Category Archives: Uncategorized

സലമീസ്

സലമീസ് (Salamis)

പേരിനർത്ഥം — സമാധാനം

സൈപ്രസ് ദ്വീപിലെ ഒരു പ്രധാന പട്ടണം. സെലൂക്യ വിട്ടശേഷം പൗലൊസും ബർന്നബാസും ആദ്യം സന്ദർശിച്ചു സുവിശേഷം പ്രസംഗിച്ച സ്ഥലം. (പ്രവൃ, 13:5). വളരെയധികം യെഹൂദന്മാർ അവിടെ പാർത്തിരുന്നു. ഫാമഗുസ്ത എന്ന അധുനിക നഗരത്തിനു സമീപം സലമീസിൻ്റെ അവശിഷ്ടങ്ങൾ കാണാം.

സർദ്ദിസ്

സർദ്ദിസ് (Sardis)

പശ്ചിമ ഏഷ്യാമൈനറിലെ ഒരു പട്ടണം. സ്മുർന്നയ്ക്ക് 25 കി.മീറ്റർ കിഴക്കാണ് സ്ഥാനം. പ്രാചീന ലുദിയയുടെ തലസ്ഥാനമായിരുന്നു. വെളിപ്പാട് പുസ്തകത്തിലെ ഏഴു സഭകളിൽ അഞ്ചാമത്തതു സർദ്ദിസ് സഭയാണ്. (1:11, 3:1, 4). മനോഹരമായ കാലാവസ്ഥയും സമ്പൽസമൃദ്ധിയും ഈ പട്ടണത്തെ പ്രാചീനകാലത്ത് എല്ലാവരുടെയും ശ്രദ്ധകേന്ദ്രമാക്കിയിരുന്നു. ബി.സി. 546-ൽ പാർസി രാജാവായ കോരെശ് സർദ്ദിസിനെ കീഴടക്കി. ബി.സി. 189-ൽ റോമിനു വിധേയമായതോടു കൂടിയാണ് സർദ്ദിസ് പ്രാധാന്യത്തിലേക്കു വന്നത്. ഇന്ന് സാർട്ട് (Sart) എന്ന പേരിലറിയപ്പെടുന്ന ഒരു കൊച്ചു ഗ്രാമമാണ് സർദ്ദിസ്. സമ്പന്നരായ സർദ്ദിസിലെ ജനത സൈബലയുടെ മാർമ്മികമതം പിന്തുടർന്നിരുന്നു. ഈ നഗരത്തിന്റെ നഷ്ടശിഷ്ടങ്ങളിൽ നിന്നും ബി.സി. 4-ാം നൂറ്റാണ്ടിൽ നിർമ്മിച്ച അർത്തെമീസ് ദേവീക്ഷേത്രത്തിന്റെ ഭാഗങ്ങൾ ലഭിച്ചിട്ടുണ്ട്. എ.ഡി. 4-ാം നൂറ്റാണ്ടിലേതെന്നു കരുതപ്പെടുന്ന ഒരു ക്രൈസ്തവ ദൈവാലയത്തിന്റെയും ഭാഗങ്ങൾ കിട്ടിയിട്ടുണ്ട്.

സമൊത്രാക്കെ

സമൊത്രാക്കെ (Samothrace)

ഈജിയൻ കടലിന്റെ വടക്കുകിഴക്കുള്ള ചെറിയ ദ്വീപ്. ആധുനികനാമം സാമൊത്രാകീ. പർവ്വതപ്രദേശമാണ്. ഇതിന്റെ ഒരു കൊടുമുടിക്കു ഏകദേശം 1650 മീറ്റർ ഉയരമുണ്ട്. നവപൊലിക്കു പോയപ്പോൾ പൗലൊസ് ഇവിടം സന്ദർശിച്ചു. (പ്രവൃ, 16:11). ത്രോവാസിലേക്കു മടങ്ങി വന്നപ്പോഴും അപ്പൊസ്തലൻ ഇവിടം സന്ദർശിച്ചിരിക്കണം. (പ്രവൃ, 20:16). തുറമുഖത്തിന്റെ അറ്റത്തു ഒരു പ്രാചീന ക്രൈസ്തവ ദൈവാലയത്തിന്റെ അവശിഷ്ടങ്ങൾ 1938-ൽ കണ്ടെടുക്കുകയുണ്ടായി.

