All posts by roy7

ഫീലിപ്പോസ്

ഹെരോദാ ഫീലിപ്പോസ് (Herod Philip l)

മഹാനായ ഹെരോദാവിനു മറിയമ്നെയിൽ ജനിച്ച പുത്രനാണ് ഫീലിപ്പോസ് ഒന്നാമൻ. മാതാവിൽ സംശയാലുവായ പിതാവു പുത്രനു രാജ്യാവകാശം മരണപ്പത്രത്തിൽ നല്കിയിരുന്നില്ല. തന്മൂലം അയാൾ ഒരു സ്വകാര്യ പൗരനായി ജീവിച്ചു. മരുമകളായ ഹെരോദ്യയായിരുന്നു ഭാര്യ. ഇവരുടെ ഏകപുത്രിയാണു യോഹന്നാൻ സ്നാപകന്റെ വധസന്ദർഭത്തിൽ പ്രത്യക്ഷപ്പെട്ട സലോമി. ഒടുവിൽ ഹെരോദ്യയെ തന്റെ അർദ്ധസഹോദരനായ ഹെരോദാ അന്തിപ്പാസ് വിവാഹം കഴിച്ചു. (മത്താ, 14:3; മർക്കൊ, 6:17; ലൂക്കൊ, 3:19).

അന്തിപ്പാസ്

ഹെരോദാ അന്തിപ്പാസ് (Herod Antipas)

ഭരണകാലം ബി.സി. 4–എ.ഡി. 39. അർക്കെലയൊസിന്റെ അനുജൻ. ബൈബിളിൽ ഇടപ്രഭുവായ ഹെരോദാവു എന്നറിയപ്പെടുന്നു. രാജ്യത്തിന്റെ നാലിലൊന്നു ഭാഗത്തിന്റെ ഭരണകർത്താവാണു ടെട്രാർഖ് (ഇടപ്രഭു). (ലൂക്കൊ, 3:19). ‘ആ കുറുക്കൻ’ എന്നു യേശു പറഞ്ഞതു ഹെരോദാ അന്തിപ്പാസിനെക്കുറിച്ചാണ്. (ലൂക്കൊ, 13:32). ഇയാളെ രാജാവാക്കുവാൻ പിതാവു ആഗ്രഹിച്ചിരുന്നു. എന്നാൽ പിന്നീടു തന്റെ മരണപ്പത്രം മാറ്റി അയാളെ ഗലീലിയ, പെരേയ പ്രദേശങ്ങളുടെ ഇടപഭുവാക്കി. അനന്തരം കൈസർ മരണപ്പത്രം സ്ഥിരീകരിച്ചു അന്തിപ്പാസിനെ ഇടപ്രഭു വാക്കി. ഇതിനെ സ്ഥിരീകരിക്കുന്ന നാണയം ലഭിച്ചിട്ടുണ്ട്. അറേബ്യ പെട്രായിലെ അരേതാ രാജാവിന്റെ മകളെയാണു അന്തിപ്പാസ് ആദ്യം വിവാഹം കഴിച്ചത്. തുടർന്നു തന്റെ അർദ്ധസഹോദരനായ ഫിലിപ്പോസ് ഒന്നാമന്റെ ഭാര്യ ഹെരോദ്യയെ വിവാഹം കഴിച്ചു. അങ്ങനെ ഹെരോദാവിന്റെ ചെറുമകളും അഗ്രിപ്പാ ഒന്നാമന്റെ സഹോദരിയും ഫിലിപ്പോസ് ഒന്നാമന്റെ ഭാര്യയും മരുമകളും ആയി ഹെരോദ്യ മാറി. ഈ ബന്ധത്തെ എതിർത്തതുകൊണ്ട് ഹെരോദാ അന്തിപ്പാസ് യോഹന്നാൻ സ്നാപകനെ കാരാഗൃഹത്തിൽ അടച്ചു. “എന്നാൽ ഇടപ്രഭുവായ ഹെരോദാവു സഹോദരന്റെ ഭാര്യ ഹെരോദ്യ നിമിത്തവും ഹെരോദാവു ചെയ്ത സകലദോഷങ്ങൾ നിമിത്തവും യോഹന്നാൻ അവനെ ആക്ഷേപിക്കയാൽ അതെല്ലാം ചെയ്തതു കൂടാതെ അവനെ തടവിൽ ആക്കുകയും ചെയ്തു.” (ലൂക്കൊ, 3:19,20). ഇയാളുടെ ജന്മദിനത്തിനു ഹെരോദ്യയുടെ മകൾ സലോമി പ്രഭുക്കന്മാരുടെ മുമ്പിൽ നൃത്തം ചെയ്തു. സന്തുഷ്ടനായ അന്തിപ്പാസ് അവൾക്കു എന്തു വേണമെങ്കിലും കൊടുക്കാമെന്നു വാഗ്ദാനം ചെയ്തു. ഈ അവസരം പ്രയോജനപ്പെടുത്തി ഹെരോദ്യ യോഹന്നാൻ സ്നാപകന്റെ തല ആവശ്യപ്പെട്ടു. അന്തിപ്പാസ് ഉടൻ ആളയച്ചു യോഹന്നാൻ സ്നാപകനെ വധിച്ചു തല സലോമിക്കു എത്തിച്ചുകൊടുത്തു. (മത്താ, 14:1-12; മർക്കൊ, 6:17-29; ലൂക്കൊ, 9:7-9). 

റോമാചക്രവർത്തിയായ കാളിഗുള അന്തിപ്പാസിന്റെ ഗൂഢാലോചനകളെക്കുറിച്ചു മനസ്സിലാക്കി അവനെ റോമിലേക്കു വിളിപ്പിച്ചു. ഒരു റോമൻ സൈനികോദ്യോഗസ്ഥനുമായി ഗൂഢാലോചന നടത്തിയതും പാർത്ഥ്യയിലെ രാജാവുമായി റോമിനെതിരെ കൂട്ടുകെട്ടുണ്ടാക്കിയതും 7000 പടയാളികൾക്കു ആയുധങ്ങൾ സൂക്ഷിച്ചു വച്ചതും കാളിഗുള അറിഞ്ഞു. ഇവയുടെയെല്ലാം വിവരങ്ങൾ ഹെരോദാ അഗ്രിപ്പാ ഒന്നാമൻ ചക്രവർത്തിയെ അറിയിച്ചിരുന്നു. രാജത്വത്തിനു വേണ്ടിയുള്ള അപേക്ഷയുമായിട്ടാണു അന്തിപ്പാസ് റോമിലെത്തിയതു. എന്നാൽ തനിക്കെതിരെയുള്ള തെളിവുകൾ ചകവർത്തിയുടെ മുമ്പിൽ നിഷേധിക്കുവാൻ അന്തിപ്പാസിനു കഴിഞ്ഞില്ല. അയാളെ ഇടപ്രഭു സ്ഥാനത്തു നിന്നു മാറ്റുകയും അവിടെ നിന്നു നാടുകടത്തുകയും ചെയ്തു. അന്തിപ്പാസ് സ്പെയിനിൽ വച്ചു മരിച്ചു. അയാളുടെ പ്രദേശം കൂടി അഗ്രിപ്പാവിനു നല്കി. ഹെരോദാ അന്തിപ്പാസിനെ സ്ഥാനഭ്രഷ്ടനാക്കി നാടുകടത്തുന്നതിനു ആറുവർഷം മുമ്പായിരുന്നു യേശുക്രിസ്തുവിന്റെ ക്രൂശീകരണം. യോഹന്നാൻ സ്നാപകനെ വധിച്ചതിനുശേഷം കുറ്റബോധം അയാളുടെ മനസ്സാക്ഷിയെ ഉമിത്തീയിലിട്ടു നീറ്റുകയായിരുന്നു. യേശുവിന്റെ പ്രവൃത്തികളെക്കുറിച്ചു കേട്ടപ്പോൾ താൻ ശിരശ്ചേദം ചെയ്യിച്ച യോഹന്നാൻ ഉയിർത്തെഴുന്നേറ്റതാണോ എന്നയാൾ സംശയിച്ചു. (ലൂക്കൊ, 9:7; മത്താ, 14:2). പീലാത്തോസ് യേശുവിനെ വിസ്തരിക്കുമ്പോൾ ഹെരോദാ അന്തിപ്പാസ് യെരൂശലേമിൽ ഉണ്ടായിരുന്നു. ഗലീല അന്തിപ്പാസിന്റെ അധികാരപരിധിയിൽപ്പെട്ട പ്രദേശമായിരുന്നു. അതുകൊണ്ട് യേശു ഗലീല്യൻ എന്നറിഞ്ഞപ്പോൾ പീലാത്തോസ് യേശുവിനെ അയാളുടെ അടുക്കലേക്കയച്ചു. യേശുവിനെ കണ്ടപ്പോൾ അന്തിപ്പാസിനു സന്തോഷമായി. ദീർഘകാലമായി യേശുവിനെ കാണാൻ കാത്തിരിക്കുകയായിരുന്നു. യേശു വല്ല അത്ഭുതവും പ്രവർത്തിക്കുന്നതു കാണാൻ അയാൾ ആഗ്രഹിച്ചു. അയാളുടെ ചോദ്യങ്ങൾക്കു ഉത്തരം പറയുവാൻ ക്രിസ്തു വിസ്സമ്മതിച്ചതുകൊണ്ടു യേശുവിനെ പരിഹസിച്ചു മടക്കി പീലാത്തോസിന്റെ അടുക്കലേക്കയച്ചു. അന്നു ഹെരോദാവും പീലാത്തോസും തമ്മിൽ സ്നേഹിതന്മാരായി. (ലുക്കൊ, 23:5-12; പ്രവൃ, 4:27).

അർക്കെലെയൊസ്

ഹെരോദാ അർക്കെലെയൊസ് (Herod Archelaus) 

ഭരണകാലം ബി.സി. 4–എ.ഡി. 6. മഹാനായ ഹെരോദാവിനു തന്റെ ശമര്യക്കാരി ഭാര്യ മാല്തെക്കെയിൽ ജനിച്ച് പുത്രൻ. ഹെരോദാവിന്റെ മരണശേഷം അവശേഷിച്ച മൂന്നു പുത്രന്മാരിൽ ഏറ്റവും മൂത്തവനാണു അർക്കെലയൊസ്. പിതാവിന്റെ മരണപ്പത്രം അനുസരിച്ചു അർക്കെലയൊസ് രാജാവാകേണ്ടിയിരുന്നു. അതിനെതിരെ യെഹൂദന്മാരുടെ നിവേദകസംഘം റോമിൽ പോയി ചക്രവർത്തിയോടപേക്ഷിച്ചു. റോമൻ നാടുവാഴിയുടെ കീഴിൽ ഒരു ദൈവാധിപത്യഭരണമാണ് യെഹൂദന്മാർ ആവശ്യപ്പെട്ടത്. ഹെരോദാവിന്റെ മരണപ്പത്രം വായിച്ചു നോക്കിയ ഔഗുതൊസ് കൈസർ അർക്കെലയൊസിന് എതിരെയുള്ള എതിർപ്പു കണക്കിലെടുത്തു രാജസ്ഥാനം നല്കിയില്ല. പിതാവിന്റെ രാജ്യത്തിൽ പകുതി അർക്കെലയൊസിനു നല്കി. അതിൽ ശമര്യ, യെഹൂദ്യ, ഇദൂമ്യ എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ടിരുന്നു. രാജപദവി നിഷേധിക്കപ്പെട്ടു എങ്കിലും രാജാധികാരത്തോടു കൂടിയാണു അയാൾ ഭരിച്ചത്. ഹെരോദാവിന്റെ മക്കളിൽ ഏറ്റവും ക്രൂരനും വഷളനും ആയിരുന്നു ഇയാൾ. ഒരു പെസഹാ പെരുന്നാളിന്റെ സമയത്തു മൂവായിരം യെഹൂദന്മാരെ കൊന്നു എന്നു ജൊസീഫസ് രേഖപ്പെടുത്തിയിട്ടുണ്ട്. പീഡനം ദുസ്സഹമായി തീർന്നപ്പോൾ യെഹൂദന്മാരുടെയും ശമര്യരുടെയും പ്രതിനിധികൾ റോമിൽ ചെന്നു ചക്രവർത്തിയോടു പരാതിപ്പെട്ടു. ചക്രവർത്തി അയാളെ സിംഹാസനഭ്രഷ്ടനും രാജ്യഭ്രഷ്ടനും ആക്കി. എ.ഡി. 6-ൽ ഗാളിലേക്കു നാടുകടത്തപ്പെട്ട അർക്കെലയൊസ് അവിടെ വച്ചു മരിച്ചു. തുടർന്നു അയാളുടെ പ്രദേശം ഒരു റോമൻ പ്രവിശ്യയായി. അർക്കെലയൊസ് യെഹൂദന്മാർക്ക് എതിരായിരുന്നതുകൊണ്ടു യോസേഫ് കുടുംബവുമായി യെഹൂദ്യയിലേക്കു പോകുവാൻ ഭയപ്പെട്ടു ഗലീലയിൽ താമസിച്ചു. (മത്താ, 2:22).

മഹാനായ ഹെരോദാവ്

മഹാനായ ഹെരോദാവ് (Herod the Great)

ബി.സി.167-മുതൽ 63-ൽ യെഹൂദ്യ റോമൻ പ്രവിശ്യ ആകുന്നതുവരെ യെഹൂദ ജനതയ്ക്ക് രാഷ്ട്രീയവും മതപരവുമായ നേതൃത്വം നല്കിയതു മക്കാബിയർ എന്ന പേരിലറിയപ്പെടുന്ന ഹശ്മോന്യ കുടുംബമാണ്. തുടർന്നു ആധിപത്യം ഹെരോദ് കുടുംബത്തിലമർന്നു. ഹശ്മോന്യ കുടുംബത്തെ നാമാവശേഷമാക്കിയത് മഹാനായ ഹെരോദാവാണ്. ഹെരോദാവിന്റെ പിതാവായ അന്തിപാതർ ഇദൂമ്യനായിരുന്നു. ഏശാവിന്റെ സന്തതികളായ എദോമ്യരാണ് ഇദൂമ്യർ. പലസ്തീന്റെ ദക്ഷിണഭാഗത്തുള്ള നെഗേവിൽ അവർ പാർത്തിരുന്നു. അവർ പരിച്ഛേദനം സ്വീകരിച്ചവർ ആകയാൽ യെഹൂദന്മാരുമായി വേർപാടിനു കാരണമില്ല. എന്നാൽ യെഹൂദന്മാർ ഇവരെ അർദ്ധ യെഹൂദന്മാരായി മാത്രമേ കണക്കാക്കിയിരുന്നുള്ളൂ. 

ബി.സി. 63-ൽ പോംപി (106-48) യെരുശലേം കീഴടക്കി. പന്തീരായിരം യെഹൂദന്മാരെ കൊല്ലുകയും അതിവിശുദ്ധ സ്ഥലത്തു പ്രവേശിച്ചു അതിനെ അശുദ്ധമാക്കുകയും ചെയ്തു. അരിസ്റ്റൊബുലസിനെ ബന്ധനസ്ഥനാക്കി. ഹിർക്കാനസിനു മഹാപൗരോഹിത്യം നല്കി. ബി.സി. 63-ൽ ഗലീല, ശമര്യ, യെഹൂദ്യ, പെരേയ എന്നീ ദേശങ്ങളുടെ പുരോഹിത രാജാവായി ഹിർക്കാനസ് രണ്ടാമനെ വാഴിച്ചു. ഇദൂമ്യനായ അന്തിപാതർ ആയിരുന്നു ഹിർക്കാനസിന്റെ മന്ത്രി. ബി.സി.57-ൽ ഗാബിനിയുസ് ഈ ക്രമീകരണം പരിഷ്ക്കരിക്കുകയും ഹിർക്കാനസിന്റെ അധികാരം ചുരുക്കുകയും ചെയ്തു. ബി.സി. 48-ൽ അലക്സാണ്ട്രിയയിൽ ജൂലിയസ് സീസറിനു നല്കിയ സഹായം കണക്കിലെടുത്തു ഹിർക്കാനസിനു അധികാരം മടക്കിക്കൊടുക്കുകയും അന്തിപാതറിനെ യെഹൂദ്യയിലെ ദേശാധിപതിയാക്കുകയും ചെയ്തു. മുത്തപുത്രനായ ഫസായേലിനെ യെരൂശലേമിന്റെ പ്രീഫക്ട് ആക്കുന്നതിനും രണ്ടാമത്തെ പുത്രനായ ഹെരോദാവിനെ ഗലീലയിലെ ഗവർണ്ണറാക്കുന്നതിനും അന്തിപാതർ ഹിർക്കാനസിനെ പ്രേരിപ്പിച്ചു. ബി.സി. 43-ൽ അന്തിപാതർ വധിക്കപ്പെട്ടു. അയാളുടെ സ്ഥാനം രണ്ടുമക്കൾക്കായി ലഭിച്ചു. ജൂലിയസ് സീസർ വധിക്കപ്പെട്ടതിന്റെ (ബി.സി. 44) പിറ്റെ വർഷമായിരുന്നു ഇത്. ബി.സി. 40-ൽ പാർത്ഥ്യർ പലസ്തീൻ ആക്രമിച്ചു. തുടർന്നു ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഹെരോദാവു യെരുശലേമിൽ നിന്നു രക്ഷപ്പെട്ടു റോമിലെത്തി, ഒക്റ്റേവിയനെയും (ഔഗുസ്തൊസ് കൈസർ) മാർക്ക് ആന്റണിയെയും കണ്ടു. അവരുടെ ശുപാർശപ്രകാരം റോമൻ സെനറ്റ് ഹെരോദാവിനു ‘യെഹൂദന്മാരുടെ രാജാവു’ എന്ന പദവി നല്കി. ബി.സി. 39-ൽ റോമൻ സഹായ വാഗ്ദാനത്തോടുകൂടി ഹെരോദാവു ആക്കറിൽ എത്തി പാർത്ഥ്യരുടെ പാവയായ ആന്റിഗോണസിനെ മാറ്റുവാൻ ശ്രമിച്ചു. രണ്ടുവർഷത്തെ സൈനിക തന്ത്രത്തിലൂടെ ഹെരോദാവു ബി.സി. 37-ൽ യെഹൂദ്യയിലെ സിംഹാസനത്തിൽ ഉറച്ചു. ആന്റണി ഹെരോദാവിനെ സിംഹാസനത്തിൽ വാഴിച്ചു എന്നും ഔഗുസ്തൊസ് കൈസർ അയാളുടെ ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചു എന്നും താസിത്തസ് (Tacitus) രേഖപ്പെടുത്തിയിട്ടുണ്ട്. ആന്റണിയോടു ചങ്ങാത്തത്തിലായിരുന്ന ഹെരോദാവു ആക്ടിയം യുദ്ധത്തിൽ (ബി.സി. 31) ആന്റണി തോറ്റതോടുകൂടി ഒക്ടേവിയനെ (ഔഗുസ്തൊസ് കൈസർ) അടിപണിഞ്ഞു. അനന്തരം മരിക്കുന്നതുവരെയും ഹെരോദാവു റോമിനോടുള്ള കൂറു കോട്ടം കൂടാതെ പുലർത്തി. 

ഔഗുസ്തൊസ് കൈസറുടെ കീർത്തി വർദ്ധിപ്പിക്കുവാൻ തന്നാൽ ആവുന്നതെല്ലാം ഹെരോദാവു ചെയ്തു. ശമര്യയെ പുതുക്കിപ്പണിതു സെബസ്തേ (ഔഗുസ്തൊസ്) എന്നു പേരിട്ടു. ഒരു പുതിയ തുറമുഖം നിർമ്മിച്ചു ചക്രവർത്തിയുടെ ബഹുമാനാർത്ഥം കൈസര്യ എന്നു പേരിട്ടു. മാർക്ക് ആന്റണിയുടെ പേരിൽ അന്തോണിയാ കോട്ടകെട്ടി. യെരുശലേമിലെ പടിഞ്ഞാറെ മതിലിനോടു ചേർത്തു ഒരു കൊട്ടാരം പണിതു. യവനവൽക്കരണത്തിനു പ്രാധാന്യം നല്കി. തന്റെ അധീനതയിലുണ്ടായിരുന്ന യവനായ പട്ടണങ്ങളെ അലങ്കരിച്ചു. ബി.സി. 25-ൽ ശമര്യയിലും യെഹൂദ്യയിലും ക്ഷാമം ബാധിച്ചപ്പോൾ ഈജിപ്റ്റിൽ നിന്നും ധാന്യം ഇറക്കുമതി ചെയ്തു. ഹെരോദാവിന്റെ നയപരിപാടികളുമായി ഒരിക്കലും ഇണങ്ങാത്ത യെഹൂദന്മാരെ പ്രീതിപ്പെടുത്തുവാൻ വേണ്ടി ദൈവാലയം പുതുക്കിപ്പണിതു. താനൊരു പുതിയ ദൈവാലയം പണിയുകയില്ലെന്നും നിലവിലുള്ള ദൈവാലയത്തെ ശലോമോൻ നിർമ്മിച്ച ദൈവാലയത്തിന്റെ പ്രതാപത്തിലും മഹത്വത്തിലും യഥാസ്ഥാനപ്പെടുത്തുമെന്നും ഹെരോദാവു ഉറപ്പു നല്കി. ദൈവാലയത്തിന്റെ പണിക്കു കല്ലുകൊണ്ടുവരുന്നതിനു ആയിരം വാഹനങ്ങൾ ഏർപ്പെടുത്തി. ആയിരം പുരോഹിതന്മാരെ കല്പണിക്കാരായും ആശാരിമാരായും പരിശീലിപ്പിച്ചു. ദൈവാലയത്തിനു 44.5 മീറ്റർ നീളവും 8.9 മീറർ ഉയരവുമുണ്ടായിരുന്നു. വെള്ളക്കല്ലിലായിരുന്നു നിർമ്മിതി. ദൈവാലയത്തിന്റെ പ്രധാനശില്പം ഒന്നരവർഷം കൊണ്ടും പ്രാകാരങ്ങൾ എട്ടുവർഷം കൊണ്ടും പണിതു എന്നു യെഹൂദ്യപാരമ്പര്യം പറയുന്നു. ബി.സി. 20-ൽ ആരംഭിച്ച പണി 46 വർഷം കൊണ്ടാണു തീർന്നത് എന്നു യെഹൂദന്മാർ യേശുവിനോടു പറഞ്ഞു. (യോഹ, 2:20). എ.ഡി. 64-ലാണ് ദൈവാലയത്തിന്റെ പണി പൂർത്തിയായത്. തീത്തൂസിന്റെ സൈന്യം എ.ഡി. 70 ആഗസ്റ്റ് 10, ശബ്ബത്ത് നാളിൽ ദൈവാലയം നശിപ്പിച്ചു. അതിനുശേഷം യാഗപീഠത്തിൽ യാഗങ്ങൾ അർപ്പിച്ചിട്ടില്ല. ശമര്യയിലെ ദൈവാലയവും ഹെരോദാവു പുതുക്കി പണിതു. യെരൂശലേമിലെ രാജാക്കന്മാരുടെ കല്ലറകൾക്കു മേൽ സ്മാരകശില പണിതു. അവയിലുള്ള വിലയേറിയ വസ്തുക്കൾ കൊള്ളയടിക്കുകയായിരുന്നു പിന്നിലെ ലക്ഷ്യം. 

