ഗലാത്യർക്കു എഴുതിയ ലേഖനം (Book of Galatians)
പുതിയനിയമത്തിൽ ഒമ്പതാമത്തെ പുസ്തകം. അപ്പൊസ്തലനായ പൗലൊസ് ഒരു കൂട്ടം സഭകളെ ഒരുമിച്ചു സംബോധനചെയ്ത് (ഗലാത്യ സഭകൾക്ക് 1:2) എഴുതിയിട്ടുളള ഏകലേഖനം ഇതാണ്. ഈ സഭകളെല്ലാം സ്ഥാപിച്ചത് പൗലൊസാണ്. (1:8,11; 4:19,20). ക്രിസ്തീയ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന പ്രമാണരേഖ (Magna Carta of Christian Liberty), ക്രിസ്ത്യാനിയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം (Christian declaration of Indepen dance) എന്നീ വിശേഷണങ്ങൾ ഗലാത്യ ലേഖനത്തിനു നല്കപ്പെട്ടിട്ടുണ്ട്. ന്യായപ്രമാണാചരണ വാദത്തിനെതിരെയുള്ള ശക്തമായ പ്രതിവാദവും ദൈവകൃപാ സുവിശേഷത്തിന്റെ സ്ഫുടമായ അവതരണവുമാണ് ഈ ചെറുലേഖനം. പരിച്ഛേദനം, ന്യായപ്രമാണാചരണം, യെഹൂദ്യ ഉത്സവങ്ങൽ (2:16; 3:2,3; 4:10, 21; 5:24; 6:12) എന്നിവ ക്രിസ്തീയ വിശ്വാസത്തോടൊപ്പം ആവശ്യമാണെന്ന യെഹൂദ ഉപദേഷ്ടാക്കന്മാരുടെ ഉപദേശത്തിന് അപ്പൊസ്തലൻ മറുപടി നല്കുന്നു.
ഗ്രന്ഥകർത്താവ്: പൗലൊസ് അപ്പൊസ്തലന്റെ നാലു പ്രമുഖ ലേഖനങ്ങളിൽ ഒന്നാണ് ഗലാത്യർ. റോമർ, 1&2 കൊരിന്ത് എന്നിവയാണ് മറ്റു മൂന്നു ലേഖനങ്ങൾ. പൗലൊസിൻറ പേരിൽ അറിയപ്പെടുന്ന മറ്റു ലേഖനങ്ങളുടെ കർത്തൃത്വത്തിന്റെ അളവുകോലായും ഗലാത്യലേഖനം കരുതപ്പെടുന്നുണ്ട്. ഈ ലേഖനത്തിന്റെ അധികാരം, മൗലികത, കർത്തൃത്വം എന്നിവയെക്കുറിച്ച് ഒരു സംശയവും ആദിമകാലം മുതൽ പ്രകടിപ്പിക്കപ്പെട്ടിട്ടില്ല. ലേഖനത്തിന്റെ കർത്താവു പൗലൊസാണെന്നു ലേഖനത്തിൽ രണ്ടുപ്രാവശ്യം പ്രസ്താവിച്ചിട്ടുണ്ട്. (1:1; 5:2). പൗലൊസായ ഞാൻ എന്ന പ്രയോഗം ഗ്രന്ഥകർത്തൃത്വത്തിന്റെ ദൃഢപ്രഖ്യാപനമാണ്. ബാഹ്യതെളിവുകളും വേണ്ടുവോളമുണ്ട്. അത്തനഗോറസ്, ജസ്റ്റിൻ മാർട്ടിയർ, മെലിത്തോ എന്നിവർ ഗലാത്യലേഖനത്തിൽ നിന്നും ഉദ്ധരിച്ചിട്ടുണ്ട്. പ്രാചീന ലത്തീൻ, സിറിയക്, ഈജിപ്ഷ്യൻ ഭാഷാന്തരങ്ങളിലും രണ്ടാം നൂറ്റാണ്ടിലെ മുറട്ടോറിയൻ ലിഖിതത്തിലും പൌലൊസിന്റെ മറ്റു ലേഖനങ്ങളോടൊപ്പം ഗലാത്യരും കാണപ്പെടുന്നു. പൌലൊസിന്റെ ലേഖനങ്ങളുടെ പട്ടികയിൽ മാർഷ്യൻ ഇതിനെ ഒന്നാമതായി ചേർത്തിരിക്കുന്നു.
