All posts by roy7

അസുംക്രിതൊസ്

അസുംക്രിതൊസ് (Asyncritus)

പേരിനർത്ഥം – നിസ്തുലൻ

റോമായിലെ ഒരു ക്രിസ്ത്യാനി. അസുംക്രിതൊസിനു പൗലൊസ് വന്ദനം ചൊല്ലുന്നുണ്ട്: (റോമ, 16:14).

അല്ഫായി

അല്ഫായി (Alphaeus)

പേരിനർത്ഥം – മാറുന്ന

1. ലേവിയുടെ (അപ്പൊസ്തലനായ മത്തായി) പിതാവ്: (മർക്കൊ, 2:14).

2. അപ്പൊസ്തലനായ യാക്കോബിന്റെ പിതാവ്: (മത്താ, 10 ;3; മർക്കൊ, 3:18; ലൂക്കൊ, 6:5; പ്രവൃ, 1:13). യേശുവിന്റെ അമ്മ മറിയയോടൊപ്പം ക്രൂശിനരികെ നിന്ന മറിയയുടെ ഭർത്താവ്: (യോഹ, 19:25).

അലക്സാണ്ടർ

അലക്സാണ്ടർ (Alexander the Great)

മാസിഡോണിയയിലെ രാജാവായിരുന്ന ഫിലിപ്പ് രണ്ടാമന്റെയും ഒളിമ്പിയസ് രാജ്ഞിയുടെയും പുത്രനായി ബി.സി. 356-ൽ പെല്ലയിൽ ജനിച്ചു. ബി.സി. 336-ൽ പിതാവു വധിക്കപ്പെട്ടപ്പോൾ രാജാവായി. രണ്ടു വർഷം കഴിഞ്ഞ് (ബി.സി. 334) ലോകം കീഴടക്കുന്നതിനായി അദ്ദേഹം പുറപ്പെട്ടു. ബി.സി. 334 വസന്തകാലത്ത് 35000 വരുന്ന വമ്പിച്ച സൈന്യവുമായി ഹെലസ്പോണ്ട് കടന്നു. ഗ്രാനിക്കസ് നദിയുടെ തീരത്തു വച്ചു പേർഷ്യാക്കാർ അദ്ദേഹവുമായി ഏറ്റുമുട്ടി പരാജയപ്പെട്ടു. അതോടുകൂടി ഏഷ്യാമൈനർ മുഴുവൻ അലക്സാണ്ടറിന് അധീനമായി. പേർഷ്യയിലെ രാജാവായ ദാര്യാവേശ് മൂന്നാമൻ (Darius lll) വിപുലമായ ഒരു സൈന്യം സജ്ജീകരിക്കുകയും ഇസസ്സിന് സമീപമുള്ള നദീതീരം കോട്ടകെട്ടി ബലപ്പെടുത്തുകയും ചെയ്തു. അലക്സാണ്ടർ ദാര്യാവേശിന്റെ താവളം പിടിച്ചടക്കി. അതിനുശേഷം തെക്കു ഫിനീഷ്യയിലേക്ക് നീങ്ങിയ അദ്ദേഹം സോർദ്വീപിനെ പിടിച്ചടക്കി; ഒരു ചിറ നിർമ്മിച്ചു് അതിനെ ഉപദ്വീപാക്കി മാറ്റി. തദ്ദേശവാസികളിൽ എണ്ണായിരത്തോളം പേർ കൊല്ലപ്പെടുകയും മുപ്പതിനായിരംപേർ അടിമകളായി വില്ക്കപ്പെടുകയും ചെയ്തു. ഈ വിജയം അദ്ദേഹത്തിന്റെ ഏറ്റവും വലിയ സൈനിക നേട്ടമായിട്ടാണ് കരുതപ്പെടുന്നത്. 332-ന്റെ ഒടുവിൽ അലക്സാണ്ടർ ഈജിപ്റ്റ് കീഴടക്കി. ഈജിപ്തിലെ ഫറവോനായി കിരീടം ധരിച്ച അലക്സാണ്ടർ അമ്മൻ-റാ എന്ന ദേവന്റെ പുത്രനാണെന്നു വെളിച്ചപ്പാടു പ്രഖ്യാപിച്ചു. ഈജിപ്റ്റിൽ നൈൽഡൽറ്റയ്ക്കു നേരെ പടിഞ്ഞാറു ഭാഗത്തായി ഫറോസ് ദ്വീപിൽ അലക്സാണ്ടർ സ്ഥാപിച്ച പട്ടണമാണ് അലക്സാൻഡിയ. 