ഇദമ്യവംശജനും യെഹൂദനും ആയിരുന്നെങ്കിലും പ്രായോഗിക ജീവിതത്തിൽ ദൈവഭയമില്ലാത്തവനും രാക്ഷസിയ സ്വഭാവമുള്ളവനുമായിരുന്നു ഹെരോദാവു. അസൂയ, വഞ്ചന, പ്രതികാരദാഹം, നിഷ്ഠൂരത എന്നിവയായിരുന്നു അയാളുടെ സ്വഭാവത്തിലെ സവിശേഷതകൾ. ഏകാധിപതിയെപ്പോലെ പ്രവർത്തിച്ചു. ഹെരോദാവിനു 10 ഭാര്യമാരുണ്ടായിരുന്നു. ഡോറിസ്, മറിയാമ്നെ, മറിയാമ്നെ II, മാല്തെക്കെ, ക്ലിയോപാട്ര, പല്ലാസ്, ഫെയ്ദ്ര, എല്പിസ്. രണ്ടു ഭാര്യമാരുടെ പേരുകൾ അറിയില്ല. പതിന്നാലു മക്കളുണ്ടായിരുന്നു. മറിയാമ്നയെ വിവാഹം ചെയ്യാൻ വേണ്ടി ഡോറിസിനെ വിവാഹമോചനം ചെയ്തു. തന്റെ ഇഷ്ടപത്നിയായിരുന്ന മറിയാമ്നയെ ചെറിയ സംശയത്തിന്റെ പേരിൽ വധിച്ചു. അവളുടെ സഹോദരനെയും അപ്പൂപ്പനെയും, അമ്മയെയും, രണ്ടു പുത്രന്മാരായ അരിസ്റ്റൊബുലസ്, അലക്സാണ്ടർ എന്നിവരെയും കൊന്നു. അതിനു കൂട്ടുനിന്ന മൂത്തമകൻ അന്തിപാതറിനെ സ്വന്തം മരണത്തിനു അഞ്ചുദിവസം മുമ്പു വധിക്കുവാൻ കല്പ്പന കൊടുത്തു. ഹെരോദാവിന്റെ പുത്രനായിരിക്കുന്നതിൽ ഭേദം അയാളുടെ പന്നിയായിരിക്കുന്നതാണെന്നു അഗസ്റ്റസ് പരിഹസിച്ചതു കുറിക്കുകൊള്ളുന്ന സത്യമായിരുന്നു. ‘യെഹൂദന്മാരുടെ രാജാവായി പിറന്നവൻ എവിടെ?’ എന്ന വിദ്വാന്മാരുടെ ചോദ്യം ഹെരോദാവിനെ കോപിഷ്ഠനാക്കിയതിൽ അത്ഭുതപ്പെടാനില്ല. ശിശുവിനെ സംബന്ധിച്ച വിവരം അറിയിക്കണമെന്നു വിദ്വാന്മാരോടു ആവശ്യപ്പെട്ടതു യേശുവിനെ നശിപ്പിക്കുവാൻ വേണ്ടിയായിരുന്നു. യേശുവിനെ നശിപ്പിക്കുന്നതിനായി ബേത്ലേഹെമിലുള്ള എല്ലാ ശിശുക്കളെയും വധിക്കുവാൻ കല്പന കൊടുത്തത് അയാളുടെ കൂരസ്വഭാവത്തിനു ഇണങ്ങിയതു തന്നെയായിരുന്നു. (മത്താ, 2:13:16). 

തന്റെ മരണത്തിൽ യെഹൂദന്മാർ സന്തോഷിക്കുമെന്നു ഹെരോദാവിന് അറിയാമായിരുന്നു. തന്മൂലം യെരൂശലേമിലെ പ്രമുഖരെ തടവിലാക്കുവാൻ കല്പന കൊടുത്തു. ഇവരെ കൊന്നതിനുശേഷം മാത്രമേ തന്റെ ചമ്മവാർത്ത പരസ്യപ്പെടുത്താവൂ എന്നു ഏറ്റവും അടുത്തവരോടു ഹെരോദാവു പറഞ്ഞു പോലും. അവരുടെ വധത്തിൽ ജനം ആത്മാർത്ഥമായി വിലപിക്കുമല്ലോ. ഈ കല്പന പ്രായോഗികമായില്ല. ഹെരോദാവിന്റെ സഹോദരിയും ഭർത്താവും ചേർന്നു അവരെയെല്ലാം മോചിപ്പിച്ചു. കൊട്ടാരത്തിലെ ഉപജാപങ്ങളും രോഗവും ഹെരോദാവിനെ വലച്ചു. ആത്മഹത്യയ്ക്കൊരു വിഫലശ്രമം നടത്തി. ബി.സി. 4-ൽ മരിച്ചു. മരണപ്പത്രം മൂന്നുപ്രാവശ്യം മാറ്റി. രാജ്യം മൂന്നു മക്കൾക്കായി വിഭജിച്ചു. യെഹൂദ്യ, ശമര്യ, ഇദൂമ്യ പ്രദേശങ്ങൾ അർക്കെലെയൊസിനും (മത്താ, 2:22), ഗലീല, പെരെയ പദേശങ്ങൾ അന്തിപ്പാസിനും, ഇതുര്യ, ത്രഖോനിത്തി പ്രദേശങ്ങൾ (ലൂക്കൊ, 3:1) ഫിലിപ്പൊസിനും നല്കി. ഹെരോദാവിന്റെ മരണപ്പത്രം അംഗീകരിച്ചു അതിൻ പ്രകാരം ഔഗുസ്തൊസ് കൈസർ അവകാശങ്ങൾ നല്കി.

സ്വർഗ്ഗം ദൈവരാജ്യം സ്വർഗ്ഗരാജ്യം

സ്വർഗ്ഗം ദൈവരാജ്യം സ്വർഗ്ഗരാജ്യം

സ്വർഗ്ഗം (Heaven): ആകാശം എന്നർത്ഥമുള്ള എബ്രായ ഗ്രീക്കുപദങ്ങൾ സ്വർഗ്ഗത്തെയും കുറിക്കും. മൂന്നാം സ്വർഗ്ഗത്തെക്കുറിച്ചു 2കൊരിന്ത്യർ 12:2-ൽ പറഞ്ഞിട്ടുണ്ട്. ഒന്നും രണ്ടും സ്വർഗ്ഗങ്ങളെ കൂടാതെ മൂന്നാം സ്വർഗ്ഗം ഉണ്ടാകുക സ്വഭാവികമല്ല. പൊതുവെയുള്ള ധാരണ അനുസരിച്ചു മൂന്നു സ്വർഗ്ഗങ്ങൾ ഇവയാണ്. ഒന്നാം സ്വർഗ്ഗം അന്തരീക്ഷമണ്ഡലമാണ്: അതു പറവകളുടെയും (ഹോശേ, 2:18), മേഘങ്ങളുടെയും (ദാനീ, 7:13) സ്ഥാനമാണ്. രണ്ടാം സ്വർഗ്ഗം നക്ഷത്രമണ്ഡലമാണ്: (ഉല്പ, 1:14-18). ദൂതന്മാരുടെ നിവാസമായി കരുതപ്പെടുന്നു. മൂന്നാം സ്വർഗ്ഗം ദൈവാധിവാസസ്ഥാനമായ സ്വർഗ്ഗാധിസ്വർഗ്ഗമാണ്. “അവരുടെ പ്രാർത്ഥന അവന്റെ വിശുദ്ധനിവാസമായ സ്വർഗ്ഗത്തിൽ എത്തുകയും ചെയ്തു. (2ദിന, 30:27). സ്വർഗ്ഗത്തിലും സ്വർഗ്ഗാധി സ്വർഗ്ഗത്തിലും നീ അടങ്ങുകയില്ലല്ലോ എന്നു ശലോമോൻ പ്രാർത്ഥിച്ചു. (2ദിന, 6:18). 

ക്രിസ്തു ബദ്ധന്മാരെ പിടിച്ചുകൊണ്ടു പോയതു സ്വർഗ്ഗാധി സ്വർഗ്ഗത്തിലേക്കാണ്. (എഫെ, 4:8-10). വിശ്വാസിയെ ഉയിർത്തെഴുന്നേല്പിച്ചു സ്വർഗ്ഗത്തിൽ ഇരുത്തി. (എഫെ, 2:17). സൽഗുണപൂർത്തി വന്നവരാണ് സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നത്. (എബ്രാ, 10:14). സ്വർഗ്ഗത്തിന്റെ പര്യായമാണ് തേജസ്സ്. (എബ്രാ, 2:10). സ്വർഗ്ഗാരോഹണത്തിൽ യേശു ആകാശങ്ങളിലൂടെ കടന്നുപോയി (എബ്രാ, 4:14), സ്വർഗ്ഗത്തെക്കാൾ ഉന്നതനായിത്തീർന്നു (എബ്രാ, 7:26), സ്വർഗ്ഗത്തിൽ മഹിമാസനത്തിന്റെ വലത്തുഭാഗത്തിരുന്നു. (എബ്രാ, 8:1; 1പത്രൊ, 3:21). പെന്തെകൊസ്തു നാളിൽ പരിശുദ്ധാത്മാവു അവരോഹണം ചെയ്തത് സ്വർഗ്ഗത്തിൽ നിന്നാണ്. 1പത്രൊ 1:12). സഭയെ ചേർക്കുന്നതിനു ക്രിസ്തു സ്വർഗ്ഗത്തിൽ നിന്നിറങ്ങി വരും. (1തെസ്സ, 4:16; ഫിലി, 3:20,21). അപ്പൊസ്തലനായ പൌലൊസ് മൂന്നാം സ്വർഗ്ഗത്തോളം എടുക്കപ്പെട്ടു. (2കൊരി, 12:2). യോഹന്നാനെ സ്വർഗ്ഗത്തിലേക്കു കയറിച്ചെല്ലുവാൻ വിളിച്ചു. (വെളി, 4:1).

ദൈവരാജ്യം (the Kingdom of God): തിരുവെഴുത്തുകളിലെ പ്രമുഖ വിഷയമാണ് ദൈവരാജ്യം. ചെങ്കടൽ കടന്നശേഷം പാടിയ പാട്ടു അവസാനിക്കുന്നതു; ‘യഹോവ എന്നും എന്നേക്കും രാജാവായി വാഴും’ (പുറ, 15:18) എന്ന വാക്കുകളോടെയാണ്. ദൈവത്തിന്റെ രാജത്വം നിത്യം മാതമല്ല, സാർവ്വത്രികവും ആണ്. “യഹോവ തന്റെ സിംഹാസനത്തെ സ്വർഗ്ഗത്തിൽ സ്ഥാപിച്ചിരിക്കുന്നു; അവന്റെ രാജത്വം സകലത്തെയും ഭരിക്കുന്നു.” (സങ്കീ, 103:19). യേശുക്രിസ്തുവിന്റെ പ്രസംഗത്തിന്റെ കേന്ദ്രവിഷയവും ദൈവരാജ്യം ആയിരുന്നു. ‘സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ’ എന്നു യോഹന്നാൻ സ്നാപകൻ പ്രസംഗിച്ചു. (മത്താ, 3:2). യേശുക്രിസ്തുവിന്റെ ശുശ്രൂഷാരംഭവും ‘കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു’ എന്ന പ്രഖ്യാപനത്തോടെ ആയിരുന്നു. (മർക്കൊ, 1:15). വെളിപ്പാടു പുസ്തകത്തിൽ ലോകരാജത്വം ക്രിസ്തുവിനു ആയിത്തീർന്നു എന്ന് പ്രഖ്യാപനം കാണാം. “എഴാമത്തെ ദൂതൻ ഊതിയപ്പോൾ ലോകരാജത്വം നമ്മുടെ കർത്താവിനും അവന്റെ ക്രിസ്തുവിനും ആയിത്തീർന്നിരിക്കുന്നു; അവൻ എന്നെന്നേക്കും വാഴും എന്നു സ്വർഗ്ഗത്തിൽ ഒരു മഹാഘോഷം ഉണ്ടായി.” (വെളി, 11:15). ക്രിസ്തുവിന്റെ വാഴ്ചയെ അവതരിപ്പിച്ചു കൊണ്ടാണു ബൈബിൾ സമാപിക്കുന്നത്. 

ക്രിസ്തുവിന്റെ ദൈവരാജ്യസംബന്ധമായ പരാമർശങ്ങൾ ഭൂമിയിൽ ഒരു ആക്ഷരിക രാജ്യസ്ഥാപനത്ത ലക്ഷ്യമാക്കിയതായി യെഹൂദന്മാരും യേശുവിന്റെ ശിഷ്യമാരും മനസ്സിലാക്കി. എന്നാൽ യേശു അപ്രകാരം കരുതിയിരുന്നില്ല എന്നും അവന്റെ പ്രസ്താവനകൾക്കു മറ്റു വ്യാഖ്യാനങ്ങൾ നല്കേണ്ടതാണെന്നും ചിലർക്കഭിപ്രായമുണ്ട്. ദൈവരാജ്യത്തിൻ്റെ സ്വഭാവത്തെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും നല്കപ്പെട്ടിട്ടുള്ള ചില വ്യാഖ്യാനങ്ങൾ പിൻവരുന്നവയാണ്. 1. ഒരുവൻ മരണാനന്തരം എത്തിച്ചേരുന്ന സ്വർഗ്ഗം അഥവാ നിത്യത ആണു ദൈവരാജ്യം. തന്മൂലം ദൈവരാജ്യത്തിനു ഭൂമിയുമായി ബന്ധമില്ല. 2. ദൈവരാജ്യം ആത്മീയമാണ്. മനുഷ്യഹൃദയങ്ങളിൽ ദൈവം വാഴുന്നതിനെ അതു സൂചിപ്പിക്കുന്നു. ഈ ചിന്താഗതി അനുസരിച്ചു ദൈവരാജ്യത്തിനു വർത്തമാനകാല പ്രസക്തിയുണ്ട്; പക്ഷേ ഭൂമിയുമായി അതിനു ബന്ധമില്ല. 3. ദൈവരാജ്യം ഭൗമികമാണ്. മാനുഷിക പരിശ്രമങ്ങളിലൂടെ നേടേണ്ട രാഷ്ട്രീയ, സാമൂഹിക ഘടന മാത്രമാണത്. 4. രാഷ്ട്രീയമണ്ഡലത്തിൽ യിസായേലിനെ ഒരു സ്വതന്ത്ര രാഷ്ട്രമായി പുന:സംഘടിപ്പിക്കുന്ന ദേശീയ പ്രസ്ഥാനമാണ്. 5. ദൃശ്യമായ സംഘടിത സഭ. ഈ വാദമനുസരിച്ചു സഭ തന്നെ ആദ്ധ്യാത്മികവും രാഷ്ട്രീയവുമായ രാജ്യമായി മാറുന്നു. 

പഴയനിയമ പ്രവചനങ്ങളുടെ വെളിച്ചത്തിൽ ദൈവിക ഭരണത്തിനു വിധേയമായ ഭൗമികരാജ്യം ഉണ്ടായിരിക്കേണ്ടതാണ്. ആ കാലത്തിന്റെ സ്ഥിതിവിശേഷങ്ങൾ ആക്ഷരികമായി വ്യാഖ്യാനിക്കാതെ ആത്മീയവത്കരിച്ചു സഭയോടോ സഭായുഗത്തോടോ ബന്ധിപ്പിക്കുന്നതു പ്രകടമായ വൈരുദ്ധ്യങ്ങൾക്കു കാരണമാകും. ദൈവരാജ്യം ചരിത്രപരവും ദാവീദിൻ്റേതും ആയ രാജ്യത്തിന്റെ തുടർച്ചയും പുനഃസ്ഥാപനവും ആണ് ദൈവം ദാവീദിനു ഒരു ശാശ്വത രാജ്യവും നിത്യ സിംഹാസനവും വാഗ്ദാനം ചെയ്തു. (1ദിന, 17:11,14; അപ്പൊ, 2:29-30). ‘എന്റെ വിശുദ്ധ പർവ്വതമായ സീയോനിൽ ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു’ എന്നു യഹോവ പ്രസ്താവിക്കുകയും ‘എന്നോടു ചോദിച്ചുകൊൾക ഞാൻ നിനക്കു ജാതികളെ അവകാശമായും ഭൂമിയുടെ ആറ്റങ്ങളെ കൈവശമായും തരും’ എന്നു മശീഹയ്ക്കു വാഗ്ദാനം നല്കുകയും ചെയ്തു. (സങ്കീ, 2:6-8). ഈ രാജ്യത്തെക്കുറിച്ചുള്ള വിശദമായ പ്രവചനങ്ങൾ ദാനീയേൽ പ്രവചനത്തിലുണ്ട്. ഭൂമിയിലെ അന്ത്യരാജ്യത്തിന്റെ കാലത്താണു ഒരിക്കലും നശിച്ചുപോകാത്ത രാജത്വം സ്ഥാപിക്കുന്നത്. ആ രാജ്യം എന്നേക്കും നിലനില്ക്കും. “ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്ക്കയും ചെയ്യും.” (ദാനീ, 2:44). “സകല വംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിനു അവനു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവൻറ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചു . പോകാത്തതും ആകുന്നു.” (ദാനീ, 7:14). അന്ത്യകാലത്തു നിലവിലുള്ള എല്ലാ രാജ്യങ്ങളെയും അതു നശിപ്പിക്കും. ആ രാജ്യം ദൈവം മനുഷ്യപുത്രനു നല്കും. (ദാനീ, 7:14). മനുഷ്യപുത്രൻ മശീഹയാണ്. മശീഹയുടെ ഭരണത്തിൻ്റെ സമഗ്രചിതം യെശയ്യാവ് 11-ൽ ഉണ്ട്. അവൻ നീതിയോടെ ഭൂമിയെ ഭരിക്കും. തുടർന്നുള്ള വർണ്ണനയിൽ കാണുന്ന ചെന്നായ്, കുഞ്ഞാടു, പുള്ളിപ്പുലി, കോലാട്ടു കുട്ടി, പശുക്കിടാവ്, ബാലസിംഹം, തടിപ്പിച്ച മൃഗം, പശു, കരടി, സിംഹം, കാള, സർപ്പം, അണലി എന്നിവയെല്ലാം ഭൂമിയിലെ ജന്തുക്കളാണ്; അല്ലാതെ, സ്വർഗ്ഗത്തിലുള്ളവ അല്ല. യേശുക്രിസ്തുവിൻ്റെ പുനരാഗമനത്തിൽ എല്ലാ വാഴ്ചയ്ക്കും അധികാരത്തിനും ശക്തിക്കും അവസാനം വരുത്തിയ ശേഷം യെഹൂദന് സ്ഥാപിച്ചുകൊടുക്കാനുള്ള രാജ്യമാണ് ദൈവരാജ്യം. (പ്രവൃ, 1:6; 1കൊരി, 15:24-28).

സ്വർഗ്ഗരാജ്യം (the Kingdom of Heaven): ദൈവരാജ്യം എന്ന അർത്ഥത്തിലാണ് സ്വർഗ്ഗരാജ്യം പ്രയോഗിച്ചിട്ടുള്ളതെന്നു പൊതുവെ കരുതപ്പെടുന്നു. മത്തായി സുവിശേഷത്തിൽ മാത്രമേ സ്വർഗ്ഗരാജ്യം എന്ന പ്രയോഗം കാണപ്പെടുന്നുള്ളു. (36 പ്രാവശ്യം). ദൈവം എന്നു പ്രയോഗിക്കുന്നതു ദൈവനാമം വ്യഥാ എടുക്കുന്നതിനു തുല്യമായി കരുതി പകരം സ്വർഗ്ഗം എന്ന പദം പ്രയോഗിച്ചു എന്നാണു പലരുടെയും ധാരണ. എന്നാൽ മത്തായി സുവിശേഷത്തിൽ തന്നെ ദൈവരാജ്യം എന്ന പ്രയോഗം ഉണ്ട്. (6:33; 12:28; 19:24; 21:31,41). സ്വർഗ്ഗരാജ്യത്തിന്റെ മർമ്മങ്ങൾ ക്രിസ്തു ഉപമകളിലൂടെ വെളിപ്പെടുത്തി. സ്വർഗ്ഗരാജ്യം ആത്മിക രാജ്യമല്ല. വീണ്ടും ജനിച്ചവർ മാത്രമാണ് ആത്മിക രാജ്യത്തിലുള്ളത്. സ്വർഗ്ഗരാജ്യത്തിൽ വീണ്ടും ജനിച്ചവരും വീണ്ടും ജനിക്കാത്തവരുമുണ്ട്. കോതമ്പിന്റെയും കളകളുടെയും ഉപമ, വീശുവലയുടെ ഉപമ എന്നിവ അതു വ്യക്തമാക്കുന്നു. സ്വർഗ്ഗരാജ്യം നിത്യരാജ്യമല്ല. ക്രിസ്തുവിന്റെ ഒന്നും രണ്ടും വരവുകൾക്കിടയിലുള്ള കാലയളവാണു അതെന്നു സ്വർഗ്ഗരാജ്യത്തിന്റെ ഉപമകൾ ചൂണ്ടിക്കാണിക്കുന്നു. 

