All posts by roy7

യിസ്ഹാക്ക്

യിസഹാക്ക് (Isaac)

പേരിനർത്ഥം – ചിരി

അബ്രാഹാമിനു സാറായിൽ ജനിച്ച ഏക പുത്രൻ. ജനിക്കുന്നതിനു മുമ്പു നാമകരണം ചെയ്യപ്പെട്ടവരിൽ ഒരാളാണ് യിസഹാക്ക്. യഹോവയാണു ഈ പേർ നല്കിയത്. (ഉല്പ, 17:19). യിസ്ഹാക്ക് ജനിക്കുമ്പോൾ അബ്രാഹാമിനു 100 വയസ്സും സാറായ്ക്കു 90 വയസ്സും ഉണ്ടായിരുന്നു. (ഉല്പ, 21:5). എട്ടാം ദിവസം യിസ്ഹാക്കിനെ പരിച്ഛേദനം കഴിപ്പിച്ചു. (ഉല്പ, 21:4). യിസ്ഹാക്കിന്റെ മുലകുടി മാറിയ നാളിൽ അബ്രാഹാം ഒരു വലിയ വിരുന്നു കഴിച്ചു. ഈ സന്ദർഭത്തിൽ തന്റെ അവകാശം നഷ്ടപ്പെട്ട യിശ്മായേൽ പരിഹസിക്കുകയും അതു സാറായെ പ്രകോപിപ്പിക്കുകയും ചെയ്തു. അതിനാൽ ഹാഗാറിനെയും യിശ്മായേലിനെയും പുറത്താക്കുവാൻ സാറാ അബ്രാഹാമിനെ നിർബ്ബന്ധിച്ചു. യിശ്മായേലിനെ സ്നേഹിക്കുക നിമിത്തം അബ്രാഹാം അതു ചെയ്തില്ല. എന്നാൽ ദൈവത്തിൽ നിന്നു വ്യക്തമായ നിർദ്ദേശം ലഭിച്ചപ്പോൾ അബ്രാഹാം ഇരുവരെയും പുറത്താക്കി. (ഉല്പ, 21:8-12).

അബ്രാഹാമിന്റെ വിശ്വസ്തതയെ പരീക്ഷിക്കുവാൻ തന്റെ ഏകജാതനായ പുത്രനെ മോരിയാമലയിൽ കൊണ്ടുചെന്നു യാഗം കഴിക്കുവാൻ ദൈവം കല്പിച്ചു. (ഉല്പ, 22). അപ്പോൾ യിസ്ഹാക്കിനു 25 വയസ്സു പ്രായം ഉണ്ടായിരുന്നുവെന്നു ജൊസീഫസ് പറയുന്നു. ഹോമയാഗത്തിനു ആവശ്യമായ വിറകു ചുമന്നുകൊണ്ടു പോകുവാൻ കഴിവുള്ള ബാലനായിരുന്നു യിസ്ഹാക്ക്. തന്നെ യാഗം കഴിക്കുന്നതിനു യിസ്ഹാക്കു ഒരു തടസ്സവും പറഞ്ഞില്ല. എന്നാൽ യാഗപീഠത്തിൽ കിടത്തി യിസ്ഹാക്കിനെ കൊല്ലുവാൻ ഒരുങ്ങിയപ്പോൾ ദൈവദൂതൻ പ്രത്യക്ഷപ്പെട്ടു തടഞ്ഞു; പകരം ഒരു ആട്ടുകൊറ്റനെ യാഗം കഴിച്ചു.

യിസ്ഹാക്കിനു 37 വയസ്സായപ്പോൾ ഹെബ്രോനിൽ വച്ചു സാറാ മരിച്ചു. (ഉല്പ, 23:1). അബ്രാഹാമിന്റെ ദാസനായ എല്യേസർ മെസൊപ്പൊട്ടേമ്യയിൽ ചെന്നു ചാർച്ചക്കാരിയായ റിബെക്കയെ കൊണ്ടുവന്നു. റിബെക്കയെ വിവാഹം കഴിക്കുമ്പോൾ യിസഹാക്കിനു 40 വയസ്സായിരുന്നു. (ഉല്പ, 25:20). റിബെക്ക വന്ധ്യയായിരുന്നു. ഇരുപതു വർഷത്തിനു ശേഷം യിസ്ഹാക്കിന്റെ പ്രാർത്ഥനയുടെ ഫലമായി റിബെക്കാ ഗർഭം ധരിച്ചു. ഇരട്ടക്കുഞ്ഞുങ്ങളായ ഏശാവിനെയും യാക്കോബിനെയും പ്രസവിച്ചു. (ഉല്പ, 25:21-26). ഏശാവ് വേട്ടക്കാരനും വനസഞ്ചാരിയും യാക്കോബ് സാധുശീലനും കൂടാര വാസിയുമായിരുന്നു. യിസ്ഹാക്ക് ഏശാവിനെയും റിബെക്കാ യാക്കോബിനെയും സ്നേഹിച്ചു. ക്ഷാമകാലത്തു ഭക്ഷണത്തിനു വേണ്ടി അന്യദേശത്തു പോകുവാൻ യിസ്ഹാക്കു പ്രേരിതനായി. മിസ്രയീമിലേക്കു പോകാതെ വാഗ്ദത്ത നാട്ടിൽ കഴിയുവാൻ യഹോവ ഉപദേശിച്ചു. ദൈവിക സംരക്ഷണയിൽ സംശയാലുവായ യിസ്ഹാക്ക് ഫെലിസ്ത്യ പട്ടണമായ ഗെരാരിൽ പോയി. ജീവനെ ഭയന്നു റിബെക്കായെ സ്വന്തം സഹോദരിയെന്നു പറയേണ്ടിവന്നു. സത്യം മനസ്സിലാക്കിയപ്പോൾ ഫെലിസ്ത്യരാജാവായ അബീമേലെക്ക് യിസ്ഹാക്കിനെ കുറ്റപ്പെടുത്തിയെങ്കിലും ദേശത്തു പാർക്കുവാൻ അനുവദിച്ചു. (ഉല്പ, 26:1-11).

യിസ്ഹാക്ക് ഗെരാർ താഴ്വരയിൽ കൂടാരമടിച്ചു. കൃഷിയിലും കന്നുകാലി വളർത്തലിലും യിസ്ഹാക്ക് സമ്പന്നനായിത്തീർന്നു. അസൂയാലുക്കളായ ഫെലിസ്ത്യർ പീഡിപ്പിക്കുകയും ദേശം വിട്ടുപോകുവാൻ ആവശ്യപ്പെടുകയും ചെയ്തു. തന്റെ പിതാവാ കുഴിച്ചതും ഫെലിസ്ത്യർ മൂടിക്കളഞ്ഞതുമായ കിണറുകളെ അവൻ തുറന്നു; പുതിയ കിണറുകൾ വെട്ടി. ഈ കിണറുകൾക്കു ഫെലിസ്ത്യർ അവകാശവാദം പുറപ്പെടുവിച്ചു. അവർ അവകാശവാദം പുറപ്പെടുവിക്കാത്ത കിണറിനു രെഹോബോത്ത് എന്നു പേരിട്ടു. (ഉല്പ, 26:12-22). അവിടെനിന്നും യിസ്ഹാക്ക് ബേർ-ശേബയിലേക്കു വന്നു. യഹോവ പ്രത്യക്ഷപ്പെട്ടു യിസ്ഹാക്കിനു അനുഗ്രഹം വാഗ്ദാനം ചെയ്തു. അബീമേലെക്കും യിസ്ഹാക്കിനോടു സമാധാന ഉടമ്പടി ചെയ്തു. (ഉല്പ, 26:26-31). കനാന്യ സ്ത്രീകളുമായുള്ള ഏശാവിന്റെ വിവാഹം യിസ്ഹാക്കിനെയും റിബെക്കയെയും ദുഃഖിപ്പിച്ചു. മരണം അടുത്തു എന്നു കരുതി ആദ്യജാതനായ ഏശാവിനെ അനുഗ്രഹിക്കുവാൻ യിസഹാക്ക് ഒരുങ്ങി. ഏശാവിനെ വിളിച്ചു തന്റെ ഇഷ്ടഭോജനമായ വേട്ടയിറച്ചി കൊണ്ടുവരുവാൻ ആവശ്യപ്പെട്ടു. ഇതുകേട്ട റിബെക്കാ യാക്കോബിനെ പ്രച്ഛന്നവേഷനായി രുചികരമായ ഇറച്ചിയോടൊപ്പം യിസ്ഹാക്കിന്റെ അടുക്കലേക്കയച്ചു. പിതാവിനെ വഞ്ചിച്ചു യാക്കോബ് അനുഗ്രഹം കരസ്ഥമാക്കി. ഏശാവ് യാക്കോബിനെ കൊല്ലുവാൻ നിശ്ചയിച്ചു. തന്മൂലം യാക്കോബിനെ മെസൊപ്പൊട്ടേമ്യയിലേക്ക് അയക്കാൻ റിബെക്കാ യിസ്ഹാക്കിനെ പ്രേരിപ്പിച്ചു. ലാബാന്റെ പുത്രിമാരിൽ നിന്നു ഒരു ഭാര്യയെ യാക്കോബ് എടുക്കുമല്ലോ എന്നു യിസ്ഹാക്കു ആശ്വസിച്ചു. (ഉല്പ, 27:41-28;6). ഇരുപതു വർഷത്തിനു ശേഷം യാക്കോബ് പദ്ദൻ-അരാമിൽ നിന്നും മടങ്ങിവന്നു ഹെബ്രോനിൽ മമ്രേയുടെ തോപ്പിൽ വച്ചു യിസ്ഹാക്കിനെ കണ്ടു. 180-ാമത്തെ മ
വയസ്സിൽ യിസ്ഹാക്കു മരിച്ചു. പുത്രന്മാരായ ഏശാവും യാക്കോബും അവനെ അടക്കി. (ഉല്പ, 35:29).

ഇരുപതോളം പ്രാവശ്യം യിസ്ഹാക്കിനെക്കുറിച്ചു പുതിയനിയമത്തിൽ പറഞ്ഞിട്ടുണ്ട്. യിസ്ഹാക്കിന്റെ യാഗത്തെക്കുറിച്ചു രണ്ടു പരാമർശങ്ങളുണ്ട്. (എബ്രാ, 11:17,18; യാക്കോ, 2:21). പുനരുത്ഥാനത്തെ തെളിയിക്കുന്നതിനായി അബ്രാഹാം യാക്കോബ് എന്നിവരോടൊപ്പം യിസ്ഹാക്കും ദൈവദൃഷ്ടിയിൽ ജീവിച്ചിരിക്കുകയാണെന്നു യേശു പറഞ്ഞു. (ലൂക്കൊ, 20:37). ക്രിസ്തുവിന്റെ നിഴലായി യിസ്ഹാക്കിനെ മനസ്സിലാക്കുന്നവരുണ്ട്. മോരിയാമലയിൽ അർപ്പിക്കപ്പെടുവാൻ തന്നെത്താൻ ഏല്പിച്ചുകൊടുത്ത യിസ്ഹാക്ക് മരണത്തോളം അനുസരണമുള്ളവൻ ആയിത്തീർന്ന ക്രിസ്തുവിനെ കാണിക്കുന്നു. (ഉല്പ, 22; ഫിലി, 2:5-8). തന്റെ ഏകജാതനായ പുത്രനെ ഏല്പിച്ചുതന്ന പിതാവായ ദൈവത്തിന്റെ പ്രതിരൂപമാണ് അബാഹാം. ‘ഞാനും ബാലനും അവിടത്തോളം ചെന്നു ആരാധന കഴിച്ചു മടങ്ങിവരാം’ എന്ന അബ്രാഹാമിന്റെ വാക്കുകൾ പുനരുത്ഥാനം ചൂണ്ടിക്കാണിക്കുന്നു. (ഉല്പ, 22:5; എബ്രാ, 11:17-19). സഭയുടെ കാന്തനെന്ന നിലയിലും ക്രിസ്തുവിന്റെ പ്രതിരൂപമാണ് യിസ്ഹാക്ക്. റിബെക്കാ സഭയുടെ നിഴലാണ്. യിസ്ഹാക്ക് വെളിമ്പ്രദേശത്തു ചെന്നു വധുവിനെ സ്വീകരിച്ചതുപോലെ ക്രിസ്തു ആകാശമേഘങ്ങളിൽ ഇറങ്ങിവന്നു സഭയെ കൂട്ടിച്ചേർക്കും. (ഉല്പ, 24:63; 1തെസ്സ, 4:14-16). അബ്രാഹാമിന്റെ ദാസൻ പരിശുദ്ധാത്മാവിനു നിഴലാണ്. ഭൂമിയിൽ സഭയെ ഒരുക്കി കർത്താവിനു സമർപ്പിക്കുകയാണ് പരിശുദ്ധാത്മാവ് ചെയ്യുന്നത്.

ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവർ

ജനനത്തിനുമുമ്പേ നാമകരണം ചെയ്യപ്പെട്ടവർ

1. യിശ്മായേൽ: യഹോവയുടെ ദൂതൻ ഹാഗാറിനോട്; “നീ ഗർഭിണിയല്ലോ; നീ ഒരു മകനെ പ്രസവിക്കും; യഹോവ നിന്റെ സങ്കടം കേൾക്കകൊണ്ടു അവന്നു യിശ്മായേൽ എന്നു പേർ വിളിക്കേണം.” (ഉല്പ, 16:11).

2. യിസ്ഹാക്ക്: ദൈവം അബ്രാഹാമിനോട് അരുളിച്ചെയ്തതു; അല്ല, നിന്റെ ഭാര്യയായ സാറാ തന്നേ നിനക്കൊരു മകനെ പ്രസവിക്കും; നീ അവന്നു യിസ്ഹാൿ എന്നു പേരിടേണം; ഞാൻ അവനോടു അവന്റെ ശേഷം അവന്റെ സന്തതിയോടും എന്റെ നിയമത്തെ നിത്യനിയമമായി ഉറപ്പിക്കും.” (ഉല്പ, 17:19).

3. യോശീയാവ്: ഒരു ദൈവപുരുഷൻ യഹോവയുടെ കല്പനയാൽ യാഗപീഠത്തോടു; “യാഗപീഠമേ, യാഗപീഠമേ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ദാവീദ്ഗൃഹത്തിന്നു യോശീയാവു എന്നു പേരുള്ള ഒരു മകൻ ജനിക്കും; അവൻ നിന്റെ മേൽ ധൂപം കാട്ടുന്ന പൂജാഗിരിപുരോഹിതന്മാരെ നിന്റെമേൽ വെച്ചു അറുക്കയും മനുഷ്യാസ്ഥികളെ നിന്റെമേൽ ചുട്ടുകളകയും ചെയ്യും എന്നു വിളിച്ചുപറഞ്ഞു.” (1രാജാ, 13:2). 

4. ശലോമോൻ: ദാവീദിന് യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാൽ; “എന്നാൽ നിനക്കു ഒരു മകൻ ജനിക്കും; അവൻ വിശ്രമപുരുഷനായിരിക്കും; ഞാൻ ചുറ്റുമുള്ള അവന്റെ സകലശത്രുക്കളെയും നീക്കി അവന്നു വിശ്രമം കൊടുക്കും; അവന്റെ പേർ ശലോമോൻ എന്നു ആയിരിക്കും; അവന്റെ കാലത്തു ഞാൻ യിസ്രായേലിന്നു സമാധാനവും സ്വസ്ഥതയും നല്കും.” (1ദിനവൃ, 22:9).

5. കോരെശ്: “കോരെശ് എന്റെ ഇടയൻ അവൻ എന്റെ ഹിതമൊക്കെയും നിവർത്തിക്കും എന്നും യെരൂശലേം പണിയപ്പെടും, മന്ദിരത്തിന്നു അടിസ്ഥാനം ഇടും എന്നും ഞാൻ കല്പിക്കുന്നു.” (യെശ, 44:28; 45:1-3). കോരെശ് ജനിക്കുന്നതിന് 173 വർഷം മുമ്പാണ് യെശയ്യാവിൻ്റെ കോരെശിനെ കുറിച്ചുള്ള ഈ പ്രവചനം.

6. യോഹന്നാൻ സ്നാപകൻ: ദൈവദൂതൻ സെഖര്യാവിനോടു പറഞ്ഞതു; “സെഖര്യാവേ, ഭയപ്പെടേണ്ടാ; നിന്റെ പ്രാർത്ഥനെക്കു ഉത്തരമായി: നിന്റെ ഭാര്യ എലീശബെത്ത് നിനക്കു ഒരു മകനെ പ്രസവിക്കും; അവന്നു യോഹന്നാൻ എന്നു പേർ ഇടേണം.” (ലൂക്കൊ, 1:13).

7. നമ്മുടെ കർത്താവും രക്ഷിതാവുമായ ക്രിസ്തുയേശു: ദൈവദൂതൻ യോസേഫിനോടു; “മറിയ ഒരു മകനെ പ്രസവിക്കും; അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം എന്നു പറഞ്ഞു.” (മത്താ, 1:21). ഗബ്രീയേൽ ദൂതൻ മറിയയോടു; “മറിയയേ, ഭയപ്പെടേണ്ടാ; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചു. നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേർ വിളിക്കേണം. അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും അവൻ യാക്കോബ് ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല എന്നു പറഞ്ഞു.” (ലൂക്കോ, 1:30,33). 

8. യിസ്രായേൽ: മേല്പറഞ്ഞ ഏഴു വ്യക്തികളെ കൂടാതെ ജനനത്തിനുമുമ്പേ പേർവിളിക്കപ്പെട്ട ഒരു സന്തതികൂടിയുണ്ട്: അബ്രാഹാമിന്റെയും യിസ്ഹാക്കിൻ്റെയും യാക്കോബിന്റെയും ദാവീദിൻ്റെയും വാഗ്ദത്തസന്തതിയും വിശേഷാൽ ദൈവത്തിൻ്റെ പുത്രനുമായ യിസ്രായേൽ. “ദ്വീപുകളേ, എന്റെ വാക്കു കേൾപ്പിൻ; ദൂരത്തുള്ള വംശങ്ങളേ, ശ്രദ്ധിപ്പിൻ; യഹോവ എന്നെ ഗർഭംമുതൽ വിളിച്ചു; എന്റെ അമ്മയുടെ ഉദരത്തിൽ ഇരിക്കയിൽ തന്നേ എന്റെ പേർ പ്രസ്താവിച്ചിരിക്കുന്നു. അവൻ എന്റെ വായെ മൂർച്ചയുള്ള വാൾപോലെയാക്കി തന്റെ കയ്യുടെ നിഴലിൽ എന്നെ ഒളിപ്പിച്ചു; അവൻ എന്നെ മിനുക്കിയ അമ്പാക്കി തന്റെ പൂണയിൽ മറെച്ചുവെച്ചു, എന്നോടു: യിസ്രായേലേ, നീ എന്റെ ദാസൻ; ഞാൻ നിന്നിൽ മഹത്വീകരിക്കപ്പെടും എന്നു അരുളിച്ചെയ്തു.” (യെശ, 49:1-3. ഒ.നോ: ഉല്പ, 32:28; 35:10).

