All posts by roy7

എലീഹൂ

എലീഹൂ (Elihu)

പേരിനർത്ഥം – അവൻ എന്റെ ദൈവം

ഇയ്യോബിന്റെ ഒരു സുഹൃത്ത്: (ഇയ്യോ, 32:2, 4-6; 34:1; 35:1; 36:1). രാം വംശത്തിൽ ബൂസ്യനായ ബറഖേലിന്റെ മകൻ. ഇയ്യോബുമായി സംവാദത്തിൽ ഏർപ്പെട്ടവരിൽ ഏറ്റവും പ്രായം കുറഞ്ഞവനായിരുന്നു എലീഹൂ. ഇയ്യോബിന്റെ പുസ്തകം 32-37 അദ്ധ്യായങ്ങളിൽ ഇയ്യോബിനോടുള്ള എലീഹൂവിന്റെ സംവാദം കാണാം. ഇയ്യോബിനെ കാണാൻ വന്ന മൂന്നു സാനേഹിതന്മാരുടെ പേരുകളോടൊപ്പം എലീഹൂവിന്റെ പേരില്ല: (ഇയ്യോ, 2:11).

എലീസാഫാൻ

എലീസാഫാൻ (Elizaphan)

പേരിനർത്ഥം – ദൈവം സംരക്ഷിച്ചു

പുറപ്പാടിലും ലേവ്യപുസ്തകത്തിലും എത്സാഫാൻ എന്ന സംക്ഷിപ്തരൂപമാണ് കാണുന്നത്: (പുറ, 6:22; ലേവ്യ, 10:4). ഉസ്സീയേലിന്റെ മകനാണ് എലീസാഫാൻ. ലേവ്യഗോത്രത്തിൽ കെഹാത്യ കുടുംബങ്ങളുടെ പ്രഭു. നിയമപെട്ടകം, മേശ, നിലവിളക്ക്, പീഠങ്ങൾ, ഉപകരണങ്ങൾ, തിരശ്ശീല എന്നിവയും അവയുമായി ബന്ധപ്പെട്ട വേലയും നോക്കേണ്ടത് എലീസാഫാന്റെയും കുടുംബത്തിന്റെയും കർത്തവ്യമായിരുന്നു: (സംഖ്യാ, 3:30,31). യഹോവയുടെ സന്നിധിയിൽ അന്യാഗ്നി കത്തിക്കുകമൂലം മരിച്ച നാദാബ്, അബീഹു എന്നിവരുടെ ശരീരം വിശുദ്ധമന്ദിരത്തിന്റെ മുമ്പിൽനിന്ന് പാളയത്തിനു പുറത്തു കൊണ്ടുപോയത് എത്സാഫാനും ജ്യേഷ്ഠനായ മീശായേലും കൂടിയായിരുന്നു: (ലേവ്യ, 10:4). ദാവീദിന്റെ കാലത്ത് ദൈവത്തിന്റെ പെട്ടകം യെരുശലേമിലേക്കു കൊണ്ടുവന്നപ്പോൾ അതുമായി ബന്ധപ്പെട്ട ശുശ്രൂഷകളിൽ എലീസാഫാന്യരും പങ്കെടുത്തു: (1ദിന, 15:8). ഹിസ്കീയാ രാജാവിന്റെ കീഴിൽ നടന്ന നവീകരണത്തിലും അവർക്കു പങ്കുണ്ടായിരുന്നു: (2ദിന, 29:13).

എലീയാസർ

എലീയാസർ (Eleazar)

പേരിനർത്ഥം – ദൈവം സഹായിച്ചു

യേശുവിൻ്റെ വംശാവലിയിൽ ബാബേൽ പ്രവാസാനന്തരം പത്താം തലമുറയിലെ വ്യക്തി. അതിനുശേഷം മൂന്നാം തലമുറക്കാരനായിരുന്നു മറിയയുടെ ഭർത്താവായ യോസേഫ്. (മത്താ, 1:15).