സമവീക്ഷണ സുവിശേഷങ്ങളിൽ സ്വർഗ്ഗരാജ്യവും ദൈവരാജ്യവും സമാനങ്ങളെന്നു കാണിക്കുന്ന സമാന്തരഭാഗങ്ങളുണ്ട്: മത്തായി 4:17– മർക്കൊസ് 1:15; മത്തായി 10:3– ലൂക്കൊ,സ് 9:2; മത്തായി 11:11– ലൂക്കൊസ് 7:28; മത്തായി 11:12-ലൂക്കൊസ് 16:16; മത്തായി 13:11–മർക്കൊസ് 4:11; ലൂക്കൊസ് 8:10; മത്തായി 13:31-മർക്കൊസ് 4:11,20. ഇവ സമാനങ്ങളാണെന്നല്ലാതെ അഭിന്നങ്ങളാണെന്നു പറയുക സാദ്ധ്യമല്ല. ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനു വീണ്ടും ജനനം ആവശ്യമുണ്ട്. ദൈവരാജ്യത്തിൽ അവിശ്വാസികൾ ആരുമില്ല. എന്നാൽ സ്വർഗ്ഗരാജ്യത്തിൽ വിശ്വാസികളും അവിശ്വാസികളും നീതിമാന്മാരും ദുഷ്ടന്മാരും ഉണ്ടു.

സ്വർഗ്ഗം ദൈവരാജ്യം സ്വർഗ്ഗരാജ്യം: സ്വർഗ്ഗവും സ്വർഗ്ഗരാജ്യവും ദൈവരാജ്യവും അഭിന്നങ്ങളാണെന്ന് കരുതുന്നവരാണ് അനേകരും. സ്വർഗ്ഗം അനാദിനിത്യത മുതൽക്കേ നിലവിലുള്ളതായ ദൈവത്തിന്റെ വാസസ്ഥലവും, സ്വർഗ്ഗരാജ്യം യേശുക്രിസ്തു തന്റെ ക്രൂശുമരണത്താൽ ഭൂമിയിൽ സ്ഥാപിച്ച സഭയും, ദൈവരാജ്യം മഹോപദ്രവകാലാനന്തരം യേശുക്രിസ്തു എതിർക്രിസ്തുവിനെ തോല്പിച്ചിട്ട് ഭൂമിയിൽ സ്ഥാപിക്കുവാനിരിക്കുന്ന ദൈവാധിപത്യ രാജ്യവുമാണ്. പുതിയനിയമത്തിൽ 72 പ്രാവശ്യം ദൈവരാജ്യം എന്ന പ്രയോഗം ഉണ്ട്. മത്തായി സുവിശേഷത്തിൽ മാത്രം സ്വർഗ്ഗരാജ്യം എന്ന പ്രയോഗം (36 പ്രാവശ്യം) കാണപ്പെടുന്നു. സ്വർഗ്ഗരാജ്യത്തിൻ്റെ അഥവാ സഭയുടെ താക്കോലാണ് യേശു പത്രൊസിനെ ഏല്പിച്ചത്: (മത്താ, 16:19). ഭൂമിയിൽ കെട്ടുവാനും അഴിക്കുവാനുമുള്ള അധികാരം കർതാവ് മറ്റു ശിഷ്യന്മാർക്കും നല്കിയിരുന്നു: (മത്താ,18:18). എന്നാൽ താക്കോൽ പത്രൊസിനു മാത്രമാണ് നല്കിയത്. താക്കോൽ വിശേഷാധികാരത്തെയാണ് കാണിക്കുന്നത്. പത്രൊസ് ആ താക്കോൽ അഥവാ അധികാരം ഉപയോഗിച്ചാണ് യെഹൂദന്മാർക്കും (പ്രവൃ, 2:14-41) ശമര്യർക്കും (പ്രവൃ, 8:14-17) ജാതികൾക്കും (പ്രവൃ, 10:1-48) ദൈവസഭയിലേക്ക് പ്രവേശനം നല്കിയത്. യെഹൂദനും ശമര്യനും ജാതീയനായ കൊർന്നേല്യൊസും ഭൂമിയിലുള്ള സകല ജാതികളെയും (മനുഷ്യരേയും) പ്രതിനിധീകരിക്കുകയാണ്. അതിനാൽ ക്രിസ്തു സ്വന്തരക്തത്താൽ സ്ഥാപിച്ച തൻ്റെ സഭയാണ് സ്വർഗ്ഗരാജ്യമെന്ന് മനസ്സിലാക്കാം.

താരതമ്യം: ദൈവരാജ്യം സ്വർഗ്ഗരാജ്യം; ദൈവരാജ്യത്തിന്റെ താക്കോൽ ക്രിസ്തുവിൻ്റെ കയ്യിലാണുള്ളത്. (യെശ, 22:22, വെളി, 3:7). <×> സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ യേശുക്രിസ്തു പത്രൊസിനെ ഏല്പിച്ചു. (മത്താ, 16:19).

ദൈവരാജ്യസ്ഥാപനം ഭാവികമാണ്. (മത്താ, 13: 43; ലൂക്കൊ, 13:29). <×> സ്വർഗ്ഗരാജ്യം സ്ഥാപിതമായി. (അപ്പൊ, 2:1-3).

ദൈവരാജ്യത്തിൽ സമ്പത്തിൽ ആശ്രയിക്കുന്നവർ  കടക്കയില്ല. (മത്താ, 19:22-24, മർക്കൊ, 10:23-25, ലൂക്കൊ, 18:22-25). <×> സ്വർഗ്ഗരാജ്യത്ത് ലോകത്തെയും ധനത്തെയും ആശ്രയിക്കുന്നവർ ഉണ്ട്. (മത്താ, 13:22).

ദൈവരാജ്യത്തിൽ പൂർവ്വപിതാക്കന്മാരും, പ്രവാചകന്മാരും, വിശുദ്ധന്മാരും ഉണ്ടാകും. (ലൂക്കൊ, 13:28,29). <×> സ്വർഗ്ഗരാജ്യത്തിൽ പഴയനിയമ വിശുദ്ധന്മാർ ആരുമില്ല. 

ദൈവരാജ്യം നിത്യമായിരിക്കും. (ലൂക്കൊ, 1:33, 2കൊരി, 5:1, 2പത്രൊ, 1:11). <×> സ്വർഗ്ഗരാജ്യത്തിന് ലോകാവസാനം എന്നൊരു പരിധിയുണ്ട്. (മത്താ, 13:40,49).

ദൈവരാജ്യപ്രവേശനത്തിന് വീണ്ടുംജനനം ആവശ്യമാണ്. (യോഹ, 3:3,5). <×> സ്വർഗ്ഗരാജ്യത്തിൽ വീണ്ടും ജനനം പ്രാപിക്കാത്തവരുമുണ്ടാകും. (മത്താ, 13:19-23).

ദൈവരാജ്യത്തിൽ അനേകം കഷ്ടങ്ങളിൽ കൂടിയാണ് കടക്കുന്നത്. (അപ്പൊ, 14:22). <×> സ്വർഗ്ഗരാജ്യം സ്ഥാപിക്കുവാൻ ക്രിസ്തുവാണ് കഷ്ടമേറ്റത്. (എബ്രാ, 2:18, 1പത്രൊ, 4:1).

ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല; നീതിയും സമാധാനവും പരിശുദ്ധാത്മവിൽ സന്തോഷവുമാണ്. (റോമ, 14:17). <×> സ്വർഗ്ഗരാജ്യത്തിൽ ഭക്ഷണവും പാനീയവുമുണ്ട്; അനീതിയും അസമാധാനവും അസന്തോഷവുമുണ്ട്. 

ദൈവരാജ്യം വചത്തിലല്ല ശക്തിയിലാണ് നിലനില്ക്കുന്നത്. (1കൊരി, 4:20). <×> സ്വർഗ്ഗരാജ്യം ദൈവത്തിന്റെ വചനത്തിലാണ് നിലനില്ക്കുന്നത്. (അപ്പൊ, 4:4, റോമ, 10:17)

ദൈവരാജ്യത്തിൽ അന്യായം പ്രവർത്തിക്കുന്നവർ ഉണ്ടാകുകയില്ല. (1കൊരി, 6:9-0, എഫെ, 5:5). <×> സ്വർഗ്ഗരാജ്യത്തിൽ അന്യായം പ്രവർത്തിക്കുന്നവരും ഉണ്ട്. (1കൊരി, 5:11).

ദൈവരാജ്യത്തിൽ തേജസ്കരിക്കപ്പെട്ട ശരീരമായിരിക്കും. (1കൊരി, 15:49, മത്താ, 13:43, 17:2, മർക്കൊ, 9:3, ലൂക്കോ, 9:29). <×> സ്വർഗ്ഗരാജ്യത്തിൽ എല്ലാവരും ഭൌതിക ശരീരത്തിലാണ്. 

ദൈവരാജ്യം മാംസരക്തങ്ങൾക്ക് അവകാശമാക്കാൻ കഴിയില്ല. (1കൊരി, 15:50). <×> സ്വർഗ്ഗരാജ്യം മാംസരക്തങ്ങൾക്കുള്ളതാണ്. 

ദൈവരാജ്യം ജഡത്തിൽ ദുഷ്പ്രവൃത്തിൾ ചെയ്യുന്നവർ അവകാശമാക്കുകയില്ല. (ഗലാ, 5:19-21), <×> സ്വർഗ്ഗരാജ്യത്തിൽ ദുഷ്പ്രവൃത്തിക്കാരുമുണ്ടാകും.

ദൈവരാജ്യത്തിൽ പിശാച് ഉണ്ടായിരിക്കില്ല. (വെളി, 20:10, 21:1). <×> സ്വർഗ്ഗരാജ്യത്തിൽ പിശാച് ഉണ്ടായിരിക്കും (യോഹ, 12:31, 1പത്രൊ, 5:8).

സ്നാനം

സ്നാനം (Baptism)

ക്രൈസ്തവ അനുഷ്ഠാനങ്ങളിൽ ഒന്നാണ് സ്നാനം. ‘ബാപ്റ്റിസമൊസ്’ എന്ന ഗ്രീക്കു വാക്കിന്റെ തർജ്ജമയാണ് സ്നാനം. ‘ബാപ്റ്റിസോ’ എന്ന ക്രിയാധാതുവിനു മുക്കുക, മുങ്ങുക എന്നീ അർത്ഥങ്ങളുണ്ട്. എന്നാൽ ഈ അർത്ഥം പ്രാഥമികമല്ലെന്നു കരുതുന്നവരുണ്ട്. യെഹൂദന്മാരുടെ ഇടയിൽ ആചാരപരമായ ശുദ്ധീകരണം അഥവാ കഴുകൽ നിലവിലിരുന്നു. പുരോഹിതന്മാർ മാത്രമല്ല വസ്ത്രങ്ങൾ, ഉപകരണങ്ങൾ തുടങ്ങിയവയും ശുദ്ധീകരണത്തിനു വിധേയമായിരുന്നു. (പുറ, 19:10-14; ലേവ്യ, 8:6; മർക്കൊ, 7:3-4; എബ്രാ, 910). 

വിവിധസ്നാനങ്ങൾ

  1. ആത്മസ്നാനം: (1കൊരി, 12:13)
  2. വിശ്വാസസ്നാനം: (മർക്കൊ, 16:16)
  3. മാനസാന്തരസ്നാനം: (മർക്കൊ, 1:4)
  4. പുനർജ്ജനനസ്നാനം: (തീത്തൊ, 3:6)
  5. വചനത്തോടുകൂടിയ ജലസ്നാനം: (എഫെ, 5:26)
  6. മരിച്ചവർക്കു വേണ്ടിയുള്ള സ്നാനം: (1കൊരി, 15:29)
  7. യിസ്രായേല്യരുടെ സമുദ്രസ്നാനം: (1കൊരി, 10:2)
  8. യെഹൂദന്മാരുടെ ആചാരപരമായ സ്നാനം: (മർക്കൊ, 7:4; ലൂക്കൊ, 11:38)
  9. തീയിലുള്ള സ്നാനം: (മത്താ, 3:11)
  10. ക്രിസ്തു യോഹന്നാനാൽ ഏറ്റ സ്നാനം: (മത്താ, 3:15)
  11. ക്രിസ്തുവിൻ്റെ മരണപുനരുത്ഥാനങ്ങൾ ആകുന്ന സ്നാനം: (മർക്കൊ, 10:38,39; ലൂക്കൊ, 12:50. ഒ.നോ: മത്താ, 20:22; 26:39; മർക്കൊ, 14:35,36; ലൂക്കൊ, 22:42; യോഹ, 18:11)

യോഹന്നാൻ നല്കിയ സ്നാനം: യോഹന്നാൻ സ്നാപകൻ നല്കിയ സ്നാനം ക്രൈസ്തവമായിരുന്നില്ല, പ്രത്യുത യെഹൂദ്യമായിരുന്നു. അതു മാനസാന്തര സ്നാനമായിരുന്നു. യേശുക്രിസ്തുവിന്റെ ആഗമനം ആസന്നമായിരുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രസ്തുത സ്നാനം. യോഹന്നാൻ സ്നാപകൻ കർത്താവിനു വഴി ഒരുക്കുകയായിരുന്നു. അനുതപിച്ചു പാപം ഏറ്റുപറഞ്ഞവരെ അദ്ദേഹം സ്നാനപ്പെടുത്തി. എഫെസൊസിൽ വച്ചു പൗലൊസ് കണ്ട ശിഷ്യന്മാർ പരിശുദ്ധാത്മാവു പ്രാപിച്ചിരുന്നില്ല. (പ്രവൃ, 19;1-7). അവർക്കു ലഭിച്ചിരുന്ന സ്നാനം യോഹന്നാന്റേതായിരുന്നു. ആ വേദഭാഗത്തെ വിഷയം ക്രൈസ്തവസ്നാനത്തിൻ്റെ ശ്രേഷ്ഠതയാണ്. അപ്പൊല്ലോസിൽ നിന്നാണ് അവർ സുവിശേഷം കേട്ടത്. അലക്സാന്ത്രിയക്കാരനായ അവൻ തിരുവെഴുത്തുകളിൽ സാമർത്ഥ്യമുള്ളവനും കർത്താവിൻ്റെ മാർഗ്ഗത്തിൽ ഉപദേശം ലഭിച്ചവനും ആത്മാവിൽ എരിവുള്ളവനും യേശുവിൻ്റെ വസ്തുത സൂക്ഷ്മമായി പ്രസ്താവിക്കുകയും ഉപദേശിക്കുകയും ചെയ്തിരുന്നുവെങ്കിലും ക്രൈസ്തവസ്നാനത്തെക്കുറിച്ചു അജ്ഞനായിരുന്നു. അവൻ യോഹന്നാൻ്റെ സ്നാനത്തെക്കുറിച്ചു മാത്രമാണ് അറിഞ്ഞിരുന്നത്: (പ്രവൃ, 18:24,25). അവനിൽ നിന്നു സുവിശേഷം കേൾക്കുകയും യോഹന്നാൻ്റെ സ്നാനമേല്ക്കുകയും ചെയ്തവരാണ് എഫെസൊസിലെ ശിഷ്യന്മാർ. അതിനാൽ ആത്മാവിൻ്റെ അനുഭവമോ, കൃപാവരങ്ങളോ അവർക്കു ലഭിച്ചിരുന്നില്ല. യോഹന്നാൻ കഴിപ്പിച്ച സ്നാനവും യേശുവിൻ്റെ നാമത്തിലുള്ള സ്നാനവും തമ്മിലുള്ള വ്യത്യാസം അവരെ ബോധ്യപ്പെടുത്തിയപ്പോൾ, അവർ യേശുവിൻ്റെ നാമത്തിൽ സ്നാനമേല്ക്കുകയും, പരിശുദ്ധാത്മാവ് വന്നിട്ട് അന്യഭാഷകളിൽ സംസാരിക്കുകയും പ്രവചിക്കുകയും ചെയ്തു: (പ്രവൃ, 19:3-6).

യേശുവിന്റെ സ്നാനം: യേശുക്രിസ്തു യോഹന്നാനാൽ സ്നാനം ഏറ്റു. ഈ സ്നാനം നിസ്തുല്യമായിരുന്നു. ഉദ്ദേശ്യത്തിലും ലക്ഷ്യത്തിലും ക്രിസ്തുവിന്റെ സ്നാനത്തിനു മറ്റു സ്നാനങ്ങളോടൊരു ബന്ധവും ഇല്ല. പാപം ഏറ്റുപറഞ്ഞു മാനസാന്തരപ്പെട്ടവരെയാണ് യോഹന്നാൻ സ്നാനപ്പെടുത്തിയത്. എന്നാൽ യേശുവിനൊരിക്കലും പാപം ഏറ്റുപറയേണ്ടതായി വന്നിട്ടില്ല. പാപം എന്തെന്നറിഞ്ഞിട്ടില്ലാത്ത പരിശുദ്ധനാണ് ക്രിസ്തു: (2കൊരി, 5:21). ക്രിസ്തു തന്നെ തന്റെ സ്നാനത്തിന്റെ അർത്ഥം വെളിപ്പെടുത്തി: “ഇങ്ങനെ സകല നീതിയും നിവർത്തിക്കുന്നതു നമുക്കു ഉചിതം.” (മത്താ, 3:15). അനുഷ്ഠാനപരമായ നീതിയാണിവിടെ വിവക്ഷിതം. മശീഹയുടെ ദൗത്യത്തിലേക്കു പരസ്യമായി പ്രവേശിക്കുന്നതിന്റെ അടയാളമായിട്ടാണ് ക്രിസ്തു സ്നാനം സ്വീകരിച്ചത്. മനുഷ്യരെ വീണ്ടെടുക്കുന്നതിനായി സ്വയമർപ്പിച്ചുകൊണ്ടു ക്രിസ്തു മഹാപുരോഹിതനായി തീർന്നു. മോശീയ ന്യായപ്രമാണത്തിനു പൂർണ്ണമായി വിധേയപ്പെട്ടുകൊണ്ടു ആ നീതി നിവർത്തിച്ചു. മുപ്പതുവയസ്സായ പുരോഹിതന്മാരെ പ്രതിഷ്ഠിക്കേണ്ടതാണ്. (സംഖ്യാ, 4:2; ലൂക്കൊ, 3:23). ഈ പ്രതിഷ്ഠയുടെ ആദ്യപടി കഴുകൽ അഥവാ സ്നാനമാണ്. യേശു സ്നാനപ്പെട്ടു കഴിഞ്ഞപ്പോൾ സ്വർഗം തുറക്കുകയും പരിശുദ്ധാത്മാവു ദേഹരൂപത്തിൽ പ്രാവെന്നപോലെ തന്റെ മേൽ വന്നു ആവസിക്കുകയും ചെയ്തു. ഇങ്ങനെ നിത്യപുരോഹിതനായി യേശു പിതാവിനാൽ നിയമിക്കപ്പെട്ടു. 

ക്രിസ്തീയ സ്നാനത്തിന്റെ പ്രത്യേകത: വീണ്ടെടുക്കപ്പെട്ട വ്യക്തിയുടെ ആത്മാവു ക്രിസ്തുവിനോടു ചേർന്നു എന്നതിന്റെ ബാഹ്യ അടയാളമാണ് ക്രിസ്തീയ സ്നാനം. ദൈവം വാഗ്ദാനം ചെയ്ത രക്ഷയുടെ നിവൃത്തിയായിരുന്നു ക്രിസ്തുവിന്റെ ആഗമനം. ക്രിസ്തുയേശുവിലെ വിശ്വാസത്താൽ ഈ രക്ഷയിൽ പങ്കാളിയാകുന്നതിനെ ചൂണ്ടിക്കാണിക്കുകയാണ് ക്രിസ്തു വ്യവസ്ഥാപനം ചെയ്ത സ്നാനം. ക്രിസ്തു നല്കിയ മഹാനിയോഗമനുസരിച്ചാണ് അപ്പൊസ്തലന്മാർ സ്നാനം നല്കിയതും, സഭ ഇന്നും അതു അനുവർത്തിക്കുന്നതും. (മത്താ, 28:19,20;  മർക്കൊ, 16:15,16). മഹാനിയോഗത്തോടൊപ്പം ക്രിസ്തു നല്കിയ വാഗ്ദത്തമാണ് “ഞാനോ യുഗാന്ത്യം വരെയും എപ്പോഴും നിങ്ങളോടു കൂടെ ഉണ്ടായിരിക്കും” എന്നത്. അപ്പൊസ്തലന്മാർ യുഗാവസാനംവരെ ജീവിച്ചിരുന്നില്ല. എന്നാൽ സഭ യുഗാവസാനംവരെ ഭൂമിയിൽ ഉണ്ടായിരിക്കും. സഭയുടെ പ്രതിനിധികൾ എന്ന നിലയ്ക്കാണ് കർത്താവ് ഈ കല്പന ശിഷ്യന്മാർക്കു നല്കിയത്. അതിനാൽ കർത്താവിന്റെ വരവുവരെയും തുടരേണ്ട അനുഷ്ഠാനമാണ് സ്നാനം കഴിപ്പിക്കൽ. 

