കല്പനകൾ (ഒരു വിഹഗവീക്ഷണം)
‘കത്തോലിക്ക സഭ പത്തുകല്പനകൾ തിരുത്തിയോ?’ എന്ന തലക്കെട്ടിൽ ഒരു പുരോഹിതൻ്റെ വീഡിയോ യാദൃശ്ചികമായി കാണുവാനിടയായി. അത് കണ്ടുതുടങ്ങിയപ്പോഴാണ് കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും ഉപയോഗിക്കുന്ന പത്തുപ്രമാണങ്ങൾ തമ്മിൽ ഒരു വ്യത്യാസമുണ്ടല്ലോ എന്നോർക്കുന്നത്. എന്നാൽ, വീഡിയോ മുഴുവൻ കണ്ടുകഴിഞ്ഞപ്പോൾ, രണ്ടു കൂട്ടരുടേയും പ്രമാണങ്ങൾ തമ്മിലുള്ള വ്യത്യാസത്തേക്കാളുപരി, അതിൽ അച്ചൻ പറഞ്ഞിരിക്കുന്ന മുഴുവൻ കാര്യങ്ങളുടേയും വസ്തുതകൾ ദൈവവചനവുമായി പരിശോധിക്കണമെന്ന് എൻ്റെയുള്ളിൽ ഒരു തോന്നലുണ്ടായി. അതിൻ്റെ പരിണിതഫലമാണ് ഈ ലേഖനം. അച്ചൻ ആ വീഡിയോയിൽ പറഞ്ഞ പ്രസക്ത ഭാഗങ്ങളാണ് ഇവിടെ വിശകലനം ചെയ്യാൻ ഉദ്ദേശിക്കുന്നത്. ആറ് പോയിൻ്റായിട്ടാണ് നാമത് ചിന്തിക്കുന്നത്. അതിനുമുമ്പ് കത്തോലിക്കരുടേയും, പ്രൊട്ടസ്റ്റൻ്റുകാരുടേയും, യഹൂദൻ്റേയും പത്തുകല്പനളുടെ വിഭജനം നോക്കാം. ബൈബിളിൽ പ്രമാണങ്ങളുടെ രണ്ട് പട്ടികയാണുള്ളത്; പുറപ്പാടിലും ആവർത്തനത്തിലും. യഹൂദന് പുറപ്പാട് മുതൽ ആവർത്തനംവരെ 613 പ്രമാണങ്ങളുണ്ട്. എന്നാൽ ബൈബിളിലെ പഴയനിയമത്തിൻ്റെ എല്ലാ പ്രമാണങ്ങളുടേയും അടിസ്ഥാനം ദൈവം തൻ്റെ വിരലുകൾകൊണ്ട് മോശയ്ക്ക് എഴുതിക്കൊടുത്ത ഈ പത്തു പ്രമാണങ്ങളാണ്. ഇതിൽ ചില പ്രമാണങ്ങൾ വിശദമായും, മറ്റുചിലത് ചുരുക്കമായിട്ടുമാണ് നൽകിയിരിക്കുന്നത്. എന്നാൽ, എല്ലാ വിഭാഗങ്ങളും ഈ കല്പനകളുടെ സംക്ഷിപ്ത രൂപമാണ് ‘പത്തു പ്രമാണങ്ങൾ’ എന്നപേരിൽ പിൻപറ്റുന്നത്. അത് പട്ടികയായി ചുവടെ ചേർക്കുന്നു:
കത്തോലിക്കാ പ്രമാണം:
1. നിന്റെ കര്‍ത്താവായ ദൈവം ഞാനാകുന്നു. ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്.
2. ദൈവത്തിന്റെ തിരുനാമം വൃഥാ പ്രയോഗിക്കരുത്.
3. കര്‍ത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കണം.
4. മാതാപിതാക്കന്മാരെ ബഹുമാനിക്കണം.
5. കൊല്ലരുത്.
6. വ്യഭിചാരം ചെയ്യരുത്.
7. മോഷ്ടിക്കരുത്.
8. കള്ളസാക്ഷി പറയരുത്.
9. അന്യന്റെ ഭാര്യയെ മോഹിക്കരുത്.
10. അന്യന്റെ വസ്തുക്കള്‍ മോഹിക്കരുത്.
പ്രൊട്ടസ്റ്റന്റ് പ്രമാണം:
1. നിന്റെ കര്‍ത്താവായ ദൈവം ഞാനാകുന്നു. ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്.
2. യാതൊന്നിന്റേയും വിഗ്രഹം ഉണ്ടാക്കരുത്.
3. ദൈവത്തിന്റെ തിരുനാമം വൃഥാ പ്രയോഗിക്കരുത്.
4. കര്‍ത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കണം.
5. മാതാപിതാക്കന്മാരെ ബഹുമാനിക്കണം.
6. കൊല്ലരുത്.
7. വ്യഭിചാരം ചെയ്യരുത്.
8. മോഷ്ടിക്കരുത്.
9. കള്ളസാക്ഷി പറയരുത്.
10. അന്യന്റെ യാതൊന്നും മോഹിക്കരുത്.
യഹൂദാ പ്രമാണം:
1. നിന്റെ കര്‍ത്താവായ ദൈവം ഞാനാകുന്നു.
2. ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്.
3. ദൈവത്തിന്റെ തിരുനാമം വൃഥാ പ്രയോഗിക്കരുത്.
4. കര്‍ത്താവിന്റെ ദിവസം പരിശുദ്ധമായി ആചരിക്കണം.
5. മാതാപിതാക്കന്മാരെ ബഹുമാനിക്കണം.
6. കൊല്ലരുത്.
7. വ്യഭിചാരം ചെയ്യരുത്.
8. മോഷ്ടിക്കരുത്.
9. കള്ളസാക്ഷി പറയരുത്.
10. അന്യന്റെ യാതൊന്നും മോഹിക്കരുത്.
പൂർണ്ണരൂപം — ഓരോന്നിൻ്റേയും വിഭജനത്തിൻ്റെ ബൈബിളിലുള്ള പൂർണ്ണരൂപം കാണാൻ ‘പൂർണ്ണരൂപം’ എന്നതിൽ ക്ലിക്ക് ചെയ്യുക.
മേല്പറഞ്ഞ പ്രമാണങ്ങളുടെ മൂന്നു പട്ടികകളും പരിശോധിച്ചാൽ, കത്തോലിക്കരുടേയും, പ്രൊട്ടസ്റ്റന്റുകാരുടേയും പ്രമാണങ്ങളുടെ സംക്ഷിപ്ത രൂപവും, വാക്യവിഭജനവും യഹൂദന്മാരിൽനിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നതായി കാണാൻ കഴിയും. യഹൂദാജനതയ്ക്കാണ് നിയമവും പ്രമാണം നൽകപ്പെട്ടത് എന്നതിനാലും, ഹെബ്രായ ഭാഷയിലാണ് പഴയനിയമം എഴുതപ്പെട്ടത് എന്നതിനാലും, ആ ഭാഷയിൽ അവരുടെ പണ്ഡിതന്മാരേക്കാൾ ശ്രേഷ്ഠത അവകാശപ്പെടാൻ നമുക്ക് സാധിക്കാത്തതുകൊണ്ടും, അവരുടെ സംക്ഷിപ്ത രൂപവും വാക്യവിഭജനവുമാണ് കൃത്യതയുള്ളതെന്ന് മനസ്സോടെ സമ്മതിക്കേണ്ടിവരും. കൂടാതെ, അവരുടെ വിഭജനത്തിന് ബൈബിളിൽ തെളിവുമുണ്ട്. യഹൂദന്മാരുടെ ഒന്നും രണ്ടും കല്പനയും പത്താം കല്പനയുമാണ് നമ്മുടേതിൽനിന്ന് വ്യത്യാസമായിരിക്കുന്നത്. അതായത്, നിയമാവർത്തനത്തിലെ 6-ാം വാക്യം യഹൂദന്മാർ ഒന്നാം പ്രമാണം ആക്കിയപ്പോൾ, പ്രൊട്ടസ്റ്റൻ്റുകാർ 6-7 വാക്യങ്ങളും, കത്തോലിക്കർ 6-10 വാക്യങ്ങളും ഒന്നാംപ്രമാണം ആക്കിയിരിക്കയാണ്. RNKJV-യിൽ നിന്ന് 6-ാം വാക്യം ചേർക്കുന്നു: “I am יהוה thy Elohim, which brought thee out of the land of Egypt, from the house of bondage.” ഈ ബൈബിളിൽ ദൈവത്തിൻ്റെ നാമമായ യാഹ്വേ അഥവാ, യഹോവ (יהוה) എന്ന പദം ഹെബ്രായ ചതുരക്ഷരിയിൽ തന്നെയുള്ളതാണ്. “അടിമത്തത്തിൻ്റെ ഭവനമായ ഈജിപ്തില്‍നിന്നു നിന്നെ മോചിപ്പിച്ചുകൊണ്ടുവന്ന നിൻ്റെ ദൈവമായ ‘യഹോവ’ ഞാനാണ്.” ഇതാണവരുടെ ഒന്നാം പ്രമാണം. പുറപ്പാട് മൂന്നാം അദ്ധ്യായത്തിൽ മോശയ്ക്ക് ഹോറെബിൽവെച്ച് ദൈവം പ്രത്യക്ഷപ്പെട്ട് ഇസ്രായേലിൻ്റെ വിമോചകനായി മോശയെ അയക്കുമ്പോൾ, “അവിടുത്തെ പേരെന്തെന്ന് ജനം ചോദിച്ചാല്‍ ഞാന്‍ എന്തുപറയണം?” (പുറ, 3:13) എന്ന മോശയുടെ ചോദ്യത്തിന് മറുപടിയായി ദൈവം തൻ്റെ പേര് മോശയ്ക്ക് വെളിപ്പെടുത്തുകയാണ്: “And Elohim said moreover unto Moses, Thus shalt thou say unto the children of Israel, יהוה Elohim of your fathers, the Elohim of Abraham, the Elohim of