ദേവന്മാരും ദേവിമാരും (gods and goddesses)
അദ്രമേലെക് (Adrammelech)
ഉത്തര പശ്ചിമ മെസൊപ്പൊട്ടേമിയയിൽ അദാദ് മിൽക്കി (Adad – Milki) എന്ന പേരിൽ പൂജിക്കപ്പെട്ടുവന്ന ദേവൻ. അരാമ്യ ദേവനായ ഹദദിന്റെ മറ്റൊരു രൂപമാണിത്. ബി.സി. 722-നുശേഷം അശ്ശൂര്യർ സെഫർവ്വയീമിൽ നിന്നും കൊണ്ടുവന്നു ശമര്യയിൽ കുടിപാർപ്പിച്ചവർ അദ്രമേലെക്കിനെ ആരാധിച്ചു. അവർ അദ്രമേലെക്കിന് മക്കളെ അഗ്നിപ്രവേശം ചെയ്യിച്ചു. (2രാജാ, 17:31). അദ്രമേലെക്കും അനമേലെക്കും ഒരുമിച്ചു പറയപ്പെട്ടിരിക്കയാൽ ഒരു ദ്വന്ദ്വദേവനായിരിക്കണമെന്ന ധാരണ ചിലർക്കുണ്ട്. പക്ഷേ അതിനു തെളിവില്ല.
അനമേലെക്ക് (Anammelech)
ബി.സി. 722-നു ശേഷം അശ്ശൂര്യർ സെഫർവ്വയീമിൽ നിന്നും കൊണ്ടുവന്നു ശമര്യയിൽ കുടിപാർപ്പിച്ചവർ പുജിച്ചുവന്ന ഒരു ദേവൻ. (2രാജാ, 17:31). ബാബിലോന്യരുടെ ആകാശദേവനാണ് അനു (Anu). ഈ ദേവനും ആളുകൾ മക്കളെ അഗ്നിപ്രവേശം ചെയ്യിച്ചു.
അർത്തമിസ് (Diana)
അർത്തെമിസ് ദേവി ഗ്രീക്കുകാരുടെ ഇടയിൽ ഡയാനയെന്നും റോമാക്കാരുടെ ഇടയിൽ അർത്തെമിസ് എന്നും അറിയപ്പെട്ടിരുന്നു. പുരാണ കഥയനുസരിച്ച് സൂയസ് ദേവന്റെ മകളാണ്. അമ്പും വില്ലും ധരിച്ച് കലമാനിനെ പിന്തുടരുന്ന രൂപത്തിലാണ് ചിത്രണം ചെയ്തിട്ടുളളത്. ബാധകളെ അയയ്ക്കുകയും മനുഷ്യരെ സംഹരിക്കുകയും ചെയ്യുമെന്ന് ആരാധകർ വിശ്വസിച്ചു വന്നു. അപ്പോളോ പകലിന്റെ പ്രകാശ ദേവതയായിരിക്കുന്നതു പോലെ രാതിയുടെ പ്രകാശദേവതയാണ് അർത്തെമിസ്. തന്മൂലം ചന്ദ്രദേവിയായി കരുതപ്പെട്ടു. അർത്തെമിസ് ദേവി യൗവനക്കാരുടെ പ്രത്യേകിച്ചും കന്യകമാരുടെ സംരക്ഷകയാണ്. വിവാഹത്തിനുമുമ്പ് കന്യകമാർ ഒരു മുടിക്കെട്ടും അരഞ്ഞാണും കന്യാവസ്ത്രവും അർത്തെമിസിനു സമർപ്പിക്കുക പതിവായിരുന്നു. എഫെസൊസിൽ ആരാധിച്ചുവന്ന അർത്തെമിസ് ദേവി ഒരു പൗരസ്ത്യദേവതയാണ്. ഈ ദേവതയെ ആരാധിക്കുന്നതിന് ഷണ്ഡന്മാരെ നിയമിച്ചിരുന്നു. അർത്തെമിസ് ദേവിയെ അമ്മയായും പോറ്റമ്മയായും ആണ് അവർ കരുതിയിരുന്നത്. എഫെസൊസിലെ അർത്തെമിസ് ദേവിയുടെ ക്ഷേത്രം ലോകത്തിലെ സപ്താത്ഭുതങ്ങളിൽ ഒന്നായിരുന്നു. ഈ ക്ഷേത്രത്തിലെ വിഗ്രഹം ദ്യോവിൽ (ആകാശം) നിന്നു വീണു കിട്ടിയതാണെന്നു അവിടത്തുകാർ വിശ്വസിച്ചിരുന്നു. (പ്രവൃ, 19:35). തട്ടാന്മാരുടെ ആദായകരമായ തൊഴിലായിരുന്നു അർത്തെമിസ് ദേവിയുടെ ക്ഷേത്രബിംബങ്ങളെ നിർമ്മിച്ചു വിലക്കുക. പൗലൊസിൽ നിന്നും സുവിശേഷം കേട്ട അനേകർ ഈ തൊഴിൽ ഉപേക്ഷിച്ചു. അതിനാലാണ് ദെമേത്രിയൊസ് എന്ന തട്ടാൻ ജനത്തെ ഇളക്കിവിട്ടു കലഹം ഉണ്ടാക്കിയത്. (പ്രവൃ, 19:23-41).
അശീമ (Ashima)
ഹമാത്തുകാരുടെ ദേവൻ. ബി.സി. 722-നു ശേഷം അശ്ശൂർരാജാവായ ശല്മനേസർ ശമര്യയിൽ കുടിയിരുത്തിയ ഹമാത്തുകാർ അശീമയെ ആരാധിച്ചു. (2രാജാ, 17:30).
