ശൂശന്ന (Susanna)
യേശുവിനെയും ശിഷ്യന്മാരെയും തന്റെ വസ്തുവകകൾ കൊണ്ട് ശുശ്രൂഷിച്ച സ്ത്രീകളിൽ ഒരുവൾ. (ലൂക്കോ, 8:3).
ശൂശന്ന (Susanna)
യേശുവിനെയും ശിഷ്യന്മാരെയും തന്റെ വസ്തുവകകൾ കൊണ്ട് ശുശ്രൂഷിച്ച സ്ത്രീകളിൽ ഒരുവൾ. (ലൂക്കോ, 8:3).
ശലോമ, ശലോമി (Salome)
ശലോമോൻ എന്ന പേരിന്റെ സ്ത്രീലിംഗരൂപമാണിത്. സെബെദിയുടെ ഭാര്യയും, യാക്കോബ് യോഹന്നാൻ എന്നിവരുടെ മാതാവും. (മത്താ, 27:56, മർക്കൊ, 15:40). ആഴ്ചവട്ടത്തിൻ്റെ ഒന്നാം നാൾ കല്ലറയ്ക്കൽ എത്തിയവരുടെ കൂട്ടത്തിൽ ശലോമ ഉണ്ടായിരുന്നു. (മർക്കൊ, 16:1). “സെബെദിപുത്രന്മാരുടെ അമ്മ പുത്രന്മാരുമായി യേശുവിന്റെ അടുക്കെ വന്നു നമസ്ക്കരിച്ചു അവനോടു ഒരു അപേക്ഷ കഴിച്ചു; “നിനക്കു എന്തു വേണം” എന്നു യേശു അവളോടു ചോദിച്ചു. അവൾ അവനോടു: ഈ എന്റെ പുത്രന്മാർ ഇരുവരും നിന്റെ രാജ്യത്തിൽ ഒരുത്തൻ നിന്റെ വലത്തും ഒരുത്തൻ ഇടത്തും ഇരിപ്പാൻ അരുളിച്ചെയ്യേണമേ എന്നു പറഞ്ഞു.” (മത്താ, 20:20-21). “യേശു അവരോടു: “എന്റെ വലത്തും ഇടത്തും ഇരിപ്പാൻ വരം നല്കുന്നതു എന്റേതല്ല; എന്റെ പിതാവു ആർക്കു ഒരുക്കിയിരിക്കുന്നുവോ അവർക്കു കിട്ടും” എന്നു പറഞ്ഞു. (മത്താ, 20:23). ശലോമയുടെ ഭർത്താവായ സെബെദി സമ്പന്നനായിരുന്നു. ക്രിസ്തുവിൻ്റെയും ശിഷ്യന്മാരുടെയും ഭൗതിക ആവശ്യങ്ങളിൽ ഇവർ സഹായിച്ചിരുന്നു.
ആകെ സൂചനകൾ (4) — മത്താ, 20:20, 27:56, മർക്കൊ, 15:40, 16:1.
ലോവീസ് (Lois)
തിമൊഥെയൊസിൻ്റെ വല്യമ്മ. തിമൊഥെയോസിൻ്റെ അപ്പൻ യവനനായിരുന്നു. (പ്രവൃ, 16:1). തിമൊഥെയൊസിനെഴുതിയ രണ്ടാം ലേഖനത്തിൽ ലോവീസിൻ്റെ നിർവ്യാജസ്നേഹത്തെ പൗലൊസ് അപ്പൊസ്തലൻ ശ്ലാഘിക്കുന്നുണ്ട്. (2തിമൊ, 1:5).
