All posts by roy7

ഏശാവ്

ഏശാവ് (Esau)

പേരിനർത്ഥം – രോമാവൃതൻ

യിസ്ഹാക്കിന്റെയും റിബെക്കയുടെയും ഇരട്ടപ്പിളകളിൽ മൂത്തവൻ: (ഉല്പ, 25:24,25). ചുവന്നവനും മേൽമുഴുവൻ രോമമുളളവനും ആയിരുന്നു. ഏശാവിന്റെ മറുപേരായ ഏദോമിന് ചുവന്നവൻ എന്നർത്ഥം. വനസഞ്ചാരിയും വേട്ടക്കാരനുമായി അവൻ വളർന്നു. വേട്ടയിറച്ചിയിൽ കൊതിമൂത്ത യിസ്ഹാക്ക് ഏശാവിനെ അധികം സ്നേഹിച്ചു. ഒരിക്കൽ ഏശാവ് വയലിൽ നിന്ന് വിശന്നു ക്ഷീണിച്ചു വന്നു. യാക്കോബ് തയ്യാറാക്കിക്കൊണ്ടിരുന്ന ചുവന്ന പായസം ഏശാവ് ആവശ്യപ്പെട്ടു. ജ്യേഷ്ഠാവകാശം വാങ്ങിക്കൊണ്ട് യാക്കോബ് ഏശാവിനു പായസം നല്കി. ചുവന്ന പായസത്തിൽ നിന്നാണ് ഏദോം എന്ന പേര് ഏശാവിനു ലഭിച്ചത്. 

നാല്പതാമത്തെ വയസ്സിൽ ഏശാവ് രണ്ടു ഭാര്യമാരെ എടുത്തു. അവർ ഇരുവരും കനാന്യ സ്ത്രീകളാകയാൽ അപ്പനും അമ്മയും അവരെ ഇഷ്ടപ്പെട്ടില്ല. “ഈ ഹിത്യ സ്ത്രീകൾ നിമിത്തം എന്റെ ജീവൻ എനിക്കു അസഹ്യമായിരിക്കുന്നു” എന്നു റിബെക്കാ യിസ്ഹാക്കിനോടു പറഞ്ഞു: (ഉല്പ, 27:46). ഏശാവിന്റെ ഒന്നാമത്തെ ഭാര്യ ഹിത്യനായ ഏലോൻ്റെ മകൾ ആദാ ആണ്: ( ഉല്പ, 36:2). ഉല്പത്തി 26:34-ൽ ഇവളെ ‘ബാസമത്ത്’ എന്നു വിളിക്കുന്നു. രണ്ടാമത്തെ ഭാര്യ അനയുടെ മകൾ ഒഹൊലീബാ ആണ്: (ഉല്പ, 36:2). ഉല്പത്തി 26:34-ൽ ഹിത്യനായ ബേരിയുടെ മകൾ യെഹൂദിത്ത് എന്നു പറഞ്ഞു കാണുന്നു. ഒരുപക്ഷേ വിവാഹത്തിനു മുമ്പുണ്ടായിരുന്ന പേരായിരിക്കാം അത്. യിശ്മായേലിന്റെ മകളും നെബായോത്തിന്റെ സഹോദരിയുമായ ബാസമത്ത് ആണ് ഏശാവിന്റെ മൂന്നാമത്തെ ഭാര്യ: (ഉല്പ, 36:3). ബാസമത്തിന്റെ മറുപേരാണ് മഹലത്ത്: (ഉല്പ, 28:59). 

യിസ്ഹാക്ക് വൃദ്ധനായി കാഴ്ച നഷ്ടപ്പെട്ടു, മരണകാലം അടുത്തെന്നറിഞ്ഞ യിസ്ഹാക്ക് മൂത്തമകനായ ഏശാവിനെ അനുഗ്രഹിക്കാനൊരുങ്ങി. ഏശാവ് പായസത്തിനു വേണ്ടി ജ്യേഷ്ഠാവകാശം നഷ്ടപ്പെടുത്തിയതും കനാന്യ സ്ത്രീകളെ വിവാഹം കഴിച്ചതും യിസ്ഹാക്ക് കണക്കിലെടുത്തില്ല. കാട്ടിൽ പോയി വേട്ടയിറച്ചികൊണ്ടുവന്ന് രുചികരമായ വിധത്തിൽ പാകപ്പെടുത്തിക്കൊടുക്കുന്നതിന് യിസ്ഹാക്ക് ഏശാവിനോടാവശ്യപ്പെട്ടു. അതു ഭക്ഷിച്ച് അവനെ അനുഗ്രഹിക്കാമെന്ന് വാക്കു നല്കി. ഇതു കേട്ട റിബേക്ക യാക്കോബിനെ വിളിച്ച് പിതാവിൻ്റെ അനുഗ്രഹം സൂത്രത്തിൽ കരസ്തമാക്കാനുള മാർഗ്ഗം ഉപദേശിച്ചുകൊടുത്തു. കോലാട്ടിൻ കുട്ടികളെ അറുത്ത് റിബേക്കാ ഭോജനം ഉണ്ടാക്കി. ഏശാവിനെപ്പോലെ വേഷപ്രച്ഛന്നനായി യാക്കോബ് ഭോജനം കൊണ്ടുകൊടുത്തു പിതാവിന്റെ അനുഗ്രഹം കൈക്കലാക്കി. അനുഗ്രഹവും വാങ്ങി യിസ്ഹാക്കിന്റെ മുന്നിൽ നിന്നും യാക്കോബ് പുറപ്പെട്ട ഉടൻ ഏശാവ് രുചികരമായ ഭോജനവുമായി പിതാവിന്റെ അടുത്തെത്തി. സംഭവം മനസ്സിലാക്കിയ ഏശാവ് ഉറക്കെ നിലവിളിച്ചു: അപ്പാ, എന്നെ, എന്നെയും കൂടെ അനുഗ്രഹിക്കേണമേ: (ഉല്പ, 27:34). ഏശാവ് കണ്ണുനീരോടെ വീണ്ടും വീണ്ടും അപേക്ഷിച്ചപ്പോൾ യിസഹാക്ക് പറഞ്ഞു, “നിന്റെ വാസം ഭൂമിയിലെ പുഷ്ടികൂടാതെയും മീതെ ആകാശത്തിലെ മഞ്ഞു കൂടാതെയും ഇരിക്കും. നിന്റെ വാളുകൊണ്ട് നീ ഉപജീവിക്കും; നിന്റെ സഹോദരനെ നീ സേവിക്കും. നിന്റെ കെട്ടു അഴിഞ്ഞു പോകുമ്പോൾ നീ അവന്റെ നുകം കഴുത്തിൽ നിന്നു കുടഞ്ഞുകളയും.” (ഉല്പ, 27:39-40). ഏശാവ് യാക്കോബിനെ വെറുക്കുകയും അവനെ കൊല്ലുമെന്നു ഹൃദയത്തിൽ പറയുകയും ചെയ്തു. പദ്ദൻ-അരാമിൽ ചെന്ന് ചാർച്ചക്കാരിൽ നിന്നും വിവാഹം കഴിക്കണമെന്ന് യാക്കോബിനോടു യിസ്ഹാക്ക് പറഞ്ഞത് ഏശാവു കേട്ടു. പിതാവിനു പ്രസാദം വരുത്തുവാൻ ഏശാവ് യിശ്മായേലിന്റെ മകളായ മഹലത്തിനെ വിവാഹം കഴിച്ചു: (ഉല്പ, 28:6-9).

