All posts by roy7

അബ്ശാലോം

അബ്ശാലോം (Absalom) 

പേരിനർത്ഥം – സമാധാനത്തിന്റെ പിതാവ്

ദാവീദ് രാജാവിന്റെ മൂന്നാമത്തെ പുത്രൻ. ഗശൂർ രാജാവായ തല്മയിയുടെ മകൾ മയഖയിൽ ഹെബ്രോനിൽ വെച്ച് ജനിച്ചു: (2ശമൂ, 3:3(. എല്ലാ യിസ്രായേലിലും സൗന്ദര്യംകൊണ്ട് ശ്ലാഘ്യനും അടിതൊട്ട് മുടിവരെ ഊനമില്ലാത്തവനുമായിരുന്നു അബ്ശാലോം: (2ശമൂ, 14:25). അബ്ശാലോം തന്റെ തലമുടി ആണ്ടുതോറും കത്രിപ്പിച്ചുകളയും; അത് രാജതൂക്കത്തിനു 200 ശേക്കെൽ കാണും. അബ്ശാലോമിനു മൂന്നു പുത്രന്മാരും ഒരു പുത്രിയുമുണ്ടായിരുന്നു. സഹോദരിയുടെ പേരാണ് പുത്രിക്കു നല്കിയത്: (2ശമൂ, 14:27). 

അബ്ശാലോമിന്റെ സഹോദരി താമാർ അതിസുന്ദരിയായിരുന്നു. ദാവീദിന്റെ മൂത്തമകനും തന്റെ അർദ്ധസഹോദരനുമായ അമ്നോനു താമനിൽ പ്രേമം ജനിച്ചു. അമ്നോൻ താമാറിനോടു വഷളത്വം പ്രവർത്തിച്ച് അവളെ അപമാനിച്ചു: (2ശമൂ, 13:1-18). ഈ സംഭവത്തിൽ അബ്ശാലോം വളരെയധികം ദുഃഖിച്ചു. എന്നാൽ അനോനോടു ഗുണമോ ദോഷമോ സംസാരിച്ചില്ല. സഹോദരിയോടു ചെയ്ത ദോഷത്തിനു പ്രതികാരം ചെയ്യാൻ അബ്ശാലോം നിശ്ചയിച്ചുറച്ചു. താമാർ അബ്ശാലോമിന്റെ വീട്ടിൽ ഏകാകിയായി വസിച്ചു. രണ്ടുവർഷത്തിനുശേഷം പ്രതികാരത്തിനുള്ള സന്ദർഭം അബ്ശാലോമിനു ലഭിച്ചു. എഫ്രയീമിനു സമീപത്തുള്ള ബാൽഹാസോരിൽ അബ്ശാലോം ആടുകളെ രോമം ക്രത്രിക്കുന്ന അടിയന്തരം നടത്തി. എല്ലാ സഹോദരന്മാരെയും അമ്നോനയും ക്ഷണിച്ചു. ഈ ഉത്സവത്തിൽ വെച്ച് അബ്ശാലോമിന്റെ നിർദ്ദേശമനുസരിച്ച് ഭൃത്യന്മാർ അമ്നോനെ അടിച്ചുകൊന്നു. അനന്തരം അബ്ശാലോം ഗെശൂർ രാജാവായ തല്മയിയുടെ അടുക്കൽ ചെന്നു മൂന്നുവർഷം താമസിച്ചു: (2ശമൂ, 13:23-39). ദാവീദ് രാജാവിന്റെ സേനാപതിയായ യോവാബിന്റെ സഹായത്താൽ അബ്ശാലോം മടങ്ങിവന്നു. ദാവീദ് രാജാവിന്റെ മുഖംകാണാതെ രണ്ടുവർഷം യെരുശലേമിൽ പാർത്തു. അബ്ശാലോമിനു രാജാവിനെ കാണാനുള്ള ആഗ്രഹം യോവാബു രാജാവിനെ അറിയിച്ചു. രാജാവ് അബ്ശാലോമിനെ വിളിപ്പിച്ചു. 

അബ്ശാലോം അവിശ്വസ്തനായിരുന്നു. നാലുവർഷം കഴിഞ്ഞപ്പോൾ ഹെബ്രാനിൽ നേർച്ച കഴിക്കുവാൻ രാജാവിനോട് അനുവാദം ചോദിച്ചു. രാജാവിന്റെ അനുവാദത്തോടുകൂടി ഹെബ്രോനിലേക്കു പോയി. നേരത്തെ ക്രമീകരിച്ചിരുന്നതനുസരിച്ച് അബ്ശാലോം ഹെബ്രാനിൽ രാജാവായി. അവനു സഹായിയായി അഹീഥോഫെൽ ഉണ്ടായിരുന്നു. യിസ്രായേല്യരുടെ ഹൃദയം അബ്ശാലോം വശീകരിച്ചു. ഈ വിപ്ലവത്തെക്കുറിച്ചു മനസ്സിലാക്കിയ ദാവീദ് സേവകരുമായി രാജധാനിവിട്ടു ഓടിപ്പോയി. അബ്ശാലോം യെരൂശലേമിൽ പ്രവേശിച്ചു: (2ശമൂ, 15:37). അഹീഥോഫെലിന്റെ ഉപദേശമനുസരിച്ചു അബ്ശാലോം പരസ്യമായി തന്റെ അപ്പന്റെ വെപ്പാട്ടികളുടെ അടുക്കൽ ചെന്നു: (2ശമൂ, 16:20-22). അഹീഥോഫലിന്റെ ആലോചനയെ വ്യർത്ഥമാക്കുവാൻ വേണ്ടി ദാവീദ് തന്റെ സ്നേഹിതനായ ഹൂശായിയെ അബ്ശാലോമിനോടു ചേരുവാൻ നേരത്തെ അയച്ചിരുന്നു. രാവീദിനോടു യുദ്ധം ചെയ്യുന്നതിനെക്കുറിച്ചു ചിന്തിക്കാൻ ആലോചനായോഗം ചേർന്നു. ഉടൻതന്നെ ദാവീദിനെ പിൻതുടർന്ന് ദാവീദിനെ കൊല്ലണമെന്നു അഹീഥോഫെൽ ഉപദേശിച്ചു. ദാവീദിനെ മാത്രം കൊല്ലുന്നതുകൊണ്ട് യുദ്ധം അവസാനിക്കും. ഒരു വലിയ സൈന്യത്തെ ചേർത്തു ദാവീദിനെയും അനുയായികളെയും ഒരുമിച്ചു നശിപ്പിക്കുകയാണു നല്ലതെന്നു് ഹൂശായി ഉപദേശിച്ചു. ഹൂശായിയുടെ ആലോചന അബ്ശാലോമിനു ബോധിച്ചു. ഈ വിവരം രഹസ്യമായി ദാവീദിനെ ഹൂശായി അറിയിച്ചു. ദാവീദ് മഹനയീമിലെത്തി യുദ്ധത്തിനുള്ള ഒരുക്കങ്ങൾ ചെയ്തു: (2ശമൂ, 17). 

അബ്ശാലോം രാജാവായി അഭിഷേകം ചെയ്യപ്പെട്ടിരുന്നു: (2ശമൂ, 19:10). അബ്ശാലോം അമാസയെ സേനാപതിയാക്കി. യോർദ്ദാൻ കടന്ന് ഗിലെയാദ് ദേശത്തു പാളയമിറങ്ങി. എഫ്രയീം വനത്തിൽ വെച്ചു യുദ്ധം നടന്നു. അബ്ശാലോമിന്റെ സൈന്യം പരാജയപ്പെട്ടു; ഇരുപതിനായിരം പേർ മരിച്ചു. കോവർ കഴുതപ്പുറത്തു അബ്ശാലോം ഓടിച്ചു പോകുമ്പോൾ അവന്റെ നീളമുള്ള തലമുടി കരുവേലകത്തിൽ ഉടക്കി അവൻ ആകാശത്തിനും ഭൂമിക്കും മദ്ധ്യേ തുങ്ങി. കോവർകഴുത ഓടിപ്പോയി, യോവാബ് മൂന്നു കുന്തം അവന്റെ നെഞ്ചിൽ കുത്തിക്കടത്തി. യോവാബിന്റെ ആയുധവാഹകന്മാരായ പത്തു ബാല്യക്കാർ വളഞ്ഞുനിന്ന് അബ്ശാലോമിനെ അടിച്ചുകൊന്നു. അബ്ശാലോമിനെ എടുത്തു വനത്തിൽ ഒരു വലിയ കുഴിയിലിട്ടു അവന്റെ മേൽ വലിയ കല്ക്കൂമ്പാരം കൂട്ടി. അബ്ശാലോമിന്റെ മരണത്തിൽ ദാവീദ് ഹൃദയം തകർന്നു വിലപിച്ചു. അബ്ശാലോമിന്റെ മുമ്പിൽ നിന്ന് ഓടിപ്പോയപ്പോൾ ദാവീദ് പാടിയതാണ് മൂന്നാം സങ്കീർത്തനം. 

അബ്ശാലോമിന്റെ ജ്ഞാപകസ്തംഭം: മരണശേഷം തന്റെ പേർ നിലനിർത്തേണ്ടതിന് ഒരു മകനില്ലെന്നു പറഞ്ഞു അബ്ശാലോം രാജാവിൻ താഴ്വരയിൽ (King’s valley) നിറുത്തിയസ്തംഭം: (2ശമൂ, 18:18). ഈ തൂണിന് അബ്ശാലോം സ്വന്തം പേർ നല്കി. അബ്ശാലോമിന് മൂന്നു പുത്രന്മാർ ഉണ്ടായിരുന്നുവെന്ന് 2ശമൂവേൽ 14:27-ൽ കാണുന്നു. ഈ മൂന്നു പുത്രന്മാരും ശൈശവത്തിൽ മരിച്ചിരിക്കണം. അതിനു ശേഷമായിരിക്കാം ജ്ഞാപകസ്തംഭം നാട്ടിയത്.

