ശെഖേം (Shechem)
പേരിനർത്ഥം — തോൾ
പലസ്തീനിലെ ഒരു പ്രധാന പട്ടണം. എഫ്രയീം മലനാട്ടിൽ സ്ഥിതിചെയ്യുന്നു. ശെഖേമിൽ (ഉല്പ, 33:19) നിന്നു പട്ടണത്തിനോ പട്ടണത്തിൽ നിന്നു ശെഖേമിനോ പേർ കിട്ടിയതെന്നു നിശ്ചയമില്ല. മലയുടെ പാർശ്വത്തിൽ സ്ഥിതിചെയ്യുന്നതുകൊണ്ട് തോൾ അഥവാ ചരിവു എന്ന് അർത്ഥത്തിലുള്ള ശെഖേം പട്ടണത്തിന്റെ ഭൂമിശാസ്ത്ര സ്വഭാവത്തെ വെളിപ്പെടുത്തുന്നു. (യോശു, 20:7; 1രാജാ, 12:25; ന്യായാ, 9:6). ശെഖേമിൽ വച്ചു യഹോവ അബ്രാഹാമിനു പ്രത്യക്ഷപ്പെട്ടു; അവന്റെ സന്തതിക്കു ദേശം കൊടുക്കുമെന്നു വാഗ്ദാനം ചെയ്തു. അബ്രാഹാം യഹോവയ്ക്ക് ഒരു യാഗപീഠം പണിതു. (ഉല്പ, 12:6,7). പദ്ദൻ-അരാമിൽ നിന്നു മടങ്ങിവന്ന യാക്കോബ് ശെഖേമിൽ പാർപ്പുറപ്പിച്ചു, ഹമോരിന്റെ പുത്രന്മാരിൽ നിന്നും നിലം വാങ്ങി. (ഉല്പ, 33:18-19; യോശു, 24:32). പട്ടണത്തിനും പട്ടണത്തിന്റെ പ്രഭുവിനും ശെഖേം എന്നു പറയുന്നതായി ഉല്പത്തി 33-34-ൽ കാണാം. യാക്കോബ് ശെഖേമിലായിരുന്നപ്പോഴാണ് ദേശത്തിന്റെ പ്രഭുവായ ശെഖേം യാക്കോബിന്റെ പുത്രി ദീനയോട് വഷളത്തം പ്രവർത്തിച്ചത്. അവളുടെ സഹോദരന്മാരായ ശിമെയോനും ലേവിയും പട്ടണത്തോടു പ്രതികാരം ചെയ്ത് അതിനെ നശിപ്പിച്ചു. (ഉല്പ, 34). യോസേഫിന്റെ സഹോദരന്മാർ ശെഖേമിൽ ആടു മേച്ചിരുന്നു. അവരുടെ സുഖവർത്തമാനം അറിയുന്നതിനു വേണ്ടി യോസേഫ് പോയി. (ഉല്പ, 37:12-14)
കനാൻ ദേശം വിഭാഗിച്ചപ്പോൾ ശെഖേം എഫ്രയീം ഗോത്രത്തിന്നു ലഭിച്ചു. (യോശു, 17:7). യോശുവ ശെഖേമിനെ സങ്കേതനഗരമായി തിരഞ്ഞെടുത്തു. (യോശു, 20:7; 21:21; 1ദിന, 6:67). മരണത്തിനു മുമ്പു യോശുവ യിസ്രായേൽ മക്കളെ അഭിസംബോധന ചെയ്തതു ശെഖേമിൽ വച്ചായിരുന്നു. (യോശു, 24:1). യാക്കോബ് ഹമോരിന്റെ മക്കളോടു വിലയ്ക്കു വാങ്ങിയിരുന്ന സ്ഥലത്തു യോസേഫിന്റെ അസ്ഥികളെ അടക്കം ചെയ്തു. (യോശു, 24:32). ഗിദെയോന്റെ പുത്രനായ അബീമേലെക് രാജാവായത് ശെഖേമിലാണ്. ശെഖേം നിവാസികൾക്കും അബീമേലെക്കിനും തമ്മിൽ ഇടർച്ചയുണ്ടായി. തുടർന്നുണ്ടായ യുദ്ധത്തിൽ അബീമേലെക്ക് പട്ടണം പിടിച്ചു അതിനെ നശിപ്പിച്ചു. (ന്യായാ, 