യെഹൂദമതം (Judaism)
പഴയനിയമ മതത്തിൽ നിന്നും വ്യത്യസ്തമാണ് യെഹൂദ മതം. ഒരു വിശ്വാസപ്രമാണം എന്നതിലേറെ അതൊരു ജീവിതശൈലിയാണ്. ബി.സി 587-ൽ യെരുശലേം ദൈവാലയം നശിപ്പിക്കപ്പെട്ടതിനു ശേഷം ആവിർഭവിച്ച എല്ലാ യെഹൂദ്യമതങ്ങളെയും കുറിക്കുവാൻ ഈ പദം പ്രയോഗിക്കാറുണ്ട്. അബ്രാഹാമിന്റെ കാലം മുതൽ യെഹൂദ മതചരിത്രം കണക്കാക്കപ്പെടുന്നുണ്ട്. എന്നാൽ അതു പശ്ചാത്തലം മാത്രം. ബാബിലോന്യ പ്രവാസത്തോടു കടിയാണു യെഹൂദമതത്തിന്റെ ആരംഭം. എ.ഡി. 70 (യെരുശലേം ദൈവാലയത്തിന്റെ നാശം) വരെ പഴയനിയമ ധാരണകളുടെ വിശദീകരണമോ വിശേഷീകരണമോ ആയ കാര്യങ്ങളെക്കുറിക്കുവാൻ ഈ പദം പ്രയോഗിച്ചു. യെഹൂദമതം പൂർണ്ണരൂപത്തിൽ പ്രത്യക്ഷപ്പെട്ടതു എ.ഡി 70-നു ശേഷമാണ്. എ.ഡി 500-ഓടു കൂടി യെഹൂദമതം പൂർണ്ണ വികാസത്തിലെത്തി. എ.ഡി 200-ൽ മിഷ്ണയുടെ പൂർത്തീകരണത്തോടു കൂടി യെഹൂദമതത്തിന്റെ രൂപഭാവങ്ങൾ നിർവചിക്കപ്പെട്ടു.
യോശീയാ രാജാവിന്റെ നവീകരണത്തിൽ (ഉച്ചാവസ്ഥ ബി.സി. 621-ൽ) യാഗാർപ്പണം യെരൂശലേമിൽ മാത്രമായി പരിമിതപ്പെടുത്തിയതും, ബി.സി. 587-ലെ ദൈവാലയനാശവും, ബാബേൽ പ്രവാസവും യെഹൂദന്മാരുടെ മതവീക്ഷണത്തിൽ മൗലികമായ മാറ്റം വരുത്തി. യെരുശലേം യെഹൂദമതത്തിന്റെ കേന്ദ്രസ്ഥാനമായി നിലനിന്നുവെങ്കിലും 80 ശതമാനം പേർക്കും അതു പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ല. അതിനുള്ള പരിഹാരങ്ങളിൽ ഒന്നായിരുന്നു ന്യായപ്രമാണാചരണം യെഹൂദന്മാർക്കെല്ലാം കർശനമാക്കിയത്. ന്യായപ്രമാണാചരണത്തിനു ഒരു പുതിയമാർഗ്ഗം എസ്രാ തുറന്നു. ആ നിലയ്ക്ക് എസ്രാ യെഹൂദമതത്തിന്റെ പിതാവായി. (Father of Judaism). പുരോഹിതന്മാരും മറ്റുചിലരും എസ്രായുടെ പ്രവൃത്തിയെ എതിർത്തു. അന്ത്യൊക്കസ് എപ്പിഫാനസിന്റെ കാലത്തോടുകൂടി (ബി.സി. 175-163) ഇവർ യവനീകരണവാദികളുടെ നായകന്മാരായി മാറി.
