, 21). ക്രേത്തയുടെ കിഴക്കെ തീരത്തുള്ള ശല്മോനയിൽനിന്ന് പടിഞ്ഞാറോട്ടുപോയി ശുഭതുറമുഖത്തിലെത്തി. ദക്ഷിണ തീരത്തിന്റെ മദ്ധ്യത്തിലുള്ള ലസയ്യ പട്ടണത്തിന്റെ സമീപമാണ് ശുഭതുറമുഖം. (പ്രവൃ, 27:8). ശീതകാലം അവിടെ കഴിക്കാമെന്നു പൗലൊസ് ഉപദേശിച്ചു. അതു വകവയ്ക്കാതെ, തെക്കുപടിഞ്ഞാറായി കിടക്കന്ന ഫൊയ്നീക്യ എന്ന ക്രേത്ത തുറമുഖത്തേക്കു യാത്ര തിരിച്ചു. എന്നാൽ ഈശാനമൂലൻ എന്ന കൊടുങ്കാറ്റടിച്ചു കപ്പൽ മെലിത്താ ദ്വീപിൽ (Malta) എത്തി. (പ്രവൃ, 28:1). റോമിലെ കാരാഗൃഹ വാസത്തിനുശേഷം പൌലൊസ് ക്രേത്ത സന്ദർശിച്ചിരിക്കണം. സഭയിലെ കാര്യങ്ങൾ ക്രമീകരിക്കുന്നതിനു പൗലൊസ് തീത്താസിനെ ക്രേത്തയിൽ ആക്കി. ക്രേത്തരെക്കുറിച്ചു അവരുടെ കവിയായ എപ്പീമെനെസ്സിന്റെ വാക്കുകളാണ് തീത്താസിൽ അപ്പൊസ്തലൻ ഉദ്ധരിച്ചിട്ടുള്ളത്: “ക്രേത്തർ സർവ്വദാ അസത്യവാദികളും ദുഷ്ടജന്തുക്കളും മടിയന്മാരായ പെരുവയറന്മാരും അത്രേ എന്നു അവരിലൊരുവൻ, അവരുടെ ഒരു വിദ്വാൻ തന്നെ പറഞ്ഞിരിക്കുന്നു. ഈ സാക്ഷ്യം നേർ തന്നെ.” (തീത്താ, 1:12,13). 

ക്രേത്തരുടെ ആദ്യകാല ചരിത്രത്തെക്കുറിച്ചുള്ള നമ്മുടെ അറിവ് തുലോം തുച്ഛമാണ്. പുരാവസ്തു ഗവേഷണത്തിൽ നിന്നുലഭിച്ച അറിവാണ് ആകെക്കൂടിയുള്ളത്. നവീനശിലായുഗത്ത് അവിടെ കുടിപാർപ്പുണ്ടായി. ഒരു പ്രബലമായ സംസ്കാരം വളർന്നത് താമ്രയുഗത്തിലാണ്. ഒരക്ഷരമാല അവർക്കുണ്ടായിരുന്നു. പക്ഷേ അതാർക്കും വായിക്കാൻ കഴിഞ്ഞിട്ടില്ല. പില്ക്കാലത്തു രൂപംകൊണ്ട അവരുടെ എഴുത്തിനെ വായിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. അതു ഗ്രീക്കിന്റെ പ്രാചീനരൂപമാണ്. താമ്രയുഗത്തിന്റെ അവസാനത്തിൽ ഡോറിയൻ ഗ്രീക്കുകാർ ക്രേത്തയിൽ വന്നു. അതോടുകൂടി അയോയുഗം ആരംഭിച്ചു. ബി.സി. രണ്ടാം നൂറ്റാണ്ടോടുകൂടി ഈ ദ്വീപ് കടൽക്കള്ളന്മാരുടെ താവളമായി മാറി. ബി.സി. 67-ൽ പോമ്പി ക്രേത്തയെ കീഴടക്കി റോമൻ പ്രവിശ്യയാക്കി.

ക്നീദൊസ്

ക്നീദൊസ് (Cnidus) 

ഏഷ്യാമൈനറിന്റെ തെക്കുപടിഞ്ഞാറെ മൂലയിൽ കാറിയയിലുള്ള ഒരു പട്ടണം. അപ്പൊസ്തലനായ പൗലൊസ് റോമിലേക്കു പോയത് ഇതു വഴിയായിരുന്നു. കാറ്റു പ്രതികൂലമായതുകൊണ്ട് ക്നീദൊസ് തുക്കിൽ പ്രയാസത്തോടെ എത്തി. (പ്രവൃ, 27:7). റോമൻ ഭരണത്തിൽ ഒരു സ്വതന്ത്ര പട്ടണത്തിൻ്റെ പദവി ക്നീദൊസിനു ഉണ്ടായിരുന്നു. ബി.സി. രണ്ടാം നൂറ്റാണ്ടുമുതൽ യെഹൂദന്മാർ ഇവിടെ കുടിയേറി പാർത്തുവന്നു.