ശെഖേം

ശെഖേം (Shechem)

പേരിനർത്ഥം — തോൾ

പലസ്തീനിലെ ഒരു പ്രധാന പട്ടണം. എഫ്രയീം മലനാട്ടിൽ സ്ഥിതിചെയ്യുന്നു. ശെഖേമിൽ (ഉല്പ, 33:19) നിന്നു പട്ടണത്തിനോ പട്ടണത്തിൽ നിന്നു ശെഖേമിനോ പേർ കിട്ടിയതെന്നു നിശ്ചയമില്ല. മലയുടെ പാർശ്വത്തിൽ സ്ഥിതിചെയ്യുന്നതുകൊണ്ട് തോൾ അഥവാ ചരിവു എന്ന് അർത്ഥത്തിലുള്ള ശെഖേം പട്ടണത്തിന്റെ ഭൂമിശാസ്ത്ര സ്വഭാവത്തെ വെളിപ്പെടുത്തുന്നു. (യോശു, 20:7; 1രാജാ, 12:25; ന്യായാ, 9:6). ശെഖേമിൽ വച്ചു യഹോവ അബ്രാഹാമിനു പ്രത്യക്ഷപ്പെട്ടു; അവന്റെ സന്തതിക്കു ദേശം കൊടുക്കുമെന്നു വാഗ്ദാനം ചെയ്തു. അബ്രാഹാം യഹോവയ്ക്ക് ഒരു യാഗപീഠം പണിതു. (ഉല്പ, 12:6,7). പദ്ദൻ-അരാമിൽ നിന്നു മടങ്ങിവന്ന യാക്കോബ് ശെഖേമിൽ പാർപ്പുറപ്പിച്ചു, ഹമോരിന്റെ പുത്രന്മാരിൽ നിന്നും നിലം വാങ്ങി. (ഉല്പ, 33:18-19; യോശു, 24:32). പട്ടണത്തിനും പട്ടണത്തിന്റെ പ്രഭുവിനും ശെഖേം എന്നു പറയുന്നതായി ഉല്പത്തി 33-34-ൽ കാണാം. യാക്കോബ് ശെഖേമിലായിരുന്നപ്പോഴാണ് ദേശത്തിന്റെ പ്രഭുവായ ശെഖേം യാക്കോബിന്റെ പുത്രി ദീനയോട് വഷളത്തം പ്രവർത്തിച്ചത്. അവളുടെ സഹോദരന്മാരായ ശിമെയോനും ലേവിയും പട്ടണത്തോടു പ്രതികാരം ചെയ്ത് അതിനെ നശിപ്പിച്ചു. (ഉല്പ, 34). യോസേഫിന്റെ സഹോദരന്മാർ ശെഖേമിൽ ആടു മേച്ചിരുന്നു. അവരുടെ സുഖവർത്തമാനം അറിയുന്നതിനു വേണ്ടി യോസേഫ് പോയി. (ഉല്പ, 37:12-14)

