All posts by roy7

അമാനാ മുകൾ

അമാനാ മുകൾ (top of Amana)

പേരിനർത്ഥം – ഉറപ്പുള്ള

ലെബാനോൻ ഹെർമ്മോൻ എന്നിവയോടൊപ്പം അമാനാമുകളും പറഞ്ഞിട്ടുണ്ട്. അബാനാനദിയുടെ ഉത്ഭവസ്ഥാനമായ ആന്റിലെബാനോൻ പർവ്വത ഭാഗമാണിത്. (ഉത്ത, 4:8). അമാനാ പർവ്വതപ്രദേശത്തു നിന്നു ഉത്ഭവിക്കുന്നതുകൊണ്ടാണു അബാനനദിക്കു ഈ പേർ ലഭിച്ചത്. “കാന്തേ ലെബാനോനെ വിട്ടു എന്നോടുകൂടെ, ലെബാനോനെ വിട്ടു എന്നോടുകൂടെ വരിക; അമാനാമുകളും ശെനീർ ഹെർമ്മോൻ കൊടുമുടികളും സിംഹങ്ങളുടെ ഗുഹകളും പുള്ളിപ്പുലികളുടെ പർവ്വതങ്ങളും വിട്ടുപോരിക.” (ഉത്ത, 4:8).

അബാരീം പർവ്വതം

അബാരീം പർവ്വതം (mountain of Abarim)

പേരിനർത്ഥം – അതിർത്തി പ്രദേശം 

ചാവുകടലിന്റെ തെക്കുകിഴക്കു കിടക്കുന്ന പർവ്വതനിര. പിസ്ഗാ ഇതിന്റെ ഭാഗമാണ്. (ആവ, 3:27; 32:49). മരുഭൂമി പ്രയാണത്തിന്റെ അവസാനത്തോടുകൂടി യിസ്രായേൽമക്കൾ അബാരീം പർവ്വതത്തിൽ പാളയമടിച്ചു. (സംഖ്യാ, 33:47,48). ഈ മലയിൽനിന്നാണ് മോശെ വാഗ്ദത്ത കനാൻ നോക്കിക്കണ്ടത്: “അനന്തരം യഹോവ മോശെയോടു കല്പിച്ചതു: ഈ അബാരീം മലയിൽ കയറി ഞാൻ യിസ്രായേൽമക്കൾക്കു കൊടുത്തിരിക്കുന്ന ദേശം നോക്കുക. അതു കണ്ട ശേഷം നിന്റെ സഹോദരനായ അഹരോനെപ്പോലെ നീയും നിന്റെ ജനത്തോടു ചേരും.” (സംഖ്യാ, 27:12). തുടർന്നു അവർ ചാവുകടലിന്റെ വടക്കെ അറ്റത്തുള്ള ട്രാൻസ് യോർദ്ദാനിലെ മോവാബ് സമഭൂമിയിലെത്തി. യിരെമ്യാവ് 22:20-ൽ ലെബാനോൻ, ബാശാൻ എന്നീ പ്രദേശങ്ങളോടൊപ്പം അബാരീം പറയപ്പെട്ടിരിക്കുന്നു. മറ്റു സ്ഥാനങ്ങളിലെല്ലാം പർവ്വതനിരയായിട്ടാണ് അബാരീം പറയപ്പെട്ടിട്ടുള്ളത്. അതിനാൽ യിരെമ്യാവ് 22:20-ലെ അബാരീം സംജ്ഞാനാമമല്ലെന്നു കരുതുന്നവരുണ്ട്.