യിശ്ശായി

യിശ്ശായി (Jesse)

പേരിനർത്ഥം – എൻ്റെ കൈവശമുണ്ട്

ദാവീദ് രാജാവിന്റെ പിതാവായ യിശ്ശായി ഫേരെസിന്റെ കുടുംബത്തിൽ ഓബേദിന്റെ പുത്രനും ബോവസിന്റെ പൗത്രനുമായിരുന്നു. (രൂത്ത്, 4:17-22; 1ദിന, 2:12; മത്താ, 1:5,6; ലൂക്കൊ, 3:32). ബോവസിന്റെ ഭാര്യ മോവാബ്യ സ്ത്രീയായ രൂത്തായിരുന്നു. ബേത്ത്ലേഹെമിൽ വസിച്ചിരുന്നതു കൊണ്ടു യിശ്ശായി ബേത്ത്ലേഹെമ്യൻ എന്നറിയപ്പെട്ടു. 1ശമൂവേൽ 17:12-ൽ യിശ്ശായിയെ ബേത്ത്ലേഹെമിലെ എഫ്രാത്യൻ എന്നു പറഞ്ഞിട്ടുണ്ട്. യിശ്ശായിയുടെ പുത്രനെ രാജാവായി അഭിഷേകം ചെയ്യുവാൻ ശമൂവേൽ പ്രവാചകൻ ബേത്ത്ലേഹെമിൽ ചെന്നു. യാഗസദ്യയ്ക്ക് അതിഥികളെയെല്ലാം പ്രവാചകൻ ക്ഷണിച്ചു. യിശ്ശായിയുടെ പുത്രന്മാരിൽ ഏറ്റവും ഇളയവനായ ദാവീദ് മാത്രം സന്നിഹിതനായിരുന്നില്ല. അവൻ ആടു മേയ്ക്കുകയായിരുന്നു. ഒടുവിൽ ദാവീദിനെയും ആളയച്ചു വരുത്തി. ഉടൻ യഹോവ കല്പിച്ചതനുസരിച്ചു സഹോദരന്മാരുടെ നടുവിൽ വച്ചു ദാവീദിനെ അഭിഷേകം ചെയ്തു. (1ശമൂ, 16:1-13). ദുരാത്മബാധിതനായ ശൗൽ തന്റെ രോഗസൗഖ്യത്തിനു കിന്നരം വായിക്കുവാൻ ദാവീദിനെ അയച്ചു കൊടുക്കണമെന്നു യിശ്ശായിയോടു ആവശ്യപ്പെട്ടു. യിശ്ശായി മകനെ കാഴ്ചയുമായി രാജാവിന്റെ അടുക്കലയച്ചു. ദാവീദിനെ കൊട്ടാരത്തിൽ താമസിപ്പിക്കുവാനുള്ള അപേക്ഷയും യിശ്ശായി കൈക്കൊണ്ടു. (1ശമൂ, 16;14-23). ശൗലിന്റെ സൈന്യത്തിൽ സേവനം ചെയ്തിരുന്ന മൂന്നു മൂത്ത പുത്രന്മാർക്കും വേണ്ട ഭക്ഷണവും മറ്റും കൊടുത്തു യിശ്ശായി ദാവീദിനെ അയച്ചു. അപ്പോഴാണ് ദാവീദ് ഗൊല്യാത്തിനെ ദ്വന്ദ്വയുദ്ധത്തിൽ വധിച്ചത്. (1ശമൂ, 17:12-58). ദാവീദ് കുട്ടിയായിരിക്കുമ്പോൾ യിശ്ശായി വയസ്സുചെന്നു വൃദ്ധനായിരുന്നു. ശൗലിന്റെ കോപം നിമിത്തം ദാവീദ് ദേശഭ്രഷ്ടനായി ജീവിച്ചപ്പോൾ മാതാപിതാക്കന്മാരെ മോവാബ്യ രാജാവിന്റെ സംരക്ഷണത്തിൽ ഏല്പിച്ചു. (1ശമൂ, 22:3,4). ദാവീദുമായി പിണങ്ങിയശേഷം ശൗൽ ആക്ഷേപപൂർവ്വം യിശ്ശായിയുടെ മകനെന്നാണ് ദാവീദിനെ വിളിച്ചത്. (1ശമൂ, 20:27, 30,31; 22:7,8; 25:10). ദോവേഗ്, നാബാൽ, പത്തു ഗോത്രങ്ങൾ എന്നിവരും ദാവീദിനെ നിന്ദാഗർഭമായി യിശ്ശായിയുടെ മകനെന്നു വിളിച്ചു. (1ശമൂ, 22:9; 25:10; 1രാജാ, 12:16). തുടർന്നു ഈ വിശേഷണം ബഹുമാന സൂചകമായി മാറി. (1ദിന, 10:14; 29:26; പ്രവൃ, 13:22). മശീഹയെ യിശ്ശായിയുടെ വേർ എന്നാണ് യെശയ്യാ പ്രവാചകൻ നാമകരണം ചെയ്തിരിക്കുന്നത്. (യെശ, 11:1, 10; റോമ, 15:12). യേശുവിന്റെ വംശാവലിയിൽ യിശ്ശായിയുടെ പേരും ഉൾപ്പെട്ടിട്ടുണ്ട്. (മത്താ, 1:5,6; ലൂക്കൊ, 3:32).

യിശ്ശായിക്കു എട്ടു പുത്രന്മാരും രണ്ടു പുത്രിമാരും ഉണ്ട്: എലിയാബ്, അബീനാദാബ്, ശിമെയ അഥവാ ശമ്മ, നഥനയേൽ, രദ്ദായി, ഓസെം, എലീഹു, ദാവീദ്, സെരൂയ, അബീഗയിൽ. (1ദിന, 2:13-16; 27:18). 2ശമൂവേൽ 17:25-ൽ അബീഗയിൽ നാഹാശിന്റെ മകൾ ആണ്. അബീഗയിൽ നാഹാശിന്റെ പുത്രിയും ദാവീദിന്റെ സഹോദരിയും ആകുന്നതെങ്ങനെ? ഈ പ്രശ്നത്തിനു മൂന്നു പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്: 1. റബ്ബിമാരുടെ പാരമ്പര്യമനുസരിച്ചു നാഹാശ് യിശ്ശായിയുടെ അപരനാമമാണ്. 2. യിശ്ശായിയുടെ ഭാര്യ ആദ്യം നാഹാശിന്റെ ഭാര്യയോ വെപ്പാട്ടിയോ ആയിരുന്നു. അപ്പോൾ അബീഗയിലിനെ പ്രസവിച്ചു. അതിനു ശേഷമാണ് അവൾ യിശ്ശായിയുടെ ഭാര്യയായത്. 3. യിശ്ശായിയുടെ ഭാര്യയുടെ പേരാണ് നാഹാശ്. അബീഗയിൽ യിശ്ശായിയുടെ ഭാര്യയായ നാഹാശിന്റെ മകളാണ്.

യിശ്മായേൽ

യിശ്മായേൽ (Ishmael)

പേരിനർത്ഥം – ദൈവം കേൾക്കും

അബ്രാഹാമിന്റെ മുത്തമകൻ. (ഉല്പ, 16:15,16). സാറാ വന്ധ്യയായിരുന്നു. അക്കാലത്തെ കീഴ്വഴക്കമനുസരിച്ചു സാറാ തന്റെ മിസയീമ്യ ദാസിയായ ഹാഗാറിനെ അബ്രാഹാമിനു വെപ്പാട്ടിയായി നല്കി. അബ്രാഹാം കനാനിൽ വന്നിട്ടു പത്തുവർഷം കഴിഞ്ഞു. (ഉല്പ, 16:3). താൻ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ ഹാഗാർ സാറായെ നിന്ദിച്ചു തുടങ്ങി. സാറാ അബ്രാഹാമിനോടു പരാതി പറഞ്ഞു. തുടർന്നു സാറാ ഹാഗാറിനോടു കഠിനമായി പെരുമാറി. ജീവിതം കഷ്ടമായപ്പോൾ ഗർഭിണിയായ ഹാഗാർ ഓടിപ്പോയി. വഴിയിൽവച്ചു യഹോവയുടെ ദൂതൻ പ്രത്യക്ഷപ്പെട്ടു അവളോടു മടങ്ങിപ്പോയി യജമാനത്തിക്കു കീഴടങ്ങിയിരിക്കുവാൻ ഉപദേശിച്ചു. ഹാഗാർ ഒരു മകനെ പ്രസവിക്കുമെന്നും അവനു യിശ്മായേൽ എന്നു പേർ വിളിക്കണമെന്നും ദൂതൻ പറഞ്ഞു. ഹാഗാർ യിശ്മായേലിനെ പ്രസവിച്ചപ്പോൾ അബ്രാഹാമിനു 86 വയസ്സായിരുന്നു.

പതിമൂന്നാം വയസ്സിൽ യിശ്മായേൽ പരിച്ഛേദനം ഏറ്റു. അബ്രാഹാമും പുത്രനായ യിശ്മായേലും ഒരേ ദിവസമാണ് പരിച്ഛേദനത്തിനു വിധേയരായത്. (ഉല്പ, 17:25). അബ്രാഹാം യിശ്മായേലിനെ വളരെയധികം സ്നേഹിച്ചു. സാറായിലൂടെ ഒരു മകൻ നല്കാമെന്നു വാഗ്ദത്തം ചെയ്തപ്പോഴും ‘യിശ്മായേൽ നിന്റെ മുമ്പാകെ ജീവിച്ചിരുന്നാൽ മതി’ എന്നു അബ്രാഹാം ദൈവത്തോടു പറഞ്ഞു. യിസ്ഹാക്കിന്റെ മുലകുടി മാറിയപ്പോൾ അബ്രാഹാം ഒരു വിരുന്നു കഴിച്ചു. അന്നു തന്റെ അവകാശം നഷ്ടപ്പെട്ടതിലുള്ള ദുഃഖം കൊണ്ടു യിശ്മായേൽ പരിഹസിച്ചു. അപ്പോൾ വെറും പതിനഞ്ചോ പതിനാറോ വയസ്സായിരുന്നു യിശ്മായേലിന്. രണ്ടു കുട്ടികളും ഒരുമിച്ചു വളർന്നാലുണ്ടാകുന്ന ദോഷങ്ങൾ മുൻകണ്ടു ഹാഗാറിനെയും പുത്രനെയും ഒഴിവാക്കുവാൻ സാറാ അബ്രാഹാമിനോടു ആവശ്യപ്പെട്ടു. ദൈവം വെളിപ്പെടുത്തി കൊടുത്തപ്പോൾ അബ്രാഹാം ഹാഗാറിനെയും മകനെയും പുറത്താക്കി. അവൾ ബേർ-ശേബ മരുഭൂമിയിൽ അലഞ്ഞുനടന്നു. വെള്ളം തീർന്നപ്പോൾ കുട്ടിയെ ഒരു കുറുങ്കാട്ടിൽ തണലിലിട്ടു. കുട്ടിയുടെ മരണം കാണണ്ട എന്നു പറഞ്ഞു അല്പം അകലെ ചെന്നിരുന്നു ഹാഗാർ ഉറക്കെ കരഞ്ഞു. രണ്ടാം തവണയും ദൈവദൂതൻ പ്രത്യക്ഷപ്പെട്ടു, ബാലൻ ഒരു വലിയ ജാതിയാകുമെന്ന പഴയ വാഗ്ദാനം പുതുക്കി. (ഉല്പ, 21:19,20). യിശ്മായേൽ മുതിർന്നപ്പോൾ ഒരു വില്ലാളിയായിത്തീർന്നു. അവൻ പാരാൻ മരുഭൂമിയിൽ പാർത്തു. അവന്റെ ഭാര്യ ഒരു മിസ്രയീമ്യ സ്ത്രീയായിരുന്നു. അബ്രാഹാം മരിച്ചപ്പോൾ അടക്കുന്നതിനു യിസ്ഹാക്കിനെ സഹായിച്ചു. (ഉല്പ, 25;9(. യിശ്മായേലിനു 12 പുത്രന്മാരും ഒരു പുത്രിയുമുണ്ടായിരുന്നു. പന്ത്രണ്ടുപേരും പ്രഭുക്കന്മാരായി അറിയപ്പെട്ടു. യിശ്മായേലിന്റെ മകളായ മഹലത്തിനെ ഏശാവു വിവാഹം ചെയ്തു. യിശ്മായേലിന്റെ ഒരു ഭാര്യയെക്കുറിച്ചു മാത്രമേ പറഞ്ഞിട്ടുള്ളൂ. എന്നാൽ യിശ്മായേലിന്റെ മകളെ നെബായോത്തിന്റെ സഹോദരി എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. അതിനാൽ ഇവർ രണ്ടുപേരുടെയും അമ്മ മറ്റു പത്തുപേരുടെ അമ്മയിൽ നിന്നും വിഭിന്നയാണെന്നു ചിന്തിക്കുന്നവരുണ്ട്. ദൈവദൂതന്റെ വാക്കുകളിൽ യിശ്മായേല്യരുടെ സ്വഭാവം വ്യക്തമായി കാണാം. “അവൻ കാട്ടുകഴുതയെപ്പോലെയുള്ള മനുഷ്യൻ ആയിരിക്കും. അവന്റെ കൈ എല്ലാവർക്കും വിരോധമായും എല്ലാവരുടെയും കൈ അവനു വിരോധമായും ഇരിക്കും; അവൻ തന്റെ സകല സഹോദരന്മാർക്കും എതിരെ പാർക്കും എന്നു അരുളിച്ചെയ്തു.” (ഉല്പ, 16:12).

യാഫെത്ത്

യാഫെത്ത് (Japheth)

പേരിനർത്ഥം – അവൻ വർദ്ധിപ്പിക്കും

നോഹയുടെ മൂന്നു പുത്രന്മാരിലൊരാൾ. നോഹയ്ക്ക് അഞ്ഞൂറു വയസ്സായശേഷമാണ് മൂന്നു മകളെ ജനിപ്പിച്ചത്. (ഉല്പ, 5:32). ശേം, ഹാം, യാഫെത്ത് എന്നീ ക്രമത്തിൽ മൂന്നാമതായാണ് വംശാവലിപ്പട്ടികകളിൽ യാഫെത്തിൻ്റെ പേര് കാണുന്നത്. (ഉല്പ, 5:32; 6:10; 7:13; 9:18; 10:1; 1ദിന, 1:4). എങ്കിലും, നോഹയുടെ ഇളയമകൻ ഹാമാണെന്നും യാഫെത്തിൻ്റെ ജേഷ്ഠൻ ശേമാണെന്നും പറഞ്ഞിരിക്കയാൽ നോഹയുടെ രണ്ടാമത്തെ മകനാണ് യാഫെത്തെന്ന് മനസ്സിലാക്കാം. (ഉല്പ, 9:22-24; 10:21). യാഫെത്തും ഭാര്യയും ജലപ്രളയത്തിൽ നിന്നും സംരക്ഷിക്കപ്പെട്ടു. (ഉല്പ, 7:7; 1പത്രൊ, 3:20). യാഫെത്തിന് ഏഴു പുത്രന്മാർ ഉണ്ടായിരുന്നു: ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബൽ, മേശെക്, തീരാസ്. (ഉല്പ, 10:2; 1ദിന, 1:5). യാഫെത്തിന്റെ സന്തതികൾ ജാതികളുടെ ദ്വീപുകളിൽ വസിച്ചു. (ഉല്പ, 10:5). യാഫെത്തിന്റെ സന്തതികളുടെ പേരുകൾ പലതും ഇൻഡോ-യുറോപ്യൻ ജനതയെ കുറിക്കുന്നു. അപ്പനായ നോഹ വീഞ്ഞുകുടിച്ചു നഗ്നനായി കിടന്നപ്പോൾ ശേമും യാഫെത്തും പിതാവിന്റെ നഗ്നത മറച്ചു. തന്മൂലം നോഹ യാഫൈത്തിനെ അനുഗ്രഹിച്ചു. (ഉല്പ, 9:21-27). ഉല്പത്തി10-ലും 1ദിനവൃത്താന്തം 1-ലും യാഫെത്തിന്റെ വംശാവലിയാണ് ആദ്യം ചേർത്തിരിക്കുന്നത്.

യായീറൊസ്

യായീറൊസ് (Jairus)

പേരിനർത്ഥം – ദൈവം പ്രകാശിപ്പിക്കുന്നു

ഒരു പള്ളിപ്രമാണി. കഫർന്നഹൂമിലെ സുനഗോഗിന്റെ അധ്യക്ഷനായിരിക്കണം. അയാളുടെ മരിച്ചുപോയ ഏകമകളെ യേശു ഉയിർപ്പിച്ചു. പന്ത്രണ്ണു വയസ്സുള്ള തൻ്റെ ഏകമകൾ അത്യാസന്നനിലയിൽ ആയപ്പോഴാണ് യായീറൊസ് യേശുവിൻ്റെ അടുക്കൽ വന്നത്. തൻ്റെ കുഞ്ഞിനെ രക്ഷിക്കണമെന്ന് യേശുവിനോട് അപേക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ അവൻ്റെ വീട്ടിൽനിന്ന് ആൾവന്ന് തൻ്റെ കുഞ്ഞ് മരിച്ചുപോയതായി അറിയിച്ചു. യേശു ആ വാക്കു കാര്യമാക്കാതെ; ‘ഭയപ്പെടേണ്ടാ, വിശ്വസിക്ക മാത്രം ചെയ്ക’ എന്നരുളിച്ചെയ്തു. പള്ളിപ്രമാണിയുടെ വീട്ടിൽച്ചെന്ന് ‘നിങ്ങളുടെ ആരവാരവും കരച്ചിലും എന്തിന്നു? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുന്നത്രേ’ എന്നു പറഞ്ഞപ്പോൾ എല്ലാവരും യേശുവിനെ പരിഹസിച്ചു. യേശു അതൊന്നും കാര്യമാക്കാതെ യായീറൊസിനെയും ഭാര്യയെയും തൻ്റെ ചില ശിഷ്യന്മാരുമായി കുഞ്ഞു കിടക്കുന്ന മുറിൽ പ്രവേശിച്ച്; “ബാലേ, എഴുന്നേൽക്ക എന്നു നിന്നോടു കല്പിക്കുന്നു എന്ന അർത്ഥത്തോടെ ‘തലീഥാ കൂമി’ എന്നു അവളോടു പറഞ്ഞു.” ഉടനെ ഉറക്കത്തിൽ നിന്നെന്നപോലെ കുഞ്ഞ് എഴുന്നേറ്റു. എല്ലാവരും അത്യന്തം വിസ്മയിച്ചു. (മർക്കൊ, 5:22-43; മത്താ, 9:18-25; ലൂക്കൊ, 8:41-55).

യാസോൻ

യാസോൻ (Jason)

പേരിനർത്ഥം – സൗഖ്യം

യാസോൻ യവനനാമമുള്ള എബ്രായ ക്രിസ്ത്യാനിയാണ്. തെസ്സലൊനീക്യനായ യാസോൻ തന്റെ വീട്ടിൽ പൗലൊസിനെയും ശീലാസിനെയും സ്വീകരിച്ചു. പൗലൊസിന്റെ പ്രസംഗത്തിൽ പ്രകോപിതരായ യെഹൂദന്മാർ അവന്റെ വീട് ആക്രമിച്ചു. പൗലൊസിനെയും ശീലാസിനെയും കണ്ടുകിട്ടാത്തതുകൊണ്ടു അവർ യാസോനെയും ചില സഹോദരന്മാരെയും നഗരാധിപന്മാരുടെ അടുക്കലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി. അവർ യാസോനെയും കൂട്ടരെയും ജാമ്യം വാങ്ങി വിട്ടയച്ചു. (പ്രവൃ, 17:5-9). എന്റെ ചാർച്ചക്കാരൻ എന്നു റോമർ 16:21-ൽ പൗലൊസ് പറയുന്ന യാസോൻ ഈ യാസോൻ ആയിരിക്കണം.

യിത്രോ

യിത്രോ (Jethro)

പേരിനർത്ഥം – അതിവിശിഷ്ടൻ

മോശെയുടെ അമ്മായപ്പൻ; മിദ്യാനിലെ പുരോഹിതനും പ്രഭുവും. (പുറ, 3:1). ‘യിത്രോ’ സ്ഥാനപ്പേരോ ഉപനാമമോ ആയിരിക്കണം. യഥാർത്ഥ നാമം രെയുവേൽ (ദൈവത്തിന്റെ സ്നേഹിതൻ: സംഖ്യാ, 10:29) അഥവാ റെഗൂവേൽ (പുറ, 2:18) ആണ്. മിസ്രയീമിൽ നിന്നും ഒളിച്ചോടിയ മോശെ നാല്പതു വർഷം മിദ്യാനിൽ യിത്രോയോടൊപ്പം പാർക്കുകയും അയാളുടെ മകളായ സിപ്പോറയെ വിവാഹം കഴിക്കുകയും ചെയ്തു. (പുറ, 2:16-21). യിത്രോയുടെ ആടുകളെ മേയിച്ചു കൊണ്ടിരിക്കുമ്പോൾ ദൈവം മോശെയെ വിളിച്ച് യിസ്രായേൽ ജനത്തെ വീണ്ടെടുക്കുവാനുള്ള നിയോഗം നല്കി. വിടുവിക്കപ്പെട്ട യിസ്രായേൽ ജനവുമായി മോശെ സീനായി പർവ്വതത്തിൽ എത്തിയപ്പോൾ മോശെയുടെ ഭാര്യ, രണ്ടു പുത്രന്മാർ എന്നിവരോടൊപ്പം യിത്രോ മോശെയുടെ അടുത്തെത്തി ദൈവം യിസ്രായേലിനെ വീണ്ടെടുത്ത കാര്യം മോശെ യിത്രോയെ അറിയിച്ചു. അതിൽ സന്തുഷ്ടനായ യിത്രോ ദൈവത്തെ സ്തുതിച്ച് ഹോമവും ഹനനയാഗവും കഴിച്ചു. (പുറ, 18:1-12). മോശെ തനിയെ ജനത്തിനു മുഴുവൻ ന്യായപാലനം ചെയ്യുന്നതു ക്ലേശകരമായി കണ്ട യിത്രോ 1000 പേർക്കും 100 പേർക്കും 50 പേർക്കും 10 പേർക്കും അധിപതിമാരെ നിയമിക്കുവാൻ മോശെയെ ഉപദേശിച്ചു. മോശെ അപ്രകാരം ചെയ്തു. രെയൂവേലിന്റെ ഒരു മകനാണ് ഹോബാബ്. ഹോബാബിനെ കേന്യനെന്നു വിശേഷിപ്പിച്ചിട്ടുണ്ട്. (ന്യായാ, 1:16; 4:11). മിദ്യാന്യ ഗോത്രങ്ങളിലൊന്നാണ് കേന്യർ.

