ബെന്യാമീൻ

ബെന്യാമീൻ (Benjamin)

പേരിനർത്ഥം – വലങ്കയ്യുടെ പുത്രൻ

യാക്കോബിന്റെ ഏറ്റവും ഇളയ മകൻ. യാക്കോബിനു വാഗ്ദത്തദേശമായ കനാനിൽ വച്ചു ജനിച്ച ഏകപുത്രൻ ബെന്യാമീനാണ്. യാക്കോബും കുടുംബവും ബേഥേലിൽ നിന്നു എഫ്രാത്ത അഥവാ ബേത്ലേഹെമിലേക്കു പോകുന്ന വഴിക്കു യാക്കോബിന്റെ പ്രിയതമയായ റാഹേൽ രണ്ടാമതൊരു മകനെ പ്രസവിച്ചു. അവൾ കഠിനവേദന അനുഭവിക്കുകയും പ്രസവാനന്തരം മരിക്കുകയും ചെയ്തു. പ്രസവത്തിൽ അനുഭവിച്ച വേദനയെ അനുസ്മരിച്ചു കൊണ്ടു അവൾ കുഞ്ഞിനു ‘എന്റെ ദു:ഖത്തിന്റെ പുത്രൻ’ എന്ന അർത്ഥത്തിൽ ബൈനോനീ എന്നു പേരിട്ടു. എന്നാൽ ‘വലങ്കയുടെ പുത്രൻ അഥവാ തെക്കിന്റെ പുത്രൻ’ എന്ന അർത്ഥത്തിൽ യാക്കോബ് അവനെ ബെന്യാമിൻ എന്നു വിളിച്ചു. (ഉല്പ, 35:16-20). യോസേഫ് വിട്ടുപോയ ശേഷം യാക്കോബിന്റെ വാത്സല്യം മുഴുവൻ ബെന്യാമീനിൽ ഒതുങ്ങി. ഇവർ ഇരുവരുമായിരുന്നു തന്റെ ഇഷ്ടഭാര്യയായ റാഹേലിന്റെ പുത്രന്മാർ. കനാൻദേശത്തു ക്ഷാമം ഉണ്ടായപ്പോൾ യാക്കോബിന്റെ മക്കൾ മിസ്രയീമിൽ ധാന്യം വാങ്ങുവാൻ പോയി. എന്നാൽ യാക്കോബ് അവരോടൊപ്പം ബെന്യാമീനെ വിട്ടില്ല. ഒടുവിൽ യാക്കോബിനു ബെന്യാമീനെ വിടേണ്ടിവന്നു. യോസേഫ് അവർക്കു സ്വയം വെളിപ്പെടുത്തി അവരെ വികാരാർദ്രമായി സ്വീകരിച്ചു. (ഉല്പ, 42-45). യാക്കോബ് കുടുംബസമേതം മിസ്രയീമിലേക്കു പോയപ്പോൾ ബെന്യാമീനും പോയി. അപ്പോൾ ബെന്യാമീനു പത്തു മക്കളുണ്ടായിരുന്നു. (ഉല്പ, 46:21). തന്റെ മരണശയ്യയിൽ വച്ചു യാക്കോബ് ബെന്യാമീനെ ഇപ്രകാരം അനുഗ്രഹിച്ചു. “ബെന്യാമീൻ കടിച്ചുകീറുന്ന ചെന്നായി; രാവിലെ അവൻ ഇരപിടിച്ചു വിഴുങ്ങും; വൈകുന്നേരത്തു അവൻ കവർച്ച പങ്കിടും.” (ഉല്പ, 49:27).

ബെന്യാമീൻ ഗോത്രം: യാക്കോബിന്റെ ഏറ്റവും ഇളയ മകനായ ബെന്യാമീനിൽ നിന്നുത്ഭവിച്ച ഗോത്രം. യാക്കോബിന്റെ കുടുംബം മിസ്രയീമിലേക്കു പോയപ്പോൾ ബെന്യാമീനു പത്തു പുത്രന്മാരുണ്ടായിരുന്നു. (ഉല്പ, 46:21). എന്നാൽ സംഖ്യാപുസ്തകത്തിൽ (26:38-40) ഏഴു പേരുകൾ മാത്രമേ കൊടുത്തിട്ടുള്ളൂ. ബെന്യാമിന്റെ ചില സന്തതികൾ നേരത്തേ മരിക്കുകയോ അപുത്രരായി മരിക്കുകയോ ചെയ്തിരിക്കണം. 1ദിനവൃത്താന്തം 7:6-ൽ ബെന്യാമീൻ ഗോത്രത്തിലെ മൂന്നു കുടുംബങ്ങൾ മാത്രമേ പരാമർശിക്കപ്പെട്ടിട്ടുള്ളൂ. 