അബ്രാം/അബ്രാഹാം

അബ്രാം (Abram)

പേരിനർത്ഥം – ഉന്നതപിതാവ് 

അബ്രാഹാമിന്റെ ആദ്യനാമം: (ഉല്പ, 11:26-17:5; 1ദിന, 1:27; നെഹെ, 9:7). 

അബ്രാഹാം (Abraham)

പേരിനർത്ഥം – ബഹുജാതികൾക്കു പിതാവ്

യെഹൂദരും മുഹമ്മദീയരും ക്രിസ്ത്യാനികളും ആദരപൂർവ്വം സ്മരിക്കുന്ന നാമമാണ് അബ്രാഹാം. എബ്രായരുടെ പിതാവെന്ന നിലയിലും വിശ്വാസികളുടെ പിതാവെന്ന നിലയിലും അബ്രാഹാം തിരുവെഴുത്തുകൾ മുഴുവൻ നിറഞ്ഞുനിൽക്കുന്നു. അബ്രാഹാമിന് ദൈവം വാഗ്ദത്തം ചെയ്ത സന്തതികളിൽ യിസ്രായേല്യർ ഭൗമികസന്തതിയും ക്രിസ്ത്യാനികൾ ആത്മികസന്തതിയുമാണ്. ഉല്പത്തി 12 മുതലുള്ള ചരിത്രം അബ്രാഹാമിന്റെയും സന്തതിയുടേതുമത്രേ. വാഗ്ദത്തയുഗം അബ്രാഹാമിലാണ് ആരംഭിക്കുന്നത്. അബ്രാഹാമിന്റെ ജീവചരിത്രം ഉല്പത്തി 11:26-25:10-ൽ ഉണ്ട്. അതിന്റെ സംക്ഷിപ്തരൂപം പ്രവൃത്തി 7:2-8-ലും. 

അബ്രാഹാമിന്റെ സ്വദേശം കല്ദയരുടെ പട്ടണമായ ഊരാണ്. അബ്രാഹാമിന്റെ അപ്പനായ തേരഹ് കല്ദയ പട്ടണമായ ഊരിൽനിന്നും അബ്രാം, അബ്രാമിന്റെ ഭാര്യയായ സാറായി, ഹാരാന്റെ മകനായ ലോത്ത് എന്നിവരോടൊപ്പം പുറപ്പെട്ട് ഹാരാനിൽ വന്നു താമസിച്ചു. അവിടെ വന്നു താമസിച്ചതിനു കാരണം അപ്പൊസ്തലപ്രവൃത്തികളിൽ ഇങ്ങനെ കാണുന്നു. “സഹോദരന്മാരും പിതാക്കന്മാരുമായ പുരുഷന്മാരേ, കേൾപ്പിൻ. നമ്മുടെ പിതാവായ അബ്രാഹാം ഹാരാനിൽ വന്നു പാർക്കും മുമ്പെ മെസൊപ്പൊത്താമ്യയിൽ ഇരിക്കുമ്പോൾ തന്നെ തേജോമയനായ ദൈവം അവന്നു പ്രത്യക്ഷനായി: നിന്റെ ദേശത്തെയും നിന്റെ ചാർച്ചക്കാരെയും വിട്ടു ഞാൻ നിനക്കു കാണിച്ചു തരുന്ന ദേശത്തിലേക്കു ചെല്ലുക എന്നു പറഞ്ഞു . അങ്ങനെ അവൻ കല്ദായരുടെ ദേശം വിട്ടു ഹാരാനിൽ വന്നു പാർത്തു.” (പ്രവൃ, 7:2,3). ഹാരാനിൽവച്ചു തേരഹ് മരിച്ചു. അബ്രാഹാമിനു വീണ്ടും യഹോവ പ്രത്യക്ഷനായി. സ്വന്ത ദേശത്തെയും ചാർച്ചക്കാരെയും പിതൃഭവനത്തെയും ഉപേക്ഷിച്ച് താൻ കാണിപ്പാനിരിക്കുന്ന ദേശത്തേക്ക് പുറപ്പെടുവാൻ യഹോവ അബ്രാഹാമിനു കല്പന നല്കി: (ഉല്പ, 12:1). യഹോവ കല്പിച്ചതുപോലെ പിതൃഭവനത്തെയും ചാർച്ചക്കാരെയും ഉപേക്ഷിച്ചു ലോത്തിനോടൊപ്പം അബ്രാഹാം കനാനിലേക്കു യാത്രയായി. എവിടേക്കു പോകുന്നു എന്നറിയാതെയാണ് അബ്രാഹാം യാത്രതിരിച്ചത്. യാത്ര ചെയ്ത അബ്രാഹാം കനാനിലെത്തി . ശെഖേമിൽ വച്ച് യഹോവ വീണ്ടും പ്രത്യക്ഷനായി. അബ്രാഹാമിന്റെ സന്തതിക്ക് കനാൻദേശം കൊടുക്കുമെന്നു രണ്ടാമതും വാഗ്ദത്തം ചെയ്തു. തനിക്ക് പ്രത്യക്ഷനായ യഹോവയ്ക്ക് അബ്രാഹാം ഒരു യാഗപീഠം പണിതു അവനെ ആരാധിച്ചു. അബ്രാഹാം അവിടെനിന്നും പുറപ്പെട്ട് ബേഥേലിനും ഹായിക്കും മദ്ധ്യേ കൂടാരമടിച്ചു. അവിടെയും അബ്രാഹാം യാഗപീഠം പണിത് യഹോവയുടെ നാമത്തിൽ ആരാധിച്ചു. അബ്രാഹാം പിന്നെയും തെക്കോട്ടു യാത്ര ചെയ്തു. 

ദേശത്ത് ക്ഷാമം കഠിനമായപ്പോൾ അബ്രാഹാം മിസ്രയീമിലേക്കു പോയി. സാറായുടെ സൗന്ദര്യം തന്റെ ജീവനു അപകടം വരുത്തുമെന്നു കരുതി തന്റെ സഹോദരിയെന്നു മിസ്രയീമ്യരോടു പറയണമെന്നു അബ്രാഹാം സാറയോടു പറഞ്ഞു. സാറാ അബ്രാഹാമിന്റെ അർദ്ധസഹോദരിയായിരുന്നു. സാറായുടെ സൗന്ദര്യത്തെക്കുറിച്ചു കേട്ടിട്ട് ഫറവോൻ അവളെ തന്റെ അരമനയിലേക്ക് വരുത്തി. സാറാ നിമിത്തം ഫറവോൻ അബ്രാഹാമിനു വളരെയധികം നന്മ ചെയ്തു. സാറാ നിമിത്തം യഹോവ ഫറവോനെയും കുടുംബത്തെയും വളരെയധികം ദണ്ഡിപ്പിച്ചു. ഫറവോൻ അബ്രാഹാമിനെ വിളിച്ചു ഭാര്യയെ സഹോദരി എന്നു പറഞ്ഞതിനു കുറ്റപ്പെടുത്തി. അനന്തരം അബ്രാഹാം ഭാര്യയും ലോത്തും സകലസമ്പത്തുമായി മിസയീംവിട്ടുപോയി: (ഉല്പ, 12). 

അനന്തരം അബ്രാഹാം ബേഥേലിനും ഹായിക്കും മദ്ധ്യ ആദ്യം കൂടാരമടിച്ച സ്ഥാനത്തുതന്നെ എത്തി: (ഉല്പ, 13:3,4). സമ്പത്തിന്റെ ആധിക്യം അബ്രാഹാമും ലോത്തും തമ്മിൽ വേർപിരിയുവാൻ കാരണമായി. അബ്രാഹാമിന്റെയും ലോത്തിന്റെയും ഇടയന്മാർക്കു തമ്മിൽ പിണക്കമുണ്ടായി. കലഹം ഒഴിവാക്കുവാൻ വേണ്ടി രണ്ടുവശത്തേക്കായി പിരിഞ്ഞു പോകുന്നതാണ് യുക്തമെന്നു അബ്രാഹാം നിർദ്ദേശിച്ചു. പ്രദേശം തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്യം ലോത്തിനു നൽകി. യോർദ്ദാന്നരികെയുള്ള പ്രദേശം ലോത്ത് തിരഞ്ഞെടുത്തു; സൊദോംവരെ കൂടാരം നീക്കിയടിച്ചു. അബ്രാഹാം കനാൻദേശത്തു തന്നെ വസിച്ചു. ഈ സന്ദർഭത്തിൽ യഹോവ വീണ്ടും പ്രത്യക്ഷപ്പെട്ടു അബ്രാഹാം കാണുന്ന ഭൂമി ഒക്കെയും അവന് ശാശ്വതാവകാശമായി കൊടുക്കുമെന്നും അവന്റെ സന്തതിയെ വർദ്ധിപ്പിക്കുമെന്നും വാഗ്ദത്തം ചെയ്തു. അനന്തരം അബ്രാഹാം മമ്രേയുടെ തോപ്പിൽ വന്നു വസിച്ചു; അവിടെ യഹോവയക്ക് യാഗപീഠം പണിതു. 

