All posts by roy7

ക്രിസ്തു ബൈബിൾ പുസ്തകങ്ങളിൽ

ക്രിസ്തു ബൈബിൾ പുസ്തകങ്ങളിൽ

ക്രിസ്തുവിൻ്റെ പദവികളും വേലയും വെളിപ്പെടുത്തിക്കൊണ്ട് വിവിധ നിലകളിൽ ക്രിസ്തുവിനെ ചൂണ്ടിക്കാണിക്കുകയാണ് ബൈബിളിലെ ഓരോ പുസ്തകവും.

1. ഉല്പത്തി — സ്ത്രീയുടെ സന്തതി: 3:15 – ഗലാ, 4:4. 

2. പുറപ്പാട് — പെസഹക്കുഞ്ഞാട്: 12:1-14 – 1കൊരി, 5:7.

3. ലേവ്യർ – മഹാപുരോഹിതൻ:  8:1-36 – എബ്രാ, 7:26-28; പ്രായശ്ചിത്തരക്തം: 17:11 – റോമ, 3:25.

4. സംഖ്യാ — യാക്കോബിൽ നിന്നൊരു നക്ഷത്രം: 24:17 – മത്താ, 2:2; അടിക്കപ്പെട്ട പാറ: 20:11 – 1കൊരി, 10:4; താമ്രസർപ്പം: 21:8,9 – യോഹ, 3:14.

5. ആവർത്തനം —  വാഗ്ദത്ത പ്രവാചകൻ: 18:15 – പ്രവൃ, 3:22,23.

6. യോശുവ — യഹോവയുടെ സൈന്യത്തിൻ്റെ അധിപതി: 5:14 – എബ്രാ, 2:10, 12:2.

7. ന്യായാധിപന്മാർ — അതിശയമുള്ളത്: 13:16 – യെശ, 9:6; നീതിയുള്ള ന്യായാധിപൻ: 2:16 – 2തിമൊ, 4:8.

8. രൂത്ത് — ചാർച്ചക്കാരനായ വീണ്ടെടുപ്പുകാൻ: 4:14 – എബ്രാ, 2:14.

9. 1ശമൂവേൽ — നിന്ദിക്കപ്പെടുകയും ത്യജിക്കപ്പെടുകയും ചെയ്ത രാജാവ്: 22:1,2 – പ്രവൃ, 3:13-15.

10. 2ശമൂവേൽ — ദൈവപുത്രൻ: 2ശമൂ, 7:14 – ലൂക്കൊ, 1:35.

11. 1രാജാക്കന്മാർ — വാഗ്ദത്ത രാജാവ്: 1രാജാ, 2:45 – ലൂക്കൊ, 1:33.

12. 2രാജാക്കന്മാർ — യഹോവയുടെ പ്രവാചകൻ: 3:11 – മത്താ, 21:11.

13. 1ദിനവൃത്താന്തം — ശലോമോനിലും വലീയവൻ: 29:25 – മത്താ,12:42.

14. 2ദിനവൃത്താന്തം — അഭിഷിക്ത രാജാവ്: 6:42 – പ്രവൃ, 4:26.

15. എസ്രാ — ഉദ്ധാരകൻ:  ലൂക്കൊ, 1:68.

16. നെഹെമ്യാവ് — ആകാശത്തുനിന്നും അപ്പം, പാറയിൽനിന്നും വെള്ളം: 9:15, 20 – യോഹ, 8:57,58, 1കൊരി, 10:4.

17. എസ്ഥേർ — നമ്മുടെ മൊർദ്ദെഖായി: 10 – 1യോഹ, 2:1.

18. ഇയ്യോബ് — വീണ്ടുംവരുന്ന വീണ്ടെടുപ്പുകാരൻ: 19:25 – എഫെ, 1:14.

19. സങ്കീർത്തനം — മലിക്കീസേദെക്കിൻ്റെ ക്രമത്തിൽ എന്നേക്കും പുരോഹിതൻ: 110:4 – എബ്രാ, 5:6; 6:20.

20. സദൃശവാക്യങ്ങൾ — ദൈവജ്ഞാനം: 7 – 1കൊരി, 1:24.

21. സഭാപ്രസംഗി — ഓർമ്മിക്കപ്പെടാത്ത സാധുവായ ഒരു ജ്ഞാനി: 9:14,15 – 1കൊരി, 1:24.

22. ഉത്തമഗീതം — എൻ്റെ പ്രിയൻ: – 5:10 – എഫെ, 1:6.

23. യെശയ്യാവ് — കഷ്ടം അനുഭവിക്കുന്ന ദാസൻ: 53 – എഫെ, 2:14.

24. യിരെമ്യാവ് — യഹോവ നമ്മുടെ നീതി:  23:6 – 1കൊരി, 1:30; റോമ, 3:21.

25. വിലാപങ്ങൾ — വ്യസനപാത്രം: 1:12 – ലൂക്കൊ, 7:16.

26. യെഹെസ്ക്കേൽ — സിംഹാസനസ്ഥൻ: 1:26 – വെളി, 1:5; 19:6.

27. ദാനിയേൽ — കൈ തൊടാതെ പറിഞ്ഞുവന്ന കല്ല്: 2:34 – മത്താ, 21:22, 44; 1പത്രൊ, 2:4-6.

28. ഹോശേയ — ഭർത്താവ്: 2:16 – 2കൊരി, 11:2.

29. യോവേൽ — പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കുന്നവൻ: 2:28 – മത്താ, 3:11.

30. ആമോസ് — ദാവീദിൻ കൂടാരത്തെ പണിയുന്നവൻ: 9:11,12 – പ്രവൃ, 15:16.

31. ഓബദ്യാവ് — ശക്തനായ രാജാവ് – 4,21 = വെളി, 17:14.

32. യോനാ — മരിച്ചു അടക്കപ്പെട്ടു ഉയിർത്തെഴുന്നേറ്റ കർത്താവ്: 1:17 – മത്താ, 12:40.

33. മീഖാ — നിത്യനായ ദൈവം: 5:2 – യെശ, 9:6.

34. നഹൂം — കഷ്ടദിവസത്തിൽ ശരണം: 1:7 – മത്താ, 11:28.

35. ഹബക്കൂക് — വീണ്ടും വരുന്ന കർത്താവ്: 3 – യോഹ, 14:3.

36. സെഫന്യാവ് — രക്ഷിക്കുന്ന വീരൻ: 3:17 – പ്രവൃ, 4:12.

37. ഹഗ്ഗായി — സകല ജാതികളുടെയും മനോഹരവസ്തു: 2:7 – ലൂക്കൊ, 2:31,32.

38. സെഖര്യാവ് — സൗമ്യനായ രാജാവ്: വെട്ടപ്പെട്ട ഇടയൻ: 9:9: 13:7 – മത്താ, 21:4; 26:31.

39. മലാഖി — നിങ്ങൾ അന്വേഷിക്കുന്ന കർത്താവും നിങ്ങൾ ഇഷ്ടപ്പെടുന്ന നിയമദൂതനും; നീതിസൂര്യൻ:  3:1, 4:2 – വെളി, 1:16; 17:14.

40. മത്തായി — യെഹൂദന്മാരുടെ രാജാവ്: 2:2, സെഖ, 9:9.

41. മർക്കൊസ് — യഹോവയുടെ ദാസൻ: 10:44,45, യെശ, 42:1.

42. ലൂക്കൊസ് — സമ്പൂർണ്ണ മനുഷ്യൻ: 19:10 – സെഖ, 3:8, 6:12.

43. യോഹന്നാൻ — ദൈവപുത്രൻ: 20:31.

44. പ്രവൃത്തികൾ — സ്വർഗ്ഗാരോഹണം ചെയ്ത കർത്താവ്: 1:8,9.

45. റോമർ — നമ്മുടെ നീതി – 3:21.

46. 1കൊരിന്ത്യർ — മരിച്ചവരിൽ നിന്നും ആദ്യഫലമായി ഉയിർത്തവൻ: 15:20.

47. 2കൊരിന്ത്യർ — നമുക്കുവേണ്ടി പാപം: 5:21.

48. ഗലാത്യർ — ന്യായപ്രമാണത്തിൻ്റെ അന്ത്യം: 3:10,13.

49. എഫെസ്യർ — സഭയുടെ ശിരസ്സ്; നമ്മുടെ സർവ്വായുധ വർഗ്ഗം: 5:23, 6:11-18.

50. ഫിലിപ്പ്യർ — നമ്മുടെ ബുദ്ധിമുട്ട് ഒക്കെയും പൂർണ്ണമായി തീർത്തു തരുന്നവൻ: 4:19.

51. കൊലൊസ്യർ — സകലത്തിനും മുമ്പൻ: 2:9,10.

52. 1തെസ്സലോനീക്യർ — വീണ്ടും വരുന്ന കർത്താവ്: 4:15-18.

53. 2തെസ്സലോനീക്യർ — വീണ്ടും വരുന്ന ന്യായാധിപതി: 1:7-9.

54. 1തിമൊഥെയൊസ് — മദ്ധ്യസ്ഥൻ: 2:5.

55. 2തിമൊഥെയൊസ് — നമ്മുടെ സുവിശേഷം; പ്രതിഫലദാതാവ്: 2:8,9, 48.

56. തീത്തൊസ് — നമ്മുടെ മഹാദൈവവും രക്ഷിതാവും: 2:12.

57. ഫിലേമോൻ — നമ്മുടെ പ്രിയൻ: 16-19.

58. എബ്രായർ — മഹാപുരോഹിതൻ: 7:25-28.

59. യാക്കോബ് — സൈന്യങ്ങളുടെ കർത്താവ്: 5:4.

60. 1പത്രൊസ് — ഇടയശ്രഷ്ടൻ: 5:4.