9:46-49). ശലോമോൻ മരിച്ചശേഷം പുത്രനായ രെഹബെയാം ശെഖേമിൽ പോയി എല്ലാ യിസ്രായേലിനും രാജാവായി. (1രാജാ, 12:1; 2ദിന, 10:1). യിസ്രായേൽ രാജ്യം പിളർന്നപ്പോൾ യൊരോബെയാം പത്തുഗോത്രങ്ങളുടെ രാജാവായി. അവൻ എഫ്രയീമിലെ മലനാടായ ശെഖേമിനെ പണിതു തലസ്ഥാനനഗരമാക്കി. (1രാജാ, 12:25). സങ്കീർത്തനങ്ങളിലും (60:6; 108:7), പ്രവചനങ്ങളിലും (ഹോശേ, 6:9) ശെഖേമിനെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. യെരുശലേം നശിപ്പിക്കപ്പെട്ടപ്പോൾ ശെഖേമിലും മറ്റു പട്ടണങ്ങളിലുമുളളവർ ഗെദല്യാവിന്റെ സംരക്ഷണം ലഭിക്കുവാനായി മിസ്പയിലേക്കു വന്നു. (യിരെ, 44:5). ഇതിനുശേഷം ശെഖേം പ്രത്യക്ഷമായി പരാമർശിക്കപ്പെടുന്നില്ല.
യേശുവും ശമര്യാസ്ത്രിയും തമ്മിലുളള സംഭാഷണം ശൈഖമിന്റെ പരിസരത്തുവെച്ചാണ് നടന്നത്. (യോഹ, 4). യോഹന്നാൻ 4:5-ലെ സുഖാറിനെ ശെഖേം എന്നാണ് വായിക്കേണ്ടതെന്നു പലരും അഭിപ്രായപ്പെടുന്നുണ്ട്. എ.ഡി. 72-ൽ പട്ടണത്തെ ഫ്ളാവിയ നെയപൊലിസ് എന്ന പേരിൽ പുതുക്കിപ്പണിതു. ഇതിൽ നിന്നാണ് ആധുനിക ഗ്രാമമായ നാബ്ളസിന്റെ പേർ വന്നത്. ഗെരിസീം മലയിലെ ശമര്യ ദൈവാലയത്തെ വെപേഷ്യൻ ചക്രവർത്തി നശിപ്പിച്ചശേഷം പുതിയ നഗരമായ നവപ്പൊലി സ്ഥാപിച്ചു. പഴയനഗരം ശുന്യമായി ശേഷിച്ചു. നാബ്ളസിന്റെ സ്ഥാനത്തിലല്ല മറിച്ചു ‘തേൽ-ബാലാത്ത’യിലാണ് (Tell Balatah) പ്രാചീന ശെഖേമെന്നു ഉൽഖനനങ്ങൾ തെളിയിക്കുന്നു. ബി.സി. 2000-നും 1800-നും ഇടയ്ക്കും, പിന്നീടു ബി.സി. 1400-നും 1200-നും ഇടയ്ക്കും പ്രാചീന നഗരമായ ശെഖേം ഐശ്വര്യ പൂർണ്ണമായിരുന്നു എന്നു ഉൽഖനനങ്ങൾ വ്യക്തമാക്കി. ബി.സി. 14-ാം നൂറ്റാണ്ടിലേതെന്നു കരുതപ്പെടുന്ന ഒരു ക്ഷേത്രം ഇവിടെ നിന്നും കണ്ടെടുത്തു. അക്കാദിയൻ ഭാഷയിൽ ആലേഖനം ചെയ്തിട്ടുള്ള കളിമൺ ഫലകങ്ങൾ ലഭിച്ചിട്ടുണ്ട്. ഈജിപ്റ്റിലെ സെനുസൈറത് (Senusert) പിടിച്ചടക്കിയ പട്ടണങ്ങളിലൊന്നായി ശെഖേമിനെ പറഞ്ഞിട്ടുണ്ട്. അമർണാ എഴുത്തുകളിൽ ശെഖേമിന്റെ ഭരണാധിപനായ ലെബായുവും (Labayu) പുത്രന്മാരും ഈജിപ്റ്റിനെതിരെ മത്സരിക്കുന്നതായി കാണാം.