അശേരാ (Asherah)
അശേരാ എന്ന എബ്രായപ്രയോഗം പഴയ നിയമത്തിൽ 40 സ്ഥാനങ്ങളിലുണ്ട്. അതിന്റെ വിവർത്തനത്തെ സംബന്ധിച്ചിടത്തോളം തികഞ്ഞ അവ്യവസ്ഥയാണുള്ളത്. നാലിടങ്ങളിലൊഴികെ സെപ്റ്റ്വജിൻ്റിൽ തോപ്പു (groves) എന്നു പരിഭാഷപ്പെടുത്തി. ഉത്തര സിറിയയിലെ ഉഗാറിത്തിൽ നിന്നു കണ്ടെടുത്ത റാസ്ഷമ്റാ ഗ്രന്ഥങ്ങളിൽ അഷേറാത്ത് എന്ന പേരിൽ അശേരാ പറയപ്പെട്ടിരിക്കുന്നു. ഏൽ ദേവൻ്റെ കാന്തയായും സാഗര കന്യകയായും അറിയപ്പെടുന്നു. ബി.സി. 15-ാം നൂറ്റാണ്ടിൽ സോരിലെ (Tyre) പ്രധാന ദേവിയായിരുന്നു. ആഹാബിന്റെ ഭാര്യയായ ഈസേബെൽ അശേരാപൂജ യിസ്രായേലിൽ ഏർപ്പെടുത്തി. 400 അശേരാ പ്രവാചകന്മാരെ ഈ രാജ്ഞി സംരക്ഷിച്ചു വന്നു. ഏലീയാവു അവരെ കൊന്നു. (1രാജാ, 18:40). അശേരാ പഴയനിയമത്തിൽ ബാലിനോടൊപ്പം ഒരു ദേവിയായി പ്രത്യക്ഷപ്പെടുന്നു. (ന്യായാ, 3:7). ബൈബിളിലെ അധിക പരാമർശങ്ങളും അശേരാ പ്രതിഷ്ഠയെക്കുറിച്ച് ഉള്ളതാണ്. അശേരയുടെ മറ്റു പേരുകളാണ് അസ്തോരെത്ത്, അനാത് എന്നിവ. ഒരു കയ്യിൽ ലില്ലിപ്പൂവും മറുകയ്യിൽ സർപ്പവുമേന്തി സിംഹത്തിന്മേൽ സവാരിചെയ്യുന്ന നഗ്ന സ്ത്രീയായി ചിത്രീകരിക്കപ്പെട്ടിരുന്നു. അശേരാ തലതിരിഞ്ഞ ധാർമ്മികാർത്ഥത്തിൽ വിശുദ്ധ (കുദ്ഷു) എന്നു വിളിക്കപ്പെട്ടു. ഈ വിശുദ്ധയ്ക്ക് വേണ്ടി സമർപ്പിക്കപ്പെട്ട പുരുഷ മൈഥുനക്കാരാണ് കെദ്ഷീം. (ആവ, 23:18; 1രാജാ, 24; 15:12; 22:46). യിസ്രായേലിൽ ഇവൾ മാലിന്യത്തിനു കാരണമായിത്തീർന്നു. കാമവും കുരുതിയും കനാന്യ മതത്തിന്റെ പ്രത്യേകതകളാണ്. ബാൽ പുരാണ ശകലത്തിൽ അനാത് നാശത്തിന്റെ അട്ടഹാസവുമായി പ്രത്യക്ഷപ്പെടുന്നു. ഏതോ കാരണത്താൽ അവൾ യുവാക്കളും വൃദ്ധരുമായി മനുഷ്യവർഗ്ഗത്തെ മുഴുവൻ കുരുതികഴിച്ചു മനുഷ്യരക്തത്തിൽ കഴുത്തോളം മുങ്ങി മുന്നോട്ടു നീങ്ങി. ബാബിലോന്യ ദേവന്മാരുടെ പട്ടികകളിൽ അഷ്റാത്തും എന്ന ഒരു ദേവതയെ കാണാം. ദക്ഷിണ അറേബ്യയിൽ ചന്ദ്രദേവന്റെ ഭാര്യയായി അതിറാത്ത് പൂജിക്കപ്പെട്ടു വന്നു. ഏലീയാവിന്റെ കാലത്ത് ഈസേബെലിൻ്റെ മേശയിങ്കൽ ഭക്ഷിച്ചുവന്ന 400 അശേരാ പ്രവാചകന്മാർ ഉണ്ടായിരുന്നു. (1രാജാ, 18:19). യെരൂശലേം ദൈവാലയത്തിൽ മനശ്ശെ രാജാവ് അശേരയെ പ്രതിഷ്ഠിച്ചു. (2രാജാ, 21:7). അദ്ദേഹത്തിന്റെ കാലത്തു ദേശമെങ്ങും അനേകം പൂജാ സ്ഥലങ്ങൾ അശേരയ്ക്ക് ഉണ്ടായിരുന്നു. യോശീയാവിന്റെ കാലത്തുണ്ടായ നവോത്ഥാനത്തിൽ അശേരാപുജ നാമാവശേഷമായി. അശേരാദേവിയുടെ പൂജ ബാൽ വിഗ്രഹത്തോടു ചേർത്താണ് പറയപ്പെടുക. ഗിദെയോൻ ബാലിന്റെ ബലിപീഠം ഇടിച്ചുകളയുകയും ഒപ്പം അശേരാപ്രതിഷ്ഠ വെട്ടിക്കളയുകയും ചെയ്തു. (ന്യായാ, 6:25). ആസാ രാജാവിന്റെ അമ്മയായ മയഖാ അശേരയ്ക്ക ഒരു ശ്ലേച്ഛവിഗ്രഹം ഉണ്ടാക്കിയതുകൊണ്ടു അവളെ രാജ്ഞി സ്ഥാനത്തു നിന്നും നീക്കിക്കളഞ്ഞു. (1രാജാ, 15:13). നിന്റെ ദൈവമായ യഹോവെക്കു നീ പണിയുന്ന യാഗപീഠത്തിന്നരികെ യാതൊരു അശേരാ പ്രതിഷ്ഠയും പ്രതിഷ്ഠിക്കരുതെന്നു യഹോവ യിസ്രായേൽ ജനത്തോടു കല്പിച്ചു. (ആവ, 16:21). യിസ്രായേലിൽ മതനവീകരണത്തിനു ശ്രമിച്ച എല്ലാ രാജാക്കന്മാരും അശേരാ പ്രതിഷ്ഠകൾ നശിപ്പിക്കുന്നതിൽ ബദ്ധശ്രദ്ധരായിരുന്നു. (1രാജാ, 16:33; യെശ, 17:7).