61. 2പത്രൊസ് — ദീർഘക്ഷമ കാണിക്കുന്ന രക്ഷകൻ: 3:9.

62. 1യോഹന്നാൻ — ജീവൻ്റെ വചനം: 1:1.

63. 2യോഹന്നാൻ — സത്യത്തിൻ്റെ പൂർണ്ണത: 1:1.

64. 3യോഹന്നാൻ — നന്മയുടെ മാതൃക: 1:11.

65. യൂദാ — വിശ്വാസിയുടെ ഭദ്രത: 24,25.

66. വെളിപ്പാട് — രാജാധിരാജാവും കർത്താധികർത്താവും: 19:6,16.

അവൻ ഒന്നാമത്തവനും ഒടക്കത്തവനും; ആരംഭവും അവസാനവും ആണ്!

അവൻ സൃഷ്ടിയുടെ സൂക്ഷിപ്പുകാരനും എല്ലാവരുടെയും സ്രഷ്ടാവുമാണ്! അവൻ പ്രപഞ്ചശില്പിയും എല്ലായ്പ്പോഴും കാര്യസ്ഥനുമാണ്!

അവൻ എല്ലായ്പ്പോഴും ഉണ്ടായിരുന്നു; അവൻ എല്ലായ്പ്പോഴും ഉണ്ട്; അവൻ എല്ലായ്പ്പോഴും ഉണ്ടായിരിക്കും!

അവൻ ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമാണ്!

അവൻ മാറാത്തവനും മാറ്റമില്ലാത്തവനും പരാജയപ്പെടാത്തവനും ഒരിക്കലും പിൻമാറാത്തവനുമാണ്!

അവൻ്റെ അടിപ്പിണരുകൾ എനിക്കു സൗഖ്യം ലഭിച്ചു! അവൻ കുത്തിത്തുളയ്ക്കപ്പെട്ടു എനിക്കു വേണ്ടി! അവൻ കഷ്ടതയിലായി എൻ്റെ സ്വാതന്ത്ര്യത്തിനു വേണ്ടി!

അവൻ മരിച്ചു ഞാൻ ജീവൻ പ്രാപിച്ചു! അവൻ ഉയിർത്തെഴുന്നേറ്റു എനിക്കു ശക്തി ലഭിച്ചു! അവൻ വാഴുകയും ഞാൻ സമാധാനം അനുഭവിക്കുകയും ചെയ്യുന്നു!

ലോകത്തിന് അവനെ മനസ്സിലാക്കാൻ കഴിയുന്നില്ല, സൈന്യങ്ങൾക്ക് അവനെ തോൽപ്പിക്കാൻ കഴിയില്ല,

സ്കൂളുകൾക്കും സർവ്വകലാശാലകൾക്കും അവനെ വിശദീകരിക്കാൻ കഴിയുന്നില്ല, ലോകത്തിലെ നേതാക്കൾക്ക് അവനെ അവഗണിക്കാൻ കഴിയില്ല!

ഹെരോദാവിന് അവനെ കൊല്ലാൻ കഴിഞ്ഞില്ല, പരീശന്മാർക്ക് അവനെ വാക്കിൽ കുടുക്കാനായില്ല!

മരണത്തിന് അവനെ പിടിച്ചുവെയ്ക്കാൻ കഴിഞ്ഞില്ല, നീറോയ്ക്ക് അവനെ തകർക്കാൻ കഴിഞ്ഞില്ല, ഹിറ്റ്‌ലറിന് അവനെ നിശബ്ദനാക്കാൻ കഴിഞ്ഞില്ല,

പുതിയ യുഗത്തിന് അവനെ ഒഴിവാക്കാൻ കഴിയില്ല!

അവൻ ലോകത്തിൻ്റെ വെളിച്ചവും, വഴിയും സത്യവും ജീവനുമായ കർത്താവാണ്!

അവൻ കരുണയും, കൃപയും, ക്ഷമയും, താഴ്മയും, ദയയും, ദീർഘക്ഷമയും, ദീർഘക്ഷാന്തിയും, നന്മയും, നീതിയും, നിർമ്മലതയും, പരിശുദ്ധിയും, മനസ്സലിവും, മഹാദയയും, വിശ്വസ്തതയും, സമ്യതയുമുള്ള സ്നേഹസ്വരൂപനായ പുത്രനാണ്.

അവൻ ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്വവും സ്തോത്രവും ലഭിപ്പാൻ യോഗ്യനായ ദൈവമാണ്!

അവന്റെ വഴികൾ സത്യമാണ്, അവന്റെ വചനം ശാശ്വതമാണ്, അവന്റെ ഹിതത്തിന് മാറ്റമില്ല, അവന്റെ മനസ്സ് എന്നിൽ ഉണ്ട്!

അവൻ എൻ്റെ ദൈവം! അവൻ എന്നെ സൃഷ്ടിച്ചു! അവൻ എന്റെ വീണ്ടെടുപ്പുകാരൻ! അവൻ മാത്രമാണ് എന്റെ രക്ഷകൻ! അവനിലാണ് ഞാൻ ജീവിക്കുന്നത്! 

അവൻ എന്റെ വഴികാട്ടി, അവൻ എന്റെ സമാധാനം! അവൻ എന്റെ സന്തോഷം, അവൻ എന്റെ ആശ്വാസം, അവൻ മാത്രമാണ് എനിക്കുവേണ്ടി മരിച്ചത്!  

ലോകം മുഴുവൻ ഇരിക്കുകയും ചരിക്കുകയും ചെയ്യുന്നത് അവനിലാണ്; അവനാണ് കർത്താവായ യേശുക്രിസ്തു!

“ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു.” (വെളിപ്പാട് 22:12)

“ഇതു സാക്ഷീകരിക്കുന്നവൻ: അതേ, ഞാൻ വേഗം വരുന്നു എന്നു അരുളിച്ചെയ്യുന്നു; ആമേൻ, കർത്താവായ യേശുവേ, വരേണമേ!”(വെളിപ്പാടു 22:20)

സ്തോത്രം

സ്തോത്രം (give thanks)

സ്തോത്രവും സ്തുതിയും പര്യായങ്ങളാണ്. ദൈവത്തിന്റെ മഹിമകളെയും പരിപൂർണ്ണതകളെയും ഓർത്തുകൊണ്ട് ഭക്തിപൂർവ്വം ദൈവിക ഗുണങ്ങളെ വാഴ്ത്തുകയാണ് സ്തുതി. കഴിഞ്ഞകാലത്ത് ദൈവം ചെയ്ത നന്മകളെ ഓർത്തുകൊണ്ടുള്ള നന്ദി പറയലാണ് സ്തോത്രത്തിൽ. പഴയനിയമകാലത്ത് യഹോവയ്ക്കു പ്രത്യേകം സ്തോത്രയാഗം അർപ്പിച്ചിരുന്നു. (ലേവ്യ, 7:11-21). ആദ്യഫലം അർപ്പിച്ചിരുന്നതും സ്തോത്രമായി ആയിരുന്നു. (ആവ, 26:1-11). ആത്മാർത്ഥമായി അധരംകൊണ്ടു ദൈവത്തിനു സ്തോത്രം പറയുന്നതും ദൈവത്തിനു പ്രസാദകരമായ യാഗമാണ്. (എബ്രാ, 13:15; ഹോശേ, 14:2; സങ്കീ, 119:108). ഒരു ക്രിസ്ത്യാനിയുടെ ജീവിതം ദൈവത്തിനു പ്രസാദമുള്ള സ്തോത്രയാഗമായി അർപ്പിക്കേണ്ടതാണ്. (റോമ, 12:1). എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും ആവശ്യങ്ങൾ സ്തോതത്തോടെ ദൈവത്തോടു അറിയിക്കേണ്ടത് വിശ്വാസിയുടെ കടമയാണ്. (ഫിലി, 4:6).

സ്തുതി (praise)

സ്തുതിയെക്കുറിക്കുന്ന പഴയനിയമപദങ്ങൾ ‘ഹാലൽ’ (ശബ്ദം പുറപ്പെടുവിക്കുക), ‘യാദാ’ (സ്തുതിക്കുമ്പോഴുള്ള അങ്ഗചലനത്തെ വിവക്ഷിക്കുന്നു), ‘സാമർ’ (പാട്ടുപാടുക) എന്നിവയാണ്. യൂഖാറിസ്റ്റൈൻ (സ്തോത്രം അർപ്പിക്കുക) എന്നതത്രേ പുതിയനിയമപദം. തിരുവെഴുത്തുകൾ സ്തുതിയാൽ മുഖരിതമാണ്. സന്തോഷത്തിൽ നിന്നും നൈസർഗ്ഗികമായി ഉണ്ടാകുന്നതാണ് സ്തുതി. ദൈവം തന്റെ പ്രവൃത്തികളിൽ സന്തോഷിക്കുന്നു. (സങ്കീ, 104:31; സദൃ, 8:30,31). ദൈവത്തിന്റെ സർവ്വസൃഷ്ടികളും ദൈവദൂതന്മാരും സ്തുതിയിലൂടെ തങ്ങളുടെ സന്തോഷം പ്രകടിപ്പിക്കുന്നു. (ഇയ്യോ, 38:4-7; വെളി, 4:6-11). ഈ ഭൂമിയിൽ ദൈവരാജ്യത്തിന്റെ ആഗമനം തന്നെ ദൈവജനത്തിനും സർവ്വസൃഷ്ടിക്കും സന്തോഷവും സ്തുതിയും തിരിച്ചു കിട്ടുന്നതിലുടെയാണ് വെളിപ്പെടുന്നത്. സൃഷ്ടിക്കും വീണ്ടെടുപ്പിനുംവേണ്ടി ദൈവത്തിനു സ്തുതിയും തോത്രവും അർപ്പിക്കുന്നു. (സങ്കീ, 24, 136). സ്വർഗ്ഗത്തിൽ ദൈവദൂതന്മാരും സ്വർഗ്ഗീയജീവികളും സഷ്ടാവും വീണ്ടെടുപ്പുകാരനുമായ ദൈവത്തെ നിരന്തരം വാഴ്ത്തി സ്തുതിക്കുന്നു. അതിന്റെ മാറ്റൊലി തന്നെയാണ് ഭൂമിയിൽ മനുഷ്യരും ദൈവത്തെ സ്തുതിക്കുന്നത്. (വെളി, 4:11; 5:9,10). വീണ്ടെടുപ്പുകാരനായ ദൈവത്തിന്റെ സൽഗുണങ്ങളെ ഘോഷിക്കുക എന്നതു ദൈവജനത്തിന്റെ പ്രത്യേക ലക്ഷണമാണ്. (1പത്രൊ, 2:9; എഫെ, 1:3-14; ഫിലി, 1:11). ജാതികൾ ദൈവത്തെ മഹത്വീകരിക്കുന്നില്ല. (റോമ, 1:21; വെളി, 16:9). സ്തുതി ദൈവത്തെ മഹത്വപ്പെടുത്തുകയും പ്രസാദിപ്പിക്കുകയും ചെയ്യുന്നു; അത് ദൈവസന്നിധിയിൽ അർപ്പിക്കുന്ന യാഗമാണ്. (സങ്കീ, 50:23).