എലീയാബ്

എലീയാബ് (Eliab)

പേരിനർത്ഥം – ദൈവം പിതാവാകുന്നു

യിശ്ശായിയുടെ മൂത്തപുത്രനും ദാവീദിന്റെ മുത്ത ജ്യേഷ്ഠനും: (1ദിന, 2:13). ഒരു രാജാവിനെ അഭിഷേകം ചെയ്യുവാൻ വേണ്ടി ശമുവേൽ പ്രവാചകൻ ബേത്ലേഹെമിലേക്കു വന്നു: (1ശമൂ, 16:6). ശമൂവേൽ പ്രവാചകൻ എലീയാബിനെ അഭിഷേകം ചെയ്യാൻ ആരംഭിച്ചപ്പോൾ “അവന്റെ മുഖമോ പൊക്കമോ നോക്കരുതെന്നു യഹോവ കല്പിച്ചു:” (1ശമൂ, 16:7). എലീയാബും രണ്ടു സഹോദരന്മാരും ശൗൽ രാജാവിന്റെ സൈന്യത്തിൽ സേവനം ചെയ്യുകയായിരുന്നു. അവരുടെ വർത്തമാനം അറിയുവാൻ വന്നപ്പോഴാണ് ദാവീദ് ഗൊല്യാത്തിനെ കണ്ടത്: (1ശമൂ, 17:23). ദാവീദ് ഗൊല്യാത്തിനോടു യുദ്ധം ചെയ്യാൻ ഒരുങ്ങിയപ്പോഴേക്കും ദാവീദിനോടു കോപിച്ച് എലീയാബ് ചോദിച്ചു: “മരുഭൂമിയിൽ ആ കൂറെ ആടുള്ളതു നീ ആരുടെ പക്കൽ വിട്ടേച്ചു പോന്നു? നിന്റെ അഹങ്കാരവും നിഗളഭാവവും എനിക്കറിയാം; പടം കാണാനല്ലേ നീവന്നതു.” (1ശമൂ, 17:28). എലീയാബിന്റെ മകളായ അബീഹയിൽ രെഹബെയാമിന്റെ ഭാര്യയായിരുന്നു: (2ദിന, 11:18). ദാവീദിന്റെ സഹോദരന്മാരിൽ ഒരുത്തനായ എലീഹൂ ഈ എലീയാബു തന്നെയായിരിക്കണം.

എലീമേലെക്ക്

എലീമേലെക്ക് (Elimelech)

പേരിനർത്ഥം – ദൈവം രാജാവ്

ന്യായാധിപന്മാരുടെ കാലത്ത് ബേത്ലേഹെമിൽ പാർത്തിരുന്ന ഒരു യെഹൂദാഗോത്രജൻ. ഇയാൾ തന്റെ ഭാര്യ നൊവോമി, പുത്രന്മാരായ മഹ്ലോൻ, കില്യോൻ എന്നിവരുമായി ക്ഷാമകാലത്ത് മോവാബുദേശത്തു ചെന്നു പാർത്തു. അവിടെവച്ചു എലീമേലെക്കും പുത്രന്മാരും മരിച്ചു: (രൂത്ത്, 1:2,3; 2:1; 4:3,9).

എരസ്തൊസ്

എരസ്തൊസ് (Erastus) 

പേരിനർത്ഥം – പ്രിയൻ

കൊരിന്തുകാരനായ എരസ്തൊസ് പൗലൊസിന്റെ ശിഷ്യനായിരുന്നു. ഈ പേര് പുതിയനിയമത്തിൽ മൂന്നു പ്രാവശ്യം കാണുന്നു. കൊരിന്തു പട്ടണത്തിന്റെ ഭണ്ഡാരവിചാരകനായ എരസാതൊസ് റോമാ വിശ്വാസികളെ വന്ദനം ചെയ്യുന്നുവെന്ന് പൗലൊസ് അറിയിക്കുന്നു: (റോമ, 16:23). തിമൊഥയൊസ് റോമിലേക്കു വരാൻ ആവശ്യപ്പെട്ടുകൊണ്ട് പൗലൊസ് എഴുതുമ്പോൾ പല സഹപ്രവർത്തകരെക്കുറിച്ചും പറയുന്നുണ്ട്. അതിൽ എരസ്തൊസ് കൊരിന്തിൽ താമസിക്കുന്നുവെന്നു പ്രസ്താവിച്ചിട്ടുണ്ട്: (2തിമൊ, 4:20). തന്റെ മൂന്നാം മിഷണറിയാത്രയിൽ പൗലൊസ് എഫെസൊസിൽ താമസിച്ചുകൊണ്ട് എരസ്തൊസിനെയും തിമൊഥയൊസിനെയും മക്കെദോന്യയിലേക്കു അയച്ചു: (പ്രവൃ, 19:22). തുടർന്നു ദെമേത്രിയൊസ് നിമിത്തമുള്ള കലഹത്തിനുശേഷം പൗലൊസും മക്കെദോന്യയിലേക്കു പോയി.