അനുവാചകർ: ഗലാത്യ സഭകളെ അഭിസംബോധന ചെയ്താണ് ലേഖനം എഴുതിയിട്ടുള്ളത്. ഗലാത്യ രാജ്യം, ഗലാത്യ പ്രവിശ്യ എന്നിങ്ങനെ രണ്ട് അർത്ഥതലങ്ങളിലാണ് ഗലാത്യയുടെ പ്രയോഗം. ഗാളിൽനിന്നും കെൽറ്റു വംശജർ ഏഷ്യാമൈനറിന്റെ വടക്കുഭാഗത്തു കുടിയേറിപ്പാർത്തു. കെൽറ്റു വംശജരെക്കുറിക്കുന്ന കെൽറ്റായി എന്ന പ്രയോഗത്തിന്റെ ഗ്രീക്കുരൂപമാണു ഗലാറ്റിയ. ഗലാത്യ റോമൻ അധീനതയിൽ ആയപ്പോൾ റോമാപ്രവിശ്യയായി. അതിൽ ഗലാത്യയോടൊപ്പം തെക്കുള്ള ലുക്കവോന്യ, പിസിദ്യാ, ഫുഗിയ തുടങ്ങിയ പ്രദേശങ്ങളും ഉൾപ്പെട്ടു. ഇതിനെ ഗലാത്യ പ്രവിശ്യ, വിശാല ഗലാത്യ, ദക്ഷിണഗലാത്യ എന്നീ പേരുകളിൽ വ്യവഹരിച്ചിരുന്നു. ഏതർത്ഥത്തിലാണ് പൗലൊസ് ഗലാത്യ ഉപയോഗിച്ചതു എന്നതു വിവാദവിഷയമാണ്.
ദക്ഷിണഗലാത്യൻ സിദ്ധാന്തം: പ്രസ്തുത സിദ്ധാന്തത്തിന് അനുകൂലമായ പ്രധാന വാദമുഖങ്ങൾ: 1. റോമൻ ഭരണത്തിൻ കീഴിലുള്ള പ്രവിശ്യാനാമമാണ് പൌലൊസ് എപ്പോഴും ഉപയോഗിക്കുന്നത്. ഉദാ: അഖായ, മക്കെദോന്യ, യെഹൂദ്യ, (മുഴുവൻ പലസ്തീനും എന്ന അർത്ഥ ത്തിൽ) ആസ്യ. അതിനാൽ ഇതേ അർത്ഥത്തിൽ തന്നെയായിരിക്കണം മൂന്നു സ്ഥാനങ്ങളിലും ഗലാത്യ എന്ന പേർ പൗലൊസ് ഉപയോഗിച്ചിട്ടുള്ളത്. (1കൊരി, 16:1; ഗലാ, 1:2; 2തിമൊ, 4:10). സഭകൾ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളെക്കുറിച്ചു പറയുമ്പോൾ റോമൻ പ്രവിശ്യയുടെ പേരാണ് പൌലൊസ് പറഞ്ഞുകാണുന്നത്. ആസ്യയിലെ സഭകൾ (1കൊരി, 16:19), യെഹൂദ്യയിലെ ക്രിസ്തുസഭകൾ (ഗലാ, 1:22) എന്നിവ ഉദാഹരണങ്ങൾ. 2. ഒന്നാം മിഷണറിയാത്രയിൽ പൌലൊസും ബർന്നബാസും ഇക്കൊന്യ, ലൂസ്, ദെർബ്ബ, പിസിദ്യയിലെ അന്ത്യൊക്യ എന്നീ സ്ഥലങ്ങൾ സന്ദർശിച്ച് സഭകൾ സ്ഥാപിച്ചു. (പ്രവൃ, 13:4; 14:18). ഈ പ്രദേശങ്ങളെല്ലാം ദക്ഷിണ ഗലാത്യയിലുള്ളവയാണ്. 3. ഒന്നാം മിഷണറി യാത്രയിൽ മാത്രമേ ബർന്നബാസ് പൗലൊസിനോടൊപ്പം ഉണ്ടായിരുന്നുള്ളു. ഉത്തരഗലാത്യ സന്ദർശിക്കുമ്പോൾ പൗലൊസിനോടൊപ്പം ബർന്നബാസ് ഉണ്ടായിരുന്നില്ല. ഉത്തര ഗലാത്യയിലേക്കയച്ച ലേഖനമാണെങ്കിൽ ബർന്നബാസിനെ നല്ലവണ്ണം പരിചയമില്ലാത്ത അവരോടു ബർന്നബാസിനെക്കുറിച്ച് ഒരു പരിചിതൻ എന്നപോലെ പരാമർശിക്കുന്ന ഭാഗങ്ങൾ (ഗലാ, 2:1, 9, 13) വ്യാഖ്യാനിക്കുവാൻ പ്രയാസമാവും. 