ബി.സി 331-ൽ അലക്സാണ്ടർ പേർഷ്യൻ ആക്രമണത്തിനൊരുങ്ങി. ഇതിനകം ദാര്യാവേശ് ഒരു സൈന്യം ശേഖരിച്ചു കഴിഞ്ഞിരുന്നു. ടൈഗ്രീസ് നദിയുടെ കിഴക്കുഭാഗത്തു അർബേലയ്ക്ക് സമീപം വച്ചായിരുന്നു യുദ്ധം. ദാര്യാവേശിന്റെ അശ്വസൈന്യം അലക്സാണ്ടറിന്റെ താവളം പിടിച്ചടക്കിയെങ്കിലും ഒരു പ്രത്യാക്രമണത്തിൽ ദാര്യാവേശിനെ തോല്പിച്ചു. ലോകചരിത്രത്തിലെ അതിരൂക്ഷവും നിർണ്ണായകവുമായ പതിനഞ്ചു യുദ്ധങ്ങളിൽ ഒന്നായി ഇതിനെ കരുതുന്നു. ബി.സി. 480-ൽ പേർഷ്യാക്കാർ ആതൻസ് ചുട്ടുകരിച്ചതിനു പ്രതികാരമായി പേർസിപ്പൊലീസ് അലക്സാണ്ടർ അഗ്നിക്കിരയാക്കി. അലക്സാണ്ടർ അഫ്ഗാനിസ്ഥാനിൽ പ്രവേശിച്ചു അവിടെ സ്വന്തംപേരിൽ പട്ടണങ്ങൾ സ്ഥാപിച്ചു. ബാക്ട്രിയയും സോഗ്ഡിയാനയും കടന്നു ജക്സാർട്ടസ് നദിവരെ അദ്ദേഹം എത്തി. ഒരു സോഗ്ഡിയൻ പ്രഭുവിന്റെ പുത്രിയായ റൊക്സാനേ എന്ന സ്ത്രീയെ വിവാഹം കഴിച്ചു. 327-ൽ അലക്സാണ്ടർ ഇന്ത്യയിലെത്തിച്ചേർന്നു. ഒരു വിപുലമായ സൈന്യത്തിന്റെ സഹായത്തോടുകൂടി പോറസ് രാജാവിനെ കീഴടക്കി. മടക്കയാത്രയിൽ ബാബിലോണിൽവച്ച് മലമ്പനി ബാധിച്ചു. ബി.സി. 323 ജൂൺ 13-ാം തീയതി അലക്സാണ്ടർ അകാലചരമം പ്രാപിച്ചു. 