എഫയീം

എഫയീം (Ephraim)

പേരിനർത്ഥം – ഫലപൂർണ്ണം

യാക്കോബിന്റെ പുത്രനായ യോസേഫിന്റെയും ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകൾ ആസ്നത്തിന്റെയും ഇളയമകൻ. (ഉല്പ, 41:50-52). യോസേഫ് മുന്നറിയിച്ച സപ്തവത്സര സമൃദ്ധിയുടെ കാലത്തായിരുന്നു എഫ്രയീം ജനിച്ചത്. എഫ്രയീമിന്റെ ചരിത്രത്തിൽ ആദ്യമായി രേഖപ്പെടുത്തിയിട്ടുള്ള സംഭവം യാക്കോബിൽനിന്ന് അനുഗ്രഹം പ്രാപിക്കുന്നതാണ്. ജ്യേഷ്ഠൻ മനശ്ശെ ആണങ്കിലും യാക്കോബ് ജ്യേഷ്ഠാവകാശം നല്കിയത് എഫ്രയീമിനാണ്. അങ്ങനെ അനുഗ്രഹത്തിലുടെ ജന്മാവകാശം എഫ്രയീമിനു ലഭിച്ചു. (ഉല്പ, 48:17-19). യാക്കോബിന്റെ ചരിത്രത്തിന്റെ പ്രതിഫലനം ഇവിടെ കാണാൻ കഴിയും. അനുജനായ യാക്കോബ് പിതാവിനെ കബളിപ്പിച്ചാണ് ജ്യേഷ്ഠാവകാശം നേടിയത്. യോസേഫ് മരിക്കുന്നതിനു മുമ്പ് എഫയീമ്യകുടുബം മൂന്നാം തലമുറയിലെത്തിക്കഴിഞ്ഞു. (ഉല്പ, 50:23). എഫയീമിന്റെ സന്തതികൾ ഗത്യരുടെ കന്നുകാലികൾ മോഷ്ടിക്കാൻ പോയി. ഗത്യർ അവരെ കൊന്നു. തന്റെ കുടുംബത്തിനു സംഭവിച്ച അനർത്ഥംത്തിന്റെ സ്മരണ നിലനിർത്തിക്കൊണ്ട് അക്കാലത്തു ജനിച്ച തന്റെ പുത്രന് എഫ്രയീം ബെരീയാവു എന്നു പേരിട്ടു. (1ദിന, 7:21-23).

യാക്കോബിന്റെ സന്തതികൾ‘ കാണുക:

എപ്പൈനത്തൊസ്

എപ്പൈനത്തൊസ് (Epaenetus)

പേരിനർത്ഥം – പ്രശംസനീയൻ

റോമിലെ ഒരു ക്രിസ്ത്യാനി. “ആസ്യയിൽ ക്രിസ്തുവിനു ആദ്യഫലമായി എനിക്കു പ്രിയനായ” എന്ന് എപ്പൈനത്തൊസിനെക്കുറിച്ച് പൗലൊസ് എഴുതുന്നു: (റോമ, 16:5). ഇദ്ദേഹത്തെക്കുറിച്ച് മറ്റൊരു വിവരവും ലഭ്യമല്ല.

എപ്പഫ്രൊദിത്തൊസ്

എപ്പഫ്രൊദിത്തൊസ് (Epaphroditos)