ഹെരോദ്യ

ഹെരോദ്യ (Herodias)

ഹെരോദാവിൻ്റെ സ്ത്രീലിംഗരുപം. മഹാനായ ഹെരോദാവിനു മറിയമ്ന എന്ന ഭാര്യയിൽ ജനിച്ച ഹെരോദാ ഫിലിപ്പോസ് ഒന്നാമന്റെ ഭാര്യയായിരുന്നു ഹെരോദ്യ. തന്റെ അർദ്ധ സഹോദരനായ ഫിലിപ്പോസിൻ്റെ ഭാര്യയെ ഇടപ്രഭുവായ ഹെരോദാ അന്തിപ്പാസ് വിവാഹം കഴിക്കുകയായിരുന്നു. ഈ ബന്ധത്തെ എതിർത്തതു കൊണ്ടാണ് യോഹന്നാൻ സ്നാപകനെ തടവിലാക്കിയത്. “എന്നാൽ ഇടപ്രഭുവായ ഹെരോദാവു സഹോദരന്റെ ഭാര്യ ഹെരോദ്യനിമിത്തവും ഹെരോദാവു ചെയ്ത സകലദോഷങ്ങൾ നിമിത്തവും യോഹന്നാൻ അവനെ ആക്ഷേപിക്കയാൽ അതെല്ലാം ചെയ്തതു കൂടാതെ അവനെ തടവിൽ ആക്കുകയും ചെയ്തു.” (ലൂക്കോ, 3:19-20). സഹോദരന്റെ ഭാര്യയെ പരിഗ്രഹിക്കുന്നത് നിനക്ക് വിഹിതമല്ലെന്ന് പറഞ്ഞ കാരണത്താൽ, ഹെരോദ്യ യോഹന്നാന്റെ പകവെച്ചു കൊല്ലുവാൻ ഇച്ഛിച്ചുകൊണ്ടിരുന്നു. (മർക്കൊ, 6:18-19). അങ്ങനെ ഹെരോദാവിൻ്റെ ജനനദിവസം ആയപ്പോൾ ഒരവസരം വന്നു. ഹെരോദ്യയുടെ ആദ്യവിവാഹത്തിലുള്ള മകൾ ശലോമി ഹെരോദാവിൻ്റെയും വിരുന്നുകാരുടെയും മുമ്പിൽ നൃത്തം ചെയ്തു. അതിൽ സന്തുഷ്ടനായ ഹെരോദാവു അവൾക്കോരു വരം അനുവദിച്ചു. അമ്മയായ ഹെരോദ്യയുടെ ഉപദേശപ്രകാരം യോഹന്നാന്റെ തല അവൾ ആവശ്യപ്പെട്ടു. അന്തിപ്പാസ് ഉടനെ ആളയച്ച് യോഹന്നാൻ സ്നാപകനെ വധിച്ചു തല ശലോമിക്ക് എത്തിച്ചു കൊടുത്തു. (മത്താ, 14:6-12, മർക്കൊ, 6:17-29).

ആകെ സൂചനകൾ (6) — മത്താ, 14:3, 14:6, മർക്കൊ, 6:17, 6:19, 6:22, ലൂക്കോ, 3:19.

ഹാഗാർ

ഹാഗാർ (Hagar)

