ബൈബിൾ കാനോൻ (The Bible Canon)
ദൈവശ്വാസീയമായ തിരുവെഴുത്തുകളുടെ ക്രമത്തെയും കൂട്ടിച്ചേർക്കലിനെയും പരാമർശിക്കുന്ന പ്രയോഗമാണ് കാനോൻ. ‘ഞാങ്ങണ’ എന്നർത്ഥമുള്ള ‘കാനെഹ്’ എന്ന എബ്രായ പദത്തിൽ നിന്നാണതിന്റെ ഉത്പത്തി. കാനോൻ ഗ്രീക്കുരൂപമാണ്. ചൂരൽ, വടി, അളവുകോൽ എന്നീ അർത്ഥങ്ങളോടു കൂടിയ കാനോൻ ഒരു പരിഭാഷ കൂടാതെ തന്നെ ബൈബിളിലെ പുസ്തകങ്ങളുടെ അധികൃതമായ പട്ടികയെക്കുറിക്കുവാൻ ഇന്നും നിർല്ലോപമായി ഉപയോഗിച്ചുവരുന്നു. ഓറിജൻ തുടങ്ങിയ സഭാപിതാക്കന്മാർ ‘വിശ്വാസപ്രമാണം’ എന്ന അർത്ഥത്തിലാണ് കാനോൻ പ്രയോഗിച്ചിട്ടുള്ളത്. ദൈവിക വെളിപ്പാടുകളുടെ പട്ടിക എന്ന ആശയത്തിൽ അത്തനേഷ്യസിന്റെ കാലം മുതലാണു (എ.ഡി. 296-373) കാനോൻ പ്രയോഗിച്ചുതുടങ്ങിയത്.
കാനോനികതയും അധികാരവും: ബൈബിളിലെ ഒരു പുസ്തകത്തിന്റെ കാനോനികത അതിന്റെ അധികാരത്തിൽ അധിഷ്ഠിതമാണ്. ഒരു പുസ്തകം കാനോനികമാണെന്നു പറയുമ്പോൾ അതു വിശിഷ്ടമായ അധികാരം ഉൾക്കൊള്ളുന്നുവെന്നു ധ്വനിക്കുന്നു. ഒരു പുസ്തകത്തിന്റെ അധികാരവും അംഗീകാരവും അതിനു ലഭ്യമായിരിക്കുന്നതു പ്രസ്തുത പട്ടികയിൽ ഉൾപ്പെട്ടതുകൊണ്ടല്ല, മറിച്ച് അതു പട്ടികയിൽ ഉൾപ്പെട്ടതു ദൈവിക അധികാരം ഉൾക്കൊണ്ടതുകൊണ്ട് മാത്രമാണ്. മോശെ സീനായി പർവ്വതത്തിൽ നിന്നിറങ്ങിവന്നപ്പോൾ അവൻ നിയമപുസ്തകം എടുത്തു ജനം കേൾക്കെ വായിച്ചു. ഉടൻ ജനം മറുപടി പറഞ്ഞു; “യഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ അനുസരിച്ചു നടക്കും.” (പുറ, 24:7). മോശെയുടെ ചുണ്ടുകളിൽ നിന്നും പുറപ്പെട്ട വാക്കുകൾ ദൈവത്തിന്റെ വാക്കുകൾ എന്നും തന്മൂലം അവയ്ക്കു പരിപൂർണ്ണമായ അധികാരവും ബാദ്ധ്യതയുമുണ്ടെന്നും ജനം അംഗീകരിച്ചു. എന്നാൽ ഈ വാക്കുകളെ കാനോനികമായി അവർ അംഗീകരിച്ചതായി നമുക്കു പറയാനാവില്ല. കാരണം ഇങ്ങനെയുള്ള എഴുത്തുകളുടെ സഞ്ചയം അഥവാ പട്ടിക എന്ന അർത്ഥത്തിൽ വളരെ പില്ക്കാലത്താണ് കാനോൻ എന്ന പദം ഉപയോഗിച്ചു തുടങ്ങിയത്. “താൻ പ്രവാചകനെന്നോ ആത്മികൻ എന്നോ ഒരുത്തനു തോന്നുന്നു എങ്കിൽ, ഞാൻ നിങ്ങൾക്കു എഴുതുന്നതു കർത്താവിന്റെ കല്പന ആകുന്നു എന്നു അവൻ അറിഞ്ഞുകൊള്ളട്ടെ” (1കൊരി, 14:37) എന്നു കൊരിന്ത്യ വിശ്വാസികൾക്കു എഴുതുമ്പോൾ അവർ പൗലൊസ് അപ്പൊസ്തലന്റെ വാക്കുകളെ ക്രിസ്തുവിന്റെ കല്പനകളായി അംഗീകരിച്ചുവെന്നതു സ്പഷ്ടമാണ്. പുതിയനിയമ കാനോൻ അന്നു രൂപപ്പെട്ടിരുന്നില്ല. യുക്തിപൂർവ്വവും ചരിത്രപരവുമായി ചിന്തിക്കുകയാണെങ്കിൽ കാനോനികത്വത്തിനു മുമ്പു അധികാരം നിലവിലിരുന്നുവെന്നു മനസ്സിലാക്കാം.
പഴയനിയമ കാനോൻ: പഴയനിയമ കാനോൻ രൂപികരണവുമായി ബന്ധപ്പെട്ടു ഏതെങ്കിലും സുനഹദോസിന്റെയോ അംഗീകൃത സമ്മേളനങ്ങളുടെയോ പ്രവർത്തനം നാം കാണുന്നില്ല. വ്യക്തികളുടെയോ സഭയുടെയോ അധികാരികളുടെയോ പ്രഖ്യാപനത്തിൽ നിന്നല്ല തിരുവെഴുത്തുകൾക്കു അധികാരം ലഭിച്ചത്. തിരുവെഴുത്തുകൾ കാനോനികമാണെന്നു വ്യക്തികളോ സമൂഹമോ പ്രഖ്യാപിക്കും മുമ്പു തന്നെ അവയിൽ ദൈവികമായ അധികാരം മുദ്രചാർത്തിയിരു ന്നു. ചരിത്രത്തിൽ പ്രാരംഭകാലം മുതൽ തന്നെ ദൈവികപ്രമാണം കാണാം. മോശെയുടെ കാലത്തു അവ ലിഖിതമായി ലഭിച്ചു. എബായ ചരിത്രത്തിൽ വിശ്വാസത്തിന്റെയും ജീവിതത്തിന്റെയും അടിസ്ഥാനപ്രമാണമായി ന്യായപ്രമാണം ഗണിക്കപ്പെട്ടു. (1രാജാ, 2:3; 2രാജാ, 14:6). ന്യായപ്രമാണത്തോടു ഒന്നും കൂട്ടിച്ചേർക്കുകയോ കുറയ്ക്കുകയോ ചെയ്യരുതെന്നു പ്രത്യേകം കല്പനയും ഉണ്ട്. “ഞാൻ നിങ്ങളോടു കല്പിക്കുന്ന വചനത്തോടു കൂട്ടുകയോ അതിൽനിന്നു കുറയ്ക്കുകയോ ചെയ്യരുത്.” (ആവ, 4:2;14:1). പഴയനിയമത്തിൽ ഇനിയൊരു സ്ഥാനത്തുകൂടി മാതമേ (കെത്തുവീം എഴുത്തുകൾ) ഇപ്രകാരം ഒരു അനുശാസനം കാണുന്നുള്ളൂ. “അവന്റെ വചനത്തോടു നീ ഒന്നും കൂട്ടരുതു; അവൻ നിന്നെ വിസ്തരിച്ചിട്ടു നീ കള്ളനാകുവാൻ ഇടവരരുത്.” (സദൃ, 306).
കാനോനികരണം റബ്ബിമാരുടെ വീക്ഷണത്തിൽ: പഴയനിയമത്തിൽ പുസ്തകങ്ങളെ ഉൾക്കൊള്ളിക്കുന്നതിനു റബ്ബിമാർ മൂന്നു തത്വങ്ങൽ പരിഗണിച്ചിരുന്നതായി The Universal Jewish Encyclopaidea-യിൽ പറയുന്നു:
1. പുസ്തകങ്ങൾ എബായയിൽ എഴുതപ്പെട്ടവയായിരിക്കണം. ഉദാഹരണമായി കാനോനിൽ അംഗീകാരം ലഭിക്കുന്നതിനു വേണ്ടി ദാനീയേൽ പ്രവചനത്തിന്റെ ആരംഭവും അവസാനവും അരാമ്യയിൽ നിന്നു എബ്രായയിലേക്കു തിടുക്കത്തിൽ വിവർത്തനം ചെയ്തു.
2. കാനോനിൽ ഉൾപ്പെടുത്തേണ്ട പുസ്തകം യിസ്രായേലിൽ പ്രവചനം നിന്നുപോയ കാലയളവിനു മുമ്പു, അതായത് മലാഖിയുടെ കാലത്തോടടുപ്പിച്ചോ അതിനുമുമ്പോ എഴുതപ്പെട്ടതായിരിക്കണം.