ആദിമക്രിസ്ത്യാനികൾ ദൈവാലയത്തിൽ ചെന്നു ആരാധനയിൽ പങ്കെടുത്ത് ആനന്ദം അനുഭവിച്ചിരുന്നു. (ലൂക്കൊ, 24:53; പ്രവൃ, 3:1). ക്രിസ്തീയ ജീവിതത്തിലെ പ്രധാനഘടകം സന്തോഷമാണ്. ഈ സന്തോഷമാണ് ദൈവത്തെ ആരാധിക്കുവാനും സ്തുതിക്കുവാനും പ്രേരിപ്പിക്കുന്നത്. യേശുവിൽ നിന്നും പാപക്ഷമയും രോഗസൗഖ്യവും പ്രാപിച്ചവർ ആനന്ദാതിരേകത്താൽ കർത്താവിനെ സ്തുതിച്ചു. (ലൂക്കൊ, 18:43; മർക്കൊ, 2:12). ആദിമസഭയിലും ക്രിസ്തുവിലുടെ വെളിപ്പെട്ട ദൈവശക്തിയും ദൈവിക നന്മയും അറിയുകയും അനുഭവിക്കുകയും ചെയ്തവർ ദൈവത്തെ വാഴ്ത്തി സ്തുതിച്ചു. ഇന്നും വിശ്വാസികളുടെ അനുഭവം അതുതന്നെയാണ്. (പ്രവൃ, 2:46; 3:8; 11:18; 16:25; എഫെ, 1:1-14). ദൈവത്തെ സ്തുതിക്കുന്നതിനും സ്തോത്രം ചെയ്യുന്നതിനും സങ്കീർത്തനങ്ങൾ അന്നും ഇന്നും ഒന്നുപോലെ ഉപയോഗിച്ചു വരുന്നു. (കൊലൊ, 3:16). ക്രിസ്തുവിനെക്കുറിച്ചുള്ള സ്തുതിഗാനമാണ്. (ഫിലി, 2:6-11).

സഹോദരപ്രീതി

സഹോദരപ്രീതി (brotherly love)

‘ഫിലഡെൽഫിയ’ എന്ന ഗ്രീക്കു നാമപദം അഞ്ചു പ്രാവശ്യമുണ്ട്. (റോമ, 12:10; 1തെസ്സ, 4:9; എബ്രാ, 13:1; 2പത്രൊ, 1:7, 1:7). ‘ഫിലഡയൽഫൊസ്’ എന്ന ക്രിയാപദം ഒരു പ്രാവശ്യവും. (1പത്രൊ, 1:22). സഹോദര’ ശബ്ദം മനുഷ്യവർഗ്ഗത്തെ മുഴുവൻ ഉൾക്കൊള്ളുന്നു. ശത്രുക്കളെപ്പോലും സ്നേഹിക്കേണ്ടതാണ്. എന്നാൽ ക്രിസ്തുവിലെ സഹോദരന്മാരോടു പ്രത്യേകം പ്രീതി കാണിക്കണം. സഹോദരപ്രീതി നിലനിൽക്കേണ്ടതാണ്. (എബ്രാ, 13:1). ദൈവത്തിൽ നിന്നും ലഭിച്ച ഉപദേശമാണത്. (1തെസ്സ, 4:9). സഹോദര പ്രീതി നിർവ്യാജമായിരിക്കണം. (1പത്രൊ, 1:22). സഹോദരപ്രീതിയിൽ ഓരോരുത്തരും മുന്നിട്ടുനിൽക്കണം. (റോമ, 12:10). ഇത് വിശ്വാസികൾക്ക് വർദ്ധിച്ചുവരേണ്ട സുകൃതങ്ങളിൽ ഒന്നാണ്. (2പത്രൊ, 1:5).

സ്ഥിരത

സ്ഥിരത (Patience)

പീഡനവും എതിർപ്പും ക്ഷമയോടെ സഹിച്ചു നില്ക്കുവാൻ ദൈവം നല്കുന്ന കഴിവാണ് സഹിഷ്ണുത അഥവാ സ്ഥിരത. ഈ ആശയത്തെക്കുറിക്കുന്ന എബ്രായപദത്തിനു ‘ദീർഘം’ എന്നർത്ഥം. ദൈവം ദീർഘ ക്ഷമയുള്ളവനാണ്. (പുറ, 34:6; സംഖ്യാ, 14:17; സങ്കീ, 86:15; 103:8). ദീർഘക്ഷമയ്ക്ക് തത്തുല്യമായ ഗ്രീക്കുപദം ‘മാക്രൊതുമിയ’ ആണ്. ‘ഹ്യുപൊമൊനീ’ എന്ന ഗ്രീക്കു പദത്തെയാണ് പുതിയനിയമത്തിൽ സഹിഷ്ണുത, സ്ഥിരത എന്നിങ്ങനെ തർജ്ജമ ചെയ്തിട്ടുള്ളത്. കീഴെ (ഹ്യുപൊ) വസിക്കുക (മെനോ) എന്നാണ് വാച്യാർത്ഥം. ഹ്യുപൊമാനീ എന്ന നാമപദം മുപ്പത്തിരണ്ടു പ്രാവശ്യവും, ക്രിയാരൂപം പതിനഞ്ചു പ്രാവശ്യവും പുതിയനിയമത്തിലുണ്ട്.

തിരുവെഴുത്തുകളിലൂടെയാണ് വിശ്വാസിയിൽ ഈ സ്ഥിരത ഉളവാകുന്നത്. (റോമ, 15:4). സ്ഥിരതയും ആശ്വാസവും നമുക്കു നല്കുന്നത് ദൈവമാണ്. (റോമ, 15:6). തനിക്കും സകലവിശുദ്ധന്മാർക്കും വേണ്ടി പ്രാർത്ഥനയിൽ പൂർണ്ണസ്ഥിരത കാണിപ്പാൻ പൗലൊസ് എഫെസ്യരോട് പറഞ്ഞു. (6:18). വിശ്വാസികൾ തങ്ങളുടെ വിശുദ്ധജീവിതമാകുന്ന ഓട്ടം സ്ഥിരതയോടെ ഓടേണ്ടതാണ്. (എബ്രാ, 12:1). ലോകത്തിൻ്റെ വഞ്ചനയിൽ കുടുങ്ങി സ്വന്ത സ്ഥിരതവിട്ടു വീണു പോകാതിരിപ്പാൻ ഓരോരുത്തലരും സൂക്ഷിക്കേണ്ടതുമാണ്. (2പത്രൊ, 3:17). വിശ്വാസികൾക്ക് നേരിടുന്ന സ്ഥിരതയ്ക്കായിട്ടാണ് ഏന്നറിഞ്ഞ് സന്തോഷിക്കേണ്ടതാണ്: “എന്റെ സഹോദരന്മാരേ, നിങ്ങൾ വിവിധപരീക്ഷകളിൽ അകപ്പെടുമ്പോൾ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന സ്ഥിരത ഉളവാക്കുന്നു എന്നു അറിഞ്ഞു അതു അശേഷം സന്തോഷം എന്നു എണ്ണുവിൻ.” (യാക്കോ, 1:2,3).