അബ്രാഹാമിന്റെ ഭാര്യയായ സാറായുടെ മിസയീമ്യ ദാസി. (ഉല്പ, 16:1). ദൈവം അബ്രാഹാമിനു ഒരു പുത്രനെ വാഗ്ദാനം ചെയ്തിരുന്നു. (ഉല്പ, 15:4). എന്നാൽ സാറാ മച്ചിയായിരുന്നു. അക്കാലത്തെ കീഴ്വഴക്കം അനുസരിച്ചു തന്റെ ദാസിയായ ഹാഗാറിനെ സാറാ അബാഹാമിനു ഭാര്യയായി കൊടുത്തു. (ഉല്പ, 16:1-16). ഗർഭിണിയായി കഴിഞ്ഞപ്പോൾ ഹാഗാർ യജമാനത്തിയെ നിന്ദിച്ചു. സാറാ അവളോടു കാിനമായി പെരുമാറിയതുകൊണ്ടു അവൾ വീടുവിട്ടു ഓടിപ്പോയി. എന്നാൽ യഹോവയുടെ ദൂതൻ പ്രത്യക്ഷപ്പെട്ടു അവളെ യജമാനത്തിയുടെ അടുക്കലേക്കു മടക്കി അയച്ചു. (ഉല്പ, 16:7-14). ഹാഗാർ പ്രസവിച്ച കുട്ടിക്കു യിശ്മായേൽ എന്നു പേരിട്ടു. യിശ്മായേലിനു 14 വയസുള്ളപ്പോഴാണു് യിസ്ഹാക്ക് ജനിച്ചത്. യിസ്ഹാക്കിന്റെ മുലകുടി മാറിയ നാളിൽ അബ്രാഹാം ഒരു വിരുന്നു കഴിച്ചു. അന്നു യിശ്മായേൽ പരിഹാസിയായി വെളിപ്പെട്ടു. (ഉല്പ, 21-9). ഹാഗാറിനെയും പുത്രനെയും പുറത്താക്കുവാൻ സാറാ ആവശ്യപ്പെട്ടു. മനസ്സില്ലാമനസ്സോടെ അബ്രാഹാം അതു ചെയ്തു. മരുഭൂമിയിൽ വെള്ളമില്ലാതെ കുട്ടി മരിക്കാറായപ്പോൾ ദൈവം ഒരു നീരുറവ നല്കി. സ്വന്തം ദേശമായ ഈജിപ്റ്റിൽ നിന്നും ഹാഗാർ പുത്രനു ഒരു ഭാര്യയെ കണ്ടെത്തി. (ഉല്പ, 21:1-21). കൃപയും ന്യായപ്രമാണവും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാണിക്കുന്നതിനു ഹാഗാറിന്റെ ചരിത്രത്തെയാണ് പൗലൊസ് അപ്പൊസ്തലൻ ദൃഷ്ടാന്തമായി എടുത്തത്. (ഗലാ, 4:21–5:1). 

ആകെ സൂചനകൾ (2) — ഗലാ, 4:24, 4:25.

ഹവ്വാ

ഹവ്വാ (Eve)

പേരിനർത്ഥം — ജീവദായിനി

തന്റെ ഭാര്യയായ സ്ത്രീക്കു ആദാം നല്കിയ പേര്. ആദാം ഏകനായിരിക്കുന്നതു നന്നല്ല എന്നു കണ്ട ദൈവം അവനു ഗാഢനിദവരുത്തി, അവന്റെ വാരിയെല്ലുകളിലൊന്നെടുത്തു അതിനെ സ്ത്രീയാക്കി. നരനിൽനിന്നു എടുത്തതു കൊണ്ടു അവൾക്കു നാരി എന്നു പേരായി. (ഉല്പ, 2:20-23). സർപ്പത്തിന്റെ പ്രേരണയാൽ അവൾ ദൈവകല്പന ലംഘിച്ചു നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷഫലം ഭക്ഷിക്കുകയും ആദാമിനു നല്കുകയും ചെയ്തു. അവൾക്കു ലഭിച്ച ശിക്ഷ കഷ്ടവും ഗർഭധാരണവും ആയിരുന്നു. (ഉല്പ, 3:1-17). അനന്തരം ആദാം തന്റെ ഭാര്യയ്ക്കു ഹവ്വാ എന്നു പേരിട്ടു. അവൾ ജീവനുള്ള എല്ലാവർക്കും മാതാവാണ്. (ഉല്പ, 3:20). ഹവ്വായ്ക്ക് മൂന്നു പുത്രന്മാരുണ്ടായിരുന്നു; കയീൻ (ഉലാപ, 4:1), ഹാബെൽ (4:2), ശേത്ത് (5:2). പഴയനിയമത്തിൽ രണ്ടു സ്ഥാനങ്ങളിൽ മാത്രമാണു ഹവ്വായുടെപേർ പറഞ്ഞിട്ടുള്ളത്. (ഉല്പ, 3:20, 4:1). പുതിയനിയമത്തിലും രണ്ടു സ്ഥാനങ്ങളിലാണുള്ളത്.  (2കൊരി, 11:3, 1തിമൊ, 2:13).