Isaac, and the Elohim of Jacob, hath sent me unto you: this is my name for ever, and this is my memorial unto all generations.” “ദൈവം പിന്നെയും മോശയോടു അരുളിച്ചെയ്തതെന്തന്നാൽ: നീ യിസ്രായേൽ മക്കളോടു ഇപ്രകാരം പറയേണം: അബ്രാഹാമിന്റെ ദൈവവും ഇസഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ ‘യഹോവ’ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇതാണ് എന്നേക്കും എൻ്റെ നാമധേയം. അങ്ങനെ സര്‍വപുരുഷാന്തരങ്ങളിലൂടെയും ഈ നാമധേയത്താല്‍ ഞാന്‍ അനുസ്മരിക്കപ്പെടണം.” (പുറ, 3:15). മോശയ്ക്ക് ദൈവം വെളിപ്പെടുത്തിയ ഈ ഏകനാമത്താലാണ് താൻ വിജാതീയരുടെ ദേവന്മാരിൽനിന്ന് വ്യത്യസ്ഥനാകുന്നത്. അതാണവരുടെ ഒന്നാം പ്രമാണം: “നിന്റെ ‘യഹോവയായ’ ദൈവം ഞാനാകുന്നു.” യഹൂദന്മാരുട ഈ വിഭജനമാണ് ശരിയായ വിഭജനമെന്ന് പുതിയനിയമത്തിൽ തെളിവുണ്ട്. പ്രധാനമായ കല്പന ഏതാണെന്ന ഒരു നിയമജ്ഞൻ്റെ ചോദ്യത്തിന് മറുപടിയായി യേശു പ്രതിവചിച്ചത്: “ഇതാണ് ഒന്നാമത്തെ കല്പന: ഇസ്രായേലേ, കേള്‍ക്കുക! നമ്മുടെ ദൈവമായ കര്‍ത്താവാണ് ഏക കര്‍ത്താവ്.” (മര്‍ക്കോ, 12:29). ഇത് നിയമാവർത്തനം 6:4-ൻ്റെ ഉദ്ധരണിയാണ്. ഇതാണ് ഒന്നാമത്തെ കല്പനയെന്ന് യേശു പറഞ്ഞിരിക്കുന്നതും, ‘ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുതു’ എന്നത് ഇതിനോട് ചേർത്തിട്ടില്ലെന്നും ശ്രദ്ധിക്കുക. ഇനി 7-ാം വാക്യം നോക്കാം: ഇതിൻ്റെ RNKJV പരിഭാഷ: Thou shalt have none other elohim before me. “ഞാനല്ലാതെ മറ്റൊരു ദൈവം (elohim) നിനക്കുണ്ടാകരുത്.” എലോഹീം എന്നപദം സത്യദൈവത്തെയും, വിജാതീയരുടെ ദേവന്മാരേയും, മനുഷ്യരേയും കുറിക്കാൻ ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ, ഇംഗ്ലീഷ് ബൈബിളിൽ ആ പദം സത്യദൈവത്തിന് ഉപയോഗിക്കുമ്പോൾ Elohim എന്ന് capital letter ഉപയോഗിക്കും. “ഞാനല്ലാതെ മറ്റൊരു കര്‍ത്താവില്ല: ഞാനല്ലാതെ മറ്റൊരു ദൈവമില്ല” (ഏശ, 45:5) എന്ന് പഴയനിയമവും, “ഏകദൈവമല്ലാതെ മറ്റൊരു ദൈവമില്ല” (1കോറി, 8:4) എന്ന് പുതിയനിയമവും പറയുമ്പോൾ, 7-ാം വാക്യത്തിലെ ‘ഞാനല്ലാതെ മറ്റൊരു ദൈവം’ എന്ന പ്രയോഗത്തിൻ്റെ അർത്ഥം വ്യക്തമല്ലേ? വിജാതീയരുടെ ദേവന്മാരെ നിങ്ങൾ സേവിക്കാൻ പാടില്ല എന്നാണ് പ്രമാണം. പറപ്പാടിൽ 20:3-ൽ അതങ്ങനെ തന്നെയാണ്: “ഞാനല്ലാതെ വേറെ ദേവന്മാര് നിനക്കുണ്ടാകരുത്.” (പുറ, 20:3). അതിൻ്റെ വിശദീകരണമാണ് 8 മുതൽ 10 വരെയുള്ള വാക്യങ്ങൾ. ഇനിയുള്ളത് യഹൂദൻ്റെ 10-ാം പ്രമാണമാണ്. അവർക്ക് പത്താംപ്രമാണം പറപ്പാട് 20:17-ഉം, നിയമാവർത്തനം 5:21-മാണ്. അതിനെ വിഭജിച്ച് രണ്ട് പ്രമാണമാക്കിയിരിക്കുന്നത് കത്തോലിക്കർ മാത്രമാണ്. അതിനെക്കുറിച്ച് കൂടുതൽ വിവരം താഴെ ചേർത്തിട്ടുണ്ട്.
ഇനി അച്ചൻ പറഞ്ഞ ആറ് കാര്യങ്ങൾ പരിശോധിക്കാം:
1. അച്ചൻ്റെ പ്രസംഗത്തിൻ്റെ ആമുഖം: പുറപ്പാട് 20:2-17-ലും, നിയമാവർത്തനം 5:6-12-ലുമാണ് പത്തുകല്പനകൾ രേഖപ്പെടുത്തിയിരിക്കുന്നത്. അതിൽ പുറപ്പാടിൽ 13 കല്പനയും, നിയമാവർത്തനത്തിൽ 15 കല്പനയും ഉണ്ട്.
മറുപടി: ദൈവം മോശയ്ക്ക് പത്തുപ്രമാണങ്ങളാണ് നൽകിയതെന്ന് ബൈബിളിൽ മൂന്ന് സ്ഥാനങ്ങളിൽ വ്യക്തമായി എഴുതിവെച്ചിട്ടുണ്ട്. “മോശ നാല്പതു പകലും നാല്പതു രാവും കര്‍ത്താവിനോടുകൂടെ അവിടെ ചെലവഴിച്ചു. അവൻ ഭക്ഷിക്കുകയോ പാനംചെയ്യുകയോ ചെയ്തില്ല. ഉടമ്പടിയുടെ വചനങ്ങളായ പത്തു പ്രമാണങ്ങള്‍ അവന് പലകകളില്‍ എഴുതി.” (പുറ, 34:28). അത് രണ്ട് കല്പലകകളിലാണ് എഴുതിയതെന്നും വ്യക്തമാക്കിയിട്ടുണ്ട്: “തൻ്റെ ഉടമ്പടി അവിടുന്നു നിങ്ങളോട് പ്രഖ്യാപിച്ചു. നിങ്ങളോട് അനുഷ്ഠിക്കാൻ അവിടുന്ന് ആജ്ഞാപിച്ച പത്തു കല്പനകളാണവ. രണ്ടു കല്പലകകളിൽ അവിടുന്നു അവ എഴുതി.” (നിയ, 4:13). ജനത്തിൻ്റെ പാപംനിമിത്തം മോശ കല്പലകകൾ പൊട്ടിച്ചശേഷം, വീണ്ടും പലകകളിൽ എഴുതിക്കൊടുത്തതായും കാണാം: “ജനത്തിൻ്റെ സമ്മേളനദിവസം നിങ്ങളുടെ ദൈവമായ കര്‍ത്താവ് മലയില്‍വച്ച് അഗ്നിയുടെ മധ്യത്തില്‍നിന്നു നിങ്ങളോട് അരുളിച്ചെയ്ത പത്തു പ്രമാണങ്ങളും ആദ്യത്തേതുപോലെ ആ പലകകളില്‍ എഴുതി എനിക്കു തന്നു.” (നിയ, 10:4). ഇത്രയും കൃത്യമായിട്ട് പത്തുകല്പനകൾ എന്നു പറഞ്ഞിരിക്കുമ്പോൾ, അച്ചനെവിടെ നിന്നാണ് 13-ഉം, 15-ഉം കല്പനകൾ കിട്ടിയത്. പുറപ്പാടിലും നിയമാവർത്തനത്തിലും പതിനാറ് വീതം വാക്യങ്ങൾ കൊണ്ടാണ് പത്ത് കല്പനകൾ എഴുതിയിരിക്കുന്നത്. അതിൽ 1, 3, 5, 6, 7, 8, 9, 10 കല്പനകൾ ഓരോ വാക്യത്തിലും, 2-ാം കല്പനയും അതിൻ്റെ വിശദീകരണവും ചേർത്ത് നാലു വാക്യങ്ങളും, 4-ാം കല്പനയും അതിൻ്റെ വിശദീകരണവും ചേർത്ത് നാലു വാക്യങ്ങളും, അങ്ങനെ ആകെ പതിനാറ് വാക്യങ്ങളിലായി പത്ത് പ്രമാണമാണുള്ളത്. പിന്നെങ്ങനെയാണ് പതിമൂന്നും പതിനഞ്ചും കല്പനകൾ കിട്ടിയത്???…
2. കത്തോലിക്കാ സഭ കല്പനകൾ തിരുത്തിയെന്ന വാദത്തിന് അച്ചൻ്റെ മറുപടി: ‘biblia hebraica stuttgartensia’ എന്ന ഹെബ്രായ ബൈബിളാണ് യഹൂദന്മാരും ക്രിസ്ത്യാനികളും അടിസ്ഥാനപരമായിട്ട് ഉപയോഗിക്കുന്ന ബൈബിളിൻ്റെ പഴയനിയമഗ്രന്ഥം. മലയാളത്തിലേക്ക് പഴയനിയമം വിവർത്തനം ചെയ്യുന്നത് ഇതിൽ നിന്നാണ്. അതിൽ നിയമാവർത്തനം 5-ാം അദ്ധ്യായത്തിൽ Samekh (sathuma) കൊണ്ട് അടഞ്ഞ ഖണ്ഡിക അഥവാ, പൂർണ്ണവിരാമം (.) എന്ന അർത്ഥത്തിൽ പത്തു കല്പനകളെ തമ്മിൽ വേർതിരിച്ചിരുന്നു. അതുപ്രകാരമാണ് കത്തോലിക്കാ സഭ കല്പനകളെ വിഭജിച്ചിരിക്കുന്നത്.