യാഗം

യാഗം (sacrifice) 

യജ്ഞം, യാഗം എന്നീ പദങ്ങൾക്കു ‘ദേവന്മാർ പൂജിക്കപ്പെടുന്നു’ എന്നർത്ഥം. യാഗം ചെയ്യുന്നവൻ യജമാനൻ. പൗരാണിക മതങ്ങളെല്ലാം യാഗത്തിനു പ്രാധാന്യം നല്കിയിരുന്നു. യജ്ഞ വേദികളെയും യാഗാർത്ഥമുള്ള മൃഗങ്ങളെയും കുറിച്ചു പ്രതിപാദിക്കാത്ത മതങ്ങൾ വിരളമാണ്. വൈദികമതവും യെഹൂദമതവും റോമാക്കാരുടെയും ഗ്രേക്കരുടെയും മതങ്ങളും എല്ലാം യാഗാധിഷ്ഠിതമാണ് പാപം നിമിത്തം ദൈവവുമായുള്ള ബന്ധം നഷ്ടപ്പെട്ട മനുഷ്യൻ ദൈവവുമായി ഉടമ്പടി ചെയ്യുന്നത് യാഗത്തിലൂടെയാണ്. തന്മൂലം യജ്ഞം പ്രഥമധർമ്മവും  ശ്രേഷ്ഠകർമ്മവും ആണ്. 

യാഗങ്ങളുടെ പേരുകളിൽ നിന്നും യാഗത്തിന്റെ സ്വരൂപത്തിൽ നിന്നും യാഗാർപ്പണത്തിന്റെ മൗലികമായ ധാരണ എന്താണെന്നു മനസ്സിലാക്കാൻ കഴിയും. ദൈവകല്പനയനുസരിച്ചല്ല മനുഷ്യൻ യാഗാർപ്പണം തുടങ്ങിയത്. എന്നുവെച്ചു അതു മാനുഷികമായ കണ്ടുപിടിത്തമാണെന്നു പറയാനും നിവൃത്തിയില്ല. ദൈവത്തിന്റെ സന്തതികളായ മനുഷ്യർ തങ്ങൾക്കു ദൈവത്തോടുള്ള നന്ദിയും ഭക്ത്യാദരങ്ങളും പ്രദർശിപ്പിക്കുന്നത് യാഗത്തിലൂടെയാണ്. കൂടാതെ, ദൈവത്തിന്റെ നിരന്തരമായ കൃപയും കരുണയും പ്രാപിക്കുന്നതിനുള്ള മാർഗ്ഗവുമാണത്. പ്രായശ്ചിത്തം, പകരം എന്നീ ആശയങ്ങളും യാഗത്തിലുണ്ട്. രക്തം ജീവന്റെയും രക്തം ചൊരിയുന്നതു ഒരുവന്റെ ജീവൻ അർപ്പിക്കുന്നതിന്റെയും പ്രതീകമാണ്.

പ്രയോഗങ്ങൾ: യാഗസൂചകമായ പ്രധാന പദങ്ങൾ പിൻവരുന്നവയാണ്; 

1. മിൻഹാഹ് (minchah): രക്തം ചൊരിയാതെയുള്ള വഴിപാട് മിൻഹാഹ് ആണ്. രക്തം ചൊരിയാതെ എന്തെങ്കിലും കപ്പമായോ (2 ശമൂ, 8:2, 6; 2രാജാ, 17:4), ദൈവത്തിനു കാഴ്ചയായോ (1ദിന, 16:29; യെശ, 1:13; ഉല്പ, 43:11) നല്കുന്നതാണ് മിൻഹാഹ്. പഴയനിയമത്തിൽ ഈ പദം 211 തവണ പ്രയോഗിച്ചിട്ടുണ്ട്. ആദ്യപ്രയോഗം ഉല്പത്തി 4:3-ലാണ്. 

2. കുർബാൻ (qorban): ഈ പദത്തിന്റെ അർത്ഥം വിറകുവഴിപാടു എന്നാണ്. (നെഹെ, 10:34; 13:31). വർഷം മുഴുവൻ നിശ്ചിതസമയത്തു വിറകു കൊണ്ടു വരേണ്ടവരെ നിർണ്ണയിക്കുന്നതിനു പുരോഹിതന്മാരും ലേവ്യരും ജനവുമായി ചീട്ടിട്ടു. കൂട്ടായ്മയുടെയും ദൈവവും മനുഷ്യനുമായുള്ള ഉടമ്പടിയുടെയും അടയാളമായി എന്തെങ്കിലും കാഴ്ചയായി കൊണ്ടുവരിക എന്നതാണ് ഈ പദത്തിന്റെ സാമാന്യമായ ആശയം. കുർബാൻ എന്ന നാമപദം 82 തവണ പഴയനിയമത്തിലുണ്ട്. ആദ്യപ്രയോഗം ലേവ്യർ 1:2-ലാണ്. 

3. സെബഹ് (zebach); അറുക്കുക എന്നർത്ഥമുള്ള സാബഹ് എന്ന ധാതുവിൽ നിന്നു വന്നതാണ് സെബഹ്. (ഉല്പ, 46:1; പുറ, 10:25). ഈ പദം 162 പ്രാവശ്യം പഴയനിയമത്തിലുണ്ട്. ആദ്യപ്രയോഗം ഉല്പത്തി 31:54-ലാണ്. രക്തം ചൊരിഞ്ഞുള്ള യാഗമാണിത്. മിൻഹായുടെയും ഓലായുടെയും (സർവ്വാംഗഹോമം)  വിപര്യായം. (പുറ, 10:25; 18:12).

4. ഓലാ (olah) സർവ്വാംഗഹോമയാഗം: ഇതിൽ യാഗവസ്തു പൂർണ്ണമായും ദഹിപ്പിക്കപ്പെടുന്നു. (ലേവ്യ, 1:3). 287 പ്രാവശ്യം പഴയനിയമത്തിലുണ്ട്. ആദ്യപ്രയോഗം ഉല്പത്തി 8:20-ലാണ്.

5. തുസിയ (thysia): അർപ്പിക്കപ്പെടുന്ന യാഗവസ്തുവിനും ദഹനത്തിനും ഗ്രീക്കിൽ തുസിയ എന്ന പദം പ്രയോഗിക്കുന്നു. സർവ്വാംഗഹോമം അതായത് വസ്തുവിനെ പൂർണ്ണമായി ദഹിപ്പിക്കുകയാണ് തുസിയ. (മർക്കൊ, 12:33; എബ്രാ, 10:6, 8). എബ്രായ ഭാഷയിലെ ഓലാ തന്നെയാണിത്. 29 തവണ പുതിയനിയമത്തിൽ പ്രയോഗിച്ചിട്ടുണ്ട്. ആദ്യപ്രയഗം മത്തായി 9:13-ൽ.

6. പ്രൊസ്ഫൊറ (prosphero) എന്ന മറ്റൊരു വാക്കും യാഗം, വഴിപാട് എന്നീ ആശയങ്ങളിൽ ഗ്രീക്കിൽ പ്രയോഗിച്ചിട്ടുണ്ട്. (പ്രവൃ, 7:41; 42). 48 തവണ പുതിയനിയമത്തിലുണ്ട്. ആദ്യപ്രയോഗം മത്തായി 2:11-ൽ.

യാഗം എന്താണ്?: ചരിത്രത്തിന്റെ തുടക്കം മുതൽ യാഗാർപ്പണം ദൃശ്യമാണ്. കയീനും ഹാബെലും ദൈവത്തിനു യാഗം കഴിച്ചു. (ഉല്പ, 4:3,4). കയീൻ നിലത്തെ അനുഭവത്തിൽ നിന്നും ഹാബൈൽ ആട്ടിൻകൂട്ടത്തിലെ കടിഞ്ഞൂലുകളിൽ നിന്നും അവയുടെ മേദസ്സിൽ നിന്നു തന്നേ വഴിപാടു കൊണ്ടുവന്നു. ഉടമ്പടിയിൽ ദൈവവുമായി ഒന്നാകുന്നതിനുവേണ്ടി പ്രായശ്ചിത്തരക്തവുമായി ഹാബെൽ സ്നേഹത്തോടും വിശ്വസ്തതയോടും കൂടെ ദൈവത്തിന്റെ അടുക്കൽ വന്നു. ദൈവത്തോടുള്ള വിശ്വസ്തതയുടെ പ്രതീകമായി ഹാബെൽ സ്വയം ദൈവത്തിനർപ്പിച്ചു. എന്നാൽ കയീൻ ദൈവത്തിനു വഴങ്ങി ഭൂമിയിൽ നിന്നുള്ള വിളവ് ദൈവത്തിനു കാഴ്ചയർപ്പിക്കുകയാണ് ചെയ്തത്. ജലപ്രളയത്തിൽ നിന്നും വിടുതൽ ലഭിച്ചതിന്റെ നന്ദിയായി നോഹ ഹോമയാഗം അർപ്പിച്ചു. ദൈവികകൃപ അധികം ലഭിക്കുന്നതിനുള്ള ആഗ്രഹവും ഈ യാഗത്തിനു പിന്നിലുണ്ടായിരുന്നു. ദൈവം നോഹയ്ക്കു നല്കിയ ഉത്തരത്തിൽ അതിന്റെ സൂചന കാണാം. “ഞാൻ മനുഷ്യന്റെ നിമിത്തം ഇനി ഭൂമിയെ ശപിക്കുകയില്ല.” (ഉല്പ, 8:21). 

തനിക്കുള്ളതിൽ ഏറ്റവും നല്ലതു ദൈവത്തിനു അർപ്പിക്കുന്നതു തന്നെയും തന്റെ ജീവനെയും ദൈവത്തിനു സമർപ്പിക്കുന്നതിനു തുല്യമാണ്. ഒരു മനുഷ്യൻ സ്വയം ദൈവത്തിനു സമർപ്പിക്കുന്നത് പ്രാർത്ഥനയിലാണ്. പ്രാർത്ഥനയിൽ ആത്മാവ് ആരിൽ നിന്നു വന്നുവോ ആ ദൈവത്തോടു ചേരുകയും ആത്മാവ് അതിന്റെ ദൈവവുമായി താദാത്മ്യം പ്രാപിക്കുകയും ചെയ്യുന്നു. ഈ ആന്തരിക സമർപ്പണത്തിന്റെ ദൃശ്യവും സ്പർശ്യവുമായ ബാഹ്യസമർപ്പണമാണു യാഗം. ഇക്കാരണത്താൽ ഇതിനെ മൂർത്തമായ പ്രാർത്ഥന എന്നു വിളിച്ചിരുന്നു. തന്റെ മക്കൾക്കും മൂന്നു സുഹൃത്തുക്കൾക്കും വേണ്ടിയുള്ള ഇയ്യോബിന്റെ ഹോമയാഗത്തിൽ (ഇയ്യോ, 1:5; 42:8) പ്രായശ്ചിത്തം എന്ന ആശയം വ്യക്തമായി നിഴലിക്കുന്നുണ്ട്. പക്ഷേ എന്റെ പുത്രന്മാർ പാപം ചെയ്തു ദൈവത്തെ ഹൃദയംകൊണ്ടു ത്യജിച്ചു പോയിരിക്കും എന്ന ചിന്തയാണു ഇയ്യോബിനെ സ്വാധീനിച്ചത്. (1:5). രണ്ടാമതായി, ഇയ്യോബിന്റെ സുഹൃത്തുക്കളോടു ദൈവം പറഞ്ഞു: “എന്റെ ദാസനായ ഇയ്യോബ് നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കും; ഞാൻ അവന്റെ മുഖം ആദരിക്കും.” (ഇയ്യോ, 42:8). ദൈവം പ്രത്യക്ഷപ്പെട്ട സ്ഥലങ്ങളിൽ പിതാക്കന്മാർ യാഗപീഠം പണിത് യാഗാർപ്പണം നടത്തി ദൈവത്തെ വിളിച്ചപേക്ഷിച്ചു. (ഉല്പ, 12:7; 13:4; 26:25; 31:54; 33:20; 35:7; 46:1). 

ന്യായപ്രമാണത്തിൽ നിർദ്ദേശിക്കപ്പെട്ട യാഗങ്ങൾ: ന്യായപ്രമാണം അനുസരിച്ചു ഉടമ്പടിബദ്ധമായ കടമയാണു യാഗാർപ്പണം. യാഗത്തിനു അർപ്പിക്കേണ്ട വസ്തുക്കളെയും അനുഷ്ഠാനങ്ങളെയും കുറിച്ചു വളരെ സൂക്ഷ്മമായി ന്യായപ്രമാണത്തിൽ നിർദ്ദേശിച്ചിട്ടുണ്ട്. എല്ലാ ഉത്പന്നങ്ങൾക്കും വേണ്ടി ആദ്യഫലം, മൃഗങ്ങളുടെ കടിഞ്ഞൂൽ, അർപ്പണയോഗ്യമല്ലാത്തവയുടെ വീണ്ടെടുപ്പുവില, അർപ്പകന്റെ ജീവനുപകരം രക്തത്തോടൊപ്പം യാഗമൃഗത്തിന്റെ ജീവൻ എന്നിവ യഹോവയ്ക്കുള്ളതാണ്. “എന്നാൽ വെറുങ്കയ്യോടെ നിങ്ങൾ എന്റെ മുമ്പാകെ വരരുത് (പുറ, 23:15; ആവ, 16:16); നിന്റെ ദൈവമായ യഹോവ നിനക്കു തന്നിട്ടുള്ള അനുഗ്രഹത്തിനു തക്കവണ്ണം ഓരോരുത്തൻ താന്താന്റെ പ്രാപ്തിപോലെ കൊണ്ടുവരേണം” (ആവ, 16:17) എന്നീ കല്പനകളുടെ അടിസ്ഥാനത്തിലാണ് യാഗം അർപ്പിക്കുന്നത്. കനാൻ ദേശത്തിന്റെ രാജാവ് എന്ന നിലയ്ക്ക് കപ്പം നല്കുന്നതല്ല യാഗം. മിസ്രയീമിലെ അടിമത്തത്തിൽ നിന്നുള്ള യിസ്രായേലിന്റെ വിടുതലിന്റെയും തന്റെ പ്രത്യേക ജനമായി അവരെ സ്വീകരിച്ചതിന്റെയും അടയാളമാണാ ഈ അർപ്പണങ്ങൾ. യാഗത്തിലൂടെ ഉടമ്പടിയിലെ അനുഗ്രഹങ്ങളും, പാപമോചനം, വിശുദ്ധീകരണം സാക്ഷാൽ സന്തോഷം എന്നിവയും അനുഭവിക്കുവാൻ സാധിക്കുന്നു. പഴയനിയമ ആരാധനയിൽ യാഗം കൂടാതെയുള്ള ഒരു ആരാധനയും പൂർണ്ണമായി കരുതപ്പെട്ടിരുന്നില്ല. പാപം, അശുദ്ധി എന്നിവയെക്കുറിച്ചു ബോധം വരുത്തുക എന്ന ലക്ഷ്യത്തിലാണ് യാഗവ്യവസ്ഥയ്ക്കു രൂപം നല്കിയത്. യാഗം മുഖേന ആരാധകൻ പാപക്ഷമ പ്രാപിച്ച് ദൈവത്തിന്റെ മുമ്പിൽ നീതിമാനാകുന്നു. ന്യായപ്രമാണ യുഗവ്യവസ്ഥയുടെ തുടക്കത്തിൽ യിസ്രായേലിന്റെ ആദ്യജാതനു പകരം പെസഹാ ആട്ടിൻകുട്ടിയെ യാഗം കഴിച്ചു. അതു യിസ്രായേലിന്റെ വീണ്ടെടുപ്പിനു കാരണമായി. തുടർന്നു വർഷം തോറും പെസഹാ പെരുനാൾ ആചരിക്കുവാൻ ദൈവം കല്പിച്ചു. 

പഴയനിയമത്തിൽപ്പോലും പുതുക്കമോ ആവർത്തനമോ ആവശ്യപ്പെടാത്ത ഒരു യാഗം ഉണ്ടായിരുന്നു. ഈ യാഗം അർപ്പിച്ചതു യഹോവ യിസ്രായേലുമായി ഉടമ്പടിബന്ധം സ്ഥാപിച്ചപ്പോഴും അവർ ദൈവത്തിന്റെ ജനമായി തീർന്നപ്പോഴുമാണ്. സീനായി പർവ്വതത്തിന്റെ അടിവാരത്തിൽ പന്ത്രണ്ടു ഗോത്രങ്ങളെ പ്രതിനിധാനം ചെയ്യുന്ന പ്രന്തണ്ടു തൂണുകളും യഹോവയുടെ സാന്നിദ്ധ്യത്തെ സൂചിപ്പിക്കുന്നതായ ഒരു യാഗപീഠവും പണിതു. തുണുകൾ യാഗപീഠത്തിനു ചുറ്റും അല്പം അകലെ ആയിട്ടാണ് പണിതത്. (പുറ, 24). കാളയുടെ രക്തം രണ്ടായി ഭാഗിച്ച് ഒരു ഭാഗം യാഗപീഠത്തിൽ തളിച്ചു. ദൈവകൃപയാൽ നിറയപ്പെടുന്നതിനു മരണത്തിലൂടെ കടന്നുപോയി ജീവൻ എന്നപോലെ ജനങ്ങളുടെ പ്രാകൃതികജീവൻ ദൈവത്തിനു സമർപ്പിക്കപ്പെട്ടു എന്നാണ് ഇതിന്റെ അർത്ഥം. ബാക്കി രക്തം ജനത്തിന്മേൽ തളിച്ചതോടെ ദൈവത്തിന്റെ കൃപയാൽ പുതുക്കപ്പെടുന്ന ജീവിതം എന്ന പോലെ ജീവൻ ജനത്തിനു തിരികെ ലഭിച്ചു. യഹോവ സംസാരിച്ച സകല വചനങ്ങളിന്മേലുമാണ് ഈ ഉടമ്പടി ചെയ്തിരിക്കുന്നത്. യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ അനുസരിച്ചു നടക്കുമെന്നു ജനം വാഗ്ദത്തംചെയ്തു. 

പ്രതീകാർത്ഥം: ഒരാളിന്റെ അദ്ധ്വാനഫലത്തിന്റെ ഒരംശം ദൈവത്തിനു സമർപ്പിക്കുന്നതു അയാളുടെ സമർപ്പണത്തെയാണ് സൂചിപ്പിക്കുന്നത്. മനുഷ്യന്റെ മരണം ദൈവം ആവശ്യപ്പെടുന്നില്ല. ഹൃദയസമർപ്പണമാണ് ദൈവം ആഗ്രഹിക്കുന്നത്. അത് യിസ്ഹാക്കിനെ യാഗം കഴിക്കാൻ അബ്രാഹാമിനോടു ആവശ്യപ്പെട്ടതിലുടെ യഹോവ യിസ്രായേല്യർക്കു മനസ്സിലാക്കിക്കൊടുത്തു. അശുദ്ധനും പാപിയുമായ മനുഷ്യന് വിശുദ്ധനായ ദൈവത്തിന് സ്വയം അർപ്പിക്കുവാൻ കഴിയുകയില്ല. ഉടമ്പടിയുടെ മൗലികതത്വം ‘യഹോവയെപ്പോലെ വിശുദ്ധന്മാരായിരിക്ക’ എന്നതാണ്. അതു ഓർപ്പിക്കുന്നതിനാണ് യാഗമൃഗം ഊനമില്ലാത്തതായിരിക്കണം എന്നു കല്പിച്ചത്. യാഗപീഠത്തെ സമീപിക്കുന്ന അർപ്പകന്റെ പാപം യാഗമൃഗത്തിലേക്കു പകരുന്നതിന്റെ പ്രതീകമാണ് മൃഗത്തിന്റെ തലയിൽ കൈവെയ്ക്കൽ. അർപ്പകനു പകരമാണു് മൃഗം. യാഗപീഠത്തിൽ അർപ്പിക്കുന്നതിന്റെ പ്രാരംഭമായി മൃഗത്തെ അറുക്കുന്നു. അതു പാപം നിമിത്തം ദൈവത്തിൽ നിന്നകന്നുപോയ മനുഷ്യന്റെ മരണത്തിന്റെ ആവശ്യം ചൂണ്ടിക്കാണിക്കുന്നു. യാഗമൃഗത്തിൽ നിന്നും രക്തം ഒഴുകുമ്പോൾ അതിന്റെ ജീവൻ ശരീരത്തിൽ നിന്നു വേർപെടുകയും രക്തം ജീവൻ മൂലമായി പ്രായശ്ചിത്തമാവുകയും ചെയ്യും. യാഗമൃഗത്തിന്റെ മാംസം യാഗപീഠത്തിൽവച്ച് ദഹിപ്പിക്കുമ്പോൾ അർപ്പകന്റെ ശരീരം ദൈവികസ്നേഹത്തിന്റെ ശുദ്ധീകരണാഗ്നിക്ക് വിധേയമാകും. അങ്ങനെ അവൻ ദൈവക്രോധത്തിൽ നിന്നു ശരീരവും ആത്മാവും പ്രതീകാത്മകമായി ആവരണം ചെയ്യപ്പെട്ടവനായി ശുദ്ധീകരണത്തിനും രക്ഷാകരമായ കൃപയ്ക്കും പാത്രീഭവിക്കും. തന്റെ ന്യായപ്രമാണത്തിൽ വിവരിച്ചിട്ടുള്ള യാഗങ്ങളുടെ പ്രതിരൂപാത്മക സ്വഭാവം വ്യക്തമാക്കിയിട്ടില്ലെങ്കിലും അർപ്പണരീതിയെ സംബന്ധിക്കുന്ന പ്രത്യേക ചട്ടങ്ങളിൽ അതു സൂചിപ്പിച്ചിട്ടുണ്ട്. ക്രമേണ പ്രവചനങ്ങളിലൂടെ അതു വെളിപ്പെടുത്തി. യേശുക്രിസ്തു കാൽവറിയിൽ യാഗമായി തീർന്നപ്പോൾ അതു പൂർണ്ണമായി അനാവരണം ചെയ്യപ്പെട്ടു. 