ആകെ സൂചനകൾ (2) — 2കൊരി, 11:3, 1തിമൊ, 2:13.

ഹന്നാ

ഹന്നാ (Anna)

ആശേർ ഗോത്രത്തിൽ ഫനൂവേലിന്റെ പുത്രി. അവൾ കന്യാകാലത്തിൽ പിന്നെ ഭർത്താവിനോടുകൂടെ ഏഴു സംവത്സരം കഴിക്കയും, പിന്നെ എൺപത്തിനാലു വർഷം വിധവയായി കഴിഞ്ഞ അവൾ ദൈവാലയം വിട്ടു പിരിയാതെ പ്രാർത്ഥനയിലും ഉപവാസത്തിലും കഴിച്ചു കൂട്ടി. പൈതലായ യേശുവിനെ ദൈവാലയത്തിൽ കൊണ്ടുവന്നപ്പോൾ അവൾ ദൈവത്തെ സ്തുതിച്ചു. ഹന്നായെ പ്രവാചകി എന്നു പറഞ്ഞിരിക്കുന്നു. (ലൂക്കൊ, 2:36-37).

സുന്തുക

സുന്തുക (Syntyche)

ഫിലിപ്പി സഭയിലെ ഒരു സഹോദരി. സുന്തുകയും യുവൊദ്യയും പൌലൊസിനോടും കൂട്ടുവേലക്കരോടും ചേർന്നു സുവിശേഷഘോഷണത്തിൽ പോരാടിയിട്ടുണ്ട്. എന്നാൽ അവർക്കു തമ്മിൽ എന്തോ അഭിപ്രായവ്യത്യാസം ഉണ്ടായി. അതിനാൽ അവരോടു കർത്താവിൽ ഏകചിന്തയോടിരിപ്പാൻ പൌലൊസപ്പൊസ്തലൻ പ്രബോധിപ്പിച്ചു. (ഫിലി, 4:2-3).

സാറാ

സാറാ (Sarah)