കനാൻ ദേശം വിഭാഗിച്ചപ്പോൾ ശെഖേം എഫ്രയീം ഗോത്രത്തിന്നു ലഭിച്ചു. (യോശു, 17:7). യോശുവ ശെഖേമിനെ സങ്കേതനഗരമായി തിരഞ്ഞെടുത്തു. (യോശു, 20:7; 21:21; 1ദിന, 6:67). മരണത്തിനു മുമ്പു യോശുവ യിസ്രായേൽ മക്കളെ അഭിസംബോധന ചെയ്തതു ശെഖേമിൽ വച്ചായിരുന്നു. (യോശു, 24:1). യാക്കോബ് ഹമോരിന്റെ മക്കളോടു വിലയ്ക്കു വാങ്ങിയിരുന്ന സ്ഥലത്തു യോസേഫിന്റെ അസ്ഥികളെ അടക്കം ചെയ്തു. (യോശു, 24:32). ഗിദെയോന്റെ പുത്രനായ അബീമേലെക് രാജാവായത് ശെഖേമിലാണ്. ശെഖേം നിവാസികൾക്കും അബീമേലെക്കിനും തമ്മിൽ ഇടർച്ചയുണ്ടായി. തുടർന്നുണ്ടായ യുദ്ധത്തിൽ അബീമേലെക്ക് പട്ടണം പിടിച്ചു അതിനെ നശിപ്പിച്ചു. (ന്യായാ, 9:46-49). ശലോമോൻ മരിച്ചശേഷം പുത്രനായ രെഹബെയാം ശെഖേമിൽ പോയി എല്ലാ യിസ്രായേലിനും രാജാവായി. (1രാജാ, 12:1; 2ദിന, 10:1). യിസ്രായേൽ രാജ്യം പിളർന്നപ്പോൾ യൊരോബെയാം പത്തുഗോത്രങ്ങളുടെ രാജാവായി. അവൻ എഫ്രയീമിലെ മലനാടായ ശെഖേമിനെ പണിതു തലസ്ഥാനനഗരമാക്കി. (1രാജാ, 12:25). സങ്കീർത്തനങ്ങളിലും (60:6; 108:7), പ്രവചനങ്ങളിലും (ഹോശേ, 6:9) ശെഖേമിനെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. യെരുശലേം നശിപ്പിക്കപ്പെട്ടപ്പോൾ ശെഖേമിലും മറ്റു പട്ടണങ്ങളിലുമുളളവർ ഗെദല്യാവിന്റെ സംരക്ഷണം ലഭിക്കുവാനായി മിസ്പയിലേക്കു വന്നു. (യിരെ, 44:5). ഇതിനുശേഷം ശെഖേം പ്രത്യക്ഷമായി പരാമർശിക്കപ്പെടുന്നില്ല. 

യേശുവും ശമര്യാസ്ത്രിയും തമ്മിലുളള സംഭാഷണം ശൈഖമിന്റെ പരിസരത്തുവെച്ചാണ് നടന്നത്. (യോഹ, 4). യോഹന്നാൻ 4:5-ലെ സുഖാറിനെ ശെഖേം എന്നാണ് വായിക്കേണ്ടതെന്നു പലരും അഭിപ്രായപ്പെടുന്നുണ്ട്. എ.ഡി. 72-ൽ പട്ടണത്തെ ഫ്ളാവിയ നെയപൊലിസ് എന്ന പേരിൽ പുതുക്കിപ്പണിതു. ഇതിൽ നിന്നാണ് ആധുനിക ഗ്രാമമായ നാബ്ളസിന്റെ പേർ വന്നത്. ഗെരിസീം മലയിലെ ശമര്യ ദൈവാലയത്തെ വെപേഷ്യൻ ചക്രവർത്തി നശിപ്പിച്ചശേഷം പുതിയ നഗരമായ നവപ്പൊലി സ്ഥാപിച്ചു. പഴയനഗരം ശുന്യമായി ശേഷിച്ചു. നാബ്ളസിന്റെ സ്ഥാനത്തിലല്ല മറിച്ചു ‘തേൽ-ബാലാത്ത’യിലാണ് (Tell Balatah) പ്രാചീന ശെഖേമെന്നു ഉൽഖനനങ്ങൾ തെളിയിക്കുന്നു. ബി.സി. 2000-നും 1800-നും ഇടയ്ക്കും, പിന്നീടു ബി.സി. 1400-നും 1200-നും ഇടയ്ക്കും പ്രാചീന നഗരമായ ശെഖേം ഐശ്വര്യ പൂർണ്ണമായിരുന്നു എന്നു ഉൽഖനനങ്ങൾ വ്യക്തമാക്കി. ബി.സി. 14-ാം നൂറ്റാണ്ടിലേതെന്നു കരുതപ്പെടുന്ന ഒരു ക്ഷേത്രം ഇവിടെ നിന്നും കണ്ടെടുത്തു. അക്കാദിയൻ ഭാഷയിൽ ആലേഖനം ചെയ്തിട്ടുള്ള കളിമൺ ഫലകങ്ങൾ ലഭിച്ചിട്ടുണ്ട്. ഈജിപ്റ്റിലെ സെനുസൈറത് (Senusert) പിടിച്ചടക്കിയ പട്ടണങ്ങളിലൊന്നായി ശെഖേമിനെ പറഞ്ഞിട്ടുണ്ട്. അമർണാ എഴുത്തുകളിൽ ശെഖേമിന്റെ ഭരണാധിപനായ ലെബായുവും (Labayu) പുത്രന്മാരും ഈജിപ്റ്റിനെതിരെ മത്സരിക്കുന്നതായി കാണാം.

