ഗോശെൻ (Goshen)
പേരിനർത്ഥം — മൺകൂന
നൈൽ നദിയുടെ ഡെൽറ്റയുടെ വടക്കുകിഴക്കുള്ള ഭൂഭാഗമാണ് ഗോശെൻ ദേശം. യോസേഫ് മിസ്രയീമിലെ പ്രധാനമന്ത്രിയായിരുന്ന കാലത്തു യാക്കോബും മക്കളും ഇവിടെ പാർപ്പുറപ്പിച്ചു. ജലസേചന സൗകര്യമുള്ളതുകൊണ്ടു ഗോശെൻ ഈജിപ്റ്റിലെ ഏറ്റവും ഫലപുഷ്ടിയുള്ള പ്രദേശമായി മാറി. ഫറവോനുവേണ്ടി യിസ്രായേൽമക്കൾ ഇവിടെ രണ്ടു നഗരങ്ങൾ പണിതു. അവയിൽ പ്രധാനപ്പെട്ട ഒരു നഗരത്തിനു മുന്നോ നാലോ പേരുകൾ ഉണ്ടായിരുന്നു : സോവൻ, അവാറിസ്, താനിസ്. എന്നാൽ റയംസേസ് എന്നു ആ നഗരം വിളിക്കപ്പെട്ടുവോ എന്നതു ഇന്നും വിവാദഗ്രസ്തമാണ്. ചിലർ ഒരു വ്യത്യസ്ത സ്ഥാനമാണ് റയംസേസിനു നല്കുന്നത്. അവാറിസ് എന്ന പേരിൽ ആ പട്ടണം അഞ്ഞൂറു വർഷത്തോളം ഹിക്സോസുകളുടെ തലസ്ഥാനമായിരുന്നു. പീഥോം നഗരത്തിൽ പുറപ്പാട് 5:7-13-ലെ തെളിവുകൾ ഉണ്ട്. എബ്രായ ഊഴിയ വേലക്കാർക്കു വയ്ക്കോൽ നല്കാതെ അത്രയും അളവു ഇഷ്ടിക അവരെക്കൊണ്ടു നിർമ്മിപ്പിച്ചു. പീഥോമിലെ ഒരു കെട്ടിടത്തിന്റെ നിർമ്മാണത്തിനു മൂന്നു തരത്തിലുള്ള ഇഷ്ടികകൾ ഉപയോഗിച്ചിട്ടുണ്ട്. അടിസ്ഥാനം മുതൽ വയ്ക്കോൽ ഉപയോഗിച്ചു നിർമ്മിച്ച ഇഷ്ടിക ഉണ്ട്. വയ്ക്കോൽ നിഷേധിച്ചതിനുശേഷം എബായ ജോലിക്കാർ കിട്ടാവുന്ന വയ്ക്കോൽത്തുരുമ്പുകളും കമ്പികളും ശേഖരിച്ചു ഇഷ്ടിക നിർമ്മിച്ചു. ഇത്തരത്തിലുളള ഇഷ്ടിക കെട്ടിടത്തിന്റെ കുറച്ചുകൂടി ഉയർന്ന ഭാഗത്തു കാണാം. കെട്ടിടനിർമ്മാണം പൂർത്തിയാക്കിയത് വയ്ക്കോൽ ഉപയോഗിക്കാതെ നിർമ്മിച്ച ഇഷ്ടികകൊണ്ടാണ്. ഉല്പത്തി 45:10; 46:34 എന്നിവിടങ്ങളിൽ ഗോശെൻ ദേശത്തിന്റെ സ്ഥാനത്തു ഗെസെം അറാബ്യാസ് അഥവാ അറേബ്യൻ ഗോശൈൻ ആണ് സെപറവജിന്റിൽ.
ദക്ഷിണ പലസ്തീനിൽ ഗസ്സയ്ക്കും ഗിബെയോനും ഇടയ്ക്കുള്ള സ്ഥലത്തിൻ്റെ പേരും ഗോശെൻ എന്നാണ്. (യോശു, 10:41; 11:16). മിസ്രയീമിലെ ഗോശെൻ ദേശത്തിന്റെ സ്മരണയ്ക്കാകാം ഈ പേർ നല്കിയത്. ദെബീരിൽ സ്ഥിതിചെയ്തിരുന്ന ഒരു യെഹൂദ്യ പട്ടണത്തിനും ഗോശെൻ എന്നു പേരുണ്ട്. (യോശു, 15:50). ഹൈബ്രോനു 20 കി.മീറ്റർ വടക്കു പടിഞ്ഞാറുള്ള ആധുനിക സഹറിയേ ആയിരിക്കാം ഇത്.