3. പുസ്തകത്തിന്റെ ഉള്ളടക്കം റബ്ബിമാർ ഏർപ്പെടുത്തിയ മതപ്രമാണത്തിനു അനുരൂപമായിരിക്കണം.
എബ്രായഭാഷ കാനോനികരണത്തിന്റെ ഉപാധിയായി റബ്ബിമാർ പറയുന്നു. രണ്ടു കാരണങ്ങളാൽ ഈ വാദം ദുർബ്ബലമാണ്. 1. കാനോനിലുള്ള ചില പുസ്തകങ്ങൾ മുഴുവൻ എബ്രായയിലല്ല എഴുതിയിട്ടുള്ളത്. ന്യായപ്രമാണ പുസ്തകങ്ങളിൽ ഒരു സ്ഥലനാമവും (യെഗർ-സാഹദൂഥാ: ഉല്പ, 31:47) പ്രവാചക പുസ്തകങ്ങളിൽ ഒരു വാക്യവും (യിരെ, 10 :11) എഴുത്തുകളിൽ (കെത്തുവീം) രണ്ടു പ്രധാന ഭാഗങ്ങളും (ദാനി, 2:4-7:28; എസ്രാ, 9:3-6:18; 7:12-26) അരാമ്യഭാഷയിലാണ്. 2. എബ്രായയിലെഴുതപ്പെട്ട എല്ലാ പുസ്തകങ്ങൾക്കും കാനോനിൽ അംഗീകാരം നല്കിയില്ല. എക്ലീസിയാറ്റിക്കൂസ് (പ്രഭാഷകൻ) തുടങ്ങിയ അപ്പൊക്രിഫാ ഗ്രന്ഥങ്ങൾ എബ്രായയിലാണ് എഴുതപ്പെട്ടതെങ്കിലും അവയ്ക്കു കാനോനിൽ പ്രവേശനം ലഭിച്ചില്ല.
ന്യായപ്രമാണത്തോടുള്ള പൊരുത്തം കാനോനികതയെ നിർണ്ണയിക്കുന്നുവെന്ന വാദവും വിവാദ്രഗ്രസ്തമാണ്. യെഹൂദന്മാരെ സംബന്ധിച്ചിടത്തോളം ഉപദേശങ്ങളുടെ പരമമായ മാനദണ്ഡം ന്യായപ്രമാണം തന്നെയാണ്. ന്യായപ്രമാണവുമായി പൊരുത്തപ്പെടാത്ത പുസ്തകം സ്വീകാര്യമല്ല എന്നതു സ്പഷ്ടമാണ്. എന്നാൽ ന്യായപ്രമാണവുമായി പൊരുത്തപ്പെടുന്ന അനേകം ഗ്രന്ഥങ്ങളെ കാനോനിൽ ഉൾപ്പെടുത്തിയില്ല എന്നതും ഒരു വസ്തുതയത്രേ. ഉദാ: ഏലീയാ പ്രവാചകൻ (2ദിന, 21:12) ദർശകനായ ഇദ്ദോ (2ദിന, 12:15) തുടങ്ങിയവർ എഴുതിയ പുസ്തകങ്ങൾ. തലമൂദും മിദ്രാഷും ഒരിടത്തും ന്യായപ്രമാണവുമായി ഇടിയുന്നില്ല. എങ്കിലും അവ കാനോനിൽ ഉൾപ്പെട്ടില്ല.
കാനോനികത നിശ്ചയിക്കുന്നതു ദൈവം തന്നെയാണ്. ദൈവനിശ്വസ്തമാകയാലും ദൈവിക അധികാരം ഉൾക്കൊള്ളുകയാലുമാണ് ഒരു പുസ്തകം കാനോനികമാകുന്നത്. തല്മൂദിന്റെ പാരമ്പര്യമനുസരിച്ചു കാനോനിക ഗ്രന്ഥങ്ങൾ കരങ്ങളെ അശുദ്ധമാക്കുന്നവയാണ്. അവ എത്രയും വിശുദ്ധമാകയാലാണ് അതു ഉപയോഗിക്കുന്നവരുടെ കൈ അശുദ്ധമാകുന്നത്.
