യെഹോശാഫാത്ത് (Jehoshaphat)
പേരിനർത്ഥം — യഹോവ ഒരു ശപഥം
യെഹൂദയിലെ നാലാമത്തെ രാജാവ്; ആസയ്ക്കു അസുബയിൽ ജനിച്ച പുത്രൻ. മുപ്പത്തഞ്ചാം വയസ്സിൽ രാജാവായി. ഇരുപത്തഞ്ചു വർഷം രാജ്യം ഭരിച്ചു. ഭരണകാലം (873-848 ബി.സി.) ആഹാബ്, അഹസ്യാവു, യെഹോരാം എന്നീ രാജാക്കന്മാരുടെ സമകാലികനായിരുന്നു. യിസ്രായേലിനെതിരെ യെഹൂദയെ ഉറപ്പിക്കുവാൻ ശ്രമിച്ചു. യെഹൂദയിലെ പട്ടണങ്ങളെ ബലപ്പെടുത്തുകയും ആസാ കീഴടക്കിയിരുന്ന എഫയീം പട്ടണങ്ങളിൽ കാവൽ പട്ടാളങ്ങളെ ഏർപ്പെടുത്തുകയും ചെയ്തു. (2ദിന, 17:1,2). അധികം താമസിയാതെ പൊതു ശത്രുവായ ദമ്മേശക്കിൽ നിന്നുള്ള അപകടം ഭയന്നു ഇരു രാജാക്കന്മാരും സൗഹാർദ്ദത്തിലേർപ്പെട്ടു. യെഹോശാഫാത്തിന്റെ മൂത്തമകനായ യെഹോരാം യിസ്രായേൽ രാജാവായ ആഹബിന്റെ മകൾ അഥല്യയെ വിവാഹം കഴിച്ചു.
പിതാവായ ആസ ആരഭിച്ച മതപരമായ പരിഷ്ക്കാരങ്ങൾ യെഹോശാഫാത്ത് തുടർന്നു. എന്നാൽ അദ്ദേഹത്തിനു പൂജാഗിരികളെ നശിപ്പിക്കുവാൻ കഴിഞ്ഞില്ല. ജനം പൂജാഗിരികളിൽ യാഗം കഴിക്കയും ധൂപം കാട്ടുകയും ചെയ്തു പോന്നു. (2രാജാ, 22:43). വാഴ്ചയുടെ മൂന്നാം വർഷത്തിൽ യെഹോശാഫാത്ത് ജനത്തെ ന്യായപ്രമാണം പഠിപ്പിക്കുന്നതിനു പ്രഭുക്കന്മാരെയും പുരോഹിതന്മാരെയും യെഹൂദാ നഗരങ്ങളിലെല്ലാം അയച്ചു. (2ദിന, 17:7-9). രാജാവു തന്നെ ജനത്തിന്റെ ഇടയിൽ സഞ്ചരിച്ചു, ജനത്തെ യഹോവയിങ്കലേക്കു മടക്കിക്കൊണ്ടുവന്നു. (2ദിന, 19:4). യഹോവയിൽ നിന്നു ഒരു ഭീതി അയൽ രാജ്യങ്ങളെ ബാധിച്ചിരുന്നതു കൊണ്ടു അവർ യെഹോശാഫാത്തിനോടു യുദ്ധം ചെയ്തില്ല. ഫെലിസ്ത്യരും അരാബ്യരും യെഹോശാഫാത്തിനു കപ്പം കൊടുത്തു. ഒരു സ്ഥിരസൈന്യം യെരൂശലേമിൽ വിന്യസിച്ചു. (2ദിന, 17:10-13).