വീര്യം

വീര്യം – സൽഗുണം (virtue)

‘അറെറ്റി’ എന്ന ഗ്രീക്കുപദത്തിന് സൽഗുണം അഥവാ സുകൃതം എന്നാണർത്ഥം. (എഫെ, 4:8, 1പത്രൊ, 2:9). ഒരു വസ്തുവിന്റെയോ, വ്യക്തിയുടെയോ വൈശിഷ്ട്യത്തിനു നിദാനമായ ഗുണമാണ് അറെറ്റീ (സൽഗുണം). ആന്തരികമായ ഔൽകൃഷ്ട്യം അഥവാ ധാർമ്മികമായ നന്മ അഥവാ സുകൃതം ആണത്. ബൈബിൾ ധർമ്മശാസ്ത്രത്തിന്റെ ആത്യന്തിക ലക്ഷ്യം സൽഗുണ പൂർണ്ണതയാണ്. സ്വർഗ്ഗീയപിതാവു സൽഗുണപൂർണ്ണൻ ആയിരിക്കുന്നതു പോലെ ദൈവമക്കൾ സൽഗുണ പൂർണ്ണരാകണമെന്ന് ക്രിസ്തു ഉപദേശിച്ചു. (മത്താ, 5:48). ലേവ്യയാഗങ്ങൾക്കു സൽഗുണപൂർത്തി വരുത്തുവാൻ കഴിഞ്ഞില്ല. എന്നാൽ ക്രിസ്തുവിന്റെ ഏകയാഗത്താൽ അവൻ സദാകാലത്തേക്കും സൽഗുണ പൂർത്തി വരുത്തി. (എബ്രാ, 10:1,14). ദൈവത്തിന്റെ സൽഗുണങ്ങളെ ഘോഷിക്കുകയാണ് വിശ്വാസിയുടെ കർത്തവ്യം. (1പത്രൊ, 2:9). വിശ്വാസത്തിന്റെ അനുബന്ധവും, ഫലവും ആണ് സൽഗുണം. (2പത്രൊ, 1:5). ഇവിടെ അറെറ്റീ എന്ന ഗ്രീക്കുപദത്തെ വീര്യം എന്നാണ് തർജ്ജമ ചെയ്തിട്ടുള്ളത്. ഓശാന, പി.ഒ.സി. വിശുദ്ധഗ്രന്നന്ഥം തുടങ്ങിയവയിൽ ‘സുകൃതം’ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നു. വാക്കിൽ തെറ്റാത്തവൻ സൽഗുണപൂർത്തിയുള്ള പുരുഷൻ ആണ്. (യാക്കോ, 3:2). സഭയിലെ അദ്ധ്യക്ഷൻ സൽഗുണപ്രിയൻ ആയിരിക്കണം. (തീത്തൊ, 1:8). അന്ത്യകാലത്തു മനുഷ്യർ സൽഗുണ ദോഷികളായി മാറും. (2തിമൊ, 3:4).

ദൈവകൃപ

ദൈവകൃപ (Grace of God)

“എന്നാൽ ലംഘനത്തിന്റെ കാര്യവും കൃപാവരത്തിന്റെ കാര്യവും ഒരുപോലെയല്ല; ഏകന്റെ ലംഘനത്താൽ അനേകർ മരിച്ചു എങ്കിൽ ദൈവകൃപയും ഏകമനഷ്യനായ യേശുക്രിസ്തുവിന്റെ കൃപയാലുള്ള ദാനവും അനേകർക്കു വേണ്ടി ഏറ്റവും അധികം കവിഞ്ഞിരിക്കുന്നു.” (റോമ, 5:15)

അർഹിക്കാത്ത വ്യക്തിയുടെമേൽ പകരപ്പെടുന്ന ദൈവിക കരുണയാണ് കൃപ. കർത്താവായ യേശുക്രിസ്തുവിലൂടെ ദൈവം പാപിക്കു നല്കിയ അനുപമമായ വീണ്ടെടുപ്പിന്റെ അടിസ്ഥാനം ദൈവിക കൃപയാണ്. “കരുണാസമ്പന്നനായ ദൈവമോ നമ്മെ സ്നേഹിച്ച മഹാസ്നേഹം നിമിത്തം അതിക്രമങ്ങളാൽ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോടുകൂടെ ജീവിപ്പിക്കയും – കൃപയാലത്രേ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നു. ക്രിസ്തുയേശുവിൽ നമ്മെക്കുറിച്ചുള്ള വാത്സല്യത്തിൽ തന്റെ കൃപയുടെ അത്യന്തധനത്തെ വരുംകാലങ്ങളിൽ കാണിക്കേണ്ടതിന്നു ക്രിസ്തുയേശുവിൽ അവനോടുകൂടെ ഉയിർത്തെഴുന്നേല്പിച്ചു സ്വർഗ്ഗത്തിൽ ഇരുത്തുകയും ചെയ്തു.” (എഫെ, 2:4-7). തൻ്റെ ഏകജാതനായ പുത്രനെ (ക്രിസ്തുവിനെ) ദൈവം കൃപയും സത്യവും നിറഞ്ഞവനായി (യോഹ, 1:14) ഭൂമിയിലേക്കയച്ചു. കർത്താവും രക്ഷിതാവുമായ ക്രിസ്തുവിൽ വിശ്വാസം അർപ്പിക്കുന്ന ഏവർക്കും ദൈവം കൃപ നല്കുന്നു. 

ദൈവശാസ്ത്രത്തിൽ ആഴവും പരപ്പും ഉള്ള വിഷയമാണ് കൃപ. ആനന്ദം, സന്തോഷം, മാധുര്യം, ഭംഗി, ലാവണ്യം, അനുകമ്പ, കരുണ, ആർദ്രസ്നേഹം എന്നിങ്ങനെ വ്യത്യസ്തവും ബന്ധിതവും ആയ ആശയങ്ങളിൽ പ്രയോഗിക്കപ്പെട്ടിട്ടുള്ള പദമാണ് കൃപ. യജമാനൻ അടിമയോടു കാണിക്കുന്ന കരുണ കൃപയാണ്. പുതിയനിയമത്തിൽ വെളിപ്പെടുത്തിയിരിക്കുന്ന തലത്തിൽ കൃപയുടെ ആശയം സ്പഷ്ടമാക്കുന്ന പദം ‘അരുൾ’ അത്രേ സംസ്കൃതത്തിൽ പ്രസാദ: എന്ന വാക്കാണ് ഉപയോഗിച്ചു കാണുന്നത്. വരപ്രസാദം എന്ന പ്രയോഗം ദൈവകൃപയെ വിവക്ഷിക്കുവാൻ പര്യാപ്തമാണ്. ഒരു വ്യക്തിയിലോ ഭാഷണത്തിലോ പ്രവൃത്തിയിലോ വിളങ്ങുന്ന സുഭഗത അഥവാ ചാരുത ആണ് ഗ്രീക്കു പദം വ്യക്തമാക്കുന്നത്. 

ഹെസെദ് (חֵסֵד – checed), ഹേൻ (חֵן – chen) എന്നീ രണ്ടു പദങ്ങളാണ് കൃപയ്ക്ക് സമാനമായി എബ്രായയിൽ പ്രയോഗിച്ചു കാണുന്നത്. ഹെസെദ് എന്ന പദത്തെ കരുണ എന്നാണ് സാമാന്യേന വിവർത്തനം ചെയ്തിട്ടുളളത്; വിരളമായി കൃപ എന്നും. (ഉല്പ, 24:12, 14; 1രാജാ, 3:6; സങ്കീ, 89:49; 107:43). ഹേൻ എന്ന പദം 69 പ്രാവശ്യം പഴയ നിയമത്തിലുണ്ട്. ആദ്യപ്രയോഗം ഉല്പത്തി 6:8-ലാണ്; “എന്നാൽ നോഹയ്ക്ക് യഹോവയുടെ കൃപ ലഭിച്ചു.” അഭിലഷണീയവും പ്രീതിപ്രദവും ആയവയെ കുറിക്കുവാൻ ഹേൻ പ്രയോഗിക്കുന്നു. ഹേൻ എന്ന പദത്തിന്റെ ധാത്വർത്ഥം ‘അനുകൂലം’ ആണ്. അപ്പൊസ്തലൻ ഈ ആശയം വ്യക്തമാക്കിയിട്ടുണ്ട്; “ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ?” (റോമ, 8:31). സ്ത്രീയുടെ ലാവണ്യവും (സദൃ, 11:16), അധരലാവണ്യത്തിലെ ലാവണ്യവും (സദൃ, 22:11), അധരങ്ങളിന്മേൽ പകർന്നിരിക്കുന്ന ലാവണ്യവും (സങ്കീ, 45:2) ഹേൻ അത്രേ. 

ഗ്രീക്കിലെ ഖാറിസ് (χάρις – charis) എന്ന പദത്തിനും ഇതേ ആശയമുണ്ട്. ക്രിസ്തുവിന്റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യവാക്കുകളിലെ ലാവണ്യത്തിനും (ലൂക്കൊ, 4:22), കേൾക്കുന്നവർക്കു കൃപ ലഭിക്കേണ്ടതിലെ കൃപയ്ക്കും (എഫെ, 4:29) ഗ്രീക്കിൽ ഖാറിസ് ആണ് പ്രയോഗിച്ചിട്ടുളളത്. ചക്രവർത്തിയുടെ പ്രസാദത്തെ കുറിക്കുന്നതിന് ഖാറിസ് നിർല്ലോപമായി പ്രയോഗിച്ചിട്ടുണ്ട്. നീറോ ചക്രവർത്തി ഗ്രേക്കർക്കു സ്വാതന്ത്ര്യം നല്കുന്നതിനെ സംബന്ധിച്ചുള്ള രേഖയിൽ പ്രസ്തുത ദാനത്തെ ചക്രവർത്തിയുടെ കൃപ എന്നാണ് പറഞ്ഞിട്ടുളളത്. പാപം നിമിത്തം ദൈവത്തിൽ നിന്നകന്നുപോയ മനുഷ്യനെ പാപം കണക്കിടാതെ രക്ഷയും നിത്യജീവനും സ്വായത്തമാക്കുവാൻ ക്ഷണിക്കുന്ന രക്ഷണ്യ സ്നേഹമാണ് പുതിയനിയമത്തിൽ കാണുന്ന കൃപ. 