അപ്പൊസ്തലന്മാരുടെ ദൃഷ്ടിയിൽ സ്നാനം നിർബന്ധവും വിശ്വാസത്തെ പിൻതുടരുന്നതുമായിരുന്നു. സ്നാനം ഏല്ക്കാത്ത വിശ്വാസിയെക്കുറിച്ചുള്ള ചിന്തപോലും പുതിയ നിയമത്തിനു അന്യമായിരുന്നു. പെന്തെക്കൊസ്തു നാളിൽ പതൊസ് ആവശ്യപ്പെട്ടതു തന്നെ, “നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിനായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ” എന്നത്രേ. (പ്രവൃ, 2:38). ആദിമ സഭയിൽ സ്നാനം സാർവ്വത്രികമായിരുന്നു. (പ്രവൃ, 8:12, 8:38; 9:18; 10:47; 16:14,15,33; 18:8; 19:5). സുവിശേഷം കൂടാതെ സ്നാനം നിരർത്ഥകമാണ്. താൻ വളരെ കുറച്ചു പേരെ മാത്രമേ സ്നാനപ്പെടുത്തിയുള്ളൂ എന്ന പൗലൊസിന്റ പ്രസ്താവന ഇതിന്റെ വെളിച്ചത്തിലാണ് മനസ്സിലാക്കേണ്ടതുണ്ട്. ആ പ്രസ്താവന ഒരിക്കലും സാനാനത്തിന്റെ അനിവാര്യതയെ നിഷേധിക്കുന്നില്ല. (1കൊരി, 1:14-17). സുവിശേഷം പ്രസംഗിക്കുവാൻ ക്രിസ്തുവിൽ നിന്നും പ്രത്യേകം നിയോഗം പ്രാപിച്ച അപ്പൊസ്തലനായിരുന്നു പൗലൊസ്. പ്രസ്തുത നിയോഗത്തിന്റെ ഭാഗമായിരുന്നില്ല സ്നാനം. സ്നാനം നല്കുന്നതു യേശുവിന്റെ നാമത്തിലാണ്. അതിനാൽ കർത്താവിനെ അറിയുന്ന ഏതു  വിശ്വാസിക്കും സ്നാനം നല്കാവുന്നതേ ഉള്ളു. 

സ്നാനത്തിന്റെ അർത്ഥം: ക്രിസ്തുവിനോടു ഏകീഭവിക്കുന്നതിന്റെ ബാഹ്യ അടയാളമാണ് സ്നാനം. സ്നാനം സ്വീകരിക്കുന്ന വ്യക്തിയുടെ മേൽ യേശുവിന്റെ നാമം പ്രസ്താവിക്കപ്പെടുക മാത്രമല്ല, സ്ഥാനാർത്ഥിയും കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നു. (പ്രവൃ, 22:16; റോമ, 10:9,10). ക്രിസ്തുവിനോടുള്ള ഏകീഭാവത്തിന്റെ ആദ്യപടിയാണ് പാപം കഴുകിക്കളയൽ. (എബ്രാ, 10:22; 1കൊരി, 6:11; പ്രവൃ, 22:16). ഒരു വിശ്വാസി തന്റെ പഴയ ആളത്തം മരിച്ചു പുതിയ ആളത്തം സ്വീകരിച്ചു പുതിയ സൃഷ്ടിയായി മാറി എന്നു വെളിപ്പെടുത്തുകയാണ് സ്നാനത്തിൽ. ക്രിസ്തുവിന്റെ മരണത്തിൽ പങ്കാളികളാവുകയും ക്രിസ്തുവിനോടുകൂടെ അടക്കപ്പെടുകയും ക്രിസ്തുവിനോടു കുടെ ഉയിർക്കുകയും ചെയ്ത്, ക്രിസ്തുവിനോടു ചേരുകയും ക്രിസ്തുവിനെ ധരിക്കയും ചെയ്യുന്നതിനെ സ്നാനം ചൂണ്ടിക്കാണിക്കുന്നു. (റോമ, 6:3-5; കൊലൊ, 2:12; ഗലാ, 3:27). നോഹയുടെ പെട്ടകം ന്യായവിധിയുടെ പ്രളയജലത്തിലൂടെ കടന്നുപോയതു സ്നാനത്തിന്റെ സാദൃശ്യമായി പത്രൊസ് അപ്പൊസ്തലൻ ചൂണ്ടിക്കാണിക്കുന്നു. (1പത്രൊ, 3:20). ക്രിസ്തുവിനോടുള്ള ഏകീഭാവം സഭയോടുള്ള ഏകീഭാവത്തെ കാണിക്കുന്നു; കാരണം സഭ ക്രിസ്തുവിന്റെ ശരീരം തന്നെയാണ്. ശരീരത്തോടു ചേരാതെ ഒരിക്കലും തലയോടു ചേരുക സാദ്ധ്യമല്ല. (1കൊരി, 12:12,13; പ്രവൃ, 2:41). 

സ്നാനപ്പെടുന്നതു എപ്പോൾ?: വിശ്വാസം ഏറ്റുപറയുന്ന സമയത്തു സ്ഥാനപ്പെടുന്നതായാണ് അപ്പൊസ്തലപ്രവൃത്തികളിൽ നാം കാണുന്നത്. കേൾക്കുക, വിശ്വസിക്കുക, സ്നാനപ്പെടുക എന്നതാണു പുതിയനിയമ മാതൃക. (പ്രവൃ, 2:41; 8:12, 36-38). പൗലൊസിന്റെ സ്നാനം (പ്രവൃ, 9:18), കൊർന്നേല്യൊസിന്റെയും ചാർച്ചക്കാരുടെയും സ്നാനം (പ്രവൃ, 10:44-48) ലുദിയയുടെയും കുടുംബത്തിന്റെയും സ്നാനം (പ്രവൃ, 16:14,15), കാരാഗൃഹ പ്രമാണിയുടെയും കുടുംബത്തിന്റെയും സ്നാനം (പ്രവൃ, 16:32,33), ക്രിസ്പൊസിന്റെയും കുടുംബത്തിന്റെയും, അനേകം കൊരിന്ത്യരുടെയും സ്നാനം (പ്രവൃ,18:8), എഫെസൊസിലെ വിശ്വാസികളുടെ സ്നാനം (പ്രവൃ, 19:4,5) എന്നിവയും നോക്കുക.

സ്നാനം ഏല്ക്കേണ്ട നാമം: രക്ഷിക്കപ്പെട്ട വ്യക്തി യേശുക്രിസ്തുവിൻ്റെ നാമത്തിലാണ് ജലസ്നാനം സ്വീകരിക്കേണ്ടത്: പിതാവിൻ്റെ നാമവും (യോഹ, 5:43; 17:11,12) പുത്രൻ്റെ നാമവും (മത്താ, 1:21) പരിശുദ്ധാത്മാവിൻ്റെ നാമവും (യോഹ, 14:26) യേശുക്രിസ്തു എന്നാകുന്നു. പഴയനിയമം അഥവാ ന്യായപ്രമാണം നല്കുന്നതിനു മുന്നോടിയായാണ് ദൈവം തൻ്റെ യഹോവയെന്ന നാമം മോശെയ്ക്ക് വെളിപ്പെടുത്തിയത്. (പുറ, 3;14,15). അതിനുമുമ്പൊരിക്കലും അഥവാ പൂർവ്വപിതാക്കന്മാർക്ക് ആ നാമം വെളിപ്പെടുത്തിയിരുന്നില്ല. (പുറ, 6:3). അതുപോലെ, പുതിയനിയമം സ്ഥാപിക്കുന്നതിനു മുന്നോടിയായാണ് ജീവനുള്ള ദൈവമായ യഹോയുടെ പ്രത്യക്ഷതയായ മനുഷ്യനു യെഹോശൂവാ അഥവാ യേശു എന്ന പേർ നല്കിയത്. (മത്താ, 1:21; 1തിമൊ, 3:14-16). പ്രവചനംപോലെ ക്രിസ്തുവിൻ്റെ രക്തത്താൽ ഒരു പുതിയനിയമം സ്ഥാപിതമായപ്പോൾ, പിതാവ് പുത്രൻ പരിശുദ്ധാത്മാവെന്ന ഏകസത്യദൈവത്തിൻ്റെ നാമം യേശുക്രിസ്തു എന്നായി. (യിരെ, 31:31-34; ലൂക്കൊ, 22:20; എബ്രാ, 8:8-13; മത്താ, 28:19). പിതൃപുത്രാത്മാവ് വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ…! പിതാവിന്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ എന്നു പറയാതെ, നാമങ്ങളിൽ എന്നു പറയുമായിരുന്നു: (മത്താ, 28:19). വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ…! ‘പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമം’ എന്ന വാക്യാംശം വ്യാകരണനിയമപ്രകാരം അബദ്ധമായി മാറുമായിരുന്നു: (മത്താ, 28:19). വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ…! സ്നാനം കഴിപ്പിക്കാൻ പറഞ്ഞശേഷം, “ഞാനോ എന്നല്ല ഞങ്ങളോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു” എന്നു ക്രിസ്തു പറയുമായിരുന്നു: (മത്താ, 28:19). വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ…! ആദാമിനെ വരുവാനുള്ളവൻ അഥവാ ക്രിസ്തുവിൻ്റെ പ്രതിരൂപമെന്നു പറയാതെ, പിതൃപുത്രാത്മാവിൻ്റെ പ്രതിരൂപമെന്നു പറയുമായിരുന്നു: (റോമ, 5:14). വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ…! “ഈ പാറമേൽ ഞാൻ എൻ്റെ സഭയെ പണിയും എന്നല്ല ഞങ്ങൾ ഞങ്ങളുടെ സഭയെ പണിയും” എന്നു ക്രിസ്തു പറയുമായിരുന്നു: (മത്താ, 16:18). വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ…! യേശു മാത്രം പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കാതെ, പിതാവും പുത്രനുകൂടീ ആത്മസ്നാനം നല്കുമായിരുന്നു: (മത്താ,3:11). വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ…! ശിഷ്യന്മാർ ക്രിസ്തുവിൻ്റെ മാത്രം സാക്ഷികളാകാതെ, പിതൃപുത്രാത്മാവിൻ്റെ സാക്ഷികളാകുമായിരുന്നു: (പ്രവൃ, 1:8). വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ…! അപ്പൊസ്തലന്മാർ യേശുക്രിസ്തുവെന്ന ഏകനാമത്തിൽ സ്നാനം കഴിപ്പിക്കില്ലായിരുന്നു: (പ്രവൃ, 2:38; 8:16; 10:48; 19:5: 22:16). വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ…! വിശ്വാസികൾ ക്രിസ്തുവെന്ന ഏകനോട് മാത്രം ചേരാതെ; പിതൃപുത്രാത്മാവിനോടു കൂടെ ചേരുമായിരുന്നു: (റോമ, 6:3; ഗലാ, 3:27). വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ…! വിശ്വാസികൾ ക്രിസ്തുവെന്ന ഏകനെ മാത്രം ധരിക്കാതെ, പിതൃപുത്രാത്മാവിനെ ധരിക്കുമായിരുന്നു: (ഗലാ, 3:27). വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ…! വിശ്വാസികൾ ക്രിസ്തുവിനോടുകൂടി മാത്രം ജീവിക്കാതെ, പിതൃപുത്രാത്മാവിനൊടുകൂടെ ജീവിക്കുമായിരുന്നു: (റോമ, 6:8). വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ…! വിശ്വാസികൾ ക്രിസ്തുവിൻ്റെ മഹത്വമുള്ള ശരീരത്തോടു മാത്രം അനുരൂപമായി രൂപാന്തരപ്പെടാതെ, പിതൃപുത്രാത്മാവിൻ്റെ ശരീരത്തോടു അനുരൂപമായി രൂപാന്തരപ്പെടുമായിരുന്നു: (ഫലി, 3:21). വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ…! ആദിമസഭ യേശുക്രിസ്തുവിൻ്റെ നാമംമാത്രം വിളിച്ചപേക്ഷിക്കാതെ, പിതാവിനെയും പരിശുദ്ധാത്മാവിനെയും കൂടി വിളിച്ചപേക്ഷിക്കുമായിരുന്നു: (പ്രവൃ, 7:59; 9:14; 9:21; 1കൊരി, 1:2; 12:8; 2തിമൊ, 2:12; വെളി, 22:20). വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ…! ആകാശത്തിൻ്റെ കീഴിൽ രക്ഷയ്ക്കായി യേശുക്രിസ്തുവിൻ്റെ നാമംമാത്രമല്ല; പിതാവിൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമംകൂടി ഉണ്ടാകുമായിരുന്നു: (പ്രവൃ, 4:12). വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ…! സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും യേശുവിൻ്റെ നാമത്തിൽ മാത്രം മടങ്ങാതെ, പിതൃപുത്രാത്മാവിൻ്റെ നാമത്തിൽ മടങ്ങുമായിരുന്നു: (ഫിലി, 2:11,12). വിഭിന്ന വ്യക്തികളായിരുന്നെങ്കിൽ…! ‘വാക്കിനാലോ, ക്രിയയാലോ എന്തു ചെയ്താലും സകലവും കർത്താവായ യേശുവിന്റെ നാമത്തിൽ മാത്രമല്ല, പിതൃപുത്രാത്മാവിൻ്റെ നാമത്തിലും ചെയ്യാൻ കല്പിക്കുമായിരുന്നു: (കൊലൊ, 3:17).

സ്നാനവും രക്ഷയും: സ്നാനം രക്ഷയുടെ ഉപാധിയല്ല. ചില വേദഭാഗങ്ങൾ വായിക്കുമ്പോൾ സ്നാനം രക്ഷയ്ക്ക് ആവശ്യമാണെന്നു ചിലർ സംശയിച്ചു പോകുന്നു. അപ്രകാരമുള്ള നാലു ഭാഗങ്ങൾ ശ്രദ്ധേയമാണ്. (മർക്കൊ, 16:16; പ്രവൃ, 2:38, 22:16; 1പത്രൊ, 3:21). ഈ ഭാഗങ്ങളിലെല്ലാം വിശ്വാസത്തിനാണ് പ്രാധാന്യം നൽകുന്നത്. മർക്കൊസ് 16:16-ൽ വിശ്വസിക്കുകയും സ്നാനം ഏല്ക്കുകയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും എന്നു പ്രസ്താവിച്ച ശേഷം വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും എന്നു പറയുന്നു. എന്നാൽ സ്നാനം ഏല്ക്കാത്തവർ ശിക്ഷാവിധിയിൽ അകപ്പെടും എന്നു പറഞ്ഞിട്ടില്ല. മാനസാന്തരവും പാപമോചനവും സ്നാനത്തിനു മുമ്പുള്ളതാണ്. 

പുതിയ നിയമത്തിൽ രേഖപ്പെടുത്തിയിട്ടുള്ള സ്നാനങ്ങൾ മുഴുകൽ സ്നാനത്തെയാണ് വ്യക്തമാക്കുന്നത്. (യോഹ, 3:22,23; മത്താ, 3:16; പ്രവൃ, 8:38). ആദിമസഭ ആചരിച്ചുവന്ന സ്നാനരീതിയും ഇതത്രേ. ഡിഡാഖെ 7:13-ൽ ഇതിന്റെ വ്യക്തമായ പ്രസ്താവനയുണ്ട്. ശിശുക്കളെ സ്നാനം കഴിപ്പിച്ചതിനു പുതിയനിയമത്തിൽ തെളിവൊന്നുമില്ല. എ.ഡി രണ്ടാം നൂറ്റാണ്ടുവരെ ശിശുസ്നാനം സഭയിൽ അറിയപ്പെട്ടിരുന്നില്ല. വിശ്വാസവും സ്നാനവും സമാന്തരമായി നടക്കേണ്ടതാണ്. വിശ്വാസത്തിനു ശേഷമാണ് സ്നാനം. എന്നാൽ ശിശുസ്നാനവാദികൾ സ്നാനത്തെ ഒന്നാമതും വിശ്വാസത്തെ രണ്ടാമതുമായി വേർപെടുത്തുന്നു. തിരിച്ചറിയാൻ കഴിയാതിരിക്കുന്ന അവസ്ഥയിൽ ശിശുവിനെ സ്ഥാനപ്പെടുത്തുകയും തിരിച്ചറിവു ലഭിക്കുന്ന കാലത്തു സ്ഥിരീകരണം നടത്തുകയും ചെയ്യുന്നു. ഇതു ബൈബിളിൽ ഉപദേശിച്ചിട്ടില്ലാത്ത അന്യമായ അനുഷ്ഠാനത്തെ സ്വീകരിക്കുകയാണ്. ശിശുസ്നാനം പൂർണ്ണമല്ല എന്ന സത്യം കൂടി സ്ഥിരീകരണം വെളിപ്പെടുത്തുന്നു.

മരിച്ചവർക്കു വേണ്ടിയുള്ള സ്നാനം: വളരെ വിചിത്രമായ ഒരു പ്രയോഗമാണിത്. പുനരുത്ഥാനത്തെക്കുറിച്ചുള്ള വിവരണത്തിലാണ് പൗലൊസ് അപ്പൊസ്തലൻ മരിച്ചവർക്കുവേണ്ടിയുള്ള സ്ഥാനത്തെക്കുറിച്ചു പരാമർശിക്കുന്നത്. ക്രിസ്തുവിന്റെ പുനരുത്ഥാനത്തെ വിശ്വാസികളുടെ പുനരുത്ഥാനം പിന്തുടരും എന്നു പറഞ്ഞതിനു ശേഷം അപ്പൊസ്തലൻ ചോദിക്കുകയാണ്; “അല്ല മരിച്ചവർക്കുവേണ്ടി സ്നാനം ഏല്ക്കുന്നവർ എന്തു ചെയ്യും? മരിച്ചവർ കേവലം ഉയിർക്കുന്നില്ലെങ്കിൽ അവർക്കു വേണ്ടി സ്നാനം ഏല്ക്കുന്നതു എന്തിന്?” (1കൊരി, 15:29). മരിച്ചവർക്കു വേണ്ടിയുള്ള സ്നാനത്തെക്കുറിച്ചു മറ്റൊരു പരാമർശവുമില്ല. മോർമ്മൻ വ്യാഖ്യാനമനുസരിച്ചു സ്നാനമേല്ക്കാതെ മരിച്ചവർക്കുവേണ്ടി നല്കുന്ന സ്നാനമാണ്. വിശ്വാസിയായിരുന്നു മരിച്ചുപോയ ആരുടെയെങ്കിലും സാക്ഷ്യത്തിന്റെ വെളിച്ചത്തിൽ നല്കുന്ന സ്നാനമായി ചിലർ ഇതിനെ കണക്കാക്കുന്നു. ഇവിടെ പൗലൊസ് പുനരുത്ഥാനത്തെക്കുറിച്ചു വാദിക്കുകയാണ്. അതിനൊരു തെളിവായി പ്രശ്നരൂപേണ കൊരിന്ത്യരുടെ ഇടയിൽ എപ്പോഴോ നടന്ന ഒരു ദുരാചരണത്തെ ചൂണ്ടിക്കാണിക്കുകയാകണം. ഇവിടത്തെ പ്രമേയം സ്നാനമല്ല പുനരുത്ഥാനമാണ്.

സ്ത്രീധനം

സ്ത്രീധനം (dowry)

സ്ത്രീധനത്തെ കുറിക്കാൻ ‘മൊഹർ’ (mohar) എന്ന എബ്രായ പദം മൂന്നിടത്തുണ്ട്. (ഉല്പ, 34:12; പുറ, 22:17; 1ശമൂ, 18:25). ഭാര്യയ്ക്കുവേണ്ടി നല്കുന്ന വില എന്നാണ് മോഹറിനർത്ഥം. വിവാഹം ക്രമീകരിക്കുമ്പോൾ പിതാവിന്റെ അനുവാദം കിട്ടിക്കഴിഞ്ഞാൽ വിവാഹാർത്ഥി വധുവിനു സ്ത്രീധനവും വധുവിന്റെ മാതാപിതാക്കൾക്കും സഹോദരന്മാർക്കും സമ്മാനങ്ങളും നല്കും. വളരെ പ്രാചീനകാലത്തു ചില പ്രത്യേക സന്ദർഭങ്ങളിൽ വധുവിനു ഓഹരിയും ലഭിച്ചിരുന്നു: (യോശു, 15:18,19). യിസ്രായേല്യർ മാതാപിതാക്കളിൽ നിന്നോ ബന്ധുക്കളിൽ നിന്നോ വധുവിനെ വിലയ്ക്കു വാങ്ങിയിരുന്നു എന്ന ധാരണ സന്ദിഗ്ദ്ധമാണ്. പഴയനിയമത്തിലെ മൊഹർ വിലപ്പണം അല്ല; വധുവിനുള്ള ദാനം മാത്രമാണ്. വധുവിന്റെ സമ്മതം ലഭിച്ചു കഴിഞ്ഞാൽ അവൾക്കു കൊടുക്കുന്നതാണു സ്ത്രീധനം. അല്ലാതെ അവളുടെ മാതാപിതാക്കൾക്കോ ചാർച്ചക്കാർക്കോ കൊടുക്കുന്നതല്ല. പിതാവു മകൾക്കു ചിലപ്പോൾ വിവാഹ സമ്മാനവും കൊടുക്കാറുണ്ട്. സത്യവേദപുസ്തകത്തിൽ സ്ത്രീധനമെന്നാണ് പരിഭാഷ: (1രാജാ, 9:16).

വിവാഹനിശ്ചയത്തോടുള്ള ബന്ധത്തിലാണ് സ്ത്രീധനവും പാരിതോഷികങ്ങളും നല്കുന്നത്. വധുവിനു കൊടുക്കുന്നതിനെ സ്ത്രീധനം (മൊഹർ) എന്നും ബന്ധുക്കൾക്കു കൊടുക്കുന്നതിനെ ദാനം അഥവാ, സമ്മാനം (മത്താൻ) എന്നും പറയും. റിബെക്കായ്ക്ക് വേണ്ടി എലീയാസർ ആഭരണങ്ങളും, അവളുടെ അമ്മയ്ക്കും സഹോദരനും വിശേഷവസ്തുക്കളും കൊടുത്തു: (ഉല്പ, 24:53). ലേയയ്ക്കും റാഹേലിനും വേണ്ടി യാക്കോബ് പതിനാലുവർഷം സേവനം ചെയ്തു. (ഉല്പ, 29:18-30). ”ശെഖേമും ദീനായുടെ അപ്പനോടും സഹോദരന്മാരോടും: നിങ്ങൾക്കുഎന്നോടു കൃപ തോന്നിയാൽ നിങ്ങൾ പറയുന്നതു ഞാൻ തരാം. എന്നോടു സ്ത്രീധനവും ദാനവും എത്രയെങ്കിലും ചോദിപ്പിൻ; നിങ്ങൾ പറയുംപോലെ ഞാൻ തരാം; ബാലയെ എനിക്കു ഭാര്യയായിട്ടു തരേണം എന്നു പറഞ്ഞു.” (ഉല്പ, 34:12). മോശെ യിത്രോവിന്റെ ആടുകളെ മേയ്ച്ചു. (പുറ, 3:1). മീഖളിനു വേണ്ടി ദാവീദ് ഇരുന്നൂറു ഫെലിസ്ത്യരുടെ അഗ്രചർമ്മമാണ് നല്കിയത്: (1ശമൂ, 18:25). ഈ പാരിതോഷികങ്ങളെ ‘മൊഹർ’ എന്നു പറഞ്ഞിട്ടില്ല. വരന്റെ ആൾക്കാർ വധുവിന്റെ പിതാവിനു കൊടുക്കുന്ന നഷ്ടപരിഹാരമായി അഥവാ വധുവിന്റെ വിലയായി കണക്കാക്കുന്നു. പഴയനിയമത്തിൽ സ്ത്രീധനമായാലും, ദാനമായാലും, സമ്മാനമായാലും വധുവോ, വധുവിൻ്റെ വീട്ടുകാരോ വരനു നല്കുന്നതല്ല; പ്രത്യുത, വരനും വരൻ്റെ വീട്ടുകാരും വധുവിനും വീട്ടുകാർക്കും നല്കുന്ന പാരിതോഷികങ്ങളാണ്.