ലുദിയ (Lydia)
ഫിലിപ്പിപട്ടണത്തിൽ പുഴവക്കത്തു പൗലൊസ് സുവിശേഷം പ്രസംഗിച്ചപ്പോൾ ക്രിസ്തുവിനെ സ്വീകരിച്ച ഒരു സ്ത്രീ. എഫെസൊസിനു ഏകദേശം 160 കി.മീ. കിഴക്കുള്ള തുയഥൈരാപട്ടണക്കാരിയായ ലുദിയാ ഫിലിപ്പിയിൽ വന്നു താമസിച്ചു രക്താംബരം വില്ക്കുന്നവളായിരുന്നു. അവളും കുടുംബവും സ്നാനം ഏറ്റു; അപ്പൊസ്തലനെയും സഹപ്രവർത്തകരെയും തന്നോടുകൂടി പാർക്കുവാൻ അവൾ നിർബന്ധിച്ചു. യൂറോപ്പിൽ ക്രിസ്തുവിനെ സ്വീകരിച്ച ആദ്യവിശ്വാസി ലുദിയ ആണ്. (പ്രവൃ, 16:13-15,40). അവളുടെ വീടായിരുന്നു ഫിലിപ്പിയിലെ ആദ്യത്തെ സഭ. (പ്രവൃ, 16:40). ലുദിയയുടെ ഭർത്താവിനെക്കുറിച്ചു പറഞ്ഞിട്ടില്ല; ഒരു വിധവയായിരിക്കണം. ജന്മനാ യെഹൂദസ്ത്രീ അല്ല; പ്രത്യുത യെഹൂദ മതാനുസാരിയായിരിക്കണം.
ആകെ സൂചനകൾ (2) — പ്രവൃ, 16:14, 16:40.
റിബെക്കാ (Rebekah)
പേരിനർത്ഥം — പാശം
അബ്രാഹാമിന്റെ സഹോദരനായിരുന്ന നാഹോരിന്റെ പുത്രനായ ബെഥൂവേലിന്റെ പുത്രിയും, ലാബാന്റെ സഹോദരിയും യിസഹാക്കിന്റെ ഭാര്യയും. (ഉല്പ, 29:15). യിസ്ഹാക്കിനു ഒരു ഭാര്യയെ എടുക്കുവാൻ അബ്രാഹാം തന്റെ ദാസനായ എല്യേസറിനെ സ്വന്തദേശത്തേക്കു അയച്ചു. അവൻ റിബെക്കായെ കണ്ടുമുട്ടുകയും അവളുടെ ഭവനക്കാരുമായി സംസാരിച്ച് കാര്യങ്ങൾ ഉറപ്പിക്കുകയും ചെയ്തു. എല്യേസറിനോടൊപ്പം അബാഹാമിന്റെ ഭവനത്തിലെത്തിയ റിബെക്കാ യിസ്ഹാക്കിനു ഭാര്യയായി. വിവാഹശേഷം പത്തൊൻപതു വർഷത്തോളം റിബെക്ക മച്ചിയായിരുന്നു. റിബെക്കയ്ക്കു വേണ്ടി യിസ്ഹാക്ക് ദൈവത്തോട് അപേക്ഷിച്ചു. പ്രാർത്ഥനയ്ക്ക് ഉത്തരമായി അവൾക്കു ഒരേ പ്രസവത്തിൽ ഇരട്ട കുഞ്ഞുങ്ങളെ നല്കി. അവരിൽ ഏശാവ് മൂത്തവനും യാക്കോബ് ഇളയവനുമായിരുന്നു. മൂത്തവൻ ഇളയവനെ സേവിക്കാമെന്നു ദൈവം റിബെക്കായാടു അരുളിച്ചെയ്തു. (ഉല്പ, 29:21-26). ഈ പ്രവചനത്തിന്റെ പ്രേരണകൊണ്ടാണോ എന്നറിയില്ല റിബെക്കാ യാക്കോബിനെ കൂടുതൽ സ്നേഹിച്ചു. കാഴ്ച നഷ്ടപ്പെട്ടുപോയ പിതാവിൽ നിന്നു ജ്യേഷ്ഠനുള്ള അനുഗ്രഹം തട്ടിയെടുക്കുവാൻ ഏശാവിന്റെ വേഷത്തിൽ യിസ്ഹാക്കിന്റെ അടുക്കൽ ചെല്ലുവാൻ യാക്കോബിനെ പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്തതു റിബെക്കായാണ്. (ഉല്പ, 21:1-30). ഇത് ഏശാവിനു യാക്കോബിനോടുള്ള വൈരത്തിനു കാരണമായി. ഇരുവർക്കും ഒരേവീട്ടിൽ ഒരുമിച്ചു പാർക്കാൻ കഴിയാത്ത സ്ഥിതിയിലായി. റിബെക്കായുടെ നിർദ്ദേശമനുസരിച്ചു യാക്കോബ് പദൻ-അരാമിൽ പോയി പാർത്തു. (ഉല്പ, 27:42-46). അതിനുശേഷം റിബെക്കാ യാക്കോബിനെ കണ്ടിട്ടില്ല. റിബെക്കാ മരിച്ചപ്പോൾ അവളെ മക്പേല ഗുഹയിൽ അടക്കി. (ഉല്പ, 49:31).
