സെപ്റ്റ്വജിൻ്റ് പരിഭാഷ (Septuagint Translation)
എബ്രായ ഭാഷയിലെ പഴയനിയമത്തിന്റെ ഗ്രീക്കു വിവർത്തനമാണ് സെപ്റ്റ്വജിൻ്റ് പരിഭാഷ. മഹാനായ അലക്സാണ്ടറുടെ യുദ്ധവിജയങ്ങൾ ഗ്രീക്കു ഭാഷയുടെ പ്രചാരണത്തിനു വഴിതെളിച്ചു. ഗ്രീക്കുഭാഷ സംസാരിക്കുന്ന വലിയൊരു കൂട്ടം യഹൂദന്മാർ പലസ്തീനിൽ നിന്നും ഈജിപ്റ്റിലേക്കു കുടിയേറിപ്പാർത്തു. അങ്ങനെ ഈജിപ്റ്റിലെ അലക്സാണ്ട്രിയ പട്ടണം യഹൂദന്മാർ തിങ്ങിപാർക്കുന്ന കേന്ദ്രമായിത്തീർന്നു. എബ്രായഭാഷയിലെ പഴയനിയമം ഗ്രീക്കിലേക്കു വിവർത്തനം ചെയ്തുലഭിച്ചാൽ നന്നായിരുന്നുവെന്നും അവർ ആഗ്രഹിച്ചു. അന്നു ഈജിപ്റ്റു ഭരിച്ചിരുന്ന ടോളമി ഫിലാദെൽഫസ് (Ptolemy Philadelphus, BC 309- 246) ഗ്രീക്കുഭാഷ സംസാരിച്ചിരുന്നവർക്കായി എബ്രായഭാഷയിലെ പഴയനിയമം ഗ്രീക്കിലേക്കു വിവർത്തനം ചെയ്യുവാൻ നടപടി എടുത്തു. എബ്രായപഴയനിയമം ഗ്രീക്കിലേക്കു പരിഭാഷപ്പെടുത്തുവാനായി എബ്രായ ഗ്രീക്കു ഭാഷകളിൽ പ്രാവീണ്യമുള്ള 72 യഹൂദാപണ്ഡിതന്മാരെ യെരൂശലേമിൽ നിന്നും രാജാവു വരുത്തി. ഇവരിൽ 70 പേർ 70 ദിവസംകൊണ്ട് ആദ്യം മോശെയുടെ ഒറ്റപുസ്തകമായ ന്യായപ്രമാണപുസ്തകം പരിഭാഷപ്പെടുത്തി, അഞ്ചു പുസ്തകമായി ക്രമപ്പെടുത്തി. ഈ പരിഭാഷയ്ക്ക് ലത്തീൻ ഭാഷയിൽ 70 എന്നർത്ഥമുള്ള Septuaginta എന്ന വാക്കിൽനിന്ന് സെപ്റ്റ്വജിൻ്റ് എന്നു പേർ ലഭിച്ചു. തുടർന്നു പഴയനിയമം മുഴുവനും ഗ്രീക്കിലേക്കു വിവർത്തനം ചെയ്തു. വിഷയക്രമത്തിന്റെയും, ചുരുളുകളുടെ എണ്ണമനുസരിച്ചും 22 പുസ്കത്തെ 39 പുസ്തകമായി ഇവർ ക്രമപ്പെടുത്തി. യേശുക്രിസ്തുവിന്റെ കാലത്തു പ്രചാരത്തിലുണ്ടായിരുന്ന പഴയനിയമം സെപ്റ്റ്വജിൻ്റ് വിവർത്തനമായിരുന്നു. പുതിയനിയമത്തിലെ ഉദ്ധരണികൾ ഈ പരിഭാഷയിൽ നിന്നെടുത്തിട്ടുള്ളതാണ്.