മിസ്രയീമിൽ നിന്നുള്ള പുറപ്പാടിന്റെ കാലത്ത് മനശ്ശെ ഗോത്രത്തെ ഒഴിവാക്കിയാൽ ജനസംഖ്യയിൽ ഏറ്റവും ചെറിയ ഗോത്രം ബെന്യാമീൻ ആയിരുന്നു. (സംഖ്യാ, 1:36,37). ഒന്നാമത്തെ ജനസംഖ്യയെടുപ്പിൽ ബെന്യാമീന്യർ മുപ്പത്തയ്യായിരത്തിനാനൂറ്. അടുത്ത ജനസംഖ്യയെടുപ്പിൽ അത് നാല്പത്തയ്യായിരത്തി അറുനൂറായി വർദ്ധിച്ചു. അങ്ങനെ ജനസംഖ്യയിൽ പതിനൊന്നാമത്തേതായിരുന്ന ഗോത്രം ഏഴാമത്തേതായി. ‘ചെറിയ ബെന്യാമീൻ’ എന്ന പ്രയോഗം ശ്രദ്ധേയമാണ്. (സങ്കീ, 68:27). മരുഭൂമിയാത്രയിൽ ബെന്യാമിന്റെ സ്ഥാനം മനശ്ശെ, എഫ്രയീം ഗോത്രങ്ങളോടൊപ്പം സമാഗമനകൂടാരത്തിന്റെ പടിഞ്ഞാറു വശത്തായിരുന്നു. (സംഖ്യാ, 2:18-24). ബെന്യാമീൻ ഗോത്രത്തിന്റെ പ്രഭു അബീദാൻ ആയിരുന്നു. കനാൻദേശം ഒറ്റു നോക്കുവാൻ നിയോഗിക്കപ്പെട്ടവരിൽ ബെന്യാമീൻ ഗോത്രത്തിന്റെ പ്രതിനിധി രാഫൂവിന്റെ മകൻ പൽതി ആയിരുന്നു. (സംഖ്യാ, 13:9). കനാൻ ദേശവിഭജനത്തിൽ സഹായിക്കുവാൻ തിരഞ്ഞെടുക്കപ്പെട്ടവരിൽ ബെന്യാമീൻ ഗോത്രത്തിന്റെ പ്രഭു കിസ്ലോന്റെ മകൻ എലീദാദ് ആയിരുന്നു. (സംഖ്യാ, 34:2). ബെന്യാമീൻ ഗോത്രപതാകയിൽ ചെന്നായയുടെ അടയാളം ഉണ്ടായിരുന്നുവെന്നു കരുതപ്പെടുന്നു. (ഉല്പ, 49:27). എഫയീം ഗോത്രത്തിനു തൊട്ടുതെക്കുള്ള പ്രദേശമാണു ബെന്യാമീൻ ഗോത്രത്തിനു അവകാശമായി കിട്ടിയത്. അതിന്റെ കിഴക്കെ അതിരു യോർദ്ദാൻ നദി ആയിരുന്നു. തെക്ക് യെഹൂദാഗോത്രത്തിനും പടിഞ്ഞാറു ദാൻ ഗോത്രത്തിനും അവകാശം ലഭിച്ചു. 

യിസ്രായേല്യ ഗോത്രങ്ങളിൽ വച്ച് യുദ്ധവാസന മുറ്റിനിന്ന ഗോത്രമായിരുന്നു ബെന്യാമിൻ ഗോത്രം. പ്രവാചകദൃഷ്ടിയോടു കൂടെയാണ് ബെന്യാമീനു യാക്കോബ് അനുഗ്രഹം നല്കിയത്. സീസെരയെ തോല്പിക്കുന്നതിൽ ബെന്യാമീന്യർ പൂർണ്ണമായും ഭാഗഭാക്കുകളായിരുന്നു. സീസെരയുടെ തോൽവിക്കുശേഷം ദെബോരാ ബെന്യാമീൻ ഗോത്രത്തെ സ്മരിച്ചു. (ന്യായാ, 5:14). ബെന്യാമീന്യരെ അമ്മോന്യർ ആക്രമിച്ചു. (ന്യായാ, 10:9). അനന്തരകാലത്തു ബെന്യാമീന്യർ യിസ്രായേലിലെ മറ്റെല്ലാ ഗോത്രങ്ങളെയും പതിനഞ്ചിലൊരു ഭാഗം വരുന്ന സൈന്യം കൊണ്ടു വെല്ലുവിളിക്കുകയും തങ്ങളുടെ 25000 യോദ്ധാക്കൾ മരിച്ചുവെങ്കിലും അവരുടെ 40000 യോദ്ധാക്കളെ കൊല്ലുകയും ചെയ്തു. (ന്യായാ, 20:14, 35). അവരുടെ ഈ കഴിവിനെ “ഈ ജനത്തിലെല്ലാം ഇടതു കയ്യന്മാരായ എഴുനൂറു വിരുതന്മാരുണ്ടായിരുന്നു ; അവർ എല്ലാവരും ഒരു രോമത്തിനു പോലും ഏറു പിഴയ്ക്കാത്ത കവിണക്കാർ ആയിരുന്നു” എന്നു വർണ്ണിക്കുന്നു. ബെന്യാമീന്യരെ സമർത്ഥരായ വില്ലാളികൾ എന്നും പരാക്രമശാലികൾ എന്നും ഒന്നിലധികം പ്രാവശ്യം വർണ്ണിച്ചിട്ടുണ്ട്. (1ദിന, 8:40; 2ദിന, 14:8). 