4. ദക്ഷിണ ഗലാത്യയിൽ യെഹൂദന്മാർ ഉണ്ടായിരുന്നു. ഈ ലേഖനത്തിൽ വിവരിച്ചിട്ടുള്ള സംഭവങ്ങൾക്ക് അവർ കാരണക്കാരാകാവുന്നതേ ഉള്ളു. (പ്രവൃ, 13:14-51; 14:1; 16:1-3). 5. ഗലാത്യ ലേഖനത്തിലെ ചില പരാമർശങ്ങൾ ദക്ഷിണ ഗലാത്യവാദത്തിന് അനുകൂലമാണ്. ഗലാത്യർ 4:14-ലെ ദൈവദൂതൻ എന്ന പ്രയോഗം ലുസ്ത്രയിലെ സംഭവത്തെ അനുരണനം ചെയ്യുന്നു. (പ്രവൃ, 14:11). ഗലാത്യർ 5:17-ലെ കർത്താവായ യേശുവിന്റെ ചുടടയാളം താൻ കല്ലെറിയപ്പെട്ട സംഭവത്തിന്റെ സൂചനയായിക്കൂടെന്നില്ല. (പ്രവൃ, 14:19).
ഉത്തര ഗലാത്യൻ സിദ്ധാന്തം: സഭാപിതാക്കന്മാർ സ്വീകരിച്ചിരുന്നത് ഉത്തരഗലാത്യൻ സിദ്ധാന്തമാണ്. വംശീയമായ അർത്ഥത്തിൽ ഗലാത്യ എന്ന പേരിലറിയപ്പെടുന്നത് ഉത്തര ഗലാത്യയാണ്. ഗലാത്യർ (കെൽറ്റു ഗോത്രങ്ങൾ) നിവസിച്ചിരുന്ന ഏഷ്യാമൈനറിന്റെ ഉത്തര മധ്യഭാഗത്തുള്ള സഭകളാണ് വിവക്ഷിതം. ഇവിടെ സഭകൾ സ്ഥാപിക്കപ്പെട്ടതു പ്രവൃത്തി 16:6-ന്റെ കാലത്താണ്. രണ്ടാം നൂറ്റാണ്ടിൽ ഗലാത്യ എന്ന പേർ വംശീയമായ ഗലാത്യയുടേതു മാത്രമായി ചുരുങ്ങുകയും പ്രസ്തുത പ്രയോഗത്തിന്റെ ദ്വയാർത്ഥം നഷ്ടപ്പെടുകയും ചെയ്തു. സഭാപിതാക്കന്മാർ ഉത്തര ഗലാത്യൻ സിദ്ധാന്തം സ്വീകരിച്ചതിന് പ്രധാനകാരണം അതാണ്. 2. ലൂക്കൊസ് പാഫുല്യ (പ്രവൃ, 13:13), പിസിദ്യാ (പ്രവൃ, 13:14), ലുക്കവോന്യ (പ്രവൃ, 14:6) എന്നീ പേരുകൾ ഉപയോഗിക്കുന്നു. ഇവയെല്ലാം ഭൂമിശാസ്ത്രപരമായ സ്ഥാനങ്ങളാണ്. അതുകൊണ്ട് 16:6-ൽ പറയുന്ന ഗലാത്യദേശവും ഭൂമിശാസ്ത്രപരമായ അർത്ഥത്തിൽ ഉത്തര ഗലാത്യ എന്നു മനസ്സിലാക്കേണ്ടതാണ്. 3. ദേശ നിവാസികളുടെ സ്വഭാവത്തിന് ലൈററ്ഫുട്ട് പ്രാധാന്യം കൊടുക്കുന്നു. ഗലാത്യലേഖനത്തിൽ പ്രതിഫലിക്കുന്ന അനുവാചകരുടെ സ്വഭാവം ഗാൾ വംശജരുടേതാണ്. അവർ മദ്യപാനികളും, കലഹികളും, കോപിഷ്ഠരും, ചപലരുമാണ്.. അതിനാൽ ഉത്തരഗലാത്യയിലുള്ള ജനത്തിനാണ് ഈ ലേഖനമെഴുതിയതെന്ന് അദ്ദേഹം വാദിക്കുന്നു. ഈ തെളിവുകളെല്ലാം ചൂണ്ടിക്കാണിക്കപ്പെടുന്നെങ്കിലും ഇന്നു പൊതുവെ അംഗീകരിക്കപ്പെട്ടിക്കുന്നത്. ദക്ഷിണ ഗലാത്യൻ സിദ്ധാന്തമാണ്.