യെഹൂദമതത്തിന്റെ അടുത്ത നാഴികക്കല്ല് പ്രധാന പുരോഹിതന്മാരുടെ യവനീകരണവും അതിനെത്തുടർന്നു ജേതാക്കളായിത്തീർന്ന ഹാശ്മോന്യൻ പുരോഹിത രാജാക്കന്മാരുടെ അപചയവുമായിരുന്നു. ദൈവാലയാരാധന ഭക്തന്മാരെ സംബന്ധിച്ചിടത്തോളം വെറും കടമയായി മാറി. കുമ്രാൻ സമുഹം ദൈവാലയത്തോടു പരാങ്മുഖരായി. ദൈവം ഇടപെട്ടു ദുഷ്ടപുരോഹിതന്മാരിൽ നിന്നു ദൈവാലയത്തെ മോചിപ്പിക്കുന്നതു അവർ കാത്തിരുന്നു. പരീശന്മാർ ആരാധനയ്ക്ക് പള്ളികളെ (സിനഗോഗ്) ആശ്രയിക്കുകയും ന്യായപ്രമാണത്തിൽ നിന്നു ദൈവഹിതം മനസ്സിലാക്കുകയും ചെയ്തു. തത്ഫലമായി ക്രിസ്തുവിന്റെ കാലത്തു നുറുകണക്കിനു പള്ളികൾ യെരുശലേമിൽതന്നെ ഉണ്ടായിരുന്നു. എ.ഡി. 70-ൽ സംഭവിച്ച യെരുശലേം ദൈവാലയത്തിന്റെ നാശം പരീശന്മാർക്കു സ്തംഭന വിഷയമായിരുന്നു. അന്ത്യൊക്കസ് എപ്പിഫാനസിന്റെ കാലം തൊട്ടുള്ള മ്ളേച്ഛത നിമിത്തം ഈ നാശത്തിനു അവർ ഒരുങ്ങിയിരുന്നു. വളരെ വേഗം അവരുടെ മതം സിനഗോഗിനെ കേന്ദ്രീകരിച്ചു. അതു പുതിയ ചുറ്റുപാടുകളുമായി ഇണങ്ങി. എ.ഡി. 90 മാണ്ടോടുകൂടി റബ്ബിമാർ വിമതർ എന്നു കണ്ടവരെ സിനഗോഗിൽ നിന്നു ഒഴിവാക്കി. അവരിൽ യെഹൂദാ കിസ്ത്യാനികളും ഉൾപ്പെട്ടു. എ.ഡി. 200-നടുപ്പിച്ചു ഒരു കഠിനസംഘട്ടനത്തിനു ശേഷം ദൈവശാസ്ത്രപഠനമൊന്നും ഇല്ലാത്ത സാധാരണജനത്തെ ഈ മാറ്റത്തോടു പൊരുത്തപ്പെടുത്തി. പരീശന്മാർ ദുർബ്ബല വിഭാഗമായിരുന്നുവെങ്കിലും അവരുടെ വീക്ഷണങ്ങൾ വിജയം നേടി. അവർക്കു പൊതുസമ്മതി ലഭിച്ചിരുന്നില്ലെങ്കിലും പ്രവാസാനന്തര രംഗത്തു അവരുടെ വീക്ഷണം പഴയനിയമത്തിന്റെ സയുക്തികമായ വിശദീകരണമായി കാണപ്പെട്ടു.
ഉപദേശങ്ങൾ: പുതിയനിയമ കാലത്തു ക്രിസ്തുവിനും പൗലൊസിനും യെഹൂദമതത്തോടുണ്ടായ വാദപ്രതിവാദങ്ങൾ പ്രസിദ്ധമാണ്. ഇരുകൂട്ടരും ഒരേ തിരുവെഴുത്തുകളെ (പഴയനിയമം) ആണ് സ്വീകരിച്ചത്. ഉപരിതല സ്പർശിയായിരുന്നുവെങ്കിൽ തന്നെയും അവർ ഏതാണ്ട് ഒരേ വിധത്തിലായിരുന്നു പഴയനിയമത്തെ വ്യാഖ്യാനിച്ചത്. ക്രിസ്തുവിന്റെയും ആദിമ റബ്ബിമാരുടെയും ഉപദേശങ്ങൾ തമ്മിൽ അസാധാരണമായ സാജാത്വം ഉണ്ടായിരുന്നു. കുമ്രാൻ കൈയെഴുത്തു പ്രതികളുടെ കണ്ടുപിടിത്തത്തോടുകൂടി പുതിയനിയമത്തിലുള്ള യവനസ്വാധീനം തുച്ഛമാണെന്നു തെളിഞ്ഞു. യെഹൂദമതത്തിലെ ഉപദേശങ്ങൾ പഴയനിയമത്തിൽ നിന്നോ യാഥാസ്ഥിതിക ക്രിസ്തു മാർഗ്ഗത്തിൽ നിന്നോ അധികം വ്യതിചലിച്ചിരുന്നില്ല. വിജയശ്രീലാളിതമായ ക്രിസ്തുമതത്തിന്റെ മുമ്പിൽ നിലനില്പിനുവേണ്ടി യെഹൂദമതത്തിനു ദീർഘകാലം പൊരുതേണ്ടിവന്നു. ഇതിനിടയ്ക്കു പല കാര്യങ്ങളിലും അവരുടെ ഊന്നൽ മാറ്റേണ്ടിവന്നു.