സമഭൂമിയിലെ അഞ്ചുപട്ടണങ്ങൾ എലാംരാജാവായ കെദൊർലായോമെറിനു കീഴടങ്ങിയിരുന്നു. പതിമൂന്നാം വർഷം അവർ കെദൊർലായോമെറിനോടു മത്സരിച്ചു. മറ്റു മൂന്നു രാജാക്കന്മാരുമായി കൂട്ടുചേർന്ന് അദ്ദേഹം അവരെ ആക്രമിച്ചു. ഈ നാലുരാജാക്കന്മാർ സൊദോം, ഗൊമോരാ പ്രദേശങ്ങൾ കീഴടക്കി, ലോത്തിനെയും കുടുംബത്തെയും ബന്ധനസ്ഥരാക്കി അവരുടെ സമ്പത്തു കൊള്ളയടിച്ചു: (ഉല്പ, 14:1-12). ഇതറിഞ്ഞ അബ്രാഹാം തന്റെ വീട്ടിൽ ഉണ്ടായിരുന്ന അഭ്യാസികളായ 318 യോദ്ധാക്കളെ കൂട്ടിക്കൊണ്ട് ചെന്നു അവരെ തോല്പിച്ചു; ലോത്തിനെയും സകലസമ്പത്തിനെയും മോചിപ്പിച്ചു. ഈ യുദ്ധം കഴിഞ്ഞ് മടങ്ങിവരുമ്പോൾ മല്ക്കീസേദെക്ക് അപ്പവും വീഞ്ഞും കൊണ്ടുവന്ന് അബ്രാഹാമിനെ അനുഗ്രഹിച്ചു. ശാലേം രാജാവായ മല്ക്കീസേദെക്ക് അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്നു. അബ്രാഹാം അവന് സകലത്തിലും ദശാംശം കൊടുത്തു: (ഉല്പ, 14:20). യുദ്ധം ജയിച്ച അബ്രാഹാം കവർച്ചയിൽനിന്നും ഒന്നുംതന്നെ സ്വീകരിച്ചില്ല. ഈ സമയത്ത് യഹോവ പ്രത്യക്ഷപ്പെട്ട് “ഞാൻ നിന്റെ പരിചയും നിന്റെ അതിമഹത്തായ പ്രതി ഫലവും ആകുന്നു” എന്നു വ്യക്തമാക്കി. (ഉല്പ, 15:2). തുടർന്ന് ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെയുള്ള ഒരു സന്തതിയുടെ വാഗ്ദാനം നൽകി: (ഉല്പ, 15:5). 

അബ്രാഹാം കനാനിൽ വാസം തുടങ്ങിയിട്ട് പത്തുവർഷം കഴിഞ്ഞു. ഇതുവരെയും തനിക്ക് ഒരു പുത്രൻ ജനിച്ചില്ല. എഴുപത്തഞ്ചു വയസ്സായ സാറാ ഒരുകുഞ്ഞിനെ പ്രസവിക്കുക സംഭവ്യമല്ല. അതിനാൽ സാറായുടെ നിർദ്ദേശമനുസരിച്ച് മിസയീമ്യദാസിയായ ഹാഗാരിനെ അബ്രാഹാം സ്വീകരിക്കുകയും അവൾ യിശ്മായേലിനെ പ്രസവിക്കുകയും ചെയ്തു: (ഉല്പ, 16:1-16). അബ്രാഹാമിന് തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോൾ യഹോവ വീണ്ടും പ്രത്യക്ഷനായി “ഞാൻ സർവ്വശക്തിയുള്ള ദൈവ” എന്നു സ്വയം വെളിപ്പെടുത്തി: (ഉല്പ, 17:1). അബ്രാം എന്ന പേരിനെ മാറ്റി ബഹുജാതികൾക്ക് പിതാവ് എന്നർത്ഥമുള്ള അബ്രാഹാം എന്ന പേർ നല്കി. സാറായിയുടെ പേർ സാറാ എന്നുമാറ്റി. തൊണ്ണൂറു വയസ്സായ സാറ യിസ്ഹാക്കിനെ പ്രസവിക്കുമെന്നും അവൻ വാഗ്ദത്ത സന്തതിയായിരിക്കുമെന്നും ഉറപ്പു നൽകി. അബ്രാഹാം യിശ്മായേലിനു വേണ്ടി അപേക്ഷിച്ചു. യിശ്മായേലിനെ അനുഗ്രഹിക്കുമെന്നും, എന്നാൽ വാഗ്ദത്തസന്തതിയായ യിസ്ഹാക്കിനോട് തന്റെ ഉടമ്പടി ഉറപ്പിക്കുമെന്നും യഹോവ അരുളിച്ചെയ്തു. അന്ന് അബ്രാഹാമും പുത്രനായ യിശ്മായേലും തന്റെ വീട്ടിലുള്ള പുരുഷപ്രജ ഒക്കെയും പരിച്ഛേദനം ഏറ്റു. മമ്രേയുടെ തോപ്പിൽ വെച്ചു യഹോവ വീണ്ടും പ്രത്യക്ഷനായി. മൂന്നു പുരുഷന്മാർ കൂടാരവാതില്ക്കൽ ഇരുന്ന അബ്രാഹാമിന്റെ നേരെ നിന്നു. അബ്രാഹാം അവരെ സ്വീകരിച്ച് സൽക്കരിച്ചു. ഈ മൂന്നു പുരുഷന്മാരിൽ ഒരാൾ യഹോവയും (ഉല്പ, 18:17:20,22,33), മറ്റു രണ്ടു ദൂതന്മാരും ആയിരുന്നു. ഒരാണ്ടു കഴിയുമ്പോൾ സാറായ്ക്ക് ഒരു മകൻ ജനിക്കുമെന്ന് ഉറപ്പുനൽകുകയും സാറായുടെ അവിശ്വാസത്തെ ശാസിക്കുകയും ചെയ്തു. ആ രണ്ടു ദൂതന്മാർ തങ്ങളുടെ യാത്ര തുടർന്നു. അബ്രാഹാം യഹോവയുടെ സന്നിധിയിൽ നിന്നു: (ഉല്പ, 18:22). സൊദോം ഗൊമോരയുടെ നാശത്തെക്കുറിച്ച് അബ്രാഹാമിനെ അറിയിച്ചു. അബ്രാഹാം ആ പട്ടണങ്ങൾക്കുവേണ്ടി വാദിച്ചു. പിറ്റേദിവസം രാവിലെ അബ്രാഹാം എഴുന്നേറ്റു, സൊദോമിനും ഗൊമോരയ്ക്കും നേരെ നോക്കി. “ദേശത്തിലെ പുക തീച്ചുളയിലെ പുകപോലെ പൊങ്ങുന്നതു കണ്ടു:” (ഉല്പ, 19:27-29). 

അബ്രാഹാം തെക്കോട്ടു യാത്ര ചെയത് കാദേശിനും സൂരിനും മദ്ധ്യേ പാർത്തു. ഗെരാരിൽ പരദേശിയായിരിക്കുമ്പോൾ ഗെരാർ രാജാവായ അബീമേലെക്ക് ആളയച്ചു സാറായെ കൂട്ടിക്കൊണ്ടുപോയി. രാത്രി ദൈവം സ്വപ്നത്തിൽ അബീമേലെക്കിനോട് ഇടപെടുകയും പിറ്റേദിവസം രാവിലെ അവൻ സാറയെ മടക്കി അയയ്ക്കുകയും ചെയ്തു. അബീമേലെക്ക് അബ്രാഹാമിനെ വിളിപ്പിച്ച് സാറായെ തന്റെ പെങ്ങളെന്നു വ്യാജം പറഞ്ഞതിനു കുറ്റപ്പെടുത്തി. അബ്രാഹാം ദൈവത്തോടു പ്രാർത്ഥിച്ചു. ദൈവം അബീമേലെക്കിനെയും അവന്റെ ഭാര്യയെയും ദാസിമാരെയും സൗഖ്യമാക്കി; അവർ പ്രസവിച്ചു. അബ്രാഹാമിനു നൂറും സാറായ്ക്ക് തൊണ്ണൂറും വയസ്സായപ്പോൾ വാഗ്ദത്തസന്തതിയായ യിസ്ഹാക്ക് ജനിച്ചു: (ഉല്പ, 21:3). യിശ്മായേൽ പരിഹാസിയായിരുന്നു. സാറായുടെ നിർബ്ബന്ധപ്രകാരം ഹാഗരിനെയും യിശ്മായേലിനെയും അബ്രാഹാം മനസ്സില്ലാമനസ്സോടെ പുറത്താക്കി. 

അബ്രാഹാമിന്റെ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണമായിരുന്നു വാഗ്ദത്തസന്തതിയായ യിസ്ഹാക്കിനെ യാഗം കഴിക്കുവാൻ ദൈവം ആവശ്യപ്പെട്ടത്. യിസ്ഹാക്കിന് അപ്പോൾ ഇരുപത്തഞ്ചു വയസ്സ് പ്രായമായിരുന്നുവെന്നു ജൊസീഫസ് പറയുന്നു. മോരിയാ മലയിൽ കൊണ്ടുപോയി (ഈ മലയിലാണ് പില്ക്കാലത്തു ദൈവാലയം പണിതത്) യാഗം കഴിക്കുവാനായിരുന്നു കല്പന. അബ്രാഹാം മടിച്ചില്ല. പിറ്റേദിവസം പ്രഭാതത്തിൽ തന്നെ രണ്ടുബാല്യക്കാരോടൊപ്പം യാത്രയായി. മൂന്നാമത്തെ ദിവസം അബ്രാഹാം നോക്കി ദൂരത്തുനിന്നു് ആ സ്ഥലം കണ്ടു. ഞാനും ബാലനും അവിടത്തോളം ചെന്ന് ആരാധന കഴിച്ച് മടങ്ങിവരാം എന്നു പറഞ്ഞ് ബാല്യക്കാരെ അവിടെ വിട്ടിട്ട് അബ്രാഹാം മകനുമായി നടന്നു. ഹോമയാഗത്തിന് ആട്ടിൻകുട്ടി എവിടെ എന്ന യിസ്ഹാക്കിന്റെ ചോദ്യത്തിനു് ദൈവം നോക്കിക്കൊള്ളും എന്ന് അബ്രാഹാം പറഞ്ഞു. നിർദ്ദിഷ്ട സ്ഥാനത്തെത്തി അബ്രാഹാം യാഗപീഠം പണി  തു യിസ്ഹാക്കിനെ കെട്ടി യാഗപീഠത്തിന്മേൽ കിടത്തി. മകനെ അറുക്കേണ്ടതിന് കത്തി എടുത്തപ്പോൾ യഹോവയുടെ ദൂതൻ തടഞ്ഞു. കുറ്റിക്കാട്ടിൽ കെട്ടുപിണഞ്ഞു കിടന്ന ആട്ടുകൊറ്റനെ പിടിച്ച് യിസ്ഹാക്കിനു പകരം യാഗം കഴിച്ചു. അനന്തരം അബ്രാഹാം മടങ്ങിവന്ന് ബേർ-ശേബയിൽ പാർത്തു: (ഉല്പ, 22:1-19). 