മറുപടി: കത്തോലിക്കാ സഭ കല്പന തിരുത്തിയെന്ന ആരോപണം ആരാണ് ഉന്നയിച്ചതെന്ന് അച്ചൻ പറഞ്ഞിട്ടില്ല. ബോധമുള്ള ആരെങ്കിലും അങ്ങനെ പറയുമെന്നും തോന്നുന്നില്ല. മൊത്തം ഉപദേശ പിശകുള്ളിടത്ത് കല്പന മാത്രം തിരുത്തിയെന്ന് പറഞ്ഞിട്ടെന്താ പ്രയോജനം. ഇനി അങ്ങനെ ആരെങ്കിലും പറഞ്ഞാൽ തന്നെ പല കാരണങ്ങൾ കൊണ്ടും അച്ചൻ്റെ ന്യായീകരണം തെറ്റാണ്. അച്ചൻതന്നെ പറഞ്ഞു 13-ാം നൂറ്റാണ്ടിലാണ് ബൈബിളിനെ അദ്ധ്യായങ്ങളായി തിരിച്ചതും, 16-ാം നൂറ്റാണ്ടിലാണ് വാക്യവിഭജനം നടത്തിയതുമെന്ന്. ഈ 16-ാം നൂറ്റാണ്ടിലോ അതിനുശേഷമോ ആയിരിക്കും അച്ചൻ പറഞ്ഞ sathuma അഥവാ, ഹെബ്രായയിലെ 15-ാമത്തെ അക്ഷരമായ Samekh കൊണ്ട് വാക്യവിഭജനവും നടത്തിയത്. എന്നാൽ, പത്തുകല്പനകൾ 16-ാം നൂറ്റാണ്ടിലുണ്ടായതല്ലച്ചോ; മോശയുടെ കാലം മുതൽ അഥവാ, ബി.സി. 14-ാം നൂറ്റാണ്ടുമുതൽ ഉള്ളതാണച്ചോ? യഹൂദന്മാർ അന്നുമുതൽ വാമൊഴിയായും വരമോഴിയായും തലമുറകൾക്ക് പകർന്നുകൊടുക്കുകയും, സൂക്ഷിച്ചുവെക്കുകയും ചെയ്തതാണ്. എ.ഡി. ഒന്നാം നൂറ്റാണ്ടിൽത്തന്നെ പഴനിയമപുസ്തകങ്ങളുടെ ക്രോഡീകരണവും നടന്നു. ഇനി, അച്ചൻ പറഞ്ഞ ഹെബ്രായ ബൈബിളിലെ സെത്തുമയുടെ കാര്യം. നിയമാവർത്തനത്തിൽ അച്ചൻ പറഞ്ഞതുപോലെ തന്നെയാണ് വിഭജനം. അവിടെ പത്ത് സെത്തുമയുണ്ട്, കത്തോലിക്കരുടെ പത്തുകല്പനകളുടെ വിഭജനവും ശരിയാണ്. പുറപ്പാട് പുസ്തകത്തിലോ? അതെന്തേ അച്ചൻ നോക്കിയില്ല. അവിടെ ഒമ്പത് സെത്തുമയാണ് ഉള്ളത്. എന്നുവെച്ചാൽ പുറപ്പാടിൽ ഒമ്പത് കല്പനകളേയുള്ളോ? കത്തോലിക്കാ സഭ ഒന്നുമുതൽ അഞ്ചുവരെയുള്ള വാക്യങ്ങളെ ഒറ്റ കല്പനയായി കാണുകയും, അവസാന വാക്യത്തെ രണ്ട് കല്പനയായി കാണുകയും ചെയ്യുമ്പോൾ, യഹൂദാ പണ്ഡിതന്മാർ നേരെ വിപരീതമായി മനസ്സിക്കുന്നത് എന്തുകൊണ്ടാണ്? തല്മൂദിലും, യെഹൂദാ സർവ്വവിജ്ഞാകോശത്തിലും, മറ്റു യഹൂദാ വെബ്സൈറ്റുകളിലും കാണുന്ന കല്പനകളുടെ വിഭജനം തെറ്റാണോ?
അച്ചൻ പറയുന്നതുപോലെ, biblia hebraica stuttgartensia എന്ന ഹെബ്രായ ബൈബിളിൽ നിന്നാണ് ഇംഗ്ലീഷ് മലയാളം ബൈബിളുകൾ പരിഭാഷ ചെയ്തതെങ്കിൽ, നിയമാവർത്തനത്തിലെ 21-ാം വാക്യത്തിലെങ്കിലും സെത്തുമ അഥവാ, പൂർണ്ണവിരാമം ഇട്ടുകൊണ്ട് രണ്ട് കല്പനകളായി വേർതിരിക്കില്ലായിരുന്നോ? എന്നാൽ, ഇംഗ്ലീഷ് മലയാളം ബൈബിളുകളിലൊന്നിലും പറപ്പാട് 17-ലും നിയമാവർത്തനം 21-ലും പൂർണ്ണവിരാമം കാണുന്നില്ല. മാത്രമല്ല, ചിലതിൽ വിരാമങ്ങളൊന്നും ഇല്ലാതെയും, ചിലതിൽ അല്പവാരാമവൂം, മറ്റുചിലതിൽ അർദ്ധവിരാമവുമാണ് കാണുന്നത്. പി.ഒ.സിയിലും രണ്ടു വാക്യങ്ങളിലും അർദ്ധവിരാമമാണ്. ഇനി പുറപ്പാടിലെയും നിയമാവർത്തനത്തിലേയും വാക്യങ്ങൾ തമ്മിലുള്ള പ്രധാന വ്യത്യാസം കാണുക: “അയല്‍ക്കാരൻ്റെ ഭവനം മോഹിക്കരുത്; അയല്‍ക്കാരൻ്റെ ഭാര്യയെയോ ദാസനെയോ ദാസിയെയോ കാളയെയോ കഴുതയെയോ അവൻ്റെ മറ്റെന്തെങ്കിലുമോ മോഹിക്കരുത്.” (പുറ, 20:17). “നിൻ്റെ അയല്‍ക്കാരൻ്റെ ഭാര്യയെ നീ മോഹിക്കരുത്; അവൻ്റെ ഭവനത്തെയോ വയലിനെയോ ദാസനെയോ ദാസിയെയോ കാളയെയോ കഴുതയെയോ അവൻ്റെ മറ്റെന്തെങ്കിലുമോ നീ ആഗ്രഹിക്കരുത്.” (നിയ, 5:21). ഒന്നാമത്തേതിൽ, ആദ്യഭാഗം ‘അയല്‍ക്കാരൻ്റെ ഭവനം മോഹിക്കരുത്’ എന്നാണെങ്കിൽ, അടുത്തതിൽ, ‘അയല്‍ക്കാരൻ്റെ ഭാര്യയെ നീ മോഹിക്കരുത്’ എന്നാണ്. ഹെബ്രായ, സമരിയാ, ഇംഗ്ലീഷ്, മലയാളം ബൈബിളുകളിലെല്ലാം വാക്യം ഇങ്ങനെ തന്നെയാണ്. പിന്നെങ്ങനെ, ഖണ്ഡിതമായി പറയാൻ കഴിയുമച്ചോ 9-ാം പ്രമാണം “അയൽക്കാരൻ്റെ ഭാര്യയെ മോഹിക്കരുത്” എന്നാണെന്ന്?
പി.ഒ.സി. ബൈബിൾ തർജ്ജമ ചെയ്യുമ്പോളൊന്നും ഇങ്ങനെയൊരു പ്രതിസന്ധി പ്രതീക്ഷിച്ചിരുന്നില്ല. അല്ലെങ്കിൽ, ‘കൃപ ലഭിച്ചവളെ’ കൃപ നിറഞ്ഞവൾ’ ആക്കിയപോലെ, ഈ വാക്യങ്ങളെ തിരുത്തുകയും, പൂർണ്ണവിരാമം ഇട്ടുകൊണ്ട് രണ്ടു വാക്യങ്ങളായി വേർതിരിക്കുകയും ചെയ്യാമായിരുന്നു. കള്ളൻ കക്കുന്നതും ബൈബിൾ തിരുത്തുന്നതും ഒരുപോലെയാണ്. ഒരു തെളിവ് എവിടെയെങ്കിലും അവശേഷിക്കാതിരിക്കില്ല. ഇതിപ്പോ, കല്പനയിൽ കള്ളം കാണിച്ചതിന് ഒരുകൊട്ട തെളിവുണ്ട്. ഇനി, പുറപ്പാടിലെ വാക്യം ഞങ്ങൾ അംഗീകരിക്കുന്നില്ല; നിയമാവർത്തനം മാത്രമേ അംഗീകരിക്കൂ എന്ന് അച്ചൻ പറയുമായിരിക്കും. എങ്കിൽ, അതിലെ 21-ാം വാക്യം മാത്രമൊന്ന് പരിശോധിക്കാം: “അയൽക്കാരൻ്റെ ഭാര്യയെ മോഹിക്കരുത്” എന്നത് ഒരു കല്പനയും, ബാക്കിയുള്ള “ഭവനം, വയൽ, ദാസൻ, ദാസി, കാള, കഴുത, മറ്റെന്തെങ്കിലും” ഇതുമുഴുവൻ ഒറ്റ കല്പന ആകുന്നതെങ്ങനെ? ഇതിനെയും വിഭജിച്ച് ഏഴ് കല്പനകൾ ആക്കാമല്ലോ? അയൽക്കാരൻ്റെ മകളെക്കുറിച്ച് ഇവിടെ എടുത്തുപറഞ്ഞിട്ടുമില്ല; മകളെ ഉൾപ്പെടുത്തിയിരിക്കുന്നത് ‘മറ്റെന്തെങ്കിലും’ എന്നതിലാണ്. മകളെ ആർക്കുവേണമെങ്കിലും മോഹിക്കാമെന്നാണോ? മകളേക്കാൾ എന്തു വിശേഷതയാണ് ഭാര്യയ്ക്കുള്ളത്? ഹെബ്രായ, ഗ്രീക്ക് ഭാഷകൾ വശമില്ലാത്തവർക്കും, ബൈബിൾ പരിജ്ഞാനം ഇല്ലാത്തവർക്കുപോലും 21-ാം വാക്യത്തിൻ്റെ പശ്ചാത്തലത്തിൽ നിന്ന് മനസ്സിലാകുന്ന ഒരു കാര്യമുണ്ട്; ” “അയൽക്കാരൻ്റെ യാതൊന്നും മോഹിക്കരുത്” എന്നാണ് അവിടെ പറഞ്ഞിരിക്കുന്നത്. എന്നിട്ട്, ഭാര്യ, ഭവനം, വയൽ, ദാസൻ, ദാസി, കാള, കഴുത എന്നിങ്ങനെ ചില ഉദാഹരണങ്ങളും കൊടുത്തിരിക്കുന്നു.
ഇനി വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമുണ്ട്. biblia hebraica stuttgartensia എന്ന ഹെബ്രായ ബൈബിളിലെ കുത്തും, കോമയും നോക്കിയാണ് ബൈബിളിൾ പരിഭാഷ ചെയ്തിരിക്കുന്നതും, കല്പനകളെ വിഭജിച്ചിരിക്കുന്നതെന്നും പറഞ്ഞല്ലോ. അച്ചനോടൊന്ന് ചോദിച്ചോട്ടെ; ഹെബ്രായ ബൈബിളില്ലാത്ത പതിനൊന്ന് പുസ്തകങ്ങൾ പി.ഒ.സി. ബൈബിനോട് ചേർത്ത നിങ്ങൾ, ഹെബ്രായ ബൈബിളിലെ കുത്തും കോമയും വരെ നോക്കിയാണ് പത്തു പ്രമാണങ്ങൾ വിഭജിച്ചിരിക്കുന്നതെന്ന് പറയാൻ ലജ്ജ തോന്നണില്ലേ???… അച്ചൻ്റെ ഈ വ്യഖ്യാന തന്ത്രത്തിൽനിന്ന് മനസ്സിലാകുന്ന ശരിയായ വസ്തുത ഇതാണ്: കത്തോലിക്കാ വിശ്വാസികൾ ബൈബിൾ സൂക്ഷ്മമായി പഠിക്കാത്തവരാണെന്ന് അറിയാവുന്നതുകൊണ്ട്, അവരെ വഞ്ചിക്കാൻ ബോധപൂർവ്വം വിഗ്രഹാരാധനയെക്കുറിച്ചുള്ള 2-ാം കല്പന 1-ാം കല്പനയോടു ചേർത്ത് ഗുപ്തമാക്കി വെയ്ക്കുകയും, 10-ാം കല്പനയെ വിഭജിച്ച് രണ്ടുകല്പനകൾ ആക്കുകയുമാണ് ചെയ്തത്.