ക്രിസ്ത്യാനികൾക്കുള്ളതുപോലെ യെഹൂദമതത്തിനും വിശ്വാസപ്രമാണമുണ്ട്. അവരുടെ വിശ്വാസത്തിന്റെ സാരാംശം ആരാധനയിലൂടെ വെളിപ്പെടുന്നു. യെഹൂദൻ ദൈവശാസ്ത്രം പ്രാർത്ഥിക്കുന്നു എന്നു പറയാറുണ്ട്. മാറ്റത്തിനു വിധേയമാകാത്ത പ്രാർത്ഥനാപാരമ്പര്യം സംപ്രേഷണം ചെയ്യുകയാണു യെഹൂദന്മാരുടെ പ്രാർത്ഥനാപ്പുസ്തകം. യെഹൂദമതോപദേശത്തിലെ പ്രധാനകാര്യങ്ങളെല്ലാം അതിലുണ്ട്. ആ പ്രാർത്ഥന ഉരുവിടുന്ന യെഹൂദൻ തന്റെ വിശ്വാസം പ്രഖ്യാപിക്കുകയാണ്. വിശ്വാസത്തിന്റെ അടിസ്ഥാന പ്രമേയം ദൈവത്തിന്റെ ഏകത്വമാണ്. അതിനെ ‘ഷേമാ’ (കേൾക്കുക) എന്നു വിളിക്കുന്നു. “യിസായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ.” (ആവ, 6:4). യെഹുദ വിശ്വാസത്തിന്റെ സംക്ഷേപം പലരും തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ റബ്ബി മോഷേബെൻ മൈമോൻ (1135-1204) എഴുതിയ 13 ഖണ്ഡങ്ങൾ അടങ്ങിയ വിശ്വാസപ്രമാണമാണ് പ്രാധാന്യത്തിലേക്കു വന്നത്. അവ:-
1. സ്രഷ്ടാവ്, അവൻ വാഴ്ത്തപ്പെടട്ടെ, മാത്രമാണ് സർവ്വ സൃഷ്ടിയുടെയും സ്രഷ്ടാവും നായകനും എന്നും സർവ്വ വസ്തുക്കളെയും അവൻ തനിയെ നിർമ്മിച്ചുവെന്നും നിർമ്മിക്കുന്നുവെന്നും നിർമ്മിക്കുമെന്നും ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു.
2. സ്രഷ്ടാവ്, അവൻ വാഴ്ത്തപ്പെടട്ടെ, ഏകത്വമാണെന്നും ഒരു വിധത്തിലും അവന്റെ ഏകത്വത്തിനു തുല്യമായ ഏകത്വം ഇല്ലെന്നും ആയിരുന്നവനും ആയിരിക്കുന്നവനും ആകുന്നവനും ആയ അവൻ മാത്രമാണു നമ്മുടെ ദൈവമെന്നും ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു.
3. സ്രഷ്ടാവ്, അവൻ വാഴ്ത്തപ്പെടട്ടെ, ഒരു ദേഹം (ദേഹ സഹിതൻ) അല്ലെന്നും ദേഹത്തെ സംബന്ധിക്കുന്ന സർവ്വ പരിച്ഛദങ്ങളിൽ നിന്നും അവൻ മുക്തനാണെന്നും യാതൊരു വിധത്തിലുള്ള രൂപവും അവനില്ലെന്നും ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു.
4. സ്രഷ്ടാവ്, അവൻ വാഴ്ത്തപ്പെടട്ടെ, ആദ്യനും അന്ത്യനുമാണെന്നു ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു.
5. സഷ്ടാവിനോടു, അവൻ വാഴ്ത്തപ്പെടട്ടെ, അവനോടുമാത്രം പ്രാർത്ഥിക്കുന്നതു ശരിയാണെന്നും അവനോടൊഴികെ മറ്റാരോടും പ്രാർത്ഥിക്കുന്നതു ശരിയല്ലെന്നും ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു.
