ഗില്ഗാൽ (Gilgal)
പേരിനർത്ഥം — വൃത്തം, ഉരുട്ടൽ
യെരീഹോവിനും യോർദ്ദാൻ നദിക്കും ഇടയ്ക്കു യെരീഹോവിനു കിഴക്കുള്ള സ്ഥലം. ഈ ഗില്ഗാലിന്റെ കൃത്യമായ സ്ഥാനം ഇന്നും അവ്യക്തമാണ്. പ്രാചീന യെരീഹോവിന് (തേൽ എസ്-സുൽത്താൻ), രണ്ടു കിലോമീറ്റർ വടക്കുകിഴക്കായി കിടക്കുന്ന കിർബത് എൽ-മെഫ്ജിറിന് (Khirbet el-Mefjir) നേരെ വടക്കുള്ള സ്ഥാനമാണിതെന്നു ജെ. മ്യൂളൻബർഗ് പറയുന്നു. ഈ നിഗമനത്തിനു ഉപോദ്ബലകമായി പഴയനിയമ പരാമർശങ്ങളെയും ജൊസീഫസ്, യൂസീബെയൂസ് തുടങ്ങിയ പില്ക്കാല എഴുത്തുകാരുടെ സാക്ഷ്യങ്ങളെയും ഉദ്ധരിക്കുന്നു. ഇവിടെ നടന്ന ഒരു പരീക്ഷണ ഖനനം പൗരാണിക അയോയുഗത്തിന്റെ അവശിഷ്ടങ്ങളെ വെളിച്ചത്തു കൊണ്ടുവന്നു.
യോർദ്ദാൻ കടന്ന യിസ്രായേൽ മക്കളുടെ ആദ്യതാവളം ഗില്ഗാലായിരുന്നു. (യോശു, 4:19). കനാൻ ആക്രമണവുമായി ബന്ധപ്പെട്ട പല സംഭവങ്ങൾക്കും ഗില്ഗാൽ കേന്ദ്രമായി വർത്തിച്ചു. യിസ്രായേൽ മക്കൾക്കു കടക്കുന്നതിനുവേണ്ടി ദൈവം യോർദ്ദാനെ വറ്റിച്ചതിന്റെ സ്മാരകമായി നദിയുടെ മദ്ധ്യത്തിൽ നിന്നെടുത്ത പ്രന്തണ്ടു കല്ലുകളെ യോശുവ ഗില്ഗാലിൽ സ്ഥാപിച്ചു. (യോശു, 4:8, 19-24). മരുഭൂമിയിൽ വച്ചു ജനിച്ച എല്ലാ യിസ്രായേല്യ പുരുഷപ്രജകളെയും ഗില്ഗാലിൽ വച്ച് പരിച്ഛേദനം കഴിച്ചു. കനാനിൽ വച്ചുള്ള ആദ്യത്തെ പെസഹ നടത്തിയതും (യോശു, 5:9,10), മന്ന നിന്നതും ഗില്ഗാലിൽ വച്ചായിരുന്നു. (യോശു, 5:11,12). ഗില്ഗാലിൽ നിന്നാണ് യെരീഹോവിനെതിരെ യോശുവ യിസ്രായേൽമക്കളെ നയിച്ചത്. (യോശു, 6:11,14). ഗിബെയോന്യർ പ്രച്ഛന്നരായി യോശുവയുടെ അടുക്കൽ വന്നു യിസായേലുമായി ഉടമ്പടിയിൽ പ്രവേശിച്ചു. (യോശു, 9:3-15). തുടർന്നു ഗിബെയോൻ ആക്രമണ വിധേയമായപ്പോൾ യോശുവയുടെ സൈന്യം ഗിഗാലിൽനിന്ന് രാത്രിമുഴുവൻ നടന്ന് അഞ്ച് അമോര്യ രാജാക്കന്മാരെയും പരാജയപ്പെടുത്തി. (യോശു, 10:1-5). ഗോത്രങ്ങൾക്ക് പ്രദേശങ്ങൾ വീതിച്ചുകൊടുത്തതും ഗില്ഗാലിൽ വച്ചായിന്നു. (യോശു, 14:6). ഇങ്ങനെ ദൈവം മിസ്രയീമിൽ നിന്ന് യിസ്രായേൽ മക്കളെ വീണ്ടടുത്തതിന്റെ സ്മാരകവും വർത്തമാനകാല വിജയത്തിൻ്റെ അടയാളവും ഗില്ഗാലാണ്. ഇനിയും നേടേണ്ടിയിരുന്ന അവകാശത്തിന്റെ വാഗ്ദത്തത്തെ ഗില്ഗാലിൽ വച്ചു അവർ മുൻകൂട്ടിക്കണ്ടു.