യോഹന്നാൻ 1:17-ൽ ന്യായപ്രമാണത്തിന്റെ വിരുദ്ധകോടിയിൽ കൃപയെ അവതരിപ്പിച്ചിരിക്കുന്നു; “ന്യായപ്രമാണം മോശെമുഖാന്തരം ലഭിച്ചു; കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരം വന്നു.” ഇവിടെ വൈരുദ്ധ്യകഥനം താരതമ്യത്തിനു മാത്രമാണ്. പഴയനിയമത്തിൽ കൃപ ഇല്ലായിരുന്നു എന്ന് ഇതിനർത്ഥമില്ല. അന്നു കൃപ യിസ്രായേലിനു മാത്രമായി പരിമിതപ്പെട്ടിരുന്നു. എന്നാൽ ക്രിസ്തുവിലൂടെ ഉദിച്ച രക്ഷാകരമായ ദൈവകൃപ സാർവ്വലൗകികമാണ്. (തീത്തൊ, 2:11). ന്യായപ്രമാണത്തിനു മുമ്പു തന്നെ കൃപ നിലവിലുണ്ടായിരുന്നു. ദൈവം പിതാക്കന്മാരോട് വ്യക്തിപരമായി ഇടപെട്ടതും, നിയമം ചെയ്തതും കൃപയുടെ അടിസ്ഥാനത്തിലായിരുന്നു. നോഹയ്ക്കു യഹോവയുടെ കൃപലഭിച്ചു എന്നു പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. (ഉല്പ, 6:8). സ്വന്തജനമായി യിസ്രായേലിനെ തിരഞ്ഞടുത്തത് ദൈവത്തിന്റെ കൃപയാണ്. (ആവ, 7:7,8). യിസ്രായേലിനു ന്യായപ്രമാണം നല്കിയതും ദൈവത്തിൻറ കൃപയാണ്. “അവയെ പ്രമാണിച്ചു നടപ്പിൻ; ഇതു തന്നേയല്ലോ ജാതികളുടെ ദൃഷ്ടിയിൽ നിങ്ങളുടെ ജ്ഞാനവും വിവേകവും ആയിരിക്കുന്നത്. അവർ ഈ കല്പനകളൊക്കെയും കേട്ടിട്ടു: ഈ ശ്രേഷ്ഠജാതി ജ്ഞാനവും വിവേകവും ഉള്ള ജനം തന്നേ എന്നു പറയും. നമ്മുടെ ദൈവമായി യഹോവയോടു നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെയും അവൻ നമുക്കു അടുത്തിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തിരിക്കുന്ന ശ്രേഷ്ഠജാതി ഏതുള്ളു? ഞാൻ ഇന്നു നിങ്ങളുടെ മുമ്പിൽ വെക്കുന്ന ഈ സകല ന്യായപ്രമാണവും പോലെ ഇത്ര നീതിയുള്ള ചട്ടങ്ങളും വിധികളും ഉള്ള ശ്രഷ്ഠജാതി ഏതുള്ളൂ?” (ആവ, 4:6-8). ന്യായപ്രമാണം ഒരിക്കലും കൃപയെ ദുർബ്ബലമാക്കുന്നില്ല. (ഗലാ, 3:17-19). 

കൃപാസിദ്ധാന്തത്തിന്റെ കാതലായ സത്യം ദൈവം നമുക്കുവേണ്ടി എന്നതത്രേ. നാം ദൈവത്തിനു ശത്രുക്കളായിരിക്കവെയാണ് ദൈവം നമുക്കുവേണ്ടി നിലകൊണ്ടത്. നാം ബലഹീനരും അഭക്തരും ആയിരിക്കുമ്പോൾ ദൈവം നമ്മെ സ്നേഹിച്ചു. (റോമ, 5:6, 8). ക്രിസ്തുവിലൂടെ ദൈവം നമ്മെ തന്നോടു നിരപ്പിച്ചു. പുത്രനിലൂടെ ദൈവം നമ്മുടെ ദൈവമായിരിക്കേണ്ടതിന് സൗജന്യമായി ദൈവം തന്നെത്തന്നെ നമ്മോടു ബന്ധിപ്പിക്കുകയും നാം അവൻ്റേതായിരിക്കുവാൻ വേണ്ടി നമ്മെ തന്നോടു ബന്ധിപ്പിക്കുകയും ചെയ്തു. ഇനിയൊരിക്കലും നമ്മുടെ ശത്രുവായിരിക്കാതെ, നമ്മുടെ ശത്രുക്കൾക്കെതിരെ ദൈവം നമുക്കുവേണ്ടി നമ്മോടു കൂടെ നില്ക്കുകയാണ്. “ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ? സ്വന്തപുത്രനെ ആദരിക്കാതെ നമുക്കു എല്ലാവർക്കും വേണ്ടി ഏല്പിച്ചുതന്നവൻ അവനോടുകൂടെ സകലവും നമുക്കു നല്കാതിരിക്കുമോ?” (റോമ, 8:31,32). 

കൃപ സൗജന്യമാണ്. ദൈവത്തിന്റെ പക്ഷത്ത് ഒരു കടപ്പാടായിരുന്നു കൃപ എങ്കിൽ അതൊരിക്കലും കൃപ ആകയില്ലായിരുന്നു. കൃപ കാണിക്കാൻ ദൈവം പ്രേരിതനായതല്ല, മറിച്ചു സൗജന്യമായി ചെയ്തതാണ്. പാപികൾ അർഹിക്കുന്നത് ദൈവത്തിന്റെ പ്രാതികൂല്യം മാത്രമാണ്. പാപത്തിന്റെ നേർക്കുള്ള ദൈവത്തിന്റെ വിദ്വേഷവും ശത്രുതയും പ്രകടമായി വെളിപ്പെട്ടത് ക്രൂശിലാണ്. ക്ഷമയ്ക്ക് അർഹതയില്ലാത്ത പാപികളാണ് നാം. അതിനാൽ ദൈവം നമുക്കു പ്രതികൂലം ആയിരിക്കേണ്ടിയിരുന്നു. എന്നാൽ അത്ഭുതമെന്നു പറയട്ടെ, ഒരു നാശകനെയോ, ന്യായാധിപതിയെയോ നമുക്കെതിരെ അയയ്ക്കാതെ സ്വയം വിധിക്കപ്പെടുകയും മരിക്കുകയും ചെയ്തുകൊണ്ടു നമ്മെ രക്ഷിക്കാനായി ദൈവം തന്നെ വന്നു. ദൈവത്തിന്നെതിരെയുള്ള നമ്മുടെ ശത്രുതയുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തു കൊണ്ട് ദൈവം മനുഷ്യന് അനുകൂലമായി തിരിഞ്ഞു. അതാണ് കൃപ. ക്രിസ്തു മരണം അനുഭവിച്ച് ദൈവത്തിന്റെ വിശുദ്ധിയെ തൃപ്തിപ്പെടുത്താതെ ഇരുന്നെങ്കിൽ കൃപ അസാദ്ധ്യമാകുമായിരുന്നു. 

ന്യായപ്രമാണവും കൃപയും തമ്മിലുള്ള ബന്ധം പൗലൊസിന്റെ എഴുത്തുകളിലെ ഒരു പ്രമുഖ വിഷയമാണ്. (റോമ, 5:1, 15-17; 8:1,2; എഫെ, 2:8,9; ഗലാ, 5:4,5). വിശ്വാസികൾക്കെല്ലാം ദൈവം രക്ഷ നല്കുന്നതു കൃപ എന്ന മാദ്ധ്യമത്തിലൂടെയാണ്. “സകല മനുഷ്യർക്കും രക്ഷാകരമായ ദൈവകൃപ ഉദിച്ചുവല്ലോ.” (തീത്താ, 2:11). ദൈവം ഒരു വ്യക്തിയെ വേർതിരിച്ചു വിളിക്കുന്നതു കൃപയാലാണ്. (ഗലാ, 1:15). കൃപയാൽ നാം രക്ഷിക്കപ്പെട്ടിരിക്കുന്നു. (എഫെ, 2:8). ക്രിസ്തീയ ജീവിതത്തിൽ നിലനില്ക്കാൻ നമ്മെ സഹായിക്കുന്നതും ദൈവകൃപയാണ്. (പ്രവൃ, 11:23; 20:32; 2കൊരി, 9:14). വിശ്വാസിയുടെ നിത്യരക്ഷ സുഭദ്രമാക്കുന്നതു കൃപയാലുള്ള ദൈവത്തിന്റെ പ്രാരംഭ പ്രവർത്തനമെന്നപോലെ തന്നെ ക്രിസ്തീയ ജീവിതത്തെ പൂർണ്ണമായി നിലനിർത്തുന്നതും, വീഴാതവണ്ണം കാത്തുകൊള്ളുന്നതും കൃപയാണ്. താഴ്മയുളളവർക്കു ദൈവം പ്രത്യേകം കപ നല്കുന്നു. (1പത്രൊ, 5:5; യാക്കോ, 4:6). പ്രതിഫലം എന്ന അർത്ഥത്തിൽ ഒരിടത്തു കൃപ (ഖാറിസ്) ഉപയോഗിച്ചിട്ടുണ്ട്. (ലൂക്കൊ, 6:32). ഇവിടെ സത്യവേദ പുസ്തകത്തിൽ ഉപചാരം എന്നു പരിഭാഷ. ഇതേ സന്ദർഭത്തിൽ മത്തായി ഉപയോഗിക്കുന്നതു കുലി അഥവാ പ്രതിഫലം എന്നർത്ഥമുള്ള മിസ്തൊസ് അത്രേ. (മത്താ, 5:46).

പുതിയനിയമ ലേഖനങ്ങളുടെ ഒടുവിൽ എഴുത്തുകാർ വായനക്കാർക്കു ദൈവകൃപ ആശംസിക്കുന്നു: (റോമ, 16:20; 1കൊരി, 16:23; 2കൊരി, 13:14; ഗലാ, 6:18; എഫെ, 6:24; ഫിലി, 4:23; കൊലൊ, 4:18; 1തെസ്സ, 5:28; തീത്തോ, 1:4; ഫിലേ, 1:3; എബ്രാ, 13:25). ചില ലേഖനങ്ങളുടെ ആരംഭംത്തിലും ഈ ആശംസകാണാം: (റോമ, 1:4; 1കൊരി, 1:3; 2കൊരി, 1:2; ഗലാ, 1:4; എഫെ, 1:2; ഫിലി, 1:2; കൊലൊ, 1:2; 1തെസ്സ, 1:2; 2തെസ്സ, 1:2; 1തിമൊ, 1:2; 2തിമൊ, 1:2; തീത്തൊ, 3:15; ഫിലേ, 1:25; 1പത്രൊ, 1:2; 2പത്രൊ, 1:2; 2യോഹ, 3; വെളി, 1:5).