6. പ്രവാചകവാക്കുകളെല്ലാം സത്യമാണെന്നു ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു.
7. ഞങ്ങളുടെ മഹാഉപദേഷ്ടാവായ മോശെയുടെ, അവൻ സ്വസ്ഥതയിൽ വിശ്രമിക്കട്ടെ, പ്രവചനം സത്യമാണെന്നും മോശക്കു മുമ്പും പിമ്പും വന്ന പ്രവാചകന്മാർക്കെല്ലാം മോശെ പിതാവാണെന്നും ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു.
8. ഇപ്പോൾ ഞങ്ങളുടെ കൈവശത്തിലുള്ള തോറാ (ന്യായപ്രമാണം) മുഴുവൻ ഞങ്ങളുടെ ഉപദേഷ്ടാവായ മോശെക്കു, അവൻ സ്വസ്ഥതയിൽ വിശ്രമിക്കട്ടെ, നല്കിയതു തന്നെയാണെന്നു ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു.
9. ഈ തോറാ ഒരിക്കലും മാറ്റപ്പെടുകയില്ലെന്നും സ്രഷ്ടാവിൽ നിന്നും, അവൻ വാഴ്ത്തപ്പെടട്ടെ, മറ്റൊരു തോറാ ഉണ്ടാകയില്ലെന്നും ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു.
10. അവൻ അവരുടെ ഹൃദയങ്ങളെ ഒരുപോലെ മനഞ്ഞിരിക്കുന്നു; അവരുടെ പ്രവൃത്തികളെ ഒക്കെയും അവൻ ഗ്രഹിക്കുന്നു (സങ്കീ, 33:15) എന്നെഴുതിയിരിക്കുന്നതുപോലെ മനുഷ്യരുടെ എല്ലാ ചിന്തകളും പ്രവൃത്തികളും സ്രഷ്ടാവ്, അവൻ വാഴ്ത്തപ്പെടട്ടെ, അറിയുന്നുവെന്നു ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു.
11. തന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു സഷ്ടാവ്, അവൻ വാഴ്ത്തപ്പെടട്ടെ, പ്രതിഫലം നല്കുന്നുവെന്നും തൻ കല്പനകൾ ലംഘിക്കുന്നവനെ ശിക്ഷിക്കുന്നുവെന്നും ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു.
12. മശീഹ (മഷീയാഹ്) വരുമെന്നും അവൻ താമസിച്ചാലും ദിനംപ്രതി ഞാൻ അവനായി കാത്തിരിക്കുമെന്നും ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു.
13. സ്രഷ്ടാവിനു, അവൻ വാഴ്ത്തപ്പെടട്ടെ, പ്രസാദമായ കാലത്തു മരിച്ചവരുടെ പുനരുത്ഥാനം ഉണ്ടാകുമെന്നും അവന്റെ കീർത്തി എന്നും എന്നേക്കും ഉന്നതമായിരിക്കുമെന്നും ഞാൻ പൂർണ്ണമായി വിശ്വസിക്കുന്നു.
