സുരക്ഷിതമായ യാത്രയ്ക്കുവേണ്ടിയുള്ള ഒരുക്കം
വാഹനങ്ങളാ വഴിവിളക്കുകളോ മറ്റു യാത്രാസൗകര്യങ്ങളോ ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ യാത്ര, പ്രത്യേകിച്ച് ദീർഘയാത്ര ആപൽക്കരമായിരുന്നു. വിജനമായ പ്രദേശളിലൂടെയുള്ള ദിർഘയാത്രകളിൽ കൊള്ളക്കാരുടെ ആക്രമണം സർവ്വസാധാരണം ആമായിരുന്നതിനാൽ, യാത്രകൾ തങ്ങളുടെ ജീവിതങ്ങളിൽനിന്നു കഴിയുന്നതും ഒഴിവാക്കുവാൻ ജനങ്ങൾ ശ്രമിച്ചിരുന്നു. ആ പശ്ചാത്തലത്തിലായിരുന്നു അർത്ഥഹ്ശഷ്ടാ രാജാവ് യെരൂശലേം ദൈവാലയം പണിയുന്നതിനു നൽകിയ സ്വർണ്ണവും വെള്ളിയും മറ്റു സാമഗ്രികളുമായി എസ്രായ്ക്ക് യെരൂശലേമിലേക്കു പോകേണ്ടിവന്നത്. എന്നാൽ അവ സുരക്ഷിതമായി യെരൂശലേമിലേക്കു കൊണ്ടുപോകുന്നതിന് പടയാളികളെയും കുതിരച്ചേവകരെയും രാജാവിനോട് എസ്രാ ചോദിച്ചില്ല. കാരണം “ഞങ്ങളുടെ ദൈവത്തിന്റെ കൈ അവനെ അന്വേഷിക്കുന്നവർക്ക് അനുകൂലമായും അവനെ ഉപേക്ഷിക്കുന്നവർക്കു പ്രതികൂലമായും ഇരിക്കുന്നു” (എസ്രാ, 8:22) എന്ന് രാജാവിനോട് എസ്രാ പറഞ്ഞിരുന്നു. ആ ദൈവത്തിന്റെ കൈ തങ്ങളെ കാത്തുപരിപാലിച്ച്, സുരക്ഷിതരായി യെരൂശലേമിൽ എത്തിക്കുമെന്ന് രാജാവിനെ ബോദ്ധ്യമാക്കുവാനാണ് എസ്രാ തങ്ങൾക്ക് അകമ്പടിയായി പടയാളികളെയും കുതിരച്ചേവകരെയും ചോദിക്കാതിരുന്നത്. പക്ഷേ, രാജാവിനോട് ദൈവത്തിന്റെ കാവലിനെക്കുറിച്ച് പറഞ്ഞതുകൊണ്ടു മാത്രം ദൈവം തങ്ങൾക്ക് സംരക്ഷണം നൽകുമെന്ന് എസ്രാ കരുതിയിരുന്നില്ല. ദൈവത്തിന്റെ സന്നിധിയിൽ സ്വയം താഴ്ത്തി, യെരുശലേമിലേക്കു പോകുന്ന എല്ലാവർക്കും അവരുടെ സർവ്വസമ്പത്തിനും ദൈവത്തോടു ശുഭയാത്ര യാചിക്കുവാനായി ‘അഹവാ’ നദിയുടെ സമീപത്തുവച്ച് എസ്രാ ഒരു ഉപവാസം പ്രഖ്യാപിച്ചു. (എസ്രാ, 8:21). അവർ ഉപവസിച്ച്, അവരുടെ യാത്രയിൽ അവരെ കാത്തുസൂക്ഷിക്കുന്നതിനായി ദൈവത്തോടു പ്രാർത്ഥിച്ചു. ദൈവം അവരുടെ ഉപവാസത്തിൽ പ്രസാദിച്ച് അവരുടെ പ്രാർത്ഥന കേട്ടു. ഉപവാസത്തിനുശേഷം ഒന്നാം മാസം പന്ത്രണ്ടാം തീയതി യാത്ര പുറപ്പെട്ട അവരെ ശ്രതുവിന്റെ കൈയിൽനിന്നും വഴിയിൽ പതിയിരിക്കുന്നവൻ്റെ കൈയിൽനിന്നും ദൈവം രക്ഷിച്ചു. അവർ സുരക്ഷിതരായി യെരുശലേമിൽ എത്തിച്ചേർന്നു. (എസ്രാ, 8:31,32). അനർത്ഥങ്ങളും അപകടങ്ങളും നിറഞ്ഞ ഈ ജീവിതയാത്രയിൽ ദൈവത്തിന്റെ കാവലോടും കൃപയോടുംകൂടെ സുരക്ഷിതരായി ലക്ഷ്യസ്ഥാനത്തെത്തുവാൻ ഉപവാസപ്രാർത്ഥന മുഖാന്തരമൊരുക്കുന്നു എന്ന് എസ്രായുടെയും സഹയാത്രികരുടെയും ഉപവാസം നമ്മെ പഠിപ്പിക്കുന്നു.