അലക്സാണ്ടറിന്റെ പേർ ബൈബിളിൽ പറയുന്നില്ല. എന്നാൽ ദാനീയേൽ പ്രവചനത്തിൽ അലക്സാണ്ടറിനെ കുറിച്ചുള്ള വ്യക്തമായ സൂചനയുണ്ട്. കണ്ണുകളുടെ നടുവിൽ വിശേഷമായ കൊമ്പോടുകൂടി പടിഞ്ഞാറുനിന്ന് നിലംതൊടാതെ വന്ന കോലാട്ടുക്കൊറ്റൻ അലക്സാണ്ടറാണ്: (ദാനി, 8:21). നദീതീരത്തുനിന്ന രണ്ടുകൊമ്പുള്ള ആട്ടുകൊറ്റന്റെ നേരെ പാഞ്ഞുവന്ന കോലാട്ടുക്കൊറ്റൻ അതിനെ ഇടിച്ചു രണ്ടുകൊമ്പും തകർത്തുകളഞ്ഞു. ആട്ടു കൊറ്റനെ നിലത്തു തള്ളിയിട്ടു ചവിട്ടിക്കളഞ്ഞു. കോലാട്ടുകൊറ്റൻ ഏറ്റവും വലുതായി: (ദാനീ, 8:5-8). രണ്ടുകൊമ്പുള്ള ആട്ടുകൊറ്റൻ പാർസ്യരാജാക്കന്മാരെ കുറിക്കുന്നു: (ദാനീ, 8:20). ദാനീയേൽ 11-ലും അലക്സാണ്ടറിനെക്കുറിച്ചുള്ള പ്രവചനമുണ്ട്: “പിന്നെ വിക്രമനായൊരു രാജാവു എഴുന്നേല്ക്കും. അവൻ വലിയ അധികാരത്തോടെ വാണു ഇഷ്ടം പോലെ പ്രവർത്തിക്കും. അവൻ നില്ക്കുമ്പോൾതന്നെ, അവന്റെ രാജ്യം തകർന്നു, ആകാശത്തിലെ നാലു കാറ്റിലേക്കും ഭേദിച്ചുപോകും; അതു അവന്റെ സന്തതിക്കല്ല അവൻ വാണിരുന്ന അധികാരംപോലെയുമല്ല. അവന്റെ രാജത്വം നിർമ്മൂലമായി അവർക്കല്ല അന്യർക്കു അധീനമാകും. എന്നാൽ തെക്കെ ദേശത്തിലെ രാജാവു പ്രാബല്യം പ്രാപിക്കും; അവന്റെ പ്രഭുക്കന്മാരിൽ ഒരുത്തൻ അവനെക്കാൾ പ്രബലനായി വാഴും; അവന്റെ ആധിപത്യം മഹാധിപത്യമായിത്തീരും.” (ദാനീ, 11:3-5). വിക്രമനായ രാജാവു മഹാനായ അലക്സാണ്ടർ ആണ്. അവന്റെ സന്തതിക്കല്ല അന്യർക്കു അധീനമാകും എന്ന പ്രവചനം അനുസരിച്ചു അലക്സാണ്ടറിന്റെ മരണശേഷം നാലു സൈന്യാധിപന്മാർ സാമ്രാജ്യം പങ്കിട്ടെടുത്തു. 

അലക്സാണ്ടർ യെരുശലേമിൽ ചെന്നപ്പോൾ മഹാപുരോഹിതനായ യദ്ദുവ അലക്സാണ്ടറെ എതിരേറ്റുവന്നു എന്നും പുരോഹിതൻ ധരിച്ചിരുന്ന മകുടത്തിലെ ദൈവനാമം കണ്ട് അതിന്റെ മുമ്പിൽ അദ്ദേഹം നമസ്കരിച്ചു എന്നും ഒരു വൃത്താന്തം യെഹൂദാചരിത്രകാരനായ ജൊസീഫസ് രേഖപ്പെടുത്തിയിട്ടുണ്ട്.

അലക്സന്തർ

അലക്സന്തർ (Alexander)

പേരിനർത്ഥം – മനുഷ്യസംരക്ഷകൻ 

യെഹൂദന്മാരുടെ ഇടയിൽ വളരെയധികം പ്രചാരം നേടിയ ഒരു ഗ്രീക്കുപേരാണ് അലക്സന്തർ. തന്റെ സ്വർണ്ണ വിഗ്രഹം ദൈവാലയത്തിൽ സ്ഥാപിക്കണമെന്ന് മഹാനായ അലക്സാണ്ടർ ആവശ്യപ്പെട്ടു എന്നും അതിനുപകരം ആ വർഷം ജനിക്കുന്ന ആൺകുട്ടികൾക്കെല്ലാം അലക്സാണ്ടർ എന്നു നാമകരണം ചെയ്യാമെന്നു പറഞ്ഞു അദ്ദേഹത്തെ പിന്തിരിപ്പിച്ചു എന്നും ഒരു വിചിത്രകഥ യെഹൂദന്മാരുടെ ഇടയിൽ നടപ്പിലുണ്ട്. അലക്സന്തർ എന്ന പേരിന്റെ പ്രചാരം ഇഷ്ടപ്പെടാത്ത റബ്ബിമാരായിരുന്നു ഈ ഹാസ്യകഥ പ്രചരിപ്പിച്ചത്. 

