പിസിദ്യ (Pisidia)
ഏഷ്യാമൈനറിന്റെ ദക്ഷിണഭാഗത്തായി ഉള്ളിൽ കിടക്കുന്ന ഒരു മലമ്പ്രദേശം. പിസിദ്യയ്ക്കു തെക്കു പംഫുല്യയും കിഴക്കും വടക്കും ലുക്കവോന്യയും വടക്കു ഫ്രുഗ്യയും സ്ഥിതിചെയ്യുന്നു. ടോറസ് പർവ്വതനിരയ്ക്കു പടിഞ്ഞാറെ അറ്റത്ത് സ്ഥിതിചെയ്യുന്ന പിസിദ്യ അക്രമികളുടെയും നിഷ്ഠൂരന്മാരുടെയും ആവാസകേന്ദ്രമായിരുന്നു. പാർസികൾക്കും യവനന്മാർക്കും വിധേയപ്പെടാൻ അവർ കൂട്ടാക്കിയില്ല. സെലൂക്യർ ഇവിടെ അന്ത്യാക്ക്യാ (പിസിദ്യയിലെ അന്ത്യാക്ക്യ) നഗരം സ്ഥാപിച്ചു, പിസിദ്യരെ നിയന്ത്രിക്കുവാൻ ശ്രമിച്ചു. ബി.സി. 25-ൽ ഗലാത്യയിലെ അമിൻതാസ് രാജാവ് ഇവിടെ ഒരു കോളനി സ്ഥാപിച്ചു. 2കൊരിന്ത്യർ 11:26-ൽ കള്ളന്മാരാലുള്ള ആപത്ത്, കാട്ടിലെ ആപത്ത് എന്നിങ്ങനെ പൗലൊസ് പറയുന്നത് പിസിദ്യയെ ഉദ്ദേശിച്ചായിരിക്കണം. പൗലൊസ് അപ്പൊസ്തലൻ രണ്ടുപ്രാവശ്യം പിസിദ്യ സന്ദർശിച്ചു. (പ്രവൃ, 13:14; 14:24). എ.ഡി. ആറാം നൂറ്റാണ്ടിൽ അവിടെ ആറോളം സഭകളുണ്ടായിരുന്നു.