ഏറെത്താമസിയാതെ ഏശാവ് സേയീരിലേക്കു വാസം മാറ്റി. പദ്ദൻ-അരാമിൽ നിന്നും യാക്കോബ് മടങ്ങി വരുമ്പോൾ ഏശാവിന്റെ പ്രതികാരം ഭയന്ന് അവന്റെ ക്രോധം ശമിപ്പിക്കുവാൻ ദൂതന്മാരെ അയച്ചു. എന്നാൽ ഏശാവ് 400 യോദ്ധാക്കളുമായി യാക്കോബിനെ എതിരേറ്റുവന്നു. ഏശാവ് ഓടിവന്ന് ആലിംഗനം ചെയ്ത് യാക്കോബിന്റെ കഴുത്തിൽ വീണു അവനെ ചുംബിച്ചു. അവർ ഇരുവരും കരഞ്ഞു. ഏശാവിനു യാക്കോബു നല്കിയ സമ്മാനം ആദ്യം നിഷേധിച്ചുവെങ്കിലും നിർബന്ധിച്ചപ്പോൾ അതു സ്വീകരിച്ചു. ഏശാവ് സേയീർ മലയിലേക്കു മടങ്ങിപ്പോയി. യിസ്ഹാക്ക് മരിച്ചപ്പോൾ യാക്കോബും ഏശാവും ചേർന്നാണ് ശവസംസ്കാരം നടത്തിയത്: (ഉല്പ, 35:29). തുടർന്നു കനാൻദേശത്ത് തനിക്കുണ്ടായിരുന്ന സകലസമ്പത്തും കൊണ്ടു ഏശാവ് സേയീർ പർവ്വതത്തിൽ പോയി അവിടെ പാർത്തു: (ഉല്പ, 36:6). 

ഭൂമിയിൽ നിന്നുളള പ്രാകൃതമനുഷ്യനു നിഴലാണു് ഏശാവ്. ചില കാര്യങ്ങളിലെങ്കിലും യാക്കോബിനെക്കാൾ വ്യത്യസ്തനായിരുന്നു. എന്നാൽ ഒരു ഊണിനുവേണ്ടി ജ്യേഷ്ഠാവകാശം വിററുകളഞ്ഞ് അഭക്തനായിത്തീർന്നു: (എബ്രാ, 12:16,17). അഹരോന്യ പൗരോഹിത്യം സ്ഥാപിക്കുന്നതുവരെ മൂത്തമകനായിരുന്നു കുടുംബത്തിന്റെ പൗരോഹിത്യാവകാശം. ഏശാവിന്റെ നിരാസത്തെ സംബന്ധിച്ചു തിരുവെഴുത്തുകൾ നല്കുന്ന വിശദീകരണം ദൈവത്തിന്റെ പരമാധികാരത്തെ ബന്ധപ്പെടുത്തിയുളതാണ്. “ഞാൻ യാക്കോബിനെ സ്നേഹിച്ചു, ഏശാവിനെ ദേഷിച്ചിരിക്കുന്നു.” (റോമ, 9:13; മലാ, 1:2). ദൈവത്താൽ തിരഞ്ഞെടുക്കപ്പെടാത്തവരുടെ പ്രതിനിധിയാണ് ഏശാവ്; യാക്കോബ് തിരഞ്ഞെടുക്കപ്പെട്ടവരുടെയും. യാക്കോബും ഏശാവും ജനിച്ചതിനു മുമ്പുതന്നെ യാക്കോബ് തിരഞ്ഞടുക്കപ്പെട്ടു. യാക്കോബും ഏശാവും തമ്മിലുള്ള വിദ്വേഷം ഏദോമ്യരും യിസ്രായേല്യരും തമ്മിലുള്ള ശത്രുതയായി വളരെക്കാലം നിലനിന്നു. (സംഖ്യാ, 20:18-21; 1രാജാ, 11:14; സങ്കീ, 137:7).