നരബലി: അബ്രാഹാമിനു ദൈവത്തോടുള്ള പരമ വിശ്വസ്തതയെ പരീക്ഷിക്കുവാനായി തന്റെ ഏകജാതനായ പുത്രനെ ബലിയർപ്പിക്കുവാൻ അബ്രാഹാമിനോടു ദൈവം ആവശ്യപ്പെട്ടു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആദ്യകാലത്ത് യിസ്രായേൽ മക്കളുടെ ഇടയിൽ നരബലി നടന്നിരുന്നു എന്നു വാദിക്കുന്നവരുണ്ട്. എന്നാൽ അതിനു തെളിവുകളൊന്നുമില്ല. ആദ്യജാതനെ ബലികഴിച്ചു ഉദ്ദേശിച്ച ഫലം ഉളവാക്കാമെന്ന വിശ്വാസം കനാനിലെ ജനങ്ങൾക്കുണ്ടായിരുന്നു. കഷ്ടതയുടെയും, പോംവഴിയി ഇല്ലായ്മയുടെയും സമയത്തു തങ്ങളുടെ ഏറ്റവും നല്ലതും പ്രിയപ്പെട്ടതുമായതിനെ മനുഷ്യർ ദൈവത്തിനർപ്പിക്കും. “എന്റെ അതിക്രമത്തിനു വേണ്ടി ഞാൻ എന്റെ ആദ്യജാതനെയും ഞാൻ ചെയ്ത പാപത്തിനുവേണ്ടി എന്റെ ഉദരഫലത്തെയും കൊടുക്കേണമോ?” (മീഖാ, 6:7). ആഹാസ് രാജാവ് സ്വന്തം പുത്രനെ അഗ്നിപ്രവേശം ചെയ്യിപ്പിച്ചു. “തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിയിൽഇട്ടു ദഹിപ്പിക്കേണ്ടതിനു അവൻ ബെൻ-ഹിന്നോം താഴ്വരയിലുള്ള തോഫെത്തിലെ പൂജാഗിരികളെ പണിതിരിക്കുന്നു; അതു ഞാൻ കല്പിച്ചതല്ല; എന്റെ മനസ്സിൽ തോന്നിയതുമല്ല.” (യിരെ, 7:31). പട അതികഠിനമെന്നു കണ്ടപ്പോൾ മോവാബ് രാജാവ് തന്റെ ആദ്യജാതനെ പിടിച്ചു മതിലിന്മേൽ ദഹനയാഗം കഴിച്ചു. (2രാജാ, 3:26,27). യിസ്രായേല്യർ നരബലി നടത്തിയിരുന്നു എന്നോ യഹോവ അതിനെ അനുവദിച്ചിരുന്നു എന്നോ ബൈബിൾ പറയുന്നില്ല. നിനക്കു ചുറ്റുമുള്ള മറ്റു ജനങ്ങൾ അനുസരിക്കുന്നതുപോലെ നിന്റെ ദൈവത്തെ അനുസരിക്കുവാൻ നീ ഒരുങ്ങിയിട്ടുണ്ടോ എന്ന ചോദ്യം യഹോവ അബ്രാഹാമിനോടു ചോദിച്ചു. തന്റെ വിശ്വാസം അനുസരണത്തിലുടെ പ്രകടമാക്കിയപ്പോൾ തന്റെ ദൈവത്തിന്റെ പ്രകൃതി വ്യത്യസ്തമാണെന്നു അബ്രാഹാം മനസ്സിലാക്കി. 

യാഗങ്ങളുടെ വിഭജനം: ന്യായപ്രമാണത്തിൽ നിർദ്ദേശിച്ചിട്ടുള്ള യാഗങ്ങൾ രണ്ടു വിഭാഗത്തിലുൾപ്പെടുന്നു: 1. യഹോവയുമായുള്ള കൂട്ടായ്മക്കുള്ളവ – പാപയാഗവും അകൃത്യയാഗവും. 2. ദൈവവുമായുള്ള കൂട്ടായ്മയിൽ അർപ്പിക്കുന്നവ – ഹോമയാഗം, സമാധാനയാഗം, ഭോജനയാഗവും പാനീയയാഗവും. ആരാധകനു പാപക്ഷമ നല്കുവാനും അവനെ ദൈവവുമായുള്ള ബന്ധത്തിൽ കൊണ്ടുവരുവാനും ഉദ്ദേശിച്ചുള്ളവയാണ് പ്രയശ്ചിത്ത സ്വഭാവമുള്ള യാഗങ്ങൾ. പാപയാഗവും അകൃത്യയാഗവും ഇതിലുൾപ്പെടുന്നു. ഒരേ സമയം പല യാഗങ്ങൾ കഴിക്കേണ്ടിവരുമ്പോൾ പ്രായശ്ചിത്ത സ്വഭാവമുള്ളവ ഹോമയാഗത്തിനു മുമ്പ് കഴിക്കും; ഹോമയാഗത്തെ തുടർന്നു സമാധാനയാഗങ്ങളും. ഹോമയാഗത്തോടും സ്തോത്രയാഗത്തോടും ഒപ്പം ഭോജനയാഗവും പാനീയയാഗവും അർപ്പിക്കും. 

യാഗവസ്തുക്കൾ: യാഗവസ്തുക്കളോടുള്ള ബന്ധത്തിൽ യാഗങ്ങളെ രണ്ടായി വിഭജിച്ചിരിക്കുന്നു: 1. രക്തം ചൊരിഞ്ഞുള്ളവ. 2. രക്തച്ചൊരിച്ചിൽ ഇല്ലാത്തവ. രക്തരഹിതയാഗങ്ങളാണ് ഭോജനയാഗവും പാനീയയാഗവും. 

യാഗമൃഗങ്ങളായി നിർദ്ദേശിക്കപ്പെട്ടവ: കാള, ആടു, കോലാടു, പക്ഷികൾ (കുറുപാവും പ്രാവിൻകുഞ്ഞും). വിലയേറിയ വഴിപാടുകൾ അർപ്പിക്കാൻ കഴിയാത്തവരെയും (ലേവ്യ, 5:7; 12:8) താണനിലയിലുള്ള പാപയാഗത്തെയും ഉദ്ദേശിച്ചാണ് പ്രാവിൻ കുഞ്ഞിനെ യാഗം കഴിക്കാൻ അനുവദിച്ചിട്ടുള്ളത്. കന്നുകാലികളിൽ ആണിനെയും പെണ്ണിനെയും അർപ്പിക്കാം. (ലേവ്യ, 3:1, 6). ആടുകളിൽ പ്രധാനം ആട്ടുകൊറ്റനും (സംഖ്യാ, 15:5; 28:11), ആൺകോലാട് അഥവാ കോലാട്ടുകൊറ്റനുമാണ്. (സംഖ്യാ, 7:16-22). യാഗമൃഗങ്ങൾ ഒരു നിശ്ചിത പ്രായമുള്ളതായിരിക്കണം. കുറഞ്ഞപക്ഷം എട്ടു ദിവസമെങ്കിലും പ്രായമുള്ളതിനെ മാത്രമേ അർപ്പിക്കാവു. (ലേവ്യ, 22:27; പുറ, 22:30). ഒരു വയസ്സു പ്രായമുള്ള ചെമ്മരിയാടും കോലാടും മൂന്നു വയസ്സു പ്രായമുള്ള കാളയും അർപ്പണയോഗ്യമാണ്. (പുറ, 29:38; ലേവ്യ, 9:3). യാഗമൃഗം ഊനമില്ലാത്തതായിരിക്കണം. കുരുട്, ചതവ്, മുറിവ്, മുഴ, ചൊറി, പുഴുക്കടി എന്നിവയുള്ള ഒന്നിനെയും അർപ്പിക്കുവാൻ പാടില്ല. (ലേവ്യ, 22:20-24). 

വഴിപാടായി അർപ്പിക്കപ്പെടുന്ന സസ്യജവസ്തുക്കൾ ഇവയാണ്: ധാന്യങ്ങൾ, ഒലിവെണ്ണ, വീഞ്ഞ്, സുഗന്ധവസ്തുക്കൾ, ഉപ്പ്, ധാന്യം അർപ്പിക്കേണ്ടത് മൂന്നുവിധത്തിലാണ്: 1. കതിർ ചുട്ടു ഉതിർത്ത മണികൾ: (ലേവ്യ, 2:14). 2. നേരിയ മാവ്: (ലേവ്യ, 2:1). ഇവ രണ്ടിലും എണ്ണയും കുന്തുരുക്കവും ചേർക്കണം. (ലേവ്യ, 2:1, 15,16). 3. പുളിപ്പില്ലാത്ത ദോശകളോ വടകളോ. ഇതു മൂന്നു വിധത്തിലുണ്ട്: അടുപ്പിൽ വച്ചു പാകം ചെയ്തത്, ഉരുളിയിൽ ചുട്ടത്, ചട്ടിയിൽ ചുട്ടത്. ഇവ എല്ലാറ്റിലും മാവിനോടു കൂടി എണ്ണ ചേർക്കണം. (ലാവ്യ, 2:1). എല്ലാ ഭോജനയാഗത്തിലും (ലേവ്യ, 2:13), മൃഗബലിയിലും (യെഹ, 43:24) ഉപ്പു ചേർക്കണം. യഹോവയ്ക്ക് അർപ്പിക്കുന്ന ഒരു ദഹനയാഗത്തിലും പുളിപ്പും തേനും പാടില്ല. (ലേവ്യ, 2:11). 

അർപ്പണവിധം: സമാഗമന കൂടാരത്തിന്റെ വാതിലിനടുത്താണ് യാഗപീഠം സ്ഥാപിച്ചിരുന്നത്. അർപ്പകൻ യാഗമൃഗത്തെ സമാഗമന കൂടാരത്തിന്റെ വാതിലിലേക്കു കൊണ്ടുവരും. യാഗമൃഗത്തെ കൊണ്ടുവരുന്നയാൾ മൃഗത്തിന്റെ തലയിൽ കൈവയ്ക്കും. അതിലൂടെ തനിക്കുവേണ്ടി മരിക്കാൻ പോകുന്ന മൃഗത്തിന്റെ മരണത്തിനു താനാണ് അർഹനെന്നു അർപ്പകൻ സമ്മതിക്കുന്നു. യാഗപീഠത്തിന്റെ വടക്കുഭാഗത്തു വച്ചു അവൻ സ്വന്തം കൈകൊണ്ടു മൃഗത്തെ കൊല്ലം. (ലേവ്യ, 1:4,5, 11; 3:2, 8; 6:25; 7:2). വിശുദ്ധമന്ദിരത്തിലെ നിത്യേനയുള്ള ശുശ്രൂഷയുമായി ബന്ധപ്പെട്ട യാഗങ്ങളിലും ഉത്സവകാലത്ത് സർവ്വജനത്തിനും വേണ്ടി നടത്തുന്ന യാഗങ്ങളിലും പുരോഹിതന്മാർ തന്നെ യാഗമൃഗത്തെ കൊല്ലുകയും തോലുരിക്കുകയും കഷണങ്ങളായി നുറുക്കുകയും ചെയ്യും. യാഗമൃഗത്തിന്റെ രക്തം പുരോഹിതൻ ഒരു പാത്രത്തിലെടുത്ത് അതിൽ കുറച്ചു യാഗപീഠത്തിന്റെ പാർശ്വങ്ങളിലോ കൊമ്പുകളിലോ സുഗന്ധ ധൂപപീഠത്തിന്റെ കൊമ്പുകളിലോ പെട്ടകത്തിന്റെ മേലോ തളിച്ചശേഷം ബാക്കിവരുന്ന രക്തം യാഗപീഠത്തിന്റെ ചുവട്ടിലൊഴിക്കും. (പുറ, 29:12; ലേവ്യ, 4:17, 18). അർപ്പകൻ യാഗമൃഗത്തിന്റെ തോൽ ഉരിച്ച് അതിനെ ഖണ്ഡം ഖണ്ഡമായി മുറിക്കും. (ലേവ്യ, 1:6; 8:20). യാഗപീഠത്തിൽ വച്ചു അതിനെ പൂർണ്ണമായോ അതിന്റെ മേദസ്സു മാത്രമോ ദഹിപ്പിക്കും. ശേഷിക്കുന്ന മാംസം പാളയത്തിനു പുറത്തു കൊണ്ടുപോയി ദഹിപ്പിക്കും. അതിനുശേഷം ഇതിനെ പുരോഹിതന്മാർ അഥവാ ഭാഗികമായി പുരോഹിതനും ഭാഗികമായി അർപ്പകനും ഭക്ഷിക്കും. 

പ്രാവുകളെയാണ് യാഗം കഴിക്കുന്നതെങ്കിൽ പുരോഹിതൻ അതിന്റെ തല പിരിച്ചുപറിച്ച് അതിന്റെ രക്തം യാഗപീഠത്തിന്റെ പാർശ്വത്തിങ്കൽ പിഴിഞ്ഞുകളയും. അതിനുശേഷം അതിന്റെ തീൻപണ്ടം മലത്തോടു കൂടെ പറിച്ചെടുത്ത് വെണ്ണീർ ഇടുന്ന സ്ഥലത്ത് ഇടും; തലയും ഉടലും യാഗപീഠത്തിൽ ദഹിപ്പിക്കും. (ലേവ്യ, 1:15) ഹോമയാഗവുമായി ബന്ധപ്പെട്ട ഭോജനയാഗത്തിൽ എണ്ണയുടെയും മാവിന്റെയും ഭാഗവും ധാന്യത്തിന്റെ കതിരും ദോശയും ധൂപവസ്തുക്കളോടൊപ്പം യാഗപീഠത്തിൽ വച്ച് ദഹിപ്പിക്കണം. ബാക്കിഭാഗം പുരോഹിതനുള്ളതാണ്. അത് അയാൾ സമാഗമന കൂടാരത്തിന്റെ പ്രാകാരത്തിൽ വച്ചു പുളിപ്പില്ലാതെ ഭക്ഷിക്കണം. (ലേവ്യ, 2:2; 10:12; 6:9-11; 7:9). സ്തോത്രയാഗവുമായി ബന്ധപ്പെട്ട ഭോജനയാഗത്തിൽ ഒരു ദോശ യഹോവയ്ക്ക് നീരാജനാർപ്പണം ചെയ്യണം. ഈ ദോശ രക്തം തളിക്കുന്ന പുരോഹിതനു അവകാശപ്പെട്ടതാണ്. (ലേവ്യ, 7:14). യാഗത്തിന്റെ ബാക്കിഭാഗം വഴിപാടുകാരൻ ഭക്ഷിക്കണം. 

വിവിധയാഗങ്ങൾ: യാഗങ്ങൾ പ്രധാനമായും അഞ്ചാണ്; പാപയാഗം, അകൃത്യയാഗം, ഹോമയാഗം, സമാധാനയാഗം, ഭോജനയാഗം. ഇവയിൽ പാപയാഗത്തിന്റെയും അകൃത്യയാഗത്തിന്റെയും സ്വഭാവം ഒന്നുപോലാകയാൽ അവയെ ഒന്നായി കണക്കാക്കുന്നവരുമുണ്ട്. ആദ്യത്തെ രണ്ടുയാഗങ്ങളും ദൈവവുമായുള്ള കൂട്ടായ്മയിൽ വരുന്നതിനു വേണ്ടിയുള്ളതും ഒടുവിലത്തെ മൂന്നും ദൈവവുമായുള്ള കൂട്ടായ്മയിൽ വന്ന ശേഷം അർപ്പിക്കുന്നവയുമാണ്. ആദ്യത്തെ രണ്ടും പാപസംബന്ധമായി അർപ്പിക്കുന്നവയാകയാൽ അവയിൽ ഒരു വിധത്തിലുള്ള സൗരഭ്യവാസനയും ഇല്ല. എന്നാൽ ഒടുവിലത്തെ മൂന്നും ( ഹോമയാഗം, സമാധാനയാഗം, ഭോജനയാഗം) സൗരഭ്യവാസന ഉള്ളതാണ്. 

1. പാപയാഗം: പാപത്തിനു പരിഹാരമായി ചെയ്യുന്ന യാഗമാണ് പാപയാഗം. പാപയാഗത്തെ കുറിച്ചുള്ള ആദ്യകല്പന ലേവ്യർ 4-ലാണ്. “ചെയ്യരുതെന്നു യഹോവ കല്പിച്ചിട്ടുള്ള വല്ല കാര്യത്തിലും ആരെങ്കിലും അബദ്ധവശാൽ പിഴെച്ചു ആ വക വല്ലതും ചെയ്താൽ പാപയാഗം അർപ്പിക്കണം.” (4:2). കരുതിക്കൂട്ടി പാപം ചെയ്യുന്നവനെ ജനത്തിൽ നിന്നും ചേദിച്ചുകളയും. (സംഖ്യാ, 15:30). എന്നാൽ അബദ്ധവശാൽ പാപം ചെയ്യുന്നവനാണ് പാപയാഗം അർപ്പിക്കേണ്ടത്. നാലുതരം ആളുകൾക്കു വേണ്ടിയാണ് പാപയാഗം ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്.1. അഭിഷിക്തനായ പുരോഹിതൻ. 2. മുഴുവൻ സഭ. 3. പ്രമാണി (പ്രഭു). 4. ഒരു വ്യക്തി. അമാവാസി, പെസഹ, പെന്തെകൊസ്ത്, കാഹളനാദോത്സവം, കൂടാരപ്പെരുനാൾ, പാപപരിഹാരദിവസം എന്നീ സന്ദർഭങ്ങളിൽ സർവ്വജനത്തിനും വേണ്ടി പാപയാഗം അർപ്പിക്കുന്നു. (സംഖ്യാ, 28:15-29:38). പുരോഹിതർ, ലേവ്യർ എന്നിവരുടെ ശുദ്ധീകരണത്തിനും പാപയാഗം ആവശ്യമാണ്. (പുറ, 29:10-14, 36). അർപ്പകന്റെ നിലയും കുറ്റത്തിന്റെ പ്രകൃതിയും അനുസരിച്ചാണ് അർപ്പണവസ്ത എന്തായിരിക്കണമെന്നു നിശ്ചയിക്കുന്നത്. കാളക്കുട്ടി (പുറ, 29:10,14,35; സംഖ്യാ, 8:8), കോലാട്ടുകൊറ്റൻ (സംഖ്യാ, 28:15-30; 29:5,11), പെൺകോലാടു് (ലേവ്യ, 4;28,32; 5:6), പെൺകുഞ്ഞാട് (സംഖ്യാ, 6:14), പ്രാവിൻകുഞ്ഞ് അഥവാ കുറുപ്രാവ് (ലേവ്യ, 12:6; 15:14) എന്നിവയാണ് യാഗമൃഗങ്ങൾ. ദരിദ്രൻ ആട്ടിൻകുട്ടിക്കു പകരം പ്രാവിൻ കുഞ്ഞിനെയോ കുറുപാവിനെയോ അർപ്പിച്ചാൽ മതി. അതിനും നിവൃത്തിയില്ലാത്തവർ സാധാരണ കുറ്റങ്ങൾക്ക് ഒരിടങ്ങഴി നേരിയമാവ് അർപ്പിക്കണം. (ലേവ്യ, 5:11). 