എഴുതിയ കാലം: അനുവാചകരെക്കുറിച്ചുളള അവ്യക്തത രചനാകാല നിർണ്ണയത്തെയും ബാധിക്കുന്നു. ഉത്തരഗലാത്യൻ സിദ്ധാന്തം സ്വീകരിക്കുന്നവർ മൂന്നാം മിഷണറി യാത്രയിൽ എഫെസൊസിൽവച്ചു ഗലാത്യലേഖനം എഴുതിയെന്നു വ്യക്തമാക്കുന്നു. ദക്ഷിണഗലാത്യൻ സിദ്ധാന്തമനുസരിച്ചു് ഒന്നാം മിഷണറി യാത്രയുടെ ഒടുവിൽ (പ്രവൃ, 14:26-28) സിറിയയിലെ അന്ത്യാക്യയിൽ വച്ചോ മൂന്നാം മിഷണറി യാത്രയിൽ എഫെസൊസിൽ വച്ചോ ഈ ലേഖനം എഴുതിയിരിക്കണം. അപ്പൊസ്തലൻ യെരുശലേം സന്ദർശനം (ഗലാ, 2:1-10) പ്രവൃ, 11:30-ൽ സൂചിപ്പിച്ചിട്ടുള്ള സന്ദർശനമായിരിക്കണം. ഇതു ശരിയാണെങ്കൽ പ്രവൃത്തി 15-ൽ പറഞ്ഞിട്ടുള്ള യെരുശലേം സമ്മേളനത്തിനു പങ്കെടുക്കാൻ വേണ്ടി പൗലൊസ് മൂന്നാമതു യെരുശലേം സന്ദർശിക്കുന്നതിനു മുമ്പ് അന്ത്യാക്യയിൽ നിന്ന് ഗലാത്യലേഖനം അയച്ചു എന്നുവരും. അപ്പോൾ ഗലാത്യലേഖനത്തിന്റെ രചനാകാലം എ.ഡി . 49-ന് അടുത്തായി ഉറപ്പിക്കേണ്ടിവരും. എങ്കിൽ അപ്പൊസ്തലൻ ആദ്യലേഖനം ഇതായിമാറും. യെരുശലേം സമ്മേ ളനത്തെക്കുറിച്ച് ലേഖനത്തിൽ യാതൊരു സൂചനയും ഇല്ലാത്തത് ഈ നിഗമനത്തിന് ഉപോദ്ബലകവുമാണ്.
ഉദ്ദേശ്യം: ആദ്യകാല മിഷനറിയാത്രകളിൽ അപ്പൊസ്തൊലനായ പൗലൊസ് ഏഷ്യാമൈനർ സന്ദർശിച്ച് ക്രിസ്തുവിലുള്ള വിശ്വാസത്താൽ മാത്രമാണ് ‘രക്ഷ’യെന്ന തേജസ്സേറിയ സന്ദേശം പ്രസംഗിച്ചു. കേൾവിക്കാരിൽ അനേകർ വിശ്വസിച്ചു. സഭകൾ രൂപീകൃതമായി, അവയിൽ പല സഭകളും ഗലാത്യയിലായിരുന്നു. ഗലാത്യ നിവാസികൾ അസ്ഥിരരും കലഹ പ്രിയരും പെട്ടെന്നു മാറുന്ന പ്രകൃതിക്കാരുമായിരുന്നു എന്നാണറിയപ്പെടുന്നത്. പൗലൊസ് ഈ പ്രദേശത്തുനിന്ന് പോയശേഷം ദുരുപദേശം പ്രസ്താവിക്കുന്ന ഉപദേഷ്ടാക്കന്മാർ ഈ സഭകളിൽ പ്രവേശിച്ചു. ക്രിസ്തുവിലുള്ള വിശ്വാസത്തോടു ചേർന്ന് ന്യായപ്രമാണത്തിന്റെ പ്രവൃത്തികളും അനുഷ്ഠിക്കുന്നതിനാലാണു രക്ഷ ലഭിക്കുന്നതെന്ന് ഇക്കൂട്ടർ പഠിപ്പിച്ചു. ഈ സന്ദേശം ക്രിസ്ത്യാനിത്വത്തിന്റെയും യഹൂദമതത്തിന്റെയും കൂട്ടിക്കുഴയിക്കൽ ആയിരുന്നു. അതുപോലെതന്നെ ന്യായപ്രമാണവും കൃപയും; മോശയും ക്രിസ്തുവും തമ്മിലും കൂട്ടിക്കുഴച്ചു. അപ്പൊസ്തൊലനായ പൗലൊസ് ശരിയായി അപ്പൊസ്തലനല്ലെന്നും അതിനാൽ അദ്ദേഹത്തിന്റെ സന്ദേശം വിശ്വസനീയമല്ല എന്നു പറഞ്ഞ് ഗലാത്യരെ പൗലൊസിൽ നിന്നും അകറ്റി കളയുന്നതിനും അവർ ശ്രമിച്ചു. ദൂതുവാഹിയിൽ അവിശ്വാസം പരത്തി സന്ദേശത്തെ അവിശ്വസിപ്പിക്കുന്നതിനുള്ള കുതന്ത്രമാണ് അവർ അവലംബിച്ചത്. ഗലാത്യ വിശ്വാസികളിൽ അനേകരും അവരുടെ ദൂഷിത വലയത്താൽ സ്വാധീനിക്കപ്പെട്ടു.