അശ്വിനി (Castor and pollux)
ഗ്രീക്കു പുരാണത്തിൽ സൂയസ് ദേവന്റെ പുത്രന്മാരാണ് കാസ്റ്ററും പൊള്ളക്സും. മിഥുനം രാശിയിലെ (Gemini Constellation) ഏറ്റവും പ്രകാശം കൂടിയ രണ്ടു നക്ഷത്രങ്ങളാണ് അശ്വിനികൾ. കടൽ യാത്രക്കാരുടെ കാവൽ ദേവന്മാരാണിവർ. കടലിൽ ആപത്തു സംഭവിക്കുമ്പോൾ അശ്വിനിദേവകൾ സഹായിക്കുമെന്നു പൊതുവെ വിശ്വസിക്കപ്പെടുന്നു. മാൽത്ത ദ്വീപിൽ നിന്നും ബദ്ധനായ പൗലൊസ് സഞ്ചരിച്ച കപ്പലിന്റെ ചിഹ്നം അശ്വിനി ആയിരുന്നു. (പ്രവൃ, 28:11). അശ്വതി നക്ഷത്രത്തിന്റെ ദേവതാസ്ഥാനം വഹിക്കുന്നവരാണ് അശ്വിനീദേവന്മാർ. ഇവർ ഇരട്ടകളും അതിസുന്ദരന്മാരും ദേവലോക ഭിഷഗ്വരന്മാരുമാണ്. ഇരുപത്തേഴു നക്ഷത്രങ്ങളിൽ ആദ്യത്തേതാണ് അശ്വതി. മൂന്നു നക്ഷത്രങ്ങളുടെ യോഗംകൊണ്ട് അശ്വമുഖം പോലെ ആകാശത്തിൽ കാണപ്പെടുന്നു.
അസ്തോരെത്ത് (Ashtoreth)
കനാന്യർ, സീദോന്യർ, മോവാബ്യർ, അശ്ശൂര്യർ തുടങ്ങിയവർ പൂജിച്ചിരുന്ന ഒരു സന്താനദേവത. ശുക്രഗ്രഹവുമായി ഇതിനെ ബന്ധിപ്പിക്കുന്നുണ്ട്. ലജ്ജയെ കുറിക്കുന്ന എബ്രായപദമായ ബോഷെത്തിന്റെ സ്വരങ്ങൾ മനഃപൂർവ്വം ചേർത്താണ് അസ്തോരെത്ത് എന്ന പേരിന് എബ്രായർ സ്വരീകരണം നല്കിയത്. സുമേര്യരുടെ മാതൃദേവതയായ ‘ഇനാന്ന’യുമായും ബാബിലോണിലെ ഇഷ്ടാർ, പലസ്തീനിലെ അശേരാ എന്നീ ദേവതകളുമായും പല സാമ്യങ്ങളും അസ്തോരത്തിനുണ്ട്. അസ്തോരെത്ത് പൂജയോടനുബന്ധിച്ച് അനേകം മ്ലേച്ഛാചാരങ്ങൾ നിലവിലിരുന്നു. ഒരുവക കാമപൂജയായിരുന്നു അത്. കനാനിലെത്തിയ യിസ്രായേൽ മക്കൾ യഹോവയെ ഉപേക്ഷിച്ചു ബാലിനെയും, അസ്തോരെത്ത് പ്രതിഷ്ഠകളെയും സേവിച്ചു. (ന്യായാ, 2:13; 10:6). ശമൂവേൽ പ്രവാചകന്റെ കാലത്ത് അസ്തോരെത്ത് പൂജ വളരെയധികം വ്യാപിച്ചു കഴിഞ്ഞു. (1ശമൂ, 7:3,4; 12:10). കൊല്ലപ്പെട്ട ശൗലിന്റെ ആയുധവർഗ്ഗം ഫെലിസ്ത്യർ എടുത്തു അസ്തോരെത്തിന്റെ ക്ഷേത്രത്തിൽ സൂക്ഷിച്ചു. (1ശമൂ, 3:10; 1ദിന, 10:10). ശലോമോൻ സീദോന്യ ദേവിയായ അസ്തോരെത്തിനെ ചെന്നു സേവിച്ചു. (1രാജാ, 11:5). യെരൂശലേമിനെതിരെ നാശപർവ്വതത്തിന്റെ വലത്തുഭാഗത്തു ശലോമോൻ അസ്തോരെത്തിനു പൂജാഗിരി പണിതു. (2രാജാ, 23:13). യോശീയാ രാജാവു ഈ പൂജാഗിരിയെ നശിപ്പിച്ചു.
ഇന്ദ്രൻ (Jupiter)
ഗ്രീസിലെ സൂയസ് (Zeus) ദേവനെയാണ് മലയാളത്തിൽ ഇന്ദ്രൻ എന്നു വിവർത്തനം ചെയ്തിരിക്കുന്നത്. ഗ്രീക്കുകാരുടെ പരമദേവനാണു് സൂയസ്. ആകാശദേവനായ സൂയസിന്റെ നിയന്ത്രണത്തിലാണ് കാറ്റ്, മേഘം, മഴ, ഇടി തുടങ്ങിയ പ്രകൃതിശക്തികൾ. അന്ത്യൊക്കസ് നാലാമൻ യെഹൂദാ മതത്തെ ഉന്മൂലനം ചെയ്യാനുള്ള ശ്രമത്തിൽ യെരുശലേം ദൈവാലയത്തെ അശുദ്ധമാക്കി ഒളിമ്പസ്സിലെ സൂയസ് ദേവനെ പ്രതിഷ്ഠിക്കുവാൻ നിർദ്ദേശം നല്കി. ലുസ്ത്രയിലെ ഒരു മുടന്തനെ പൗലൊസ് സൌഖ്യമാക്കി. ഇതു കണ്ടിട്ട് ജനം ബർന്നബാസിനെ ഇന്ദ്രൻ എന്നും പൗലൊസിനെ മുഖ്യ പ്രസംഗിയാകയാൽ ബുധൻ എന്നും പേർ വിളിച്ചു. (പ്രവൃ, 14:8-13). പട്ടണത്തിന്റെ മുമ്പിലുള്ള ഇന്ദ്രക്ഷേതത്തിലെ പുരോഹിതൻ ഇന്ദ്രനു യാഗം കഴിക്കുന്നതു പോലെ യാഗം കഴിക്കുന്നതിനു കാളകളും പൂമാലകളും കൊണ്ട് അപ്പൊസ്തലന്മാരുടെ അടുക്കൽ വന്നു.
