മെഗിദ്ദോ (Megiddo)
കനാനിലെ പ്രധാന പട്ടണങ്ങളിലൊന്ന്. യെരുശലേമിനു 92 കി.മീറ്റർ വടക്കു പടിഞ്ഞാറും ഹൈഫയ്ക്കു 3 കി.മീറ്റർ തെക്കു കിഴക്കുമായി സ്ഥിതിചെയ്തിരുന്നു. ഇന്നു തേൽ എൽ മുത്തെസെല്ലിം (Tell el Mutesellim) എന്നറിയപ്പെടുന്നു. യോർദ്ദാനു പടിഞ്ഞാറുള്ള രാജാക്കന്മാരെ യോശുവാ തോല്പിച്ചു. ആ പട്ടികയിലാണ് മെഗിദ്ദോയുടെ ആദ്യപരാമർശം. (യോശു, 12:21). ദേശം വിഭാഗിച്ചപ്പോൾ മെഗിദ്ദോയും അധീനനഗരങ്ങളും മനശ്ശെക്കു ലഭിച്ചു. എന്നാൽ യിസ്സാഖാരിന്റെ അതിരിനകത്തായിരുന്നു മെഗിദ്ദോ. (യോശു, 17:11; 1ദിന, 7:29). എന്നാൽ മനശ്ശെ ഗോത്രത്തിനു മെഗിദ്ദോയിലെ കനാന്യരെ നീക്കിക്കളയാൻ കഴിഞ്ഞില്ല. (ന്യായാ, 1:27,28). യിസ്രായേല്യർ പ്രബലരായപ്പോൾ അവർ കനാന്യരെക്കൊണ്ടു ഊഴിയവേല ചെയ്യിച്ചു. ന്യായാധിപന്മാരുടെ കാലത്ത് മെഗിദ്ദോ വെള്ളത്തിന്നരികെ വച്ചുണ്ടായ യുദ്ധത്തിൽ ദെബോരയുടെയും ബാരാക്കിന്റെയും നേതൃത്വത്തിൽ യിസ്രായേല്യസൈന്യം സീസെരയുടെ സൈന്യത്തെ തോല്പിച്ചു. (ന്യായാ, 5:19). ശലോമോന്റെ കാലത്തു മെഗിദ്ദോ ബാനയുടെ കീഴിലുള്ള പട്ടണങ്ങളിൽ ഒന്നായിരുന്നു. രാജാവിനും രാജഗൃഹത്തിനും ഭക്ഷണ പദാർത്ഥങ്ങൾ എത്തിച്ചു കൊടുക്കാൻ ചുമതലപ്പെട്ട പന്ത്രണ്ട് ഉദ്യോഗസ്ഥന്മാരിൽ ഒരുവനായിരുന്നു ബാനാ. (1രാജാ, 4:12). ശലോമോൻ മെഗിദ്ദോയെ പണിതുറപ്പിച്ചു. ശലോമോന്റെ രഥനഗരങ്ങളിൽ ഒന്നായിരുന്നു മെഗിദ്ദോ. കുതിരപ്പടയിൽ ഒരു ഭാഗം മെഗിദ്ദോയിൽ സൂക്ഷിക്കപ്പെട്ടിരുന്നു. (1രാജാ, 9:15-19; 10:26). ശലോമോൻ മെഗിദ്ദോയുടെ നിർമ്മാണത്തിനുവേണ്ടി ഊഴിയവേല ചെയ്യിച്ചു. (1രാജാ, 9:15). യിസ്രായേൽ രാജാവായ യോരാമിനെതിരെയുളള വിപ്ലവത്തിൽ യേഹൂ യോരാമിനെ കൊന്നു. രക്ഷപ്പെടാൻ ശ്രമിച്ച യെഹൂദാരാജാവായ അഹസ്യാവിനു മാരകമായി മുറിവേറ്റു. അവൻ മെഗിദ്ദോവിൽ എത്തി അവിടെവച്ചു മരിച്ചു. (2രാജാ, 9:27).
ബി.സി. 609-ൽ ഫറവോൻ-നെഖോ അശ്ശൂരിനെ സഹായിക്കാൻ കർക്കെമീശിലേക്കു പുറപ്പെട്ടു. യെഹൂദാ രാജാവായ യോശീയാവു അവനെ എതിർത്തു. മെഗിദ്ദോയിൽ വച്ചു നടന്ന യുദ്ധത്തിൽ യോശീയാവു വധിക്കപ്പെട്ടു. (2രാജാ, 23:29,30; 2ദിന, 35:20-27). പ്രവാചകന്മാരിൽ സെഖര്യാവ് മാത്രമേ മെഗിദ്ദോയെക്കുറിച്ചു പറഞ്ഞിട്ടുള്ളൂ. “അന്നാളിൽ മെഗിദ്ദോ താഴ്വരയിലുള്ള ഹദദ്-രിമ്മോനിലെ വിലാപം പോലെ യെരുശലേമിൽ ഒരു മഹാവിലാപം ഉണ്ടാകും.” (സെഖ, 12:11). വെളിപ്പാട് 16:16-ലെ ഹർമ്മഗെദ്ദോൻ ‘ഹാർമെഗിദ്ദോ അഥവാ മെഗിദ്ദോ’ കുന്നാണ്. സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധം നടക്കുന്നത് അവിടെയാണ്.
