മെരോദക്- ബലദാൻ (Merodach-baladan )
പേരിനർത്ഥം – മവദൂക് ഒരു മകനെ തന്നു
ബാബേൽ രാജാവ്. (യെശ, 39:1,2). 2രാജാക്കന്മാർ 20:12-ൽ ബെരോദക്-ബലദാൻ എന്നാണ് കാണുന്നത്. ചരിത്രത്തിൽ ഈ പേരിൽ അറിയപ്പെടുന്ന രണ്ടാമത്തെ രാജാവാണ് ഇയാൾ. മെരോദക്-ബലദാൻ കല്ദയനാണ്. കല്ദയർ അനേകം ചെറുഗോത്രങ്ങളായി പിരിഞ്ഞിരുന്നു. ബാബിലോണിന്റെ സമ്പത്തും പ്രതാപവും കൈക്കലാക്കുകയായിരുന്നു അവരുടെ മോഹം. എന്നാൽ അവരുടെ അനൈക്യം അതിനു പ്രതിബന്ധം സൃഷ്ടിച്ചു. ദക്ഷിണ മെസൊപ്പൊത്താമിയയിലെ ചതുപ്പുനിലങ്ങളിൽ വസിച്ചിരുന്ന ബിത്-യാക്കിൻ എന്ന ഗോത്രത്തിന്റെ നേതാവായിരുന്നു മൊരോദക്-ബലദാൻ. ബാബിലോണിയ കീഴടക്കിയാൽ ജേതാവ് കല്ദയ ഗോത്രങ്ങളുടെയെല്ലാം അധീശനാകും. അക്കാലത്തു ബാബിലോണിയ അശ്ശൂരിന്റെ മേല്ക്കോയ്മയ്ക്കു വിധേയപ്പെട്ടിരുന്നു. തിഗ്ലത്ത്-പിലേസാർ മുന്നാമൻ ബാബേൽ തിരിച്ചു പിടിക്കാൻ വന്നപ്പോൾ കല്ദയ സംസ്ഥാനങ്ങളെല്ലാം ഒന്നിനു പിറകെ ഒന്നായി ഒരു യുദ്ധം കുടാതെ തന്നെ കീഴടങ്ങി. മൊരോദക്-ബലദൽ ധാരാളം സ്വർണ്ണവും വിലയേറിയ രത്നങ്ങളും വിശിഷ്ട ഫലകങ്ങളും ആടുമാടും കപ്പം കൊടുത്തു കീഴടങ്ങി. ഈ കീഴടങ്ങൽ അല്പകാലത്തേക്കു മാത്രമായിരുന്നു. ശല്മനേസറിന്റെ പൂതനായ സർഗ്ഗോൻ രണ്ടാമന്റെ കാലത്ത് മെരോദക്-ബലദാൻ ഒരു പ്രയാസവും കൂടാതെ ബാബിലോണിയ കീഴടക്കി. ബി.സി. 72-ലെ പുതുവത്സരദിനത്തിൽ മെരോദക്-ബലദാൻ ബാബേൽ രാജാവായി വിളബരം ചെയ്യപ്പെട്ടു. ഉടൻ തന്നെ സർഗ്ഗോൻ സൈന്യവുമായി ബാബിലോണിയയിൽ പ്രവേശിച്ചു. ബാബിലോൺ നഗരം പിടിച്ചടക്കിയതുകൊണ്ടു മാത്രം അയാൾ തൃപ്തിപ്പെട്ടു. അവിടെത്തന്നെ അനേകം പ്രശ്നങ്ങൾ അയാൾക്ക് അഭിമുഖീകരിക്കുവാൻ ഉണ്ടായിരുന്നു. തന്മൂലം ഉത്തര ബാബിലോണിയ ആക്രമിക്കുവാൻ സർഗ്ഗോൻ ശ്രമിച്ചില്ല.
മെരോദക്-ബലദാൻ ബാബേൽ രാജാവും കല്ദയ സംസ്ഥാനങ്ങളുടെ തലവനുമായിരുന്നു. ഒരു യുദ്ധതന്ത്രജ്ഞൻ ആയിരുന്നുവെങ്കിലും അയാൾ രാഷ്ട്ര തന്ത്രജ്ഞനായിരുന്നില്ല. അദ്ദേഹത്തിന്റെ അനുയായികളായ കല്ദയരും സഖികളായ അരാമ്യരും ഏലാമ്യരും കൊളളയിലാണ് താത്പര്യം കാണിച്ചത്. ബാബേലിനെ നീതിയോടെ ഭരിക്കുവാൻ അവർ അനുവദിച്ചില്ല. കൊള്ളയ്ക്കിരയായവർ സർഗ്ഗോനിൽ ആശവച്ചു. അശ്ശൂർ സൈന്യം തെക്കോട്ടു മുന്നേറി. 11 വർഷത്തെ ഭരണം പൂർത്തിയാക്കിയ മെരോദക്-ബലദാനു പഴയ സ്ഥാനത്തേക്കു പലായനം ചെയ്യേണ്ടിവന്നു. സർഗ്ഗോൻ അയാളെ പിന്തുടർന്നു. സർഗ്ഗോൻ മരിച്ചപ്പോൾ സൻഹേരീബ് രാജാവായി. ബാബേലിന്റെ അരാജകാവസ്ഥയിൽ മെരോദക്-ബലദാൻ പ്രത്യക്ഷപ്പെടുകയും ബി.സി. 702-ൽ ബാബേൽ രാജാവായി പ്രഖ്യാപിക്കുകയും ചെയ്തു. ഇക്കാലത്താണ് അദ്ദേഹം യെഹൂദാ രാജാവായ ഹിസ്കീയാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചത്. (2രാജാ, 20:12-19; 2ദിന, 32:31; യെശ, 39:1-8). ഹിസ്കീയാരാജാവിനു രോഗസൗഖ്യം ലഭിച്ചതിൽ സന്തോഷം അറിയിക്കുവാനാണ് ദൂതന്മാരെ അയച്ചതെന്നു പറയപ്പെടുന്നു. എന്നാൽ അശ്ശൂരിനെതിരെ ഒരു വിപ്ലവശ്രമത്തിനു സഹായം ഉറപ്പാക്കുക എന്ന ഗൂഢലക്ഷ്യം അതിനു പിന്നിലുണ്ടായിരുന്നു. ഇപ്രകാരം ഒരു സഖ്യത്തിനെതിരായിരുന്നു യെശയ്യാ പ്രവാചകൻ. ബി.സി. 703-ൽ അശ്ശൂർ രാജാവു അയാളെ സിംഹാസന ഭ്രഷ്ടനാക്കി. അനന്തരം സർഗ്ഗോന്റെ പുത്രനായ സൻഹേരീബ് ശത്രുക്കളെ കീഴടക്കിക്കൊണ്ടു ബാബിലോണിൽ പ്രവേശിച്ചു. വീണ്ടും മെരോദക്-ബലദാൻ ഓടി ഏലാമിലെത്തി. ഏറെത്താമസിയാതെ അദ്ദേഹം മരിച്ചു. കല്ദയരുടെ പ്രാബല്യം അത്യുച്ചാവസ്ഥയിൽ എത്തുവാൻ മെരോദക്-ബലദാൻ കാരണഭൂതനായിരുന്നു. പക്ഷേ അ അശ്ശൂരിൽ നിന്നും സ്വാതന്ത്ര്യം നേടുന്നതിനോ സാമ്രാജ്യം നിലനിർത്തുന്നതിനോ അദ്ദേഹത്തിനു കഴിഞ്ഞില്ല.