ഏഥാൻ

ഏഥാൻ (Ethan)

പേരിനർത്ഥം – ശാശ്വതൻ

ശലോമോൻ്റെ ജ്ഞാനത്തിൻ്റെ ശ്രഷ്ഠതയെ തുലനം ചെയ്യുമ്പോൾ പറയുന്ന നാലു പേരുകളിലൊന്ന്. എസ്രാഹ്യനായ ഏഥാൻ, മാഹാലിന്റെ പുത്രന്മാരായ ഹേമാൻ, കൽക്കോൻ, ദർദ്ദ എന്നിവരാണ് നാലുപേർ: (1രാജാ, 4:31). സേരഹിന്റെ പുത്രന്മാരുടെ കൂട്ടത്തിൽ ഏഥാൻ, ഹേമാൻ, കൽക്കോൻ, ദാരാ എന്നീ നാലുപേരുകളുമുണ്ട്: (1ദിന, 2:6). 89-ാം സങ്കീർത്തനം എസ്രാഹ്യനായ ഏഥാൻ്റെ ധ്യാനമാണ്.

എസ്രാ

എസ്രാ (Eara)

പേരിനർത്ഥം – സഹായം

ബാബേൽ പ്രവാസത്തിൽനിന്നും മടങ്ങിവന്ന യെഹൂദന്മാരിൽ രണ്ടാം സംഘത്തിന്റെ നായകൻ; എസ്രാ എന്ന പുസ്തകത്തിന്റെ കർത്താവ്. അഹരോന്റെ പൗത്രനായ ഫീനെഹാസിന്റെ കുടുംബത്തിൽ സെരായാവിന്റെ പുത്രൻ: (എസ്രാ, 7:1-5). യോശീയാ രാജാവിന്റെ കാലത്തു മഹാപുരോഹിതനായിരുന്ന ഹില്ക്കീയാവിന്റെ പൌത്രനായിരുന്നു സെരായാവ്. മോശയുടെ ന്യായപ്രമാണത്തിൽ വിദഗ്ദ്ധ ശാസ്ത്രിയായിരുന്നു എസ്രാ പുരോഹിതൻ: (എസ്രാ, 7:6,11,12). യഹോവയുടെ ന്യായപ്രമാണം പരിശോധിപ്പാനും അതനുസരിച്ചു നടപ്പാനും യിസ്രായേലിൽ അതിന്റെ ചട്ടങ്ങളും വിധികളും ഉപദേശിപ്പാനും എസ്രാ മനസ്സുവെച്ചു (7:10 ) എന്നു പ്രത്യേകം പറയുന്നുണ്ട്. 

ബി.സി. 597-ൽ ബാബേൽ രാജാവായ നെബുഖദ്നേസർ യെഹൂദന്മാരെ ബദ്ധരാക്കി ബാബേലിലേക്കു കൊണ്ടുപോയി. ബി.സി. 539-ൽ ബാബേൽ സാമ്രാജ്യം പാർസിരാജാവായ കോരെശിന് അധീനമായി. യെഹൂദന്മാർക്ക് മടങ്ങിച്ചെന്ന് ദൈവാലയം പണിയുവാനുള്ള അനുവാദം നല്കിക്കൊണ്ടുള്ള കല്പന കോരെശ് ചക്രവർത്തി ബി.സി. 538-ൽ പുറപ്പെടുവിച്ചു. അതനുസരിച്ചു നാല്പതിനായിരത്തിലധികം യെഹൂദന്മാർ യെരുശലേമിലേക്കു മടങ്ങിച്ചെന്നു സെരുബ്ബാബേലിന്റെ നേതൃത്വത്തിൽ ദൈവാലയത്തിന്റെ പണിപൂർത്തിയാക്കി. ശേഷിച്ചവർ പാർസികളുടെ ഭരണത്തിൻ കീഴിൽ യെഹൂദാപാരമ്പര്യം പുലർത്തിക്കൊണ്ടു ബാബേലിൽ തന്നെ സ്വൈരമായി പാർത്തു. ന്യായപ്രമാണത്തിൽ വിദഗ്ദ്ധശാസ്ത്രി ആയിരുന്ന എസ്രായ്ക്ക് ഈ കാലത്തു രാജാവിന്റെ കീഴിൽ ഉന്നതസ്ഥാനം ലഭിച്ചു. അർത്ഥഹ്ശഷ്ടാ രാജാവിന്റെ ഏഴാമാണ്ടിൽ (ബി.സി. 458) എസ്രായ്ക്ക് യെരൂശലേമിൽ പോയി ന്യായപ്രമാണം അനുസരിച്ചു യെഹൂദയിലെയും യെരൂശലേമിലെയും കാര്യങ്ങൾ ക്രമീകരിക്കുവാൻ രാജാവു കല്പന നല്കി. രാജകീയ ഭണ്ഡാരത്തിൽ നിന്നു ലഭിച്ചതും യെഹൂദന്മാരിൽ നിന്നു ഔദാര്യദാനമായി ലഭിച്ചതും ആയ വെള്ളിയും പൊന്നും കൊണ്ടുപോകുന്നതിനും നദിക്കക്കരെയുള്ള ഭരണാധികാരികളിൽ നിന്നു ആവശ്യമായ സമ്പത്തും സാധനങ്ങളും സ്വരൂപിക്കുന്നതിനും രാജാവ് എസ്രായെ അധികാരപ്പെടുത്തി. ദൈവാലയ ശുശ്രൂഷകരെ നികുതിയിൽ നിന്നും പൂർണ്ണമായും ഒഴിവാക്കി. യെഹൂദയിൽ ന്യായപാലനത്തിനു അധികാരികളെയും ന്യായാധിപന്മാരെയും നിയമിക്കാനും ദൈവത്തിന്റെ ന്യായപ്രമാണവും രാജാവിന്റെ ന്യായപ്രമാണവും അനുസരിക്കാത്തവരെ ന്യായം വിസ്തരിച്ചു അവർക്കു മരണമോ, പ്രവാസമോ, പിഴയോ, തടവോ നല്കാനും എസ്രായ്ക്ക് അധികാരം നൽകി: (7:11-28). എസ്രായോടൊപ്പം യെരൂശലേമിലേക്കുപോയ 1754 പുരുഷന്മാരുടെ പട്ടിക എസ്രാ 8-ൽ ഉണ്ട്. നെഹെമ്യാവ് 7-ലും, എസ്രാ 2-ലും ചേർത്തിട്ടുള്ള മടങ്ങിവന്നവരുടെ പൂർണ്ണമായ പട്ടികയിൽ ഇവരും ഉൾപ്പെടുന്നുണ്ട്. 