പുരാതന മെഗിദ്ദോയുടെ സ്ഥാനം ഇന്ന് തേൽ എൽ മുത്തെസെല്ലീം എന്നറിയപ്പെടുന്നു. 1903 മുതൽ ഇവിടെ നടന്ന ഉൽഖനനങ്ങൾ മെഗിദ്ദോയുടെ പ്രാചീന സംസ്കാരത്തെയും ചരിത്രത്തെയും സംബന്ധിക്കുന്ന ഒട്ടേറെ വസ്തുതകൾ വെളിച്ചത്തു കൊണ്ടുവന്നിട്ടുണ്ട്. ബി.സി. 4500-നു മുമ്പുതന്നെ ഇവിടെ ജനാധിവാസം ഉണ്ടായിരുന്നു. സമരതന്ത്രപ്രധാനമായ എസ്കലോൻ താഴ്വരയിൽ ബി.സി. 3500-നടുപ്പിച്ച് ആദ്യപട്ടണം പണിയപ്പെട്ടു. ഏകദേശം 4 മീറ്റർ കനമുള്ള മതിൽ പട്ടണത്തെ ചുറ്റിയിരുന്നു. പ്രാചീന ചരിത്രത്തിൽ പ്രസിദ്ധമായ ഒരു യുദ്ധം മെഗിദ്ദോയിൽ വച്ചുനടന്നു. കാദേശ് രാജാവിന്റെ കീഴിൽ സംഘടിച്ച സൈനികസഖ്യത്തെ മിസ്രയീം രാജാവായ തുത്ത്മൊസ് മൂന്നാമൻ (ബി.സി. 1468) പരാജയപ്പെടുത്തി. മറ്റ് ആയിരം പട്ടണങ്ങളെ കീഴടക്കുന്നതിനു സമമായി മെഗിദ്ദോയെ കീഴടക്കിയതിനെക്കുറിച്ചു അദ്ദേഹം പറഞ്ഞു. മെഗിദ്ദോ പാതവഴി സൈന്യചലനം എളുപ്പമാണ്. എ.ഡി. 1918-ൽ അല്ലൻബി തുർക്കികളെ പരാജയപ്പെടുത്താൻ ഈ പാത പ്രയോജനപ്പെടുത്തി.
യിസ്രായേല്യർ കനാന്യരെ ബഹിഷ്ക്കരിക്കുന്നതു വരെ പട്ടണം കനാന്യരുടെ കയ്യിലായിരുന്നു. ദാവീദ് മെഗിദ്ദോയിൽ എന്തെങ്കിലും ചെയ്തതായി കാണുന്നില്ല. ശലോമോന്റെ രഥനഗരങ്ങളിലൊന്നാണ് ഈ പട്ടണം. (1രാജാ, 9:15; 10:26-29). ശലോമോന്റെ കാലത്തു നിർമ്മിച്ച വിശാലമായ കുതിരലായങ്ങൾ കണ്ടെടുത്തിട്ടുണ്ട്. അവയിൽ നാനൂറ്റമ്പതോളം കുതിരകളെ കെട്ടാവുന്നതാണ്. പുൽത്തൊട്ടികൾ ശിലാനിർമ്മിതമാണ്. കുതിരകൾ കാല് വഴുതിവീഴാതിരിക്കാൻ പരുക്കൻ കല്ലുകൾ തറയിൽ പാകിയിരുന്നു. ഈ കുതിരലായങ്ങൾക്കു ശലോമോന്റെ കാലത്തോളം പഴക്കമില്ലെന്നു കരുതുന്നവരുമുണ്ട്. ആഹാബ് രാജാവിനും ഒരു വലിയ രഥവ്യൂഹം ഉണ്ടായിരുന്നു. തന്മൂലം ആഹാബിന്റെ കാലത്തേതാണു ഇവ എന്ന ധാരണയും ചിലർക്കുണ്ട്. രെഹബെയാം രാജാവിന്റെ അഞ്ചാം ഭരണ വർഷത്തിൽ ഫറവോൻ ശീശക്ക് മെഗിദ്ദോ പിടിച്ചടക്കിയതായി കാണുന്നു. മെഗിദ്ദോ കുന്നിനു ഏകദേശം 13 ഏക്കർ വിസ്തൃതിയുണ്ട്.