കോസ്

കോസ് (Coos)

ഏഷ്യാമൈനറിന്റെ തെക്കുപടിഞ്ഞാറെ തീരത്തിനെതിരെ സ്ഥിതിചെയ്യുന്ന ദ്വീപ്. (പ്രവൃ, 21:1). വൈദ്യശാസ്ത്രത്തിൻ്റെ പിതാവായ ഹിപ്പോക്രാറ്റസിന്റെയും (Hip nocrates) ടോളമി ഫിലാഡെൽഫസിൻ്റെയും (Ptolemy Philadelphus) ജന്മസ്ഥലമാണ്. ദ്വീപിന്റെ തലസ്ഥാനവും കോസ് തന്നെയാണ്. വളരെ മുമ്പുതന്നെ ഡോറിയൻ ഗ്രീക്കുകാർ ഇവിടെ കുടിയേറിപ്പാർത്തു. ബി.സി. 5-ാം നൂറ്റാണ്ടിൽ ഹിപ്പോക്രാറ്റസ് സ്ഥാപിച്ച വൈദ്യവിദ്യാലയവും, ബി.സി. 3-ാം നൂറ്റാണ്ടിൽ ഇവിടെ ജീവിച്ചിരുന്ന ഫിലെറ്റാസ് (Philetas), തിയോക്രിറ്റസ് (Theocritus) എന്നീ കവികളും കോസ് ദ്വീപിനെ അനശ്വരമാക്കി. തുണി നെയ്ത്തിന് പ്രഖ്യാതമായിരുന്നു. റോം കോസിനെ ആസ്യാ പ്രവിശ്യയിലെ സ്വതന്ത്ര സംസ്ഥാനമാക്കി. മഹാനായ ഹെരോദാവ് ഈ പട്ടണത്തിന്റെ ഗുണകാംക്ഷിയായിരുന്നു. ഒരു യെഹൂദ കോളനി ഇവിടെ ഉണ്ടായിരുന്നു. ക്ലൗദ്യൊസ് കൈസർ പട്ടണത്തിനു കരമൊഴിവു കൊടുത്തതായി റ്റാസിറ്റസ് പറയുന്നു. പൗലൊസിന്റെ മൂന്നാം മിഷണറി യാത്രയുമായി ബന്ധപ്പെടുത്തിയാണ് കോസിനെക്കുറിച്ചുള്ള ബൈബിൾ പരാമർശം.

കോരസീൻ

കോരസീൻ (Chorazin)

ഗലീലാക്കടലിന്റെ വടക്കുപടിഞ്ഞാറെ അറ്റത്തു സ്ഥിതിചെയ്യുന്ന പട്ടണം. കർത്താവിന്റെ ശുശ്രൂഷയുമായി അടുത്തബന്ധം കോരസീനുണ്ട്. മാനസാന്തരപ്പെടാത്തതിന് കർത്താവ് ഈ പട്ടണത്തെ ശാസിച്ചു. (മത്താ, 11:20; ലൂക്കൊ, 10:13). ബെത്ത്സയിദ, കഫർന്നഹൂം എന്നീ പട്ടണങ്ങളോടൊപ്പം പറഞ്ഞിരിക്കുന്നതിൽ നിന്നും കോരസീൻ ഒരു പ്രധാന പട്ടണമായിരുന്നുവെന്നു കരുതേണ്ടിയിരിക്കുന്നു. യൂസിബയൊസിന്റെ കാലത്തോടുകൂടി (എ.ഡി. 3-ാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധം) ആൾപ്പാർപ്പില്ലാതായിത്തീർന്നു. ഇന്നു ചില കൊത്തിയ കല്ലുകൾ മാത്രം അവശേഷിക്കുന്നു. കഫർന്നഹൂമിനു് 4 കിമീറ്റർ വടക്കുള്ള കിർബത്ത് കെറാസേഹ് (Khirbet Kerazeh) ആണെന്നു നിർണ്ണയിക്കപ്പെട്ടിരിക്കുന്നു.