പേരിനർത്ഥം — പ്രഭ്വി

അബ്രാഹാമിന്റെ പ്രധാനഭാര്യയും അർദ്ധസഹോദരിയും. (ഉല്പ, 20:12). കല്ദായരുടെ പട്ടണമായ ഊരിൽ നിന്നും അബ്രാഹാമിനോടൊപ്പം വാഗ്ദത്തനാടായ കനാനിലേക്കു പുറപ്പെട്ടു. ക്ഷാമം നിമിത്തം അവർ മിസയിമിലേക്കു പോയി. സാറയുടെ സൗന്ദര്യം തനിക്കു അപകടകരമാവുമെന്നു കരുതി സാറയെ സഹോദരി എന്നു അബ്രാഹാം പറഞ്ഞു. സാറയുടെ സൗന്ദര്യത്താൽ ആകൃഷ്ടനായ ഫറവോൻ സാറയെ അന്ത:പുരത്തിലേക്കു കൊണ്ടുപോയി എങ്കിലും യഹോവ പീഡിപ്പിക്കുകയാൽ ഇരുവരെയും വിട്ടയച്ചു. (ഉല്പ, 12:10-20). പിന്നീടു് ഗെരാർ രാജാവായ അബീമേലെക്കും സാറയെ കൊട്ടാരത്തിൽ കൊണ്ടുപോയെങ്കിലും മടക്കി അയച്ചു. ഗെരാർ രാജാവു അബ്രാഹാമിനു ധാരാളം സമ്പത്തു നല്കി. (ഉല്പ, 20:2-14). വന്ധ്യത സാറയെ നിന്ദാപാത്രമാക്കി. അവൾ തന്റെ മിസ്രയീമ്യദാസിയായ ഹാഗാറിനെ അബ്രാഹാമിനു വെപ്പാട്ടിയായി നല്കി. ഹാഗാർ ഗർഭിണിയായപ്പോൾ താൻ നിന്ദിത എന്നു തോന്നി സാറാ ഹാഗാറിനെ പീഡിപ്പിച്ചു. ഹാഗാർ അവിടെ നിന്നു ഓടിപ്പോയെങ്കിലും മടങ്ങി വന്നു യിശ്മായേലിനെ പ്രസവിച്ചു. തൊണ്ണൂറു  വയസ്സുള്ളപ്പോൾ സാറായിയുടെ പേർ സാറാ എന്നു മാറ്റി. ഒരു വർഷത്തിനുള്ളിൽ മകൻ ജനിക്കുമെന്നുള്ള ദൈവികവാഗ്ദാന പ്രകാരം വാഗ്ദത്തസന്തതിയായ യിസഹാക്ക് ജനിച്ചു. (ഉല്പ, 17:16, 18:9-15, 21:1-3). യിസ്ഹാക്കിന്റെ ജനനത്തോടുകൂടി സാറയുടെ നിന്ദ മാറി. സാറായുടെ ആഗ്രഹപ്രകാരം അബാഹാം ഹാഗാറിനെയും പുത്രനെയും പുറത്താക്കി. (ഉല്പ, 21:10-12). സാറാ മരിക്കുമ്പോൾ അവൾക്കു 127 വയസ്സായിരുന്നു. കിര്യത്-അർബ്ബയിൽ വച്ചു മരിച്ച സാറയെ അബ്രാഹാം വിലയ്ക്കു വാങ്ങിയ മക്പേലാ ഗുഹയിൽ അടക്കം ചെയ്തു. (ഉല, 23:1). യിസ്രായേൽ ജനത്തിന്റെ മാതാവായി യെശയ്യാപ്രവാചകൻ (51:2) സാറായെ പറഞ്ഞിട്ടുണ്ടു്. അബ്രാഹാമിന്റെയും സാറായുടെയും വിശ്വാസം നീതിയായി കണക്കിട്ടു. (റോമ, 4:19). വാഗ്ദത്തമക്കളുടെ മാതാവാണു് സാറാ. (റോമ, 9:9). വിശ്വാസവീരന്മാരുടെ പട്ടികയിൽ സാറയുടെ പേരുണ്ട്. (എബ്രാ, 11:11). ഭർത്താവിനോടുള്ള പെരുമാറ്റത്തിലും സാറാ മാതൃകയാണ്. (1പത്രൊ, 3:6).

ആകെ സൂചനകൾ (4) — റോമ, 4:19, 9:9, എബ്രാ, 11:11, 1പത്രൊ, 3:6.

സഫീര

സഫീര (Sapphira)

പേരിനർത്ഥം — സുന്ദരി

അനന്യാസിന്റെ ഭാര്യ. നിലംവിറ്റ തുകയിൽ ഒരംശം സഫീരയുടെ അറിവോടെ അനന്യാസ് എടുത്തു വച്ചിട്ടു ബാക്കി അപ്പൊസ്തലന്മാരുടെ കാൽക്കൽ കൊണ്ടുവെച്ചു. പരിശുദ്ധാത്മാവിനോടു വ്യാജം കാണിക്കുകയാൽ അനന്യാസ് മരിച്ചു. ഭർത്താവിന്റെ മരണം സംഭവിച്ചു് ഏതാണ്ട് മൂന്നുമണിക്കൂർ കഴിഞ്ഞപ്പോൾ അവൾ അപ്പൊസ്തലന്മാരുടെ മുന്നിൽ വന്നു. അവിടെ സംഭവിച്ചതു അവൾ അറിഞ്ഞിരുന്നില്ല. പത്രൊസ് ചോദിച്ചപ്പോൾ അനന്യാസ് പറഞ്ഞ അതേ കള്ളം അവളും ആവർത്തിച്ചു. ഭർത്താവിന്റെ വിധി അവളെയും പിടികൂടി. (അപ്പൊ, (5:7-10).