യാഗമൃഗത്തെ കൊണ്ടുവന്ന് അതിന്റെ തലയിൽ കൈവച്ച ശേഷം അതിനെ കൊല്ലുന്നു. സഭയുടെ പാപത്തിനുവേണ്ടിയുള്ള കാളക്കിടാവിന്റെ തലയിൽ മുപ്പന്മാർ കൈവച്ച് അതിനെ കൊല്ലേണ്ടതാണ്. പുരോഹിതനു വേണ്ടിയോ സഭയ്ക്കു വേണ്ടിയോ അർപ്പിച്ച യാഗമൃഗങ്ങളുടെ രക്തം പുരോഹിതൻ തിരുനിവാസത്തിലെ വിശുദ്ധസ്ഥലത്തേക്കു കൊണ്ടുപോയി വിശുദ്ധമന്ദിരത്തിന്റെ തിരശ്ശീലയ്ക്കു മുമ്പിൽ ഏഴുപാവശ്യം തളിക്കും. അതിനുശേഷം ധൂപപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടും. പിന്നീട് പുറത്തുവന്നു ശേഷിച്ച രക്തം താമയാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചുകളയും. (ലേവ്യ, 4:5). ഒരു പ്രമാണിയുടെയോ സാധാരണ വ്യക്തിയുടെയോ യാഗമൃഗത്തിന്റെ (ആട്ടുകൊറ്റൻ, പെൺകോലാട്, ആട്ടിൻകുട്ടി) രക്തം തിരുനിവാസത്തിലേക്കു കൊണ്ടുപോകുന്നില്ല. ആ രക്തം പുരോഹിതനെടുത്ത് അതിൽ കുറെ ഹോമയാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടും. ബാക്കി രക്തം യാഗപീഠത്തിന്റെ ചുവട്ടിലൊഴിക്കും. (ലേവ്യ, 4:25,30,34). അനന്തരം മൃഗത്തിന്റെ മേദസ്സുള്ള ഭാഗങ്ങൾ വേർതിരിച്ചെടുത്തു യാഗപീഠത്തിന്മേൽ ദഹിപ്പിക്കും. (ലേവ്യ, 4:8-10, 19,26, 31, 35). വിശുദ്ധ സ്ഥലത്തും അതിവിശുദ്ധസ്ഥലത്തും തളിക്കുവാൻ രക്തം എടുത്ത മൃഗത്തിന്റെ (കാള) മാംസം, തൊലി തുടങ്ങി ശേഷിക്കുന്ന ഭാഗം മുഴുവൻ പാളയത്തിനു പുറത്ത് വെടിപ്പുള്ള സ്ഥലത്തു കൊണ്ടുപോയി വെണ്ണീർ ഇടുന്ന സ്ഥലത്തുവച്ച് ദഹിപ്പിക്കും. മറ്റു മൃഗങ്ങളുടെ മാംസം പാളയത്തിനു പുറത്തുകൊണ്ടുപോയി ദഹിപ്പിക്കുന്നില്ല. അതു തിരുനിവാസത്തിന്റെ പ്രാകാരത്തിൽ വിശുദ്ധസ്ഥലത്തു വെച്ച് പുരോഹിതൻ ഭക്ഷിക്കും. (ലേവ്യ, 6:26; സംഖ്യാ, 18:9,10). അതിന്റെ തൊലി കർമ്മിയായ പുരോഹിതനുള്ളതാണ്. പാപയാഗത്തിന്റെ മാംസം തൊടുന്നവരെല്ലാം വിശുദ്ധരാണ്. പുരോഹിതനു ഭക്ഷിക്കുവാൻ വേണ്ടി മാംസം വേവിച്ച മൺപാത്രം ഉടച്ചുകളയണം. ചെമ്പുകലമാണെങ്കിൽ കഴുകി ശുദ്ധിയാക്കി എടുക്കാം. (ലേവ്യ, 6:26-29). പാപികളുടെ സ്ഥാനത്തുനിന്നുകൊണ്ടു അവരുടെ പാപപരിഹാരത്തിനു വേണ്ടി കാൽവറിയിൽ പ്രായശ്ചിത്തമായിത്തീർന്ന ക്രിസ്തുവിനെ കാണിക്കുകയാണ് പാപയാഗം. 

2. അകൃത്യയാഗം: കുറ്റക്കാരന്റെ വീണ്ടെടുപ്പിനുവേണ്ടി അർപ്പിക്കുന്നതാണ് പാപയാഗം. ഏതെങ്കിലും പ്രത്യേക കുറ്റത്തിനു ചെയ്യുന്ന പ്രായശ്ചിത്തമാണ് അകൃത്യയാഗം. (ലേവ്യ, 5:1-6:7). വിശുദ്ധമന്ദിരത്തിന്റെ തൂക്കപ്രകാരം പുരോഹിതൻ മതിക്കുന്ന വിലയുള്ളതും ഊനമില്ലാത്തതുമായ ആട്ടുകൊറ്റനെയാണ് അകൃത്യയാഗമായി അർപ്പിക്കേണ്ടത്. യഹോവയുടെ വിശുദ്ധവസ്തുക്കളെ സംബന്ധിക്കുന്ന കാര്യങ്ങളിൽ അബദ്ധവശാൽ അതിക്രമം ചെയ്യുക, ന്യായപ്രമാണം വിലക്കിയ അകൃത്യങ്ങൾ അബദ്ധവശാൽ ചെയ്യുക, അയൽക്കാരനെ ചതിക്കുകയോ വഞ്ചിക്കുകയോ ചെയ്യുക, വീണ്ടെടുക്കാത്ത ദാസിയെ ബലാൽസംഗം ചെയ്യുക (ലേവ്യ, 19:20-22), നാസീർവതം മുടക്കുക (സഖ്യാ, 6:12) എന്നിവ നിമിത്തവും കുഷ്ഠരോഗിയുടെ ശുദ്ധീകരണത്തിനു വേണ്ടിയും (ലേവ്യ, 14:12) അകൃത്യയാഗം അർപ്പിക്കേണ്ടതാണ്. യാഗപീഠത്തിന്റെ വടക്കുഭാഗത്തുവച്ചു യാഗമൃഗത്തെ കൊല്ലും. യാഗപീഠത്തിൽ രക്തം തളിക്കുകയും മേദസ്സ് ദഹിപ്പിക്കുകയും ചെയ്യും. വിശുദ്ധസ്ഥലത്തുവച്ചു മാംസം പുരോഹിതന്മാർ ഭക്ഷിക്കും. തോൽ പുരോഹിതനുള്ളതാണ്. വിശുദ്ധ വസ്തുക്കളെയോ അയൽക്കാരന്റെ വസ്തുവിനെയോ സംബന്ധിക്കുന്നതാണ് അകൃത്യമെങ്കിൽ അവൻ അതിനു മുതലും അതിനോടുകൂടി അഞ്ചിലൊന്നും കൂട്ടി വെള്ളി നാണയമായി കൊടുക്കണം.

3. ഹോമയാഗം: യാഗമൃഗം യാഗപീഠത്തിൽ പൂർണ്ണമായി ദഹിച്ചു പുകയിൽ സ്വർഗ്ഗത്തിലേക്കു ഉയരുന്നതുകൊണ്ടാണ് ഈ യാഗത്തിനു ഹോമയാഗം എന്നപേർ ലഭിച്ചത്. തോൽ ഒഴികെയുള്ള മുഴുവൻ ഭാഗവും ദഹിപ്പിക്കപ്പെടുന്നു. മൃഗങ്ങളെ അർപ്പിക്കുന്ന മറ്റു യാഗങ്ങളിൽ മേദസ്സും കൊഴുപ്പുള്ള ഭാഗങ്ങളും മാത്രമേ ദഹിപ്പിക്കപ്പെടുകയുള്ളൂ. പ്രായശ്ചിത്തം വരുത്തുകയാണ് ഹോമയാഗത്തിന്റെ ഉദ്ദേശ്യം. (ലേവ്യ, 1:4). 

വ്യക്തിയുടെയോ സഭയുടെയോ ദൈവത്തിലുള്ള സമ്പൂർണ്ണ സമർപ്പണത്തെ ചൂണ്ടിക്കാണിക്കുകയാണ് ഹോമയാഗം. യിസ്രായേൽ യഹോവയുമായി കൃപാനിയമത്തിൽ ബദ്ധമായി എന്നതുകൊണ്ടു ഉടമ്പടിയിൽ നിലനില്ക്കുന്ന എല്ലാ യിസ്രായേല്യരും ഹോമയാഗം കഴിക്കുന്നു. യിസ്രായേലിന്റെ ദൈവത്തോടു ഉടമ്പടിയിൽ ചേർന്നിട്ടില്ലെങ്കിലും കുറ്റക്കാരനല്ലാത്ത അന്യനും ഹോമയാഗം കഴിക്കാവുന്നതാണ്. എല്ലാ ദിവസവും രാവിലെയും വൈകുന്നേരത്തും അർപ്പിച്ചിരുന്നതു കൊണ്ടു ഇതിനെ നിരന്തരഹോമയാഗം എന്നു വിളിക്കുന്നു. (പുറ, 29:42). ശബ്ബത്തിലും അമാവാസിയിലും ഉത്സവ സന്ദർഭങ്ങളിലും ഹോമയാഗം നടത്തേണ്ടതാണ്. അമാവാസിയിലും ഉത്സവദിനങ്ങളിലും പാപയാഗത്തിനു ശേഷമാണ് ഹോമയാഗം അർപ്പിക്കേണ്ടത്. 

കാളക്കുട്ടി, ആട്ടുകൊറ്റൻ, ആൺകുഞ്ഞാട്, ആൺകോലാട് എന്നിവയാണ് യാഗത്തിനുള്ള മൃഗങ്ങൾ. ഹോമയാഗത്തിനു ആൺമൃഗത്തെ മാത്രമേ അർപ്പിക്കാവൂ. ദരിദ്രൻ പ്രാവിൻ കുഞ്ഞിനെയോ കുറുപാവിനെയോ അർപ്പിച്ചാൽ മതി. (ലേവ്യ, 1:3, 10, 14). നിത്യേനയുള്ള ഹോമയാഗങ്ങൾ: 1. രാവിലെയും വൈകുന്നേരവും. (പുറ, 29:38-42; സംഖ്യാ, 28:3-8). 2. ശബ്ബത്തുനാളിൽ ദിവസവുമുള്ള വഴിപാടിന്റെ ഇരട്ടി. (സംഖ്യാ, 28:9,10). 3. അമാവാസിക്കും (മാസാരംഭം) മൂന്നു മഹോത്സവങ്ങളിലും. (സംഖ്യാ, 28:11-29:39). കൂടാതെ പുരോഹിതന്മാരുടെ ശുദ്ധീകരണം, സ്ത്രീകളുടെയും കുഷ്ഠരോഗികളുടെയും ശുദ്ധീകരണം, നാസീർവ്രതത്തിന്റെ മുടക്കം സമാപ്തി എന്നിങ്ങനെയുള്ള പ്രത്യേക സന്ദർഭങ്ങളിലും ഹോമയാഗം അർപ്പിച്ചിരുന്നു. (പുറ, 29:15; ലേവ്യ, 8:18; 9:12; 12:6, 8; 14:19; സംഖ്യാ, 6:11,14). കാർമ്മികമായ അശുദ്ധി നീക്കുന്നതിനും ഹോമയാഗം നടത്തിയിരുന്നു. (ലേവ്യ, 15:15, 30). 

അർപ്പകൻ യാഗമൃഗത്തെ യാഗപീഠത്തിലേക്കു കൊണ്ടുവന്ന് അതിന്റെ തലയിൽ കൈകൾവച്ചു അതിനെ കൊല്ലുന്നു. അതിന്റെ രക്തം പുരോഹിതൻ എടുത്ത് യാഗപീംത്തിന്മേലും അതിനു ചുറ്റും തളിക്കും. അതിനുശേഷം തോലുരിക്കും. തൊലി പുരോഹിതനുള്ളതാണ്. അനന്തരം മാംസം ഖണ്ഡംഖണ്ഡമായി മുറിക്കും. അതിന്റെ കാലുകളും കുടലുകളും വെള്ളത്തിൽ കഴുകി മുഴുവൻ ഭാഗവും യാഗപീഠത്തിൽ ദഹിപ്പിക്കും. പ്രാവിനെയാണ് അർപ്പിക്കുന്നതെങ്കിൽ പുരോഹിതൻ അതിന്റെ തല പിരിച്ചെടുത്തു രക്തം യാഗപീഠത്തിന്റെ പാർശ്വത്തിൽ പിഴിഞ്ഞൊഴിക്കും. തീൻപണ്ടം മലത്തോടുകൂടെ പറിച്ചെടുത്തു വെണ്ണീരിടുന്ന സ്ഥലത്തിടും. ചിറകോടുകൂടെ പിളർന്നു പക്ഷിയെ യാഗപീഠത്തിൽ ദഹിപ്പിക്കും. (ലേവ്യ, 1:14-17). ഹോമയാഗം കാളയോ ചെറിയ കന്നുകാലിയോ ആണെങ്കിൽ അതിനെത്തുടർന്നു നിർദ്ദിഷ്ട ഭോജനയാഗവും പാനീയയാഗവും അർപ്പിക്കണം. 

മരണത്തോളം ദൈവഹിതം നിറവേറ്റി സ്വയം ദൈവത്തിനു നിഷ്കളങ്കനായി അർപ്പിച്ച ക്രിസ്തുവിനെ ചൂണ്ടിക്കാണിക്കുകയാണ് ഹോമയാഗം. ക്രിസ്തു തന്നെത്താൻ ദൈവത്തിനു സൗരഭ്യവാസനയായ വഴിപാടും യാഗവുമായി അർപ്പിച്ചു, ഒരു ഹോമയാഗമായി തീർന്നു. (എഫെ, 5:2). അർപ്പകൻ യഹോവയ്ക്ക് സ്വയം സമർപ്പിക്കുന്നതിന്റെയും പ്രതീകമാണ് ഹോമയാഗം. (റോമ, 12:1, 2). 

4. സമാധാനയാഗം: ദൈവവുമായുള്ള കൂട്ടായ്മയിൽ അർപ്പിക്കുന്ന മറ്റൊരു യാഗമാണ് സമാധാനയാഗം. ഇതു മൂന്നുവിധത്തിലുണ്ട്: 1. സ്തോത്രയാഗം (ലേവ്യ, 7:12; 22:29), 2. നേർച്ച (സംഖ്യാ, 6:14; 15:3, 8), 3. സ്വമേധാദാനം (ലേവ്യ, 7:16; 22:18,21). സമാധാനയാഗങ്ങളുടെ അടിസ്ഥാനം ദൈവവുമായുള്ള കൂട്ടായ്മയിൽ നിന്നു ലഭിക്കുന്ന കൃപയാണ്. യാഗഭോജനമാണ് ഇതിലെ പ്രധാന ഘടകം. സമൃദ്ധിയിലും വിജയത്തിലും മനുഷ്യനു ദൈവത്തോടുള്ള നന്ദി അവൻ യാഗത്തിലൂടെ പ്രദർശിപ്പിക്കുന്നു. അതാണ് സ്തോത്രയാഗം. ഇതുവരെയും ലഭിച്ചിട്ടില്ലാത്ത അനുഗ്രഹം നേടാനുള്ള ആഗ്രഹത്തോടുകൂടി ദൈവത്തിനു നേർച്ച കഴിക്കും. സമ്പത്തു ധാരാളം ഉണ്ടാകുമ്പോൾ അതു തുടർന്നും ലഭിക്കുന്നതിനു വേണ്ടി ദൈവത്തിനു നന്ദിയർപ്പിക്കുന്ന യാഗമാണ് സ്വമേധാദാനം. 

ഉത്സവാരംഭം (പുറ, 24:5; 2ശമൂ, 6:17; 1രാജാ, 8:63), രാജാക്കന്മാരുടെ തിരഞ്ഞെടുപ്പ് (1ശമൂ, 11:15), പ്രധാന സംഭവങ്ങളുടെ അനുകൂലമായ സമാപ്തി (ആവ, 27:7; യോശു 8:31) എന്നിങ്ങനെയുള്ള സന്ദർഭങ്ങളിൽ പൊതുവായ സമാധാനയാഗങ്ങൾ അർപ്പിക്കും. പെന്തെക്കൊസ്ത് പെരുനാളിനു സമാധാനയാഗം പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്. (ലേവ്യ, 23:19). ഉത്സവങ്ങൾ ആചരിക്കുന്നത് സമാധാനയാഗത്തോടു കൂടെയാണ്. (സംഖ്യാ, 10:10; 2ദിന, 30:22). സമാധാനയാഗങ്ങളും ഹോമയാഗങ്ങളും അർപ്പിക്കാൻ വേണ്ടി ഒരു യാഗോത്സവം വർഷത്തിൽ മൂന്നുപ്രാവശ്യം ശലോമോൻ ക്രമീകരിച്ചിരുന്നു. (1രാജാ, 9:25). പിൻവരുന്ന സന്ദർഭങ്ങളിൽ വ്യക്തികൾ സമാധാനയാഗം അർപ്പിക്കും. 1. ദൈവത്തിൽ നിന്നും ലഭിച്ച പ്രത്യേക അനുഗ്രഹത്തിനു വേണ്ടി ചെയ്ത നേർച്ചയുടെ നിവൃത്തി. (ലേവ്യ, 7:12,16 ; 22 : 21, 29; സംഖ്യാ, 15:8). 2. നാസീർവ്രതം അവസാനിക്കുമ്പോൾ. (സംഖ്യാ, 6:14). 

സമാധാനയാഗത്തിനു അർപ്പിക്കേണ്ട മൃഗങ്ങൾ ഇവയാണ്: ഊനമില്ലാത്ത കാള അല്ലെങ്കിൽ ആണോ പെണ്ണാ ആയ ചെറിയ ആടുമാടുകൾ. (ലേവ്യ, 3:1, 6; 9:4, 18). സ്വമേധായാഗമായി വൈകല്യമുള്ള മൃഗങ്ങളെയും അർപ്പിക്കാം. (ലേവ്യ, 22:23). ഈ യാഗത്തോടെല്ലാം ചേർന്നു ഭോജനയാഗവും പാനീയയാഗവും അർപ്പിക്കണം. (ലേവ്യ, 7:11). സമാധാനയാഗത്തിൽ പ്രാവുകളെക്കുറിച്ചു പറഞ്ഞിട്ടില്ല. 

അർപ്പകൻ യാഗമൃഗത്തെ യാഗപീഠത്തിലേക്കു കൊണ്ടുവന്നിട്ട് അതിന്റെ തലയിൽ കൈവച്ച് അതിനെ കൊല്ലും. പുരോഹിതൻ അതിന്റെ രക്തമെടുത്തു യാഗപീഠത്തിന്മേൽ തളിക്കും. ചെറുകുടലിലെയും വൻകുടലിലെയും മേദസ്സും മറ്റ് ആന്തരാവയവങ്ങളും എടുത്തു ഹോമയാഗം നടത്തിയ യാഗപീഠത്തിൽ വച്ചു ദഹിപ്പിക്കും. (ലേവ്യ, 3:3 -5, 9-11, 14-16; 9:18). അതിനുശേഷം നെഞ്ചും വലത്തെ കൈക്കുറകും വേർപെടുത്തും. വലത്തെ കൈക്കുറകു നീരാജനം ചെയ്തശേഷം മാറ്റിവയ്ക്കും. അതു പുരോഹിതനുള്ളതാണ്. പുരോഹിതൻ അതിനെ വേവിച്ചോ ചുട്ടോ ഭക്ഷിക്കും. (ലേവ്യ, 7:30; 10:13). പൊതുവായ സമാധാനയാഗത്തിന്റെ മാംസം പുരോഹിതനുള്ളതാണ്. (ലേവ്യ, 23:20). യഹോവയ്ക്ക് നീരാജനം ചെയ്തശേഷം ശേഷിക്കുന്ന മാംസം അർപ്പകന്റേതാണ്. ഈ മാംസം കൊണ്ടാണ് യാഗഭോജനം നടത്തുന്നത്. സ്തോത്രയാഗത്തിൽ അതേദിവസം തന്നെ മാംസം ഭക്ഷിക്കണം. മറ്റുള്ളവയിൽ രണ്ടാമത്തെ ദിവസവും ഭക്ഷിക്കാം. നിർദ്ദിഷ്ട സമയത്തിനുള്ളിൽ ഭക്ഷിക്കാത്തതിനെ ചുട്ടുകളയേണ്ടതാണ്. (ലേവ്യ, 7:15-17; 22:30). യാഗപീഠത്തിൽ വെച്ചല്ല ചുടേണ്ടത്. ഭോജനയാഗത്തിനു ഉണ്ടാക്കുന്ന മൂന്നിനം ദോശകളിൽ ഓരോ ദോശ കർമ്മിയായ പുരോഹിതനുള്ളതാണ്. (ലേവ്യ, 7:14). 

യാഗഭോജനത്തിൽ പങ്കെടുക്കുന്നത് ആത്മീയമായി ദൈവ സന്നിധിയിലെ സന്തോഷപരിപൂർണ്ണതകളാൽ തൃപ്തിയടയുന്നതിനു നിഴലാണ്. (സങ്കീ, 16:11). ക്രിസ്തു നമ്മുടെ സമാധാനം എന്നതു ചൂണ്ടിക്കാണിക്കുകയാണ് സമാധാനയാഗം. (എഫെ, 2:14-18). അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ടു സമാധാനം ഉണ്ടാക്കി. (കൊലൊ, 1:20). അവൻ സമാധാനം സുവിശേഷിച്ചു. (എഫെ, 2:17). വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിട്ടു നമ്മുടെ കർത്താവായ യേശുക്രിസ്തു മൂലം നമുക്കു ദൈവത്തോടു സമാധാനം ഉണ്ടു. (റോമ, 5:1). 