മടങ്ങിപ്പോകേണ്ട പ്രവാസികളെ എസ്രാ അഹവാ നദിക്കരികെ കൂട്ടിവരുത്തി അവിടെ മൂന്നു ദിവസം പാർത്തു. മടങ്ങിപ്പോകേണ്ടവർ 1754 പേർ ആയിരുന്നു. എന്നാൽ അവരിൽ ലേവ്യർ ആരും ഉണ്ടായിരുന്നില്ല. ലേവ്യർ കൂട്ടമായി പാർത്തിരുന്ന കാസിഫ്യയിലേക്കു എസ്രാ ഒരു പ്രതിനിധി സംഘത്തെ അയച്ചു. 38 ലേവ്യരും 220 ദൈവാലയ ദാസന്മാരും അവരോടൊപ്പം വന്നു. ദൈവാലയത്തിനുള്ള വിലയേറിയ വഴിപാടുകൾ ജാഗ്രതയോടെ സൂക്ഷിച്ചു യെരുശലേമിൽ എത്തിക്കുന്നതിനു പുരോഹിതന്മാരും ലേവ്യരുമായി പന്ത്രണ്ടു പേരെ ചുമതലപ്പെടുത്തി. യാത്രയിൽ സമ്പത്തിന്റെയും ജനത്തിന്റെയും സുരക്ഷയ്ക്കു വേണ്ടി രാജാവിനോടു പടയാളികളെയും കുതിരച്ചേവകരെയും ആവശ്യപ്പെട്ടില്ല. ദൈവത്തിൽതന്നെ പൂർണ്ണമായി ആശ്രയിച്ചു: (8:15-22). ശുഭയാത്രയ്ക്കു വേണ്ടി മൂന്നു ദിവസം ഉപവസിച്ചു പ്രാർത്ഥിച്ചശേഷം അവർ ഒന്നാംമാസം ഒന്നാം തീയതി യാത്ര പുറപ്പെടുകയും അഞ്ചാം മാസം ഒന്നാം തീയതി യെരൂശലേമിൽ എത്തിച്ചേരുകയും ചെയ്തു: (7:8). നാലുമാസം കൊണ്ട് 1400 കി.മീ. സഞ്ചരിച്ചാണ് അവർ വിശുദ്ധ നഗരത്തിലെത്തിയത്. മൂന്നു ദിവസത്തെ വിശ്രമത്തിനു ശേഷം അവർ കൊണ്ടുവന്ന വെള്ളിയും, പൊന്നും, ഉപകരണങ്ങളും തൂക്കി ദൈവാലയാധികാരികളെ ഏല്പിക്കുകയും യഹോവയ്ക്ക് യാഗങ്ങൾ അർപ്പിക്കുകയും ചെയ്തു. അതിനുശേഷം രാജാവിന്റെ കല്പനകൾ സംസ്ഥാനപതിമാർക്കും നാടുവാഴികൾക്കും കൊടുത്തു: (8:31-36). 