ശൂശൻ

ശൂശൻ (Shushan)  

പേരിനർത്ഥം — ലില്ലി

ചുറ്റിലും സമൃദ്ധമായി വളരുന്ന ലില്ലിച്ചെടിയാണ് നഗരത്തിനു ഈ പേർ ലഭിക്കാൻ കാരണമായത്. പാർസി രാജ്യത്തിന്റെ തലസ്ഥാനങ്ങളിൽ ഒന്നായിരുന്നു ശൂശൻ. (നെഹ, 1:1; എസ്ഥേ, 1:2; 2:8; 3:15; ദാനീ, 8:2). ശീതകാലത്ത് പാർസി രാജാക്കന്മാർ ഇവിടെ പാർത്തിരുന്നു. ശുശൻ രാജധാനിയിൽ വച്ച് ദാനീയേലിനു ദർശനം ലഭിച്ചു. (8:2). ഊലായി നദീതീരത്താണു ശുശൻ. (ദാനീ, 8:2, 16). പേർഷ്യൻ ഉൾക്കടലിനു ഏകദേശം 240 കി.മീറ്റർ വടക്കാണ് സ്ഥാനം. ഇവിടത്തെ കാലാവസ്ഥ സുഖപദമാണ്. 19-ാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ നടന്ന ഉൽഖനനങ്ങളുടെ ഫലമായി ക്സെർക്സസ് ചകവർത്തിയുടെ കൊട്ടാരം കണ്ടെടുത്തു.

ശൂർ

ശൂർ (Shur) 

പേരിനർത്ഥം — മതിൽ

ഈജിപ്റ്റിനു കിഴക്കും പലസ്തീനു തെക്കുമുള്ള ഒരു പ്രദേശം. സാറായുടെ അടുക്കൽ നിന്നു ഓടിപ്പോയ ഹാഗാറിനെ ദൈവദൂതൻ സന്ദർശിച്ചതു ശൂരിന്നു പോകുന്ന വഴിയിലെ നീരുറവിന്റെ അരികെ വെച്ചായിരുന്നു. (ഉല്പ, 16:7-14). അബ്രാഹാമും ഒരിക്കൽ ഇവിടെ പാർത്തിരുന്നു. (ഉല്പ, 20:1). യിശ്മായേലിന്റെ സന്തതികളെക്കുറിച്ചു പറയുമ്പോഴാണ് ശൂരിന്റെ സ്ഥാനനിർണ്ണയം നല്കുന്നത്. “ഹവീലാ തുടങ്ങി അശ്ശൂരിലേക്കു പോകുന്ന വഴിയിൽ മിസ്രയീമിന്നു കിഴക്കുള്ള ശൂർ വരെ അവർ കുടിയിരുന്നു.” (ഉല്പ, 25:18; 1ശമൂ, 15:7; 27:8). ചെങ്കടൽ കടന്ന ശേഷം യിസായേൽ മക്കൾ ശൂർ മരുഭൂമിയിൽ പ്രവേശിച്ചു. (പുറ,15:22, 23). ഇതിനെ ഏഥാ മരുഭൂമി എന്നും വിളിക്കുന്നു. (സംഖ്യം, 33:8).

