യിഫ്താഹ് (Jephthah)
പേരിനർത്ഥം – അവൻ തുറക്കും
യിസ്രായേലിലെ ഒമ്പതാമത്തെ ന്യായാധിപൻ. ഗിലെയാദ് ദേശത്തിലെ ഗിലെയാദിനു ഒരു വേശ്യയിൽ ജനിച്ച പുത്രനാണ് യിഫ്താഹ്. അവിഹിതജനനം നിമിത്തം കുടുംബഭ്രഷ്ടനും ദേശഭ്രഷ്ടനും ആയിത്തീർന്നു. തോബ് ദേശത്തു ചെന്നു തന്നെപ്പോലെ നിസ്സാരന്മാരായ ആളുകളെ സംഘടിപ്പിച്ചു അവരുടെ നായകനായി: (ന്യായാ, 11:1-3). അമ്മോന്യരും യിസ്രായേല്യരുമായി യുദ്ധം ഉണ്ടായപ്പോൾ തങ്ങൾക്കു സ്വീകാര്യനായ നേതാവായി യിസ്രായേല്യർ യിഫ്താഹിനെ വിളിച്ചു. തന്നോടു മോശമായി പെരുമാറിയതിനാൽ ഈ ക്ഷണം യിഫ്താഹ് ആദ്യം നിരസിച്ചു. യുദ്ധം തീർന്നതിനു ശേഷവും തന്നെ നേതാവായി സ്വീകരിക്കുമെന്നു ഉറപ്പു വാങ്ങിയ ശേഷം യിഫ്താഹ് യിസ്രായേല്യരുടെ നേതൃത്വം ഏറ്റെടുത്തു. അമ്മോന്യരുമായി സമാധാനമായി കഴിയുവാനുള്ള ശ്രമം പരാജയപ്പെട്ടതിനു ശേഷമാണ് യിഫ്താഹ് യുദ്ധത്തിനൊരുമ്പെട്ടത്. യഹോവയുടെ ആത്മാവ് യിഫ്താഹിന്റെ മേൽ വന്നു. അമ്മോന്യരെ ജയിച്ചു സമാധാനത്തോടെ മടങ്ങിവരുമ്പോൾ വീട്ടിന്റെ വാതില്ക്കൽ നിന്നു തന്നെ എതിരേറ്റു വരുന്നതിനെ യഹോവയ്ക്ക് ഹോമയാഗമായി അർപ്പിക്കും എന്നു യിഫ്താഹ് പ്രതിജ്ഞ ചെയ്തു. അമ്മോന്യരെ ജയിച്ചു മടങ്ങിവന്നപ്പോൾ യിഫ്താഹിനെ എതിരേറ്റു വന്നത് തന്റെ ഏകമകൾ ആയിരുന്നു: (ന്യായാ, 11:4-33).
തുടർന്നു എഫ്രയീമ്യരുമായി കലഹമുണ്ടായി. തങ്ങളുടെ അനുവാദം കൂടാതെ യിഫ്താഹ് അമ്മോന്യരോടു യുദ്ധം ചെയ്യാൻ പോയതിനെ എഫ്രയീമ്യർ ചോദ്യം ചെയ്തു. “ഞങ്ങൾ നിന്നെ വീട്ടിനകത്തിട്ടു ചുട്ടുകളയും” എന്നു അവർ ഭീഷണി മുഴക്കി. ഗിലെയാദ്യരെ കൂട്ടിച്ചേർത്തു യിഫ്താഹ് എഫ്രയീമ്യരോടു യുദ്ധം ചെയ്ത അവരെ തോല്പിച്ചു. എഫ്രയീം ഭാഗത്തുള്ള യോർദ്ദാന്റെ കടവുകൾ ഗിലെയാദ്യർ പിടിച്ചു. എഫ്രയീമ്യരിൽ 42,000 പേർ വീണു. യിഫ്താഹ് ആറു വർഷം യിസ്രായേലിനു ന്യായപാലനം ചെയ്തു. ഗിലെയാദ്യ പട്ടണങ്ങളിൽ ഒന്നിൽ അവനെ അടക്കം ചെയ്തു: (ന്യായാ, 12:1-7). എബ്രായ ലേഖനത്തിലെ വിശ്വാസ വീരന്മാരുടെ പട്ടികയിൽ യിഫ്താഹും ഉണ്ട്: (എബ്രാ, 11:32).
യിഫ്താഹ് തന്റെ മകളെ യാഗം കഴിച്ചുവോ ഇല്ലയോ എന്നതു വിവാദഗ്രസ്തമായ വിഷയമാണ്. താൻ നേർന്നതുപോലെ യിഫ്താഹ് മകളെ ഹോമയാഗം കഴിച്ചു എന്നു പലരും കരുതുന്നു: (ന്യായാ, 11:3-39). എന്നാൽ ലേവ്യപുസ്തകത്തിൽ നിർദ്ദേശിച്ചിട്ടുള്ളതുപോലെ പണം കൊടുത്തു അവളെ വീണ്ടെടുത്തു ജീവപര്യന്തം കന്യകയായിരിക്കുവാൻ സമർപ്പിച്ചു എന്നു മറ്റു ചിലർ കരുതുന്നു.