ഇപ്രകാരമുള്ള വിവരം ഗലാത്യയിൽ നിന്ന് തന്റെ അരികിലെത്തിയപ്പോൾ പൗലൊസിന്റെ ഹൃദയത്തിൽ എത്രമാത്രം ദുഃഖവും നിരാശയും നിറഞ്ഞിട്ടുണ്ടാവും. ഈ ജനങ്ങൾക്കു മധ്യേയുള്ള തന്റെ പ്രയത്നം വൃഥാവിലായോ? അവിടെയുള്ള വിശ്വാസികളെ ഇനിയും യഹൂദമത ന്യായപ്രമാണ പഠിപ്പിക്കലുകളിൽ നിന്നും വിടുവിക്കുവാനാകുമോ? അതിവേഗവും നിർണ്ണായകവുമായ പ്രവർത്തനത്തിന് പൗലൊസ് ഉണർത്തപ്പെടുകയായിരുന്നു. തൂലികയെടുത്ത്, കർക്കശമായ ഭാഷയിൽ ഈ കത്ത് വിശ്വാസത്തിൽ തന്റെ പ്രിയമക്കൾക്ക് അദ്ദേഹം എഴുതി. അതിൽ രക്ഷയുടെ ശരിയായ സ്വഭാവം എന്താണെന്നും ന്യായപ്രമാണത്തിന്റെ പ്രവൃത്തി, ഭാഗികമായോ മുഴുവനുമായോ അനുഷ്ഠിക്കുന്നതിനാൽ നേടുന്നതല്ലെന്നും അത് ആദിയോടന്തം ദൈവകൃപയാൽ ലഭ്യമാകുന്നതാണെന്നും, വ്യക്തമാക്കി. സൽപ്രവൃത്തികൾ രക്ഷയ്ക്കുള്ള വ്യവസ്ഥയല്ല; രക്ഷയുടെ ഫലമാണ്. ക്രിസ്തു വിശ്വാസി ന്യായപ്രമാണത്തിനു മരിച്ചിരിക്കുന്നു; വിശുദ്ധ ജീവിതത്തിൽ മുന്നേറുന്നു. സ്വന്ത പരിശ്രമത്താലല്ല; അവനിൽ അതിവാസം ചെയ്യുന്ന പരിശുദ്ധാത്മാവിന്റെ ശക്തിയാൽ അത്രേ.
പ്രധാന വാക്യങ്ങൾ: 1. “എന്നാൽ ഞങ്ങൾ നിങ്ങളോടു അറിയിച്ചിതിന്നു വിപരീതമായി ഞങ്ങൾ ആകട്ടെ സ്വർഗ്ഗത്തിൽനിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാൽ അവൻ ശപിക്കപ്പെട്ടവൻ.” ഗലാത്യർ 1:8.
2. “യെഹൂദന്മാരത്രെ; എന്നാൽ യേശുക്രിസ്തുവിലുള്ള വിശ്വാസത്താലല്ലാതെ ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ മനുഷ്യൻ നീതികരിക്കപ്പെടുന്നില്ല എന്നു അറിഞ്ഞിരിക്കകൊണ്ടു നാമും ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാലല്ല ക്രിസ്തുവിലുള്ള വിശ്വാസത്താൽ തന്നേ നീതീകരിക്കപ്പെടേണ്ടതിന്നു ക്രിസ്തുയേശുവിൽ വിശ്വസിച്ചു; ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാൽ ഒരു ജഡവും നീതീകരിക്കപ്പെടുകയില്ലല്ലോ.” ഗലാത്യർ 2:16.