ബാബാബത്ര: ബാബിലോണിയൻ തല്മൂമൂദിലെ ബാബാബത്ര പഴയനിയമ പുസ്തകങ്ങളുടെ ശീർഷകങ്ങളിലോ അവയുടെ ക്രമത്തിലോ പ്രവാചകീയ ലേഖകരെ കാണാൻ ശ്രമിക്കുന്നു. മോശെ, യോശുവ, ശമുവേൽ, എസ്രാ, പ്രവാചകന്മാർ എന്നിവർ അവരുടെ പേരുകളിൽ അറിയപ്പെടുന്ന പുസ്തകങ്ങൾ എഴുതി. ഇയ്യോബിന്റെ എഴുത്തുകാരനായി മോശയെ കണക്കാക്കുന്നു. ആവർത്തന പുസ്തകത്തിലെ അവസാനത്തെ എട്ടുവാക്യങ്ങൾ യോശുവ എഴുതിയതായി കരുതുന്നു. ന്യായാധിപന്മാരുടെയും രൂത്തിന്റെയും കർത്തൃത്വം ശമുവേലിനു നല്കി. രാജാക്കന്മാരും വിലാപങ്ങളും യിരെമ്യാവ് രചിച്ചു. ദിനവൃത്താന്തത്തിന്റെ കർത്തൃത്വം എസ്രാശാസ്ത്രിക്കു നല്കി. ഇങ്ങനെ മോശെ മുതൽ മലാഖിവരെ ഒരു ഇടമുറിയാത്ത പ്രവാചക പരമ്പരയുണ്ട്. ദാവീദിനെയും ശലോമോനെയും ആ പരമ്പരയിലുൾപ്പെടുത്തി. സങ്കീർത്തനങ്ങൾ മുഴുവനും ദാവീദ് എഴുതിയതായും; സദൃശവാക്യങ്ങൾ, ഉത്തമഗീതം, സഭാപ്രസംഗി എന്നിവ ശലോമോൻ എഴുതിയതായും പ്രസ്താവിച്ചു. ഒരു പ്രവാചക എഴുത്തുകാരനിൽ ആരോപിക്കപ്പെടാത്ത പുസ്തകം എസ്ഥേർ മാത്രമാണ്. എന്നാൽ യെഹൂദ്യപാരമ്പര്യം ഹഗ്ഗായി, സെഖര്യാവ്, മലാഖി എന്നിവരുടെ സമകാലികനായ പ്രവാചകനായി മൊർദ്ദെഖായിയെ ബഹുമാനിക്കുകയും ദാര്യാവേശ് ഒന്നാമന്റെ കാലത്തു അദ്ദേഹം പ്രവചിച്ചതായി പറയുകയും ചെയ്യുന്നു. പ്രാചീന യെഹൂദന്മാർക്കു കാനോനികത്വത്തിന്റെ പ്രധാന മാനദണ്ഡം പുസ്തകത്തിന്റെ പ്രവാചകകർത്തൃത്വം ആയിരുന്നു എന്നു ഇതിൽനിന്നും വ്യക്തമാണ്. തന്മൂലം അപ്പൊക്രിഫാ പുസ്തകമായ എക്ലീസിയാസ്റ്റിക്കൂസിന്റെ അവകാശവാദം തള്ളിക്കളയുവാൻ അവർക്കു പ്രയാസമുണ്ടായിരുന്നില്ല. അതിന്റെ എഴുത്തുകാരൻ പ്രവാകൻ അനിരുന്നില്ലെന്നു എല്ലാവർക്കും നേരിട്ടറിവുള്ളതായിരുന്നു.
പുതിയനിയമവും പഴയനിയമ കാനോനും: എ.ഡി. ആദ്യനൂറ്റാണ്ടിൽത്തന്നെ പഴയനിയമ കാനോന്റെ മൂന്നായിട്ടുള്ള വിഭജനം സുസ്ഥാപിതമായിക്കഴിഞ്ഞു. ക്രിസ്തു പരാമർശിച്ച പഴയനിയമ കാനോൻ ഇന്നു നിലവിലുള്ളതു തന്നെയാണെന്ന് പുതിയനിയമം വ്യക്തമാക്കുന്നു. മത്തായി 24:15-ൽ ദാനീയേലിന്റെ പുസ്തകത്തിൽ നിന്നും ദാനീയേൽ പ്രവാചകൻ എന്നുതന്നെ പറഞ്ഞു ക്രിസ്തു ഉദ്ധരിച്ചു. എസ്ഥർ, സഭാപ്രസംഗി, ഉത്തമഗീതം, എസ്രാ, നെഹെമ്യാവ്, ഓബദ്യാവ്, നഹൂം, സെഫന്യാവ് എന്നീ പഴയനിയമ പുസ്തകങ്ങളെ പുതിയനിയമത്തിൽ ഉദ്ധരിക്കുന്നില്ല. പുതിയനിയമത്തിൽ ഉദ്ധരിക്കപ്പെടുക എന്നത് ഒരു പഴയനിയമപുസ്തകത്തിന്റെ കാനോനികതയ്ക്ക് ആവശ്യമായ ഉപാധിയൊന്നുമല്ല. ബൈബിളിനു വെളിയിൽ നിന്നും പല ഉദ്ധരണികൾ പുതിയനിയമത്തിലുണ്ട്. എങ്കിൽ പ്രസ്തുത സാഹിത്യദാർശനിക കൃതികൾക്കും കാനോനിക പദവി നൽകേണ്ടിവരും. പഴയനിയമ അപ്പൊക്രിഫാ ഗ്രന്ഥങ്ങളിൽ നിന്നുള്ള ഉദ്ധരണികൾ പുതിയനിയമത്തിൽ ഇല്ലാത്തതുകൊണ്ടാണ് അവ അകാനോനികമെന്നു കരുതുന്നതെന്ന വാദഗതി ദുർബ്ബലമാണ്.