1. എന്റെ വീട്ടുവാതില്ക്കൽ നിന്നു എന്നെ എതിരേറ്റു വരുന്നതിനെ ഞാൻ ഹോമയാഗമായി അർപ്പിക്കും എന്നു യിഫ്താഹ് നേരുകയും അവൻ നേർന്നിരുന്ന നേർച്ചപോലെ അവളോടു ചെയ്യുകയും ചെയ്തു: (11:31, 39).
2. നരബലി പരിചിതമായിരുന്ന പുറജാതികളുടെ ഇടയിൽ അവരെപ്പോലെയാണ് യിഫ്താഹ് ജീവിച്ചിരുന്നത്.
3. ആണ്ടുതോറും കന്യകമാർ യിഫ്താഹിന്റെ മകൾക്കു വേണ്ടി നാലു ദിവസം കീർത്തിപ്പാൻ പോകുന്നതു അവൾ യാഗമായതുകൊണ്ടാണ്.
4. യിഫ്താഹിന്റെ പ്രവൃത്തിയെ ദൈവം അംഗീകരിച്ചതായി പറഞ്ഞിട്ടുമില്ല. ഇവയാണ് യിഫ്താഹ് മകളെ യാഗം കഴിച്ചു എന്ന വാദത്തിനനുകൂലമായ പ്രധാന തെളിവുകൾ.
ഈ വാദത്തെ നിരാകരിക്കുന്നവർ താഴെപ്പറയുന്ന ന്യായങ്ങൾ ചൂണ്ടിക്കാണിക്കുന്നു:
1. കുഞ്ഞുങ്ങളെ ബലി കഴിക്കുന്നത് ന്യായപ്രമാണം വിലക്കിയിട്ടുണ്ട്. അത് യഹോവയ്ക്ക് അറെപ്പാണ്: (ലേവ്യ, 18:21; 20:2-5; ആവ, 12:31; 18:10).
2. ഇപ്രകാരമുള്ള ബലിക്കു ഒരു മുൻമാതൃകയുമില്ല. ആഹാസ് രാജാവിന്റെ കാലത്തിനു മുമ്പു ഏതെങ്കിലും യിസ്രായേല്യൻ നരബലിയർപ്പിച്ചതായി ഒരു രേഖയുമില്ല.
3. കുറ്റം ചെയ്യുന്ന കുഞ്ഞിനെപ്പോലും ഒരു പിതാവു മരണശിക്ഷയ്ക്കു ഏല്പിക്കുകയില്ല. യിഫ്താഹിന്റെ മകളാകട്ടെ നിഷ്ക്കളങ്കയും: (ആവ, 21:18-21; 1ശമൂ, 14:24-45).
4. അവൻ നേർന്നിരുന്ന നേർച്ചപോലെ അവളോടു ചെയ്തു എന്നു പറഞ്ഞശേഷം അവൾ ഒരു പുരുഷനെ അറിഞ്ഞിരുന്നതുമില്ല എന്നു പറയുന്നു. അവളെ മരണത്തിനേല്പിച്ചിരുന്നുവെങ്കിൽ ഈ പ്രസ്താവന നിരർത്ഥകമാണ്. കന്യാത്വത്തിന് അവളുടെ ജീവിതം സമർപ്പിക്കപ്പെട്ടു എന്നാണ് അതു ചൂണ്ടിക്കാണിക്കുന്നത്. ദൈവാലയ ശുശ്രൂഷയ്ക്കുവേണ്ടി തങ്ങളെത്തന്നെ സമർപ്പിച്ചിരുന്ന സ്ത്രീകളെക്കുറിച്ചു പറഞ്ഞിട്ടുണ്ട്: (പുറ, 38:8; 1ശമൂ, 2:22; ലൂക്കൊ, 2:37). ഈ സമർപ്പിതകളോടൊപ്പം യിഫ്താഹിന്റെ പുത്രിയും വേർതിരിക്കപ്പെട്ടു. യിസ്രായേലിലെ കന്യകകൾ വർഷംതോറും അവളുടെ കന്യാത്വത്തെ പ്രകീർത്തിക്കുവാൻ പോയി എന്നതു അവളെ ബലിയർപ്പിച്ചില്ല എന്നതിനു തെളിവാണ്.
5. തന്റെ മകൾക്കു സംഭവിപ്പാൻ പോകുന്ന മരണത്തെക്കുറിച്ചല്ല അവളുടെ കന്യാത്വത്തെക്കുറിച്ചു വിലപിക്കുവാനാണ് രണ്ടു മാസം നല്കിയത്: (ന്യായാ, 11:37,38).