1. യേശുവിന്റെ ക്രൂശു ചുമക്കുവാൻ റോമൻ പടയാളികൾ നിർബന്ധിച്ച കുറേനക്കാരനായ ശിമോന്റെ മകൻ: (മർക്കൊ, 15:21). രൂഫൊസിന്റെ സഹോദരനാണ് അലക്സന്തർ. റോമർ 16:13-ൽ രൂഫൊസിനെയും അവന്റെ അമ്മയെയും പൗലൊസ് വന്ദനം ചെയ്യുന്നു. 

2. മഹാപുരോഹിത കുടുംബത്തിലെ ഒരംഗം. പ്രവൃത്തി 4:6-ൽ ഒഴികെ മറ്റൊരിടത്തും പറയപ്പെടുന്നില്ല. 

3. എഫെസൊസിൽ ദെമേത്രിയൊസ് എന്ന തട്ടാന്റെ നേതൃത്വത്തിൽ പൗലൊസിനും കൂട്ടർക്കും എതിരെ നടന്ന കലാപത്തിൽ ജനത്തോടു വാദിക്കുവാൻ യെഹൂദന്മാർ മുമ്പോട്ടു കൊണ്ടുവന്ന ഒരു വ്യക്തി. എന്നാൽ അവൻ യെഹൂദൻ ആയതുകൊണ്ട് എഫെസൊസുകാർ അവനെ അംഗീകരിക്കുകയോ, സംസാരിക്കുവാൻ അനുവദിക്കുകയോ ചെയ്തില്ല: (അപ്പൊ, 19:33,34) 

4. നല്ല മനസ്സാക്ഷി തള്ളിക്കളഞ്ഞതുമൂലം വിശ്വാസക്കപ്പൽ തകർന്നുപോയവരിൽ ഒരുവൻ: (1തിമൊ, 1:19,20). ദുരുപദേശം പ്രസംഗിച്ച അവനെ അപ്പൊസ്തലൻ സാത്താനെ ഏല്പിച്ചു അഥവാ സഭാഭഷ്ടനാക്കി.

5. ചെമ്പുപണിക്കാരനായ അലക്സന്തർ: (2തിമൊ, 4:14,15). പൗലൊസിന്റെ പ്രസംഗത്തോടു എതിർത്തു നിന്നതുകൊണ്ട് അവനെ പ്രത്യേകം സൂക്ഷിച്ചുകൊള്ളാൻ പൗലൊസ് തിമൊഥയൊസിനെ ഉപദേശിച്ചു. ഈ അലക്സസന്തർ ചെമ്പുപണിക്കാരനായിരുന്നു. അക്കാലത്ത് എല്ലാതരത്തിലുള്ള ലോഹപ്പണി ചെയ്യുന്നവരെയും ചെമ്പുപണിക്കാരൻ എന്നു വിളിച്ചിരുന്നു. ചിലർ ഈ സ്ഥാനപ്പേരിനെ പേരിന്റെ ഭാഗമാക്കി “അലക്സസന്തർ ഖൽകെയുസ്” എന്നു വിളിക്കുന്നു. “അവന്റെ പ്രവൃത്തികൾക്കു തക്കവണ്ണം കർത്താവു അവനു പകരം ചെയ്യും” എന്ന പൗലൊസിന്റെ പ്രസ്താവന ശാപമല്ല, പ്രവചനമാണ്. ഇവിടെ പ്രയോ ഗിച്ചിരിക്കുന്നതു് ഭാവികാലക്രിയയാണ്. 3-ഉം 5-ഉം ഒരാളാണെന്നു വാദിക്കുന്നവർ രണ്ടുപേരുടെയും സ്ഥലം എഫെസൊസ് ആണെന്നു ചൂണ്ടിക്കാണിക്കുന്നു. പണിക്കാരുടെ ഇടയിലാണ് എഫെസാസിൽ കലഹം ഉണ്ടായത്. എന്നാൽ 2തിമൊഥെയൊസ് 4:14-ൽ ഉണ്ടായതുപോലുള്ള ഏതെങ്കിലും എതിർപ്പിനെ പ്രവൃത്തി 19:33-ലെ പ്രസ്താവന ഉൾക്കൊള്ളുന്നതായി തോന്നുന്നില്ല. 4-ഉം, 5-ഉം ഒരാളാണെന്ന വാദത്തോടു അനുകൂലിക്കാനോ പ്രതികൂലിക്കാനോ അധികമൊന്നുമില്ല. 3-ഉം, 4-ഉം ഒരാളാകാൻ ഇടയില്ല; കാരണം മൂന്നാമൻ യെഹൂദനും നാലാമൻ ക്രിസ്ത്യാ നിയും ആണ്.