ശെബാ രാജ്ഞി

ശെബാ രാജ്ഞി (Queen of Sheba)

ശലോമോന്റെ കീർത്തിയെക്കുറിച്ചു കേട്ടറിഞ്ഞ ശൈബാരാജ്ഞി കടമൊഴികളാൽ ശലോമോനെ പരീക്ഷിച്ചറിയാനായി യെരുശലേമിലേക്കു വന്നു. (1രാജാ, 10:1-13, 2ദിന, 9:1-12). ശെബായ ലിപികളിലെഴുതിയ അനേകം ശിലാലിഖിതങ്ങൾ അറേബ്യയുടെ ഉത്തരപശ്ചിമഭാഗത്തു നിന്നും കണ്ടെടുത്തിട്ടുണ്ട്. ശെബായരെ ഭരിച്ചിരുന്നതു പുരോഹിത രാജാക്കൻമാരായിരുന്നു. (സങ്കീ, 72:10). തലസ്ഥാനനഗരിയായ മര്യാബയുടെ ശുന്യശിഷ്ടങ്ങൾ അവരുടെ സംസ്കാരത്തിന്റെ വളർച്ചയെ വെളിപ്പെടുത്തുന്നു. ശൈബാരാജ്ഞിയുടെ കടമൊഴികൾക്കെല്ലാം ശലോമോൻ ഉത്തരം പറഞ്ഞു. ശലോമോന്റെ സമ്പത്തും ബുദ്ധിയും നേരിൽ മനസ്സിലാക്കിയ രാജ്ഞി അത്ഭുതം കൂറി. “നിന്റെ കാര്യങ്ങളെയും ജ്ഞാനത്തെയും കുറിച്ചു ഞാൻ എന്റെ ദേശത്തുവെച്ചു കേട്ട വർത്തമാനം സത്യം തന്നേ. ഞാൻ വന്നു എന്റെ കണ്ണുകൊണ്ടു കാണുന്നതു വരെ ആ വർത്തമാനം വിശ്വസിച്ചില്ല. എന്നാൽ പാതി പോലും ഞാൻ അറിഞ്ഞിരുന്നില്ല. ഞാൻ കേട്ട കീർത്തിയെക്കാൾ നിന്റെ ജ്ഞാനവും ധനവും അധികമാകുന്നു.” (1രാജാ, 10:6-7). അമൂല്യങ്ങളായ സമ്മാനങ്ങൾ നൽകിയ ശേഷം ശൈബാരാജ്ഞി മടങ്ങിപ്പോയി. തെക്കെ രാജ്ഞി എന്നു ക്രിസ്തു ശൈബാരാജ്ഞിയെ പറഞ്ഞു. (മത്താ, (12:42). ശെബായിൽ നിന്നും അറേബ്യയുടെ പശ്ചിമതീരങ്ങളിലേക്കു നടന്നുവന്നിരുന്ന കച്ചവടത്തെക്കുറിച്ചും ശെബയിലെ വ്യാപാരികളെക്കുറിച്ചും ധാരാളം പരാമർശങ്ങളുണ്ട്. (ഇയ്യോ, 6:19, യെശ, 60:6, യിരെ, 6:20, യെഹെ, 27:22-23). അടിമക്കച്ചവടത്തിനു പേർപെറ്റവരായിരുന്നു ശൈബായർ. (ഇയ്യോ, 1:15, യോവേ, 3:8).

ആകെ സൂചനകൾ (2) — മത്താ, 12:42, ലൂക്കോ, 11:31.