ബേഥെസ്ദാ കുളം (Pool of Bethesda)
ബേഥെസ്ദാ കുളം
പേരിനർത്ഥം — കൃപാഗൃഹം
യെരൂശലേമിലെ ആട്ടുവാതിലിനടുത്തുള്ള ഒരു കുളം. ഇതിനു അഞ്ചു മണ്ഡപങ്ങളുണ്ട്. (യോഹ, 5:1-16). സൗഖ്യത്തിനായി രോഗികൾ വെള്ളം ഇളകുന്നതു ശ്രദ്ധിച്ചുകൊണ്ടു ഇവിടെ കിടന്നിരുന്നു. ദൂതൻ വെളളം കലക്കുമ്പോൾ ആദ്യം ഇറങ്ങുന്ന രോഗിക്കു സൗഖ്യം ലഭിക്കും. 38 വർഷമായി രോഗിയായിരുന്ന ഒരു മനുഷ്യൻ ഈ കുളത്തിന്റെ കരയിൽ കിടന്നിരുന്നു. യേശു അവനു സൗഖ്യം നല്കി. “അവൻ കിടക്കുന്നതു യേശു കണ്ടു, ഇങ്ങനെ ഏറിയ കാലമായിരിക്കുന്നു എന്നറിഞ്ഞു: ”നിനക്കു സൗഖ്യമാകുവാൻ മനസ്സുണ്ടോ” എന്നു അവനോടു ചോദിച്ചു. രോഗി അവനോടു: യജമാനനേ, വെള്ളം കലങ്ങുമ്പോൾ എന്നെ കുളത്തിൽ ആക്കുവാൻ എനിക്കു ആരും ഇല്ല; ഞാൻ തന്നേ ചെല്ലുമ്പോൾ മറ്റൊരുത്തൻ എനിക്കു മുമ്പായി ഇറങ്ങുന്നു എന്നു ഉത്തരം പറഞ്ഞു. യേശു അവനോടു: ”എഴുന്നേറ്റു നിന്റെ കിടക്ക എടുത്തു നടക്ക” എന്നു പറഞ്ഞു. ഉടനെ ആ മനുഷ്യൻ സൌഖ്യമായി കിടക്ക എടുത്തു നടന്നു.” (യോഹ, 5:6-9). 1888-ൽ യെരൂശലേമിനു വടക്കു കിഴക്കുള്ള വിശുദ്ധ ആനിയുടെ പള്ളി അറ്റകുറ്റം തീർക്കുമ്പോൾ ഒരു കുളം കണ്ടെത്തി. അതിന്റെ ചുവരിൽ ദൂതൻ വെള്ളം കലക്കുന്ന ഒരു മങ്ങിയ ചിത്രം ഉണ്ട്. പാറയിൽ വെട്ടിയ ഈ കുളത്തിൽ മഴവെള്ളം നിറയും. അതിനു ഏകദേശം 16.5 മീറ്റർ നീളവും 3.6 മീറ്റർ വീതിയുമുണ്ട്.