അർപ്പക്ഷാദ്

അർപ്പക്ഷാദ്, അർഫക്സാദ് (Arphaxad)

പേരിനർത്ഥം – വിടുവിക്കുന്നവൻ

ശേമിന്റെ മൂന്നാമത്തെ മകനും ശാലഹിന്റെ അപ്പനും: (ഉല്പ, 10:22; 11:10-13,28; 1ദിന, 1:17,24. ലൂക്കൊസ് 3:36-ൽ അർഫക്സാദ് എന്നാണ്. ഇതു അർപ്പക്ഷാദ് എന്ന പേരിന്റെ ഗ്രീക്കു രൂപമാണ്.. ജലപ്രളയം കഴിഞ്ഞു രണ്ടു വർഷത്തിനുശേഷമാണു അർപ്പക്ഷാദ് ജനിച്ചത്. 438 വർഷം ജീവിച്ചിരുന്നു.

അർത്ഥഹ്ശഷ്ടാ

അർത്ഥഹ്ശഷ്ടാ (Artaxerxes)

പേരിനർത്ഥം – ശക്തനായ രാജാവ്

പാർസി രാജാക്കന്മാരിൽ പലർക്കും ഇപ്പേരുണ്ടായിരുന്നു. ഫറവോൻ, കൈസർ എന്നിവപോലുള്ള ബിരുദനാമമായിരിക്കാം. ശക്തനായ രാജാവ് എന്നായിരിക്കണം അർത്ഥം. ‘മഹായോദ്ധാവു’ എന്നു ഹെരൊഡോട്ടസ് അർത്ഥനിർണ്ണയം ചെയ്യുന്നു.

1.  വ്യാജ സ്മെർദിസ് (Smerdis): മരിച്ചുപോയ കോരെശിന്റെ പുത്രനായി സ്മെർദിസ് എന്നവകാശപ്പെട്ടുകൊണ്ടു സിംഹാസനം കൈയടക്കി. അർത്ഥഹ്ശഷ്ടാവ് എന്ന സ്ഥാനപ്പേര് സ്വീകരിച്ചു. ഏഴുമാസത്തോളം (ബി.സി.522 ) ഭരിച്ചു. അതിനുശേഷം അയാൾ വധിക്കപ്പെട്ടു. കോരെശിന്റെയും കാംബിസസിന്റെയും ഉദാരനയങ്ങൾക്കെതിരായിരുന്നു. തന്മൂലം യെഹൂദന്മാരുടെ ശത്രുക്കൾ പത്രിക എഴുതി അയച്ചപ്പോൾ ദൈവാലയത്തിന്റെ പുനർനിർമ്മാണം തടഞ്ഞു: (എസ്രാ, 4:7-24). 

2. അർത്ഥഹ്ശഷ്ടാ ഒന്നാമൻ (Artaxerxes I): വലത്തു കൈയിലെ വൈകല്യം നിമിത്തം Longimanus എന്നറിയപ്പെട്ടു. നാല്പതുവർഷം രാജ്യം ഭരിച്ചു (ബി.സി. 465-425). രാജ്യകാര്യങ്ങൾ ബന്ധുക്കളെയും യുദ്ധകാര്യങ്ങൾ പടനായകന്മാരെയും ഏല്പിച്ചിരുന്നതുകൊണ്ട് പലസ്തീനിലെ കാര്യങ്ങൾ ഉദ്യോഗസ്ഥന്മാരെ ഏല്പിക്കുവാൻ അർത്ഥഹ്ശഷ്ടാവിനു പ്രയാസം തോന്നിയില്ല. അദ്ദേഹത്തിന്റെ വാഴ്ചയുടെ ഏഴാമാണ്ടിൽ ഏസ്രായ്ക്കും അനുയായികൾക്കും ധാരാളം ആനുകൂല്യങ്ങൾ നല്കി, എസ്രായെ യെരൂശ ൾലേമിലേക്കു അയച്ചു (ബി.സി. 457): (എസ്രാ, 7:1-8 :1). ഉദ്ദേശം 13 വർഷത്തിനുശേഷം  യെരൂശലേമിന്റെ നിയന്ത്രണം നല്കി നെഹെമ്യാവിനെ അയച്ചു (ബി.സി. 444): (നെഹെ, 2:1-8).