റാഹേൽ (Rachel)
പേരിനർത്ഥം — പെണ്ണാട്
ലാബാന്റെ ഇളയ പുതിയും യാക്കോബിന്റെ ഭാര്യയും. റാഹേലിന്റെ പുത്രന്മാരാണു യാസേഫും ബെന്യാമീനും. (ഉല്പ, 29:6,16,18,31, 30:1-9). യാക്കാബിന്റെ അമ്മയായ റിബക്കയുടെ സഹോദരനാണ് ലാബാൻ. (ഉല്പ, 28:2). ഏശാവിനെ വഞ്ചിച്ചു പിതാവിൻ്റെ അനുഗ്രഹം കൈക്കലാക്കിയതിനാൽ ഏശാവിന്റെ കാിനവിദ്വേഷത്തിനു യാക്കോബ് പാത്രമായി. എശാവിന്റെ ക്രോധം ശമിക്കുവോളം അല്പകാലം യാക്കോബ് സ്വഗൃഹത്തിൽ നിന്നകന്നു പദൻ-അരാമിൽ ലാബാനാടൊപ്പം കഴിയുന്നതു നല്ലതാണെന്നു റിബെക്കാ നിർദ്ദേശിച്ചു. (ഉല്പ, 27:43-45). പദൻ-അരാമിലെത്തിയ യാക്കോബ് റാഹേലിനെ കണ്ട് അവളിൽ അനുരക്തനായി, അവൾക്കുവേണ്ടി യാക്കോമ്ബ് ഏഴുവർഷം ലാബാനെ സേവിച്ചു. (ഉല്പ, 29:18). എന്നാൽ മൂത്തമകളായ ലേയയെയാണു യാക്കാബിനു ഭാര്യയായി നല്കിയതു. യാക്കോബ് റാഹേലിനുവേണ്ടി വീണ്ടും ഏഴുവർഷം ലാബാനെ സേവിച്ചു. (29:30). ലാബാന് ആൺമക്കൾ ഇല്ലായിരുന്നിരിക്കണം. അതിനാലാണ് ലേയയെയും റാഹേലിനെയും യാക്കോബിനു നല്കി കുടുംബത്തിന്റെ അവകാശിയായി ദത്തെടുത്തത്. എന്നാൽ പിന്നീട് ലാബാന് ആൺകുട്ടികൾ ജനിച്ചു. അതിനാലാണ് ‘യാക്കോബ് ലാബാന്റെ മുഖത്ത് നോക്കിയാറെ അതു തന്റെ നേരെ മുമ്പ് ഇരുന്നതുപോലെ അല്ല എന്നു കണ്ടതു’ (31:15). അപ്പന്റെ സമ്പത്തു മുഴുവൻ യാക്കോബ് അപഹരിച്ചുകളഞ്ഞു എന്നു ലാബാന്റെ പുത്രന്മാരും പറഞ്ഞു. (31:1). റാഹേൽ മച്ചിയായിരുന്നു. റാഹേൽ തൻ്റെ ദാസിയായ ബിൽഹയെ യാക്കോബിനു കൊടുക്കുകയും അവൾ ദാനിനെയും നഫ്താലിനെയും പ്രസവിക്കുകയും ചെയ്തു. അനന്തരം റാഹേൽ ഗർഭം ധരിച്ചു യോസേഫിനെ പ്രസവിച്ചു. (30:24). യാക്കോബം കടുംബവും സ്വന്തസ്ഥലത്തേക്കു മടങ്ങി. (31:22). ലാബാൻ ഗൃഹബിംബം റാഹേൽ മോഷ്ടിച്ചു കൊണ്ടുപോയിരുന്നു. ലാബാൻ പിന്നാലെ വന്നു അന്വേഷിച്ചുവെങ്കിലും ഗൃഹബിംബം കണ്ടെടുക്കുവാൻ കഴിഞ്ഞില്ല. (31:37). അവർ ബേഥേലിൽ നിന്ന് പുറപ്പെട്ടു എഫ്രാത്തയിൽ എത്താറായപ്പോൾ റാഹേൽ ബെന്യാമിനെ പ്രസവിച്ചു. ഉടനെതന്നെ റാഹേൽ മരിച്ചു. യാക്കോബ് അവളെ എഫ്രാത്തയിൽ അടക്കി. കല്ലറയിൽ ഒരു തൂണും നിർത്തി. (ഉല്പ, 35:19-20).
പുതിയനിയമത്തിൽ റാഹേലിനെക്കുറിച്ചു യിരെമ്യാ പ്രവാചകൻ്റെ ഒരു പ്രവചനമാണ് മത്തായി ചേർത്തിരിക്കുന്നത്; “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: രാമയിൽ ഒരു ശബ്ദം കേൾക്കുന്നു! വിലാപവും കഠിനമായുള്ള കരച്ചിലും തന്നേ; റാഹേൽ തന്റെ മക്കളെക്കുറിച്ചു കരയുന്നു; അവർ ഇല്ലായ്കയാൽ അവരെച്ചൊല്ലി ആശ്വാസം കൈക്കൊൾവാൻ അവൾക്കു മനസ്സില്ല.” (യിരെ, 31:15, മത്താ, 2:17).
രോദാ (Rhoda)
പേരിനർത്ഥം — റോസ
മർക്കൊസിൻ്റെ അമ്മയായ മറിയയുടെ വീട്ടിലെ ബാല്യക്കാരത്തിയാണ് രോദാ. അവൾ പത്രൊസിൻ്റെ ശബ്ദം തിരിച്ചറിഞ്ഞു; പത്രൊസ് പടിപ്പുരയ്ക്കൽ നില്ക്കുന്ന വിവരം മറ്റുള്ളവരെ അറിയിച്ചു. (പ്രവൃ, 12:12-13).