യിസ്രായേൽ: യിസ്രായേലിന്റെ അസ്തിത്വവും വിളിയും യെഹൂദമതത്തിന്റെ അടിസ്ഥാനപ്രമേയമാണ്. യിസ്രായേല്യസഭയിലെ അംഗത്വത്തിനടിസ്ഥാനം ജനനമാണ്. മതപരിവർത്തനം സ്വീകാര്യമാണെങ്കിലും സാധാരണമല്ല. സ്വാഭാവികേന യെഹൂദമതം മിഷണറിമതമല്ല. പരിച്ഛേദനം, സ്നാനം, യാഗാർപ്പണം എന്നിവയിലൂടെ ഒരുവൻ ദൈവജനത്തോടു ചേരുന്നു. ശേഷിപ്പ് എന്ന പഴയനിയമ ഉപദേശം അവർക്കറിയാം ഏന്നതിനെക്കുറിച്ചു തെളിവൊന്നുമില്ല. വരാനുള്ള ലോകത്തിൽ എല്ലാ യിസ്രായേല്യനും പങ്കുണ്ട്. എന്നാൽ വിശ്വാസത്യാഗിക്ക് അതു അനുഭവിക്കാൻ സാധ്യമല്ല. യിസ്രായേല്യർ എല്ലാവരും സഹോദരന്മാരാണ്. ന്യായപ്രമാണത്തെക്കുറിച്ചുള്ള അറിവും ന്യായപ്രമാണ ആചരണവുമാണ് ദൈവസന്നിധിയിൽ ഒരുവന്റ സ്ഥാനം നിർണ്ണയിക്കുന്നത്. തന്മൂലം സിനഗോഗിലെ ശുശ്രൂഷകളിൽ നേതൃത്വത്തിനുള്ള യോഗ്യത ഭക്തിയും, അറിവും, പ്രാപ്പിയുമാണ്. റബ്ബിമാർ പുരോഹിതന്മാരോ, ശുശ്രൂഷകന്മാരോ അല്ല; പഠിപ്പിക്കുവാൻ കഴിയുമാറു തോറാ പഠിച്ചവരും അംഗീകരിക്കപ്പെട്ട റബ്ബിമാരുടെ അംഗീകാരം ലഭിച്ചവരുമാണവർ. ഭർത്താക്കന്മാരുടെ അധികാരത്തിനു വിധേയരും ന്യായപ്രമാണത്തിലെ ചില നിർദ്ദേശങ്ങൾ നിർവ്വഹിക്കാൻ കഴിയാത്തവരും ആയതുകൊണ്ടു സ്ത്രീകൾ പുരുഷന്മാർക്കു തുല്യരായി കണക്കാക്കപ്പെടുന്നില്ല.
തോറാ (ന്യായപ്രമാണം): പ്രവാചകപുസ്തകങ്ങളുടെ അധികാരത്തെ സദൂക്യർ അംഗീകരിച്ചില്ല. എന്നാൽ കുമ്രാൻസമൂഹം അവയ്ക്ക് ഉന്നതമായ സ്ഥാനം നൽകി. ദൈവഹിതത്തിന്റെ സമ്പൂർണ്ണവും അന്തിമവും ആയ വെളിപ്പാടായി തോറയെരും (പഞ്ചഗ്രന്ഥം), അവയുടെ ദൈവനിശ്വസ്ത വ്യാഖ്യാനങ്ങളായി പ്രവചനങ്ങളെയും പരീശന്മാർ കണ്ടു. മോശെയുടെ അധികാരത്തിൽ ആശ്രയിക്കാതെ സ്വന്തം അധികാരത്തിൽ ഊന്നിയതുകൊണ്ടാണ് അവർ ക്രിസ്തുവിനെ നിരസിക്കുകയും ക്രിസ്തുവിനോടു അടയാളം ആവശ്യപ്പെടുകയും ചെയ്തത്. രാഷ്ട്രീയമായി ജൈത്രയാത്ര നടത്തിയ സഭയുടെ മുമ്പിൽ നിലനില്പിനുവേണ്ടി ക്രിസ്തുവിനുള്ള സ്ഥാനം തോറയ്ക്ക് നല്കുവാൻ റബ്ബിമാർ ശ്രമിച്ചു. പ്രപഞ്ചത്തിൽ ഉന്നതസ്ഥാനം തോറയ്ക്കു നല്കുക മാത്രമല്ല, പ്രപഞ്ച സൃഷ്ടിക്കു മുമ്പുതന്നെ തോറാ ഉണ്ടായിരുന്നുവെന്നു സിദ്ധാന്തിക്കുകയും ചെയ്തു. യെഹൂദന്മാർ ന്യായപ്രമാണത്തെ ദൈവവും ദൈവത്തെ ഒരു ന്യായപ്രമാണവും ആക്കിമാറ്റി. പാപത്തിന്റെ ഭയങ്കരത്വം വെളിപ്പെടുത്താൻ വേണ്ടി ന്യായപ്രമാണം ലംഘനം നിമിത്തം കൂട്ടിച്ചേർത്തതാണെന്ന പൗലൊസിന്റെ ഉപദേശം യാഥാസ്ഥിതിക യെഹൂദനു അരോചകമായിരുന്നു.