5. ഭോജനയാഗം: എബ്രായയിൽ ഭോജനയാഗത്തിനു മിൻഹാഹ് എന്നും പാനീയയാഗത്തിന് നെസെഖ് എന്നും പേർ. ദശാംശാർപ്പണവുമായി ഭോജനയാഗത്തിനു സാമ്യമുണ്ടെന്നു ദാവീദിന്റെ വാക്കുകളിൽ നിന്നും വ്യക്തമാണ്. (1ദിന, 29:11-14). ഭൂമിയിൽ നല്ല ദാനങ്ങൾ നല്കുന്നതുകൊണ്ടു ഏറ്റവും നല്ല സാധനങ്ങൾ അതായത് ജീവിതത്തിനാവശ്യമായ മാവ് പുഷ്ടിയുടെ പ്രതീകമായ എണ്ണ ഉന്മേഷത്തിന്റെയും ഊർജ്ജസ്വലതയുടെയും പ്രതീകമായ വീഞ്ഞു എന്നിവ യഹോവയ്ക്ക അർപ്പിക്കുന്നു. (സങ്കീ, 104:15). 

പൊതുവായും സ്വകാര്യമായും ഭോജനയാഗം അർപ്പിക്കാം. ഹോമയാഗത്തോടും സമാധാനയാഗത്തോടും തനിയെയും ആകാം. പാപയാഗത്തോടും അകൃത്യയാഗത്തോടും ഒപ്പം പാടില്ല. പൊതുവായ ഭോജനയാഗങ്ങൾ മൂന്നാണ്: 1. പ്രന്തണ്ടു കാഴ്ചയപ്പം. 2. പെസഹയുടെ രണ്ടാം നാൾ ഒരിടങ്ങഴി ഗോതമ്പ്. 3. നീരാജനത്തിനുള്ള രണ്ടപ്പങ്ങൾ പെന്തെകൊസ്തിന്. സ്വകാര്യ ഭോജനയാഗങ്ങൾ നാലാണ്: 1. മഹാപുരോഹിതന്റെ നിരന്തരഭോജനയാഗം. (ലേവ്യ, 6:14). 2. പുരോഹിതന്മാരുടെ വിശുദ്ധീകരണത്തിന്: (ലേവ്യ, 6:20). 3. ദരിദ്രനു പാപയാഗത്തിനു പകരം. (ലേവ്യ, 5:11,12). 4. സംശയത്തിന്റെ ഭോജനയാഗം. (സംഖ്യാ, 5:15). 

കതിർചുട്ടു ഉതിർത്ത മണികളായോ നേരിയ മാവു ആയോ കൊണ്ടുവരുന്ന ധാന്യം ആണ് ഈ യാഗത്തിൽ ഉപയോഗിക്കുന്നത്. ഇതിൽ രണ്ടിലും എണ്ണ ചേർക്കുകയും അതിന്മീതെ കുന്തുരുക്കം വിതറുകയും വേണം. എണ്ണ ചേർത്ത ദോശകളും അല്ലെങ്കിൽ എണ്ണ പുരട്ടിയ വടകളും ഭോജനയാഗമായി അർപ്പിക്കാം. അവ പുളിപ്പില്ലാത്തവ ആയിരിക്കണം. ഭോജനയാഗത്തിന് ഉപ്പ് അനിവാര്യമാണ്. (ലേവ്യ, 2:13). യിസ്രായേലിലെ പന്ത്രണ്ടു ഗോത്രങ്ങളെ പ്രതിനിധാനം ചെയ്യുന്ന പ്രന്തണ്ടു ദോശ ചുടും. എല്ലാ ചുട്ട ഭോജനയാഗങ്ങളിലും ഒരിടങ്ങഴി മാവിൽ പത്തു ദോശ നിർമ്മിക്കുന്നു. അതിന്മേൽ എണ്ണ ചേർക്കുകയും കുന്തുരുക്കം വിതറുകയും ചെയ്യും. യാഗപീഠത്തിന്റെ തെക്കു കിഴക്കു ഭാഗത്തു നിന്നുകൊണ്ടു പുരോഹിതൻ അതിൽ നിന്നും ഒരു പിടി മാവെടുത്ത് മറ്റൊരു പാത്രത്തിലാക്കി അതിന്മേൽ കുന്തുരുക്കം വിതറി, അതിനെ ഉപ്പുചേർത്തു തീയിൽ അർപ്പിക്കും. വഴിപാടിന്റെ ബാക്കിഭാഗം പുരോഹിതനുള്ളതാണ്. (ലേവ്യ, 6:16). മഹാപുരോഹിതന്റെ ഭോജനയാഗവും പുരോഹിതന്മാരുടെ വിശുദ്ധീകരണത്തിന്റെ ഭോജനയാഗവും പൂർണ്ണമായി ദഹിപ്പിക്കും. അതു തിന്നുവാൻ ആരെയും അനുവദിക്കുകയില്ല. (ലേവ്യ, 6:20-23). എല്ലാ ഭോജനയാഗത്തോടുമൊപ്പം വീഞ്ഞു കൊണ്ടുള്ള പാനീയയാഗവും ഉണ്ടായിരിക്കണം. വീഞ്ഞു ആയിരുന്നു പാനീയയാഗമായി അർപ്പിച്ചിരുന്നത്. ഹോമയാഗത്തിനും ഹനനയാഗത്തിനും പാനീയയാഗമായി ആടൊന്നിനു കാൽ ഹീൻ വീഞ്ഞും കാളക്കിടാവൊന്നിനു അര ഹീൻ വീഞ്ഞും അർപ്പിക്കണം. (സംഖ്യാ, 15:5, 8-10). പാനീയയാഗം യാഗപീഠത്തിലൊഴിക്കും. (സംഖ്യാ, 28:7). 

കഷ്ടതകളാൽ തികഞ്ഞവനായ ക്രിസ്തുവിന്റെ മാനുഷിക പൂർണ്ണതകളുടെ പ്രതിരൂപമാണ് ഭോജനയാഗം. നേരിയ മാവ് നിഷ്പാപനായ ക്രിസ്തുവിന്റെ മനുഷ്യത്വത്തെ കാണിക്കുന്നു. മരണംവരെ കഷ്ടതകളാൽ പരീക്ഷിക്കപ്പെട്ടതിനെ കാണിക്കുകയാണ് തീ. പിതാവിനോടുള്ള ക്രിസ്തുവിന്റെ ജീവിത സൗരഭ്യത്തെയാണ് കുന്തുരുക്കം സൂചിപ്പിക്കുന്നത്. 

ന്യായപ്രമാണം അനുസരിച്ചുള്ള യാഗങ്ങൾ – ഒരു രൂപരേഖ: ന്യായപ്രമാണവിധി അനുസരിച്ചുള്ള അർപ്പണമൃഗങ്ങളെയും വസ്തുക്കളെയും വകതിരിച്ചു പ്രതിപാദിക്കാം. ദിവസേനയും ശബ്ബത്തിലും ഉത്സവകാലത്തും നടന്നുവന്ന വഴിപാടുകൾ എന്തെല്ലാമാണെന്നു ഒറ്റനോട്ടത്തിൽ മനസ്സിലാക്കാൻ സാധിക്കും: 

1. ദിവസവും: (സംഖ്യാ, 28:3-8). നാൾതോറും നിരന്തര ഹോമയാഗം. ഒരു വയസ്സു പ്രായമുള്ള രണ്ടു കുഞ്ഞാടു (രാവിലെ ഒന്നു, വൈകുന്നേരം ഒന്നു); ഭോജനയാഗം ഒരിടങ്ങഴി മാവ്; പാനീയയാഗം – കുഞ്ഞാടൊന്നിനു കാൽ ഹീൻ മദ്യം. 

2. ശബ്ബത്തിൽ: (സംഖ്യാ, 28:9,10; ലേവ്യ, 24:8). നിരന്തര ഹോമയാഗത്തിനും അതിന്റെ പാനീയയാഗത്തിനും പുറമെ: 1. ഹോമയാഗം – ഒരു വയസ്സു പ്രായമുള്ള രണ്ടു കുഞ്ഞാട്, 2. ഭോജനയാഗം – എണ്ണ ചേർത്ത് രണ്ടിടങ്ങഴി മാവ്, 3. പാനീയയാഗം – അരഹീൻ മദ്യം; 4. പന്ത്രണ്ടു കാഴ്ചയപ്പം. 

അമാവാസിയിൽ (മാസാരംഭം): (സംഖ്യാ, 28:11-15). നിരന്തരഹോമയാഗത്തിനും അതിന്റെ പാനീയയാഗത്തിനും പുറമെ: 1. ഹോമയാഗം – രണ്ടു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള ഏഴു കുഞ്ഞാട്, 2. ഭോജനയാഗം – കാള ഒന്നിനു എണ്ണ ചേർത്ത മൂന്നിടങ്ങഴി മാവ്, ആട്ടുകൊറ്റനു എണ്ണ ചേർത്ത രണ്ടിടങ്ങഴി മാവ്, കുഞ്ഞാടിനു എണ്ണ ചേർത്ത ഒരിടങ്ങഴി മാവ്, 3. പാനീയയാഗം – കാള ഒന്നിനു അര ഹീൻ വീഞ്ഞ്, ആട്ടു കൊറ്റനു മൂന്നിലൊന്നു ഹീൻ വീഞ്ഞ്, കുഞ്ഞാടൊന്നിനു കാൽ ഹീൻ, 4. പാപയാഗം – ഒരു കോലാട്ടുകൊറ്റൻ. 

കാഹളനാദോത്സവം: (സംഖ്യാ, 29:1-6) നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജന പാനീയ യാഗങ്ങൾക്കും, അമാവാസിയിലെ യാഗങ്ങൾക്കും പുറമെ: 1. ഹോമയാഗം – ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള ഏഴു കുഞ്ഞാട്, 2. ഭോജനയാഗം – കാള ഒന്നിനു എണ്ണ ചേർത്ത മൂന്നിടങ്ങഴി മാവ്, ആട്ടുകൊറ്റന് രണ്ടിടങ്ങഴി, കുഞ്ഞാടൊന്നിനു ഇടങ്ങഴി, 3. പാപയാഗം – ഒരു കോലാട്ടിൻ കുട്ടി, 4. പാനീയയാഗം നിർദ്ദിഷ്ട ക്രമം അനുസരിച്ച്. 

പെസഹാ: (പുറ, 12:1 മു) നിരന്തരയാഗങ്ങളോടൊപ്പം ഒരാട്ടിൻ കുട്ടി. അതു ചെമ്മരിയാടോ കോലാടോ ആകാം. (പുറ, 12:5). അബീബു മാസം 10-ാം തീയതി ആട്ടിൻകുട്ടിയെ തിരഞ്ഞെടുക്കും. 14-ാം തീയതി അതിനെ കൊന്ന് രക്തം കട്ടിളക്കാലിലും കുറുമ്പടിമേലും പുരട്ടും. 

പുളിപ്പില്ലാത്ത അപ്പം: (സംഖ്യാ, 28:17-24) ദിവസേനയുള്ള യാഗങ്ങൾക്കു പുറമെ: 1. പാപയാഗം ഒരു കോലാട്, 2. ഹോമയാഗം – രണ്ടു കാളക്കിടാവ് ഒരു ആട്ടു കൊറ്റൻ, ഒരു വയസ്സു പ്രായമുള്ള ഏഴുകുഞ്ഞാടു, 3. ഭോജനയാഗം – എണ്ണ ചേർത്ത മാവ് കാള ഒന്നിനു മൂന്നിടങ്ങഴി, ആട്ടുകൊറ്റന് രണ്ടിടങ്ങഴി, കുഞ്ഞാട് ഓരോന്നിനു ഇടങ്ങഴി. ഇവ ഉത്സവത്തിന്റെ ഓരോ ദിവസവുമുള്ള വഴി പാടാണ് (അബീബ് 15 മുതൽ 21 വരെ) ഈ ഉത്സവത്തിന്റെ രണ്ടാം ദിവസം (അബീബ് 16) പുതിയ വിളവിന്റെ ആദ്യത്തെ യവക്കറ്റ നീരാജനമായി അർപ്പിക്കണം. ഈ കറ്റയോടൊപ്പം ഹോമയാഗമായി ഒരു വയസ്സുള്ള ആൺകുഞ്ഞാടും ഭോജനയാഗമായി രണ്ടിടങ്ങഴി മാവും എണ്ണയും പാനീയയാഗമായി കാൽഹീൻ വീഞ്ഞും അർപ്പിക്കണം. 

പെന്തെകൊസ്ത് (വാരോത്സവം): (സംഖ്യാ, 28:27-31; ലേവ്യ, 23:16-20) നിരന്തരഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും അവയുടെ പാനീയയാഗത്തിനും പുറമെ, 1. പാപയാഗം – ഒരു കോലാട്ടുകൊറ്റൻ, 2. ഹോമയാഗം – രണ്ടു കാളക്കിടാവ് ഒരു ആട്ടുകൊറ്റൻ, ഒരു വയസ്സു പ്രായമുള്ള ഏഴു കുഞ്ഞാട്, 3. ഭോജനയാഗം – കാള ഒന്നിനു എണ്ണ ചേർത്ത മാവ് മൂന്നിടങ്ങഴി, ആട്ടുകൊറ്റന് രണ്ടിടങ്ങഴി, കുഞ്ഞാടിനു ഇടങ്ങഴി വീതം, 4. പാനീയയാഗം – കാളയ്ക്ക് അരഹീൻ വീഞ്ഞു, ആട്ടുകൊറ്റനു മൂന്നിലൊന്ന് ഹീൻ വീഞ്ഞു, ഓരോ കുഞ്ഞാടിനും കാൽഹീൻ വീഞ്ഞ്. ഇവ അർപ്പിച്ചതിനു ശേഷം പുതിയ ധാന്യം കൊണ്ടു ഒരു ഭോജനയാഗം അർപ്പിക്കണം. രണ്ടിടങ്ങഴി മാവുകൊണ്ട് പുളിപ്പിച്ചു ചുട്ടെടുത്ത് രണ്ട് അപ്പമാണ് അത്. അപ്പത്തോടൊപ്പം ഒരു വയസ്സു പ്രായമുള്ള ഏഴു കുഞ്ഞാട്, ഒരു കാളക്കുട്ടി, രണ്ട് മുട്ടാട് (ആട്ടുകൊറ്റൻ) എന്നിവ ഹോമയാഗമായി അവയ്ക്കു നിർദ്ദേശിച്ചിട്ടുള്ള പാനീയയാഗം ഭോജനയാഗം എന്നിവയോടൊപ്പം അർപ്പിക്കണം. പാപയാഗമായി ഒരു ആൺകോലാടിനെയും സമാധാന യാഗമായി ഒരു വയസ്സുള്ള രണ്ടു കുഞ്ഞാടിനെയും അർപ്പിക്കണം. 

പാപപരിഹാരദിനം: (ലേവ്യ, 16:3; സംഖ്യാ, 29:7-11) ദിനംപ്രതിയുള്ള യാഗങ്ങൾക്കു പുറമെ: പുരോഹിതനു പാപയാഗമായി ഒരു കാള, ഹോമയാഗമായി ഒരു ആട്ടുകൊറ്റൻ, ജനത്തിന് – പാപയാഗമായി രണ്ടു കോലാടു ഹോമയാഗമായി ഒരു ആട്ടുകൊറ്റൻ. തുടർന്നു ഹോമയാഗം – ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഏഴു കുഞ്ഞാട്, 2. ഭോജനയാഗം – എണ്ണ ചേർത്ത മാവു കാളയ്ക്ക് മൂന്നിടങ്ങഴി, ആട്ടുകൊറ്റനു രണ്ടിടങ്ങഴി, കുഞ്ഞാടൊന്നിനു ഓരോ ഇടങ്ങഴി, 3. പാനീയയാഗം – കാളയ്ക്ക് അരഹീൻ വീഞ്ഞ്, ആട്ടുകൊറ്റനു മുന്നിലൊന്നു ഹീൻ വീഞ്ഞ്, ഓരോ കുഞ്ഞാടിനും കാൽ ഹീൻ വീഞ്ഞ്, 

കുടാരപ്പെരുനാൾ: (സംഖ്യാ, 29:13) നിത്യവുമുള്ള യാഗങ്ങൾക്കു പുറമെ: ഒന്നാംദിവസം – പതിമൂന്ന് കാള, രണ്ട് ആട്ടുകൊറ്റൻ, പതിനാല് കുഞ്ഞാട്, രരു കോലാട്; രണ്ടാംദിവസം – പന്ത്രണ്ട് കാള, രണ്ട് ആട്ടുകൊറ്റൻ, പതിനാല് കുഞ്ഞാട്, ഒരു കോലാട്; മൂന്നാംദിവസം – പതിനൊന്ന് കാള, രണ്ട് ആട്ടുകൊറ്റൻ, പതിനാല് കുഞ്ഞാട്, ഒരു കോലാട്; നാലാംദിവസം – പത്ത് കാള, രണ്ട് ആട്ടുകൊറ്റൻ, പതിനാല് കുഞ്ഞാട്, ഒരു കോലാട്; അഞ്ചാംദിവസം – ഒൻപത് കാള, രണ്ട് ആട്ടുകൊറ്റൻ, പതിനാല് കുഞ്ഞാട്, ഒരു കോലാട്; ആറാംദിവസം – എട്ട് കാള, രണ്ട് ആട്ടുകൊറ്റൻ, പതിനാല് കുഞ്ഞാട്, ഒരു കോലാട്; ഏഴാംദിവസം – ഏഴ് കാള, രണ്ട് ആട്ടുകൊറ്റൻ, പതിനാല് കുഞ്ഞാട്, ഒരു കോലാട്; എട്ടാംദിവസം – ഒരു കാള, ഒരു ആട്ടുകൊറ്റൻ,ഒരു കുഞ്ഞാട്, ഒരു കോലാട്. 

കാള, ആട്ടുകൊറ്റൻ, കുഞ്ഞാടു എന്നിവയെ ഒരുമിച്ചു ഹോമയാഗമായും ആട്ടുകൊറ്റനെ പാപയാഗമായും അർപ്പിക്കും. കാള, ആട്ടുകൊറ്റൻ, കുഞ്ഞാട് എന്നിവയോടൊപ്പം നിർദ്ദേശിച്ചിട്ടുള്ള ഭോജനയാഗവും പാനീയയാഗവും നടത്തണം. അതിനുള്ള ക്രമം: 1. ഭോജനയാഗം – കാളയ്ക്ക മൂന്നിടങ്ങഴി മാവ്, ആട്ടുകൊറ്റനു രണ്ടിടങ്ങഴി, കുഞ്ഞാടിനു ഒരിടങ്ങഴി. എണ്ണ ചേർത്ത മാവായിരിക്കണം. 2. പാനീയയാഗം – കാളയ്ക്ക് അര ഹീൻ വീഞ്ഞ്, ആട്ടുകൊറ്റനു മൂന്നിലൊന്നു ഹീൻ വീഞ്ഞു, കുഞ്ഞാടിനു കാൽ ഹീൻ വീഞ്ഞ്. 

ഉദർച്ചാർപ്പണവും നീരാജനാർപ്പണവും: രണ്ടു പ്രത്യേക രീതിയിലുള്ള അർപ്പണങ്ങളാണ് ഉദർച്ചയും നീരാജനവും. തെറുമാ എന്ന എബ്രായപദത്തിന്റെ കൃത്യമായ പരിഭാഷയാണ് ഉദർച്ചാർപ്പണം ഉദ്+അർച്ച് ഉയർത്തി അർപ്പിക്കുന്നത്. തെനൂഫാ എന്ന എബ്രായപദത്തിന്റെ പരിഭാഷയാണ് നീരാജനാർപ്പണം. നീരാജനത്തിന് ഉഴിയൽ എന്നു അർത്ഥം. വഴിപാടുകളിൽ നീരാജനം ചെയ്യപ്പെട്ടതു യഹോവയ്ക്കുള്ളതാണ്. നീരാജനാർപ്പണം പോലെ ഉദർച്ചാർപ്പണവും വിശുദ്ധവും പുരോഹിതന്മാരുടെയും അവരുടെ പുത്രന്മാരുടെയും ശാശ്വതാവകാശവും ആണ്. യാഗമൃഗത്തിന്റെ ഉത്തമാംശമായ കൈക്കുറകു ഉദർച്ചാർപ്പണമാണ്. (പുറ, 29:27,28). ഉദർച്ചാർപ്പണമായ കൈക്കുറകു പുരോഹിതൻ മാത്രമേ ഭക്ഷിക്കാവു. (ലേവ്യ, 10:14). ഉദർച്ചാർപ്പണത്തിന്റെ ദശാംശം ലേവ്യർക്കാണ്. (സംഖ്യാ, 18:24). ഈ ദശാംശത്തിന്റെ പത്തിലൊന്നു ലേവ്യർ ഉദർച്ചാർപ്പണമായി പുരോഹിതനു കൊടുക്കേണ്ടതാണ്. (സംഖ്യാ, 18:26-32). 