താഴ്മ

താഴ്മ (humility)

അഹങ്കാരത്തിന്റെയും അക്രമത്തിന്റെയും വിരുദ്ധ കോടിയിൽ നില്ക്കുന്ന ഗുണമാണ് താഴ്മ. മറ്റുള്ളവരെ കീഴമർത്താനുള്ള നൈസർഗ്ഗികമായ വാസനയ്ക്ക് താഴ്മ കടിഞ്ഞാണിടുന്നു. ദൈവിക ഗുണങ്ങളിലൊന്നാണു താഴമ. മനുഷ്യനെ തൃക്കൺപാർക്കാൻ വേണ്ടി അത്യുന്നതനായ ദൈവം ഭൂമിയിലേക്കു കുനിഞ്ഞു നോക്കുന്നു. (സങ്കീ, 113:4-6). ദൈവത്തെ ശരണമാക്കുന്നതിനും ദൈവത്തിൽ പൂർണ്ണമായി ആശ്രയിക്കുന്നതിനും താഴ്മ സഹായിക്കും. (സെഫ, 3:12). ദൈവം താഴ്മയുള്ളവനെ കടാക്ഷിക്കുകയും ഉയർത്തുകയും രക്ഷകൊണ്ടലങ്കരിക്കുകയും ചെയ്യുന്നു. (ഇയ്യോ, 22:9; സങ്കീ, 138:6; 147:6; 149:4). താഴ്മയുള്ളവരോടുകൂടെ താഴ്മയുള്ളവനായിരിക്കുകയാണ് നല്ലത്. (സദൃ, 16:19). താഴ്മയുള്ളവരുടെ പക്കൽ ജ്ഞാനം ഉണ്ട്. താഴ്മയുടെ ഫലമാണ് ധനവും മാനവും ജീവനും. (സദൃ, 11:2; 18:12; 22:4).യേശുക്രിസ്തു താഴ്മയും സൗമ്യതയും ഉള്ളവനാണ്. (മത്താ, 11:29). യേശു യെരുശലേമിൽ ജൈത്രപ്രവേശം ചെയ്തതിനെക്കുറിച്ചുള്ള പ്രവചനത്തിൽ തന്നെ താഴ്മ സുചിതമാണ്. “അവൻ നീതിമാനും ജയശാലിയും താഴ്മയുള്ളവനുമായി കഴുതപ്പുറത്തും പെൺകഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തും കയറിവരുന്നു.” (സെഖ, 9:9).

ജഡധാരണത്തിൽ ക്രിസ്തു തന്നെത്താൻ താഴ്ത്തി. (ഫിലി, 2:5-8). ഒരു ഭൃത്യൻ്റെ സ്ഥാനത്തുനിന്നുകൊണ്ട് സ്വന്തം ശിഷ്യന്മാരുടെ പാദം കഴുകി. (യോഹ, 13:4,5). ചുങ്കക്കാരുടെയും പാപികളുടെയും ഇടയിൽ വസിക്കുകയും അവരോടൊത്തു ഭക്ഷിക്കുകയും ചെയ്തു. (ലൂക്കൊ, 15:1,2). തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ ഉയർത്തപ്പെടും (ലൂക്കൊ, 14:11) എന്നു യേശു പഠിപ്പിച്ചു. “ആകയാൽ ഈ ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആകുന്നു.” (മത്താ, 18:4). ദൈവം താഴ്മയുള്ളവർക്കു കൃപ നല്കുന്നു. “അതുകൊണ്ടു അവൻ തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴിൽ താണിരിപ്പിൻ” (1പത്രൊ, 5:6) എന്നു അപ്പൊസ്തലൻ ഉപദേശിക്കുന്നു. ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടക്കാനാണ് ദൈവം മനുഷ്യനോടാവശ്യപ്പെടുന്നത്. (മീഖാ, 6:8).

ദൈവഭക്തി

ദൈവഭക്തി (Godliness)

ദൈവത്തിനു പ്രസാദകരമായ പ്രവൃത്തികൾ ചെയ്തുകൊണ്ടുള്ള ദൈവോന്മുഖതയാണു ദൈവഭക്തി. (1തിമൊ, 2:10; 4:7, 8; 6:5,6). ആശ്രയിക്കുക, സേവിക്കുക എന്നീ അർത്ഥങ്ങളുള്ള ഭജ് ധാതുവിൽ നിന്നാണു ഭക്തി എന്ന പദത്തിന്റെ ഉൽപത്തി. എല്ലായ്പ്പോഴും ദൈവത്തിങ്കലേക്കു നോക്കുകയും ദൈവത്തിനു പ്രസാദകരമായി ജീവിക്കുകയും ചെയ്യുന്നതാണ് ഭക്തി. ശരിയായ വിശ്വാസവും ശരിയായ പ്രവൃത്തിയും ഭക്തിയുടെ ഘടകങ്ങളാണ്. ഭക്തനെക്കുറിക്കുന്ന ‘ഹാസീദ്’ എന്ന എബ്രായപദം പഴയനിയമത്തിൽ 32 തവണ പ്രയോഗിച്ചിട്ടുണ്ട്. അവയിൽ 25-ഉം സങ്കീർത്തനങ്ങളിലാണ്. ആർദ്രസ്നേഹം (ഹെസെദ്) പ്രായോഗികമാക്കുന്നവനാണ് ഹാസീദ്. ഈ പദത്തിന്റെ ആദ്യപ്രയോഗം ആവർത്തനം 33-8-ലാണ്. ഇവിടെ മനുഷ്യസൂചകമാണു ഹാസീദ്. സങ്കീർതനം 145:17-ൽ ഹാസീദ് (ദയാലു) ദൈവത്തെക്കുറിക്കുന്നു. പുതിയനിയമത്തിൽ രണ്ടു ഗ്രീക്കുപദങ്ങളാണ് പ്രാധാന്യേന പ്രയോഗിച്ചുകാണുന്നത്. അവ ‘യൂസെബെയ, തെയോസെബെയ എന്നിവയാണ്. യൂ (നല്ലവണ്ണം) + സെബൊമായി (ഭജിക്കുക) = യൂസെബെയ. ദൈവത്തോടുളള ഭയം അഥവാ ആദരവ് എന്നതാണ് തെയോസബെയുടെ അർത്ഥം. തെയോ (ദൈവം) + സെബൊമായി (ഭജിക്കുക). ഈ പദത്തെ ദൈവഭക്തിയെന്നു പരിഭാഷ ചെയ്തിരിക്കുന്നു. ഇതിന്റെ നാമവിശേഷണത്തെ (തെയോസെബീസ്) ദൈവഭക്തനെന്നു യോഹന്നാൻ 9-31-ൽ തർജ്ജമ ചെയ്തിട്ടുണ്ട്. ഭയഭക്തി എന്ന അർത്ഥത്തിൽ ‘യൂലബെയാ’ എന്ന മറ്റൊരു ഗ്രീക്കു പദവും പ്രയോഗിച്ചിട്ടുണ്ട്. (എബ്രാ, 5:7; 12:28; 11:7). ദൈവത്തോടുള്ള ഭയഭക്തിയും ആരാധനയും ഗ്രീക്കുപയോഗങ്ങളിൽ വ്യക്തമായിക്കാണാം. യാക്കോബ് ഭക്തിയെ ഇപ്രകാരം വിശദമാക്കുന്നു. “പിതാവായ ദൈവത്തിന്റെ മുമ്പാകെ ശുദ്ധവും നിർമ്മലവുമായുളള ഭക്തിയോ: അനാഥരെയും വിധവമാരെയും അവരുടെ സങ്കടത്തിൽ ചെന്നു കാണുന്നതും ലോകത്താലുളള കളങ്കം പറ്റാതവണ്ണം തന്നെത്താൻ കാത്തുകൊള്ളുന്നതും ആകുന്നു.” (യാക്കോ, 1:27). ഇവിടെ ഭക്തിയെക്കുറിക്കുന്ന ഗ്രീക്കുപദം ‘ത്രീസ്കെയ’ ആണ്. മതത്തിന്റെ ബാഹ്യവശത്തെ പ്രതിനിധാനം ചെയ്യുന്ന പദമാണിത്. ആദരപൂർവ്വമായ ആരാധനയെക്കുറിക്കുന്ന പദമാണ് ‘തെയൊസെബെയ.’ ‘അസെബെയ’ (അഭക്തി, ഭക്തിവിരുദ്ധമായത്) എന്ന ഗ്രീക്കുപദം പുതിയനിയമത്തിൽ ആറുതവണ പ്രയോഗിച്ചിട്ടുണ്ട്. (റോമ, 1:18; 11:26; 2തിമൊ, 2:16; തീത്താ, 2:13; യൂദാ,’15, 18).