3. കത്തോലിക്കാ സഭ കല്പനകളെക്കുറിച്ച് പഠിപ്പിക്കുന്നില്ല എന്ന ആരോപണത്തിന് വലിയൊരു ‘ഗ്രന്ഥം’ ഉയർത്തിക്കാണിച്ചു കൊണ്ടുള്ള അച്ചൻ്റെ പ്രതീകരണം: സഭയുടെ മതബോധന ഗ്രന്ഥത്തിൻ്റെ 505 മുതൽ 528 വരെയുള്ള പേജുകൾ ദൈവപ്രമാണങ്ങളെപ്പറ്റി മാത്രം സംസാരിക്കുന്നതാണ്.
മറുപടി: പള്ളിയായ പള്ളിമുഴുവൻ ദൈവകല്പനയ്ക്ക് എതിരായി വിഗ്രഹങ്ങളെക്കൊണ്ട് നിറച്ചിട്ട്, കല്പനകൾ നന്നായിട്ട് പഠിപ്പിക്കുന്നുണ്ടെന്ന് പറയുന്നത് അപഹാസ്യമാണച്ചോ. പത്തു പ്രമാണങ്ങളിൽ ആദ്യത്തെ രണ്ടെണ്ണമാണ് പ്രധാനപ്പെട്ടവ: ‘യഹോവ മാത്രമാണ് ദൈവമെന്നും,’ ‘ദൈവമല്ലാത്തവയെ അഥവാ, വിഗ്രഹങ്ങളെ സേവിക്കുകയും, അവയെ നമസ്കരിക്കുകയും ചെയ്യരുതെന്നാണു’ ആ കല്പന. അതാണ് എല്ലാ കല്പനയുടേയും അടിത്തറ. “അടിത്തറ തകര്‍ന്നാല്‍ നീതിമാന് എന്തുചെയ്യും?” എന്ന് സങ്കീര്ത്തനക്കാരൻ ചോദിക്കുന്നുണ്ട്. (11:3). ഇതിൽക്കുടുതൽ എന്ത് ചെയ്യാനാണ്???… അടുത്ത എട്ടെണ്ണം ധാർമ്മിക വിശുദ്ധിക്കു വേണ്ടിയുള്ളതാണ്. ആദ്യത്തെ കല്പനകൾ അനുസരിക്കാതെ, 22 അല്ല, 2200 പേജുകളിൽ പ്രമാണങ്ങൾ പഠിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞാലും പ്രയോജനമില്ല. കല്പനകൾ തിരുത്തിയെന്ന് ആരോ പറഞ്ഞെന്ന് പറഞ്ഞാണല്ലോ അച്ചൻ വീഡിയോ ചെയ്തത്. എന്നാൽ, ഇന്ന് റോയി ആൻഡ്രൂസ് എന്ന ഞാൻ ബൈബിൾ വെച്ച് സാക്ഷ്യപ്പെടുത്തുന്നു: “പത്തുകല്പനകളിലെ ഒന്നും, രണ്ടും കല്പനകൾ നിങ്ങൾ പ്രമാണിക്കുന്നേയില്ല.” പ്രമാണിക്കുന്നില്ലെന്നു മാത്രമല്ല, അതുരണ്ടും ഒറ്റ കല്പനയാണെന്ന് പറഞ്ഞ്, വിഗ്രഹാരാധനയെക്കുറിച്ചുള്ള കല്പനകൾ നിങ്ങൾ ഗുപ്തമാക്കിക്കളഞ്ഞില്ലേ? യഹൂദന്മാർ പിൻതുടരുന്ന പുറ, 20:2-ഉം, നിയ, 5:6-ഉം ആണ് ഒന്നാം കല്പനയെന്ന് യേശുതന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. (മർക്കോ, 12:29). പ്രൊട്ടസ്റ്റൻ്റുകാർക്ക് വിഭജനത്തിൽ പിശക് പറ്റിയിട്ടുണ്ടെങ്കിലും, വിഗ്രഹാരാധനയെ രണ്ടാം കല്പനയായിട്ട് തന്നെയാണ് കാണുന്നത്. നിങ്ങൾ രണ്ടാം കല്പനയെ ഒന്നാം കല്പനയുമായി ചേർത്ത് മുക്കികളയുകയും, പത്താം കല്പനയെ വിഭജിച്ച് രണ്ട് കല്പനയാക്കുകയും ചെയ്തത് സാത്താന്യ വഞ്ചനയല്ലേ? അല്ലെങ്കിൽ കുറച്ചുപേരെങ്കിലും വിഗ്രഹാരാധനയെന്ന മഹാപാപത്തിൽ നിന്ന് രക്ഷപെടില്ലായിരുന്നോ? “ഞാനല്ലാതെ വേറെ ദേവന്മാര് നിനക്കുണ്ടാകരുത്.” (പുറ, 20:3) എന്ന രണ്ടാമത്തെ കല്പനയുടെ സാരം: നീ യാതൊന്നിനു വേണ്ടിയും സത്യദൈവത്തെ അല്ലാതെ, മറ്റാരെയും ആശ്രയിക്കരുതെന്നാണ്. ഒന്നുകൂടി പറഞ്ഞാൽ, മനുഷ്യർ ദൈവത്തോടുള്ള സ്നേഹവും, ആദരവും, ആശ്രയവും, പ്രാർത്ഥനയും, ഭക്തിയും, മഹത്വവും മറ്റൊരുത്തനും പങ്കുവെയ്ക്കാൻ പാടില്ല എന്നാണ്. ദൈവം ഏശയ്യാ പ്രവചനത്തിൽ അത് വ്യക്തമാക്കിയിട്ടുണ്ട്: “ഞാനാണു കര്‍ത്താവ്; അതാണ് എൻ്റെ നാമം. എൻ്റെ മഹത്വം ഞാൻ മറ്റാര്‍ക്കും നല്കുകയില്ല; എൻ്റെ സ്തുതി കൊത്തുവിഗ്രങ്ങള്‍ക്കു കൊടുക്കുകയുമില്ല.” (ഏശ, 42:8). എന്നാൽ നിങ്ങൾ ചെയ്യുന്നത് എന്താണ്? കർത്താവിനേക്കാൾ അധികം പുണ്യവാളന്മാരിലും പുണ്യവതികളിലും അവരുടെ കൊത്തുവിഗ്രഹങ്ങളിലുമാണ് ആശ്രയിക്കുന്നത്. യേശുക്രിസ്തു മാത്രമാണ് ഏകമദ്ധ്യസ്ഥനെന്ന് ബൈബിൾ പ്രഖ്യാപിക്കുമ്പോൾ, നിങ്ങൾ നിദ്രപ്രാപിച്ച വിശുദ്ധന്മാരേയും വിശുദ്ധകളേയും മദ്ധ്യസ്ഥന്മാരായി അവരോധിച്ചിരിക്കയാണ്. മരിച്ചുപോയ അവരുടെ വിഗ്രഹങ്ങളോട് അപേക്ഷിക്കുകയും, പിന്നെ അവർക്കുവേണ്ടി അപേക്ഷിക്കുകയും ചെയ്യുന്നില്ലേ? അവരെ തൊട്ടുമുത്തുകയും, നേർച്ചകാഴ്ചകൾ അർപ്പിക്കുകയും ചെയ്യുന്നില്ലേ? ഒരു അമ്പലം നശിച്ചാൽ അത്രയും അന്ധവിശ്വാസം നശിക്കുമെന്ന് യുക്തിവാദികൾ പറയുന്നത് പള്ളിക്കും ബാധകമല്ലേ? ഇന്നത്തെ പള്ളികൾ അന്ധവിശ്വാസങ്ങളുടെ കൂടല്ലേ? രാഷ്ട്രീയക്കാർ രക്തസാക്ഷികൾക്കു വേണ്ടി കടിപിടികൂടുകയും ഒടുവിൽ അവർക്കുവേണ്ടി മണ്ഡപം പണിയുകയും ചെയ്യുന്നതുപോലെ, ക്രിസ്തുവിനുവേണ്ടി രക്തസാക്ഷികളായവരുടേയും അല്ലാത്തവരുടേയും പ്രതിമകൾ ഉണ്ടാക്കി വിശ്വാസികളെ വഞ്ചിക്കുകയല്ലേ ചെയ്യുന്നത്. ജീവിച്ചിരുന്നു എന്നതിനുപോലും തെളിവുകളില്ലാത്ത വിശുദ്ധന്മാർക്കും വിശുദ്ധകൾക്കും പ്രതിമകളും പള്ളികളും ഉണ്ടിവിടെ. ഒരു മാർപ്പാപ്പ തന്നെ അതിനെക്കുറിച്ച് പറഞ്ഞതായി കേട്ടിട്ടുണ്ട്. ഈ വിഗ്രഹങ്ങളെയൊക്കെ ഉണ്ടാക്കിവെക്കുന്നത് ദ്രവ്യാഗ്രഹം മൂലമാണെന്ന് പുതിയനിയമത്തിൽ പൗലൊസ് പറഞ്ഞിട്ടുണ്ട്: “അതുകൊണ്ട് നിങ്ങളിൽ ഭൗമികമായിട്ടുള്ളതെല്ലാം – അസന്മാര്ഗികത, അശുദ്ധി, മനഃക്ഷോഭം, ദുര്വിചാരങ്ങള്, വിഗ്രഹാരാധന തന്നെയായ ദ്രവ്യാസക്തി ഇവയെല്ലാം – നശിപ്പിക്കുവിന്‍.” (കൊളോ, 35). ദ്രവ്യാസക്തിയുടെ പരിണിതഫലമാണ് ഇന്ന് പള്ളികളിൽ വിഗ്രഹങ്ങൾ നിറഞ്ഞിരിക്കുന്നത്. “ഒരു വിഗ്രഹമുണ്ടായാൽ ഒരു നേർച്ചപ്പെട്ടിയായി, പെരുന്നാളായി, നൊവേനയായി, പ്രാർത്ഥനാ പുസ്തകമായി, പാട്ടു പുസ്തകമായി, വഴിപാടായി, നേർച്ചയായി, കാഴ്ചയായി, അടിമയിരുത്തലായി ഇങ്ങനെ തൂടങ്ങി സമ്പത്ത് കുമിഞ്ഞുകൂടുകയായി.” ഇത് ദൈവകല്പനയുടെ നഗ്നമായ ലംഘനമല്ലെങ്കിൽ പിന്നെന്താണ്???…