കാളക്കുട്ടി പുജ (Calf worship)
മോശെ പർവ്വതത്തിൽ നിന്നു ഇറങ്ങി വരുവാൻ താമസിക്കുന്നു എന്നറിഞ്ഞു ജനം അഹരോൻ്റെ അടുക്കൽ ചെന്നു തങ്ങളുടെ മുമ്പിൽ നടക്കുന്നതിനു ഒരു ദൈവത്തെ ഉണ്ടാക്കിക്കിത്തരുവാൻ ആവശ്യപ്പെട്ടു. അഹരോന്റെ നിർദ്ദേശമനുസരിച്ചു അവരുടെ കാതിലെ പൊൻകുണുക്കുകൾ കൊണ്ടുവന്നു ഒരു കാളക്കുട്ടിയെ വാർത്തുണ്ടാക്കി. (പുറ, 32:1-6; ആവ, 9:16; നെഹെ, 9:18; സങ്കീ, 106:19-20). മിസ്രയീമിൽ നിന്നു തങ്ങളെ വീണ്ടെടുത്തു കൊണ്ടുവന്ന യഹോവയുടെ പ്രതിരൂപമായിട്ടാണ് ഈ വിഗ്രഹത്തെ യിസ്രായേല്യർ കണക്കാക്കിയത്. പൗരസ്ത്യ ദേശങ്ങളിൽ അക്കാലത്തു കാള പരക്കെ പൂജിക്കപ്പെട്ടിരുന്നു. അശ്ശൂര്യരുടെ ഇടയിൽ ചിറകുളള കാള സർവ്വസാധാരണമായിരുന്നു. കാള പൗരുഷത്തിന്റെയും വീര്യത്തിൻ്റെയും പ്രതീകമാണ്. രാജ്യം വിഭജിക്കപ്പെട്ട ശേഷം യിസ്രായേൽ രാജാവായ യൊരോബെയാം രണ്ടു സ്വർണ്ണക്കാളക്കുട്ടികളെ ഒന്നിനെ തെക്കെ അറ്റത്തുളള ബേഥേലിലും മറ്റേതിനെ വടക്കുള്ള ദാനിലുമായി പ്രതിഷ്ഠിച്ചു. (1രാജാ, 12:29; 2രാജാ, 17:16; 2ദിന, 11:14-15). കനാന്യ കാളപ്രതിഷ്ഠകളെ യഹോവയുടെ ആരാധനയോടു പൊരുത്തപ്പെടുത്തുകയായിരുന്നു ഇതിന്റെ ലക്ഷ്യം. യഹോവ കാളക്കുട്ടിയുടെ മേൽ അദൃശ്യമായി ആരൂഢനായിരിക്കുകയാണ് എന്നവർ കരുതി. യൊരോബെയാം ഏർപ്പെടുത്തിയ ഈ വിമതാരാധന അപകടമായിത്തീർന്നു. യിസ്രായേൽ വിഗ്രഹാരാധനയുടെ വിളനിലമായി മാറി. ഈ വിഗ്രഹാരാധന പില്ക്കാലത്ത് ‘നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപം’ എന്ന അപരനാമത്തിൽ അറിയപ്പെട്ടു. കാളക്കുട്ടി ആരാധനയെ ഹോശേയാ പ്രവാചകൻ (8:5-6; 13:2) ശക്തമായ ഭാഷയിൽ അപലപിച്ചിട്ടുണ്ട്.
കീയൂൻ (Chiun)
നക്ഷത്രദേവനാണു് കീയൂൻ. (ആമോ, 5:26). ശനിയുടെ അശ്ശര്യൻ നാമമാണ് കൈവാൻ. മസ്സൊറെറ്റിക് പാഠത്തിൽ വെറുപ്പിനെ കാണിക്കുന്ന ഷിക്കുറ്റ്സ് എന്ന പദത്തിന്റെ സ്വരങ്ങളെ മനഃപൂർവ്വം ചേർത്താണ് കൈവാനെ കീയൂനാക്കിയത്. സെപ്റ്റ്വജിന്റിൽ രേഫാൻ ദേവന്റെ നക്ഷത്രം എന്നു കാണുന്നു. സന്നദ്രീം സംഘത്തിനു മുമ്പിൽ സ്തെഫാനൊസ് (ആമോ, 5:26) ഉദ്ധരിച്ചത് സെപ്റ്റ്വജിന്റിൽ നിന്നായിരുന്നു. “നിങ്ങൾക്കു ഉണ്ടാക്കിയ വിഗ്രഹങ്ങളായി നിങ്ങളുടെ നക്ഷത്രദേവനായ കിയൂനെയും നിങ്ങളുടെ രാജാവായ സിക്കൂത്തിനെയും നിങ്ങൾ ചുമന്നു കൊണ്ടുപോകേണ്ടി വരും. (ആമോ, 5:26).
കെമോശ് (Chemosh)
മോവാബ്യരുടെ ദേശീയ ദേവൻ. കെമോശിനു കുഞ്ഞുങ്ങളെ അഗ്നിപ്രവേശം ചെയ്യിപ്പിച്ചിരുന്നു. (2രാജാ, 3:26-27). യിസ്രായേൽ മോവാബിനെ കീഴടക്കുവാൻ കാരണം കെമോശിന്റെ ക്രോധമാണെന്നു മോവാബ്യശിലയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ശലോമോൻ രാജാവ് യെരൂശലേമിനു എതിരെയുള്ള മലയിൽ കെമോശിനു പൂജാഗിരി പണിതു. (1രാജാ, 11:7). മൂന്നു നൂറ്റാണ്ടുകൾക്കുശേഷം യോശീയാ രാജാവ് അതിനെ നശിപ്പിച്ചു. (2രാജാ, 23:13.
ഗദ് ദേവൻ (Gad, troop)
കനാനിലെ ഒരു സൗഭാഗ്യദേവത. വ്യാഴഗ്രഹത്തെ ദേവനാക്കിയതാണെന്ന് കരുതപ്പെടുന്നു. (യെശ, 65:11).
തമ്മൂസ് (Thammus)
യെരൂശലേം ദൈവാലയത്തിന്റെ വടക്കെ വാതിലിൽ സ്ത്രീകൾ തമ്മൂസിനു വേണ്ടി കരഞ്ഞു കൊണ്ടിരിക്കുന്നത് യെഹെസ്ക്കേൽ പ്രവാചകൻ കണ്ടു. (8:14). ഇഷ്ടാർ ദേവിയുടെ കാമുകനാണ് തമ്മൂസ്. ആണ്ടുതോറും ബാബിലോന്യർ തമ്മൂസിന്റെ മരണത്തിൽ കരയുമായിരുന്നു. തമ്മൂസ് പുജയുടെ ഈ അനുഷ്ഠാനം വിശ്വാസ ത്യാഗിനികളായ എബ്രായ സ്ത്രീകൾ അനുവർത്തിച്ചു. തമ്മൂസിന്റെ യഥാർത്ഥ നാമം അഡോണിസ് ആണെന്നു കരുതപ്പെടുന്നു. ഈജിപ്റ്റിലെ ഒസിരിസ്, ഫ്രുഗ്യയിലെ ആറ്റിസ് (Attis) എന്നിങ്ങനെ ആണ്ടുതോറും മരിക്കയും ജീവൻ പ്രാപിക്കയും ചെയ്യുന്ന ദേവന്മാരുമായും അഡോണിസിനെ സാത്മ്യപ്പെടുത്തി. തമ്മൂസിൻ്റെ മുദ്ര കുരിശാണ്. വർഷംതോറും ശിശിരകാലത്ത് (Autumn) തമ്മൂസ് അധോലോകത്ത് അപത്യക്ഷമാകുകയും വസന്തകാലത്ത് പുതിയജീവനിൽ പ്രത്യക്ഷപ്പെടുകയും ചെയ്യും. ബാബിലോന്യ കലണ്ടറിലെ നാലാമത്തെ മാസം തമ്മൂസ് ആണ്. പില്ക്കാലത്ത് യെഹൂദന്മാരും നാലാം മാസത്തെ (ജൂൺ, ജൂലൈ) തമ്മൂസ് എന്നു വിളിച്ചു.