രൂത്ത് ((Ruth)
പേരിനർത്ഥം — സഖി
രൂത്ത് എന്ന പുസ്തകത്തിലെ നായികയായ ഇവൾ ന്യായാധിപന്മാരുടെ കാലത്ത് ജീവിച്ചിരുന്നു. എലീമെലെക്കിൻ്റെയും നൊവൊമിയുടെയും മൂത്ത മകനായ മഹ്ലോൻ രൂത്തിനെ വിവാഹം കഴീച്ചു. എലീമെലെക്കും ഭാര്യ നൊവൊമിയും പുത്രന്മാരായ മഹ്ലോൻ, കില്യോൻ എന്നിവരുമായി ക്ഷാമം നിമിത്തം യെഹൂദ്യയിലെ ബേത്ലേഹേം വിട്ടു മോവാബിൽ പോയി പാർത്തു. അവിടെവെച്ച് പിതാവും ആൺമക്കളും മരിച്ചു. നൊവൊമി സ്വന്തസ്ഥലത്തേക്കു മടങ്ങിയപ്പോൾ മഹ്ലോൻ്റെ ഭാര്യയായ രൂത്ത് അവളോടു കൂടി നാട്ടിലേക്കു വന്നു. മോവാബിൽ താമസിച്ചുകൊള്ളുവാൻ നൊവൊമി ഉപദേശിച്ചു എങ്കിലും നൊവൊമിയുടെ ദൈവത്തെക്കുറിച്ചും, ജനത്തെക്കുറിച്ചുമുള്ള വലിയ കാഴ്ചപ്പാട് അവളെ നൊവൊമിയോടു കൂടി പോകുവാൻ പ്രേരിപ്പിച്ചു. (രൂത്ത്, 1:1-18) ബേത്ലേഹേമിൽ വന്നശേഷം യവക്കൊയ്ത്തിൻ്റെ കാലത്ത് എലീമേലെക്കിൻ്റെ ബന്ധുവും ധനവാനുമായ ബോവസിൻ്റെ വയലിൽ കതിർ പെറുക്കുവാൻ രൂത്ത് പോയി. അവളുടെ പരിശ്രമശീലവും സ്വഭാവഗുണവും ബോവസിനെ ആകർഷിച്ചു. നൊവൊമിയോടുള്ള അവളുടെ കൂറും കണ്ടിട്ട് കോയ്ത്തുകാരോടു കൂടെ ഭക്ഷിക്കുവാൻ ബോവസ് രൂത്തിനെ അനുവദിച്ചു. (രൂത്ത്, 2:1-14). കൊയ്ത്തിനുശേഷം മെതി തുടങ്ങിയപ്പോൾ നൊവൊമിയുടെ നിർദേശമനുസരിച്ചു രൂത്ത് രാത്രിയിൽ മെതിക്കളത്തിൽ ചെന്ന് സംരക്ഷണം ആവശ്യപ്പെട്ടു. പ്രഭാതമായപ്പോൾ ആറിടങ്ങഴി യവം നല്കി അവളെ മടക്കി അയച്ചു. (രൂത്ത്, 3:1-15). ദേവരവിവാഹ നിയമമനുസരിച്ചു അടുത്ത ചാർച്ചക്കാരൻ വിവാഹം കഴിച്ചില്ലെങ്കിൽ താൻ വിവാഹം ചെയ്യാമെന്ന് ബോവസ് വാക്കുകൊടുത്തു. ദേവരവിവാഹ ക്രമമനുസരിച്ചു രൂത്തിനെ സ്വീകരിക്കേണ്ട ചാർച്ചക്കാരൻ തന്റെ അവകാശം ഒഴിഞ്ഞു. ബോവസ് രൂത്തിനെ വിവാഹം ചെയ്തു. അവരുടെ ആദ്യപുത്രനായ ഓബേദ് ദാവീദിൻ്റെ വല്യപ്പനാണ്. (രൂത്ത്, 4:1-15). യേശുവിന്റെ വംശാവലിയിൽ പറഞ്ഞിട്ടുള്ള അഞ്ചു സ്ത്രീകളിൽ ഒരാളാണ് രൂത്ത്. (മത്താ, 1:5).