പത്ത് കല്പനകളിൽ വിഗ്രഹാരധനയ്ക്കെതിരായി ശക്തമായ താക്കീതുണ്ട്: “ഞാനല്ലാതെ വേറെ ദേവന്മാര് നിനക്കുണ്ടാകരുത്. നിനക്കായി ഒരു വിഗ്രഹവും ഉണ്ടാക്കരുത്; മുകളില്‍ ആകാശത്തോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലെ ജലത്തിലോ ഉള്ള ഒന്നിൻ്റെയും പ്രതിമ സ്വരൂപമോ ഉണ്ടാക്കരുത്. നീ അവയെ കുമ്പിട്ടാരാധിക്കുകയോ സേവിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, നിൻ്റെ ദൈവവും കര്‍ത്താവുമായ ഞാന്‍ എന്നെ വെറുക്കുന്നവരുടെ മൂന്നും നാലും തലമുറകള്‍വരെയുള്ള മക്കളെ അവരുടെ പിതാക്കന്മാരുടെ തിന്മമൂലം ശിക്ഷിക്കുന്ന അസഹിഷ്ണുവായ ദൈവമാണ്. എന്നാല്‍, എന്നെ സ്നേഹിക്കുകയും എൻ്റെ കല്പനകള് പാലിക്കുകയും ചെയ്യുന്നവരോട് ആയിരം തലമുറവരെ ഞാന്‍ കാരുണ്യം കാണിക്കും.” (നിയമാ, 5:8-10; പുറ, 20:3-6). പള്ളികളിൽ ഉണ്ടാക്കിവെച്ചിരിക്കുന്ന ഈ കൊത്തുവിഗ്രഹങ്ങൾ ആകാശത്തിലും, ഭൂമിയിലും, ജലത്തിലുമള്ള യാതൊന്നിൻ്റേയുമല്ലേ???… പള്ളിയിലുള്ള പ്രതിമകളുടെ മുമ്പിൽ ആരും കുമ്പിട്ട് നമസ്ക്കരിക്കാറില്ലേ???… ഞാൻ മുപ്പത്തഞ്ചു വയസ്സുവരെ ഈ വിഗ്രഹങ്ങളെ കുമ്പിട്ട് നമസ്കരിച്ചിട്ടുണ്ട്. അതിനെയാണ് ആരാധനയെന്ന് മേല്പറഞ്ഞ വാക്യത്തിൽ പറയുന്നത്. ദൈവം ഏറ്റവും വെറുക്കുന്ന പാപമാണ് വിഗ്രഹാരാധനയെന്നും മുകളിലെ വാക്യത്തിൽനിന്നും മനസ്സിലാക്കാം. നിങ്ങൾ കുമ്പിട്ട് നമസ്കരിക്കുകയും, പ്രാർത്ഥന അപേക്ഷിക്കുകയും ചെയ്യുന്ന വിഗ്രഹങ്ങളുടെ നിസ്സഹായാവസ്ഥയും, അതിനെ ആശ്രയിക്കുന്നവർ എത്ര അരിഷ്ടന്മാരാണെന്നും സങ്കീർത്തനക്കാരൻ പറഞ്ഞിട്ടുണ്ട്: “ജനതകളുടെ വിഗ്രഹങ്ങൾ സ്വര്‍ണവും വെള്ളിയുമാണ്; മനുഷ്യരുടെ കരവേലകള്‍മാത്രം! അവയ്ക്കു വായുണ്ട്, എന്നാല്‍ മിണ്ടുന്നില്ല; കണ്ണുണ്ട്, എന്നാല്‍ കാണുന്നില്ല. അവയ്ക്കു കാതുണ്ട്, എന്നാല്‍ കേള്‍ക്കുന്നില്ല: മൂക്കുണ്ട്, എന്നാല്‍ മണത്തറിയുന്നില്ല. അവയ്ക്കു കൈയുണ്ട്, എന്നാല്‍ സ്പര്‍ശിക്കുന്നില്ല; കാലുണ്ട്, എന്നാല്‍ നടക്കുന്നില്ല; അവയുടെ കണ്ഠത്തില്‍നിന്നു സ്വരം ഉയരുന്നില്ല. അവയെ നിര്‍മിക്കുന്നവര്‍ അവയെപ്പോലെയാണ്; അവയില്‍ ആശ്രയിക്കുന്നവരും അതുപോലെതന്നെ. ഇസ്രായേലേ, കര്‍ത്താവില്‍ ആശ്രയിക്കുവിന്‍; അവിടുന്നാണു നിങ്ങളുടെ സഹായവുംപരിചയും.” (സങ്കീ, 115:4-9; 135:15-18). സഭയുടെ അത്രയും വലിയ മതബോധനന ഗ്രന്ഥത്തിൽ മേല്പറഞ്ഞ കല്പനകൾ പടിപ്പിക്കുന്നില്ലെങ്കിൽ, പിന്നെയെന്തിനാണച്ചോ മതബോധനഗ്രന്ഥം???… മാതാപിതാക്കന്മാരെ ബഹുമാനിക്കാനും, കൊലപാതകം ചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷി പറയരുത്, അന്യന്റെ യാതൊന്നും മോഹിക്കരുതെന്ന് പഠിപ്പിക്കാൻ മതബോധനഗ്രന്ഥമെന്നല്ല, ബൈബിളുപോലും വേണ്ടച്ചോ. യഥാർത്ഥമായി ക്രിസ്തുവിലായ ഒരു മനുഷ്യൻ ഇതൊന്നും ചെയ്യില്ല. ലോകത്തിൽത്തന്നെ ധാർമ്മികതയുള്ള മനുഷ്യരാരും ഈ പാപം ചെയ്യാറുമില്ല.
മുകളിൽപ്പറഞ്ഞ കാര്യങ്ങൾ അച്ചൻ്റെ വിദ്യാബഹുത്വത്താലോ, വെളിപാടുകളുടെ ആധിക്യത്താലോ പറഞ്ഞതാണെന്ന് കരുതി വിശ്വാസികൾ ക്ഷമിച്ചേക്കാം. എന്നാൽ ഇനിയച്ചൻ പറയുന്ന കാര്യങ്ങൾ ഏതാത്മാവിലാണെന്ന് വിശ്വാസികൾ വിലയിരുത്തും, വിലയിരുത്തണം.
4. വിഗ്രഹങ്ങളോടുള്ള ബന്ധത്തിൽ കല്പന ലംഘിച്ചു എന്നതിൻ്റെ അച്ചൻ്റെ പ്രതീകരണം: സഭയിലെ തിരുസ്വരൂപങ്ങളെപ്പറ്റിയാണ് ഈ ആരോപണം. പഴയനിയമത്തിൽ ഇസ്രായേൽ ജനം ദൈവത്തിനു പകരമായി വിഗ്രഹങ്ങളെയും രൂപങ്ങളെയും ഉണ്ടാക്കി ആരാധിച്ചിരുന്നു. ഇതിനു തെളിവും പിടിച്ചോ: പുറപ്പാട് പുസ്തകത്തിൽ ബസാലേലിനെക്കൊണ്ട് വിഗ്രഹമുണ്ടാക്കിച്ചതും, മോശയോട് കെരൂബുകളെ ഉണ്ടാക്കാൻ പറഞ്ഞതും, മരുഭൂമിൽ പിച്ചളസര്‍പ്പത്തെ ഉണ്ടാക്കി വടിയില്‍ ഉയര്‍ത്താൻ പറഞ്ഞതും ദൈവമാണ്. ദൈവം പറഞ്ഞത് വിഗ്രഹങ്ങൾ ഉണ്ടാക്കരുതെന്നല്ല: വിഗ്രഹങ്ങളെ ആരാധിക്കരുതെന്നാണ് അർത്ഥം.
മറുപടി: ഒന്നാമത്തെ കാര്യം: സഭയ്ക്കകത്തുള്ളത് വിഗ്രഹങ്ങളല്ല, തിരുസ്വരൂപങ്ങളാണുള്ളത്. അപ്പോൾ ഈ വിഗ്രഹം എന്നു പറഞ്ഞാൽ എന്താണ്???… ഹൈന്ദവർ ഉണ്ടാക്കിവെച്ച് ആരാധിക്കുന്നതെല്ലാം വിഗ്രഹങ്ങളാണ്; അവർതന്നെ അത് സമ്മതിക്കുന്നുണ്ട്. അവരുടെ പുരാണങ്ങളിൽ പറഞ്ഞിരിക്കുന്ന അഥവാ, ജീവിച്ചിരുന്നു എന്ന് അവർ വിശ്വസിക്കുന്നവരുടെ രൂപങ്ങളാണ് അവർ ഉണ്ടാക്കിയിരിക്കുന്നത്. കത്തോലിക്കർ ഉണ്ടാക്കുമ്പോൾ തിരുസ്വരൂപങ്ങളും, ഹൈന്ദവർ ഉണ്ടാക്കുമ്പോൾ വിഗ്രഹങ്ങളുമാകുമോ???… അല്ലെങ്കിൽ വിഗ്രഹങ്ങളുടെ പേര് തിരുസ്വരുപങ്ങളെന്ന് മാറ്റിയാൽ വിഗ്രഹാരാധന അല്ലാതാകുമോ???… വിഗ്രഹങ്ങൾ എന്താണെന്നറിയാൻ അതിൻ്റെ നിർവ്വചനം രണ്ടാം കല്പനയിൽത്തന്നെ ഉണ്ടച്ചോ. “നിനക്കായി ഒരു വിഗ്രഹവും ഉണ്ടാക്കരുത്; മുകളില്‍ ആകാശത്തോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലെ ജലത്തിലോ ഉള്ള ഒന്നിൻ്റെയും പ്രതിമ ഉണ്ടാക്കരുത്.” (നിയ, 5:8). മുകളിൽ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്‍െറയും പ്രതിമയോ സ്വരൂപമോ നീ നിര്‍മിക്കരുത്.” (പുറ, 20:4). പള്ളികളിൽ ഉണ്ടാക്കിവെച്ചിരിക്കുന്ന പ്രതിമകൾ ആകാശത്തിലും, ഭൂമിയിലും, ജലത്തിലും ഉള്ളതല്ലെങ്കിൽ, പിന്നെയെവിടെ ജീവിച്ചിരുന്നവരാണച്ചോ? സ്വർഗ്ഗീയ ജീവികളെങ്ങാനുമാണോ???