നൂറ്റിയിരുപത്തേഴ് വയസ്സായപ്പോൾ സാറാ ഹെബ്രോനിൽവെച്ചു മരിച്ചു. അബ്രാഹാം എഫ്രോന്റെ കൈയിൽനിന്നും മക്പേല നിലം വാങ്ങി അതിലെ ഗുഹയിൽ സാറായെ അടക്കി: (ഉല്പ, 23). സ്വന്തം കുടുംബത്തിൽ നിന്നുതന്നെ യിസ്ഹാക്കിനു ഒരു ഭാര്യയെ എടുക്കുവാൻ അബ്രാഹാം ഏല്യേസറിനെ ഹാരാനിലേക്കയച്ചു. അയാൾ പോയി നാഹോരിന്റെ മകനായ ബെമൂവേലിന്റെ മകൾ റിബെക്കയെ യിസ്ഹാക്കിനു ഭാര്യയായി കൂട്ടിക്കൊണ്ടുവന്നു. അല്പകാലം കഴിഞ്ഞ് അബ്രാഹാം കെതൂറയെ ഭാര്യയായി സ്വീകരിച്ചു, കെതൂറയിൽ അബ്രാഹാമിനു ആറു പുത്രന്മാർ ജനിച്ചു. അബ്രാഹാമിന്റെ സമ്പത്തുമുഴുവൻ യിസ്ഹാക്കിനു നല്കി. വെപ്പാട്ടികളുടെ മക്കൾക്ക് ദാനങ്ങൾ കൊടുത്തു കിഴക്കു ദേശത്തേക്കയച്ചു. നൂറ്റിയെഴുപത്തഞ്ചു വയസ്സുള്ളവനായി അബ്രാഹാം മരിച്ചു. യിസ്ഹാക്കും യിശ്മായേലും കൂടി മക്പേലാഗുഹയിൽ അബ്രാഹാമിനെ അടക്കം ചെയ്തു: (ഉല്പ, 25:9). 

അബ്രാഹാമിന്റെ സ്വഭാവം: അബ്രാഹാമിന്റെ സ്വഭാവത്തിൽ പല സവിശേഷതകളുണ്ട്. ബഹുദൈവ വിശ്വാസികളുടെ മദ്ധ്യേനിന്ന് അബ്രാഹാമിനെ വിളിച്ചതു ഒരു പ്രധാന സംഭവമാണ്. അബ്രാഹാമിന്റെ വിശ്വാസം നിസ്തുല്യമാണ്. സർവ്വശക്തനായും (ഉല്പ, 17:1), നിത്യനായും (21:33), അത്യുന്നതനായും (14:22), സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും നാഥനായും (14:22; 24;3), ജാതികളെ വിധിക്കുന്നവനായും (15:14), സർവ്വഭൂമിയുടെയും ന്യായാധിപതിയായും (18:25) അബ്രാഹാം ദൈവത്തെ മനസ്സിലാക്കി. തെറ്റിപ്പോയ യിശ്മായേലിനു വേണ്ടിയും (17:20), ലോത്തിനുവേണ്ടിയും (18:27-33) അബ്രാഹാം ദൈവത്തോടു പക്ഷവാദം ചെയ്തു. അബ്രാഹാം ദൈവത്തോടു കൂട്ടായ്മ പുലർത്തി. വിവിധ നിലകളിൽ ദൈവം അബ്രാഹാമിനു പ്രത്യേക വെളിപ്പാടുകൾ നൽകി: (ഉല്പ, 15:1; 18:1; 22:11,15). അബ്രാഹാം പാർത്ത സ്ഥലങ്ങളിലെല്ലാം യാഗപീഠം നിർമ്മിച്ച് യഹോവയുടെ നാമത്തിൽ ആരാധന കഴിച്ചു: (ഉല്പ, 12:8; 13:4,18). അബ്രാഹാമിന്റെ അനുസരണവും അനുപമമാണ്. ദൈവത്തിന്റെ വിളി അനുസരിക്കുവാൻ അബ്രാഹാം സദാ ജാഗരൂകനായിരുന്നു. വിശ്വാസത്താൽ കൽദയരുടെ ഊരിൽനിന്നു പുറപ്പെട്ടു: (ഉല്പ,11:31; 15:7; പ്രവൃ, 7:2-4). വാഗ്ദത്തനാടായ കനാനിൽ നൂറുവർഷം വസിച്ചു: (13:12; 15:18). അബ്രാഹാമിന്റെ വിശ്വാസത്തിനു നേരിട്ട ഏറ്റവും വലിയ പരീക്ഷണമാണ് യിസ്ഹാക്കിനെ യാഗം കഴിക്കുവാൻ ദൈവം ആവശ്യപ്പെട്ടത്. എന്നാൽ “മരിച്ചവരുടെ ഇടയിൽനിന്നും ഉയിർപ്പിപ്പാൻ ദൈവം ശക്തൻ എന്ന എണ്ണുകയും അവരുടെ ഇടയിൽ നിന്നു എഴുന്നേറ്റവനെപ്പോലെ അവനെ തിരികെ പ്രാപിക്കയും ചെയ്തു.” (എബ്രാ, 11:19).

അബ്രാഹാമിന്റെ ജീവിതത്തിൽ ചില ദൗർബല്യങ്ങൾ ഉണ്ടായിട്ടുണ്ട്. മിസ്രയീമിലെ ഫറവോനെയും, ഗെരാർ രാജാവായ അബീമേലെക്കിനെയും സ്വന്തം ഭാര്യയെ സഹോദരിയെന്നു പറഞ്ഞ് കബളിപ്പിച്ചതാണ് അവയിൽ പ്രധാനം. ഇത് തന്റെ ജീവൻ രക്ഷിക്കാൻ വേണ്ടിയായിരുന്നു: (ഉല്പ, 12:11-13; 20:2-11). സാറാ അബ്രാഹാമിന്റെ അർദ്ധസഹോദരിയാണ്. “വാസ്തവത്തിൽ അവൾ എന്റെ പെങ്ങളാകുന്നു; എന്റെ അപ്പന്റെ മകൾ; എന്റെ അമ്മയുടെ മകളല്ലതാനും; അവൾ എനിക്കു ഭാര്യയായി.” (ഉല്പ, 20:12). ഹോമയാഗത്തിനു ഒരു ആട്ടിൻകുട്ടിയെ ദൈവം നോക്കിക്കൊള്ളും എന്ന് അബ്രാഹാം യിസ്ഹാക്കിനോടു പറഞ്ഞതു വ്യാജമാണ്. എന്നാൽ ഞാനും മകനും ആരാധന കഴിച്ചു മടങ്ങിവരാം എന്നു പറഞ്ഞതു അബ്രാഹാമിന്റെ വിശ്വാസത്തിന്റെ പരമായ ഉദാഹരണ്മാണ്. യിസ്ഹാക്കിനെ യാഗം കഴിക്കുവാൻ ദൈവം അനുവദിക്കുകയില്ലെന്നു അബ്രാഹാം വിശ്വസിച്ചിരിക്കണം. 