രാഹാബ് (Rahab)
പേരിനർത്ഥം — വിശാലം
യെരീഹോവിലെ പട്ടണമതിലിൽ പാർത്തിരുന്ന ഒരു വേശ്യ. യോശുവ ശിത്തീമിൽ നിന്ന് കനാനെ യെരീഹോ വരെ ഒറ്റുനോക്കാനായി രണ്ടുപേരെ അയച്ചു. അവർ രാഹാബിന്റെ വീട്ടിൽ പാർത്തു. ലിനൻ നിർമ്മിക്കുകയും ചായം മുക്കുകയും ചെയ്തിരുന്ന അവൾ യിസ്രായേലിന്റെ അത്ഭുതകരമായ പുരോഗതിയെക്കുറിച്ചു കേട്ടിരുന്നു. യഹോവ കനാൻ യിസ്രായേല്യർക്കു കൊടുത്തിരിക്കയാണെന്നു അവൾ മനസ്സിലാക്കി. അതിനാൽ ഒറ്റുകാരെ വീട്ടിൻ മുകളിൽ കൊണ്ടുപോയി അവിടെ അടുക്കിവച്ചിരുന്ന ചണത്തണ്ടുകളുടെ ഇടയിൽ ഒളിപ്പിച്ചു. അവരെ പിടിക്കാൻ വന്ന ഉദ്യോഗസ്ഥന്മാരോടു നഗരവാതിൽ അടയ്ക്കുന്നതിനു മുമ്പു അവർ പോയി എന്നു പറഞ്ഞു. രാത്രിയിൽ ഈ വിവരം അവൾ അവരെ ധരിപ്പിച്ചു. യെരീഹോ നശിപ്പിക്കുമ്പോൾ തന്റെ കുടുംബത്ത അപകടം കൂടാതെ രക്ഷിക്കണമെന്നും അപ്രകാരം ചെയ്യുമെന്നുള്ളതിനു ഒരടയാളം നല്കണമെന്നും രാഹാബ് അപേക്ഷിച്ചു. അപ്രകാരം ചെയ്യാമെന്നു അവൾക്കു വാക്കുകൊടുത്തു. അവളുടെ വീടു തിരിച്ചറിയേണ്ടതിനു കിളിവാതിലിൽ ചുവപ്പുചരടു കെട്ടുകയായിരുന്നു അവർ നല്കിയ അടയാളം. അവൾ അവരെ കിളിവാതിൽ വഴി ഇറക്കിവിടുകയും രക്ഷപ്പെടേണ്ട മാർഗ്ഗം അവർക്കു ഉദേശിച്ചുകൊടുക്കുകയും ചെയ്തു. (യോശു, 2:1-24). ഇതിനു പ്രതിഫലമായി യെരീഹോ പട്ടണം പിടിച്ചടക്കിയപ്പോൾ യോശുവ രാഹാബിനെയും കുടുംബത്തെയും അപകടം കൂടാതെ രക്ഷിച്ചു. (യോശു, 6:17, 22-25). യേശുവിന്റെ വംശാവലിയിൽ ഉൾപ്പെട്ട അഞ്ചു സ്ത്രീകളിൽ ഒരുവൾ രാഹാബാണ്. (മത്താ, 1:5). ശല്മോന്റെ ഭാര്യയും ബോവസിന്റെ അമ്മയുമാണു രാഹാബ്. എബ്രായ ലേഖന കർത്താവു വിശ്വാസവീരന്മാരുടെ പട്ടികയിൽ രാഹാബിന്റെ പേർ ഉൾപ്പെടുത്തി. (എബ്രാ, 11:31). ഇവളുടെ വിശ്വാസം പ്രവൃത്തിയിലൂടെ നീതീകരിക്കപ്പെട്ടു എന്ന് യാക്കോബും വ്യക്തമാക്കി. (യാക്കോ, 2:25).
ആകെ സൂചനകൾ (2) — എബ്രായ, 11:31, യാക്കോ, 2:25.
യോഹന്ന (Joanna)
യോഹന്നാൻ എന്ന പേരിന്റെ സ്ത്രീലിംഗരൂപം. ഹെരോദാവ് അന്തിപ്പാസിൻ്റെ കാര്യവിചാരകനായിരുന്ന കൂസയുടെ ഭാര്യ. യേശുവിനെ ഗലീലയിൽനിന്ന് അനുഗമിച്ച സ്ത്രീകളുടെ കൂട്ടത്തിൽ യോഹന്നായും ഉണ്ടായിരുന്നു. (ലൂക്കോ, 8:1-3). പുനരുത്ഥാനദിവസം കല്ലറയ്ക്കൽ ചെന്നവരുടെ കൂട്ടത്തിലും യോഹന്ന ഉണ്ടായിരുന്നു. (ലൂക്കോ, 24:10).
ആകെ സൂചനകൾ (2) — ലൂക്കോ, 8:3, 24:10.