… നിങ്ങൾ വർഷങ്ങളോളം സെമിനാരികളിൽ പഠിക്കുന്നത് ബൈബിളല്ലേ? അതോ, വിശ്വാസികളെ എങ്ങനെ വഞ്ചിക്കണമെന്നും, സഭയിൽ വിഗ്രഹങ്ങൾ നിറച്ച് എങ്ങനെ കാശുണ്ടാക്കാമെന്നാണോ???… പത്തു പ്രമാണങ്ങളിൽ രണ്ട് പ്രമാണങ്ങൾക്ക് മാത്രമാണ് വിശദീകരണമുള്ളത്. 2-ാം കല്പനയ്ക്കും, 4-ാം കല്പനയ്ക്കും. ‘ഒരു വിഗ്രഹവും ഉണ്ടാക്കരുതു’ എന്നൂമാത്രമല്ലച്ചോ കല്പന. ‘ഒന്നിൻ്റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മിക്കരുതു’ എന്നുകൂടിയുണ്ട്. രണ്ടാം പ്രമാണം ഇത്രയും വ്യക്തമായും കൃത്യമായും വിശദീകരണത്തോടെ എഴുതിവെച്ചിട്ടും, പള്ളികളിലുള്ള പ്രതിമകളും, സ്വരൂപങ്ങളും വിഗ്രഹങ്ങളല്ല, തിരുസ്വരൂപങ്ങളാണെന്ന് പറയുമ്പോൾ, അച്ചന് ഹൃദയത്തിൽ കുത്തുകൊള്ളുന്നില്ലേ???… അച്ചൻ ഏതാത്മാവിന് അധീനനാണ്???… അച്ചൻ ലംഘിക്കുകയും വിശ്വാസികളെ ലംഘിക്കാൻ പഠിപ്പിക്കുകയും ചെയ്യുന്ന കല്പന മോശ എഴുതിയതല്ലച്ചോ, ദൈവം തൻ്റെ വിരലുകൾ കൊണ്ട് എഴുതിയ കല്പനയാണ്. സാത്താൻ പോലും പേടിക്കുന്ന കാര്യമാണ് കത്തോലിക്കാ സഭ ഒരുളുപ്പുമില്ലാതെ ചെയ്യുന്നത്. മോശ വഴി കൊടുത്ത പഴയനിയമം ലംഘിക്കുന്നവരെ കരുണകൂടാതെ ദൈവം ശിക്ഷിച്ചുവെങ്കിൽ, ദൈവപുത്രൻ വഴിയുള്ള പുതിയനിയമത്തെ ലംഘിക്കുന്നവർക്ക് ശിക്ഷ വരികയില്ലെന്നാണോ അച്ചൻ കരുതുന്നത്? അതിൻ്റെ ഉത്തരം ഹെബ്രായ ലേഖകൻ പറയും: “മോശയുടെ നിയമം ലംഘിക്കുന്ന മനുഷ്യൻ കരുണ ലഭിക്കാതെ രണ്ടോ മൂന്നോ സാക്ഷികളുടെ സാന്നിധ്യത്തിൽ മരിക്കുന്നു. ദൈവപുത്രനെ പുച്ഛിച്ചുതള്ളുകയും തന്നെ ശുദ്ധീകരിച്ച പുതിയ ഉടമ്പടിയുടെ രക്തത്തെ അശുദ്ധമാക്കുകയും കൃപയുടെ ആത്മാവിനെ അവമാനിക്കുകയും ചെയ്തവനു ലഭിക്കുന്ന ശിക്ഷ എത്ര കഠോരമായിരിക്കുമെന്നാണ് നിങ്ങൾ വിചാരിക്കുന്നത്? പ്രതികാരം എൻ്റേതാണ്. ഞാന്‍ പകരംവീട്ടും എന്നും കര്‍ത്താവു തൻ്റെ ജനത്തെ വിധിക്കും എന്നും പറഞ്ഞവനെ നാം അറിയുന്നു. ജീവിക്കുന്ന ദൈവത്തിൻ്റെ കൈയില്‍ചെന്നു വീഴുക വളരെ ഭയാനകമാണ്.” (ഹെബ്രാ, 10:28-31). ജീവനുള്ള ദൈവത്തിൻ്റെ കയ്യിൽനിന്നു പണിമേടിക്കല്ലേ അച്ചോ.
അടുത്തത്, വിഗ്രമുണ്ടാക്കാൻ കല്പിച്ചത് ദൈവമാണത്രേ. ഇത് കൃപായുഗമായതുകൊണ്ടാണ് അച്ചനിതു പറഞ്ഞിട്ടും ജീവനോടിരിക്കുന്നത്. നിയമത്തിൻ്റെ യുഗമായിരുന്നെങ്കിൽ അച്ചനിതു ഹൃദയത്തിൽ ചിന്തിക്കുമ്പോൾത്തന്നെ കൃമിക്കിരയാകുമായിരുന്നു. ആദിമനുഷ്യനായ ആദാമും ഇതുപോലൊരു വികടത്തരം പറഞ്ഞതായി ബൈബിളിലുണ്ട്. അതിൻ്റെ ഫലമാണ് മനുഷ്യവർഗ്ഗം മുഴുവനും ഇന്നനുഭവിക്കുന്നത്. പക്ഷിമൃഗാദികളെയെല്ലാം ദൈവം ജോഡിയായി സൃഷ്ടിച്ചു, ആദാമിനെ മാത്രം ഒറ്റയ്ക്കും. എന്നിട്ട്, ജീവികൾക്കെല്ലാം പേരിടുവാൻ ദൈവം ആദാമിനോട് കല്പിച്ചു. ആദാം എല്ലാ ജീവികളേയും കൂട്ടിവരുത്തി, അവയ്ക്കെല്ലാം പേരിട്ടു. എങ്കിലും, തനിക്കിണങ്ങിയ ഒരു തുണയെ ആദാമിനു കണ്ടുകിട്ടിയില്ല. സത്യം പറഞ്ഞാൽ, അക്കൂട്ടത്തിൽ നിന്ന് ഒരു തുണയെ ആദാം ആഗ്രഹിച്ചാലും കിട്ടില്ല, അവയ്ക്കെല്ലാം പരസ്പരം ഇണയും തുണയും ഉണ്ടായിരുന്നു. അങ്ങനെ, അണ്ടികളഞ്ഞ അണ്ണാനെപ്പോലെ ആദാമിരിക്കുമ്പോഴാണ്, ദൈവം അവനെ ഗാഢനിദ്രയിലാക്കി ഹവ്വായെ സൃഷ്ടിക്കുന്നത്. ഉറക്കമുണർന്ന ആദാം നീയാരാണെന്ന് സ്ത്രീയോടോ, ഇവളാരാണെന്ന് ദൈവത്തോടോ ചോദിച്ചില്ല. അവൻ പറഞ്ഞത്: “ഒടുവില്‍ ഇതാ എൻ്റെ അസ്ഥിയില്‍നിന്നുള്ള അസ്ഥിയും മാംസത്തില്‍നിന്നുള്ള മാംസവും” എന്നാണ്. (ഉല്പ, 2:23). അങ്ങനെ അസ്ഥിയും മാംസവും കൂടി ഏദൻ തോട്ടത്തിൽ താമസമായി. കുറച്ചുനാൾ കഴിഞ്ഞപ്പോൾ ലൂസിഫറാശാൻ സർപ്പത്തിന്മേൽ കയറി വന്ന് ഹവ്വായെക്കൊണ്ട് പാപം ചെയ്യിച്ചു, അവൾ മുഖാന്തരം ആദാമും പാപത്തിനടിമയായി. ദൈവം വന്ന് ആദാമിനോട് ചോദിച്ചു: “തിന്നരുതെന്ന് ഞാൻ കല്പിച്ച വൃക്ഷത്തിൻ്റെ പഴം നീ തിന്നോ?” അപ്പോൾ അവൻ പറഞ്ഞ മറുപടി വിശുദ്ധഗ്രന്ഥത്തിൽ നിന്നു ചേർക്കുന്നു: “എന്നോടു കൂടെ ആയിരിപ്പാന്‍ നീ തന്ന സ്ത്രീ ആ വൃക്ഷത്തിന്റെ ഫലം എനിക്കു തന്നു; ഞാന്‍ തിന്നുകയും ചെയ്തു.” ഇപ്പോൾ അസ്ഥിയുമില്ല, മാംസവുമില്ല, ‘നീ തന്ന സ്ത്രീ’ കുറ്റം ദൈവത്തിനു വെച്ചുകൊടുത്തു. ആദാമിൻ്റെ മറുപടി മോശ വളരെ സഭ്യമായ ഭാഷയിലാണ് എഴുതിയിരിക്കുന്നത്. നമ്മുടെ ഭാഷയിൽ പറഞ്ഞാൽ: ‘ഞാനെങ്ങാനും ചോദിച്ചിട്ടാണോ ആ സാധനത്തിനെ എൻ്റെ തലയിൽ കെട്ടിവെച്ചത്. ഇനി, നീതന്നെ അനുഭവിച്ചോ’ എങ്ങനെയുണ്ട്. ഞാൻ വിചാരിക്കുന്നത്, ആദാം വൃക്ഷഫലം തിന്നതല്ല കുറ്റം, അവൻ്റെ ഈ മറുപടിയാണ്. “കർത്താവേ, എൻ്റെ അസ്ഥിയിൽ നിന്നുള്ള അസ്ഥിയും മാംസത്തിൽ നിന്നുള്ള മാംസവുമായവൾ തന്നപ്പോൾ, ഞാൻ അറിയാതെ തിന്നുപോയി. ഞങ്ങളോട് രണ്ടുപേരോടും ക്ഷമിക്കേണമേ” എന്നാണ് ആദാം പറഞ്ഞതെങ്കിൽ ഒരുപക്ഷെ, ചരിത്രംതന്നെ മാറുമായിരുന്നു. പകരം തൻ്റെ തെറ്റ് മുഴുവൻ ദൈവത്തിന് ചാർത്തിക്കൊടുത്തു. ആദാം ദൈവത്തോട് ഒരു തുണയെ ആവശ്യപ്പെട്ടിരുന്നില്ല എന്നത് വാസ്തവമാണ്. പക്ഷെ, ആദാമിൻ്റെ ഹൃദയത്തിലെ ആഗ്രഹമറിഞ്ഞാണ് സർവ്വജ്ഞാനിയായവൻ അവന് തുണയെ കൊടുത്തത്. ആദാം അതിൽക്കേറി പിടിച്ചു, പണി ദൈവത്തിന് തിരിച്ചുവെച്ചു. അതുകൊണ്ടാണ് ആദാമിൻ്റെ സന്തതികളായ മനുഷ്യവർഗ്ഗം ഇന്നും വികടത്തരം മാത്രം പറയുന്നത്.