അരാമ്യർക്കെതിരെ ആഹാബുമായി സഖ്യം ചെയ്യുന്നതിനു യെഹോശാഫാത്ത് ശമര്യയിൽ പോയി. ആഹാബുമായി ചേർന്നു ഗിലെയാദിലെ രാമോത്ത് ആക്രമിക്കുവാൻ തീരുമാനിച്ചു. പ്രവാചകന്മാർ എല്ലാം അനുകൂലിച്ചു എങ്കിലും മീഖായാവു മാത്രം എതിരായി പ്രവചിച്ചു. ആഹാബു യുദ്ധത്തിൽ മരിക്കുകയും യെഹോശാഫാത്ത് യെരൂശലേമിൽ സമാധാനത്തോടെ മടങ്ങിവരികയും ചെയ്തു. (2ദിന, 18:1-19:2). അഹസ്യാവിന്റെ മരണശേഷം യെഹോരാം യിസ്രായേലിൽ രാജാവായി. മോവാബിനെതിരെ പടയെടുക്കുവാൻ യെഹോരാം യെഹോശാഫാത്തിനെ പ്രേരിപ്പിച്ചു. ദൈവം അത്ഭുതകരമായി നല്കിയ ജലം നിമിത്തം സൈന്യം രക്ഷപ്പെട്ടു. അനന്തരം അവർ മോവാബ്യരെ തോല്പിച്ചു. മോവാബ്യപട്ടണങ്ങളെ ഇടിച്ചു നല്ല നില മൊക്കെയും കല്ലുവിതറി. (2രാജാ, 3:4-27). ഇത് യെഹോശാഫാത്തിനോടുള്ള മറ്റൊരു മോവാബ്യയുദ്ധത്തിനു കാരണമായി. അമ്മോന്യരും മെയൂന്യരിൽ ചിലരും മോവാബ്യരോടൊപ്പം യെഹോശാഫാത്തിനോടു യുദ്ധത്തിനു വന്നു. തനിക്കു സഹായം യഹോവയിൽ നിന്നാണു വരേണ്ടതെന്നു യെഹോശാഫാത്ത് വിശ്വസിച്ചു, യെഹൂദയിൽ ഉപവാസം പ്രസിദ്ധമാക്കി. യെഹൂദ്യർ ഒന്നിച്ചുകൂടി യഹോവയോടു സഹായം അപേക്ഷിച്ചു. രാജാവു പ്രാർത്ഥിച്ചു കഴിഞ്ഞപ്പോൾ യഹോവയുടെ ആത്മാവു ലേവ്യനായ യഹസീയേലിന്റെമേൽ വന്നു. യുദ്ധം കുടാതെ യെഹൂദ്യർ ജയിക്കുമെന്നു യഹസീയേൽ പ്രവചിച്ചു. ശത്രുക്കൾ കലഹിച്ചു പരസ്പരം നശിപ്പിച്ചു. അങ്ങനെ അവർ തമ്മിൽത്തമ്മിൽ വെട്ടി ശത്രുവിനോടു പൊരുതുവാൻ കഴിയാതെ പോയി. ഈ സംഭവത്തോടു കൂടി ദൈവത്തെക്കുറിച്ചുള്ള ഭീതി സകല രാജ്യങ്ങൾക്കുമുണ്ടായി. അവർ പിന്നീടൊരിക്കലും യെഹോശാഫാത്തിനോടു യുദ്ധം ചെയ്യുവാൻ മുതിർന്നില്ല. (2ദിന, 20:1-30).
രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടി യെഹോശാഫാത്ത് പല ഭരണ പരിഷ്ക്കാരങ്ങളും ഏർപ്പെടുത്തി. യെഹൂദയുടെ ഉറപ്പുള്ള പട്ടണങ്ങളിലെല്ലാം ന്യായാധിപന്മാരെ നിയമിച്ചു. മുഖപക്ഷം കൂടാതെ ന്യായപാലനം ചെയ്യുവാൻ അവരെ ഉപദേശിച്ചു. യെരൂശലേമിൽ ഒരു പരമോന്നത കോടതി സ്ഥാപിച്ചു. പുരോഹിതന്മാരും ലേവ്യരും പിതൃഭവന തലവന്മാരുമായിരുന്നു അതിലെ അംഗങ്ങൾ. പ്രാദേശികമായി തീർക്കുവാൻ കഴിയാത്ത വ്യവഹാരങ്ങൾ ഇവരുടെ മുമ്പാകെ വരും. വിദേശവ്യാപാരത്തിലും യെഹോശാഫാത്ത് ശ്രദ്ധ പതിപ്പിച്ചു. യിസ്രായേൽ രാജാവായ അഹസ്യാവിന്റെ സഹായത്തോടുകൂടി വിദേശവാണിജ്യം ലക്ഷ്യമാക്കി എസ്യോൻ-ഗേബെരിൽ വച്ചു കപ്പലുകൾ നിർമ്മിച്ചു. എന്നാൽ ഈ കപ്പലുകൾ ഉടഞ്ഞുപോയി. അഹസ്യാവോടു സഖ്യത ചെയ്തതാണു കപ്പലുകൾ ഉടയാൻ കാരണമെന്നു എലീയേസർ രാജാവിനോടു പറഞ്ഞു. തന്മൂലം രാജാവു് ആ ശ്രമം ഉപേക്ഷിച്ചു. (2ദിന, 20:35-37; 1രാജാ, 22:49). പൂർണ്ണഹൃദയത്തോടെ യഹോവയെ അന്വേഷിച്ച രാജാവായിരുന്നു യെഹോശാഫാത്ത്. (2ദിന, 22:9). ബുദ്ധിവൈഭവം, പരഗുണകാംക്ഷ, നിഷ്പക്ഷമായി നീതി നിർവ്വഹണം, സംശുദ്ധമായ തീരുമാനം എന്നിവ യെഹോശാഫാത്തിന്റെ ഗുണങ്ങളായി രുന്നു. “യെഹോശാഫാത്ത് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു ദാവീദിന്റെ നഗരത്തിൽ അവന്റെ പിതാക്കന്മാരോടുകൂടെ അവനെ അടക്കംചെയ്തു; അവന്റെ മകനായ യെഹോരാം അവന്നു പകരം രാജാവായി.” (2ദിന, 21:1).