രാജകല്പനയനുസരിച്ച് പരമോന്നത ന്യായാധിപതിയായിത്തീർന്ന എസ്രാ ന്യായപ്രമാണ പ്രകാരം യെരുശലേമിലെ കാര്യങ്ങളെ ക്രമീകരിക്കുവാനൊരുമ്പെട്ടു. യെരുശലേമിൽ പാർത്തിരുന്ന യെഹൂദന്മാരിൽ പലരും ദൈവികല്പനയ്ക്കു വിരുദ്ധമായി വിജാതീയസ്ത്രീകളെ വിവാഹം കഴിച്ചിരുന്നു. ഇതു മനസ്സിലാക്കിയ എസ്രാ ദൈവസന്നിധിയിൽ വിലപിച്ച് ആത്മതപനം ചെയ്തു. ദൈവവചനത്തിൽ ഭയമുള്ളവർ എസ്രായുടെ അടുക്കൽ വന്നു. സന്ധ്യായാഗത്തിന്റെ സമയത്തു ആത്മതപനത്തിൽ നിന്നെഴുന്നേറ്റ എസ്രാ മുട്ടുകുത്തി പ്രാർത്ഥിച്ചു. ഈ സമയത്തു ഒരു നല്ലകൂട്ടം യിസ്രായേല്യർ എസ്രായുടെ ചുറ്റും കൂടി. അവരും വളരെയധികം കരഞ്ഞു. ഒടുവിൽ വിജാതീയ സ്ത്രീകളെ ഉപേക്ഷിക്കുന്ന കാര്യത്തിൽ എസ്രാ നേതൃത്വം നല്കണമെന്ന ശെഖന്യാവിന്റെ അഭിപ്രായം സ്വീകരിച്ചു. മൂന്നു ദിവസത്തിനകം എല്ലാ യിസ്രായേല്യരെയും യെരുശലേമിൽ വിളിച്ചു കൂട്ടുന്നതിനു തീരുമാനിച്ചു. ഒമ്പതാം മാസം ഇരുപതാം തീയതി വന്മഴ പെയ്തിട്ടും യിസ്രായേല്യരെല്ലാം കൂടിവരുകയും അവർ തങ്ങളുടെ പാപം ഏറ്റു പറഞ്ഞ് അന്യജാതിക്കാരികളെ വിവാഹം ചെയ്തിരുന്നവർ അവരെ ഉപേക്ഷിക്കുവാൻ തീരുമാനമെടുക്കുകയും ചെയ്തു: (എസ്രാ, 10). ഈ പ്രവർത്തനങ്ങൾക്കെല്ലാം കൂടെ ഏകദേശം എട്ടുമാസം വേണ്ടി വന്നു. 

തുടർന്നു പതിമൂന്നുവർഷം എസ്രാ എന്തുചെയ്തുവെന്നു വ്യക്തമല്ല. എസ്രാ യെരൂശലേമിൽ തന്നെ കഴിഞ്ഞുവോ, അതോ മടങ്ങി ബാബേലിലേക്കു പോയോ എന്നറിയില്ല. എസ്രാ മടങ്ങി ബാബേലിലേക്കു പോകുകയും നെഹെമ്യാവിനോടൊപ്പം തിരികെ വരികയും ചെയ്തു എന്നു കരുതുന്നവരുണ്ട്. യെരൂശലേം മതിലുകളുടെ പൂർത്തീകത്തിനുശേഷം നെഹെമ്യാവിനോടൊപ്പമാണ് പിന്നെ നാം എസ്രായെക്കുറിച്ചു കേൾക്കുന്നത്. എസ്രാ യെരുശലേമിൽ ഉണ്ടായിരുന്നുവെങ്കിൽ നെഹെമ്യാവു വന്നപ്പോൾ കണ്ട ആത്മീയതയുടെ അഭാവം ഉണ്ടാകുമായിരുന്നില്ല. താത്കാലിക ക്രമീകരണങ്ങൾക്കു വേണ്ടിയായിരുന്നു രാജാവ് എസ്രായെ അയച്ചത്. എന്നാൽ നിർബന്ധ വിവാഹമോചനം നിമിത്തം ജനം എസ്രായിൽ നിന്നകന്നുപോയി എന്നും നെഹെമ്യാവിന്റെ വരവുവരെ എസ്രാ ശാന്തനായി യെരൂശലേമിൽ കഴിഞ്ഞുവെന്നും ചിന്തിക്കുന്നവരുണ്ട്. ന്യായപ്രമാണം വായിക്കുക, വ്യാഖ്യാനിക്കുക, ജനത്തിനു വേണ്ടി പ്രാർത്ഥിക്കുക, മതിൽ പ്രതിഷ്ഠയിൽ സഹകരിക്കുക, നവീകരണത്തിനു നേതൃത്വം നല്കുക എന്നിങ്ങനെ പുരോഹിതശുശ്രൂഷയാണ് എസ്രാ നിർവ്വഹിച്ചുവന്നത്: (നെഹ, 8:9; 12:26). 