യിസ്രായേലിന്റെ ഒന്നാമത്തെ രാജാവായ ശൗൽ ബെന്യാമീന്യൻ ആയിരുന്നു. (1ശമൂ, 9:1; 10:20,21). ശൗലിന്റെ മരണശേഷം പുത്രനായ ഈശ്-ബോശെത്തിനോടൊപ്പം അവർ നിന്നു. (2ശമൂ, 2:15). ദാവീദിനു ആവശ്യം വന്നപ്പോൾ ശൗലിന്റെ ഏറ്റവും അടുത്ത മൂവായിരം പേർ ഹെബ്രോനിൽ വച്ച് ദാവീദിനോടു ചേർന്നു. (1ദിന, 12:29). ദാവീദിന്റെ തലവന്മാരിൽ അഹീയേസറും യോവാശും ബെന്യാമീന്യർ ആയിരുന്നു. അവരുടെ കൂട്ടത്തിലുള്ളവരും വില്ലാളികളും വലങ്കൈ കൊണ്ടും ഇടങ്കൈകൊണ്ടും കല്ലെറിവാൻ സമർത്ഥരും ആയിരുന്നു. (1ദിന, 12:1-3). യിസ്രായേലിനെ മോവാബ്യരുടെ കയ്യിൽനിന്നു രക്ഷിച്ച ഏഹൂദും (ന്യായാ, 3:15), എസ്ഥേർ രാജ്ഞിയും അമ്മാവനായ മൊർദ്ദെഖായിയും (എസ്ഥേ, 2:5), അപ്പൊസ്തലനായ പൗലൊസും (റോമ, 11:1) ഈ ഗോത്രത്തിലുള്ളവരാണ്. 

ദാവീദിന്റെ കാലത്ത് ബെന്യാമീൻ ഗോത്രം യെഹൂദാ ഗോത്രവുമായി അടുപ്പത്തിലായിരുന്നു. (2ശമൂ, 19:16,17). രാജ്യം വിഭജിക്കപ്പെട്ടപ്പോൾ യെഹൂദാഗോത്രവും ബെന്യാമീൻ ഗോത്രവും ഒന്നിച്ചുനിന്നു. ബാബിലോന്യ പ്രവാസത്തിനു ശേഷമുള്ള യെഹൂദാസമുദായം ഇരുഗോത്രങ്ങളുടെയും സങ്കലനഫലമാണ്. യെരുശലേമിന്റെ വടക്കെ മതിലിലെ ഒരു വാതിലിന് ബെന്യാമീൻ വാതിൽ എന്നായിരുന്നു പേർ. (യിരെ, 33:13; സെഖ, 14:10). യൊരോബെയാമിന്റെ കാലത്ത് കാളക്കുട്ടികളെ ആരാധിക്കുന്ന കേന്ദ്രമായി മാറി എങ്കിലും യാക്കോബിനു ദൈവം പ്രത്യക്ഷപ്പെട്ട ബേഥേൽ ബെന്യാമിന്റെ പ്രവേശനത്തിനുള്ളിലായിരുന്നു. മശീഹയുടെ വാഴ്ചയിൽ പുന:സ്ഥാപിത ദേശത്തു മറ്റു ഗോത്രങ്ങൾക്കു തുല്യമായ ഓഹരി ബെന്യാമീനും ലഭിക്കും. (യെഹെ, 48:23). മഹാപീഡനകാലത്തു ബെന്യാമീൻ ഗോത്രവും രക്ഷയ്ക്കായി മുദ്രയിടപ്പെടും. (വെളി, 7:8).

Leave a Reply

Your email address will not be published. Required fields are marked *