അബ്രാഹാമും ഉടമ്പടിയും: അബ്രാഹാമിനോട് ദൈവം ചെയ്ത ഉടമ്പടിയെ നിയമം എന്നാണ് പറയുന്നത്. ദൈവത്തിന്റെ സ്നേഹിതനും (2ദിന, 20:7; യെശ, 41:8, യാക്കോ, 2:23) ദൈവത്തിൽ അചഞ്ചലമായ വിശ്വാസം അർപ്പിച്ചവനുമായ അബ്രാഹാമിനോട് ദൈവം ചെയ്ത വാഗ്ദത്തനിയമം നിരുപാധികവും നിത്യവും ആണ്. (ഉല്പ, 17:7,13,19). ഈ ഉടമ്പടി അബ്രാഹാമിലുടെ സന്തതിക്കും അവകാശപ്പെട്ടതാണ്. യിസ്രായേലിനോട് ദൈവം പില്ക്കാലത്തു ചെയ്ത ഉടമ്പടികൾക്കടിസ്ഥാനവും അബ്രാഹാമ്യ നിയമമത്രേ. അതിൽ ഏഴു വാഗ്ദത്തങ്ങളുണ്ട്. 1. ഞാൻ നിന്നെ മഹാജാതിയാക്കും: (ഉല്പ, 12:2; 13:16). എബ്രായരുടെ എല്ലാം പിതാവ് അബ്രാഹാമാണ്. എബായൻ എന്നു ആദ്യം വിളിക്കപ്പെട്ടതും അബ്രാഹാമാണ്: (ഉല്പ, 14:13). ഭൂമിയിലെ പൊടിപോലെ ഒരു ഭൗമിക സന്തതിയും ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ ഒരു ആത്മീയസന്തതിയും അബ്രാഹാമിനു ലഭിച്ച വാഗ്ദത്തത്തിലുണ്ട്: (ഉല്പ, 13:6; യോഹ, 8:37,39). അപ്പൊസ്തലനായ പൗലൊസ് ഇതു വ്യക്തമാക്കുന്നുണ്ട്: “അതുകൊണ്ടു കൃപാദാനം എന്നു വരേണ്ടതിനു വിശ്വാസത്താലത്രേ അവകാശികൾ ആകുന്നതു; വാഗ്ദത്തം സകലസന്തതിക്കും, ന്യായപ്രമാണമുള്ളവർക്കു മാത്രമല്ല, അബ്രാഹാമിന്റെ വിശ്വാസമുള്ളവർക്കും കൂടെ ഉറപ്പാകേണ്ടതിനു തന്നെ.” (റോമ, 4:16). 2. ഞാൻ നിന്നെ അനുഗ്രഹിക്കും: (ഉല്പ, 12:2; 15:6,18; യോഹ, 8:56). 3. ഞാൻ നിന്റെ പേർ വലുതാക്കും: (ഉല്പ, 12:2). യെഹൂദന്മാരും മുഹമ്മദീയരും ക്രിസ്ത്യാനികളും ഒരുപോലെ ബഹുമാനിക്കുന്ന പൂർവ്വപിതാവാണ് അബ്രാഹാം. മാത്രവുമല്ല, പഴയനിയമ പുരുഷന്മാരിൽ മോശെ കഴിഞ്ഞാൽ അബ്രാഹാമാണ് പുതിയനിയമത്തിൽ ഏറ്റവും അധികം സ്മരിക്കപ്പെടുന്നത്. 4. നീ ഒരു അനുഗഹമായിരിക്കും: (ഉല്പ, 12:2). വിശ്വാസവിഷയത്തിൽ അബ്രാഹാം ഒരു മാതൃകയും അനുഗ്രഹവുമായി മാറി. (റോമ, 4:16-25). 5. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും: (ഉല്പ, 12:3). യെഹൂദന്മാരുടെ ചിതറലിൽ ഇതു നിറവേറി. അവരെ പീഡിപ്പിച്ച ജനം പീഡിപ്പിക്കപ്പെടുകയും അവരെ സംരക്ഷിച്ചവർ അനുഗ്രഹിക്കപ്പെടുകയും ചെയ്തു. 6. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും: (ഉല്പ, 12:3). 7. നിന്നിൽ ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും: (ഉല്പ, 12:3). ഇത് മശീഹയെക്കുറിച്ചുള്ള പ്രവചനമാണ്: “എന്നാൽ അബ്രാഹാമിനും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങൾ ലഭിച്ചു; സന്തതികൾക്കും എന്നു അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നത്; അതു ക്രിസ്തുതന്നെ.” (ഗലാ . 3:16).

അബ്യാഥാർ

അബ്യാഥാർ (Abiathar)

പേരിനർത്ഥം – വൈശിഷ്ട്യത്തിന്റെ പിതാവ് 

ലേവിഗോ ത്രത്തിൽ ഏലിവംശജനായ അഹീമേലെക്കിന്റെ പുത്രൻ. അയാൾ ശൗൽ, ദാവീദ്, ശലോമോൻ എന്നിവരുടെ വാഴ്ചക്കാലത്തു് പുരോഹിതനായിരുന്നു. ശൗൽ രാജാവ് നോബിലെ പുരോഹിതന്മാരെ കൊല്ലിച്ചപ്പോൾ അബ്യാഥാർ രക്ഷപ്പെട്ടു ദാവീദിനെ അഭയം പ്രാപിച്ചു. ദാവീദ് അവനു നിർഭയവാസം വാഗ്ദാനം ചെയ്തു: (1ശമൂ, 22:16-23). ദാവീദ് ഒളിച്ചു നടന്നകാലം മുഴുവൻ അബ്യാഥാർ അവനെ അനുഗമിച്ചു. ശൗൽ ദാവീദിന്റെ നേരെ ദോഷം ആരോപിക്കുന്നു എന്നറിഞ്ഞപ്പോൾ ദൈവഹിതം അറിയുവാൻവേണ്ടി പുരോഹിതനായ അബ്യാഥാരിനെ വിളിച്ചു. (1ശമൂ, 23:9,10; 30:7). ദാവീദ് രാജാവായപ്പോൾ അബ്യാഥാരിനെ മഹാപുരോഹിതനാക്കി: (1രാജാ, 2:26; 1ദിന, 15:11). അബ്ശാലോം ദാവീദിനെതിരെ മൽസരിച്ചപ്പോൾ രാജാവിന്റെ നിർദ്ദേശപ്രകാരം യെരൂശലേമിൽ പാർത്തു. (2ശമൂ, 15:24). എന്നാൽ ദാവീദിന്റെ അവസാന കാലത്ത് അദോനീയാവിനെ രാജാവാക്കുവാനുള്ള കൂട്ടുകെട്ടിൽ ചേർന്നു. തന്മൂലം ശലോമോൻ അവനെ പൗരോഹിത്യത്തിൽനിന്നും നീക്കി സ്വന്തം സ്ഥലമായ അനാഥോത്തിലേക്കു തിരിച്ചയച്ചു: (1രാജാ, 1:19; 2:26). 1രാജാക്കന്മാർ 4:4-ൽ അബ്യാഥാരിനെ സാദോക്കിനോടൊപ്പം മഹാപുരോഹിതനായി പറയുന്നു. എന്നാലിതു അബ്യാഥാരിനെ നീക്കം ചെയ്യുന്നതിനു മുമ്പുള്ള കാലത്തെയായിരിക്കും കുറിക്കുന്നത്. അബ്യാഥാരിനെ നീക്കം ചെയ്തതോടു കൂടി ഏലിയുടെ കുടുംബത്തിന്റെ ഭരണം അവസാനിച്ചു. മർക്കൊസ് 2:26-ൽ യേശു അബ്യാഥാരിനെ പരാമർശിക്കുന്നു. അബ്യാഥാരിന്റെ മകൻ അഹീമേലെക്ക് എന്നു 2ശമൂവേൽ 8:17-ലും, 1ദിനവൃത്താന്തം 24:6-ലും കാണുന്നതു പകർപ്പെഴുത്തിൽ സംഭവിച്ച തെറ്റായിരിക്കാം. അപ്പന്റെയും മകന്റെയും പേർ പരസ്പരം മാറിയതാകാം.

അബ്നേർ

അബ്നേർ (Abner)

പേരിനർത്ഥം – പ്രകാശത്തിന്റെ പിതാവ്

ബെന്യാമീന്യനായ അബ്നേർ ശൗൽ രാജാവിന്റെ ഇളയപ്പനായ നേരിന്റെ മകനാണ്. ശൗലിന്റെ സേനാപതി ആയിരുന്നു: (1ശമൂ, 14:50). ഗൊല്യാത്തിനെ കൊന്നു മടങ്ങിവന്ന ദാവീദിനെ അബ്ദുനേർ രാജസന്നിധിയിൽ കൊണ്ടുവന്നു: (1ശമൂ, 17:57). ഹഖീലാക്കുന്നിൽ ദാവിദു ഒളിച്ചിരുന്നതായി ശൗൽ അറിഞ്ഞു അവിടേയ്ക്കു പോയി. അപ്പോൾ ശൗലിനോടൊപ്പം അബ്നേരും ഉണ്ടായിരുന്നു. തുടർന്നു യജമാനനെ ശരിയാംവിധം കാക്കാത്തതിന് ദാവീദ് അബ്നേരിനെ പരിഹാസപൂർവ്വം കുറ്റപ്പെടുത്തി: (1ശമൂ, 26:1,5,15). ശൗലിന്റെ മരണത്തിനുശേഷം മഹനയീമിൽ വച്ചു ശൗലിന്റെ പുത്രനായ ഈശ്-ബോശെത്തിനെ രാജാവാക്കി: (2ശമൂ, 2:8-10). അബ്നേരിന്റെ സൈന്യവും ദാവീദിന്റെ സൈന്യാധിപനായ യോവാബിന്റെ സൈന്യവും ഗിബെയയിൽ ഏറ്റുമുട്ടി. അബ്നേർ പരാജയപ്പെട്ടു ജീവരക്ഷയ്ക്കായി ഓടി. യോവാബിന്റെ സഹോദരനായ അസാഹേൽ അബ്നേരിനെ പിന്തുടർന്നു. അസാഹേലിനെ കൊല്ലാൻ മടിച്ച് തന്നെ പിന്തുടരാതെ മറ്റാരെയെങ്കിലും പിന്തുടരാൻ അബ്നേർ അപേക്ഷിച്ചു. രക്തപ്രതികാരത്തിനു ഇടവരാതിരിക്കണമെന്നു അബ്നേർ ആഗ്രഹിച്ചു. എന്നാൽ അസാഹേൽ അബ്നേരിനെ പിന്തുടരുക തന്നെ ചെയ്തു. അവസാനം അബ്നേർ അസാഹേലിനെ വെട്ടിക്കൊന്നു: (2ശമൂ, 2:12-32). ശൗലിന്റെ വെപ്പാട്ടിയുടെ വിഷയത്തിൽ ഈശ്-ബോശെത്ത് അബ്നേരിനെ കുറ്റപ്പെടുത്തി. തന്മൂലം അബ്നേർ ദാവീദുമായി സഖ്യം ചെയ്തു: (2ശമൂ, 3:7-22). അസാഹേലിനെ കൊന്നതിനു പ്രതികാരം ചെയ്യുവാൻ യോവാബ് നിശ്ചയിച്ചുറച്ചു. രാജാവറിയാതെ രാജാവിന്റെ പേരിൽ ദൂതന്മാരെ അയച്ചു അബ്നേരിനെ മടക്കി വിളിച്ചു. അബ്നേർ ഹെബ്രോനിലേക്കു മടങ്ങിവന്നപ്പോൾ സ്വകാര്യം പറവാൻ എന്ന വ്യാജേന പടിവാതില്ക്കൽ ഒരു ഭാഗത്തേക്കു കൂട്ടിക്കൊണ്ടുപോയി വയറ്റത്തു കുത്തിക്കൊന്നു: (2ശമൂ, 3:27). അബ്നേരിന്റെ മരണത്തിൽ ദാവീദു ആത്മാർത്ഥമായി വിലപിച്ചു. ഇന്നു യിസ്രായേലിൽ ഒരു പ്രഭുവും മഹാനുമായവൻ പട്ടുപോയി എന്നു നിങ്ങൾ അറിയുന്നില്ലയോ എന്നു ദാവീദു പറഞ്ഞു. (2ശമൂ, 3:38).