ന്യായപ്രമാണത്തിൻ്റെ (തോറാ) അനുസരണം യെഹൂദന്റെ വ്യക്തിപരമായ താത്പര്യമാകുകയും, അതിലെ ചട്ടങ്ങൾ ജീവിതത്തിന്റെ സർവ്വതലങ്ങളെയും സ്പർശിക്കുകയും ചെയ്താൽ യിസ്രായേലിനുള്ളിൽ ഐക്യം സംജാതമാകും. അതിനു തോറയുടെ വ്യാഖ്യാനതത്വങ്ങളിൽ ഏകത്വം ഉണ്ടാകണം. കൈകഴുകൾ പോലെ പല കീഴ്വഴക്കങ്ങളും മോശെയോളം പഴക്കമുള്ള സമ്പ്രദായങ്ങളാണ്. ഈ തത്വങ്ങൾ വാചിക ന്യായപ്രമാണത്തിൽ ഉൾപ്പെടുന്നു. ലിഖിത ന്യായപ്രമാണത്തിനു തുല്യമായ അധികാരം വാചിക ന്യായപ്രമാണത്തിനുണ്ട്. കാരണം വാചിക ന്യായമാണം കൂടാതെ ലിഖിത ന്യായപ്രമാണം മനസ്സിലാക്കാൻ സാധ്യമല്ല. ലിഖിത ന്യായപ്രമാണത്തിൽ 613 കല്പനകളുണ്ട്; 248 വിധായകവും 365 നിഷേധവും. പുതിയ ചട്ടങ്ങളുണ്ടാക്കി ഇവയെ സംരക്ഷിച്ചു. അവയെ പ്രമാണിക്കുന്നതു മൗലികന്യായപ്രമാണം പ്രമാണിക്കുന്നതിനു സമാനമാണ്. വാചിക ന്യായപ്രമാണം പൂർത്തിയായതായി പരിഗണിക്കാനാവില്ല. ചുറ്റുപാടുകളുടെ മാറ്റത്തിനു ആനുസരിച്ചു ന്യായപ്രമാണത്തിന്റെ പ്രയുക്തി മാറണമല്ലോ. തലാമൂദിലും മിദ്രാഷിലും അതിന്റെ രൂപം എറെക്കുറെ നിർണ്ണീതമായിത്തീർന്നു.
തല്മൂദിനു രണ്ടു ഭാഗങ്ങളുണ്ട്. ആദ്യഭാഗമായ ‘മിഷ്ണാ’ (ആവർത്തനം) സമാഹരിച്ചതു റബ്ബി യെഹൂദാ ഹനാസി (എ.ഡി 200) ആണ്. രണ്ടാം ഭാഗമായ ‘ഗെമറ’ മിഷായുടെ വിശദമായ വ്യാഖ്യാനമാണ്. ആദിമ യെഹുദമതത്തിലേക്കു അതു വെളിച്ചം വീശുന്നു. അതിന്റെ ദീർഘമായ ബാബിലോന്യൻ പാഠം (തല്മൂദ് ബാബ്ലി) എ.ഡി 500-ൽ പൂർത്തിയായി; അപൂർണ്ണമായ പലസ്തീനിയൻ പാഠം ഒരു നൂറ്റാണ്ടു മുമ്പും. തോറയുടെ പ്രദാനം പരമമായ കൃപാദാനവും അതിനെ പ്രമാണിക്കുന്നത് സ്നേഹത്തിന്റെ പ്രതികരണവുമായി യെഹൂദന്മാർ കണക്കാക്കുന്നു.