പുതിയനിയമത്തിൽ ഇടയലേഖനങ്ങളിലാണ് ഭക്തിയോടു ബന്ധപ്പെട്ട പ്രയോഗങ്ങളധികവും കാണപ്പെടുന്നത്. അപ്പൊസ്തലനായ പത്രോസ് തന്റെ രണ്ടാം ലേഖനത്തിൽ നാലു പ്രാവശ്യം (2പത്രൊ, 1:3, 6,7; 3:11) യുസെബെയ എന്ന പദം പ്രയോഗിച്ചിട്ടുണ്ട്. 1തിമൊഥെയൊസ് 6:3-ൽ ‘ഭക്തിക്കൊത്ത ഉപദേശം’ എന്നു അപ്പൊസ്തലൻ പറയുന്നുണ്ട്. ഉപദേശം ഭക്തിസംവർദ്ധകം ആയിരിക്കണം. സത്യത്തിന്റെ പരിജ്ഞാനം ഭക്തിക്കനുസാരമാണ്. (തീത്തോ, 1:3). ദൈവഭക്തിയുടെ മർമ്മം എന്താണെന്നു പൗലൊസ് വെളിപ്പെടുത്തുന്നു. “അവൻ ജഡത്തിൽ വെളിപ്പെട്ടു; ആത്മാവിൽ നീതീകരിക്കപ്പെട്ടു; ദൂതന്മാർക്കു പ്രത്യക്ഷനായി; ജാതികളുടെ ഇടയിൽ പ്രസംഗിക്കപ്പെട്ടു; ലോകത്തിൽ വിശ്വസിക്കപ്പെട്ടു; തേജസ്സിൽ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മർമ്മം സമ്മതമാംവണ്ണം വലിയതാകുന്നു.” (1തിമൊ, 3:16). ക്രിസ്തുവിനെ സംബന്ധിച്ചുള്ള വിശ്വാസസത്യങ്ങളിൽ മൂർത്തമായിരിക്കുകയാണ് ഭക്തി. ഭക്തിയുടെ ബാഹ്യസ്വരൂപം യാക്കോബിന്റെ ലേഖനത്തിൽ (1:27) കാണാം.

ഇയ്യോബ് ദൈവഭക്തനായിരുന്നു. (1:1). അവൻ ഭക്തി മുറുകെപ്പിടിക്കുന്നുവെന്നു ദൈവം സാക്ഷ്യപ്പെടുത്തി. (2:31). ഭാര്യ ഇയ്യോബിനു നല്കിയ ഉപദേശമാണ് “നീ ഇനിയും നിന്റെ ഭക്തി മുറുകെ പിടിച്ചുകൊണ്ടിരിക്കുന്നുവോ? ദൈവത്തെ ത്യജിച്ചു പറഞ്ഞു മരിച്ചുകളക.” (2:9). എന്നാൽ ഭക്തിയുടെ ദൃഢനിശ്ചയമാകട്ടെ “അവൻ എന്നെ കൊന്നാലും ഞാൻ അവനെത്തന്നെ കാത്തിരിക്കും.” (13:15). അനന്യാസ്, സ്തെഫാനൊസിനെ അടക്കിയവർ എന്നിവർ ഭക്തിയുള്ള പുരുഷന്മാരായിരുന്നു. (പ്രവൃ, 8:2; 22:2). ബിലെയാം ഭക്തന്മാർ മരിക്കുംപോലെ മരിക്കാനാഗ്രഹിച്ചു. (സംഖ്യാ, 23:10).

‘ഭക്തൻ’ എന്ന പ്രയോഗം അധികവും സങ്കീർത്തനങ്ങളിലാണ്. ഭക്തന്മാർ കുറഞ്ഞുപോകുന്നതിൽ ദാവീദ് വ്യാകുലപ്പെടുന്നു. (സങ്കീ, 12:1). ഭക്തന്മാർക്കു ദൈവത്തിൽ നിന്നു കിട്ടുന്ന നന്മകൾ അനവധിയാണ്. യഹോവയുടെ സഖിത്വം (25:14), നന്മ (31:19), സമാധാനം (85:8), രക്ഷ (85:9), ദയ, കരുണ (103:11, 17), ആഹാരം (111:5) എന്നിവ ഭക്തന്മാർക്കു ലഭിക്കുന്നു. ഭക്തന്മാരുടെ ആഗ്രഹം ദൈവം നിവർത്തിച്ചു കൊടുക്കയും അവർ മഹത്വത്തിൽ ആനന്ദിക്കുകയും ചെയ്യും. (45:19; 149:5). അവർക്കൊന്നിനും മുട്ടില്ല. (34:9). ഭക്തൻ കണ്ടെത്താകുന്ന കാലത്ത് ദൈവത്തോട് പ്രാർത്ഥിക്കും. (32:6). യഹോവയുടെ ദൃഷ്ടി അവരുടെ മേലുണ്ട്. (33:18). യഹോവയുടെ ദൂതൻ ഭക്തന്മാർക്കു ചുറ്റും പാളയമിറങ്ങി അവരെ വിടുവിക്കുന്നു. (34:7). അവരുടെ പ്രാണങ്ങളെ യഹോവ കാക്കുന്നു. (97:10). ഭക്തന്മാർരുടെ മരണം യഹോവയ്ക്ക വിലയേറിയതാണ്. (116:15). ഭക്തന്മാർ സന്തോഷിക്കുകയും ഘോഷിച്ചുല്ലസിക്കുകയും ദൈവത്തെ വാഴ്ത്തുകയും ചെയ്യും. (132:9, 16; 145:10).

നന്മ

നന്മ (goodness)

തോവ് എന്ന് എബ്രായപദം 559 തവണ പഴയനിയമത്തിൽ പ്രയോഗിച്ചിട്ടുണ്ട്. പ്രസ്തുത പദത്തിനു ഇമ്പം, സന്തോഷം, അഭികാമ്യം, അനുകൂലം എന്നീ അർത്ഥങ്ങളുണ്ട്. (ഉല്പ, 49:15; 40:16; 1ശമൂ, 25:8). ഇന്ദ്രിയങ്ങളെ സന്തോഷിപ്പിക്കുന്നതും മാനസികമായ സംതൃപ്തി നല്കുന്നതും ‘തോവ്’ ആണ്. ‘തോവ്’നെ സെപ്റ്റജിന്റിൽ, അഗതൊസ്, കലൊസ് എന്നീ പദങ്ങളെക്കൊണ്ട് പരിഭാഷ ചെയ്തിട്ടുണ്ട്. ഗ്രക്കരുടെ സങ്കല്പമനുസരിച്ചു മാതൃകാപുരുഷൻ സുന്ദരനും സുഗുണനും (കലൊസ്, കഗതൊസ്) ആണ്. ആന്തരിക മൂല്യവും പ്രയോജനവും നന്മ എന്ന പദം ഉൾക്കൊള്ളുന്നു. ഉപ്പു നല്ലതു തന്നെ എന്ന വാക്യത്തിൽ പ്രയോജനം ആണ് വിവക്ഷിതം. (ലൂക്കൊ, 14:34). സ്വർണ്ണത്തെപ്പോലെ ഗുണത്തിൽ മേത്തരമായതിനെ ചൂണ്ടിക്കാണിക്കുവാനും തോവ് പ്രയോഗിച്ചിട്ടുണ്ട്. (ഉല്പ, 2:12). ഫലപുഷ്ടിയുള്ള നിലം നല്ല നിലമാണ്. (ലൂക്കൊ, 8:8). മേത്തരമായ കന്നുകാലികളും നല്ലതാണ്. (ഉല്പ, 41:26).

ദൈവശാസ്ത്രവീക്ഷണത്തിൽ നന്മയുടെ മാനദണ്ഡം വ്യത്യസ്തമാണ്. പരമമായ നന്മയ്ക്ക് അധിഷ്ഠാനം ദൈവമാണ്. തിരുവെഴുത്തുകളിൽ നന്മ ഒരു കേവല ഗുണമോ മാനവിക ആദർശമോ അല്ല. അതു പ്രധാനമായും ദൈവം എന്താണ്?, എന്തു ചെയ്യുന്നു? തന്റെ സൃഷ്ടികളിൽ താൻ അംഗീകരിക്കുന്ന ഗുണം എന്താണു? എന്നിവയെ വിവക്ഷിക്കുന്നു. നന്മയെക്കുറിച്ചുള്ള പൂർവ്വധാരണകൾ വച്ചുകൊണ്ട് ദൈവത്തെ അളക്കുകയല്ല മറിച്ചു ദൈവവുമായി ബന്ധപ്പെടുത്തി നന്മയെ നിർവ്വചിക്കുകയാണ് നല്ലത്. ദൈവത്തിന്റെ വിശുദ്ധി, നീതി, സത്യം, സ്നേഹം, ഔദാര്യം, ദയ, കൃപ, തുടങ്ങിയ ഗുണങ്ങൾ നന്മയിൽ ഉൾപ്പെടുന്നു. ഈ വിശാലമായ അർത്ഥത്തിലാണ് യുവാവായ ഭരണാധിപനോടു “എന്നെ നല്ലവൻ എന്നു പറയുന്നതു എന്ത്? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല “എന്നു യേശു പറഞ്ഞത്. (മർക്കൊ, 10:18). ദൈവം നല്ലവൻ എന്നു സങ്കീർത്തനങ്ങൾ ആവർത്തിച്ചുരുവിടുന്നു. “യഹോവയെ സ്തുതിപ്പിൻ; യഹോവെക്കു സ്തോത്രം ചെയ്വിൻ; അവൻ നല്ലവനല്ലോ; അന്റെ ദയ എന്നേക്കും ഉള്ളത്.” (സങ്കീ, 106:1). “യഹോവ നല്ലവൻ എന്നു രുചിച്ചറിവിൻ; അവനെ ശരണം പ്രാപിക്കുന്ന പുരുഷൻ ഭാഗ്യവാൻ.” (സങ്കീ, 34:8). ദൈവസൃഷ്ടി മുഴുവൻ നല്ലതാണ്. (ഉല്പ, 1:31). ദൈവത്തിൽ നിന്നു ലഭിക്കുന്ന ദാനങ്ങൾ നല്ല ദാനങ്ങൾ ആണ്. “എല്ലാ നല്ല ദാനവും തികഞ്ഞവരം ഒക്കെയും ഉയരത്തിൽ നിന്നു വെളിച്ചങ്ങളുടെ പിതാവിങ്കൽ നിന്നു ഇറങ്ങിവരുന്നു.” (യാക്കോ, 1:17). നേരോടെ നടക്കുന്നവർക്കു അവൻ ഒരു നന്മയും മുടക്കുകയില്ല. (സങ്കീ, 84:11). കൂടാതെ ദൈവത്തെ സ്നേഹിക്കുന്നവർക്കു നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു സകലവും നന്മയ്ക്കായി കൂടി വ്യാപരിക്കുന്നു. (റോമ, 8:28).