അർത്ഥഹ്ശഷ്ടാവ് രണ്ടാമന്റെ കാലത്തിനു മുമ്പ് (ബി.സി. 398) എസ്രാ യെരൂശലേമിൽ വന്നില്ലെന്നു വാദിക്കുന്ന പണ്ഡിതന്മാരുണ്ട്. അവർ തെളിവായി ചൂണ്ടിക്കാണിക്കുന്നതു മൂന്നു ഭാഗങ്ങളാണ്: 1. എസ്രാ 9:9-ൽ നഗരമതിലിനെക്കുറിച്ചു പറയുന്നു. പക്ഷേ നെഹെമ്യാവിന്റെ കാലം വരെ നഗരമതിൽ പണിതിട്ടില്ല. എന്നാൽ അർത്ഥഹ്ശഷ്ടാവ് ഒന്നാമന്റെ കാലത്തു ഒരു വിധത്തിലുള്ള മതിൽ പണിതുവെന്നും (എസ്രാ, 4:12) ആ മതിലിന്റെ നാശത്തിന്റെ സൂചനയാണു എസ്രാ 4:23-ലും നെഹെമ്യാവ് 1:3-ലും കാണുന്നത് എന്നു മനസ്സിലാക്കുമ്പോൾ ഈ വൈരുദ്ധ്യം നീങ്ങും. 2. യെരുശലേമിൽ ഒരു മഹാസഭയെക്കുറിച്ചുള്ള പരാമർശം എസ്രാ 10:1-ൽ ഉണ്ട്. എന്നാൽ പട്ടണത്തിൽ കുറച്ചു ജനമേ ഉള്ളു എന്നു നെഹെ, 4:7-ൽ കാണുന്നു. എസ്രാ 10-ലെ മഹാസഭ യെരൂശലേമിനു ചുറ്റും നിന്നു വന്നവരാണെന്നും നെഹെമ്യാവ് 4:7-ൽ പറഞ്ഞിട്ടുള്ളതു നഗരത്തിനുള്ളിലെ നിവാസങ്ങളെക്കുറിച്ചാണെന്നും മനസ്സിലാക്കുമ്പോൾ ഈ വാദം അസ്ഥാനത്താണെന്നു കാണാം. 3. എല്യാശീബിന്റെ മകനായ യെഹോഹാനൻ എസ്രായുടെ സമകാലികൻ ആയിരുന്നുവെന്നു എസ്രാ 10:6-ൽ നിന്നുമനസ്സിലാക്കാം. എന്നാൽ നെഹെമ്യാവ് 12:22 ൾ,23-ൻ പ്രകാരം യെഹോഹാനാൻ (യോഹാനാൻ) എല്യാശീബിന്റെ ചെറുമകനാണ്. ബി.സി. 408-ൽ യോഹാനാൻ മഹാപുരോഹിതൻ ആയിരുന്നുവെന്നു ബാഹ്യരേഖയുണ്ട്. വളരെ പ്രചാരമുള്ള ഒരു പേരാണു യോഹാനാൻ. എല്യാശീബിനു യോഹാനാൻ, യോയാദാ എന്നീ രണ്ടു പുത്രന്മാരുണ്ടായിരുന്നുവെന്നും യോയാദായ്ക്ക് യോഹാനാൻ എന്ന പേരിൽ ഒരു പുത്രനുണ്ടായിരുന്നുവെന്നും ചിന്തിക്കുന്നതിൽ യുക്തിരാഹിത്യം ഒന്നുമില്ല. ഈ യോഹാനാൻ മഹാ പുരോഹിതനായിരുന്നു. എസ്രാ 10:6-ലെ യോഹാനാൻ തന്റെ കാലത്തു മഹാപുരോഹിതനായിരുന്നുവെന്നു പറഞ്ഞിട്ടില്ല എന്നതും ശ്രദ്ധാർഹമാണ്.

എവീൽ-മെരോദക്

എവീൽ-മെരോദക് (Evil-Merodach)

പേരിനർത്ഥം – മർദൂക്കിന്റെ പുരുഷൻ

ബാബേൽ രാജാവായ എവീൽ-മെരോദക് നെബൂഖദ്നേസറിന്റെ പുത്രനും പിൻഗാമിയും ആയിരുന്നു. അമൽ-മർദൂക് എന്ന ബാബിലോന്യ നാമത്തിന്റെ എബ്രായരൂപമാണു എവീൽ-മെരോദക്. ബാബേലിലെ പ്രധാന ദേവനാണ് മർദുക്. ഇയാൾ രണ്ടുവർഷമേ രാജ്യം ഭരിച്ചുള്ളു: (ബി.സി. 562-560 ). സ്വന്തം സഹോദരിയുടെ ഭർത്താവായ നെറിഗ്ലിസർ (ബൈബിളിൽ പറയപ്പെടുന്ന നേർഗ്ഗൽ-ശരേസർ) എവീൽ-മെരോദക്കിനെ വധിച്ചു സിംഹാസനം കരസ്തമാക്കി. യെഹൂദാ രാജാവായ യെഹോയാഖീനെ അദ്ദേഹത്തിന്റെ പ്രവാസത്തിന്റെ മുപ്പത്തേഴാമാണ്ടിൽ എവിൽ-മെരോദക് മോചിപ്പിച്ചു. ബദ്ധന്മാരായ മറ്റു രാജാക്കന്മാർക്ക് ഉപരിയായ സ്ഥാനവും ജീവിതകാലം മുഴുവൻ അഹോവൃത്തിയും നൽകി: (2രാജാ, 25:27-30; യിരെ, 52:31-34). എന്നാൽ യെഹോയാഖീനെ യെഹൂദയിലേക്കു മടങ്ങുവാൻ അനുവദിച്ചില്ല.

എൽഹനാൻ

എൽഹനാൻ (Elhanan)

പേരിനർത്ഥം – ദൈവം കൃപാലു

ദാവീദിൻ്റെ സൈന്യത്തിലുണ്ടായിരുന്ന ഒരു പരാക്രമശാലി. യായീരിൻ്റെ മകനായ എൽഹാനാൻ ഗൊല്യാത്തിന്റെ സഹോദരനായ ലഹ്മിയെ വെട്ടിക്കൊന്നു. ഈ സംഭവം അല്പം വ്യത്യസ്തമായി രണ്ടിടത്തു് കാണാം. “ഗോബിൽവെച്ചു പിന്നെയും ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായി; അവിടെവെച്ചു ബേത്ത്ലേഹെമ്യനായ യാരെ-ഓരെഗീമിന്റെ മകൻ എൽഹാനാൻ ഗിത്യനായ ഗൊല്യാത്തിനെ വെട്ടിക്കൊന്നു:” (2ശമൂ, 21:19). “പിന്നെയും ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായപ്പോൾ യായീരിന്റെ മകനായ എൽഹാനാൻ ഗിത്യനായ ഗൊല്യാഥിന്റെ സഹോദരനായ ലഹ്മിയെ വെട്ടിക്കൊന്നു:” (1ദിന, 20:5)? ഗിത്യനായ ഗൊല്യാത്തിനെ അല്ല, ഗിത്യനായ ഗൊല്യാഥിന്റെ സഹോദരനായ ലഹ്മിയെയാണ് എൽഹാനാൻ വെട്ടിക്കൊന്നത്. 2ശമൂ, 21:19-ലേതു ദൂഷിത പാഠമാണ്. ശുദ്ധപാഠം ദിനവൃത്താന്തത്തിലേതത്രേ.