അബ്ദോൻ

അബ്ദോൻ (Abdon)

പേരിനർത്ഥം – പാദസേവ ചെയ്യുന്നവൻ

യിസ്രായേലിലെ പന്ത്രണ്ടാമത്തെ ന്യായാധിപൻ. എഫ്രയീമിലെ പിരാഥോന്യനായ അബ്ദോൻ ഹില്ലേലിന്റെ മകനായിരുന്നു. എട്ടുവർഷം യിസ്രായേലിനു ന്യായപാലനം ചെയ്തു. 70 കഴുതപ്പുറത്തു കയറി ഓടിക്കുന്ന 40 പുത്രന്മാരും 30 പൗത്രന്മാരും അവനുണ്ടായിരുന്നു: (ന്യായാ, 12:13-15). എഫ്രയീമിലെ പിരാഥോനിൽ അബ്ദോനെ അടക്കം ചെയ്തു. അബ്ദോന്റെ ഭണകാലം സമാധാനപൂർണ്ണമായിരുന്നു എന്നു ജൊസീഫസ് പറയുന്നു.

അബേദ്-നെഗോ

അബേദ്-നെഗോ (Abednego) 

പേരിനർത്ഥം – നെഗോ ദേവന്റെ ദാസൻ

ബാബിലോണിലേക്കു കൊണ്ടുപോയ നാലു യെഹൂദാ ബാലന്മാരിൽ ഒരാൾ. യഥാർത്ഥനാമം അസര്യാവ്. ബാബിലോൺ രാജാവായ നെബൂഖദ്നേസറിന്റെ ഷണ്ഡാധിപൻ അസര്യാവിനു നല്കിയ മറുപേരാണു അബദ്-നെഗോ: (ദാനീ, 1:7). നെബൂഖദ്നേസർ നിർത്തിയ സ്വർണ്ണ ബിംബത്തെ നമസ്കരിക്കാത്തതുകൊണ്ട് അബേദ്-നെഗോയെ കൂട്ടുകാരോടൊപ്പം തീച്ചുളയിൽ ഇട്ടു. എന്നാൽ ദൈവം അവരെ വിടുവിച്ചു: (ദാനീ, 3:26). അസര്യാവ് എന്ന എബ്രായപേരിന്റെ അർത്ഥം ‘യഹോവ സഹായിച്ചു.’

അബീഹൂ

അബീഹൂ (Abihu)

പേരിനർത്ഥം – എന്റെ പിതാവ് അവൻ-യഹോവ-തന്നേ

അഹരോന്റെ രണ്ടാമത്തെ പുത്രൻ: (പുറ, 6:23; സംഖ്യാ, 3:2; 1ദിന, 24:2). മോശെയോടും അഹരോനോടും സഹോദരനായ നാദാബിനോടും യിസ്രായേൽ മൂപ്പന്മാരിൽ എഴുപതു പേരോടും കൂടി സീനായി പർവ്വതത്തിൽ കയറിച്ചെന്നു യിസ്രായേലിന്റെ ദൈവത്തെ കണ്ടു. (പുറ, 24:1,9,10). യഹോവയുടെ സന്നിധിയിൽ അന്യാഗ്നി കത്തിച്ചതിനാൽ സംഹരിക്കപ്പെട്ടു: (ലേവ്യ, 10:1-8; സംഖ്യാ, 3:14; 26:61; 1ദിന, 24:2). നാദാബിന്റെയും അബീഹൂവിന്റെയും പാപം വിശ്വാസിയുടെ ശാരീരിക മരണത്തിനുള്ള പാപത്തിന്റെ നിദർശനമാണ്: (1കൊരി, 5:5; 1യോഹ, 5:6). ദൈവേഷ്ടമറിയാതെ ദൈവികകാര്യങ്ങൾ പ്രവർത്തിക്കുവാൻ ഒരുങ്ങുന്നതു് സേച്ഛാരാധനയാണ്: (കൊലൊ, 2:23).

അബീശായി

അബീശായി (Abishai)

പേരിനർത്ഥം – ദാനങ്ങളുടെ പിതാവ്

ദാവീദിന്റെ സഹോദരിയായ സൈരൂയയുടെ മകൻ. സൈന്യാധിപനായ യോവാബും, അസാഹേലും അബീശായിയുടെ സഹോദരന്മാരാണ്: (1ദിന, 2:15,16). പരാക്രമിയായ അബീശായി ദാവീദിനോടു ഏറ്റവും കൂറുപുലർത്തിയ ഒരു യോദ്ധാവായിരുന്നു. രാത്രിയിൽ ദാവീദിനോടുകൂടി ഹഖീലാക്കുന്നിൽ ശൗൽ ഉറങ്ങിക്കിടക്കുന്ന സ്ഥലത്തു പോകുന്നതിനു സ്വമേധയാ മുന്നോട്ടുവന്നു. ദാവീദും അബീശായിയും ശൗൽ കിടന്നുറങ്ങിയ സ്ഥലത്തെത്തി. ശൗലിനെ അവന്റെ കുന്തംകൊണ്ട് നിലത്തോടു ചേർത്തു കുത്തിക്കൊല്ലുവാൻ അനുവാദം ചോദിച്ചു. ദാവീദു വിലക്കിയതിനാൽ ശൗലിനെ കൊന്നില്ല: (1ശമൂ, 26:6,12). സഹോദരനായ യോവാബിനോടൊപ്പം അസാഹേലിനെ കൊന്ന് അബ്നേരിനെ പിന്തുടർന്നു: (2ശമൂ, 2:18-26). ഒടുവിൽ യോവാബും അബീശായിയും ചേർന്നു അബ്നേരിനെ ചതിവിൽ കൊന്നു: (2ശമൂ,  3:30). അമ്മോന്യരാജാവായ ഹാനൂനുമായുള്ള യുദ്ധത്തിൽ അമ്മോന്യരെ എതിർക്കുവാൻ ദാവീദു നിയോഗിച്ചതു അബീശായിയെയായിരുന്നു. അമ്മോന്യർ അബീശായിയുടെ മുന്നിൽനിന്നു് ഓടി പട്ടണത്തിൽ കടന്നു: (2ശമൂ, 10:10,14; 1ദിന, 19:11,15). ദാവീദിനെ ശപിച്ച ശിമെയിയെ വധിക്കുവാൻ ദാവീദിനോടു അനുവാദം ചോദിച്ചു: (2ശമൂ, 16:9,11; 19:21). അബ്ശാലോമിന്റെ മൽസരത്തിൽ ദാവീദിനോടു വിശ്വസ്തനായി നിന്ന അബീശായിയുടെ കീഴിലായിരുന്നു സൈന്യത്തിന്റെ മൂന്നിലൊരു ഭാഗം: (2ശമൂ, 18:2,12). ബെന്യാമീന്യനായ ബിക്രിയുടെ മകനായ ശേബ ദാവീദിനെതിരെ മത്സരിച്ചു. ശേബയെ പിന്തുടരുവാൻ ദാവീദ് അബീശായിയെ നിയോഗിച്ചു: (2ശമൂ, 20:6-10). പില്ക്കാലത്ത് ഫെലിസ്ത്യർക്ക് യിസ്രായേലിനോടു യുദ്ധം ഉണ്ടായി. രാഫാമക്കളിൽ ഒരുവനായ യിഷ്ബിബെനോബ് ദാവീദിനെ കൊല്ലുവാൻ ഒരുങ്ങി. എന്നാൽ അബീശായി ഫെലിസ്ത്യമല്ലനായ യിശ്ബിബെനോബിനെ വെട്ടിക്കൊന്ന് ദാവീദിനെ രക്ഷിച്ചു: (2ശമൂ, 21:15-17). ബേത്ലേഹെം പട്ടണവാതില്ക്കലെ കിണറ്റിൽനിന്നു ദാവീദിനു വെള്ളം കൊണ്ടുവരുന്നതിന് ഫെലിസ്ത്യരുടെ പാളയത്തിൽകൂടി കടന്നു പോകുവാൻ ധൈര്യം കാണിച്ച മൂവരിൽ ഒരുവൻ അബീശായിയായിരുന്നു. (2ശമൂ, 23:14-17). മുന്നൂറുപേരെ കുന്തം കൊണ്ടു കുത്തിക്കൊന്നതാണ് അബീശായി ഒടുവിലായി ചെയ്ത വീരകൃത്യം. അതിന്റെ സമയവും സന്ദർഭവും രേഖപ്പെടുത്തിയിട്ടില്ല. ഉപ്പുതാഴവരയിൽ വച്ചു അബീശായി 18,000 ഏദോമ്യരെ സംഹരിച്ചു: (1ദിന, 18:12,13). ഏദോമ്യരെ സംഹരിച്ചതു ദാവീദാണെന്നു 2ശമൂവേൽ 8:13-ൽ പറയുന്നു. യഥാർത്ഥ ജേതാവ് അബീശായി ആയിരിക്കണം. രാജാവെന്ന നിലയിൽ പ്രസ്തുത വിജയം ദാവീദിനോടു ബന്ധിച്ചു പറഞ്ഞതായി കരുതിയാൽ മതി.