കൊലൊസ്യ

കൊലൊസ്യ (Colossae) 

ഏഷ്യാമൈനറിന്റെ തെക്കുപടിഞ്ഞാറായി കിടക്കുന്ന ഒരു പട്ടണം. ലൈക്കസ് നദീതടത്തിൽ ലവൊദിക്യയ്ക്ക് 15 കി.മീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്നു. എഫെസൊസിൽ നിന്ന് യൂഫ്രട്ടീസിലേക്കുള്ള വാണിജ്യമാർഗ്ഗം ലൈക്കസ് താഴ്വരയിലൂടെ കടന്നുപോയിരുന്നു. പൗരാണികകാലം തൊട്ടുതന്നെ വളരെ പ്രസിദ്ധിയാർജ്ജിച്ച പട്ടണമായിരുന്നു ഇത്. പൗലൊസിന്റെ മുന്നാം മിഷണറിയാത്രയിൽ എഫെസൊസിൽ മൂന്നുവർഷം താമസിച്ചപ്പോഴാണ് ഇവിടെ സഭ സ്ഥാപിക്കപ്പെട്ടത്. (പ്രവൃ, 19:10). എന്നാൽ ഇവിടെ സഭ സ്ഥാപിച്ചത് പൗലൊസ് ആയിരിക്കാനിടയില്ല. (കൊലൊ, 2:1). ഒരു കൊലൊസ്യനായ എപ്പഫ്രാസ് (Epaphras) ആയിരിക്കണം സഭാസ്ഥാപകൻ. (കൊലൊ, 1:7; 4:12,13). ഇവിടെയുള്ള ശുശ്രൂഷയിൽ അർഹിപ്പൊസും (Archippus) ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. (കൊലൊ, 4:17; ഫിലേ, 2). ഫിലേമോനും ഒനേസിമൊസും ഈ സഭയിലെ അംഗങ്ങളായിരുന്നു. (കൊലൊ, 4:9; ഫിലേ, 10). കൊലൊസ്യ ലേഖനം എഴുതുമ്പോൾ പൗലൊസ് കൊലൊസ്യ സന്ദർശിച്ചിട്ടില്ലായിരുന്നു. (കൊലൊ, 2:1). പൗലൊസ് റോമിൽ ആദ്യം ബദ്ധനായിരുന്നപ്പോൾ കൊലൊസ്യ സഭയിലെ മതപരമായ വീക്ഷണങ്ങളും ആചാരങ്ങളും എപ്പഫ്രാസ് പൗലൊസിനെ വ്യക്തമായി അറിയിച്ചു. അതിൻ്റെ അടിസ്ഥാനത്തിലാണ് സഭയുടെ തെറ്റുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് പൗലൊസ് ഈ ലേഖനം എഴുതിയത്. യെഹൂദ്യരും, യവനരും, ഫ്രുഗ്യരും ചേർന്ന ഒരു സമ്മിശ്രമായിരുന്നു പട്ടണത്തിലെ ജനം. സഭയിലും ഇതു പ്രതിഫലിച്ചു. തന്മൂലമുണ്ടായ ഇടത്തുടിനെയാണ് പൗലൊസ് കുറ്റപ്പെടുത്തുന്നത്. 

എ.ഡി. 60-ൽ ഉണ്ടായ ഒരു ഭൂകമ്പം കൊലൊസ്യയുടെ സമീപപ്രദേശങ്ങളെ നിർമ്മൂലമാക്കി. അതിനെക്കുറിച്ച് ലേഖനത്തിൽ യാതൊരു സൂചനയും ഇല്ലാത്ത സ്ഥിതിക്ക് ഈ വാർത്ത റോമിലെത്തുന്നതിനുമുമ്പ് ലേഖനം എഴുതിക്കഴിഞ്ഞു എന്നു കരുതണം. എന്നാൽ ഈ നിഗമനം ശരിയാകണമെന്നില്ല. അനന്തരകാലത്ത് ലവോദിക്യ ഒരു വലിയ പട്ടണമായി തീർന്നതോടുകൂടി കൊലൊസ്യയുടെ പ്രാധാന്യം നശിച്ചു. എ.ഡി. 7,8 നൂറ്റാണ്ടുകളിൽ സാരസന്മാരുടെ (മുസ്ലീം) കൊള്ളയ്ക്കു പട്ടണം ഇരയായി. ആളുകൾ കാട്മസ് മലയുടെ ചരിവിലെ ഖോനേ കോട്ടയിലേക്കു മാറിപ്പാർത്തു. 12-ാം നൂറ്റാണ്ടിൽ തുർക്കികൾ പട്ടണം നശിപ്പിച്ചു.