തർത്തക് (Tartak)
അശ്ശൂർ രാജാവ് ശമര്യയിൽ കുടിപാർപ്പിച്ച അവ്വക്കാർ ആരാധിച്ച മറ്റൊരു ദേവൻ. (2രാജാ, 17:31). ഇത് കഴുതയുടെ രൂപമുളള ഒരു വിഗ്രഹമാണെന്നു ബാബിലോന്യൻ തല്മൂദിൽ പറയുന്നു.
ദാഗോൻ (Dagon)
ഒരു പ്രാചീന മെസൊപ്പൊട്ടേമ്യൻ ദേവൻ. മത്സ്യത്തിന്റെ ഉടലും മനുഷ്യന്റെ ശിരസ്സും കൈകളും ആണ് രൂപം. (1ശമൂ, 5:4). റാസ്ഷമ്രാ പുരാണമനുസരിച്ച് ദാഗോന്റെ മകനാണ് ബാൽ. ദാഗോൻ ഫെലിസ്ത്യരുടെ ദേശീയ ദേവനായിരുന്നു. അസ്തോദ്, ഗസ്സ തുടങ്ങിയ പട്ടണങ്ങളിൽ ദാഗോൻ ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു. (ന്യായാ, 16:23-30). യിസ്രായേൽ മക്കൾ വാഗ്ദത്തനാട് കീഴടക്കുന്നതിനു മുമ്പുതന്നെ ദാഗോൻ്റെ പൂജ കനാനിൽ വ്യാപിച്ചിരുന്നു. കനാന്യരിൽ നിന്നായിരിക്കണം ഫെലിസ്ത്യർ ദാഗോനെ സ്വീകരിച്ചത്. ശിംശോൻ മരണരംഗം ദാഗോന്റെ ക്ഷേത്രം ആയിരുന്നു. ക്ഷേത്രം തകർന്നു വീണപ്പോൾ ശിംശോനോടൊപ്പം ഫെലിസ്ത്യരും മരിച്ചു. (ന്യായാ, 16:2-30). അസ്തോദിൽ ദാഗോൻ്റെ ക്ഷേത്രത്തിലായിരുന്നു ഫെലിസ്ത്യർ യഹോവയുടെ പെട്ടകം കൊണ്ടു വച്ചത്. (1ശമൂ, 5:2-5). ഗിൽബോവയിൽ നിഹതനായി വീണ ശൗൽ രാജാവിന്റെ തലയെ ചേദിച്ച് ഫെലിസ്ത്യർ ബേത്ത്ശാനിൽ ദാഗോൻ്റെ ക്ഷേത്രത്തിൽ ബന്ധിച്ചു. (1ശമൂ, 31:8-10; 1ദിന, 10:8-10). യുദ്ധക്കളത്തിൽ ദാഗോന്റെ വിഗ്രഹങ്ങളെ ചുമന്നുകൊണ്ടു പോകുന്ന പതിവ് ഫെലിസ്ത്യർക്കു ഉണ്ടായിരുന്നിരിക്കണം. (2ശമൂ, 5:21).
നിബ്ഹസ് (Nibhaz)
അശ്ശൂർ രാജാവ് ശമര്യയിൽ കുടിപാർപ്പിച്ച് അവ്വക്കാർ നിബ്ഹസിനെ ആരാധിച്ചു. (2രാജാ, 17:31). ഈ ദേവനെക്കുറിച്ചു മറ്റൊന്നും അറിയാൻ കഴിഞ്ഞിട്ടില്ല.
നിസ്റോക് (Nisroch)
അശ്ശൂർ രാജാവായ സൻഹേരീബ് (ബി.സി. 765-681) ആരാധിച്ചിരുന്ന ഒരു ദേവൻ. നിസ്റോക്കിൻ്റെ ക്ഷേത്രത്തിൽ വച്ചാണ് പുത്രന്മാരായ അദ്രമേലെക്കും ശരേസറും പിതാവിനെ വധിച്ചത്. (2രാജാ, 19:36-37; യെശ, 37:38). രാജകഴുകന്റെ ആകൃതിയിലുള്ള ദേവനാണ് നിസ്റോക്. മർദ്ദുക്കുമായി അടുത്ത ബന്ധമുണ്ട്.
നെബോ (Nebo)
ബാബിലോന്യ ദേവൻ. (യെശ, 46:1). ശാസ്ത്രത്തിന്റെയും സാഹിത്യാദി കലകളുടെയും അധിദേവത. ബാബിലോണിനടുത്തുളള ബോർസിപ്പാ (Borsippa) ആണ് പ്രധാന ആരാധനാകേന്ദ്രം. അശ്ശൂർ രാജാവായ അഷൂർ ബനിപ്പാൾ (അസ്നപ്പാർ – എസ്രാ, 4:10) നെബോയെ ആരാധിച്ചിരുന്നു. യെശയ്യാ പ്രവാചകൻ (46:1) ബാബിലോണിന്റെ പ്രതീകമായി നെബോവിനെ പറഞ്ഞിട്ടുണ്ട്.
നെഹുഷ്ഠാൻ (Nehushtan)
മോശെ മരുഭൂമിയിൽ ഉയർത്തിയ താമ്രസർപ്പത്തിനു നല്കിയ പേർ. യിസ്രായേൽ മക്കൾ ഇതിനെ പൂജാവസ്തുവാക്കി മാറ്റി. (2രാജാ, 18:4). തന്മൂലം, വിഗ്രഹാരാധന ദേശത്തുനിന്നു ഉച്ചാടനം ചെയ്യാനുള്ള ശ്രമത്തിൽ ഹിസ്കീയാ രാജാവ് നെഹുഷ്ഠാനെ ഉടച്ചുകളഞ്ഞു. (2രാജാ, 18:4).