ദൈവം: ദൈവത്തെക്കുറിച്ചുള്ള ഉപദേശം പഴയനിയമ വെളിപ്പാടിൽ നിന്നും വ്യതിചലിക്കുന്നില്ലെന്നു റബ്ബിമാരുടെ സൂക്തങ്ങളിൽ നിന്നും വ്യക്തമാണ്. യിസ്രായേലിനോടു ഉടമ്പടി ചെയ്യുകയും, അവർക്കു ന്യായപ്രമാണം (തോറാ) വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്ത ഏകദൈവത്തിൽ യെഹൂദന്മാർ വിശ്വസിക്കുന്നു. യഹോവ എന്ന വിശുദ്ധനാമം ആദരാധിക്യം നിമിത്തം യെഹൂദന്മാർ ഉച്ചരിക്കാറില്ല. യോദ്, ഹേ, വാവ്, ഹേ എന്ന ചതുരക്ഷരിയാണു യഹോവ. യോദ് എന്ന എബ്രായ അക്ഷരം ഭാവികാലത്തെയും (യിഹ്യേ=ആകും), ഹേ എന്നതു ഭൂതകാലത്തെയും (ഹയാ=ആയിരുന്നു), നാലാമത്തെ അക്ഷരമായ ഹേ വർത്തമാനകാലത്തെയും (ഹോവേ=ആകുന്നു ) സൂചിപ്പിക്കുന്നു. വാവ് എന്ന മൂന്നാമത്തെ അക്ഷരത്തിനു ‘ഉം’ എന്നർത്ഥം. തോറയിൽ ‘യഹോവ’ വരുന്ന സ്ഥാനങ്ങളിൽ യോദ് ഹേ വാവ് ഹേ എന്നോ, ഹഷേം (തിരുനാമം) എന്നോ, അദോനായ് (ഞങ്ങളുടെ നാഥൻ) എന്നോ വായിക്കുന്നു. യഹോവ എന്ന സംജ്ഞയുടെ ശരിയായ ഉച്ചാരണം നഷ്ടപ്പെട്ടുപോയി എന്നും മശീഹ പ്രത്യക്ഷപ്പെടുമ്പോൾ തങ്ങൾക്കതു പഠിക്കാൻ കഴിയുമെന്നും യെഹൂദന്മാർ വിശ്വസിക്കുന്നു. ക്രൈസ്തവ ത്രിത്വ വാദത്തിനെതിരായി ഏകദൈവവാദം അവർ സ്വീകരിച്ചു. ദൈവത്തിലെ വിഭിന്ന ആളത്തങ്ങളെ അവർ അംഗീകരിച്ചില്ല. ദൈവം സർവ്വാതിശായി ആയതുകൊണ്ടു ജഡധാരണം അസാദ്ധ്യമാണ്. ദൈവം മനുഷ്യനാകുന്നില്ല, മനുഷ്യനു ദൈവമാകാൻ കഴിയുകയുമില്ല. ദൈവം മനുഷ്യനല്ല, ദൈവത്തിനും മനുഷ്യനും ഇടയ്ക്കു മദ്ധ്യവർത്തികളും ഇല്ല. ദൈവത്തോടു പ്രത്യക്ഷബന്ധം പുലർത്താനുള്ള അവസരം എല്ലാവർക്കും ഒന്നുപോലെ ഉണ്ട്. യെഹൂദന്മാരുടെ ഈ വിശ്വാസം ദൈവത്തെ അജ്ഞയമായ ഒരു ദാർശനികതത്ത്വമാക്കി മാറ്റി. യിസ്രായേൽ ദൈവത്തോടു നിരപ്പു പ്രാപിക്കണമെന്ന ധാരണ യെഹുദമതത്തിലില്ല.
മശീഹ: മശീഹയെക്കുറിച്ചു വ്യത്യസ്ത വീക്ഷണങ്ങൾ പുലർത്തുന്നു. എ.ഡി. 200-വരെ മശീഹയിൽ പ്രകൃത്യതീതമായൊന്നും അവർ ദർശിച്ചിരുന്നില്ല. വിദേശപീഡനത്തിൽ നിന്നു മശീഹ യിസ്രായേലിനെ വീണ്ടെടുത്തു, തോറയുടെ അനുഷ്ഠാനം പ്രാബല്യത്തിൽ വരുത്തും എന്ന ധാരണയാണുണ്ടായിരുന്നത്. തോറയെ മശീഹ പരിഷ്ക്കരിക്കുമെന്ന വിശ്വാസം ആദ്യകാലത്തുണ്ടായിരുന്നു. എന്നാൽ ക്രിസ്തുവിനെയും ന്യായപ്രമാണത്തെയും കുറിച്ചുള്ള ക്രൈസ്തവോപദേശത്തെ അഭിമുഖീകരിച്ചപ്പോൾ പ്രസ്തുത ധാരണയെ അവർ ക്രമേണ ഉപേക്ഷിച്ചു.