അബീയാവ്

അബീയാവ് (Abijah)

പേരിനർത്ഥം – യഹോവ എൻ്റെ പിതാവ്

ശമൂവേൽ പ്രവാചകന്റെ രണ്ടാമത്തെ മകൻ. മൂത്തസഹോദരനായ യോവേലുമൊന്നിച്ച് ബേർ-ശേബയിൽ ന്യായപാലനം ചെയ്തുവന്നു. അപ്പന്റെ വഴിയിൽ നടക്കാതെ ദുരാഗ്രഹികളായി അവർ കൈക്കൂലി വാങ്ങി ന്യായം മറിച്ചുകളഞ്ഞു. അതുകൊണ്ട് യിസ്രായേൽ മൂപ്പന്മാർ ശമൂവേലിന്റെ അടുക്കൽ വന്ന് തങ്ങൾക്കു ഒരു രാജാവിനെ നിയമിച്ചു തരേണം എന്നാവശ്യപ്പെട്ടു: (1ശമൂ, 8:2-5; 1ദിന, 6:28). യഹോവയുടെ കല്പനപ്രകാരം ശമൂവേൽ അവർക്ക് കീശിൻ്റെ മകൻ ശൗലിനെ രാജാവായി അഭിഷേകം ചെയ്തു. (1ശമൂ, 10:1). 

അബീയാവ് (രാജാവ്)

യെഹൂദയിലെ രണ്ടാമത്തെ രാജാവ്. രെഹബെയാമിന്റെ മകനും ശലോമോന്റെ ചെറുമകനും. (1ദിന, 3:10). അമ്മ അബീശാലോമിന്റെ മകൾ മയഖാ. (1രാജാ, 15:2; 2ദിന, 11:20,22). ‘അവന്റെ അമ്മക്കു മീഖായാ എന്നു പേർ; അവൾ ഗിബെയക്കാരനായ ഊരിയേലിന്റെ മകൾ’ എന്നു 2ദിനവൃത്താന്തം13:2-ൽ പറഞ്ഞിരിക്കുന്നത് സംശയത്തിനിട നല്കുന്നു. ഈ വൈരുദ്ധ്യം പരിഹരിക്കുന്നതിനുള്ള ഒരു മാർഗ്ഗം അബീയാവിന്റെ അമ്മയ്ക്കു രണ്ടുപേരുണ്ടായിരുന്നു (മയഖാ, മീഖായാ) എന്നും അബ്ശാലോം അവളുടെ വല്യപ്പനായിരുന്നു എന്നും കരുതുകയാണ്. പിരിഞ്ഞുപോയ പത്തുഗോത്രങ്ങളെ മടക്കിക്കൊണ്ടു വന്നു യിസ്രായേലിനെ ഏകീകരിക്കുവാൻ അബീയാവു ആത്മാർത്ഥമായി ശ്രമിച്ചു. യിസ്രായേൽ രാജാവായ യൊരോബെയാമിനെതിരെ നാലുലക്ഷം ശ്രഷ്ഠയുദ്ധവീരന്മാരുടെ സൈന്യത്തെ അബീയാവു അണിനിരത്തി; യൊരോബയാം എട്ടുലക്ഷം യുദ്ധവീരന്മാരുടെ സൈന്യത്തെയും. എഫ്രയീം മലനാട്ടിലെ സെമരായീം മലമുകളിൽ നിന്നുകൊണ്ടു ദൈവത്തിന്റെ രാജ്യമായ യെഹൂദയോടും ദാവീദിന്റെ കുടുംബത്തോടും മത്സരിക്കരുതെന്നു യൊരോബെയാമിനോടും സൈന്യത്തോടുമായി പറഞ്ഞു. തുടർന്നുള്ള യുദ്ധത്തിൽ യൊരോബെയാമിനെ തോല്പപിച്ചു ബേഥേൽ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ പിടിച്ചെടുത്തു. (2ദിന, 13:1-20). പിതാവിന്റെ പാപവഴികളിൽ അബീയാവു നടന്നു. (1രാജാ, 15:3). അവന്റെ ഭരണകാലം മൂന്നു വർഷമായിരുന്നു. 14 ഭാര്യമാരും 22 പുത്രന്മാരും 16 പുത്രിമാരും ഉണ്ടായിരുന്നു. (2ദിന, 13:21). പുത്രനായ ആസാ അവനുശേഷം രാജാവായി. (2ദിന, 14:1).

അബീയാവ് (യൊരൊബെയാമിൻ്റെ മകൻ)

യിസ്രായേൽ രാജാവായ യൊരോബെയാമിന്റെ മകൻ. അബീയാവ് രോഗം ബാധിച്ചു കിടപ്പിലായപ്പോൾ അവൻ ജീവിക്കുമോ എന്നറിയാൻ യൊരോബെയാമിന്റെ ഭാര്യ വേഷം മാറി ശീലോവിൽ അഹീയാ പ്രവാചകന്റെ അടുക്കലേക്കുപോയി. പ്രവാചകൻ പറഞ്ഞതനുസരിച്ച് അവൾ പട്ടണത്തിൽ പ്രവേശിച്ചപ്പോൾ അബീയാവ് മരിച്ചു. (1രാജാ, 14 : 1- 18).

അബീമേലെക്ക്

അബീമേലെക്ക് (Abimelech) 

പേരിനർത്ഥം – മെലെക്ക് എൻ്റെ പിതാവ്

അബ്രാഹാമിന്റെ കാലത്തു ഗെരാർ ഭരിച്ചിരുന്ന ഫെലിസ്ത്യരാജാവ്: (ഉല്പ, 20). രാജാക്കന്മാരുടെ സ്ഥാനപ്പേരായിരിക്കണം അബീമേലെക്ക് എന്നത്. മിസ്രയീം രാജാക്കന്മാർ ഫറവോൻ എന്ന സ്ഥാനപ്പേരിൽ അറിയപ്പെട്ടിരുന്നതു പോലെ. സൊദോമിന്റെ നാശത്തിനുശേഷം അല്പകാലം അബ്രാഹാം ഗെരാരിൽ പരദേശിയായി പാർത്തു. അബ്രാഹാം സാറയെ തന്റെ സഹോദരിയെന്നു പറഞ്ഞതിനാൽ അബീമേലെക്ക് ആളയച്ചു സാറയെ കൊണ്ടുപോയി. സാറയുടെ സൗന്ദര്യത്തിൽ ഉണ്ടായ ഭ്രമമോ അംബാഹാമിനോടു ഉടമ്പടി ചെയ്യാനുള്ള താത്പര്യമോ ആയിരിക്കണം കാരണം. രാത്രി ദൈവം സ്വപ്നത്തിൽ അബീമേലെക്കിനോടു സംസാരിച്ചു. അവൾ ഒരു പുരുഷന്റെ ഭാര്യയാണെന്നും അവൾ നിമിത്തം അബീമേലെക്ക് മരിക്കുമെന്നും അരുളിച്ചെയ്തു. അബീമേലെക്ക് സാറയുടെ അടുക്കൽ ചെന്നിരുന്നില്ല. അയാളുടെ ഹൃദയപരമാർത്ഥതയെ ദൈവം ആദരിച്ചു. ദൈവകല്പനയനുസരിച്ചു അബീമേലെക്ക് സാറയെ അബ്രാഹാമിനെ എല്പിക്കുകയും സമ്മാനങ്ങൾ കൊടുക്കുകയും ചെയ്തു. പ്രതിശാന്തിയായി ആയിരം വെള്ളിക്കാശും കൊടുത്തു. ഈ പണം പ്രായശ്ചിത്ത ദ്രവ്യമാണെന്നും, അല്ല സാറയുടെ സൗന്ദര്യം മറയ്ക്കാൻ മൂടുപടം വാങ്ങാൻ കൊടുത്ത തുകയാണെന്നും അഭിപ്രായവ്യത്യാസമുണ്ട്. വിവാഹിതകൾ മൂടുപടം ധരിക്കേണ്ടതാണ്. അബ്രാഹാം അബീമേലെക്കിന്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിച്ചു. ദൈവം അബീമേലെക്കിന്റെ ഭാര്യയെയും ദാസിമാരെയും സൗഖ്യമാക്കുകയും അവർ പ്രസവിക്കുകയും ചെയ്തു. ചില വർഷങ്ങൾക്കുശേഷം അബ്രാഹാമും അബീമേലെക്കും തമ്മിൽ ഉടമ്പടി ചെയ്തു. ആ സമയത്തു അബീമേലെക്കിന്റെ സേനാപതിയായ പീക്കോലും സന്നിഹിതനായിരുന്നു. അബ്രാഹാമിന്റെ ദാസന്മാർ കുഴിച്ച കിണർ അബീമേലെക്കിന്റെ ദാസന്മാർ അപഹരിച്ചതായിരുന്നു കാരണം. ദാസന്മാർ ചെയ്തത് അബീമേലെക്ക് അറിഞ്ഞിരുന്നില്ല. അബ്രാഹാമിനു കിണർ മടക്കിക്കൊടുത്ത് അബീമേലെക്ക് അബ്രാഹാമുമായി ഉടമ്പടി ചെയ്തു. ആ സ്ഥല ത്തിനു ബേർ-ശേബ (സത്യത്തിന്റെ കിണർ) എന്നു പേരിട്ടു. ചരിത്രത്തിൽ അറിയപ്പെടുന്ന ആദ്യത്തെ ഉടമ്പടിയാണിത്. (ഉല്പ, 21:22-34). 