ക്രിസ്തുവും പഴയനിയമ കാനോനും: യേശു ഉയിർത്തെഴുന്നേറ്റ ദിവസം വൈകുന്നേരം യെരൂശലേമിലെ മാളികമുറിയിൽ കുടിയിരുന്ന ശിഷ്യന്മാർക്കു തനിക്കു സംഭവിച്ചതെല്ലാം പഴയനിയമ തിരുവെഴുത്തുകളിൽ പ്രവചിച്ചിരുന്നതിനു അനുസരണമായിരുന്നുവെന്നു യേശു വെളിപ്പെടുത്തി. “ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്ക്. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചക പുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതൊക്കെയും നിവൃത്തിയാകേണം എന്നുള്ളതു തന്നേ.” (ലുക്കൊ, 24:44). ഇവിടെ കർത്താവു തിരുവെഴുത്തുകളുടെ ത്രിഭാജനത്തെ അംഗീകരിക്കുന്നു: ന്യായപ്രമാണം, പ്രവാചകന്മാർ, എഴുത്തുകൾ. കർത്താവിനു പരിചിതമായിരുന്ന ബൈബിൾ ഇന്നത്തെ എബ്രായ ബൈബിൾ തന്നെയാണ്. ആ പുസ്തകം അവസാനിക്കുന്നതു ദിനവൃത്താന്ത പുസ്തകത്തോടു കൂടിയാണ്. ലൂക്കൊസ് 11:51; മത്തായി 23:35 എന്നിവിടങ്ങളിൽ ഇതിനു വ്യക്തമായ തെളിവുണ്ട്. പഴയനിയമകാലത്തു രക്തം ചൊരിഞ്ഞ വിശുദ്ധന്മാരെ സാകല്യേന പരാമർശിക്കുമ്പോൾ ക്രിസ്തു പറഞ്ഞു; “ഹാബെലിന്റെ രക്തം തുടങ്ങി യാഗപീഠത്തിനും ആലയത്തിനും നടുവിൽ വച്ചു പട്ടുപോയ സെഖര്യാവിന്റെ രക്തം വരെ ലോകസ്ഥാപനം മുതൽ ചൊരിഞ്ഞിരിക്കുന്ന സകല പ്രവാചകന്മാരുടെയും രക്തം ഈ തലമുറയോടു ചോദിപ്പാൻ ഇടവരേണ്ടതിനു തന്നെ.” (ലൂക്കൊ, 11:51). ബൈബിളിൽ പരാമൃഷ്ടനായ പ്രഥമരക്തസാക്ഷി ഹാബെലാണെന്നത് നിസ്സംശയമാണ്. എന്നാൽ സെഖര്യാവു എങ്ങനെയാണ് അവസാന രക്തസാക്ഷിയാവുക? ബൈബിളിലെ അവസാന പുസ്തകത്തിൽ അവസാനം രേഖപ്പെടുത്തിയിരിക്കുന്ന രക്തസാക്ഷിത്വം സെഖര്യാവിന്റേതാണ് എന്നത്രേ മറുപടി. എബ്രായ ബൈബിളിൽ അവസാന പുസ്തകം 2ദിനവൃത്താന്തമാണ്. (2ദിന, 24:21,22). സെഖര്യാവിനെ കൊന്നതിനുശേഷവും നിഷ്കളങ്കരക്തം ചൊരിഞ്ഞിട്ടുണ്ട്. (യിരെ, 26:23).
.