ഇനി, പുതിയനിയമത്തിലാകട്ടെ, ഒരു വിവാഹത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ടെങ്കിലും (യോഹ, 2:1) സ്ത്രീധനത്തെക്കുറിച്ച് പറഞ്ഞിട്ടില്ല. രണ്ടു വിവാഹ നിശ്ചയത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ട്: ഒന്നാമത്തത്; മറിയയുടേയും യോസേഫിൻ്റേതും (മത്താ, 1:18; ലൂക്കൊ, 1:27; 2:4); അതിലും സ്ത്രീധനത്തെക്കുറിച്ച് പറയുന്നില്ല. രണ്ടാമത്തത്; ക്രിസ്തുവും സഭയുമായുള്ളതാണ്. (2കൊരി, 11:2; എഫെ, 5:23-33, വെളി, 19:7:9). യെഹൂദന്മാരുടെ വിവാഹനിയമപ്രകാരം നിശ്ചയ സമയത്താണ് സ്ത്രീധനം കൈമാറേണ്ടത്. ക്രിസ്തു ക്രൂശിൽ ചൊരിഞ്ഞ രക്തമാണ് സ്ത്രീധനമായി നല്കിയത്: “വ്യർത്ഥവും പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പിൽനിന്നു നിങ്ങളെ വീണ്ടെടുത്തിരിക്കുന്നതു പൊന്നു, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല, ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തംകൊണ്ടത്രേ എന്നു നിങ്ങൾ അറിയുന്നുവല്ലോ.” (1പത്രൊസ്, 1:18,19). സഭയായ തൻ്റെ മണവാട്ടിയെ ശുദ്ധയും നിഷ്കളങ്കയുമായി തനിക്കുതന്നേ തേജസ്സോടെ മുന്നിറുത്തേണ്ടതിനാണ് ക്രിസ്തു അവൾക്കു വേണ്ടി മരണം വരിച്ചത്. (എഫെ, 5:27). ക്രിസ്തു തൻ്റെ രക്തംകൊണ്ട് മണവാട്ടി സഭയെ വിലയ്ക്ക് വാങ്ങിയിരിക്കുകയാണ്. (1കൊരി, 6:19). കല്യാണം ഇനി സ്വർഗ്ഗത്തിൽവെച്ച് നടക്കും. (വെളി, 19:7-9). 

പഴയനിയമവും പുതിയനിയമവും ഒരുപോലെ വ്യക്തമാക്കുന്ന ഒരു വസ്തുതയിതാണ്; പുരുഷൻ സ്ത്രീയ്ക്ക് അഥവാ, മണവാളൻ മണവാട്ടിക്ക് നല്കുന്ന ദാനമാണ് സ്ത്രീധനം. എന്നാൽ, നാം ജീവിക്കുന്ന നമ്മുടെ സമൂഹത്തിൽ അത് നേരെ തിരിച്ചാണ്. സ്ത്രീ പുരുഷനാണ് ധനം നല്കുന്നതെന്നു മാത്രമല്ല, പുരുഷന്മാർ അതാവോളം കണക്കുപറഞ്ഞ് വാങ്ങുകയും ചെയ്യും. 1961-ൽത്തന്നെ സ്ത്രീധനസമ്പ്രദായം ഇന്ത്യയിൽ നിയമം മൂലം നിരോധിച്ചിട്ടുണ്ട്. പുരുഷാധിപത്യ സമൂഹത്തിൽ കാണപ്പെടുന്ന സ്ത്രീവിരുദ്ധമായ ഒരു ദുരാചാരമായിട്ടാണ് സ്ത്രീധനത്തെ പരിഷ്കൃത രാജ്യങ്ങൾ കണക്കാക്കുന്നത്. സ്ത്രീധനത്തിൻ്റെ പേരിൽ വർദ്ധിച്ചുവരുന്ന വഴക്കുകളും, വിവാഹമോചനങ്ങളും, മരണങ്ങളും ഈ സമ്പ്രദായം എത്ര ദുഷിച്ചതാണെന്ന് വെളിവാക്കുന്നു. ക്രിസ്ത്യാനികളെന്നും ദൈവമക്കളെന്നും അവകാശപ്പെടുന്നവർതന്നെ സ്ത്രീധനം കൊടുക്കുകയും വാങ്ങുകയും ചോദിക്കുകയും ചെയ്യാറുണ്ട്. ബൈബിളിൻ്റെ വക്താക്കളെന്ന് അവകാശപ്പെടുന്നവർ തന്നെ അതിനു വിരുദ്ധമായി പ്രവർത്തിക്കുന്നത് ഭൂഷണമോ??? വിവാഹസമയത്ത് വധുവിന് ദാനമായി ഒന്നും കൊടുക്കാൻ കഴിഞ്ഞില്ലെങ്കിലും, വരൻ അവളോട് ഒന്നും വാങ്ങാതിരിക്കട്ടെ. അങ്ങനെ ദൈവനാമം മഹത്വപ്പെടുവാൻ ഇടയാകട്ടെ!

സുവിശേഷം

സുവിശേഷം (Gospel)

എവാങ്ഗെലിയൊൻ എന്ന ഗ്രീക്കുപദത്തിനു സുവാർത്ത എന്നർത്ഥം. ക്ലാസിക്കൽ ഗ്രീക്കിൽ നല്ല വാർത്തയ്ക്കു നൽകുന്ന പ്രതിഫലത്തിനാണ് ഈ വാക്കുപയോഗിക്കുന്നത്. പുതിയനിയമത്തിലും ആദിമ ക്രൈസ്തവ സാഹിത്യത്തിലും സുവാർത്തയ്ക്കാണ് എവാങ്ഗെലിയാൻ എന്ന പദം പ്രയോഗിച്ചിട്ടുള്ളത്. പുതിയനിയമത്തിൽ 77 തവണ ഈ പദം ഉണ്ട്. സുവിശേഷം ഒരു പുതിയനിയമ പദമാണെങ്കിലും അതിന്റെ ആശയം പഴയനിയമത്തിൽ സ്പഷ്ടമായി കാണാം. യിസ്രായേലിന്റെ പ്രതീക്ഷയിൽ സുവാർത്തയ്ക്കു പ്രത്യേക പ്രാധാന്യമുണ്ട്. ക്രിസ്തുവിന്റെ ജനനത്തിനു ഏഴുനൂറാണ്ടുകൾക്കു മുൻപു യെശയ്യാ പ്രവാചകൻ വീണ്ടെടുപ്പുകാരൻ സീയോനിലേക്കു വരുമെന്നും എളിയവരോടു സദ്വർത്തമാനം ഘോഷിക്കുമെന്നും പ്രവചിച്ചു. (യെശ, 61:1,2). “സമാധാനത്തെ ഘോഷിച്ചു നന്മയെ സുവിശേഷിക്കയും രക്ഷയെ പ്രസിദ്ധമാക്കുകയും സീയോനോടു: നിന്റെ ദൈവം വാഴുന്നു എന്നു പറയുകയും ചെയ്യുന്ന സുവാർത്ത ദൂതന്റെ കാൽ പർവ്വതങ്ങളിന്മേൽ എത്ര മനോഹരം!” (യെശ, 52:7). യെരൂശലേമിനെയും സീയോനെയും സുവാർത്താദൂതി എന്നു വിളിക്കുന്നു. (യെശ, 40:9). 

സുവിശേഷകാരന്മാരിൽ മത്തായിയും മർക്കൊസുമാണ് എവാങ്ഗെലിയാൻ എന്ന പദം പ്രയോഗിക്കുന്നത്. അതിന്റെ ക്രിയാരൂപം ലൂക്കൊസിലും അപ്പൊസ്തല പ്രവൃത്തികളിലുമായി 26 പ്രാവശ്യം ഉണ്ട്. യോഹന്നാന്റെ സുവിശേഷത്തിൽ നാമമോ ക്രിയയോ ഇല്ല. യിസ്രായേല്യരോടുള്ള വാഗ്ദാനങ്ങൾ ക്രിസ്തുയേശുവിൽ ദൈവം നിവർത്തിച്ചതിന്റെയും എല്ലാവർക്കുമായി രക്ഷാമാർഗ്ഗം തുറന്നെതിന്റെയും സുവാർത്തയാണ് സുവിശേഷം. “ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു അടക്കപ്പെട്ടു തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു എന്നതാണ് സുവിശേഷം.” (1കൊരി, 15:3,4). ദാവീദിന്റെ സന്തതിയായി ജനിച്ചു മരിച്ചിട്ട് ഉയിർത്തെഴുന്നേറ്റിരിക്കുന്ന യേശുക്രിസ്തുവിനെ ഓർത്തുകൊൾക അതാകുന്നു എന്റെ സുവിശേഷം എന്നു പൗലൊസ് അന്യത്ര വിശദമാക്കിയിട്ടുണ്ട്. (2തിമൊ, 2:8). 

മനുഷ്യന്റെ രക്ഷയ്ക്കായി സുവിശേഷത്തിലൂടെ പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നു. (റോമ, 1:15,16). സുവിശേഷത്തിൽ വിശ്വസിക്കുന്നതു രക്ഷയും സുവിശേഷത്തെ തള്ളിക്കളയുന്നത് നിത്യനാശവുമാണ്. (മർക്കൊ, 16’15,16). സുവിശേഷം ക്രിസ്തുവിനോടു കൂടെയാണ് വന്നതെങ്കിലും അബ്രാഹാമിനു ദൈവം നല്കിയ അനുഗ്രഹവാഗ്ദാനത്തിലും (ഗലാ, 3:8), പ്രവാചക എഴുത്തുകളിലും (റോമ, 1:2) അത് ഉൾക്കൊണ്ടിരുന്നു. സുവിശേഷം വന്നതു ശക്തിയോടെയാണ് (1തെസ്സ, 1:5); മാത്രവുമല്ല, സുവിശേഷം ദൈവശക്തി തന്നെയാണ്. (റോമ, 1:16). സുവിശേഷത്തെ ദൈവത്തിന്റെ സുവിശേഷം (1തെസ്സ, 2:2, 9), ക്രിസ്തുവിന്റെ സുവിശേഷം (മർക്കൊ, 1:1; റോമ, 15:19), ദൈവകൃപയുടെ സുവിശേഷം (പ്രവൃ, 20:24), സമാധാന സുവിശേഷം (എഫെ, 6:15), രക്ഷയെക്കുറിച്ചുള്ള സുവിശേഷം (എഫെ, 1:13), തേജസ്സുള്ള സുവിശേഷം (2കൊരി, 4:4), എന്നിങ്ങനെ വിളിക്കുന്നു. ക്രിസ്തുവും (മത്താ, 4:23; 11:5), അപ്പൊസ്തലന്മാരും (പ്രവൃ, 16:10; റോമ, 1:15), സുവിശേഷകന്മാരും (പ്രവൃ, 8:25) സുവിശേഷം പ്രസംഗിച്ചു. എ.ഡി. 150-നു ശേഷമാണ് പുതിയ നിയമത്തിലെ ആദ്യത്തെ നാലു പുസ്തകങ്ങൾക്കും സുവിശേഷങ്ങൾ എന്ന പേരു ലഭിച്ചത്.

സമാഗമനകൂടാരം

സമാഗമനകൂടാരം (Tabernacle)

മരുഭൂമി പ്രയാണകാലത്ത് യിസ്രായേലിന്റെ മദ്ധ്യേ ദൈവനിവാസമായി നിർമ്മിച്ചിരുന്ന താത്ക്കാലിക മന്ദിരമാണ് സമാഗമനകൂടാരം. ഉടമ്പടിയിലൂടെ സ്വന്തജനമായിത്തീർന്ന യിസ്രായേലുമായി ദൈവം കൂടിക്കാഴ്ച നടത്തുന്ന കൂടാരം എന്നാണ് സമാഗമന കൂടാരത്തിനു അർത്ഥം. താൽക്കാലിക സമാഗമന കൂടാരത്തിൽ (പുറ, 33:7-11) മോശെ അകത്തു പ്രവേശിക്കുകയും ദൈവസാന്നിദ്ധ്യ സൂചകമായി മേഘം അവരോഹണം ചെയ്ത് വാതിൽക്കൽ നില്ക്കുകയും ചെയ്തു. ദൈവം പ്രത്യക്ഷപ്പെട്ടപ്പോൾ മോശെ പാറയുടെ പിളർപ്പിലും (പുറ, 34:22-23) ഏലീയാ പ്രവാചകൻ ഗുഹയിലും (1രാജാ, 19:9-18) ആയിരുന്നതും ഇതിനോടൊപ്പം ഓർക്കുക.

ചരിത്രം: പഴയനിയമത്തിൽ മൂന്നു സമാഗമനകൂടാരത്ത കുറിച്ചുള്ള പരാമർശമുണ്ട്: 1. യിസ്രായേൽ ജനം സ്വർണ്ണ കാളക്കുട്ടിയെ ആരാധിച്ചതിനെത്തുടർന്നു മോശെ നിർമ്മിച്ച താൽക്കാലിക സമാഗമനകൂടാരം: (പുറ, 33:7-13). പാളയത്തിനു പുറത്തായിരുന്നു ഈ കൂടാരമടിച്ചത്. മോശെ കൂടാരത്തിനകത്തു കടക്കും. മേഘസ്തംഭം ഇറങ്ങി കൂടാരവാതില്ക്കൽ നില്ക്കും. യഹോവ മോശെയോട് സംസാരിക്കും. യഹോവയുടെ അരുളപ്പാടിനു വേണ്ടി ജനം സമാഗമനകൂടാരത്തിലേക്കു ചെല്ലും. ഈ താൽകാലിക സമാഗമന കൂടാരത്തിൽ കർമ്മങ്ങളും പൗരോഹിത്യവും ഉണ്ടായിരുന്നില്ല. 2. യഹോവ മോശെയ്ക്ക് നല്കിയ നിർദ്ദേശപ്രകാരം നിർമ്മിക്കപ്പെട്ട സമാഗമനകൂടാരം. ഇതിനെ സംബന്ധിക്കുന്ന വിശദവിവരണം പിന്നാലെ ചേർക്കുന്നുണ്ട്. 3. യഹോവയുടെ പെട്ടകത്തിനുവേണ്ടി ദാവീദ് രാജാവു നിർമ്മിച്ച മന്ദിരം. യഹോവയുടെ കല്പനയനുസരിച്ച് സീനായിയിൽ വെച്ച് നിർമ്മിച്ച സമാഗമനകൂടാരം യിസ്രായേൽ ജനം വളരെക്കാലം ആരാധനാസ്ഥലമായി ഉപയോഗിച്ചു. യോശുവയുടെ കാലത്തു അതു ശീലോവിൽ പ്രതിഷ്ഠിച്ചു. (യോശു, 18:1). ശീലോ എഫ്രയീം ഗോത്രത്തിലായിരുന്നു. ശമുവേൽ പ്രവാചകന്റെ കാലത്ത് മിസ്പ ആയിരുന്നു ആരാധനാ കേന്ദ്രം. (1ശമൂ, 7:6). ശൗലിന്റെ കാലത്ത് കൂടാരം നോബിലായിരുന്നു. (1ശമൂ, 21:1-9; മർക്കൊ, 2:25,26). തുടർന്ന് കുറെക്കാലം സമാഗമനകൂടാരം ഗിബയോനിലായിരുന്നു. (1ദിന, 16:39). സീയോൻ പർവ്വതത്തിൽ ഒരു കൂടാരം നിർമ്മിച്ച് യഹോവയുടെ പെട്ടകത്തെ ദാവീദ് അതിൽ പ്രതിഷ്ഠിച്ചു. (1ദിന, 15:1; 16:1; 2ശമൂ, 6:17). ദൈവാലയം നിർമ്മിച്ചശേഷം ശലോമോൻ സമാഗമനകൂടാരം ദൈവാലയത്തിലേക്കു കൊണ്ടുവന്നു. 1രാജാ, 8:4). 

പേരുകൾ: 1. തിരുനിവാസം: (പുറ) 25:9; 26:6, 12, 18). മിഷ്കാൻ എന്ന എബായ പദത്തിനു നിവാസം എന്നർത്ഥം. ഈ പദം പഴയനിയമത്തിൽ 139 തവണ പ്രയോഗിച്ചിട്ടുണ്ട്; ആദ്യപ്രയോഗം പുറപ്പാട് 25:9-ൽ. പുറപ്പാട് പുസ്തകത്തിലും സംഖ്യാ പുസ്തകത്തിലുമാണ് അധികം പ്രയോഗങ്ങളും. സമാഗമനകൂടാരത്തിനു പര്യായമാണിത്. 

2. യഹോവയുടെ കൂടാരം (മിഷ്കാൻ യഹ്വെ). 

3. സാക്ഷ്യകൂടാരം (മിഷ്കാൻ ഹാ ഏദൂത്). സാക്ഷ്യകൂടാരം എന്ന തിരുനിവാസം (പുറ, 38:21) എന്നു വിശദമാക്കിയിട്ടുണ്ട്. യഹോവ യിസ്രായേലുമായി ചെയ്ത ഉടമ്പടിയുടെ വ്യവസ്ഥകൾ അടങ്ങിയ കല്പലകകൾ സൂക്ഷിച്ചിരുന്നതു കൊണ്ടാണ് അതിനെ സാക്ഷ്യകൂടാരം എന്നു വിളിച്ചതും. (സംഖ്യാ, 9:15). 

4. സമാഗമനകൂടാരം (ഓഹെൽ മോഏദ്) ദൈവവും സ്വജനവും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്ന കൂടാരം. (പുറ, 28:43). 

5. സമാഗമനകൂടാരമെന്ന തിരുനിവാസം (മിഷ്കാൻ ഓഹെൽ മൊഹ്മദ്). (പുറ, 39:32). 

6. വിശുദ്ധമന്ദിരം (എ. മിക്ദാഷ്; ഗ്രീ. ഹഗി യാസ്മ). (പുറ, 25:8). 

7. യഹോവയുടെ ആലയം (ബേത്ത്-യാഹ്വെ). (പുറ, 34:26; 23:19; യോശു, 6:24; 9:23). 

സമാഗമനകൂടാരത്തിന്റെ നിർമ്മാണം: യഹോവ കാണിച്ചുകൊടുത്ത മാതൃകപ്രകാരമായിരുന്നു സമാഗമന കൂടാരത്തിന്റെ പണി. (പുറ, 25:9,40; 26:30; 27:8; 39:12,43; 40:16,19,25, 27, 29, 32) സമാഗമനകൂടാര നിർമ്മാണത്തിനാവശ്യമായ പൊന്ന്, വെള്ളി, താമ്രം, നീലനൂൽ, ധൂമ്രനൂൽ തുടങ്ങിയ വസ്തുക്കളെല്ലാം ജനം സ്വമേധാദാനമായി നല്കിയതാണ്. (പുറ, 25:3-7). ആവശ്യത്തിലധികം വസ്തുക്കൾ ജനം വഴിപാടായി എത്തിച്ചു. (പുറ, 36:5,6). ബെസലേൽ, ഒഹൊലീയാബു എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പണി. (പുറ, 35:30; 36:2). പുറപ്പാടിന്റെ രണ്ടാംവർഷം ഒന്നാംമാസം ഒന്നാം തീയതി പണിപൂർത്തിയായി. (പുറ, 40:2). താൽകാലിക സമാഗമനകൂടാരം പാളയത്തിനു പുറത്താണ് സ്ഥാപിച്ചിരുന്നത്. എന്നാൽ ഈ സമാഗമനകൂടാരം യിസ്രായേൽ പാളയത്തിന്റെ നടുവിലായിരുന്നു. കിഴക്ക് പുരോഹിതന്മാരും മറ്റു മൂന്നുവശങ്ങളിലും ലേവ്യരുടെ മറ്റു മൂന്നുകുടുംബങ്ങളും താവളമടിച്ചു.

സമാഗമനകൂടാരത്തിനു മൂന്നുഭാഗങ്ങളുണ്ട്: 1. പ്രാകാരം, 2. വിശുദ്ധസ്ഥലം, 3. അതിവിശുദ്ധസ്ഥലം. നൂറുമുഴം (44.5 മീ.) നീളവും, അൻപതു മുഴം (22.25 മീ.) വീതിയുമുള്ള പ്രാകാരത്തിന്റെ പശ്ചിമാർദ്ധത്തിലാണ് തിരുനിവാസം. നെടിയവശം വടക്കുതെക്കാണ്. തിരുനിവാസത്തിനു മുപ്പതുമുഴം (13.35മീ.) നീളവും, പത്തുമുഴം (4.45മീ.) വീതിയുമുണ്ട്. തിരുനിവാസത്തെ തിരശ്ശീലകൊണ്ട് വിശുദ്ധ സ്ഥലം, അതിവിശുദ്ധസ്ഥലം എന്നിങ്ങനെ രണ്ടായി വിഭിജിച്ചിട്ടുണ്ട്. ബഹിർഭാഗത്തെ വിശുദ്ധസ്ഥലമെന്നു വിളിക്കുന്നു. അത് ഇരുപതുമുഴം (8.9 മീ.) നീളവും, പത്തു മുഴം (4.45മീ.) വീതിയുമുള്ള ദീർഘചതുരമാണ്. അതിവിശുദ്ധസ്ഥലം എന്നറിയപ്പെടുന്ന അന്തർഭാഗം പത്തുമുഴം (4.45 മീ.) സമചതുരമാണ്. എബ്രായലേഖനത്തിൽ വിശുദ്ധസ്ഥലത്തെ മുൻകൂടാരമെന്നും (ഒന്നാമത്ത) അതിവിശുദ്ധ സ്ഥലത്തെ രണ്ടാമത്തെ കൂടാരമെന്നും വിളിച്ചിട്ടുണ്ട്. (എബ്രാ, 9:6,7). എബ്രായർ 9:12; 10:19 എന്നീ വാക്യങ്ങളിലെ വിശുദ്ധമന്ദിരം അതിവിശുദ്ധ സ്ഥലത്തെയാണ് വിവക്ഷിക്കുന്നത്. പ്രാകാരത്തിൽ യാഗപീഠവും താമ്രത്തൊട്ടിയുമുണ്ട്. കാഴ്ചയപ്പത്തിന്റെ മേശ, തങ്കനിലവിളക്കാ, ധൂമ്രപീഠം എന്നിവയാണ് വിശുദ്ധസ്ഥലത്തെ ഉപകരണങ്ങൾ. അതിവിശുദ്ധ സ്ഥലത്ത് നിയമപ്പെട്ടകം പ്രതിഷ്ഠിച്ചിരുന്നു. 