അബീമേലെക്ക് 

(രണ്ടാമൻ)

ഗെരാരിലെ അടുത്ത രാജാവ്. അബ്രാഹാമിന്റെ കാലത്തു ഭരിച്ചിരുന്ന അബീമേലെക്കിന്റെ പിൻഗാമിയായിരിക്കണം ഇയാൾ. ദേശത്താ ക്ഷാമമുണ്ടായപ്പോൾ യിസ്ഹാക്ക് ഗെരാരിൽ പോയി പാർത്തു. അപ്പോൾ ഗെരാരിലെ രാജാവ് അബീമേലെക്ക് ആയിരുന്നു.  അബ്രാഹാമിനെപ്പോലെ തന്നെ തന്റെ ഭാര്യയായ റിബെക്കയെ സഹോദരിയെന്നു യിസ്ഹാക്കും പറഞ്ഞു. യിസ്ഹാക്കിന്റെ പ്രസ്താവന വ്യാജമെന്നു അബീമേലെക്ക് മനസ്സിലാക്കി: (ഉല്പ, 26:8). ഇക്കാര്യം അബീമേലെക്ക് യിസ്ഹാക്കിനോടു ചോദിച്ചു കുറ്റപ്പെടുത്തി. തുടർന്ന് യിസ്ഹാക്കിനെയോ ഭാര്യയെയോ തൊടുന്നവൻ മരണശിക്ഷ അനുഭവിക്കുമെന്നു അബീമേലെക്ക് സകല ജനത്തോടും കല്പിച്ചു. യിസ്ഹാക്ക് മഹാധനികനായിത്തീർന്നു. അതിൽ ഫെലിസ്ത്യർക്കു അസൂയയുണ്ടായി. യിസ്ഹാക്കിന്റെ ബലത്തിൽ ഭയന്ന അബീമേലെക്ക് യിസ്ഹാക്കിനോടു അവിടം വിട്ടുപോകുവാൻ ആവശ്യപ്പെട്ടു. യിസഹാക്ക് ഗെരാർതാഴ്വരയിൽ ചെന്നു പാർത്തു. യിസ്ഹാക്കിന്റെ ഇടയന്മാർ കുഴിച്ച രണ്ടു കിണറിനുവേണ്ടി അബീമേലെക്കിന്റെ ഇടയന്മാർ ശണ്ഠയിട്ടു. അവിടെനിന്നും അകലെപ്പോയി യിസ്ഹാക്കിന്റെ ഇടയന്മാർ ഒരു കിണർ കുഴിച്ചു. അതിനെക്കുറിച്ചു ശണ്ഠയുണ്ടായില്ല. അതിനുശേഷം ബേർ-ശേബയിൽ വെച്ച് യിസ്ഹാക്കുമായി ഉടമ്പടി ചെയ്യുവാൻ അബീമേലെക്ക് വന്നു. അവർ ഉടമ്പടി ചെയ്യുകയും സമാധാനത്തോടെ പിരിഞ്ഞു പോകുകയും ചെയ്തു: (ഉല്പ, 26:26-31).

അബീമേലെക്ക് 

(ഗിദെയോൻ്റെ പുത്രൻ)

ഗിദെയോനു ശെഖേമ്യ വെപ്പാട്ടിയിലുണ്ടായ പുത്രൻ: (ന്യായാ, 8:31; 9:1-57). പിതാവിന്റെ മരണശേഷം രാജാവാകുവാൻ ആഗ്രഹിച്ചു. അമ്മയുടെ കുടുംബത്തിലുള്ളവരുമായി ഗൂഢാലോചന ചെയ്ത് അബീമേലെക്ക് ശെഖേമിലെ സകല പൗരന്മാരെയും വശീകരിച്ചു. ശെഖേമ്യർ ബാൽബെരീത്തിന്റെ ക്ഷേത്രത്തിൽ നിന്നു 70 വെള്ളിക്കാശെടുത്ത് അവനു കൊടുത്തു. ഈ ദ്രവ്യംകൊണ്ട് തുമ്പു കെട്ടവരെയും നിസ്സാരന്മാരെയും അബീമേലെക്ക് കൂലിക്കുവാങ്ങി, അവരുടെ നായകനായി. അനന്തരം അപ്പന്റെ വീട്ടിൽ ചെന്ന് സഹോദരന്മാരായ എഴുപതുപേരെയും കൊന്നു. ഏറ്റവും ഇളയവനായ യോഥാം ഒളിച്ചുകളഞ്ഞു. ശെഖേമിലെ പൗരന്മാരും മില്ലോഗൃഹവും ഒരുമിച്ചുകൂടി ശെഖേമിലെ ജ്ഞാപകസ്തംഭത്തിന്നരികെയുള്ള കരുവേലകത്തിങ്കൽവച്ചു അബീമേലെക്കിനെ രാജാവാക്കി. ഇതറിഞ്ഞ യോഥാം ഗെരിസ്സീം മലമുകളിൽ ചെന്ന് ശെഖേം പൗരന്മാരോടു വൃക്ഷങ്ങൾ രാജാവിനെ തിരഞ്ഞെടുത്ത ഉപമ പറയുകയും അവരെ ശപിക്കുകയും ചെയ്തു: (ന്യായാ, 9:7-21). അബീമേലെക്ക് മൂന്നുവർഷം ഭരണം നടത്തി. തുടർന്നു വിപ്ലവം പൊട്ടിപ്പുറപ്പെട്ടു. ശെഖേം പൗരന്മാർ അബീമേലെക്കിനു വിരോധമായി മലമുകളിൽ പതിയിരുപ്പുകാരെ ആക്കി. അവർ വഴിപോക്കരെ കവർച്ച ചെയ്തു. അവർക്കു നായകനായി ഏബെദിന്റെ മകനായ ഗാലിനെ ലഭിച്ചു. ഉത്സവം നടന്ന അവസരത്തിൽ ഗാലിന്റെ നേതൃത്വത്തിൽ അവർ അബീമേലെക്കിനെ ശപിച്ചു. ഗാൽ അബീമേലെക്കിനെ യുദ്ധത്തിനു വെല്ലുവിളിച്ചു. നഗരാധിപനായ സെബുൽ രഹസ്യമായി ദൂതന്മാരെ അയച്ച് അബീമേലെക്കിനെ കാര്യം അറിയിച്ചു. സെബൂലിന്റെ നിർദ്ദേശം അനുസരിച്ചു അബീമേലെക്കും പടജ്ജനവും രാത്രി പുറപ്പെട്ട് ശെഖേമിനരികെ പതിയിരുന്നു. ഗാൽ ശെഖേം പൗരന്മാരുമായി പുറപ്പെട്ട് അബീമേലെക്കിനോട് യുദ്ധം ചെയ്ത് ദയനീയമായി പരാജയപ്പെട്ടു . സെബുൽ ഗാലിനെയും സഹോദരന്മാരെയും ശെഖേമിൽനിന്നു നീക്കിക്കളഞ്ഞു. അബീമേലെക്കും സൈന്യവും ജനത്തെ സംഹരിക്കുകയും പട്ടണത്തെ ഇടിച്ചു ഉപ്പു വിതറുകയും ചെയ്തു. ശെഖേം പൗരന്മാർ പട്ടണത്തിന്റെ സ്ഥിതി മനസ്സിലാക്കി ഏൽ-ബെരീത്തിന്റെ ക്ഷേത്രമണ്ഡപത്തിൽ കടന്നു ഒളിച്ചു. ഇതറിഞ്ഞ അബീമേലെക്കും സൈന്യവും സല്മോൻ മലയിൽ ചെന്നു മരക്കൊമ്പുകൾ വെട്ടി മണ്ഡപത്തിനു ചുറ്റും ഇട്ടു മണ്ഡപത്തിനു തീ കൊടുത്തു. പുരുഷന്മാരും സ്ത്രീകളുമായി ഏകദേശം ആയിരം പേർ മരിച്ചു. അബീമേലെക്ക് തേബെസിലേക്കു ചെന്ന് പാളയമിറങ്ങി അതിനെ പിടിച്ചു. പട്ടണത്തിനകത്ത് ഉറപ്പുള്ള ഒരു ഗോപുരം ഉണ്ടായിരുന്നു. പട്ടണവാസികൾ വാതിലടച്ചു ഗോപുരത്തിനു മുകളിൽ കയറി. തീ കൊടുത്ത് അതിനെ ചുടേണ്ടതിനു അബീമേലെക്ക് ഗോപുരവാതിലിനടുത്തു ചെന്നു. ഒരു സ്ത്രീ തിരികല്ലിന്റെ പിള്ള അവന്റെ തലയിലിട്ടു; തലയോടു പൂർണ്ണമായി തകർത്തു. ഒരു സ്ത്രീ കൊന്നു എന്ന അപമാനം വരാതിരിക്കാൻ വേണ്ടി അവന്റെ അപേക്ഷയനുസരിച്ച് ബാല്യക്കാരൻ അബീമേലെക്കിനെ കുത്തിക്കൊന്നു. ഇങ്ങനെ യോഥാമിന്റെ ശാപം സാക്ഷാത്ക്കരിക്കപ്പെട്ടു: (ന്യായാ, 9:22-56).