വഴിപാട് അർപ്പകന്റെ കൈകളിൽ വച്ചിട്ടു അയാളുടെ കൈകളുടെ അടിയിൽ പുരോഹിതൻ കൈവച്ച് അതിനെ മുന്നോട്ടും പിന്നോട്ടും തിരശ്ചീനമായി ആട്ടും. ഉദർച്ച മുകളിലോട്ടുള്ള ചലനവും നീരാജനം ഉഴിയലുമാണ്. യഹോവയുടെ മുമ്പാകെ നീരാജനം ചെയ്യേണ്ടവ: സ്വകാര്യ സ്തോത്രയാഗത്തിലെ നെഞ്ച് (ലേവ്യ, 7:30) പുരോഹിതന്മാരുടെ ശുദ്ധീകരണത്തിലെ സ്തോത്രയാഗമായ മേദസ്സ്, നെഞ്ച്, കൈക്കുറക് എന്നിവ (പുറ, 29:22-26; ലേവ്യ, 8:25-29), പെസഹയുടെ രണ്ടാം ദിവസം അർപ്പിക്കുന്ന ആദ്യത്തെ കറ്റ ലേവ്യ, 23:11), പെന്തെകൊസ്ത് ഉത്സവത്തിൽ സ്തോത്രയാഗമായി അർപ്പിക്കുന്ന രണ്ടു കുഞ്ഞാടുകൾ (ലേവ്യ, 23:20), കുഷ്ഠരോഗിയുടെ ശുദ്ധീകരണത്തിനു അകൃത്യയാഗമായി അർപ്പിക്കുന്ന കുഞ്ഞാടും ഒരു കുറ്റി എണ്ണയും (ലേവ്യ, 14:12), നാസീർ വ്രതസ്ഥന്റെ സ്തോത്രയാഗം (സംഖ്യാ, 6:20), സംശയത്തിന്റെ ഭോജനയാഗം (സംഖ്യാ, 5:25).

യാക്കോബ്

യാക്കോബ് (Jacob)

പേരിനർത്ഥം – ഉപായി

യിസ്ഹാക്കിന്റെയും റിബെക്കയുടെയും ഇരട്ടക്കുട്ടികളിൽ രണ്ടാമൻ. ശേമ്യജനതയുടെ ഇടയിൽ വളരെ പഴക്കമുള്ള പേരാണിത്. ഹമ്മുറാബിയുടെ എഴുത്തുകളിൽ ഇതിന്റെ രൂപഭേദമായ ‘യാകിബുല’ കാണാം. കർണക് ക്ഷേത്രത്തിലെ രേഖകളിലും ഈ പേരുണ്ട്. തുത്മൊസ് മൂന്നാമൻ കീഴടക്കിയ പട്ടണങ്ങളിൽ യോസേഫ്, യാക്കോബ് എന്നീ പേരുകൾക്കു സദൃശമായവ ഉണ്ട്. കുതികാൽ പിടിക്കുക, ചതിക്കുക എന്നീ അർത്ഥങ്ങളാണ് യാക്കോബിനുള്ളത്. (ഉല്പ, 25:26; 27:36). ഉല്പത്തിക്കു വെളിയിൽ രണ്ടു സ്ഥാനങ്ങളിൽ ‘യാക്കോബ്’ എന്ന പേരുകൊണ്ടുള്ള പദലീല കാണാം. “ഏതു സഹോദരനും ഉപായം പ്രവർത്തിക്കുന്നു.” (യിരെ, 9:4). “അവൻ ഗർഭത്തിൽ വച്ചു തന്റെ സഹോദരന്റെ കുതികാൽ പിടിച്ചു; തന്റെ പുരുഷപ്രായത്തിൽ ദൈവത്തോടു പൊരുതി.” (ഹോശേ, 12:3).

യിസ്ഹാക്ക് തന്റെ നാല്പതാമത്തെ വയസ്സിൽ ബെഥൂവേലിന്റെ പുത്രിയും ലാബാന്റെ സഹോദരിയുമായ റിബെക്കയെ വിവാഹം കഴിച്ചു. റിബെക്ക മച്ചിയായിരുന്നു. യിസഹാക്കിന്റെ പ്രാർത്ഥനയുടെ ഫലമായി റിബെക്ക ഗർഭം ധരിച്ചു. യഹോവയോടു അരുളപ്പാടു ചോദിച്ചപ്പോൾ രണ്ടു ജാതികൾ അവളുടെ ഗർഭത്തിലുണ്ട് എന്നും മൂത്തവൻ ഇളയവനെ സേവിക്കുമെന്നും റിബെക്കായ്ക്കു വെളിപ്പെട്ടു. ജനനത്തിൽ തന്നെ അവരുടെ മത്സരം വ്യക്തമായിരുന്നു. ഏശാവ് ആദ്യം പുറത്തുവന്നു; തുടർന്നു യാക്കോബും. യാക്കോബിന്റെ കൈ ഏശാവിന്റെ കുതികാൽ പിടിച്ചിരുന്നു. യാക്കോബ് ജനിക്കുമ്പോൾ യിസ്ഹാക്കിനു 60 വയസ്സ് പ്രായമുണ്ടായിരുന്നു. യാക്കോബ് സാധുശീലനും കൂടാരവാസിയുമായി വളർന്നു. പിതാവു ഏശാവിനോടും മാതാവു യാക്കോബിനോടും വാത്സല്യം കാണിച്ചു.

ഒരിക്കൽ ഏശാവ് വെളിമ്പ്രദേശത്തു നിന്നും ക്ഷീണിതനായി എത്തിച്ചേർന്നു. യാക്കോബ് പാകം ചെയ്ത ചുവന്ന പായസം ആവശ്യപ്പെട്ടു. ഏശാവിന്റെ ജ്യേഷ്ഠാവകാശം വാങ്ങിക്കൊണ്ടു യാക്കോബ് പായസം കൊടുത്തു. അക്കാലത്തു ജ്യേഷ്ഠാവകാശം അമൂല്യമായിരുന്നു. പിതാവിൽ നിന്നു ഇരട്ടി അവകാശവും (ആവ, 21:17), കുടുംബത്തിന്റെ നായകത്വവും (ഉല്പ, 27:29), വാഗ്ദത്തത്തിന്റെ അനുഗ്രഹങ്ങൾക്കുള്ള അവകാശവും അതുൾക്കൊണ്ടിരുന്നു. യിസ്ഹാക്ക് വൃദ്ധനായി കാഴ്ച നഷ്ടപ്പെട്ടു. മൂത്തമകനായ ഏശാവിനെ മരണത്തിനു മുമ്പു അനുഗ്രഹിക്കുവാൻ യിസ്ഹാക്ക് ആഗ്രഹിച്ചു. ഏശാവിനെ വിളിച്ചു തനിക്കിഷ്ടവും രുചികരവുമായ ഭോജനം തയ്യാറാക്കിക്കൊണ്ടു വരുവാൻ ആവശ്യപ്പെട്ടു. അതു ഭക്ഷിച്ചു ഏശാവിനെ അനുഗ്രഹിക്കാം എന്നു യിസ്ഹാക്കു പറഞ്ഞു. ഇതു കേട്ട റിബെക്കാ യാക്കോബിനെ വിളിച്ചു പ്രച്ഛന്നവേഷനായി പിതാവിൽ നിന്നനുഗ്രഹം കൈവശപ്പെടുത്തുവാനുള്ള ക്രമീകരണം ചെയ്തു. ഏശാവിന്റെ വിശേഷവസ്ത്രം ധരിച്ചു, കോലാട്ടിൻ കുട്ടികളുടെ തോൽ കൊണ്ടു കൈകളും രോമമില്ലാത്ത കഴുത്തും പൊതിഞ്ഞു രുചികരമായ ഭോജനവും കൊണ്ടു അവൻ അപ്പന്റെ അടുക്കൽ എത്തി. അപ്പനോടു അവൻ മനഃപൂർവ്വം വ്യാജം പറഞ്ഞു: “ഞാൻ നിന്റെ ആദ്യജാതൻ; നിന്റെ ദൈവമായ യഹോവ വേട്ടമൃഗത്തെ എന്റെ നേർക്കു വരുത്തി തന്നു.” യാക്കോബിനെ തപ്പിനോക്കിയിട്ടും വ്യത്യാസം മനസ്സിലാക്കാൻ യിസ്ഹാക്കിനു കഴിഞ്ഞില്ല. വഞ്ചിതനായ പിതാവ് ആദ്യജാതന്റെ അനുഗ്രഹം യാക്കോബിനു നല്കി. യാക്കോബിന്റെ ചതി മനസ്സിലാക്കിയ ഏശാവ് മറ്റൊരു അനുഗ്രഹത്തിനു വേണ്ടി കരഞ്ഞപേക്ഷിച്ചു. യാക്കോബിനെ കൊല്ലാൻ ഏശാവ് ഹൃദയത്തിൽ ഉറച്ചു. ഇതറിഞ്ഞ റിബെക്ക യിസ്ഹാക്കിനെ പ്രേരിപ്പിച്ച് ഏശാവിന്റെ കോപം ശമിക്കുവോളം യാക്കോബിനെ ഹാരാനിലേക്കു അയച്ചു. ലാബാന്റെ പുത്രിമാരിൽ നിന്നും ഭാര്യയെ എടുക്കണമെന്നു യാക്കോബിനെ ഉപദേശിച്ചു. (ഉല്പ, 27:42-28:5).

ഹാരാനിൽ പോകുന്ന വഴിക്കു യാക്കോബ് ലൂസിൽ താവളമടിച്ചു. രാത്രിയിൽ സ്വർഗ്ഗത്തോളം എത്തുന്ന ഗോവണിയിൽ ദൈവദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്യുന്ന ദർശനം യാക്കോബ് കണ്ടു. പിതാക്കന്മാർക്കു നല്കിയ വാഗ്ദത്തം സ്ഥിരീകരിക്കുകയും യാത്രയിൽ സുരക്ഷ വാഗ്ദാനം ചെയ്യുകയും ചെയ്തു. ദൈവിക സാന്നിദ്ധ്യത്തെ അനുസ്മരിച്ചുകൊണ്ടു യാക്കോബ് ആ സ്ഥലത്തിനു ബേഥേൽ (ദൈവത്തിന്റെ ഭവനം) എന്നു പേരിട്ടു. കൂടാതെ ദൈവം നല്കുന്ന സകലത്തിലും ദശാംശം കൊടുക്കാമെന്നു സത്യം ചെയ്തു. (ഉല്പ, 28:10-22). ഹാരാനിൽ ഒരു കിണറ്റിന്നരികെ വച്ചു ആടുകൾക്കു വെള്ളം കൊടുക്കുവാൻ വന്ന റാഹേലിനെ യാക്കോബ് കണ്ടു. അവളോടു താൻ ആരാണെന്നു വെളിപ്പെടുത്തുകയും ലാബാന്റെ വീട്ടിലേക്കു പോവുകയും ചെയ്തു. ഒരു മാസത്തിനു ശേഷം വേലയ്ക്ക് എന്തു പ്രതിഫലം വേണമെന്നു ലാബാൻ യാക്കോബിനോടു ചോദിച്ചു. റാഹേലിനുവേണ്ടി ലാബാനെ ഏഴുവർഷം സേവിക്കാമെന്നു യാക്കോബ് വാക്കു കൊടുത്തു. ഏഴു വർഷം കഴിഞ്ഞപ്പോൾ റാഹേലിനു പകരം ലേയയെ വിവാഹം കഴിച്ചുകൊടുത്തു. നീ എന്തിനു എന്നെ ചതിച്ചു എന്നു യാക്കോബ് ചോദിച്ചു. മൂത്തവൾക്കു മുമ്പെ ഇളയവളെ കൊടുക്കുന്ന പതിവു ഞങ്ങളുടെ ദിക്കിൽ ഇല്ല എന്ന ഒഴികഴിവാണു ലാബാൻ പറഞ്ഞത്. റാഹേലിനു വേണ്ടി വീണ്ടും ഏഴുവർഷം യാക്കോബ് ലാബാനെ സേവിച്ചു. ലാബാൻ ലേയയ്ക്കു ദാസിയായി സില്പയെയും റാഹേലിനു ദാസിയായി ബില്ഹയെയും നല്കി.

യാക്കോബും ഏശാവും തമ്മിലുള്ള മത്സരത്തിന്റെ പ്രതിഫലനം ലേയാ-റാഹേൽ എന്നിവരിലും കാണാം. ദൈവം ലേയയെ അനുഗ്രഹിച്ചു. അവൾ രൂബേൻ (നോക്കൂ! ഒരു പുത്രൻ!), ശിമെയോൻ (ദൈവം കേട്ടു), ലേവി (കൂട്ടിച്ചേർത്തു), യെഹൂദാ (സ്തുതി) എന്നീ പുത്രന്മാരെ പ്രസവിച്ചു. ഇതുവരെയും കുഞ്ഞുങ്ങളെ പ്രസവിക്കാത്ത റാഹേൽ സ്വന്തം ദാസിയായ ബിലഹയെ യാക്കോബിനു നല്കി. അവൾ ദാനിനെയും (ന്യായാധിപൻ) നഫ്താലിയെയും (പോരാട്ടം) പ്രസവിച്ചു. ലേയയും തന്റെ ദാസി സില്പയെ യാക്കോബിനു നല്കി. അവൾ ഗാദ് (സൈന്യം), ആശേർ (സന്തോഷം) എന്നിവരെ പ്രസവിച്ചു. അനന്തരം ലേയാ യിസ്സാഖാറിനെയും (കൂലി) സെബൂലൂനെയും (വാസം) പുത്രിയായ ദീനയെയും പ്രസവിച്ചു. റാഹേൽ ഒരു മകനെ പ്രസവിച്ചു അവനു ‘ദൈവം കൂട്ടിച്ചേർക്കും’ എന്ന അർത്ഥത്തിൽ യോസേഫ് എന്നു പേരിട്ടു. (ഉല്പ, 30:22-27). പതിനാലു വർഷം പൂർത്തിയായപ്പോൾ വീണ്ടും ആറുവർഷം കൂടി സമ്പത്തിനുവേണ്ടി ലാബാനെ സേവിക്കുവാൻ യാക്കോബ് പ്രേരിതനായി. കുടുംബത്തെ കൂട്ടിക്കൊണ്ട് സമ്പത്തുമായി യാക്കോബ് കനാനിലേക്കു യാത്രയായി. ലാബാന്റെ സ്വത്തിൽ ഓഹരി ഉറപ്പാക്കുവാൻ വേണ്ടി റാഹേൽ ലാബാന്റെ ഗൃഹബിംബങ്ങളെ മോഷ്ടിച്ചു. യാക്കോബിന്റെ വേർപാടിനെക്കുറിച്ചു മൂന്നാം ദിവസം മനസ്സിലാക്കിയ ലാബാൻ യാക്കോബിനെ പിൻതുടർന്നു. ഗിലെയാദ് പർവ്വതത്തിൽ വച്ചു ലാബാൻ യാക്കോബിനെ കണ്ടു. പരസ്പരമുള്ള പ്രശ്നങ്ങൾ ഉടമ്പടിയിലൂടെ പരിഹരിച്ചു, സ്മാരകമായി ഗലേദ് അഥവാ മിസ്പാ എന്നപേരിൽ കൽക്കൂമ്പാരം നാട്ടി. (ഉല്പ, 31:25-55). മഹനയീമിൽ വച്ചു ദൈവദൂതദർശനം ലഭിച്ചു. മഹനയീം എന്ന പദത്തിനു ഇരുസൈന്യങ്ങൾ എന്നർത്ഥം.

യാക്കോബ് ഏശാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു. ഏശാവ് 400 പുരുഷന്മാരുമായി തന്നെ കാണാൻ വരുന്നു എന്നു കേട്ടു യാക്കോബ് സംഭീതനായി. തന്നോടു കുടെയുള്ളവരെയും ആടുമാടുകളെയും ഇരു ഗണങ്ങളായി പിരിച്ചു. ഒരു സംഘം ആക്രമിക്കപ്പെടുകയാണെങ്കിൽ മറ്റെ സംഘത്തിനു രക്ഷപ്പെടാമെന്ന ധാരണയിലാണ് യാക്കോബ് അപ്രകാരം ചെയ്തത്. സഹോദരനെ പ്രശമിപ്പിക്കുവാൻ വേണ്ടി തന്റെ സമ്പത്തിൽ നിന്നു ഒരംശം മാറ്റിവച്ചു. രാത്രി മുഴുവൻ തനിയെ പ്രാർത്ഥനാ നിരതനായിരുന്ന യാക്കോബ് കർത്താവിന്റെ ദൂതനുമായി മല്ലുപിടിച്ചു. അതോടുകൂടി യിസ്രായേൽ (ദൈവത്തോടു മല്ലു പിടിക്കുന്നവൻ) എന്ന പുതിയ പേർ യാക്കോബിനു ലഭിച്ചു. യബ്ബോക്ക് കടവിൽ വച്ചാണ് യാക്കോബ് ആ പുരുഷനോടു മല്ലു പിടിച്ചത്. ദൈവത്തെ മുഖാമുഖമായി കണ്ടിട്ടും തനിക്കു ജീവഹാനി വന്നില്ല എന്നു പറഞ്ഞ് ആ സ്ഥലത്തിനു പെനീയേൽ (ദൈവത്തിന്റെ മുഖം) എന്നു പേരിട്ടു. (ഉല്പ, 32:24-32). ഏശാവുമായുള്ള കൂടിക്കാഴ്ച വികാരസാന്ദ്രമായിരുന്നു. പ്രഭാതത്തിൽ ഏശാവു 400 പേരുമായി വരുന്നതു കണ്ടു. ഉടൻ ദാസിമാരെയും മക്കളെയും മുമ്പായും ലേയയെയും മക്കളെയും പിന്നാലെയും ഒടുവിലായി റാഹേലിനെയും യോസേഫിനെയും അയച്ചു. ഏശാവ് ഓടിവന്ന് യാക്കോബിനെ ആലിംഗനം ചെയ്ത് അവന്റെ കഴുത്തിൽ ചുംബിച്ചു. രണ്ടുപേരും കരഞ്ഞു. പൂർവ്വവൈരം ഏശാവിൽ നിന്നും മറഞ്ഞു. അനന്തരം യാക്കോബ് ശെഖേമിൽ ചെന്നു നിലംവാങ്ങി യാഗപീഠം നിർമ്മിച്ചു അതിനു ഏൽ-ഏലോഹേ-യിസ്രായേൽ (ദൈവം യിസ്രായേലിന്റെ ദൈവം) എന്നു പേരിട്ടു. (ഉല്പ, 33:1-20).

യാക്കോബിന്റെ ഉറവ് ഇവിടെയാണ്. (യോഹ, 4:6). ലേയയുടെ പുത്രിയായ ദീന ദേശത്തിലെ കന്യകമാരെ സന്ദർശിക്കുവാൻ പോയി. വിവേകശൂന്യമായ ഈ പ്രവൃത്തിയിൽ അവൾ ബലാൽസംഗത്തിനു വിധേയയായി. അവളുടെ സഹോദരന്മാരായ ശിമെയോനും ലേവിയും ശെഖേമ്യരോടു അതിക്രൂരമായി പെരുമാറി. ഇനി അവിടെ താമസിക്കുന്നതു അപകടകരമാണെന്നു മനസ്സിലാക്കിയ യാക്കോബ് ബേഥേലിലേക്കു യാത്രയായി. (ഉല്പ, 34:1-31). തന്റെ കുടുംബത്തിലെ അന്യദേവന്മാരെയും കാതുകളിലെ കുണുക്കുകളെയും ശെഖേമിന്നരികെയുള്ള കരുവേലകത്തിൻ കീഴിൽ കുഴിച്ചിട്ടു.

ബേഥേലിൽ നിന്നു എഫ്രാത്തിലേക്കു യാത്ര ചെയ്യുമ്പോൾ യാക്കോബിനു തന്റെ പന്ത്രണ്ടാമത്തെ പുത്രൻ ജനിച്ചു. പ്രസവത്തിൽ റാഹേൽ മരിച്ചു. പൈതലിനു ബെന്യാമീൻ (വലങ്കയുടെ പുത്രൻ) എന്നു യാക്കോബ് പേരിട്ടു. (35:1-20). സഹോദരന്മാർ അസുയ നിമിത്തം യോസേഫിനെ പൊട്ടക്കിണറ്റിലിടുകയും തുടർന്നു മിസ്രയീമ്യർക്കു വിലക്കുകയും ചെയ്തു. യോസേഫ് മരിച്ചു എന്നു കരുതി യാക്കോബ് വളരെക്കാലം ദുഃഖിച്ചു. മിസ്രയീമിലെത്തിയ യോസേഫ് ഫറവോന്റെ അകമ്പടിനായകനായ പോത്തീഫറിനു ദാസനായി. യോസേഫ് മിസ്രയീമിൽ ഫറവോനു രണ്ടാമനായി തീർന്നു.