ശൂനേം

ശൂനേം (Shunem)

യിസ്സാഖാർ ഗോത്രത്തിന് അവകാശമായി ലഭിച്ച സ്ഥലം. (യോശു, 19:18). ഗിൽബോവാ യുദ്ധത്തിനു മുമ്പു ഫെലിസ്ത്യസൈന്യം ഇവിടെ പാളയമടിച്ചു.  (1ശമൂ, 28:4). വാർദ്ധക്യ കാലത്തു ദാവീദിനെ ശുശ്രൂഷിച്ച അബീശഗ് ശൂനേംകാരിയായിരുന്നു. (1രാജാ, 1:3, 5; 2:17, 21,22). എലീശാ പ്രവാചകന്റെ ആതിഥേയ ശൂനേംകാരിയായിരുന്നു. അവളുടെ മകനെ എലീശാ പ്രവാചകൻ ഉയിർപ്പിച്ചു. (2രാജാ, 4:8-37). യിസ്രായേലിനു 5 കി.മീറ്റർ വടക്കുള്ള സോലെം ആണ് ശൂനേം.

ശീലോ

ശീലോ (Shiloh)

ന്യായാധിപന്മാരുടെ കാലത്ത് യിസ്രായേലിന്റെ വിശുദ്ധമന്ദിരസ്ഥാനം ശീലോവിലായിരുന്നു. അത് യെരൂശലേമിൽ നിന്ന് ബേഥേലിലേക്കു പോകുന്ന പെരുവഴിയുടെ കിഴക്കു ഭാഗത്തു ആയിരുന്നു. “ബേഥേലിനു വടക്കും ബേഥേലിൽ നിന്നു ശെഖേമിലേക്കു പോകുന്ന പെരുവഴിക്കു കിഴക്കും ലെബോനയ്ക്ക് തെക്കും ശീലോവിൽ ആണ്ടുതോറും യഹോവയുടെ ഉത്സവം ഉണ്ടല്ലോ എന്നു പറഞ്ഞു.” (ന്യായാ, 21:19). ബേഥേലിന് ഏകദേശം 14 കി.മീറ്റർ വടക്കാണ് ശീലോ. രാജ്യസ്ഥാപനത്തിനു മുമ്പു യിസ്രായേല്യ ഗോത്ര സംവിധാനത്തിന്റെ കേന്ദ്രം അതായിരുന്നു.

കനാൻ ആക്രമണകാലത്ത് സമാഗമനകൂടാരം ശീലോവിലാണ് വെച്ചിരുന്നത്. (യോശു, 18:1). ന്യായാധിപന്മാരുടെ കാലത്ത് പ്രധാന വിശുദ്ധമന്ദിരം ഇവിടെയായിരുന്നു. (ന്യായാ, 18:31). ശീലോവിൽ ആണ്ടുതോറും ഉത്സവം നടത്തിയിരുന്നു. (ന്യായാ, 21:19). ഈ ഉത്സവം തുടർന്ന് വാർഷിക തീർത്ഥാടനം ആയിമാറി. ശമുവേൽ പ്രവാചകന്റെ മാതാപിതാക്കൾ വർഷം തോറും യഹോവയ്ക്ക് യാഗം കഴിപ്പാൻ പോകുമായിരുന്നു. (1ശമൂ, 1:3). യോശുവയുടെ കാലത്തു സ്ഥാപിച്ചിരുന്ന കൂടാരത്തിന്റെ സ്ഥാനത്തു മന്ദിരം പണിതു. (1ശമൂ, 1:9). ഇതിന്റെ നാശത്തെക്കുറിച്ച് തിരുവെഴുത്തുകൾ ഒന്നും പറയുന്നില്ല. ബി.സി. 1050-നടുത്ത് ഫെലിസ്ത്യർ അതു നശിപ്പിച്ചു എന്നു കരുതപ്പെടുന്നു. (1ശമൂ, 4). ഈ നാശത്തെക്കുറിച്ചു യിരെമ്യാവ് സൂചിപ്പിക്കുന്നു. (7:12-15; 26:6-7). പിന്നീട് പൗരോഹിത്യം നോബിലേക്കു മാറി. (1ശമൂ, 22:11). ശീലോ ഒരു മതകേന്ദ്രമല്ലാതായി തീർന്നു.

