ഞാൻ – എന്റെ – എനിക്കു
പലരുടെയും സംഭാഷണങ്ങൾ ഞാൻ-എന്റെ-എനിക്കു തുടങ്ങിയ അഹംഭാവ പദങ്ങളുടെ അതിപ്രസരത്താൽ അരോചകമായിത്തീരാറുണ്ട്. ഒരുപക്ഷേ അവർ വിനയമധുരമായും സൗമ്യമായും പെരുമാറുന്നവരായിരിക്കാം. എന്നാൽ അവരുടെ ഹൃദയത്തിന്റെ അടിത്തട്ടിൽ ഒളിഞ്ഞിരിക്കുന്ന സ്വാർത്ഥതയുടെയും അഹംഭാവത്തിന്റെയും പ്രതിബിംബമാണ് ഈ വാക്കുകളിലൂടെ പ്രകടമാകുന്നത്. ഇക്കൂട്ടർക്ക് തങ്ങളെക്കാൾ ശ്രേഷ്ഠരായി മറ്റുള്ളവരെ കാണുവാനോ അംഗീകരിക്കുവാനോ കഴിയുകയില്ല. തങ്ങളുടെ ഔന്നത്യങ്ങളിൽ ദൈവത്തിനു മഹത്ത്വം കൊടുക്കുവാനോ ദൈവത്തിന്റെ അത്ഭുതങ്ങൾ വർണ്ണിക്കുവാനോ അവർ ആഗ്രഹിക്കുന്നില്ല. സഭാപ്രസംഗി രണ്ടാം അദ്ധ്യായത്തിൽ ഞാൻ-എന്റെ-എനിക്ക് എന്നീ പദങ്ങൾ 40-ൽ അധികം പ്രാവശ്യം പ്രത്യക്ഷപ്പെടുന്നുണ്ട്. ആവർത്തിച്ചു വരുന്ന ഈ പദങ്ങളുടെ ഇടയിൽ രണ്ടു പ്രാവശ്യം മാത്രമാണ് ദൈവം എന്ന സംജ്ഞ ഈ അദ്ധ്യായത്തിൽ ഉപയോഗിച്ചിരിക്കുന്നത്. തനിക്കു മുമ്പുണ്ടായിരുന്നവരെക്കാൾ അധികം മഹാനായിത്തീരുകയും അഭിവൃദ്ധി പ്രാപിക്കുകയും ജ്ഞാനം സമ്പാദിക്കുകയും ചെയ്തുവെന്ന് (സഭാ, 2:9) ശലോമോൻ സ്വയം പ്രഖ്യാപിക്കുന്നു. എന്നാൽ സർവ്വശക്തനായ ദൈവത്തിൽ നിന്നു പ്രാപിച്ച ജ്ഞാനവും മഹത്ത്വവുംകൊണ്ട് തന്റെ പിൽക്കാല ജീവിതത്തിൽ ദൈവതിരുനാമ മഹത്ത്വത്തിനായി പ്രവർത്തിക്കുവാൻ ശലോമോനു കഴിഞ്ഞില്ല. അങ്ങനെ ദൈവത്തിന് തന്റെ ജീവിതത്തിൽ പ്രഥമസ്ഥാനം നൽകുവാൻ കഴിയാതെപോയതിനാൽ തന്റെ ഭാര്യമാരുടെ സമ്മർദ്ദങ്ങൾക്കു വഴിപ്പെട്ട് അവൻ വിഗ്രഹാരാധകനായി അധഃപതിച്ചു. അതുകൊണ്ട് നമ്മുടെ ജീവിതരംഗങ്ങളിൽ, ദൈവം നൽകുന്ന അനുഗ്രഹങ്ങളുടെയും മഹത്ത്വങ്ങളുടെയും ഉത്തുംഗശൃംഗങ്ങളിൽ ഞാൻ-എന്റെ-എനിക്ക് എന്നീ സ്വയത്തിന്റെ സർവ്വനാമങ്ങൾക്കു പകരം ‘ദൈവം, ദൈവകൃപയാൽ’ എന്ന സംജ്ഞ ഉപയോഗിക്കുവാൻ നാം ശ്രദ്ധിക്കണം. അപ്പോൾ നമ്മുടെ വാക്കുകൾ, നമ്മുടെ സംഭാഷണങ്ങൾ ദൈവത്തിനു മഹത്ത്വം കരേറുന്നതായി മാറും; നാം അറിയാതെതന്നെ അതു മറ്റുള്ളവരിൽ നമ്മുടെ മഹത്ത്വം വർദ്ധിപ്പിക്കുകയും ചെയ്യും.