പ്രാകാരം (Court): ഉറപ്പായി നിർമ്മിച്ചത് അഥവാ മതിൽ എന്നാണ് പ്രാകാരം എന്ന ശബ്ദത്തിനർത്ഥം. ലക്ഷണയാ കെട്ടിയടച്ച സ്ഥലം അഥവാ മുറ്റം എന്നർത്ഥം കിട്ടുന്നു. Court എന്ന ഇംഗ്ലീഷ് പദത്തിന്റെ നിഷ്പത്തിയും അർത്ഥാന്തരങ്ങളും ശ്രദ്ധിക്കുക. പ്രാകാരത്തിന്റെ നീളം നുറുമുഴവും (44.5 മീ.), വീതി അൻപതു മുഴവും (22.25 മീ.) ആണ്. പ്രാകാരത്തിനു ചുറ്റും ഒരു പ്രത്യേകവേലിയുണ്ട്. അതിന്റെ ചട്ടക്കൂട് അഞ്ചുമുഴം (2.22മീ.) പൊക്കമുള്ള ഖദിരസ്തംഭങ്ങളാൽ നിർമ്മിതമാണ്. (പുറ, 27:18). നെടിയവശത്തു ഇരുപതുതുണുകളും കുറുകിയ വശത്തു പത്തുതൂണുകളും അങ്ങനെ നാലുവശങ്ങളിലായി 60 തൂണുകൾ പ്രാകാരത്തിനുണ്ട്. തുണുകൾ തമ്മിലുള്ള അകലം 5 മുഴം (2.22 മീ.) ആണ്. താമ്രച്ചുവടുകളിലാണ് തൂണുകൾ നില്ക്കുന്നത്. (പുറ, 38:10). ഓരോ തൂണിനും ഈരണ്ടു താമ്രക്കുറ്റികളുണ്ട്; ഒന്നകത്തും ഒന്നു പുറത്തും. വീണുപോകാതിരിക്കാൻ തുണിനെ കയറുകൊണ്ടു തറയിൽ നാട്ടിയ കുറ്റികളിൽ ബന്ധിച്ചിരുന്നു. തൂണുകളുടെ മുകൾഭാഗങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ലോഹ നിർമ്മിതമായ പട്ട അഥവാ ദണ്ഡാണ് മേൽചുറ്റുപടി (Fillet). ചുറ്റുപടികൾ വെള്ളി കൊണ്ടുള്ളവയാണ്. (പുറ, 38:10-12, 17, 19). മേൽചുറ്റുപടികളിൽ കൊളുത്തുകൾ (hooks) ഘടിപ്പിച്ചിരുന്നു. പ്രാകാരത്തിന്റെ മറശ്ശീലകൾ കൊളുത്തുകളിൽ തൂക്കിയിട്ടു. തൂണുകളുടെ കീഴ്ഭാഗത്തും കൊളുത്തുകളുണ്ടായിരുന്നു. മറശ്ശീലകളുടെ കീഴ്ഭാഗം അവയിൽ കൊളുത്തിയിട്ടു. പിരിച്ച ലിനൻകൊണ്ടു് പ്രാകാരത്തിനു മറശ്ശീല നിർമ്മിച്ചു. തെക്കുവശത്തെ പ്രാകാരത്തിനു 100 മുഴം (44.5 മീ.) വടക്കുവശത്തേതിനു 100 മുഴം പടിഞ്ഞാറു വശത്തേതിനു 50 മുഴം (22.25മീ.) കിഴക്കുവശത്ത് വാതിലിനിടത്തും വലത്തും പതിനഞ്ചുമുഴം (6.67 മീ.) വീതം എന്നിങ്ങനെയാണ് മറശ്ശീലയുടെ അളവുകൾ. വാതിലിൽ നിന്ന് എല്ലാ മൂലകളെയും ചുറ്റി തിരിച്ചുവാതിൽവരെ ഒരു നിരന്തരമായ മറയായിരിക്കേണ്ടതിനു അറ്റം തുന്നിച്ചേർത്തിരുന്നു. തൂണുകളുടെ പൊക്കത്തിനു തുല്യമായി മറശ്ശീലയ്ക്ക് അഞ്ചുമുഴം (2.22 മീ.) വീതിയുണ്ടായിരുന്നു. (പുറ, 27:9-15; 38:9-17). 

പ്രാകാരവാതിൽ കിഴക്കുവശത്താണ്. ഈ വശത്ത് പത്തു തൂണുകൾ ഉണ്ട്. നടുവിലുള്ള നാലു തൂണുകളുടെ സ്ഥാനത്താണ് വാതിൽ. തുണുകൾക്കിടയിൽ അയ്യഞ്ചു മുഴം (2.22 മീ.) അകലമുണ്ട്. വാതിലിനു 20 മുഴം (8.9 മീ.) നീളവും, അഞ്ചുമുഴം (2.22 മീ.) ഉയരവുമുണ്ട്. “പ്രാകാരത്തിന്റെ വാതിലിനു നീലനുൽ, ധുമനുൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ (ലിനൻ) എന്നിവകൊണ്ട് ചിത്രത്തയ്യൽ പണിയായി ഇരുപതുമുഴം നീളമുള്ള ഒരു മറയും അതിനു നാലുതൂണും അവയ്ക്ക് നാലുചുവടും വേണം.” (പുറ, 27:16; 38:18). പ്രാകാരത്തിൽ പ്രവേശിക്കുന്നതു മറ ഉയർത്തിയാണ്. വാതിലിനും തിരുനിവാസത്തിനും ഒത്ത നടുവിലായി താമ്യാഗപീഠം വച്ചിരുന്നു. സമാഗമന കൂടാരത്തിലെ ഉപകരണങ്ങളിൽ വെച്ച് ഏറ്റവും വലുത് താമയാഗപീഠമാണ്. യാഗപീഠത്തിനും തിരുനിവാസത്തിനും മദ്ധ്യേയാണ് താമ്രത്തൊട്ടി. (പുറ, 30:18). 

തിരുനിവാസം (tabernacle): തിരുനിവാസം (മിഷ്കാൻ) കൂടാരം (ഓഹെൽ) എന്നീ രണ്ടുഭാഗങ്ങളും ചേർന്നതാണു് ഇത്. ഖദിരമരത്തിന്റെ പലകകൾ കൊണ്ടാണാ തിരുനിവാസത്തിന്റെ ചട്ടക്കൂടിന്റെ നിർമ്മാണം. ഓരോ പലകയുടെയും നീളം പത്തുമുഴവും (4.45മീ.), വീതി ഒന്നരമുഴവും (66.7സെ.മീ.) ആണ്. (പുറ, 26:16). തെക്കുവശത്ത് ഇരുപതു വടക്കുവശത്ത് ഇരുപതു പിൻവശത്ത് പടിഞ്ഞാറു എട്ടു എന്നിങ്ങനെ നാല്പത്തെട്ടു പലക വേണം. പലകയുടെ ഉപരിതലം പൊന്നു പൊതിഞ്ഞതാണ്. (പുറ, 26:18-20). ചുവടിൽ ഇറങ്ങുന്നതിനു ഓരോ പലകയ്ക്കും താഴെ ഈരണ്ടു കുടുമ ഉണ്ടു്. പലകകൾ നിവിരെ നില്ക്കുന്നതിനു ഖദിരമരം കൊണ്ട് അന്താഴങ്ങൾ നിർമ്മിച്ചു. അവയെ പൊന്നു പൊതിഞ്ഞു. മൂന്നുവശത്തെയും പലകകൾക്കു അഞ്ചുവീതം (3×5=15) അന്താഴങ്ങൾ നിർമ്മിച്ചു. നടുവിലത്തെ അന്താഴം ഒരറ്റത്തുനിന്നു മറ്റെ അറ്റം വരെ എത്തുന്നതാണ്. അന്താഴം ചെലുത്തുവാനുള്ള വളയ ങ്ങൾ സ്വർണ്ണനിർമ്മിതമാണ്. (പുറ, 26:26-29; 36:31-34). കൂടാരം മുഴുവൻ കയറിലാണ് നില്ക്കുന്നത്. കയറിന്റെ ഒരറ്റം കൂടാരശീല ബന്ധിച്ചിട്ടുള്ള താമ്രകൊളുത്തിനോടും മറ്റെ അറ്റം തറയിൽ നാട്ടിയ താമക്കുറ്റിയോടും ബന്ധിച്ചിരിക്കും. തിരുനിവാസം നിർമ്മിച്ചത് പത്തുലിനൻ മുടുശീലകൾ കൊണ്ടാണ്. സൂക്ഷ്മാർത്ഥത്തിൽ തിരുനിവാസം ഇതാണ്. ഈ ലിനൻ മൂടുശീലകൾ ഖദിരമരനിർമ്മിതമായ ചട്ടക്കൂടിനോടു ബന്ധിക്കുമ്പോൾ ദൈവനിവാസമായി. പിരിച്ച ലിനൻ, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവയാണ് നിർമ്മാണവസ്തുക്കൾ. ഓരോ മൂടുശീലയ്ക്കും ഇരുപത്തെട്ടുമുഴം (12.46മീ.) നീളവും, നാലുമുഴം (1.78 മീ.) വീതിയും ഉണ്ട്. അഞ്ചു മൂടുശീല ഒന്നോടൊന്നു ചേർത്തു നീല നൂൽകൊണ്ടു് കണ്ണികളും പൊന്നുകൊണ്ടു കൊളുത്തുകളും നിർമ്മിച്ചു. മൂടുശീലകളെ കൊളുത്തുകൊണ്ടു ഒന്നോടൊന്നു ചേർത്തു. (പുറ, 26:1-6; 36:8-13). ചിത്രപ്പണിയായ കെരൂബുകൾ അവയിൽ തുന്നിച്ചേർത്തു. (26:1; 36:8). ഈ മൂടുശീലകളെ സംരക്ഷിക്കുന്നതിനുവേണ്ടി അവയ്ക്കു മുകളിൽ മൂന്നു മൂടികൾ നിർമ്മിച്ചു. 

1. തിരുനിവാസത്തിന്റെ മൂടുവിരി കോലാട്ടുരോമം കൊണ്ടുണ്ടാക്കിയ പതിനൊന്നു മൂടുശീലയാണ്. സൂക്ഷ്മാർത്ഥത്തിൽ അതാണു് കുടാരം. (പുറ, 26:7-15). ഓരോ മൂടുശിലയ്ക്കും മുപ്പതുമുഴം (13.35മീ.) നീളവും, നാലുമുഴം (1.78മീ.) വീതിയും ഉണ്ട്. അഞ്ചെണ്ണം ഒന്നായും ആറെണ്ണം മറ്റൊന്നായും ചേർത്തതാണ്. ആറാമത്തെ മൂടു ശീല കൂടാരത്തിന്റെ മുൻവശത്തു മടക്കി ഇടണം. മൂടു ശീലയുടെ വിളുമ്പിൽ അൻപതു കണ്ണി നിർമ്മിച്ച് താമ്രംകൊണ്ട് അൻപതു കൊളുത്തും ഉണ്ടാക്കി. കൊളുത്തു കണ്ണിയിലിട്ട് കുടാരം ഒന്നായിരിക്കത്തക്കവണ്ണം ഘടിപ്പിക്കേണ്ടതാണ്. മുടുവിരിയുടെ മൂടുശീല ഇപ്പുറത്തും അപ്പുറത്തും ഓരോ മുഴം വീതം ശേഷിക്കും. (പുറ, 26:10-13). 

2. ചുവപ്പിച്ച ആട്ടുകൊറ്റന്തോൽ കൊണ്ടു മൂടുവിരിക്കു ഒരു പുറമൂടി. 

3. തഹശുതോൽ കൊണ്ട് അതിന്റെ മേൽ ഒരു പുറമുടി. (പുറ, 26:14). 

തിരുനിവാസത്തിന്റെ പ്രവേശനം ഒരു മറകൊണ്ട് മറെച്ചിരുന്നു. മറശീലയ്ക്ക് പൊന്നു പൊതിഞ്ഞ അഞ്ചു തൂണു നിർമ്മിച്ചു. അവയുടെ കൊളുത്തുകൾ പൊന്നു കൊണ്ടുള്ളതും ചുറ്റുപടികൾ സ്വർണ്ണം പൊതിഞ്ഞതും ചുവടുകൾ താമ്രനിർമ്മിതവും ആണ്. (പുറ, 26:36-37; 36:37,38). മറയുടെ നിർമ്മാണവസ്തുക്കൾ നീലനുൽ, ധൂമ്രനൂൽ, ചെമപ്പുനൂൽ, പിരിച്ച ലിനൻ എന്നിവയാണ്.  

വിശുദ്ധസ്ഥലത്തിനും അതിവിശുദ്ധസ്ഥലത്തിനും മദ്ധ്യേയുള്ള മറ ഒരു തിരശ്ശീലയാണ്. (പുറ, 26:31-33; 36:35,36). നീലനൂൽ, ധൂമ്രനൂൽ, ചെമപ്പുനൂൽ, പിരിച്ച ലിനൻ എന്നിവകൊണ്ടായിരുന്നു തിരശ്ശീലയും നിർമ്മിച്ചത്. ചിത്രപ്പണിയായി കെരൂബുകൾ തുന്നിച്ചേർത്തു. മറ്റുമറകളെപ്പോലെ തിരശ്ശീലയും തൂണുകളിൽ തൂക്കിയിട്ടു. തൂണുകൾ സ്വർണ്ണം പൊതിഞ്ഞു. കൊളുത്തുകൾ സ്വർണ്ണനിർമ്മിതമായിരുന്നു. ചുവടുകൾ വെള്ളി കൊണ്ടുള്ളവയാണ്. തിരശ്ശീല തൂക്കിയിട്ടത് നാലു തൂണുകളിലാണ്. തിരശ്ശീലയുടെ മേൽമൂലകൾ പലകകളിലെ സ്വർണ്ണ കൊളുത്തുകളിൽ തൂക്കിയിട്ടു. 

ഉപകരണങ്ങൾ 

1. ഹോമയാഗപീഠം (Altar of burnt offering): തിരുനിവാസത്തിനും വാതിലിനുമിടയ്ക്ക് പ്രാകാരത്തിൽ വച്ചിരുന്നു. ചുമക്കുവാൻ സൗകര്യത്തിനായി ഭാരം കുറച്ചു ബലമുള്ളതായി നിർമ്മിച്ചു. യാഗപീഠം അകം പൊള്ളയാണ്. അഞ്ചുമുഴം (2.2മീ.) നീളവും, അഞ്ചുമുഴം (2.2 മീ.) വീതിയും, മൂന്നുമുഴം (1.34മീ.) ഉയരവുമുള്ള യാഗപീഠം ഖദിരമരം കൊണ്ട് നിർമ്മിച്ച് താമ്രം പൊതിഞ്ഞതാണ്. നാലുകോണിലും കൊമ്പുണ്ടായിരുന്നു. യാഗപീഠം ചുമക്കുന്നതിനാവശ്യമായ തണ്ടുകൾ ഖദിരമരം കൊണ്ടുണ്ടാക്കി താമ്രം പൊതിഞ്ഞു. തണ്ടുകൾ വളയങ്ങളിലാണ് ഇട്ടിരുന്നത്. യാഗപീഠത്തിലെ ഉപകരണങ്ങൾ താമ്രനിർമ്മിതമാണ്. വെണ്ണീരെടുക്കേണ്ട ചട്ടി, ചട്ടുകം, കലശം, മുൾക്കൊളുത്തു, തീക്കലശം (പുറ, 38:3) എന്നിവയാണ് യാഗപീഠത്തിലെ ഉപകരണങ്ങൾ. യാഗപീഠത്തിലെ അഗ്നി ഒരിക്കലും അണയാൻ പാടില്ല. (ലേവ്യ, 6:13).

2. താമത്തൊട്ടി (Laver): യാഗപീഠത്തിൽ നിന്നും തിരുനിവാസത്തിലേക്കു പോകുമ്പോൾ പുരോഹിതനു കയ്യും കാലും കഴുകുന്നതിനു സഹായകമായ രീതിയിൽ സമാഗമനകൂടാരത്തിനും യാഗപീഠത്തിനും മദ്ധ്യേയാണ് തൊട്ടി വെച്ചിരുന്നത്. (പുറ, 30:20, 21; 40:32). എബ്രായസ്ത്രീകളുടെ ദർപ്പണങ്ങളാണ് താമ്രത്തൊട്ടിയും താമ്രക്കാലും നിർമ്മിക്കുന്നതിനു ഉപയോഗിച്ചത്. (പുറ, 38:8). തൊട്ടിയുടെ രൂപമോ വലിപ്പമോ പറയപ്പെട്ടിട്ടില്ല. എബ്രായപദത്തിന്റെ (കിയോർ) അർത്ഥത്തിൽ നിന്നും അത് അർദ്ധഗോളാകൃതിയെന്നു കരുതപ്പെടുന്നു. അതിൽ ഉപയോഗിക്കേണ്ട വെള്ളത്തെക്കുറിച്ചും നിർദ്ദേശമൊന്നുമില്ല. ഏതു വെള്ളവും ഉപയോഗിക്കാമെന്നു യെഹൂദ വ്യാഖ്യാതാക്കൾ പറയുന്നു. ഈ വെള്ളം ദിവസവും മാറ്റണമെന്നു മാത്രം. 

3. കാഴ്ചയപ്പത്തിന്റെ മേശ (Table of showbread): സമാഗമനകൂടാരത്തിൽ തിരുനിവാസത്തിന്റെ വടക്കുവശത്തു തിരശ്ശീലയ്ക്കു പുറത്താണ് മേശ. (പുറ, 40:22). മേശ ഖദിരമര നിർമ്മിതമാണ്. അതിനു രണ്ടുമുഴം (88:9 സെ.മീ.) നീളവും, ഒരു മുഴം (44.5 സെ.മീ.) വീതിയും, ഒന്നരമുഴം (66.65 സെ.മീ.) ഉയരവുമുണ്ട്. തങ്കംകൊണ്ടു പൊതിഞ്ഞതാണ്. ചുറ്റും പൊന്നുകൊണ്ടുള്ള വക്കുണ്ട്. മേശ ചുമക്കേണ്ടതിന് തണ്ടുകടത്തുവാൻ നാലുപൊൻവളയം പാർശ്വങ്ങളിൽ കാണാം. (പുറ, 25:23-30). മേശയെ അഭിഷേകം ചെയ്യണം. (പുറ, 30:2). ശബ്ബത്തുകളിൽ പുരോഹിതൻ അതിന്മീതെ പുതിയ കാഴ്ചയപ്പം വയ്ക്കണം. (ലേവ്യ, 24:5-7). ഈ മേശ ചുമക്കേണ്ട ചുമതല കെഹാത്യ ലേവ്യർക്കാണ്. (സംഖ്യാ, 3;31).

4. തങ്കനിലവിളക്ക് (Golden candlestick): വിശുദ്ധസ്ഥലത്ത് മേശയ്ക്കു നേരെ തെക്കുവശത്താണ് നിലവിളക്കിന്റെ സ്ഥാനം. (പുറ, 40:24). നിലവിളക്ക് തങ്കനിർമ്മിതമാണ്. നിലവിളക്കിനും ഉപകരണങ്ങൾക്കുമായി ഒരു താലന്തു സ്വർണ്ണം വേണ്ടിവന്നു. അതിന്റെ ചുവടും തണ്ടും പുഷ്പപുടങ്ങളും മുട്ടുകളും പൂക്കളും തണ്ടിൽ നിന്നു തന്നെയാണ്. കവരങ്ങൾ മൂന്നെണ്ണം ഇടത്തോട്ടും മൂന്നെണ്ണം വലത്തോട്ടുമാണ്.. നടുക്കുള്ള തണ്ടിന്റെ അതേ ഉയരം കവരങ്ങൾക്കുമുണ്ട്. ഓരോ ശാഖയിലും ഓരോ മുട്ടും ഓരോ പൂവുമായി ബദാം പൂപോലെ മൂന്നു പുഷ്പപുടം ഉണ്ട്. വിളക്കുതണ്ടിൽ നാലു പുഷ്പപുടം ഉണ്ടോയിരിക്കണം. മൂന്നു കവരങ്ങൾ പിരിയുന്ന സ്ഥാനത്ത് മൂന്നും മുകളറ്റത്തു ഒന്നുമാണ്. (പുറ, 25:31-40; 37:17-24). വിളക്കുതണ്ടിന്റെ വലിപ്പം പറഞ്ഞിട്ടില്ല. യെഹൂദ്യ പാരമ്പര്യമനുസരിച്ച് ഉയരം  1.5 മീറ്ററും വീതി 1.05 മീറ്ററും ആണ്. വിളക്ക് തങ്കനിർമ്മിതമാണ്. ആറുകവരങ്ങളിലും തണ്ടിലുമായി ഏഴുവിളക്കുകൾ ഉണ്ട്. പരിശുദ്ധമായ ഒലിവെണ്ണയാണ് വിളക്കുകൾക്ക് ഉപയോഗിക്കുന്നത്. സന്ധ്യായാഗ സമയത്താണ് ദീപം കത്തിക്കുന്നത്. (പുറ, 30:8). പ്രഭാതയാഗസമയത്ത് വിളക്കണയ്ക്കുകയും തുടയ്ക്കകയും ചെയ്യും. (പുറ, 30:7; 1ശമൂ, 3:3). നിലവിളക്കുമായി ബന്ധപ്പെട്ട ഉപകരണങ്ങളാണ് ചവണകളും കരിന്തിരിപ്പാത്രങ്ങളും. അവയും തങ്കനിർമ്മിതമാണ്. (പുറ, 25:38). 