നേർഗാൽ (Nergal)
ബാബിലോണിലെ സൂര്യദേവൻ. (2രാജാ, 17:30). ബാബിലോണിലെ കൂഥയായിരുന്നു നേർഗാലിന്റെ പ്രധാന പൂജാകേന്ദ്രം. അശ്ശൂർ രാജാവ് ശമര്യയിൽ കൊണ്ടുചെന്നു കുടിപാർപ്പിച്ച് ആൾക്കാർ നേർഗാലിനെ ആരാധിച്ചു. (2രാജാ, 17:24, 30, 33). പ്ലേഗ്, യുദ്ധം വെള്ളപ്പൊക്കം ഇവയ്ക്കു കാരണഭൂതനായി കരുതപ്പെട്ടിരുന്നു. ബാബേൽ രാജാവായ നെബൂഖദ്നേസരിൻ്റെ പ്രഭുക്കന്മാരിൽ ഒരുവനായ നേർഗ്ഗൽ-ശരേസറിന്റെ പേരിൽ ഈ ദേവനെ കാണാം. (യിരെ, 39:3, 13).
ബാൽ (Baal)
എബ്രായ ഭാഷയിൽ ബാലിന് ഉടമസ്ഥൻ, യജമാനൻ, കർത്താവ്, നാഥൻ എന്നീ അർത്ഥങ്ങളുണ്ട്. ബാൽ എന്ന പദം ദേവന്മാരോടും മനുഷ്യരോടും ചേർത്തു ഉടമയെയും ദേശത്തെയും കുറിക്കുവാൻ പ്രയോഗിക്കും. യിസ്രായേൽമക്കൾ കനാനിൽ പ്രവേശിച്ച കാലത്ത് ഓരോ സ്ഥലത്തിനും നാഥനായി ഓരോ ദേവനെ (ബാൽ) പ്രതിഷ്ഠിച്ചിരുന്നു. കനാന്യ ദേവഗണത്തിന്റെ തലവനായിരുന്നു ബാൽ. യിസ്രായേൽ ജനതയുടെ ചരിത്രത്തിലുടനീളം ബാൽ പൂജയുടെ ചിത്രങ്ങൾ കാണാം. ഏൽദേവൻ്റെ മകനാണ് ബാൽ. കൃഷിയുമായി ബന്ധപ്പെടുത്തി പ്രാചീന കനാന്യരും മെസൊപ്പൊട്ടേമ്യരും പൂജിച്ചിരുന്ന ദാഗോന്റെ മകനായും ബാൽ പറയപ്പെടുന്നുണ്ട്. മരണം, വെളളപ്പൊക്കം, ഇടി, മിന്നൽ തുടങ്ങിയവയുടെ ദേവനാണ് ബാൽ. എല്ലാ മലമുകളിലും ബാലിന്റെ വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചിരുന്നു. ബാലിനോടൊപ്പം അശേരാ പ്രതിഷ്ഠകളും ഉണ്ട്. മൃഗബലി, അനുഷ്ഠാനപരമായ ഭോജനം, കാമോന്മത്തനൃത്തം എന്നിവ ബാൽ പൂജയുടെ ഭാഗമാണ്. ഉയർന്ന കുന്നിലെ പൂജാഗിരിക്കടുത്തു സ്തംഭവിഗ്രഹവും, സമീപത്ത് അശേരാ പ്രതിഷ്ഠയും ഉണ്ട്. പൂജാഗിരികളിൽ വിശുദ്ധ വ്യഭിചാരത്തിന് പ്രത്യേകം മുറികളുണ്ട്. പുരുഷ മൈഥുനക്കാർ ഇവിടങ്ങളിലുണ്ടായിരുന്നു. (1രാജാ, 14:23,24). ആഹാബ് രാജാവിന്റെ കാലത്ത് ബാൽപൂജ യിസ്രായേലിൽ പ്രവൃദ്ധമായി. ഏലീയാ പ്രവാചകൻ ബാലിന്റെ പ്രവാചകന്മാരെ കർമ്മേൽ പർവ്വതത്തിൽ വച്ച് നേരിടുകയും സത്യദൈവത്തെ വെളിപ്പെടുത്തുകയും ചെയ്തു. തുടർന്നു ബാലിന്റെ പ്രവാചകന്മാരെ മുഴുവൻ ഏലീയാപ്രവാചകൻ കൊന്നു. ബാൽപുജയെ പരസംഗത്തോട് ഉപമിച്ചാണ് ഹോശേയാ പ്രവാചകൻ പറഞ്ഞിട്ടുളളത്. (ഹോശേ, 2:13). വിശ്വാസത്യാഗത്തിന്റെ കാലത്ത് എബ്രായർ തങ്ങളുടെ കുഞ്ഞുങ്ങളെ ‘ബാൽ’ ചേർത്തു പേർ വിളിച്ചു.
ബാൽ-പെയോർ (Baal peor)
പെയോർ മലയിൽ ആരാധിക്കപ്പെട്ടുവന്ന മോവാബ്യ ദേവൻ. മോവാബ്യരുടെ ദേശീയ ദേവനായ കെമോശ് തന്നെയാവാം ഈ ബാൽ-പെയോർ. യിസ്രായേൽ മക്കൾ ശിത്തീമിൽ താവളമടിച്ചിരിക്കുമ്പോൾ മോവാബ്യ സ്ത്രീകളുമായി പ്രസംഗം ചെയ്തു. അവർ കാമവൈകൃതങ്ങളോടു കൂടി ബാൽ-പെയോരിനെ പൂജിച്ചു. ഇതിന്റെ ശിക്ഷയായി യിസ്രായേൽ ബാധയാൽ പീഡിപ്പിക്കപ്പെട്ടു. (സംഖ്യാ, 25:1-9; 31:16; ആവ, 4:3; യോശു, 22:17; സങ്കീ, 106:28; ഹോശേ, 9:10).
ബാൽ ബരീത്ത് (Baal Berith)
ഗിദെയോൻ്റെ മരണശേഷം ശെഖേമിൽ ആരാധിക്കപ്പെട്ട ദേവൻ. (ന്യായാ, 8:33; 9:4). ഉടമ്പടി ദേവൻ (ഏൽ ബെരിത്ത്) എന്നും പേരുണ്ട്. (ന്യായാ, 9:46).