അർത്തെമാസ്

അർത്തെമാസ് (Artemas)

പേരിനർത്ഥം – അർത്തെമിസിന്റെ ദാനം

നിക്കൊപ്പൊലിസിൽ പൗലൊസിന്റെ സഹപ്രവർത്തകനായിരുന്നു. ക്രേത്തയിൽ തീത്തൊസിന്റെ അടുക്കൽ അർത്തെമാസിനെയോ തിഹിക്കൊസിനെയോ അയയ്ക്കുമ്പോൾ തീത്തോസിനോടു നിക്കൊപ്പൊലിസിൽ വന്നു തന്നോടു ചേരുവാൻ പൗലൊസ് എഴുതി: (തീത്തൊ, 3:12). ലുസ്ത്രയിലെ ബിഷപ്പായിരുന്നു അർത്തെമാസ് എന്നു പാരമ്പര്യം.

അർക്കെലെയൊസ്

ഹെരോദാ അർക്കെലെയൊസ് (Herod Archelaus) 

ഭരണകാലം ബി.സി. 4–എ.ഡി. 6. മഹാനായ ഹെരോദാവിനു തന്റെ ശമര്യക്കാരി ഭാര്യ മാല്തെക്കെയിൽ ജനിച്ച് പുത്രൻ. ഹെരോദാവിന്റെ മരണശേഷം അവശേഷിച്ച മൂന്നു പുത്രന്മാരിൽ ഏറ്റവും മൂത്തവനാണു അർക്കെലയൊസ്. പിതാവിന്റെ മരണപ്പത്രം അനുസരിച്ചു അർക്കെലയൊസ് രാജാവാകേണ്ടിയിരുന്നു. അതിനെതിരെ യെഹൂദന്മാരുടെ നിവേദകസംഘം റോമിൽ പോയി ചക്രവർത്തിയോടപേക്ഷിച്ചു. റോമൻ നാടുവാഴിയുടെ കീഴിൽ ഒരു ദൈവാധിപത്യഭരണമാണ് യെഹൂദന്മാർ ആവശ്യപ്പെട്ടത്. ഹെരോദാവിന്റെ മരണപ്പത്രം വായിച്ചു നോക്കിയ ഔഗുതൊസ് കൈസർ അർക്കെലയൊസിന് എതിരെയുള്ള എതിർപ്പു കണക്കിലെടുത്തു രാജസ്ഥാനം നല്കിയില്ല. പിതാവിന്റെ രാജ്യത്തിൽ പകുതി അർക്കെലയൊസിനു നല്കി. അതിൽ ശമര്യ, യെഹൂദ്യ, ഇദൂമ്യ എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ടിരുന്നു. രാജപദവി നിഷേധിക്കപ്പെട്ടു എങ്കിലും രാജാധികാരത്തോടു കൂടിയാണു അയാൾ ഭരിച്ചത്. ഹെരോദാവിന്റെ മക്കളിൽ ഏറ്റവും ക്രൂരനും വഷളനും ആയിരുന്നു ഇയാൾ. ഒരു പെസഹാ പെരുന്നാളിന്റെ സമയത്തു മൂവായിരം യെഹൂദന്മാരെ കൊന്നു എന്നു ജൊസീഫസ് രേഖപ്പെടുത്തിയിട്ടുണ്ട്. പീഡനം ദുസ്സഹമായി തീർന്നപ്പോൾ യെഹൂദന്മാരുടെയും ശമര്യരുടെയും പ്രതിനിധികൾ റോമിൽ ചെന്നു ചക്രവർത്തിയോടു പരാതിപ്പെട്ടു. ചക്രവർത്തി അയാളെ സിംഹാസനഭ്രഷ്ടനും രാജ്യഭ്രഷ്ടനും ആക്കി. എ.ഡി. 6-ൽ ഗാളിലേക്കു നാടുകടത്തപ്പെട്ട അർക്കെലയൊസ് അവിടെ വച്ചു മരിച്ചു. തുടർന്നു അയാളുടെ പ്രദേശം ഒരു റോമൻ പ്രവിശ്യയായി. അർക്കെലയൊസ് യെഹൂദന്മാർക്ക് എതിരായിരുന്നതുകൊണ്ടു യോസേഫ് കുടുംബവുമായി യെഹൂദ്യയിലേക്കു പോകുവാൻ ഭയപ്പെട്ടു ഗലീലയിൽ താമസിച്ചു. (മത്താ, 2:22).