5. ധൂപപീഠം (Altar of incense): ധൂപപീഠത്തിന്റെ സ്ഥാനം തിരശ്ശീലയ്ക്കു മുൻപിലാണ്. (പുറ, 30:1-6; 37:25-28). എബ്രായർ 9:4-ൽ രണ്ടാം തിരശ്ശീലയ്ക്കു പിന്നിൽ അതിവിശുദ്ധ സ്ഥലത്തുള്ള വസ്തുക്കളെ വിവരിക്കുന്ന കൂട്ടത്തിൽ സ്വർണ്ണധൂപ കലശത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. ഖദിര മരം കൊണ്ടു നിർമ്മിച്ചു തങ്കം പൊതിഞ്ഞതാണ് ഇത്. അതിന്റെ നീളം ഒരു മുഴവും (44.5 സെ.മീ.), വീതി ഒരു മുഴവും (44.5 സെ.മീ), ഉയരം രണ്ടു മുഴവും (89 സെ.മീ.) ആണ്. കൊമ്പുകൾ അതിനോടു ചേർന്നിരിക്കുന്നു. മുകൾവശത്തു ചുറ്റും പൊന്നു കൊണ്ടുള്ള വക്കുണ്ട്. പീഠം വഹിക്കുന്നതിനുള്ള തണ്ടുകളിടുന്നതിനു വക്കിനു കീഴെ ഇരുവശത്തും ഈരണ്ടു പൊൻവളയം ഉണ്ട്. തണ്ടുകൾ ഖദിരമരം കൊണ്ടു നിർമ്മിച്ച് പൊന്നു പൊതിഞ്ഞവയാണ്. 

6. നിയമപെട്ടകം (Ark of the covenant): പത്തുകല്പനകൾ അടങ്ങിയ രണ്ടു കല്പലകകൾ സൂക്ഷിച്ചിരുന്നതു കൊണ്ടാണു് ഈ പെട്ടകത്തെ നിയമപെട്ടകം (ആറോൻ ബ്റീത്) എന്നുവിളിക്കുന്നത്. (സംഖ്യാ, 10:33; 14:44; എബ്രാ, 9:4). സാക്ഷ്യപ്പെട്ടകം (ആറോൻ ഹാ ഏദുത്) ദൈവത്തിന്റെ പെട്ടകം എന്നീ പേരുകളും അതിനുണ്ട്. (പുറ, 25:16, 22; 1ശമൂ 3:3; 4:11). ഖദിരമരം കൊണ്ടാണ് പെട്ടകം നിർമ്മിച്ചത്. പെട്ടകത്തിനു രണ്ടരമുഴം (1.11 മീ.) നീളവും, ഒന്നരമുഴം (66.7 സെ.മീ.) വീതിയും, ഒന്നരമുഴം (66.7 സെ.മീ.) ഉയരവുമുണ്ട്. തങ്കംകൊണ്ട് അകവും പുറവും മൂടി. പെട്ടകത്തിന്റെ മേൽ ചുറ്റും പൊന്നുകൊണ്ടുള്ള വക്കു നിർമ്മിച്ചു. പെട്ടകത്തിന്റെ മേൽമൂടിയാണു കൃപാസനം. (പുറ, 25:20-22). പെട്ടകത്തിന്റെ രണ്ടു വശത്തും ഈരണ്ടു പൊൻവളയങ്ങളുണ്ട്. അവയിൽ പൊന്നു പൊതിഞ്ഞ ഖദിരമരത്തണ്ടുകൾ കടത്തിയാണ് പെട്ടകം ചുമക്കുന്നത്. തണ്ടുകൾ പെട്ടകത്തിന്റെ വളയങ്ങളിൽ നിന്ന് മാറ്റാൻ പാടില്ല. (പുറ, 25:15). കൃപാസനത്തിന്റെ രണ്ടറ്റത്തും സ്വർണ്ണം കൊണ്ടുള്ള രണ്ടു കെരൂബുകളെ നിർത്തി. അവ മേലോട്ടു ചിറകു വിടർത്തി കൃപാസനത്തെ മൂടി പരസ്പരം അഭിമുഖമായിരുന്നു. (പുറ, 25;20). കെരൂബുകൾക്കു മദ്ധ്യേയാണ് യഹോവ പ്രത്യക്ഷപ്പെട്ടത്. പത്തു കല്പനകൾ എഴുതിയ കല്പലകകൾ പെട്ടകത്തിൽ വച്ചിരുന്നു. ന്യായപ്രമാണപുസ്തകവും അതിൽ വച്ചു. (ആവ, 31:26). യോശീയാരാജാവിന്റെ കാലത്തു കണ്ടെടുത്ത ന്യായപ്രമാണപുസ്തകം ഇതാണെന്നു കരുതപ്പെടുന്നു. (2രാജാ, 22:8). ശലോമോന്റെ കാലത്തു രണ്ടു കല്പലകയല്ലാതെ പെട്ടകത്തിൽ മറ്റൊന്നുമുണ്ടായിരുന്നില്ല. (1രാജാ, 8:9). കല്പലകകൾ കൂടാതെ മന്ന ഇട്ടുവച്ച പൊൻപാത്രവും (പുറ, 16:33,34) അഹരോന്റെ തളിർത്ത വടിയും നിയമപെട്ടകത്തിൽ ഉണ്ടായിരുന്നു.

ഭൂമിയിൽ ദൈവത്തിന്റെ പ്രഥമനിവാസമായിരുന്നു സമാഗമനകൂടാരം. തുടർന്ന് ദൈവാലയം, ജഡധാരണം (ക്രിസ്തുവിന്റെ), വിശ്വാസിയുടെ ശരീരം, സഭ എന്നിങ്ങനെ ദൈവനിവാസങ്ങൾ മാറി. സമാഗമനകൂടാരം സ്വർഗ്ഗീയത്തിന്റെ നിഴലും ദൃഷ്ടാന്തവുമാണ്. (എബ്രാ, 8:5). വരുവാനുള്ള നന്മകളുടെ നിഴൽ മാത്രമാണ് ന്യായപ്രമാണം. (എബ്രാ, 10:1). വരുവാനുള്ള നന്മകളുടെ മഹാപുരോഹിതനായി ക്രിസ്തു വന്നു. (എബ്രാ, 9;11). ദൈവം സ്വന്തജനത്തിന്റെ നടുവിൽ വസിക്കുന്നതിന്റെ അടയാളമാണ് സമാഗമനകൂടാരം. (പുറ, 25:8). ദൈവസാന്നിദ്ധ്യത്തിന്റെയും കൃപാപൂർണ്ണമായ സ്നേഹത്തിന്റെയും പ്രതീകമാണ് നിയമപ്പെട്ടകം. ദൈവിക ശുശ്രൂഷയ്ക്കായി പന്ത്രണ്ടു ഗോത്രങ്ങളും സമർപ്പിക്കപ്പെട്ടതിനെ ചൂണ്ടിക്കാണിക്കുകയാണ് പന്ത്രണ്ടു കാഴ്ചയപ്പം. വെളിച്ചത്തിന്റെ മക്കളായിരിക്കുവാൻ യിസ്രായേൽ വിളിക്കപ്പെട്ടു എന്നത് നിരന്തരം ഓർപ്പിക്കുകയാണു നിലവിളക്ക്. (ഒ.നോ: മത്താ, 5:14). സുഗന്ധധൂപം പ്രാർത്ഥനയുടെ പ്രതീകമായണ്. (വെളി, 5:8; 8:3). യേശുവിന്റെ ദേഹത്തെ തിരശ്ശീലയായി എബ്രായലേഖനകാരൻ രൂപണം ചെയ്യുന്നു. യേശു സ്വന്തദേഹമെന്ന തിരശ്ശീല കീറി സകലമനുഷ്യർക്കും വേണ്ടി അതിപരിശുദ്ധ സ്ഥലത്തേക്കുള്ള വഴി തുറന്നു. (എബ്രാ, 10:19).

സഭ

സഭ (Church)

സഭ എന്ന പദത്തിനു സമൂഹം, കൂട്ടം, യോഗം, സമിതി എന്നീ അർത്ഥങ്ങളുണ്ട്. ഗ്രീക്കിലെ ‘എക്ലീസിയ’യെപ്പോലെ സഭയും ഒരു പുതിയ പദമല്ല. വിളിച്ചു വേർതിരിക്കുക എന്നർത്ഥമുള്ള ‘എക്+കലെയോ’ എന്ന ധാതുവിൽ നിന്നാണ് എക്ലീസിയയുടെ നിഷ്പത്തി. ഒരു പ്രത്യേക ഉദ്ദേശ്യത്തിനുവേണ്ടി വിളിച്ചു വേർതിരിക്കപ്പെടുന്ന സമൂഹം എന്ന വിവക്ഷയാണ് പൊതുവെ അതിനുള്ളത്. ആതൻസിലെ അസംബ്ലിയുടെ പേർ എക്ലീസിയ എന്നായിരുന്നു. സഭ, സമുഹം എന്നീ അർത്ഥങ്ങളിൽ അനേകം പദങ്ങൾ എബ്രായ ഭാഷയിലുണ്ടങ്കിലും ‘കാഹൽ’ എന്ന പദത്തെയാണ് സെപ്റ്റ്വജിന്റിൽ എക്ലീസിയ എന്നു വിവർത്തനം ചെയ്തു കാണുന്നത്. സെപ്റ്റ്വജിന്റിൽ എൺപതോളം സ്ഥാനങ്ങളിൽ എക്സീസിയ എന്ന പദമുണ്ട്. ഒരു പ്രത്യേക പ്രദേശത്തിലെ സമിതി എന്ന നിലയ്ക്കാണ് പഴയനിയമത്തിൽ എക്ലീസിയയുടെ പ്രയോഗം. ഭൂമിശാസ്ത്രപരമായി വിഭിന്നദിക്കുകളിൽ ചിതറിക്കിടക്കുന്നവരും ആത്മീയബന്ധത്തിൽ ഒന്നായിത്തീർന്നവരുമായ ഒരു മാർമ്മികഗണം എന്ന അർത്ഥം പഴയനിയമത്തിൽ എക്ലീസിയയ്ക്കില്ല. യെഹൂദസഭയെ കുറിക്കുവാൻ സിനഗോഗ് എന്ന പദമുണ്ട്. അതിനെ ഉപേക്ഷിച്ച് എക്ലീസിയ എന്ന പദം ക്രിസ്തു പ്രയോഗിച്ചത് സഭയുടെ വ്യതിരിക്തഭാവം വ്യക്തമാക്കുന്നു. 

സഭ പഴയനിയമത്തിൽ: പഴയനിയമത്തിൽ സഭ യിസ്രായേൽ സഭയെക്കുറിക്കുന്നു. ദൈവജനം എന്ന നിലയ്ക്ക് യിസ്രായേൽമക്കൾ മുഴുവൻ ഉൾക്കൊള്ളുന്ന പ്രയോഗമാണു സഭ. ഏതെങ്കിലും പ്രത്യേക ഉദ്ദേശ്യത്തിനോ (1രാജാ, 8:65), ഉത്സവത്തിനോ (ആവ, 23:1) കൂടിവരുന്നതും സഭയാണ്. പരിച്ഛേദനം കഴിഞ്ഞ എല്ലാ എബ്രായരും സഭയിലെ അംഗങ്ങളാണ്. ആയുധം എടുക്കുവാൻ കഴിവു ലഭിക്കുന്നതു മുതൽ സഭാനടപടികളിൽ പങ്കെടുക്കും. വ്യക്തി എന്ന നിലയിൽ ആർക്കും രാഷ്ട്രീയാവകാശമില്ല. ഭവനത്തിന്റെയോ കുടുംബത്തിന്റെയോ ഗോത്രത്തിന്റെയോ അംഗം എന്ന നിലയ്ക്കാണ് ഒരു വ്യക്തിക്ക് രാഷ്ട്രീയാവകാശം ലഭിക്കുന്നത്. കുടുംബത്തിന്റെയും ഗോത്രത്തിന്റെയും തലവന്മാരെ മൂപ്പനെന്നും പ്രഭുവെന്നും വിളിക്കും. മുഴുവൻ സഭയുടെയും പ്രതിനിധിയാണ് മൂപ്പന്മാർ. മൂപ്പന്മാരെ വിളിച്ചുകൂട്ടുന്നതു മഹാപുരോഹിതനായിരിക്കും. മൂപ്പന്മാരുടെ സംഘമാണ് നിയമനിർമ്മാണസഭ അഥവാ പാർലമെന്റ്. ഈ പാർലമെന്റിനായിരുന്നു പരമാധികാരം. യുദ്ധം പ്രഖ്യാപിക്കുക (ന്യായാ, 20:1-14), സമാധാനം ഉണ്ടാക്കുക (ന്യായാ, 21:13-20), ഉടമ്പടി ചെയ്യുക (യോശു, 9;15) തുടങ്ങിയവ ഈ മൂപ്പന്മാരുടെ സംഘമാണ് ചെയ്തിരുന്നത്. സൈന്യാധിപന്മാർ രാജാക്കന്മാർ തുടങ്ങിയവരെയും ഈ സംഘം തിരഞ്ഞെടുത്തിരുന്നു. (1ശമൂ, 10:17; 2ശമൂ, 5:1; 1രാജാ, 12:20). ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും അവരുടെ പ്രവൃത്തികളെ അംഗീകരിക്കുവാൻ ജനം ബാദ്ധ്യസ്ഥരായിരുന്നു. കനാൻ ആക്രമണത്തിനുശേഷം വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ പരിഗണിക്കുവാൻ മാത്രമേ സഭ കൂടിയിരുന്നുള്ളൂ.

സഭ പുതിയനിയമത്തിൽ: പുതിയനിയമത്തിൽ 115 സ്ഥാനങ്ങളിൽ എക്ലീസിയ എന്ന പദം പ്രയോഗിച്ചിട്ടുണ്ട്. അവയിൽ 110-ഉം സഭയെ കുറിക്കുന്നു. പ്രവൃത്തി 19:32-ൽ ജനസംഘമെന്നും, 19:39-ൽ ധർമ്മസഭയെന്നും, 7:38-ൽ മരുഭൂമിയിലെ സഭയന്നും, 19:4-ലും എബ്രാ, 2:12-ലും സഭയെന്നും പറഞ്ഞിരിക്കുന്നതു ക്രിസ്തുസഭയെ ഉദ്ദേശിച്ചല്ല. ആകെയുള്ള പ്രയോഗങ്ങളിൽ തൊണ്ണൂറുശതമാനവും അപ്പൊസ്തല പ്രവൃത്തികളിലും, പൗലൊസിന്റെ ലേഖനങ്ങളിലും, വെളിപ്പാടിലും ആണുള്ളത്. സുവിശേഷങ്ങളിൽ സഭ എന്ന വാക്കു മത്തായി സുവിശേഷത്തിൽ (3പ്രാവശ്യം) മാത്രമേയുള്ളൂ. പുതിയനിയമത്തിലെ പത്തു പുസ്തകങ്ങളിൽ (മർക്കൊസ് , ലൂക്കൊസ്, യോഹന്നാൻ, 2തിമൊഥയാസ് , തീത്തൊസ്, പത്രൊസ് ഒന്നും രണ്ടും, യോഹന്നാൻ ഒന്നും രണ്ടും, യൂദാ) സഭ എന്ന പദമില്ല. പത്രൊസ് 5:13-ൽ മലയാളത്തിൽ സഭ എന്ന പദമുണ്ടെങ്കിലും ഗ്രീക്കിൽ ഇല്ല. ബാബിലോനിലെ സഹവൃതന്മാർ നിങ്ങൾക്കു വന്ദനം ചൊല്ലുന്നു എന്നാണ് ഗ്രീക്കിൽ. 

സഭ; പ്രയോഗവ്യാപ്തി: സഭയെ വിവിധ ആശയങ്ങളിലാണു പുതിയനിയമത്തിൽ പയോഗിച്ചിട്ടുള്ളത്. 1. ഒരു പ്രത്യേക സ്ഥലത്ത് അഥവാ പ്രാദേശികസഭയിൽ ഉള്ള വിശ്വാസികളെയാണ് എക്ലീസിയ എന്ന പദം അധികവും സൂചിപ്പിക്കുന്നത്. അവർ ആരാധനയ്ക്ക് കൂടിവന്നുവോ എന്നത് പ്രശ്നമല്ല. എന്നാൽ ചിലഭാഗങ്ങളിൽ അവർ ആരാധനയ്ക്ക് കൂടിവന്നു എന്നു പറയുന്നുണ്ട്. (പ്രവൃ, 5:11; 11:26; 1കൊരി, 11:18; 14:19; 28:35). മറ്റുചില ഭാഗങ്ങളിൽ അവർ ആരാധനയ്ക്കു കൂടിവന്നു എന്ന ധ്വനി ഇല്ല. (റോമ, 16:4; 1കൊരി, 16:1; ഗലാ, 1:2; 1തെസ്സ,  2:14). 2. ഏതെങ്കിലും വ്യക്തികളുടെ വീട്ടിൽ കൂടിവന്ന സഭ. (റോമ, 16:23; 1കൊരി, 16:19; കൊലൊ, 4:15; ഫിലേ, 2). 3. ക്രിസ്തുവിനെ സാക്ഷിക്കുകയും ആരാധനയ്ക്കായി സംഘടിക്കുകയും ചെയ്യുന്ന ലോകം മുഴുവനുമുള്ള വിശ്വാസികളെ ഒന്നായി സഭ എന്നു വിളിക്കുന്നു. (1കൊരി, 10:32; 11:32; 22:18; എഫെ, 4:11-16). 4. സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതും ക്രിസ്തുവിനാൽ രക്ഷിക്കപ്പെട്ട് ക്രിസ്തുവിനോട് ചേർന്നതുമായ മുഴുവൻ വിശ്വാസികളുടെയും സമൂഹം. (എഫെ, 1:22; 3:10, 21; 5:23-25, 27, 32). 

സഭ; പേരുകളും വിശേഷണങ്ങളും: സഭ എന്ന ആശയം വ്യഞ്ജിപ്പിക്കുന്ന എൺപതിലേറെ പ്രയോഗങ്ങൾ പുതിയനിയമത്തിലുണ്ട്. സമാന്തരനാമങ്ങളും ഉപനാമങ്ങളും വിശേഷണങ്ങളും പ്രതിബിംബങ്ങളും അവയിലുൾപ്പെടും. ചില പ്രയോഗങ്ങൾ സഭയ്ക്ക് പ്രാധാന്യം നല്കുമ്പോൾ മറ്റുള്ളവ സഭാംഗങ്ങൾക്കു പ്രാധാന്യം നല്കുന്നു. പ്രധാനപ്പെട്ട പേരുകളും വിശേ ഷണങ്ങളും 12 ഗണങ്ങളായി തിരിച്ചു നല്കുകയാണ്. 

1. ക്രിസ്തുസഭ (ഗലാ, 1:22), ദൈവസഭ (1കൊരി, 10:32; 15:9; ഗലാ, 1:13), ആദ്യജാതന്മാരുടെ സഭ (എബ്രാ, 12:23), വിശുദ്ധന്മാരുടെ സഭ (1കൊരി, 14:34). 

2. ക്രിസ്തുവിന്റെ ശരീരം (1കൊരി, 12:27; എഫെ, 4:4; കൊലൊ, 1:24), കാന്ത (എഫെ, 5:27-32; വെളി, 19:7), നിറവ് (എഫെ, 1:23). 

3. ദൈവത്തിന്റെ ജനം (1പത്രോ, 2:10; റോമ, 9:25; പ്രവൃ, 18:10),, സ്വന്തജനം (1പത്രൊ, 2:9; തീത്താ, 2:14), വിശുദ്ധവംശം (1പത്രൊ, 2:9).

4. ഏകാത്മസ്നാനം ഏറ്റവർ, ഏകാത്മപാനം ചെയ്തവർ (1കൊരി, 12:13), ദൈവാത്മാവു നടത്തുന്നവർ (റോമ, 8:14), ആത്മാവിന്റെ കൂട്ടായ്മ അനുഭവിക്കുന്നവർ (2കൊരി, 13:14; ഫിലി, 2:1).

5. ആത്മികഗൃഹം (1പത്രോ, 2:5), വിശുദ്ധമന്ദിരം (എഫെ, 2:21), ദൈവമന്ദിരം (1കൊരി, 3:16; 6:19), ദൈവത്തിന്റെ നിവാസം (എഫെ, 2:22), സത്യത്തിന്റെ തുണും അടിസ്ഥാനവും (1തിമൊ, 3:15). 

6. തിരഞ്ഞെടുക്കപ്പെട്ടവർ (എഫെ, 1:4,5, 11), തിരഞ്ഞെടുക്കപ്പെട്ട ജാതി (1പത്രൊ, 2:9), വൃതന്മാർ (കൊലൊ, 3:12; 1പത്രൊ, 1:2; 2തിമൊ, 2:10), മുന്നിയമിക്കപ്പെട്ടവർ, മുന്നറിയപ്പെട്ടവർ, വിളിക്കപ്പെട്ടവർ, സ്വർഗ്ഗീയവിളിക്കു ഓഹരിക്കാർ (റോമ, 8:28-30; 1കൊരി, 1:9; എബ്രാ, 3:1).

7. ദൈവമക്കൾ (റോമ, 8:16; 9:26; എബ്രാ, 2:10), ദൈവത്തിന്റെ ഭവനക്കാർ (എഫെ, 2:19), അവകാശികൾ, ക്രിസ്തുവിനു കൂട്ടവകാശികൾ (റോമ, 8:17), അബ്ബാ പിതാവേ എന്നു വിളിക്കുന്നവർ (റോമ, 8:15), സഹോദരന്മാർ (സു, 200 പ്രാവശ്യം: ആദ്യപ്രയോഗം പ്രവൃ, 10:23-ൽ). 