യോസേഫ് മുന്നറിയിച്ച ക്ഷാമം കനാനിൽ കഠിനമായി. ധാന്യം വാങ്ങുന്നതിനു യാക്കോബ് പുത്രന്മാരെ മിസ്രയീമിലേക്കയച്ചു. വാത്സല്യാധിക്യം നിമിത്തം ബെന്യാമീനെ അവരോടൊപ്പം അയച്ചില്ല. മതിയാവോളം ധാന്യവുമായി യാക്കോബിന്റെ മക്കൾ മടങ്ങിയെത്തി. തങ്ങൾ ഒറ്റുകാരായി തെറ്റിദ്ധരിക്കപ്പെട്ടുവെന്നും ആ തെറ്റിദ്ധാരണ നീക്കുന്നതിനു ബെന്യാമീനെ കൊണ്ടുചെന്നു കാണിക്കണമെന്നും പറഞ്ഞു. മനസ്സില്ലാമനസ്സോടെ യെഹൂദയുടെ ഉത്തരവാദിത്വത്തിൽ യാക്കോബ് ബെന്യാമീനെയും അയച്ചു. യോസേഫ് അവരോടൊരുമിച്ചു ഭക്ഷണം കഴിച്ചു. ഒടുവിൽ യോസേഫ് സഹോദരന്മാർക്കു സ്വയം വെളിപ്പെടുത്തി. മടങ്ങിയെത്തിയവർ യോസേഫ് ജീവനോടിരിക്കുന്നുവെന്നും അവൻ മിസ്രയീം ദേശത്തിനു അധിപതിയാണെന്നും പറഞ്ഞപ്പോൾ യാക്കോബിനു വിശ്വസിക്കുവാൻ കഴിഞ്ഞില്ല. യോസേഫ് ജീവനോടിരിക്കുന്നു എന്നു ബോദ്ധ്യപ്പെട്ടപ്പോൾ മരിക്കുംമുമ്പേ മിസ്രയീമിൽ ചെന്നു യോസേഫിനെ കാണുമെന്നു യാക്കോബു പറഞ്ഞു. യോസേഫ് അയച്ച രഥങ്ങളിൽ അവർ എഴുപതു പേർ മിസ്രയീമിലെത്തി. ഫറവോൻ അവർക്കു വസിക്കുവാൻ ഗോശെൻദേശം നല്കി. യാക്കോബ് ഫറവോനെ അനുഗ്രഹിച്ചു. ഫറവോന്റെ മുമ്പിൽ നില്ക്കുമ്പോൾ യാക്കോബിനു 130 വയസ്സ് പ്രായമായിരുന്നു. യാക്കോബിന്റെ മരണകാലം അടുത്തു. തന്നെ മിസ്രയീമിൽ അടക്കാതെ പിതാക്കന്മാരുടെ ശ്മശാനഭൂമിയിൽ അടക്കണമെന്നു യോസേഫിനെക്കൊണ്ടു യാക്കോബ് സത്യം ചെയ്യിച്ചു. യോസേഫിന്റെ മക്കളായ എഫ്രയീമിനും മനശ്ശെക്കും പുത്രത്വം നല്കി അവരെ അനുഗ്രഹിച്ചു. തുടർന്നു യാക്കോബ് തന്റെ പന്ത്രണ്ടു പുത്രന്മാരെയും അനുഗ്രഹിച്ചു. അതിനുശേഷം അവൻ പ്രാണനെവിട്ടു തന്റെ ജനത്തോടു ചേർന്നു. (ഉല്പ, 49:33). മരിക്കുമ്പോൾ യാക്കോബിനു 147 വയസ്സ് പ്രായമുണ്ടായിരുന്നു. യാക്കോബിന്റെ ശരീരത്തെ കനാനിൽ കൊണ്ടുപോയി മക്പേലാ ഗുഹയിൽ അടക്കി.

യിസ്രായേൽ ജനതയുടെ കുലകൂടസ്ഥൻ യാക്കോബാണ്. ഗോത്രങ്ങൾ അറിയപ്പെട്ടതു യാക്കോബിന്റെ പുത്രന്മാരുടെ പേരുകളിലാണ്. ‘സാധുശീലനും കൂടാരവാസിയും’ എന്നിങ്ങനെ യാക്കോബിന്റെ സ്വഭാവത്തെക്കുറിച്ചുള്ള സാകല്യദർശനത്തോടു കൂടിയാണ് അവന്റെ ചരിത്രം ആരംഭിക്കുന്നത്. പിതാവിന്റെ ശാന്തപ്രകൃതിയും ഒതുക്കവും യാക്കോബിനു ലഭിച്ചിരുന്നുവെങ്കിലും സ്വന്തം കാര്യസാധ്യത്തിനുവേണ്ടി ഏതുപായവും പ്രയോഗിക്കുവാൻ മടി കാണിച്ചിരുന്നില്ല. ജ്യേഷ്ഠനിൽ നിന്നും ജ്യേഷ്ഠാവകാശവും പിതാവിൽ നിന്നു ജ്യേഷ്ഠന്റെ അനുഗ്രഹവും ഉപായരൂപേണ കൈക്കലാക്കി. യാക്കോബിന്റെ മക്കളിലും മൂത്തമകനു ജ്യേഷ്ഠാവകാശം നഷ്ടപ്പെട്ടതു രസകരമാണ്. രൂബേനു ലഭിക്കേണ്ട പൗരോഹിത്യം ലേവിക്കും, പ്രഭുസ്ഥാനം യെഹൂദയ്ക്കും, ഇരട്ടി ഓഹരി യോസേഫിനുമായി വിഭജിക്കപ്പെട്ടു. ക്രൂരസ്വഭാവത്തോടു കൂടിയ ഒരു ജ്യേഷ്ഠനെയാണ് യാക്കോബിനു അഭിമുഖീകരിക്കേണ്ടി വന്നത്. ഉന്നതമായ അനുഗ്രഹം തനിക്കു വേണ്ടി ദൈവം കരുതിയിട്ടുണ്ടു എന്ന വിശ്വാസം യാക്കോബിൽ രൂഢമൂലമായിരുന്നു. തന്മൂലം പരദേശവാസം ചെയ്തും തന്റെ ജീവൻ രക്ഷിക്കണമെന്ന് നിർണ്ണയം യാക്കോബിലുണ്ടായി. പദ്ദൻ-അരാമിൽ മാത്രമല്ല മിസ്രയീമിലും അതിനുവേണ്ടി യാക്കോബു പോയി. എത്ര വയസ്സായി എന്ന ഫറവോന്റെ ചോദ്യത്തിനു യാക്കോബ് നല്കിയ ഉത്തരവും ശ്രദ്ധേയമാണ്. എന്റെ പരദേശപ്രയാണത്തിന്റെ കാലം 130 സംവത്സരമായിരിക്കുന്നു. (ഉല്പ, 47:9). ആയുസ്സിനോടുള്ള ആർത്തി ഈ വാക്യത്തിൽ വ്യക്തമാണ്. പിതാവിൽ നിന്നു അകന്നു പാർക്കേണ്ടി വന്ന യാക്കോബിനു ദൈവിക പിതൃത്വവും സംരക്ഷണവും ലഭിച്ചു. ദൈവദൂതന്മാർ അവനോടു സംഭാഷിച്ചു. കർത്താവിന്റെ ദൂതനോടു മുഖാമുഖം മല്ലുപിടിച്ചു. വഞ്ചനയുടെയും അസൂയയുടെയും യാതനകൾ വേണ്ടുവോളം അനുഭവിച്ച യാക്കോബ് ഒടുവിൽ ദൈവത്തിന്റെ പ്രത്യേക അനുഗ്രഹത്തിനു വിധേയനായി.

തിരഞ്ഞെടുപ്പിൻ പ്രകാരമുള്ള ദൈവനിർണ്ണയം വ്യക്തമാക്കുന്നതിന് പൗലൊസ് യാക്കോബിന്റെ തിരഞ്ഞെടുപ്പാണ് ചൂണ്ടിക്കാണിച്ചത്. “ഞാൻ യാക്കോബിനെ സ്നേഹിച്ചു ഏശാവിനെ ദേഷിച്ചിരിക്കുന്നു.” (റോമ, 9:11:13). അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവം എന്നു മോശെക്കു ദൈവം വെളിപ്പെടുത്തി. (പുറ, 3:6). ഈ വാക്യം പുനരുത്ഥാനത്തിന്റെ തെളിവായി യേശു ഉദ്ധരിച്ചു. (മത്താ, 22:32; മർക്കൊ, 12:26; ലൂക്കൊ, 20:37). ദൈവരാജ്യത്തിൽ അബ്രാഹാമും യിസ്ഹാക്കും യാക്കോബും പങ്കാളികളാണ്. (മത്താ, 8:11; ലൂക്കൊ, 13:28). വിശ്വാസവീരന്മാരുടെ പട്ടികയിൽ യാക്കോബ് ഉൾപ്പെടുന്നു. (എബ്രാ, 11:9, 20,21). യേശുവിന്റെ വംശാവലികളിലും യാക്കോബിന്റെ പേരുണ്ട്. (മത്താ, 1:2; ലൂക്കൊ, 3:34). യാക്കോബിന്റെ ദൈവം (പുറ, 3:6; 2ശമൂ, 23:1; സങ്കീ, 20:1), യാക്കോബിന്റെ വല്ലഭൻ (സങ്കീ, 132:2), യാക്കോബ് ഗൃഹം (പുറ, 19:3; യെശ, 2:5; 8:17), യാക്കോബിന്റെ സന്തതി (യെശ, 45:19; യിരെ, 32:26), യാക്കോബിന്റെ സഭ (സംഖ്യാ, 33:4) എന്നീ പ്രയോഗങ്ങളും ശ്രദ്ധേയമാണ്.

സെബെദിയുടെ മകൻ യാക്കോബ്

സെബെദിയുടെ മകനായ യാക്കോബ്. പന്ത്രണ്ട് അപ്പൊസ്തലന്മാരിൽ ഒരുവനായ യാക്കോബാണ് സെബദിയുടെയും (മത്താ,4:21, മർക്കൊ, 1:19, ലൂക്കോ, 5:10), ശലോമയുടെയും മകനും യോഹന്നാൻ അപ്പൊസ്തലൻ ജ്യേഷ്ഠസഹോദരനുമാണ്. (മർക്കൊ, 5:37). ഗലീലക്കടലീലെ അത്ഭുതകരമായ മീൻപിടുത്തത്തിനു ശേഷമാണ് പത്രൊസ്, അന്ത്രെയാസ്, യാക്കോബ് യോഹന്നാൻ എന്നിവരെ യേശു വിളിക്കുന്നത്. (ലൂക്കോ, 1:1-11). എന്നാൽ മത്തായിയിലും മർക്കൊസിലും ഗലീലക്കടൽത്തീരത്ത് വല നന്നാക്കിക്കൊണ്ടിരിക്കുമ്പോൾ ആണ് യേശു യാക്കോബിനെ യോഹന്നാനേയും വിളിച്ചെതെന്നാണ് കാണുന്നത്. (മത്താ, 4:21-22, മർക്കൊ, 1:19-20). സെബദിയുടെ മക്കൾ ശിമോൻ പത്രോസിനോടും അന്ത്രെയാസിനോടും യാക്കോബും അവന്റെ സഹോദരനും മത്സ്യബന്ധനത്തിൽ കൂട്ടാളികളായിരുന്നു. (ലൂക്കൊ, 5:10). യേശു വിളിച്ച ഉടൻ തന്നെ അവർ ഇരുവരും യേശുവിനെ അനുഗമിച്ചു. (മത്താ, 4:21, മർക്കൊ, 1:19). പന്ത്രണ്ട് അപ്പൊസ്തലന്മാരിൽ ഒരുവനായി യേശു യാക്കോബിനെയും സ്വീകരിച്ചു. (മത്താ, 10:2, മർക്കൊ, 3:14, ലൂക്കൊ, 6:13, അപ്പൊ, 1:13). പത്രൊസ് , യാക്കോബ്, യോഹന്നാൻ എന്നീ മൂന്നു ശിഷ്യന്മാർക്കും യേശുവിനോടു കൂടുതൽ അടുപ്പമുണ്ടായിരുന്നു. ശിഷ്യന്മാരുടെ ഗണത്തിൽ ഒരു അന്തർമണ്ഡലമായി ഇവർ വർത്തിച്ചു. മൂന്നു പ്രത്യേക സന്ദർഭങ്ങളിൽ ഇവർ മൂന്നു പേരെയും ക്രിസ്തു കുട്ടിക്കൊണ്ടുപോയി .ഒന്ന്; മറുരൂപമലയിൽ: (മത്താ,17:1, മർക്കോ, 9:2, ലൂക്കൊ, 9:28). രണ്ട്; യായീറൊസിന്റെ മകളെ ഉയിർപ്പിക്കുമ്പോൾ: (മർക്കൊ, 5:37, ലൂക്കൊ,6:51 3). മൂന്ന്; ഗെത്ത്ശെമന തോട്ടത്തിൽ: (മർക്കൊ, 14:33, മത്താ, 26:37).

യെരൂശലേമിന്റെ പതനത്തെക്കുറിച്ചു വിശദമാക്കുന്ന സമയത്തു ഈ മൂന്നുശിഷ്യന്മാരും ഒപ്പം അന്ത്രെയാസും ഉണ്ടായിരുന്നു. (മർക്കൊ, 13:3). യേശു രാജത്വം പ്രാപിക്കുമ്പോൾ യാക്കോബിനും യോഹന്നാനും വലത്തും ഇടത്തും ഇരിക്കുവാനുള്ള അനുവാദം നല്കണമെന്നു അവരുടെ മാതാവ് യേശുവിനോടപേക്ഷിച്ചു.
ആ അപേക്ഷ മക്കളും ആവർത്തിച്ചു. (മത്താ, 20:20-23, മർക്കൊ, 10:35). അപ്പൊസ്തലന്മാരിൽ ആദ്യ രക്തസാക്ഷി യാക്കോബാണ്; ഹെരോദാ അഗ്രിപ്പാ ഒന്നാമന്റെ കല്പനയാൽ എ.ഡി. 44-ൽ യാക്കോബ് വാൾകൊണ്ടു കൊല്ലപ്പെട്ടു. (അപ്പൊ, 12:1-2). ദ്രുതഗതിയും പ്രചണ്ഡസ്വഭാവവുമാണ് യാക്കോബിനും യോഹന്നാനും. അതിനാലാകണം യേശു അവർക്കു ബൊവനേർഗ്ഗെസ് (ഇടിമക്കൾ) എന്നു പേരിട്ടത്. (മർക്കൊ, 3:17). ശമര്യയിലെ ഒരു ഗ്രാമക്കാർ ക്രിസ്തുവിനെ സ്വീകരിക്കുവാൻ കൂട്ടാക്കാത്തതു കൊണ്ടു ആകാശത്തുനിന്നു അഗ്നി ഇറക്കി അവരെ നശിപ്പിക്കുവാൻ ഇവർ ആഗ്രഹിച്ചു. (ലൂക്കൊ,9:52-54).

ചെറിയ യാക്കോബ്

പന്ത്രണ്ട് അപ്പൊസ്തലന്മാരിൽ ഒരാളായ ചെറിയ യാക്കോബ് അല്ഫായിയുടെ മകനാണ്. (മത്താ, 10:3, മർക്കൊ, 3:18, ലൂക്കൊ, 6:15 ,അപ്പൊ, 1:13). യാക്കോബിന്റെ അമ്മയുടെ പേര് മറിയ എന്നായിരുന്നു. (മർക്കൊ, 15:40, 16:1). ചില വാക്യങ്ങളുടെ വെളിച്ചത്തിൽ യേശുവിന്റെ അമ്മയായ മറിയയുടെ സഹോദരിയാണ് ഈ മറിയ എന്നു ചിലർ കരുതുന്നു. (യോഹ, 19:25, മത്താ, 27:56). മറ്റേ യാക്കോബിനെക്കാൾ പ്രായത്തിലോ വലിപ്പത്തിലോ ചെറുതായിരുന്നതു കൊണ്ടായിരിക്കണം ചെറിയ യാക്കോബ് എന്നു അറിയപ്പെട്ടത്. (മർക്കൊ, 15:40). യാക്കോബിന് രണ്ടു സഹോദരന്മാരുണ്ട്; യൂദായും, യോസയും. (മത്താ, 27:56, ലൂക്കൊ, 6:16). അല്ഫായി മക്കളിലാതെ മരിച്ചുവെന്നും യോസേഫ് അയാളുടെ ഭാര്യയെ പരിഗ്രഹിച്ചുവെന്നും ചിന്തിക്കുന്നവരുണ്ട്. അപ്രകാരം ജനിച്ച യാക്കോബ് നിയമപരമായി അല്ഫായിയുടെ പുത്രനും യേശുവിന്റെ അർദ്ധസഹോദരനുമാണ്. 94-ാം വയസിൽ യാക്കോബിനെ അടിച്ചും, കല്ലുകൊണ്ടെറിഞ്ഞും പീഡിപ്പിച്ചതിനു ശേഷം മരത്തിന്റെ ശിഖരം കൊണ്ട് തലക്കടിച്ചു കൊന്നെന്ന് ചരിത്രകാരനായ ഫോക്സ് രേഖപ്പെടുത്തുന്നു.

യേശുവിന്റെ സഹോദരൻ യാക്കോബ്

യേശുവിന്റെ അർദ്ധസഹോദരൻ. “യേശു തച്ചനായ യോസേഫിന്റെയും മറിയയുടെയും മകനും, യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നിവർ അവന്റെ സഹോദരന്മാരും ആണെന്നു ദേശവാസികൾ പറഞ്ഞു.” (മത്താ, 13:55, മർക്കൊ, 6:3). പന്ത്രണ്ട് അപ്പൊസ്തലന്മാരിൽ ഈ യാക്കോബ് ഉൾപ്പെട്ടിരുന്നില്ല. യേശുവിന്റെ സഹോദരന്മാർ ആദ്യം യേശുവിൽ വിശ്വസിച്ചിരുന്നില്ല. (യോഹ, 7:5). യേശുവിന്റെ സ്വർഗ്ഗാരോഹണത്തിനു ശേഷം മാളികമുറിയിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന സന്ദർഭത്തിലാണ് അപ്പൊസ്തലന്മാരോടും മറിയയോടും കൂടി യേശുവിന്റെ സഹോദരന്മാരെ ആദ്യമായി കാണുന്നതു. (അപ്പൊ, 1:13-14). ഉയിർത്തെഴുന്നേറ്റ ക്രിസ്തു യാക്കോബിനു പ്രത്യക്ഷപ്പെട്ടു. (1കൊരി, 15:5-7). പൗലൊസ്, ബർന്നബാസ് എന്നിവരെപ്പോലെ യാക്കോബും അപ്പൊസ്തലൻ എന്നു വിളിക്കപ്പെട്ടു. (ഗലാ, 1:19). ചുരുങ്ങിയ കാലം കൊണ്ടു യെരൂശലേം സഭയിൽ പ്രമുഖസ്ഥാനം നേടി. യെരുശലേം സമ്മേളനത്തിൽ അദ്ധ്യക്ഷനായിരുന്നു. (അപ്പൊ, 15:13). സഭയിൽ തൂണുകളായി എണ്ണപ്പെട്ടവരിൽ ഒരുവനായിരുന്നു യാക്കോബ്. (ഗലാ, 2:9). മൂന്നാം മിഷണറി യാത്ര കഴിഞ്ഞു മടങ്ങിവന്ന പൗലൊസിനെ യാക്കോബും മൂപ്പന്മാരും ചേർന്നു സ്വീകരിച്ചു. (അപ്പൊ, 21:18). യാക്കോബിന്റെ പേരിലുള്ള ലേഖനം എഴുതിയതു ഇദ്ദേഹമാണ്.

യൂദായുടെ പിതാവായ യാക്കോബ്

അപ്പൊസ്തലപ്രവൃത്തികൾ 1;13-ലെ അപ്പൊസ്തലന്മാരുടെ പട്ടികയിൽ യാക്കോബിന്റെ മകനായ യൂദാ എന്നു കാണുന്നു. ലൂക്കൊസ് 6:16-ൽ യാക്കോബിന്റെ സഹോദരൻ എന്നാണു കാണുന്നത്. ഇവിടെ സഹോദരൻ എന്നതിനു പകരം മകൻ എന്നു വേണ്ടതാണ്. മറ്റു സുവിശേഷങ്ങളിൽ തദ്ദായി എന്ന പേരാണു ഈ അപ്പൊസ്തലനു നല്കിയിട്ടുള്ളത്. (മത്താ, 10:2; മർക്കൊ, 3:18).

യോസേഫിന്റെ പിതാവായ യാക്കോബ്

യേശുവിന്റെ അമ്മയായ മറിയയുടെ ഭർത്താവായ യോസേഫിന്റെ പിതാവ്. “എലീഹൂദ് എലീയാസരെ ജനിപ്പിച്ചു; എലീയാസർ മത്ഥാനെ ജനിപ്പിച്ചു; മത്ഥാൻ യാക്കോബിനെ ജനിപ്പിച്ചു. യാക്കോബ് മറിയയുടെ ഭർത്താവായ യോസേഫിനെ ജനിപ്പിച്ചു. അവളിൽ നിന്നു ക്രിസ്തു എന്നു പേരുള്ള യേശു ജനിച്ചു.” (മത്താ, 1:15,16).