ബസാലേലിനെ ദൈവീകചൈതന്യം കൊണ്ട് നിറച്ചത് ഇസ്രായേൽ ജനത്തിന് വിഗ്രഹമുണ്ടാക്കി കൊടുക്കാനായിരുന്നോ???… കയ്യിൽ ബൈബിൾ വെച്ചിട്ട് പാരമ്പര്യം വിളമ്പുന്ന അച്ചനോട് ചോദിച്ചിട്ട് എന്താകാര്യം. ബസാലേലിനെ മാത്രമല്ല, ഓഹോലിയാബിനെയും, മറ്റു പല ശില്പവിദഗ്ധന്മാരെയും ദൈവം തിരഞ്ഞെടുത്തു. വിഗ്രഹം പണിയാനല്ല, സമാഗമകൂടാരത്തിൻ്റെ നിർമ്മിതിക്കാണ്. ഈജിപ്റ്റിൽ അടിമവേല ചെയ്യുകയും, വൈക്കോലും വിറകുമില്ലാതെ ഇഷ്ടിക ചുട്ട് ഊപ്പാടുവന്ന് ദൈവത്തോട് നിലവിളിച്ചപ്പോഴാണ്, ദൈവം അവരെ മോശ മുഖാന്തരം പുറപ്പെടുവിച്ച് കനാൻദേശം അവർക്ക് കൊടുക്കാനായി മരുഭൂമിവഴി കൊണ്ടുവന്നത്. മരുഭൂയാത്രയിൽ ദൈവസാന്നിധ്യവും കരുതലും എപ്പോഴുമവർക്ക് ഉണ്ടാകാൻ, ദൈവത്തിന് അവരുടെമദ്ധ്യേ വസിക്കാനാണ് സമാഗമകൂടാരം നിർമ്മിച്ചത്. ഈ സമാഗമകൂടാരത്തിൻ്റെ നിർമ്മിതിക്കുവേണ്ടി കൊത്തുപണികൾ ചെയ്യാനാണ് ബസാലേലിനെയും കൂട്ടരേയും ദൈവീക ചൈതന്യം കൊണ്ട് നിറച്ചത്. കൊത്തുപണിയെന്നാൽ വിഗ്രഹം കൊത്തുന്ന പണിയാണെന്ന് അച്ചനോട് ആരാണ് പറഞ്ഞത്? ബസാലേൽ പണിത വിഗ്രഹത്തെക്കുറിച്ച് അച്ചൻ ഏതു ബൈബിളിലാണ് വായിച്ചിട്ടുള്ളത്? ബൈബിൾ വായിക്കാതെ ബോധക്കേട് വിളിച്ചുപറയുന്നത് പള്ളീലച്ചന്മാർക്ക് ചേർന്ന പണിയാണോ???… ബസാലേൽ പണിതതെന്താണെന്ന് ബൈബിളിൽ എഴുതിയിട്ടുണ്ട്. സമാഗമകൂടാരവും അതിൽ വെയ്ക്കേണ്ട സാമഗ്രികളുമാണ്: “സമാഗമകൂടാരം, സാക്ഷ്യപേടകം, അതിന്മേലുള്ള കൃപാസനം, കൂടാരത്തിലെ ഉപകരണങ്ങള്‍മേശയും അതിൻ്റെ ഉപകരണങ്ങളും, വിളക്കുകാലും അതിൻ്റെ ഉപകരണങ്ങളും, ധൂപപീഠം, ദഹന ബലിപീഠവും അതിൻ്റെ എല്ലാ ഉപകരണങ്ങളും, ക്ഷാളനപാത്രവും അതിന്‍െറ പീഠവും, ചിത്രത്തുന്നലാല്‍ അലംകൃതമായ വസ്ത്രങ്ങള്‍, പുരോഹിതനായ അഹറോൻ്റെ വിശുദ്ധവസ്ത്രങ്ങൽ, അവൻ്റെ പുത്രന്മാര് പുരോഹിതശുശ്രൂഷ ചെയ്യുമ്പോൾ അണിയേണ്ട വസ്ത്രങ്ങൾ, അഭിഷേകതൈലം, വിശുദ്ധ സ്ഥലത്തു ധൂപാര്‍പ്പണത്തിനുപയോഗിക്കുന്ന സുഗന്ധദ്രവ്യങ്ങൾ ഇവയെല്ലാം ഞാൻ നിന്നോടു കല്പിച്ചപ്രകാരം അവര്‍ നിര്‍മിക്കണം.” (പുറ, 31: 7-11). സമാഗമകൂടാരമെന്നാൽ ഇസ്രായേൽ ജനത്തിനു പൂജിക്കാനുള വിഗ്രഹമല്ലച്ചോ, സ്വർഗ്ഗീയ ദൈവത്തിൻ്റെ താല്‍ക്കാലിക വസതിയാണ്. നല്ലവീട് പണിയാൻ മനുഷ്യർ നല്ല തച്ചനെയാണ് തിരഞ്ഞെടുക്കുന്നത്. ദൈവത്തിൻ്റെ വീടുപണിയാൻ ജ്ഞാനമുള്ള ഒരുത്തനും ഭൂമിയിൽ ഇല്ലാത്തതുകൊണ്ടാണ് തൻ്റെ ദൈവീകചൈതന്യം നല്കി ബസാലേലിനെ തിരഞ്ഞെടുത്തത്. (സമാഗമ കൂടാരത്തെക്കുറിച്ച് കൂടുതൽ അറിയാൻ; ‘സമാഗമനകൂടാരം’ എന്ന ലേഖനം കാണുക).
എന്താണ് കൃപാസനം എന്നറിയാത്തുകൊണ്ടാണ്, കൃപാസനത്തിന്മേലുള്ള കെരുബുകൾ വിഗ്രഹമാണെന്ന് അച്ചൻ പറഞ്ഞത്. ക്രൈസ്തവ വിശ്വാസത്തിൻ്റെ അടിസ്ഥാനഗ്രന്ഥം ബൈബിളാണ്. എന്നാൽ കത്തോലിക്കാ വിശ്വാസത്തിൻ്റെ അടിസ്ഥാനം നില്‍ക്കുന്നത്, പാപ്പാമാരിലും, പാരമ്പര്യത്തിലും, വിഗ്രഹങ്ങളിലുമാണെന്ന് അച്ചൻ തെളിയിച്ചുകഴിഞ്ഞു. കൃപയുടെ ഇരിപ്പിടമാണ് കൃപാസനം. സമാഗമനകൂടാരത്തിൽ അതിപരിശുദ്ധസ്ഥലത്തു വച്ചിരുന്ന നിയമപെട്ടകത്തിന്റെ മേൽമൂടിക്കു നല്‍കിയിട്ടുള്ള പേരാണ് കൃപാസനം. മൂടിക്കുമീതെ ഇരുവശവുമായി വെച്ചിരിക്കുന്ന കെരുബുകൾക്കു മദ്ധ്യേയാണ് കർത്താവിൻ്റെ തേജസ്സ് അഥവാ, ഷെഖേന പ്രത്യക്ഷപ്പെട്ടിരുന്നത്: “കൃപാസനം മൂടത്തക്കവിധം കെരൂബുകൾ ചിറകുകൾ മുകളിലേക്കു വിരിച്ചു പിടിച്ചിരിക്കണം. കെരൂബുകൾ കൃപാസനത്തിലേക്കു തിരിഞ്ഞ് മുഖാഭിമുഖം നിലകൊള്ളണം. കൃപാസനം പേടകത്തിനു മുകളില്‍ സ്ഥാപിക്കണം. ഞാൻ നിനക്കു തരാന്‍പോകുന്ന ഉടമ്പടിപ്പത്രിക പേടകത്തിനുള്ളിൽ നിക്ഷേപിക്കണം. അവിടെവച്ചു ഞാൻ നിന്നെ കാണും. കൃപാസനത്തിനു മുകളിൽ നിന്ന്, സാക്ഷ്യപേടകത്തിനു മീതേയുള്ള കെരൂബുകളുടെ നടുവില്‍നിന്നു ഞാൻ നിന്നോടു സംസാരിക്കും. ഇസ്രായേലിനുവേണ്ടിയുള്ള എൻ്റെ കല്പനകളെല്ലാം ഞാൻ നിന്നെ അറിയിക്കും.” (പുറ, 25’20-22). ഇനി, കെരൂബുകളെ എന്തിനാണ് സാക്ഷ്യപേടകത്തിൻ്റെ മൂടിമേൽ പണിതുവെച്ചതെന്ന് അറിയണം: കെരൂബുകളും, സെറാഫുകളും അവർണ്യമായ ശക്തിയോടും സൗന്ദര്യത്തോടും സൃഷ്ടിക്കപ്പെട്ട ദൂതസഞ്ചയമാണ്. ‘ദൈവം കെരൂബിനെ വാഹനമാക്കി കാറ്റിൻ ചിറകുകളില്‍ പറക്കുന്നതായും, കെരൂബുകളിന്മേല് വസിക്കുന്നതായും, കെരൂബുകളുടെമേല്‍ സിംഹാസനസ്ഥൻ ആയിരിക്കുന്നതായും’ പറഞ്ഞിട്ടുണ്ട്. (സങ്കീ, 18:10, 80:1; 99:1). കര്‍ത്താവ് ഉന്നതമായ ഒരു സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്നതു ഏശയ്യാ ദർശിക്കുമ്പോൾ, ആറാറു ചിറകുകളുള്ള സെറാഫുകള്‍ ദൈവത്തിനു ചുറ്റുംനിന്ന് പരിശുദ്ധൻ പരിശുദ്ധൻ എന്നിങ്ങനെ സ്തുതിക്കുന്നതായാണ് കണ്ടത്. (ഏശ, 6:1-3). ഇതിൽനിന്ന് മനസ്സിലാകുന്നത്, ദൈവം സ്വർഗ്ഗത്തിൽ വസിക്കുന്നത്, കെരൂബുകടേയും, സെറാഫുകളുടേയും മദ്ധ്യത്തിലോ, കെരൂബുകളിന്മേലോ ആണെന്നാണ്. എസെക്കിയേൽ കാണുന്ന സ്വർഗ്ഗീയ ദൈവാലയത്തിൻ്റെ ഭിത്തികളിലും കെരൂബുകളെ ആലേഖനം ചെയ്തിട്ടുണ്ട്. (എസെ, 41:18,20,25). അതിനർത്ഥം, സ്വർഗ്ഗീയ സിംഹാസനത്തിൻ്റെ പ്രതിരൂപമായിട്ടാണ് ഭൂമിയിലെ താല്‍ക്കാലിക ദൈവസിംഹസനമായ കൃപാസനത്തിൻ്റെ മൂടിമേലും കെരൂബുകളെ നിർമ്മിക്കാൻ ദൈവം മോശയോട് കല്പിച്ചത്. ഇതിനോട് ചേർത്ത് മറ്റൊന്നുകൂടി കുറിക്കൊള്ളണം: ഇസ്രായേലിൻ്റെ ചരിത്രത്തിലൊരിക്കലും അവർ കെരുബുകളെ ആരാധിച്ചിട്ടില്ല. പിന്നെങ്ങനെ കെരൂബുകൾ വിഗ്രഹമാകും???… (കൃപാസനത്തെക്കുറിച്ച് കൂടുതലറിയാൻ, ‘കൃപാസനം’ എന്ന ലേഖനം കാണുക).