ശിനാർ

ശിനാർ (Shinar)

ബാബേൽ, എരെക്, അക്കാദ്, കല്നേ എന്നീ പട്ടണങ്ങൾ ശിനാർ ദേശത്തായിരുന്നു. (ഉല്പ, 10:10). ശിനാർ ദേശം ദക്ഷിണ ബാബിലോണിയ ആയിരുന്നുവെന്നു പറയാം. ബാബിലോണിയൻ ശിലാലിഖിതങ്ങളിൽ കാണുന്ന സുമർ ശിനാറുമായി ബന്ധപ്പെട്ടതാകണം. സുമറിന്റെയും അക്കാദിന്റെയും രാജാവ് എന്ന പ്രയോഗമാണ് അധികമായി കാണുന്നത്. എന്നാൽ ഈ പ്രയോഗത്തിന്റെ അർത്ഥം ഇന്നും പണ്ഡിതന്മാരുടെ ഇടയിൽ വിവാദവിഷയമാണ്. ബാബിലോണിയയിലെ ചില പൗരാണിക രാജാക്കന്മാർ ഈ സ്ഥാനപ്പേര് വഹിച്ചിരുന്നു. ബി.സി. നാലാം സഹസ്രാബ്ദത്തിനു മുമ്പ് സുമേരിയർ ഇവിടെ പ്രവേശിച്ചു ഒരു നല്ല നാഗരികത വളർത്തി. ഇവരായിരുന്നു ക്യൂണിഫോം ലിപി ഏർപ്പെടുത്തിയത്. അന്ത്യകാലത്തു ശിനാർ ദേശത്തുനിന്നും യെഹൂദന്മാരെ കൂട്ടിച്ചേർക്കുമെന്നു യെശയ്യാവ് (11:11) പ്രവചിച്ചു. ഏഫയുടെ നടുവിലിരിക്കുന്ന സ്ത്രീയുടെ ദർശനത്തിൽ സെഖര്യാവ് (5:11) ശിനാർ ദേശത്തെക്കുറിച്ചു പറയുന്നു. നെബൂഖദ്നേസർ രാജാവ് യെരൂശലേം ദൈവാലയത്തിൽ നിന്നും കൊണ്ടുപോയ നിക്ഷേപങ്ങൾ സൂക്ഷിച്ചത് ശിനാർ ദേശത്തു തന്റെ ദേവന്റെ ഭണ്ഡാരഗൃഹത്തിലായിരുന്നു. (ദാനീ, 1:2).

ശാരോൻ

ശാരോൻ (Sharon)

പേരിനർത്ഥം — സമതലം

തെക്കു യോപ്പ മുതൽ വടക്കു ശീഹോർ ലിബ്നാത്ത് (യോശു, 19:26) വരെ 65 കി.മീറ്റർ നീണ്ടു കിടക്കുകയാണ് ശാരോൻ സമതലം. 10 മുതൽ 18 കി.മീറ്റർ വരെ വീതിയുണ്ട്. ഫലപുഷ്ടിക്കും പുഷ്പ സൗന്ദര്യത്തിനും പ്രസിദ്ധിയാർജ്ജിച്ച പ്രദേശമാണിത്. യെശയ്യാ പ്രവാചകൻ (35:2) ശാരോന്റെ ശോഭയെക്കുറിച്ചു പറയുന്നു. ഉത്തമഗീതത്തിൽ ശൂലംകാരി സ്വയം വർണ്ണിക്കുന്നത് ശാരോനിലെ പനിനീർ പുഷ്പം എന്നാണ്. (2:1). ശാരോൻ ആടുകൾക്കു മേച്ചിൽപ്പുറമാണ്. (യെശ, 65:10). പ്രധാന പട്ടണങ്ങൾ: ദോർ, ലുദ്ദ, യോപ്പ, കൈസര്യ, അന്തിപത്രീസ്, രെക്കോൻ, ടെൽ അവീവ്.