8. രാജാക്കന്മാർ, പുരോഹിതന്മാർ (വെളി, 1:6; 5:10), വിശുദ്ധപുരോഹിതവർഗ്ഗം, രാജകീയ പുരോഹിതവർഗ്ഗം (1പത്രോ, 2:9), ജീവനിൽ വാഴുന്നവർ (റോമ, 5:17), ഇളകാത്ത രാജ്യം പ്രാപിക്കുന്നവർ (എബ്രാ, 12:28), രാജ്യത്തിന്റെ അവകാശികൾ (യാക്കോ, 2:5), സ്വർഗീയ പൗരന്മാർ (ഫിലി, 3:20; എഫെ, 2:19).

9. ദാസന്മാർ (റോമ, 6:22; യോഹ, 13:16; 2കൊരി, 4:5), ശുശ്രൂഷക്കാർ (റോമ, 13:4; 1കൊരി, 3:5), ഗൃഹവിചാരകൻ (1കൊരി, 4:1,2; തീത്താ, 1:7; 1പത്രോ, 4:10), കാര്യവിചാരകൻ (ലൂക്കൊ, 16:1, 4), സ്ഥാനപതി (എഫെ, 5:19; 2കൊരി, 5:20), ഭടൻ, പടയാളി (2തിമൊ, 2:3,4; ഫിലി, 2:5). 

10. വിശുദ്ധന്മാർ (എഫെ, 1:1; കൊലൊ, 1:1), വിശുദ്ധീകരിക്കപ്പെടുന്നവർ (എബ്രാ, 2:11), വിശുദ്ധീകരിക്കപ്പെട്ടവർ (1കൊരി, 1:2), നിർമമലീകരിക്കുന്നവർ (1യോഹ, 3:3), നിർമ്മലകന്യക (2കൊരി, 11:2). 

11. വിശ്വാസികൾ (എഫെ, 1:1; പ്രവൃ, 2:44), വിശ്വസിക്കുന്നവർ (1തെസ്സ, 1:7), വിശ്വസ്തർ (കൊലൊ, 1:1), പ്രത്യാശയുള്ളവർ (1യോഹ, 3:3). 

12. പുതിയ സൃഷ്ടി (2കൊരി, 5:17), പുതുമനുഷ്യൻ (എഫെ, 2:15), ആടുകൾ (യോഹ, 10:1-16), മുന്തിരിവള്ളിയുടെ കൊമ്പുകൾ (യോഹ, 16:1-11), ക്രിസ്ത്യാനികൾ (പ്രവൃ, 11:26; 26:28; 1പത്രൊ, 4:16),, മാർഗ്ഗക്കാർ (പ്രവൃ, 9:2; 19:9, 23(, ശിഷ്യന്മാർ: ആദിമ ക്രിസ്ത്യാനികളുടെ പ്രധാനപേര് (പ്രവൃ, 6:1). അപ്പൊസ്തലപ്രവൃത്തികളിൽ മുപ്പതുപ്രാവശ്യം ഉണ്ട്. 

സഭയുടെ ആരംഭം: സഭയുടെ ആരംഭം പെന്തെകൊസ്തനാളിലാണ്. താഴെ പറയുന്ന വസ്തുതകൾ അതിനു ഉപോദ്ബലകമാണ്. 1. സഭയുടെ സ്ഥാപനം ഇനിയും ഭാവികമാണെന്നു ക്രിസ്തു വെളിപ്പെടുത്തി. “നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും.” (മത്താ, 16:18). 2. ക്രിസ്തു കാൽവരിയിൽ ചൊരിഞ്ഞ രക്തത്താൽ പാപം കഴുകപ്പെട്ടവരാണ് സഭയിൽ ഉൾപ്പെടുന്നത്. തന്മൂലം ക്രിസ്തുവിന്റെ മരണം സംഭവിക്കുന്നതുവരെ സഭ ഉണ്ടായിരിക്കുവാൻ സാദ്ധ്യമല്ല. 3. ക്രിസ്തു മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റതിലൂടെയാണ് സഭയ്ക്ക് പുനരുത്ഥാനജീവൻ ലഭിച്ചിരിക്കുന്നത്. ക്രിസ്തുവിന്റെ ഉയിർത്തെഴുന്നേല്പിനു മുമ്പു സഭ ഉണ്ടായിരിക്കുവാൻ പാടില്ലെന്ന് ഇതു സ്പഷ്ടമാക്കുന്നു. 4. പുനരുത്ഥാനാനന്തരം സ്വർഗ്ഗാരോഹണം ചെയ്ത ക്രിസ്തുവിനെയാണ് ദൈവം സഭയുടെ ശിരസ്സായി വെച്ചത്. (എഫെ, 1:21-23). സഭ ഭൂമിയിൽ നിലനില്ക്കുന്നത് ക്രിസ്തു സ്വർഗ്ഗത്തിൽ ചെയ്യുന്ന മാദ്ധ്യസ്ഥതയിലും സ്വർഗ്ഗാരോഹണശേഷം സ്വർഗ്ഗത്തിൽ നിന്നു ക്രിസ്തു നൽകികൊണ്ടിരിക്കുന്ന കൃപാദാനങ്ങളിലുമാണ്. (എഫെ, 4:7-13). തന്മൂലം ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തിനു മുമ്പു സഭ ഉണ്ടായിരുന്നുവെന്ന് ആരെങ്കിലും വാദിക്കുമെങ്കിൽ ആ ശരീരം (സഭ) പ്രവർത്തന രഹിതമായ നിശ്ചേഷ്ട ശരീരമെന്നു പറയേണ്ടിവരും. 5. പരിശുദ്ധാത്മാവിലൂടെ ദൈവം വസിക്കുന്ന മന്ദിരമാണ് സഭ എന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. സഭയിലെ ഓരോ വ്യക്തിയും വീണ്ടുംജനനം പ്രാപിക്കുന്നതും സ്നാനം പ്രാപിക്കുന്നതും മുദ്രയിടപ്പെടുന്നതും പരിശുദ്ധാത്മാവിനാലാണ്. ഇവയൊന്നും തന്നെ പെന്തെകൊസ്തിനു മുമ്പ് നടന്നിട്ടില്ലെന്നു തിരുവെഴുത്തുകൾ വ്യക്തമാക്കുന്നു. (യോഹ, 17:17). 

സഭയ്ക്ക് ക്രിസ്തുവിനോടുള്ള ബന്ധം: സഭയ്ക്ക് ക്രിസ്തുവിനോടുള്ള ബന്ധം ഏഴു പ്രതിബിംബങ്ങളിലൂടെയാണ് പുതിയ നിയമത്തിൽ വെളിപ്പെടുത്തിയിട്ടുള്ളത്. ഇവ ഏഴും ഓരോ പ്രത്യേകസത്യത്തെ വെളിപ്പെടുത്തുന്നു എങ്കിലും അവയുടെ കേന്ദ്രവിഷയം. സഭ ഏകശരീരം എന്നതത്രേ. അവ: 1. ഇടയനും (ക്രിസ്തു) ആടുകളും (സഭ). (യോഹ, 10:1-16). 2. മുന്തിരിവള്ളിയും കൊമ്പുകളും. (യോഹ, 15:11). 3. ഒടുക്കത്തെ ആദാമും പുതുസൃഷ്ടിയും. (1കൊരി, 15:22, 45; 2കൊരി, 5:17). 4. ക്രിസ്തു ശിരസ്സും സഭ ശരീരവും. (1കൊരി, 12:12-13, 27; എഫെ, 1:20-23; 3:6; 4:4-16). 5. ക്രിസ്തു അടിസ്ഥാനവും സഭ മന്ദിരവും. (എഫെ, 2:19-22; 1കൊരി, 3:9-15; 1പത്രൊ, 2:5). 6. ക്രിസ്തു മഹാപുരോഹിതനും സഭ രാജകീയപുരോഹിതവർഗ്ഗവും. (എബ്രാ, 5:1:10; 6:13-8:6; 1പത്രോ, 2:9; വെളി, 1:6). 7. ക്രിസ്തു മണവാളനും സഭ മണവാട്ടിയും. (2കൊരി, 11:2; എഫെ, 2:25-33; വെളി, 19:7-9). 

ആദ്യസഭകൾ: സഭ ആരംഭിച്ചത് ഒരേ നാളിലും (പെന്തെകൊസ്ത്) ഒരേ സ്ഥലത്തും (യെരുശലേമിൽ) ആണ്. യെഹൂദൻ, യവനൻ, സ്വതന്ത്രൻ, അടിമ തുടങ്ങിയ വ്യത്യാസങ്ങൾ കൂടാതെ ഏകശരീരത്തിൽ എല്ലാവരും ആത്മസ്നാനത്താൽ സംഗ്രഥിക്കപ്പെടുന്നു. ആത്മസ്നാനത്താലാണ് വിശ്വാസി ക്രിസ്തുവിന്റെ ശരീരമായ സഭയിൽ ആക്കപ്പെടുന്നത്. (പ്രവൃ, 1:5; 1കൊരി, 12:13). പെന്തെക്കൊസ്തു നാളിൽ കാത്തിരുന്നവർ ആത്മസ്നാനം പ്രാപിച്ചു യെരൂശലേം സഭയിലെ ആദ്യാംഗങ്ങളായി. തുടർന്ന് 3000 പേരും 5000 പേരും സഭാംഗങ്ങളായി. (പ്രവൃ, 2:14, 41; 4:4). അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കൈക്കൊണ്ട് കൂട്ടായ്മ പുലർത്തി, സ്നാനവും കർത്തൃമേശയും ആചരിച്ച് ആരാധന കഴിച്ചു. (പ്രവൃ, 2:42-47). യെരുശലേമിൽ നിന്നാണു് സഭ വ്യാപിച്ചത്. അപ്പൊസ്തലനായ പൗലൊസിന്റെ പ്രവർത്തനത്തിന്റെയും ആരംഭബിന്ദു യെരൂശലേമായിരുന്നു. (റോമ, 15:19). ആദ്യം യെഹൂദമതത്തിനുള്ളിലെ ഒരു വിഭാഗമായി ക്രിസ്തുമതം അറിയപ്പെട്ടു. (പ്രവൃ, 24:5). യെരൂശലേം സഭയ്ക്കു യെഹൂദ്യസ്വഭാവം ഉണ്ടായിരുന്നു. ന്യായപ്രമാണാചരണവും ദൈവാലയാരാധനയും അവർ അംഗീകരിച്ചു. നസറായനായ യേശുവിനെ യിസ്രായേലിന്റെ മശീഹയായി അവർ വിശ്വസിച്ചു. അപ്പൊസ്തലന്മാരായിരുന്നു ഈ സഭയുടെ നായകർ. ഏറെത്താമസിയാതെ അദ്ധ്യക്ഷന്മാർ ആ സ്ഥാനത്തു വന്നു. യേശുവിന്റെ സഹോദരനായ യാക്കോബ് അദ്ധ്യക്ഷനായി അംഗീകരിക്കപ്പെട്ടു. (ഗലാ, 2:9; പ്രവൃ, 15:6). എ.ഡി. 62-ൽ വധിക്കപ്പെടുന്നതുവരെയും ഈ സ്ഥാനം യാക്കോബിനായിരുന്നു. സഭയുടെ മശീഹാ സങ്കല്പവുമായി യാക്കോബിന്റെ ഈ സ്ഥാനത്തിനു ബന്ധമുണ്ട്. യാക്കോബും ദാവീദിന്റെ രാജകീയവംശാവലിയിൽ ഉൾപ്പെട്ടവനാണ്. എ.ഡി. 70-ൽ യെരൂശലേം പിടിച്ചശേഷം ദാവീദിന്റെ വംശത്തിൽ ആരെങ്കിലും ശേഷിക്കുന്നുവോ എന്നു വെസ്പേഷ്യൻ അന്വേഷിച്ചു എന്നു പറയപ്പെടുന്നു. 

ആദിമസഭയിൽ മേശമേൽ ശുശ്രൂഷിക്കുന്നതിനു ഏഴു പേരെ നിയോഗിച്ചു. അവർ യവനന്മാരായിരുന്നു. (പ്രവൃ, 6:5). അവരിലൂടെയാണ് യെഹൂദ ക്രിസ്ത്യാനികളുടെ സങ്കുചിത സീമകളെ വിട്ടു ക്രിസ്തുമതം അന്യദേശങ്ങളിലേക്ക് വ്യാപിച്ചത്. ഏഴുപേരിൽ ഒരാളായ സ്തെഫാനൊസിനെ ന്യായാധിപസംഘത്തിനു മുമ്പിൽ കൊണ്ടുവന്നു. ദൈവാലത്തെയും ന്യായപ്രമാണത്തെയും ദുഷിപ്പിക്കുന്നതായി അവന്റെമേൽ കുറ്റാരോപണം നടത്തി. സ്തെഫാനൊസ് രക്തസാക്ഷിയായി. തുടർന്നുണ്ടായ പീഡനം പ്രായേണ യവനക്രിസ്ത്യാനികൾക്കെതിരെ ആയിരുന്നു. ഏഴുപേരിൽ ഒരാളായ ഫിലിപ്പോസ് ശമര്യയിൽ സുവിശേഷവുമായി പോയി; ഫെലിസ്ത്യ നഗരമായ ഗസ്സയ്ക്കടുത്തു വെച്ച് ഷണ്ഡനെ സ്ഥാനപ്പെടുത്തി; തുടർന്നു പ്രസംഗിച്ചുകൊണ്ട് കൈസര്യവരെയെത്തി. ഈ യവന ക്രിസ്ത്യാനികളാണ് അന്ത്യാക്ക്യയിൽ ചെന്ന് ന്യായപ്രമാണത്തെ ഊന്നിപ്പറയാതെ ജാതികളോടു സുവിശേഷം പ്രസംഗിച്ചത്. സ്തെഫാനൊസിനുശേഷം യെരുശലേം സഭയുടെ യെഹൂദ്യസ്വഭാവം പ്രബലമായി. സുവിശേഷത്തോടൊപ്പം അവർ ന്യായപ്രമാണാചരണത്തിനും പ്രാധാന്യം നല്കി. (പ്രവൃ, 15:1; ഗലാ, 2:12; 6:12). യെരുശലേം കൗൺസിൽ അന്തിമ തീരുമാനമെടുത്തു. ന്യായപ്രമാണ കല്പനകൾ വിജാതീയരിൽ അടിച്ചേല്പിക്കരുതെന്നായിരുന്നു തീരുമാനം. ഭക്ഷണത്തിലെ കൂട്ടായ്മയ്ക്കു വിഘ്നം വരാതിരിക്കുവാൻ ന്യായപ്രമാണത്തിലെ ചില കല്പനകളെയും ദുർന്നടപ്പിനെ സംബന്ധിച്ച കല്പനയെയും വിജാതീയർ പ്രമാണിക്കണമെന്ന് തീരുമാനിച്ചു. (പ്രവൃ, 15:20, 29; 21:21-25). വിശ്വാസം, സദാചാരം എന്നീ കാര്യങ്ങളിൽ യെരൂശലേം സഭയ്ക്കായിരുന്നു നേതൃസ്ഥാനം. (പ്രവൃ, 18:22). എ.ഡി. 66-ൽ ആരംഭിച്ച റോമിനെതിരെയുള്ള യുദ്ധം യെരുശലേം സഭയുടെ അന്ത്യം കുറിച്ചു. 

ഓറന്റീസ് നദീതീരത്തുള്ള അന്ത്യൊക്ക്യയിലെ സഭയിൽ യെഹൂദരും യെഹൂദേതരരും ഉണ്ടായിരുന്നു. (പ്രവൃ, 11:26; 13:1). പുതിയസഭയുടെ മാതൃക അന്ത്യൊക്ക്യ സഭയായിരുന്നു. ഇവിടെവെച്ച് വിശ്വാസികൾക്ക് ആദ്യമായി ക്രിസ്ത്യാനികൾ എന്ന പേർ ലഭിച്ചു. ഇവിടെ നിന്ന് സുവിശേഷം വ്യാപിച്ചു. അതിന്റെ മുഖ്യവ്യക്തി ബർന്നബാസായിരുന്നു. അന്ത്യൊക്ക്യ സഭയെക്കുറിച്ചു മനസ്സിലാക്കുവാൻ യെരുശലേമിലെ പ്രമാണിമാരാണ് ബർന്നബാസിനെ അന്ത്യൊക്ക്യയിലേക്കയച്ചത്. തർസൊസുകാരനായ ശൗലിനെ കൊണ്ടുവന്നത് ബർന്നബാസാണ്. യെരൂശലേമിൽ നിന്ന് പ്രവാചകന്മാർ വന്നു ഇവിടെ ശുശുഷിച്ചു. (പ്രവൃ, 11:27). പത്രൊസും യാക്കോബിന്റെ അടുക്കൽ നിന്നു ചിലരും അന്ത്യാക്ക്യയിലേക്കു വന്നു. (ഗലാ, 2:11,12). ക്ഷാമകാലത്തു അന്ത്യാക്ക്യാസഭ യെരൂശലേം സഭയെ സഹായിച്ചു. (പ്രവൃ, 11:29). ന്യായപ്രമാണത്തെ സംബന്ധിച്ചുണ്ടായ തർക്കത്തിന്റെ പരിഹാരത്തിനു അവർ അശ്രയിച്ചത് യെരുശലേം സഭയെയാണ്. ബർന്നബാസിനെയും ശൗലിനെയും മിഷണറി പ്രവർത്തനത്തിനു പറഞ്ഞയച്ചതാണ് അന്ത്യാക്കാസഭയുടെ ഏറ്റവും വലിയ ഖ്യാതി. 

ആദ്യതലമുറയിലെ മിഷണറിമാർ പൗലൊസും ബർന്നബാസും മാത്രമായിരുന്നില്ല. പക്ഷെ പന്ത്രണ്ടപ്പൊസ്തലന്മാർ ഉൾപ്പെട്ട അവരുടെ ഗണത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ചു യാതൊരറിവും നമുക്കില്ല . യെരൂശലേം മുതൽ ഇല്ലൂര്യദേശത്തോളം ചുറ്റിസഞ്ചരിച്ചു ക്രിസ്തുവിന്റെ സുവിശേഷഘോഷണം പൂർത്തിയാക്കിയതായി പൗലൊസ് അവകാശപ്പെടുന്നു. (റോമ, 15:19). ഏഷ്യാമൈനറിലെ ദക്ഷിണ പ്രവിശ്യകളിലും മക്കെദോന്യയിലും ഗ്രീസിലും പശ്ചിമേഷ്യയിലും ക്രേത്തയിലും അദ്ദേഹം സഭകൾ സ്ഥാപിച്ചു. സ്പെയിനിൽ സഭ സ്ഥാപിച്ചുവോ എന്നറിയില്ല. (റോമ, 15:24). പട്ടണങ്ങളെ കേന്ദ്രമാക്കിയാണ് സഭകൾ സ്ഥാപിച്ചത്. മിക്കവാറും യെഹൂദന്മാരുടെ പള്ളികളായിരുന്നു ആരംഭബിന്ദു. ഈ സഭകളുടെ വളർച്ചയ്ക്ക് കുടുംബങ്ങൾ പ്രധാന പങ്കു വഹിച്ചു. ഗ്രീക്കിലെ പഴയനിയമമായിരുന്നു സഭകളുടെ തിരുവെഴുത്ത്. സ്നാനം നല്കിയതാരെന്നോ കർത്തുമേശയ്ക്കു മേൽനോട്ടം നല്കിയതാരെന്നോ തിരുവെഴുത്തുകളിൽ പറഞ്ഞിട്ടില്ല. സഭകൾക്കു തമ്മിൽ അധികാരസൂചകമായ പരസ്പര ബന്ധമുണ്ടായിരുന്നില്ല. ക്രിസ്തുവിനോടല്ലാതെ മറ്റേതെങ്കിലും വ്യക്തിയോടോ സംഘടനയോടോ സഭയ്ക്കു വിധേയത്വമില്ല. ശുശ്രുഷകന്മാർക്കോ ഇടയന്മാർക്കോ പ്രാദേശികസഭയിൽ ഒരു വിശ്വാസിക്കുള്ളതിനെക്കാൾ സഭാപരമായ അധികാരമില്ല. സഭാശിക്ഷണത്തിന്റെ പൂർണ്ണമായ അധികാരം പ്രാദേശികസഭയ്ക്കാണ്. അപ്പൊസ്തലിക ഉപദേശത്തിന്റെയും അനുഷ്ഠാനങ്ങളുടെയും സംരക്ഷണച്ചുമതല പ്രാദേശിക സഭയ്ക്കാണ്. 

ക്രിസ്തുവും സഭയും: സഭയ്ക്ക് ക്രിസ്തുവിനോടുള്ള ബന്ധം ഏഴു പ്രതിബിംബങ്ങളിലൂടെയാണ് പുതിയ നിയമത്തിൽ വെളിപ്പെടുത്തിയിട്ടുള്ളത്. ഇവ ഏഴും ഓരോ പ്രത്യേകസത്യത്തെ വെളിപ്പെടുത്തുന്നു എങ്കിലും അവയുടെ കേന്ദ്രവിഷയം. സഭ ഏകശരീരം എന്നതത്രേ.

1. ഇടയനും ആടുകളും (യോഹ, 10:1-16).

2. മുന്തിരിവള്ളിയും കൊമ്പുകളും (യോഹ, 15:1-11).

3. ഒടുക്കത്തെ ആദാമും പുതുസൃഷ്ടിയും (1കൊരി, 15:45, 2കൊരി, 5:17).

4. ശിരസ്സും ശരീരവും (എഫെ, 1:20-23, 3:6, 4:11-15).

5. അടിസ്ഥാനവും മന്ദിരവും (എഫെ, 2:19-22, 1കൊരി, 3:11-15).

6. മഹാപുരോഹിതനും രാജകീയ പുരോഹിതവർഗ്ഗവും (എബ്രാ, 5:1-10, 6:13-8:6, 1പത്രൊ, 2:9, വെളി, 1:6).

7. മണവാളനും മണവാട്ടിയും (2കൊരി, 11:2, എഫെ, 5:23-33, വെളി, 19:7:9).