മോശ മരുമൂമിയിൽ ഉയർത്തിയ പിച്ചള സർപ്പം എന്താണെന്നും അച്ചനറിഞ്ഞുകൂട. അറിയാമായിരുന്നയങ്കിൽ, ദൈവം മോശയെക്കൊണ്ട് വിഗ്രഹമുണ്ടാക്കിച്ചു എന്നച്ചൻ പറയില്ലായിരുന്നു. “മുകളില്‍ ആകാശത്തോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലെ ജലത്തിലോ ഉള്ള ഒന്നിൻ്റെയും പ്രതിമ ഉണ്ടാക്കരുത്” എന്ന് കല്പിച്ചവൻതന്നെ മോശയെക്കൊണ്ട് പ്രതിമയുണ്ടാക്കിച്ചെന്ന് പറഞ്ഞാൽ, അതിൻ്റെ അർത്ഥമെന്താണെന്ന് അച്ചനറിയാമോ???… ലൂസിഫർ പോലും ഇങ്ങനെയൊരാരോപണം ദൈവത്തിനെതിരെ ഉന്നയിച്ചിട്ടില്ല. ഇസ്രായേലിലെങ്ങാനും പോയി ഈ വികടത്തരം വിളമ്പാൻ തോന്നാഞ്ഞത് അച്ചൻ്റെ ഭാഗ്യം. അവർ വല്ല റോക്കറ്റിലും കേറ്റി അച്ചനെ ശൂന്യാകാശത്തിലേക്ക് അയച്ചുകളയുമായിരുന്നു. ഇനി പിച്ചള സർപ്പത്തിലേക്ക് വരാം: “ഇസ്രായേൽ ജനത്തിൻ്റെ കനാനിലേക്കുള്ള മരുഭൂയാത്രയിൽ ഏദോം ചുറ്റിപ്പോകാന്‍ ഹോര് മലയില്‍നിന്നു ചെങ്കടലിലേക്കുള്ള വഴിയേ യാത്ര പുറപ്പെട്ടപ്പോൾ, വഴിദൂരം നിമിത്തം അവർ അക്ഷമരായി ദൈവത്തിനും മോശെയ്ക്കുമെതിരായി സംസാരിച്ചതു നിമിത്തം യഹോവ അയച്ച അഗ്നേയസർപ്പങ്ങളുടെ കടിയേറ്റു വളരെയധികം ജനങ്ങൾ മരിച്ചു. എന്നാൽ ജനം തങ്ങളുടെ പാപത്തെക്കുറിച്ച് അനുതപിച്ചപ്പോൾ, മോശ അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും കർത്താവ് കല്പിച്ചതനുസരിച്ച് പിച്ചളകൊണ്ട് ഒരു സർപ്പത്തെ ഉണ്ടാക്കി വടിയിൽ ഉയർത്തുകയും ചെയ്തു. തുടർന്ന് സർപ്പത്തിന്റെ കടിയേറ്റവർ ആ പിച്ചളസർപ്പത്തെ നോക്കി മരണത്തിൽനിന്നു രക്ഷപ്രാപിച്ചു.” (സംഖ്യാ, 21:4-9). ഈ പിച്ചളസർപ്പം ദൈവം മോശയൊട് ഉണ്ടാക്കാൻ പറഞ്ഞത് തന്നെയാണ്. പക്ഷെ, ഇത് വിഗ്രഹമാണോന്ന് അറിയാൻ പുതിയനിയമം വായിക്കണമച്ചോ. യോഹന്നാൻ്റെ സുവിശേഷത്തിൽ കർത്താവ് തന്നെ പറയുന്നുണ്ടത്: “മോശ മരുഭൂമിയിൽ സര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ, തന്നിൽ വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയര്ത്തപ്പെടേണ്ടിയിരിക്കുന്നു.” (യോഹ, 3:14-15). “ഞാൻ ഭൂമിയില്‍നിന്ന് ഉയര്ത്തപ്പെടുമ്പോൾ എല്ലാ മനുഷ്യരെയും എന്നിലേക്കാകര്‍ഷിക്കും” (യോഹ, 12:32) എന്ന് മറ്റൊരു വാക്യവും പറയുന്നു. മോശ മരുമൂമിയിൽ ഉയർത്തിയത് വിഗ്രഹമാണെങ്കിൽ, അതുപോലെ തന്നെ ക്രൂശിൽ ഉയർത്തപ്പെട്ട ക്രിസ്തുവും വിഗ്രഹമാണോ???… അതൊന്നുമല്ലച്ചോ, രക്ഷകനായ ക്രിസ്തുവിൻ്റെ ക്രൂശുമരണത്തിന് നിഴലാണ്, മരുഭൂമിയിൽ ഇസ്രായേൽ ജനത്തിൻ്റെ രക്ഷയായി ഭവിച്ച പിച്ചളസർപ്പം. പഴയനിയമത്തിലും രക്ഷയുണ്ട്, പക്ഷെ, അത് പ്രവർത്തിയാലാണ്: “നിയമത്തിൻ്റെ അടിസ്ഥാനം വിശ്വാസമല്ല; എന്തെന്നാല്‍, അവ അനുഷ്ഠിക്കുന്നവൻ അവവഴി ജീവിക്കും.” (ഗലാ, 3:12; റോമ, 10:5; ലേവ്യ, 18:5; നിയ, 4:1; 6:24). നിയമം കയ്യിൽ വാങ്ങിയ മോശയ്ക്കും, പഴയനിയമത്തിലാർക്കും ഈ നിയമയത്തിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ പൂർണ്ണമായും അനുഷ്ഠിച്ചുകൊണ്ട് രക്ഷ കൈവരിക്കാൻ കഴിഞ്ഞില്ല. (യോഹ, 7:19; പ്രവ, 7:53; 15:10). അതുകൊണ്ടാണ് ദൈവം മനുഷ്യനായി മണ്ണിൽ വെളിപ്പെട്ട് മനുഷ്യരുടെ പാപങ്ങൾ വഹിച്ചുകൊണ്ട് ക്രൂശിൽ മരിച്ചത്. പുതിയനിയമത്തിൽ രക്ഷയ്ക്കായി വിശ്വാസം മാത്രംമതി, പ്രവൃത്തികൾ ആവശ്യമില്ല. “അവനിൽ വിശ്വസിക്കുന്ന എല്ലാവരും അവൻ്റെ നാമംവഴി പാപമോചനം നേടുമെന്നു പ്രവാചകന്മാര് അവനെക്കുറിച്ചു സാക്ഷ്യപ്പെടുത്തുന്നു.” (പ്രവ, 10:43). പിച്ചളസർപ്പം വിഗ്രഹമായിരുന്നെങ്കിൽ, അതിനെ വെയ്ക്കാൻ ഒരു സ്ഥലം മരുഭൂമിയിൽ ഉണ്ടായിരുന്നല്ലോ? സമാഗമകൂടാരം. പിന്നെന്തിനാണ് വടിയിൽ അഥവാ, കൊടിമരത്തിൽ ഉയർത്തിയത്? പറയാം: സമാഗമകൂടാരത്തെ ചുറ്റിയാണ് നാല്പത് ലക്ഷത്തിലധികം വരുന്ന ഇസ്രായേൽജനം കിലോമീറ്ററുകളോളം താവളമടിച്ചിരിക്കുന്നത്. സമാഗമകൂടാരത്തിനുള്ളിൽ പിച്ചളസർപ്പത്തെ വെച്ചാൽ, ആഗ്നേയ സർപ്പത്തിൻ്റെ കടിയേൽക്കുന്നവർ കിലോമീറ്ററുകൾ ദൂരെനിന്ന് സർപ്പത്തെ നോക്കാൻ ഇഴഞ്ഞു വരേണ്ടിവരും. അങ്ങനെ സംഭവിച്ചാൽ, അവരുടെ പ്രവൃത്തിമൂലമാണ് രക്ഷ കിട്ടിയതെന്നുവരും. കൂടാതെ ആ സർപ്പം ഒരു വിഗ്രഹമായി മാറുകയും ചെയ്യും. കൊടിമരത്തിൽ സർപ്പത്തെ തൂക്കിയ കാരണത്താൽ, മരുഭൂമിയിൽ എവിടെവെച്ച് ആഗ്നേയ സർപ്പം അവരെ കടിച്ചാലും, അവർ അവിടെ നിന്നുകൊണ്ട് പിച്ചളസർപ്പത്തെ നോക്കിയാൽ മതിയാകും. നോട്ടം ഒരു പ്രവൃത്തിയല്ല; എൻ്റെ രക്ഷ കൊടിമരത്തേൽ തൂങ്ങിക്കിടപ്പുണ്ട് എന്നുള്ള വിശ്വാസത്തിൻ്റെ പ്രതിഫലനമാണ്. അതുപോലെ, യാതൊരു പ്രവൃത്തിയും കൂടാതെ ക്രൂശിൽ മരിച്ച ക്രിസ്തുവിലുള്ള വിശ്വാസത്താൽ മനുഷ്യന് രക്ഷ പ്രാപിക്കാൻ കഴിയും. “തന്നില്‍ വിശ്വസിക്കുന്നവനു നിത്യജീവന് ഉണ്ടാകേണ്ടതിന് മനുഷ്യപുത്രനും ഉയര്ത്തപ്പെടേണ്ടിയിരിക്കുന്നു.” (യോഹ, 3:15). അങ്ങനെ മനുഷ്യപുത്രൻ ഉയർത്തപ്പെട്ടതിൻ്റെ ഫലമാണ് രക്ഷ: “വിശ്വാസംവഴി കൃപയാലാണു നിങ്ങള്‍ രക്ഷിക്കപ്പെട്ടത്. അതു നിങ്ങള്‍ നേടിയെടുത്തതല്ല, ദൈവത്തിൻ്റെ ദാനമാണ്.” (എഫേ, 2:8). ഭാവിയിൽ ലഭിക്കാനുള്ള രക്ഷയുടെ നിഴലായിട്ടാണ് മോശ മരൂഭൂമിൽ സർപ്പത്തെ ഉയർത്തിയത്. അഥവാ, മിശിഹായിലൂടെ വരുവാനുള്ള സൗജന്യരക്ഷയുടെ മുൻകുറിയായിരുന്നു പിച്ചളസർപ്പം. മോശ ഉയർത്തിയ പിച്ചളസർപ്പം വിഗ്രഹമായിരുന്നെങ്കിൽ, അതിനെ കൊടിമരത്തിലാണോ തൂക്കേണ്ടത്???… കൊടിമരത്തിൽ തൂക്കിയിട്ടിരിക്കുന്ന എത്രവിഗ്രഹങ്ങളെ അച്ചൻ ലോകത്തിൽ കണ്ടിട്ടുണ്ട്???… കൊടിമരത്തിൽ ഉയർത്തുന്നത് വിഗ്രമല്ലച്ചോ, വിജയക്കൊടിയാണ്! അതാണ്, ലോകത്തിൻ്റെ പാപങ്ങൾ വഹിച്ചുകൊണ്ട് ക്രൂശിൽമരിച്ച് ഉയർത്തപ്പെട്ട കർത്താവായ യേശുക്രിസ്തു. അവൻ ക്രൂശിൽ മരിച്ച് ഒടുങ്ങിപ്പോയവനല്ല; സാത്താൻ്റെ തല ചവിട്ടിയരച്ച് ഉയിർത്തെഴുന്നേറ്റ് ഇന്നും ജീവിക്കുന്നവനാണ്.
One thought on “കല്പനകൾ”