ബാൽ സെബൂബ് (Baal zebub)
ഫെലിസ്ത്യ നഗരമായ എക്രോനിലെ ദേവൻ. സെബൂബ് എന്ന എബ്രായ പദത്തിന്നർത്ഥം ഈച്ച എന്നത്രേ. ഈച്ചകളുടെ സ്രഷ്ടാവായ ഈ ദേവനു ഈച്ചകളെ നിയന്ത്രിക്കുവാൻ കഴിയും എന്നു വിശ്വസിക്കപ്പെട്ടുവന്നു. യിസ്രായേൽ രാജാവായ അഹസ്യാവു ( ൾബി.സി. 849) മാളികയുടെ കിളിവാതിലിൽ കൂടി വീണു ദീനം പിടിച്ചു. ഈ ദീനം മാറുമോ എന്നറിയാൻ അവൻ എക്രോനിലെ ബാൽസെബൂബിനോടു ചോദിക്കാൻ ദൂതന്മാരെ അയച്ചു. (2രാജാ, 1:2-16). മത്തായി 12:24-ൽ ബെയെത്സെബൂൽ എന്നു കാണാം. ഭൂതങ്ങളുടെ തലവൻ ആണ് ബെയെത്സെബുൽ. (മത്താ, 12:24, 27; മർക്കൊ, 3:22; ലൂക്കൊ, 11:15, 18). സാത്താനും ബൈയെത്സെബുൽ എന്ന പേരുണ്ട്. (മത്താ, 12:26; മർക്കൊ, 3:23,26; ലൂക്കൊ, 11:18). ശേമ്യ സംസാര ഭാഷയിൽ വീട്ടുടയവനെ ബെയെത്സെബുൽ എന്നു വിളിച്ചു വന്നിരുന്നു. (മത്താ, 10:25).
ബുധൻ (Mercury)
റോമിലെ വ്യാപാരദേവത. സൂയസ് ദേവൻ്റെ പുത്രനായ ഹെർമ്മിസ് ആണ് ബുധൻ. വിപഞ്ചി കണ്ടുപിടിച്ചതും ദേവന്മാരുടെ മുന്നോടിയും മരിച്ചവരെ പാതാളത്തിലേക്കു കൊണ്ടുപോകുന്നതും ബുധനാണ്. പ്രഭാഷണകലയുടെ അധിദേവത ബുധൻ ആയതു കൊണ്ടാണ് മുഖ്യപ്രസംഗിയായ പൗലൊസിനെ ലുസ്ത്രക്കാർ ബുധൻ എന്നു വിളിച്ചത്. (അപ്പൊ, 14:8-13).
ബേൽ (Bel)
ബാബിലോണിന്റെ കാവൽ ദേവൻ. (യിരെ, 51:44). ബാലിന്റെ തത്ഭവം. (യിരെ, 50:2; 51:44; യെശ, 46:1). ബാബിലോന്യ ദേവഗണത്തിന്റെ തലവനായ മർദൂക്കായിരിക്കണം. മർദൂക് എബ്രായർക്കു മെരോദക് (Merodach) ആണ്. സൂര്യദേവനാകയാൽ ഈ ദേവന്റെ ഉത്സവം ആഘോഷിക്കുന്നത് വർഷാരംഭത്തിലെ വസന്തത്തിലത്രേ. പ്രപഞ്ചശക്തികളായ കാറ്റ്, കൊടുങ്കാറ്റ് എന്നിവയുടെ ദേവനായി കരുതപ്പെട്ടുവന്നു. ഈ ദേവൻ്റെ ബിംബത്തെ വണങ്ങുവാനാണ് നെബൂഖദ്നേസർ രാജാവ് ദാനീയേലിനോടും കൂട്ടരോടും കല്പിച്ചതെന്ന് ‘ബേലും സർപ്പവും’ എന്ന അപ്പൊക്രിഫാഗ്രന്ഥം പറയുന്നു.
മിൽക്കോം (Malcham)
അമ്മോന്യരുടെ ദേവൻ. ശലോമോൻ അമ്മോന്യരുടെ മേച്ഛവിഗ്രഹമായ മിൽക്കോമിനെ സേവിച്ചു. (1രാജാ, 11:5, 31). 300 വർഷത്തിനുശേഷം യോശീയാ രാജാവ് ശലോമോൻ മിൽക്കോമിനു പണിതിരുന്ന പൂജാഗിരികളെ നശിപ്പിച്ചു. (2രാജാ, 23:13).
മെനിദേവി (Meni)
ഭാഗ്യദേവതയാണ് മെനി. വിശ്വാസത്യാഗത്തിന്റെ കാലത്ത് എബ്രായർ മെനിദേവിയെ ആരാധിച്ചു. (യെശ, 65:11).
മേരോദാക് (Merodach)
മർദൂക് എന്ന അക്കാദിയൻ ദേവൻ്റെ എബ്രായ നാമം. ബാബിലോൺ പട്ടണത്തിന്റെ അധിദേവൻ. (യിരെ, 50:2). നെബൂഖദ്നേസറും കോരെശും മേരോദാക്കിനെ പൂജിച്ചു. ബാബിലോന്യ രാജാക്കന്മാരായ മെരോദാക്-ബലദാൻ (യെശ, 39:1), എവിൽ മേരോദാക് (2രാജാ, 25:27) എന്നിവരുടെ പേരുകൾ മേരോദാക് ദേവനുമായി ബന്ധപ്പെട്ടതാണ്.