എല്യേസർ

എല്യേസർ (Eliezer)

പേരിനർത്ഥം – ദൈവം എന്റെ സഹായം

ദമ്മേശെക്കുകാരനായ എലേസർ: (ഉല്പ, 15:2). അബ്രാഹാമിന്റെ വീട്ടിൽ ജനിച്ച ദാസൻ. (15:3). യിശ്മായേലും യിസ്ഹാക്കും ജനിക്കും മുമ്പ് അബ്രാഹാം ഇയാളെ ദത്തെടുത്തിരിക്കണം. മക്കളില്ലാത്തവർ മറ്റു കുടുംബങ്ങളിൽ നിന്നൊരാളെ ദത്തെടുക്കുന്ന സമ്പ്രദായം മെസപ്പൊട്ടേമിയയിലും മറ്റും ബി.സി. രണ്ടാം സഹസ്രാബ്ദത്തിൽ നിലവിലിരുന്നതിന് തെളിവുകളുണ്ട്. യിസ്ഹാക്കിനു ഭാര്യയെ എടുക്കുവാൻ അബ്രാഹാം അയച്ച അജ്ഞാതനാമാവായ ദാസൻ എല്യേസർ ആയിരിക്കണം: (ഉല്പ, 24:2).

എല്യാശീബ്

എല്യാശീബ് (Eliashib)

പേരിനർത്ഥം – ദൈവം യഥാസ്ഥാനപ്പെടുത്തും

നെഹെമ്യാവിന്റെ കാലത്തെ മഹാപുരോഹിതൻ: (നെഹെ, 3:1,20,21). എല്യാശീബ് സഹോദരന്മാരായ മറ്റു പുരോഹിതന്മാരോടൊപ്പം ദൈവാലയത്തോടു ചേർന്നുള്ള കിഴക്കെപട്ടണമതിൽ പുതുക്കിപ്പണിതു: (നെഹ, 3:1). “ദൈവത്തിന്റെ ആലയത്തിലെ അറകൾക്കു മേൽവിചാരകനായി നിയമിക്കപ്പെട്ടിരുന്ന എല്യാശീബ് പുരോഹിതൻ തോബീയാവിന്റെ ബന്ധുവായിരുന്നതിനാൽ അവന്നു ഒരു വലിയ അറ ഒരുക്കിക്കൊടുത്തിരുന്നു:” (നെഹെ, 13:4). കുറെനാൾ കഴിഞ്ഞിട്ടു നെഹെമ്യാവ് രാജാവിനോടു അനുവാദം വാങ്ങി യെരൂശലേമിലേക്കു ചെന്നപ്പോൾ എല്യാശീബ് തോബീയാവിനു ദൈവാലയത്തിന്റെ പ്രാകാരങ്ങളിൽ ഒരു അറ ഒരുക്കിക്കൊടുത്തതിനാൽ ചെയ്ത ദോഷം അറിഞ്ഞു. അതു നെഹമ്യാവിനു അത്യന്തം വ്യസനമായതുകൊണ്ടു അവൻ തോബീയാവിന്റെ വീട്ടുസാമാനമൊക്കെയും അറയിൽനിന്നു പുറത്തു എറിഞ്ഞുകളഞ്ഞു, അറകളെ ശുദ്ധീകരിച്ചു. (നെഹെ, 13:7-9). എല്യാശീബിന്റെ ചെറുമകൻ ഹോരോന്യനായ സൻബല്ലത്തിന്റെ മകളെ വിവാഹം ചെയ്തു: (നെഹെ, 13:28). യോയാക്കീമിന്റെ മകനായിരുന്നു എല്യാശീബ്: (നെഹെ, 12:10,22).

എല്യാക്കീം

എല്യാക്കീം (Eliakim)

പേരിനർത്ഥം – ദൈവം ഉറപ്പിക്കും

യെഹൂദാരാജാവായി ഹിസ്ക്കീയാവിന്റെ രാജധാനിവിചാരകൻ: (2രാജാ, 18:18; 19:2). അഹങ്കാരത്തിന്റെ ശിക്ഷയായി ശെബ്നയെ നീക്കിയശേഷമാണ് ഹില്ക്കീയാവിന്റെ മകനായ എല്യാക്കീമിനെ പ്രസ്തുതസ്ഥാനത്ത് നിയമിച്ചത്: (യെശ, 22:15-20). അശ്ശൂർ രാജാവായ സൻഹേരീബ് അയച്ച റബ്-ശാക്കയോടു സംസാരിക്കാൻ ഹിസ്ക്കീയാ രാജാവയച്ച മൂന്നുപേരിൽ എല്യാക്കീം ഉൾപ്പെട്ടിരുന്നു: (2രാജാ, 18:18; യെശ, 36:3,11,12). അനന്തരം രാജാവ് എല്യാക്കീമിനെയും ശെബ്നയെയും പുരോഹിതന്മാരിൽ മൂപ്പന്മാരെയും ദൈവനിയോഗം അറിയാൻ വേണ്ടി യെശയ്യാ പ്രവാചകന്റെ അടുക്കൽ അയച്ചു: (യെശ, 37:2). ‘എന്റെ ദാസൻ’ എന്നു എല്യാക്കീമിനെ യഹോവ വിശേഷിപ്പിക്കുന്നു: (യെശ, 22:20). ദാവീദ് ഗൃഹത്തിന്റെ താക്കോൽ (യെശ, 22:22) രാജധാനിയിലെ അധികാരമാണ്; ദൈവഗൃഹത്തിന്റെ അധികാരമല്ല. എല്യാക്കീമിൽ മശീഹയുടെ പ്രതിരൂപം ദർശിക്കുന്ന വ്യാഖ്യാതാക്കളുണ്ട്.

