സഹിഷ്ണുത (Patience)
പീഡനവും എതിർപ്പും ക്ഷമയോടെ സഹിച്ചു നില്ക്കുവാൻ ദൈവം നല്കുന്ന കഴിവാണ് സഹിഷ്ണുത. ഈ ആശയത്തെക്കുറിക്കുന്ന എബ്രായപദത്തിനു ‘ദീർഘം’ എന്നർത്ഥം. ദൈവം ദീർഘ ക്ഷമയുള്ളവനാണ്. (പുറ, 34:6; സംഖ്യാ, 14:17; സങ്കീ, 86:15; 103:8). ദീർഘക്ഷമയ്ക്ക് തത്തുല്യമായ ഗ്രീക്കുപദം ‘മാക്രൊതുമിയ’ ആണ്. ‘ഹ്യുപൊമൊനീ’ എന്ന ഗ്രീക്കു പദത്തെയാണ് പുതിയനിയമത്തിൽ സഹിഷ്ണുത എന്നു തർജ്ജമ ചെയ്തിട്ടുള്ളത്. കീഴെ (ഹ്യുപൊ) വസിക്കുക (മെനോ) എന്നാണ് വാച്യാർത്ഥം. ഹ്യുപൊമാനീ എന്ന നാമപദം മുപ്പത്തിരണ്ടു പ്രാവശ്യവും, ക്രിയാരൂപം പതിനഞ്ചു പ്രാവശ്യവും പുതിയനിയമത്തിലുണ്ട്.
കഷ്ടത സഹിഷ്ണുതയെയും സഹിഷ്ണുത സിദ്ധതയെയും ഉളവാക്കുന്നു. (റോമ, 5:3). അനേക കഷ്ടങ്ങളിലൂടെ ക്രിസ്ത്യാനി കടന്നു പോകുന്നു. ഈ കഷ്ടങ്ങൾ അനുഭവിക്കുന്നതിനു സഹിഷ്ണുത ആവശ്യമാണ്. (2കൊരി, 6:4). സഹിഷ്ണുതയെ ഉളവാക്കുന്നതു തന്നെ കഷ്ടതയാണ്. തെസ്സലൊനീക്യർ കഷ്ടതയിൽ സഹിഷ്ണുത കാണിച്ചു. (2തെസ്സ, 1:4). ക്രിസ്ത്യാനിയുടെ സ്വഭാവത്തെ പൂർണ്ണമാക്കുന്നതു കഷ്ടതയാണ്. (യാക്കോ, 1:4). ക്രിസ്തുവിനോടു കൂടെ സഹിക്കുകയാണ് ക്രിസ്തുവിനോടു കൂടെ വാഴാനുള്ള ഉപാധി. (2തിമൊ, 2:12; വെളി, 1:9). ഈ സഹിഷ്ണുതയ്ക്കായി വിശ്വാസികൾ പൂർണ്ണ ശക്തിയോടെ ബലപ്പെടണം. (കൊലൊ, 1:11). ദൈവേഷ്ടം ചെയ്ത വാഗ്ദത്തം പ്രാപിപ്പാൻ സഹിഷ്ണുത ആവശ്യമാണ്. (എബ്രാ, 10:36). സഹിഷ്ണുത കാണിക്കുന്നവർ ഭാഗ്യവാന്മാർ. (യാക്കോ, 5:11). ഇയ്യോബിന്റെയും അപ്പൊസ്തലനായ പൗലൊസിന്റെയും സഹിഷ്ണുത മാതൃകയാണ്. (യാക്കോ, 5:11; 2തിമൊ, 3:10). വിശുദ്ധന്മാർക്കു വിശ്വാസം പോലെ സഹിഷ്ണുതയും ആവശ്യമാണ്. (വെളി, 13:10; 14:12). “നാം അവനോടുകൂടെ മരിച്ചു എങ്കിൽ കൂടെ ജീവിക്കും; സഹിക്കുന്നു എങ്കിൽ കൂടെ വാഴും.” (2തിമൊ, 2:11).
One thought on “സഹിഷ്ണുത”