മൊലേക് (Molech)
മല്ക്കോം (യിരെ, 49:1, 3), മല്ക്കാം (സെഫ, 1:5), മൊലോക്ക് (പ്രവൃ, 7:43), മിൽക്കോം (1രാജാ, 11:5, 33), മോലേക്ക് (1രാജാ, 11:7), മോലെക്ക് (യിരെ, 32:35). അമ്മോന്യരുടെ ദേവൻ. (1രാജാ, 11:5, 33). യിരെമ്യവ് 32:35-ൽ ബാലിനോടു ചേർത്താണ് മൊലേക്കിനെ പറഞ്ഞിട്ടുള്ളത്. മൊലേക്ക് ഒരു പ്രത്യേക ദേവനല്ലെന്നും സ്ഥാനപ്പേർ മാത്രമാണെന്നും കരുതുന്ന പണ്ഡിതന്മാർ ഉണ്ട്. മൊലേക്ക് ദേവന് കുഞ്ഞുങ്ങളെ അഗ്നിപ്രവേശം ചെയ്യിച്ചിരുന്നു. അമ്മോന്യർ തങ്ങളെ സംരക്ഷിക്കുന്ന പിതാവായിട്ടാണ് മൊലേക്കിനെ ആരാധിച്ചിരുന്നത്. മൊലേക്കിനെ ആരാധിക്കരുതെന്നു യഹോവ യിസ്രായേൽ ജനത്തോടു കർശനമായി കല്പിച്ചിരുന്നു. (ലേവ്യ, 20:25). വിശ്വാസഭ്രഷ്ടരായ രാജാക്കന്മാർ (യിസ്രായേലിലെയും യെഹൂദയിലെയും) തങ്ങളുടെ കുഞ്ഞുങ്ങളെ അഗ്നിപ്രവേശം ചെയ്യിച്ചു. (2 രാജാ, 17:17-18; യെഹെ, 23:4, 36-39). ശലോമോൻ രാജാവ് യെരൂശലേമിനു എതിരെയുള്ള മലയിൽ മൊലേക്കിനു പുജാഗിരി പണിതു. (1രാജാ, 11:7-89. യെഹൂദാ രാജാക്കന്മാരിൽ ആഹാസും മനശ്ശയുമാണ് തങ്ങളുടെ സന്തതികളെ അഗ്നിപ്രവേശം ചെയ്യിച്ചത്. ആരും തന്റെ മകനെയോ മകളെയോ അഗ്നിപ്രവേശം ചെയ്യിക്കാതിരിക്കേണ്ടതിന് ബെൻ-ഹിന്നോം താഴ്വരയിലെ ദഹനസ്ഥലത്തെ യോശീയാ രാജാവ് അശുദ്ധമാക്കി. (2രാജാ, 23:10-13). എന്നാൽ, ഈ ആചാരം പൂർണ്ണമായി മാറിയില്ല. യെഹെസ്ക്കേൽ പ്രവാചകന്റെ കാലത്തു അതു തുടർന്നു. (യെഹ, 20:31).
രിമ്മോൻ (Rimmon)
ദമ്മേശെക്കിൽ പൂജിച്ചുവന്ന ഒരു അരാമ്യദേവൻ. (രാജാ, 5:18). അരാം രാജാവ് രിമ്മോൻ്റെ ക്ഷേത്രത്തിൽ പതിവായി നമസ്കരിച്ചിരുന്നു. ഹദദ് രിമ്മോന്റെ സംഗൃഹീത രൂപമായിരിക്കണം രിമ്മോൻ. അരാമ്യരുടെ സൂര്യദേവൻ ഹദദ് ആണ്.
രേഫാൻ (Rephan)
സ്തെഫാനൊസ് ന്യായാധിപ സംഘത്തിനു മുമ്പാകെ ചെയ്ത ഭാഷണത്തിൽ പരാമർശിച്ച ഒരു നക്ഷത്രദേവൻ. (പ്രവൃ, 7:43). സ്തെഫാനൊസ് ആമോസ് 5:26,27-ലെ സെപ്റ്റ്വജിന്റ് വിവർത്തനത്തെ ഉദ്ധരിക്കയായിരുന്നു.
വനഭുതം (Satyr)
ബാബിലോണിന്റെ ശൂന്യശിഷ്ടങ്ങളുടെ ഇടയിൽ ഭൂതങ്ങൾ നൃത്തം ചെയ്യുമെന്നും (13:21) ഏദോമ്യ നഗരങ്ങൾ ശൂന്യമാകുമെന്നും അവിടെ വനഭൂതം വനഭൂതത്തെ വിളിക്കുമെന്നും (34:14) യെശയ്യാവു പ്രവചിച്ചു. സായീർ എന്ന എബ്രായ പദത്തെയാണ് ഭൂതമെന്നും വനഭൂതമെന്നും രണ്ടു വിധത്തിൽ തർജ്ജമ ചെയ്തിട്ടുള്ളത്. രോമാവൃതൻ എന്നാണ് എബ്രായ പദത്തിൻ്റെ അർത്ഥം. അതു സൂചിപ്പിക്കുന്നത് ആണാടിയെന്നാണ്. ലേവ്യർ 17:7-ൽ ഭൂതം എന്നും, 2ദിനവൃത്താന്തം 11:14-ൽ മേഷ വിഗ്രഹം എന്നും ഇതേ എബ്രായ പദത്തെ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. മേഷ രൂപത്തിലുള്ള വിഗ്രഹങ്ങളെയോ പ്രസ്തുത വിഗ്രഹങ്ങൾക്കു ചൈതന്യം നല്കുന്ന ഭൂതങ്ങളെയോ ആകണം ഈ പ്രയോഗം സൂചിപ്പിക്കുന്നത്. വെളിപ്പാട് 18:2-ലെ ദുർഭൂതങ്ങളും വനഭൂതങ്ങളുടെ ഗണത്തിലുള്ളവയാണ്. യവന, റോമൻ പുരാണകഥകളനുസരിച്ച് ബാക്കസിൻ്റെ വനദേവനാണ് Satyr അഥവാ വനഭൂതം.
സിക്കൂത്ത് (Siccuth)
ആമോസ് 5:26-ൽ രാജാവായ സിക്കൂത്ത് എന്നു പറഞ്ഞിരിക്കുന്നത് മൊലേക്ക് എന്നും സിക്കൂത്ത് എന്നും വ്യത്യസ്തമായി വിവർത്തനം ചെയ്യേണ്ടതാണ്. സിക്കൂത്ത് ഒരു നക്ഷത്രദേവൻ്റെ സംജ്ഞാനാമം ആയിരിക്കാനാണ് സാദ്ധ്യത. ശനിഗ്രഹത്തിന്റെ ബാബിലോന്യൻ പേരായ സാക്കൂത്ത് സിക്കൂത്ത് തന്നെ ആകണം. ബാബിലോന്യർ ശനിയെ കൈമനു എന്നു വിളിച്ചു. അതിന്റെ ആധുനിക രൂപങ്ങളാണ് കൈവാനു-വും കീയൂനും. (ആമോ, 5:26).
സുക്കോത്ത്-ബൈനോത്ത് (Succoth-Benoth)
ശമര്യയിൽ കുടിപാർപ്പിക്കപ്പെട്ട ബാബിലോന്യർ പ്രതിഷ്ഠിച്ച വിഗ്രഹം. (2രാജാ, 17:30). മർദൂക്കിന്റെ ഭാര്യയായ സാർപ്പാനിത്തും (Zarpanitum) ആണെന്നു കരുതപ്പെടുന്നു.