പറ്റിനിന്നു അനുഗ്രഹം പ്രാപിക്കുക
മോവാബ്യർ യിസ്രായേൽ മക്കളോടു ശത്രുത പുലർത്തിപ്പോരുന്ന ഒരു ജനതയായിരുന്നു. അന്യദൈവങ്ങളെയും മിഥ്യാമൂർത്തികളെയും ആരാധിച്ചിരുന്ന അവരെ പലപ്പോഴും ദൈവം കഠിനമായി ശിക്ഷിച്ചിരുന്നു. ആ ജനതയിൽ ഉൾപ്പെട്ട ഒരുവൾക്ക് തന്റെ ഓമനപ്പുത്രന്റെ വംശാവലിയിൽ സ്ഥാനം നൽകുവാൻ ദൈവം തിരുമനസ്സായതിലൂടെ, ദൈവത്തിന്റെ അനന്തമായ സ്നേഹവും മാനവരാശിയെ മുഴുവനും രക്ഷിക്കുവാനുള്ള അഭിവാഞ്ഛയും വ്യക്തമാകുന്നു. യൗവനക്കാരിയും മക്കളില്ലാത്തവളുമായ ഒരു വിധവ, തന്റെ ബന്ധുമിത്രാദികളെ വിട്ട്, സ്വന്തം ദേശം വിട്ട്, മറ്റൊരു വിധവയും സർവ്വവും നഷ്ടപ്പെട്ടവളുമായ തന്റെ അമ്മാവിയമ്മയോടൊപ്പം അവളുടെ ദേശത്തേക്കു പോകുക എന്നത് അന്നെന്നപോലെ ഇന്നും അവിശ്വസനീയമായ കാര്യമാണ്. ആരുടെയും സമ്മർദ്ദമില്ലാതെ, യാതൊരു വ്യവസ്ഥയുമില്ലാതെ, തന്റെ അമ്മാവിയമ്മയായ നൊവൊമി നിരുത്സാഹപ്പെടുത്തിയിട്ടും പിന്മാറാതെ, “നിന്നെ വിട്ടുപിരിവാനും നിന്റെ കൂടെ വരാതെ മടങ്ങിപ്പോകുവാനും എന്നോടു പറയരുതേ; നീ പോകുന്നേടത്തു ഞാനും പോരും; നീ പാർക്കുന്നേടത്തു ഞാനും പാർക്കും; നിന്റെ ജനം എന്റെ ജനം, നിന്റെ ദൈവം എന്റെ ദൈവം. നീ മരിക്കുന്നേടത്തു ഞാനും മരിച്ചു അടക്കപ്പെടും; മരണത്താലല്ലാതെ ഞാൻ നിന്നെ വിട്ടുപിരിഞ്ഞാൽ യഹോവ തക്കവണ്ണവും അധികവും എന്നോടു ചെയ്യുമാറാകട്ടെ” (രൂത്ത്, 1:16-17) എന്നു പറഞ്ഞ് സ്വന്തം ഭാവിയെ അവ്യക്തതയിൽ ഹോമിച്ചുകൊണ്ട് രൂത്ത് അമ്മാവിയമ്മയോടൊപ്പം ബേത്ലേഹെമിലേക്കു പോയി. മോവാബ്യ സ്ത്രീയായിരുന്ന അവൾ തന്റെ അമ്മാവിയമ്മയെ ഉപേക്ഷിക്കാതെ, അമ്മാവിയമ്മയുടെ ദൈവത്തെ തന്റെ ദൈവമായി പൂർണ്ണഹൃദയത്തോടെ സ്വീകരിച്ചതിന്റെ ഫലമായി അവളിൽ ദൈവം പ്രസാദിക്കുകയും അവൾക്കായി ബോവസ് എന്ന വീണ്ടടുപ്പുകാരനെ ഒരുക്കുകയും ചെയ്തു. ദാവീദിന്റെ പിതാമഹനായ ഓബേദ്, രൂത്ത് – ബോവസ് ദമ്പതികളുടെ മകനായിരുന്നു. കടമകളുടെ മുമ്പിൽ ഓടിയൊളിക്കാതെ, ത്യാഗങ്ങളും കഷ്ടതകളും സഹിക്കുവാൻ സ്വയം സമർപ്പിച്ച്, സർവ്വശക്തനായ ദൈവത്തിൽ വിശ്വാസമർപ്പിച്ചു പ്രവർത്തിക്കുന്നവർക്കുള്ള പ്രതിഫലം രൂത്തിലൂടെ നാം ദർശിക്കുന്നു. അമ്മാവിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം ദൈവസ്നേഹത്തിൽ കെട്ടുറപ്പുള്ളതായിത്തീരുമ്പോൾ ഇരുവരുടെയും ജീവിതങ്ങൾ അനുഗ്രഹസമ്പൂർണ്ണമായി തീരുന്നുവെന്നും രൂത്തിന്റെയും – നൊവൊമിയുടെയും, ജീവിതത്തിൽ നാം കാണുന്നു.