അർക്കിപ്പൊസ്

അർക്കിപ്പൊസ്, അർഹിപ്പൊസ് (Archippus)

പേരിനർത്ഥം – കുതിരകളുടെ അധികാരി 

സഹഭടനായ അർഹിപ്പൊസ് എന്നു പൗലൊസ് ഇയാളെക്കുറിച്ചു പറഞ്ഞിരിക്കുന്നു: (ഫിലേ, 2). ഫിലേമോന്റെ വീട്ടിലെ സഭയിൽ ഒരു പ്രധാനിയും പൗലൊസിനോടൊപ്പം സുവിശേഷഘോഷണത്തിൽ ഒരു പോരാളിയുമാണ്. പാരമ്പര്യപ്രകാരം അർഹിപ്പൊസ് ക്രിസ്തുവിന്റെ എഴുപതു ശിഷ്യന്മാരിൽ ഒരാളായിരുന്നു. ലവോദിക്യയ്ക്കടുത്തുള്ള ഖോണേയിൽ വച്ചു രക്തസാക്ഷിയായി എന്നു വിശ്വസിക്കപ്പെടുന്നു. കൊലൊസ്യ ലേഖനത്തിന്റെ അവസാനഭാഗത്ത് ആ ലേഖനം ലവുദിക്യസഭയിൽ കൂടെ വായിപ്പിക്കുകയും ലവുദിക്യയിൽ നിന്നുള്ളതു നിങ്ങളും വായിക്കയും ചെയ്വിൻ എന്നു നിർദ്ദേശിച്ചശേഷം, ‘അർഹിപ്പൊസിനോടു’ കർത്താവിൽ ലഭിച്ച ശുശ്രൂഷ നിവർത്തിപ്പാൻ നോക്കേണം എന്നു പറവിൻ എന്ന പ്രബോധനം കാണുന്നു: (കൊലൊ, 4:17). അതുകൊണ്ടു കൊലൊസ്യസഭയിലെ ഒരു സഹശുശ്രഷകനായിരുന്നു അദ്ദേഹമെന്നു അഭിപ്രായപ്പെടുന്നവരുണ്ട്. ഫിലേമോൻ, അപ്പിയ എന്നിവരോടൊപ്പം അർക്കിപ്പൊസിനെക്കൂടി പറഞ്ഞിരിക്കുന്നതുകൊണ്ട് അയാൾ ഫിലേമോന്റെ കുടുംബാംഗം ആയിരുന്നു എന്നു അനുമാനിക്കുന്നതിൽ തെറ്റില്ല. (ഫിലേ, 2).

അരിസ്തൊബൂലൊസ്

അരിസ്തൊബൂലൊസ് (Aristobulus)

പേരിനർത്ഥം – നല്ല ഉപദേഷ്ടാവ്  

റോമാലേഖനത്തിൽ പൗലൊസ് അരിസ്തൊബൂലൊസിന്റെ ഭവനക്കാർക്കു വന്ദനം ചൊല്ലുന്നു: റോമ, 16:10). ബർന്നബാസിന്റെ സഹോദരനായിരുന്നുവെന്നും, ബിഷപ്പായി അഭിഷേകം പ്രാപിച്ചുവെന്നും ബ്രിട്ടനിൽ സുവിശേഷം പ്രസംഗിച്ച് അവിടെവെച്ച് മരിച്ചു എന്നും ഒരു പാരമ്പര്യമുണ്ട്. മഹാനായ ഹെരോദാവിന്റെ ഒരു മകനായിരുന്നു അരിസ്തൊബൂലൊസ് എന്നും കുടുംബക്കാർ അദ്ദേഹത്തിന്റെ അടിമകളായിരുന്നു എന്നും ഒരു ചിന്താഗതി പ്രാബല്യത്തിലുണ്ട്.