പേരിനർത്ഥം — മനോജ്ഞൻ

ഫിലിപ്പിയിൽനിന്നുള്ള ഒരു ക്രിസ്ത്യാനി. എപ്പഫ്രൊദിത്തൊസ് എന്ന പേരിൻ്റെ ചുരുങ്ങിയ രൂപമാണ് എപ്പഫ്രാസ്. എങ്കിലും കൊലൊസ്സ്യർ 1:7, 4:12, ഫിലേമോൻ 23 എന്നിവിടങ്ങളിൽ പറയുന്ന എപ്പഫ്രാസ് ആണ് ഇതെന്നു കരുതുവാൻ ഒരു തെളിവുമില്ല. “എന്നാൽ എന്റെ സഹോദരനും കൂട്ടുവേലക്കാരനും സഹഭടനും നിങ്ങളുടെ ദൂതനും എന്റെ ബുദ്ധിമുട്ടിന്നു ശുശ്രൂഷിച്ചവനുമായ എപ്പഫ്രൊദിത്തൊസിനെ നിങ്ങളുടെ അടുക്കൽ അയക്കുന്നതു ആവശ്യം എന്നു എനിക്കു തോന്നി.” (ഫിലി, 2:25). ഇവിടെ നിങ്ങളുടെ ‘ദൂതൻ’ എന്നതിന് ഗ്രീക്കിൽ ‘അപ്പൊസ്തലൻ’ (apostolos) എന്ന പദമാണ് കാണുന്നത്. പൗലൊസ് റോമിൽ ബദ്ധനായിരുന്ന കാലത്തു ഫിലിപ്പിയർ സഹായമെത്തിച്ചതു എപ്പഫ്രൊദിത്തൊസ് മുഖാന്തരമാണ്. (ഫിലി, 4:18). തടവിൽ വച്ച് പൗലൊസ് അപ്പൊസ്തലനെ ഇദ്ദേഹം ശുശ്രഷിച്ചു. (ഫിലി, 2:30). ഫിലിപ്പിയിൽനിന്നു റോമിലേക്കുള്ള യാത്രാക്ലേശം കൊണ്ടോ റോമിൽ വെച്ച് പൗലൊസിനെ ശുശ്രൂഷിക്കുക നിമിത്തമോ എപ്പഫാദിത്തൊസ് കഠിന രോഗിയായി. സൗഖ്യം ലഭിച്ചപ്പോൾ ഇദ്ദേഹത്തെ ഫിലിപ്പിയിലേക്കു തിരിച്ചയച്ചു. ഫിലിപ്പിയർക്കുള്ള ലേഖനം എപ്പഫ്രൊദിത്തൊസിന്റെ കയ്യിൽ കൊടുത്തയച്ചു. സഹോദരൻ, കൂട്ടുവേലക്കാരൻ, സഹഭടൻ, നിങ്ങളുടെ ദൂതൻ, പ്രാണനെപ്പോലും കരുതാതെ ക്രിസ്തുവിന്റെ വേലയിൽ ജാഗരിക്കുന്നവൻ എന്നീ വിശേഷണങ്ങളുപയോഗിച്ചാണ് എപ്പഫാദിത്താസിനെക്കുറിച്ച് പൗലൊസ് പറയുന്നത്. (ഫിലി, 2:25-30).

എപ്പഫ്രാസ്

എപ്പഫ്രാസ് (Epaphras)

പേരിനർത്ഥം – മനോഹരൻ

എപ്പഫാദിത്തൊസ് എന്ന പേരിന്റെ ചുരുങ്ങിയ രൂപം. കൊലൊസ്യയിലും ചുറ്റുമുള്ള പ്രദേശങ്ങളിലും സുവിശേഷപ്രവർത്തനം നടത്തുന്നതിൽ പ്രധാന പങ്കു വഹിച്ചു. കൊലൊസ്യയിലെ സഭയിൽ ഉപദേഷ്ടാവായിരുന്നു. ‘സഹഭൃത്യൻ’ ‘സഹബദ്ധൻ’ എന്നിങ്ങനെ പൗലൊസ് വിശേഷിപ്പിച്ചിട്ടുണ്ട്: കൊലൊ, 1:7; 4:12). കൊലൊസ്യ സഭയുടെ സ്ഥാപകനും എപ്പഫ്രാസ് ആണെന്ന് കരുതപ്പെടുന്നു. പൗലൊസ് റോമിൽ ബദ്ധനായിരിക്കുമ്പോൾ എപ്പഫ്രാസ് പൗലൊസിനെ സന്ദർശിച്ചു. എപ്പഫ്രാസിന്റെ പ്രവർത്തനത്തെക്കുറിച്ച് പൗലൊസ് അപ്പൊസ്തലൻ വളരെയധികം ശ്ലാഘിച്ചു പറയുന്നുണ്ട്: (കൊലൊ, 1:7,8; 4:12,13). ഫിലേമോനുള്ള ലേഖനത്തിൽ എപ്പഫ്രാസ് വന്ദനം ചൊല്ലുന്നതിൽനിന്നും അപ്പോൾ അയാൾ പൗലൊസിനോടൊപ്പം ഉണ്ടായിരുന്നുവെന്നു കരുതേണ്ടിയിരിക്കുന്നു: (23). പാരമ്പര്യമനുസരിച്ച് കൊലൊസ്യയിലെ ഒന്നാമത്തെ ബിഷപ്പായിരുന്ന എപ്പിഫ്രാസ് അവിടെത്തന്നെ രക്തസാക്ഷിയായി.