അന്ത്യകാലത്തു യിസ്രായേലിനു വാഗ്ദത്തം ചെയ്യപ്പെട്ട രാജാവാണ് മശീഹ. മശീഹയുടെ വരവോടുകൂടി ദൈവരാജ്യം ഭൂമിയിൽ സംജാതമാകും. ന്യായപ്രമാണം അനുസരിക്കുന്നവർ ദൈവരാജ്യത്തിൽ പ്രവേശിക്കും. അവരാണ് സാക്ഷാൽ യിസ്രായേൽ. ജാതികളുടെ പീഡനങ്ങളിൽ നിന്നും കഷ്ടതകളിൽ നിന്നും യിസ്രായേൽ വിമുക്തരാകും. അന്നു യിസ്രായേലിനും സകലജാതികൾക്കും സമാധാനം ഉണ്ടാകും. സമാധാനം സ്ഥാപിക്കുന്നതോടു കൂടി മശീഹയുടെ വേല പൂർത്തിയാകും; ദൈവം രാജാവാകും. (സെഖ, 14:9). ദേശീയമായ കഷ്ടതയുടെ കാലത്തു വിമോചനത്തിനുവേണ്ടി യെഹൂദന്മാർ മശീഹയെ പ്രതീക്ഷിച്ചു. യെരുശലേം ദൈവാലയത്തിന്റെ നാശത്തിനു ശേഷം ‘ബാർകൊഖ്ബായെ’ മശീഹയായി കരുതി. അദ്ദേഹം മൂന്നുവർഷം സ്വാതന്ത്യത്തിനുവേണ്ടി പൊരുതിയതു അന്ത്യയുദ്ധമായി കരുതി. എന്നാൽ ആ യുദ്ധം എ.ഡി. 135-ൽ യെഹൂദന്മാരുടെ ദയനീയ പരാജയത്തിൽ കലാശിച്ചു. 17-ാം നൂറ്റാണ്ടിൽ പുർവ്വയൂറോപ്പിലെ കഠിന പീഡയിൽ ‘സബ്ബത്തായ് സെവി’ സ്വയം മശീഹയായി അവതരിച്ചു. മശീഹാബ്ദം എന്നറിയപ്പെട്ട 1666-ൽ തടവുകാരനായ അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചു. ഇതു യെഹുദന്മാർക്കു നിരാശയ്ക്കു കാരണമായി. ഇമ്മാതിരി അനുഭവങ്ങൾ നിമിത്തം വ്യക്തിയല്ല, യിസ്രായേൽ ജാതിയാണു മശീഹ എന്നു പലരും ചിന്തിച്ചു തുടങ്ങി.
പുനരുത്ഥാനം: മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചുള്ള ഉപദേശം പൊതുവെ അംഗീകരിക്കപ്പെട്ടിരുന്നു. ഈ ലോകവും (ഒലാം ഹ-സെഹ്), ഭാവിലോകവും (ഒലാം ഹ-ബാ) തമ്മിലുള്ള വ്യത്യാസം വ്യക്തമായി മനസ്സിലാക്കി. മശീഹയുടെ നാളുകളുടെ ദൈർഘ്യം പരിമിതമായയും, അതു രണ്ടു യുഗങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നതായും കരുതി. ഭാവിലോകം (ഒലാം ഹ-ബാ) സ്വർഗ്ഗീയമല്ല, ഭൗമികമാണ്. ക്രിസ്തുമതത്തിന്റെയും യവന ദർശനത്തിന്റെയും സ്വാധീനത്തിൽ പില്ക്കാലത്തു യെഹൂദമതം ആത്മാവിന്റെ അമർത്ത്യതയെ അംഗീകരിച്ചു. മരണാനന്തര ജീവിതത്തിനു ദേഹസഹിതമായ പുനരുത്ഥാനം ആവശ്യമാണെന്നതു പഴയനിയമത്തിന്റെ ഉപദേശമാണ്.
മനുഷ്യൻ: മൂലപാപം (Original sin) എന്ന ആശയത്തെ അംഗീകരിക്കുന്നില്ല. പാപം മനുഷ്യനെ വികലമാക്കിയെങ്കിലും അവന്റെ ദൈവസാദൃശ്യത്തെ നശിപ്പിച്ചില്ല. മനുഷ്യനിൽ ദൈവികസ്ഫുലിംഗം ഉണ്ട്. ദൈവസൃഷ്ടിയായ മനുഷ്യനിൽ മൗലിക സുകൃതം ഉണ്ട്. തോറാ നല്കിയതു ദൈവകൃപയുടെ പ്രവൃത്തിയാണ്. തോറ ലഭിച്ച മനുഷ്യൻ അതിനെ സ്വന്തരക്ഷയ്ക്കു ഉപയോഗിക്കണം. മനുഷ്യനെ രക്ഷിക്കുവാൻ ദൈവം ജഡം ധരിക്കേണ്ട ആവശ്യമില്ല.