ദൈവം എല്ലാവർക്കും നല്ലവനാണ്. സകല ജഡത്തിനും അവൻ ആഹാരം നല്കുന്നു. (സങ്കീ, 136:25). നല്ലവർക്കും ദുഷ്ടന്മാർക്കും തന്റെ ദാനങ്ങളായ മഴയും വെയിലും അവൻ നല്കുന്നു. (മത്താ, 5:45; പ്രവൃ, 14:17). യഹോവ എല്ലാവർക്കും നല്ലവൻ; തന്റെ സകല പ്രവൃത്തികളോടും അവനു കരുണ തോന്നുന്നു. എല്ലാവരുടെയും കണ്ണ് നിന്നെ നോക്കി കാത്തിരിക്കുന്നു. (സങ്കീ, 145:9, 15). ദൈവത്തെ സ്തുതിക്കുന്നതിനും ദൈവത്തിനു സ്തോത്രം ചെയ്യുന്നതിനും കാരണം അവന്റെ നന്മയും നിത്യദയയുമാണ്. (സങ്കീ, 106:1; 107:1; 118:1; 136:1). യിസ്രായേലിന്റെ ആരാധനയിലെ മുഖ്യവിഷയം ഇതാണെന്നു യിരെമ്യാവു രേഖപ്പെടുത്തുന്നു. (33:11).

ചില സന്ദർഭങ്ങളിൽ നന്മയ്ക്കു പകരം തിന്മയും കഷ്ടതയും ഇയ്യോബിന്റെ ജീവിതത്തിലെന്നപോലെ (2:10) നേരിട്ടെന്നു വരാം. എന്നാൽ അവിടെയും ദൈവം ഒരു പ്രത്യേക അർത്ഥത്തിൽ നന്മ ചെയ്യുകയാണ്. ഒരു മനുഷ്യൻ കഷ്ടം സഹിക്കുന്നത് നല്ലതാണ്. ഗുണീകരണത്തിനും, നന്മയ്ക്കും, വിശ്വാസത്തിൽ ബലപ്പെടുന്നതിനും, സഹിഷ്ണുതയ്ക്കും അതു കാരണമായിതീരുന്നു. (എബ്രാ, 12:10). ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അല്പനേരത്തേക്കുള്ള ലഘുവായ കഷ്ടം തേജസ്സിന്റെ നിത്യഘന പ്രാപ്തിക്കു ഹേതുവാണ്. (2കൊരി, 4:17).

ദൈവഹിതത്തോടുള്ള ആനുരൂപ്യമാണ് മനുഷ്യനെയും വസ്തുക്കളെയും നല്ലതായി മാറ്റുന്നത്. ദൈവത്തിൽ വിശ്വസിക്കുന്നവർക്കു മാത്രമേ സൽപ്രവൃത്തികളിൽ ഉത്സാഹികളായിരിക്കുവാൻ കഴിയു. (തീത്തൊ, 3:8). പാപത്തിന്റെ ദാസ്യത്തിൽ അയിരിക്കുന്നതുകൊണ്ട് വീണ്ടെടുക്കപ്പെടാത്തവർക്കു ദൈവഹിതം പ്രവർത്തിക്കുവാൻ കഴിയുകയില്ല. (റോമ, 3:9). ദൈവം മനുഷ്യനെ രക്ഷിച്ചതു സൽപ്രവൃത്തികൾക്കു വേണ്ടിയാണ്. (എഫെ, 2:10; കൊലൊ, 1:10; 2കൊരി, 9:8). സന്ദർഭം ലഭിക്കുന്നതനുസരിച്ചു നല്ലപ്രവൃത്തി ചെയ്യുവാൻ ഒരുങ്ങിയിരിക്കേണ്ടതാണ്. (2തിമൊ, 2:21; തീത്തൊ, 3:1). സൽപ്രവൃത്തികളുടെ ലക്ഷ്യം ദൈവനാമ മഹത്വമാണ്. (1കൊരി, 10:31; 1പത്രൊ, 2:12). ഏതിന്റെയും ആധിക്യവും മേന്മയും വിവക്ഷിക്കുകയാണ് വിശേഷണരൂപമായ നന്മ.

പരിജ്ഞാനം

പരിജ്ഞാനം (knowledge)

പ്രായോഗികമായ ജ്ഞാനമാണ് പരിജ്ഞാനം. അറിവ് പ്രായോഗികതലത്തിൽ പ്രയോജനപ്പെടുമ്പോൾ പരിജ്ഞാനമായി മാറുന്നു. പരിജ്ഞാനവും തിരിച്ചറിവും യഥാർത്ഥ ജ്ഞാനത്തിന്റെ ഘടകങ്ങളാണ്. (നെഹെ, 10:28). പ്രായോഗിക ജ്ഞാനം ഉപദേശിക്കുന്ന സദൃശവാക്യങ്ങളിലാണ് പരിജ്ഞാനം എന്ന പ്രയോഗം ധാരാളമായി കാണുന്നത്. പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനമാണ് വിവേകം. (സദൃ, 9:10). പരിജ്ഞാനം അടക്കിവയ്ക്കുന്നവരാണ് ജ്ഞാനികൾ. (10:14). വിവേകികളും പ്രബോധനം ഇഷ്ടപ്പെടുന്നവരും മാത്രമേ പരിജ്ഞാനം ഇഷ്ടപ്പെടു. (12:1, 23). ബുദ്ധിമാന്റെ ഹൃദയം പരിജ്ഞാനം സമ്പാദിക്കുകയും ജ്ഞാനികളുടെ ചെവി പരിജ്ഞാനം അന്വേഷിക്കുകയും ചെയ്യുന്നു. (18:15). മേത്തരമായ പൊന്നിനെക്കാൾ ശ്രഷ്ഠമാണു പരിജ്ഞാനം. (8:10). പരിജ്ഞാനത്തോടെ പ്രവർത്തിക്കുന്നതിന് സൂക്ഷ്മബുദ്ധി ആവശ്യമാണ്. (13:16). പരിജ്ഞാനം മനസ്സിനു് ഇമ്പമാണ്. (2:10). ദുഷ്ടൻ പരിജ്ഞാനം അറിയുന്നില്ല. (29:7).

മനുഷ്യൻ പ്രാപിക്കേണ്ടത് ദൈവപരിജ്ഞാനമാണ്. (സദൃ, 2:5; എഫെ, 1:17). ബുദ്ധിയും പരിജ്ഞാനവും ലഭിക്കുന്നത് ദൈവത്തിൽനിന്നാണ്. (സങ്കീ, 119:66). ദൈവത്തിന്റെ സമ്പൂർണ്ണമായ പരിപാലനത്തെക്കുറിച്ചുള്ള പരിജ്ഞാനം മനുഷ്യബുദ്ധിക്കു അത്യത്ഭുതമാണ്. (സങ്കീ, 139:6). ഭൂമി യഹോവയുടെ പരിജ്ഞാനം കൊണ്ട് പൂർണ്ണമാകുമ്പോൾ ആരും ആർക്കും ഒരു ദോഷവും ചെയ്യുകയില്ല. (യെശ, 11:39). ജനം നശിക്കുന്നതിനു കാരണം പരിജ്ഞാനമില്ലാത്തതാണ്. (ഹോശേ, 4:6).

മശീഹയുടെമേൽ പരിജ്ഞാനത്തിന്റെ ആത്മാവ് ആവസിക്കുമെന്ന് യെശയ്യാവു പ്രവചിച്ചു. (11:2). നീതിമാനായ ദാസൻ തന്റെ പരിജ്ഞാനംകൊണ്ട് പലരെയും നീതീകരിക്കും. (യെശ, 53:11). യേശുക്രിസ്തു ദൈവതേജസ്സിന്റെ പരിജ്ഞാനമാണ്. (2കൊരി, 4:6; 6:6; 8:7; 10:5). ക്രിസ്തു ദൈവമർമ്മത്തിന്റെ പരിജ്ഞാനമാണ്; അവനിൽ ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങൾ ഗുപ്തമായിരിക്കുന്നു. (കൊലൊ, 2:2,3). ക്രിസ്തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ശ്രഷ്ഠതനിമിത്തം അപ്പൊസ്തലൻ എല്ലാം ചേതം എന്നെണ്ണി. (ഫിലി, 3:8). പരിശുദ്ധാത്മാവു നൽകുന്ന കൃപാവരങ്ങളിലൊന്നാണ് പരിജ്ഞാനത്തിൻ വചനം. (1കൊരി, 12:8). ദൈവത്തിന്റെയും ക്രിസ്തുവിന്റെയും പരിജ്ഞാനം കൃപയും സമാധാനവും നൽകുകയും ജീവനും ഭക്തിക്കും ആവശ്യമായതെല്ലാം പ്രദാനം ചെയ്യുകയും ചെയ്യുന്നു. (2പത്രൊ, 1:2,3). ക്രിസ്ത്യാനി പരിജ്ഞാനത്തിൽ വളരേണ്ടതാണ്. (2പത്രൊ, 1:6, 8; 3:18).