എല്ദാദ്

എല്ദാദ് (Eldad)

പേരിനർത്ഥം – ദൈവം സ്നേഹിച്ചു

മരുഭൂമിയിൽവച്ച് മോശെയെ സഹായിക്കുവാൻ നിയമിക്കപ്പെട്ട എഴുപതു മൂപ്പന്മാരിൽ ഒരാൾ: (സംഖ്യാ, 11:24-29). ഈ മൂപ്പന്മാർ സമാഗമന കൂടാരത്തിന്റെ വാതിലിനുചുറ്റും കൂടി ദൈവത്തിൽനിന്നും പ്രവചനാത്മാവു പ്രാപിച്ചു. എല്ദാദ് മേദാദിനോടൊപ്പം കൂടാരത്തിൽ പോകാതെ പാളയത്തിൽ തന്നെ കഴിഞ്ഞു. എന്നാൽ അവർക്കും പ്രവചനവരം ലഭിച്ചു; അവർ പാളയത്തിൽ വച്ച് പ്രവചിച്ചു. ഈ വിവരം ഒരു ബാല്യക്കാരൻ മോശെയെ അറിയിച്ചു. അവരോടു വിലക്കണമെന്നു യോശുവ മോശയോടു പറഞ്ഞു. എന്നാൽ മോശയുടെ മറുപടി ഇപ്രകാരമായിരുന്നു. “എന്നെ വിചാരിച്ചു നീ അസൂയപ്പെടുന്നുവോ? യഹോവയുടെ ജനം ഒക്കെയും പ്രവാചകന്മാരാകയും യഹോവ തന്റെ ആത്മാവിനെ അവരുടെമേൽ പകരുകയും ചെയ്തതെങ്കിൽ കൊള്ളായിരുന്നു: (സംഖ്യാ, 11:29).

എലെയാസാർ

എലെയാസാർ (Eleazar)

പേരിനനർത്ഥം – ദൈവം സഹായി

മഹാപുരോഹിതനായ എലെയാസാർ അഹരോന്റെയും എലീശേബയുടെയും നാലു പൂത്രന്മാരിൽ മൂന്നാമൻ: (പുറ, 6:23; 28:1). എലെയാസാർ തീയേലിന്റെ മകളെ വിവാഹം കഴിച്ചു. അവർക്കു ജനിച്ച മകനാണ് ഫീനെഹാസ്: (പുറ, 6:25). നാദാബും അബീഹുവും മക്കളില്ലാതെ മരിച്ചതുകൊണ്ട് ലേവ്യരുടെ പ്രധാനിയായി എലെയാസാർ നിയമിക്കപ്പെട്ടു. എലെയാസാർ പ്രധാനപ്രഭുവും വിശുദ്ധമന്ദിരത്തിലെ കാര്യം നോക്കുന്നവരുടെ മേൽവിചാരകനും ആയിത്തീർന്നു: (ലേവ്യ, 10:1; സംഖ്യാ, 3:4,22). പിതാവായ അഹരോൻ ജിവിച്ചിരുന്ന കാലത്ത് എലെയാസാർ സഹോദരനായ ഈഥാമാരിനോടൊപ്പം പുരോഹിത ശുശ്രൂഷ ചെയ്തു. ഹോർ പർവ്വതത്തിൽ വച്ച് അഹരോൻ മരിച്ചപ്പോൾ ദൈവകല്പനയനുസരിച്ച് അഹരോന്റെ സ്ഥാനവസ്ത്രങ്ങൾ മോശെ എലെയാസറിനെ ധരിപ്പിച്ചു. അങ്ങനെ എലെയാസാർ മഹാപുരോഹിതനായിത്തീർന്നു. (സംഖ്യാ, 20:25-29). യുദ്ധപ്രാപ്തരായ യിസ്രായേൽ മക്കളുടെ എണ്ണമെടുക്കുവാൻ എലെയാസാർ മോശെയെ സഹായിച്ചു. (സംഖ്യാ, 26:1-4). യിസ്രായേല്യർക്കു ദേശം വിഭാഗിച്ചുകൊടുക്കുവാൻ മോശെ യോശുവയെയും പുരോഹിതനായ എലെയാസാറിനെയും നിയോഗിച്ചു. (സംഖ്യാ, 34:17). എലെയാസാറിന്റെ മരണം തിരുവെഴുത്തുകളിൽ രേഖപ്പെടുത്തിയിട്ടില്ല. ഏലിയുടെ കാലംവരെ മഹാപൗരോഹിത്യം എലെയാസാറിന്റെ കുടുംബത്തിൽ നിലനിന്നു. സാദോക്കിന്റെ കാലത്താണ് മഹാപൗരോഹിത്യം വീണ്ടും എലെയാസാറിന്റെ കുടുംബത്തിലേക്കു വന്നത്: (1ശമൂ, 2:27; 1ദിന, 6:8; 24:3; 1രാജാ, 2:27).