ദൈവത്തിന്റെ കരുതൽ മറന്നുകളഞ്ഞ യിസ്രായേലിന്റെ ന്യായവിധിക്കായി യഹോവയുടെ ഒരു ദൂതൻ ഗില്ഗാലിൽ നിന്നു ബോഖീമിലേക്കു വന്നു. (ന്യായാ, 2:1). യിസ്രായേലിന്റെ മോചനത്തിനുവേണ്ടി മോവാബ്യ രാജാവിനെ വധിക്കുവാൻ ഏഹൂദ് ഗില്ഗാലിൽ നിന്നുവന്നു. (ന്യായാ, 3:19). ന്യായപാലനാർത്ഥം ശമൂവേൽ ഗില്ഗാലും ചുറ്റിസഞ്ചരിക്കുക പതിവായിരുന്നു. (1ശമൂ, 7:16). ശൗലിന്റെ രാജത്വം ഗില്ഗാലിൽ വച്ചു പുതുക്കിയശേഷം സമാധാനയാഗങ്ങൾ കഴിച്ചു. (1ശമൂ, 11:14,15). ഗില്ഗാലിൽ ഏഴുദിവസം ശമൂവേൽ പ്രവാചകനെ കാത്തിരുന്നിട്ടും കാണാത്തതുകൊണ്ട് ശൗൽ ഹോമയാഗവും സമാധാനയാഗവും കഴിച്ചു. (1ശമൂ, 13:8-14). അമാലേക്യ യുദ്ധത്തിൽ ശൗൽ കാട്ടിയ അനുസരണക്കേടു കാരണമായി ശമൂവേലും ശൗലും ഗില്ഗാലിൽവച്ച് എന്നേക്കുമായി വേർപിരിഞ്ഞു. (1ശമൂ, 15:12-35).
അബ്ശാലോമിന്റെ വിഫലമായ വിപ്ലവത്തിനു ശേഷം യെഹൂദാപുരുഷന്മാർ ദാവീദിനെ എതിരേറ്റു കൊണ്ടുവരേണ്ടതിനു ഗില്ഗാലിൽ ചെന്നു. (2ശമൂ, 19:15-40). ആഹാബിൻ്റെയും യെഹോരാമിന്റെയും കാലത്ത് ഏലീയാ പ്രവാചകൻ സ്വർഗ്ഗത്തിലേക്കു എടുക്കപ്പെടുന്നതിനു മുമ്പായി ഏലീയാവും എലീശയും കൂടി ഗില്ഗാലിൽ നിന്നാണ് പുറപ്പെട്ടത്. എലീശാ പായസക്കലത്തിലെ പേച്ചുരയുടെ വിഷം ഇല്ലാതാക്കിയതും ഇവിടെ വച്ചുതന്നെ. (2രാജാ, 4:38-40). ബി.സി. 8-ാം ശതകത്തിൽ ഉസ്സീയാ രാജാവിന്റെ കാലം മുതൽ ഹിസ്കീയാവിന്റെ കാലംവരെ ബേഥേൽ പോലെ ഗില്ഗാലും അനാത്മീയമായ ആരാധനാ കേന്ദ്രമായിരുന്നു. പ്രവാചകന്മാരായ ആമോസും (4:4; 5:5), ഹോശേയയും (4:15; 9:15; 12:11) അതിനെ കുറ്റപ്പെടുത്തി. യഹോവയുടെ നീതിപ്രവൃത്തികളെ അറിയേണ്ടതിനു ഗിത്തീം മുതൽ ഗില്ഗാൽവരെ സംഭവിച്ച പൂർവ്വചരിത്രം ഓർക്കാൻ മീഖാ പ്രവാചകൻ ജനത്തെ ആഹ്വാനം ചെയ്തു. (6:5).