3. “ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നതു ഞാനല്ല ക്രിസ്തുവത്രേ എന്നിൽ ജീവിക്കുന്നു; ഇപ്പോൾ ഞാൻ ജഡത്തിൽ ജീവിക്കുന്നതോ എന്നെ സ്നേഹിച്ചു എനിക്കു വേണ്ടി തന്നെത്താൻ ഏല്പിച്ചുകൊടുത്ത ദൈവപുത്രങ്കലുള്ള വിശ്വാസത്താലത്രേ ജീവിക്കുന്നതു.” ഗലാത്യർ 2:20.
4. “മരത്തിന്മേൽ തൂങ്ങുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ” എന്നു എഴുതിയിരിക്കുന്നതുപോലെ ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീർന്നു. ന്യായപ്രമാണത്തിന്റെ ശാപത്തിൽനിന്നു നമ്മെ വിലെക്കു വാങ്ങി.” ഗലാത്യർ 3:13.
5. “അവൻ ന്യായപ്രമാണത്തിൻ കീഴുള്ളവരെ വിലെക്കു വാങ്ങിട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിന്നു തന്നേ. നിങ്ങൾ മക്കൾ ആകകൊണ്ടു അബ്ബാ പിതാവേ എന്നു വിളിക്കുന്ന സ്വപുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളിൽ അയച്ചു.” ഗലാത്യർ 4:5,6.
6. “ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത, ഇന്ദ്രിയജയം; ഈ വകെക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല.” ഗലാത്യർ 5:22.
7. “ജഡത്തിൽ വിതെക്കുന്നവൻ ജഡത്തിൽനിന്നു നാശം കൊയ്യും; ആത്മാവിൽ വിതെക്കുന്നവൻ ആത്മാവിൽ നിന്നു നിത്യജീവനെ കൊയ്യും.” ഗലാത്യർ 6:8.
ബാഹ്യരേഖ: I. മുഖവുര: 1:1-10.
1. അഭിവാദനം: 1:1-5.
2. പുതിയ സുവിശേഷം സുവിശേഷം അല്ല: 1:6-10.
II. പൌലൊസ് തന്റെ അപ്പൊസ്തലികാധികാരത്തെ ന്യായീകരിക്കുന്നു: 1:11-2:21.
1. സുവിശേഷം തനിക്കു ലഭിച്ചത് വെളിപ്പാടിനാലാണ്: 1:1-24.
2. യെരുശലേമിലെ അപ്പൊസ്തലന്മാർ തന്റെ സുവിശേഷം സ്ഥിരീകരിച്ചു: 2:10.
3. അന്ത്യാക്ക്യയിൽ പൌലൊസ് പത്രൊസിനെ എതിർത്തു: 2:1-14.
4. കൃപയുടെ സുവിശേഷം പാപത്തെ പ്രോത്സാഹിപ്പിക്കുന്നില്ല: 2:15-21.
III. വിശ്വാസത്താലുള്ള നീതീകരണം: 3:1-4:31.
1. ഉപദേശം വ്യക്തമാക്കുന്നു: 3:1-4:7.
2. ന്യായപ്രമാണാചരണം ഒഴിവാക്കാനുളള അപേക്ഷ: 4:8-20.
3. ക്രിസ്തീയ സ്വാതന്ത്യം: രണ്ട് യെരൂശലേമുകൾ; 4:21-5:1.
IV. ക്രിസ്തീയ സ്വാതന്ത്യവും പ്രായോഗിക ജീവിതവും: 5:1-6:10.
1. സ്വാതന്ത്യം നിലനിർത്താനുള്ള ആഹ്വാനം: 5:1.
2. വിശ്വാസത്താലത്രേ, പ്രവൃത്തിയാലല്ല: 5:2-12.
3. സ്വാതന്ത്ര്യ ജീവിതം: 5:13-6:10.
V. ഉപസംഹാരവും ആശീർവാദവും: 6:1-18.
സംഗ്രഹം: ‘വിശ്വാസത്താലുള്ള നീതീകരണം’ എന്നതിന്റെ അർത്ഥം നമുക്ക് ആത്മീയ സ്വാതന്ത്ര്യമുണ്ട് എന്നാണ്. പഴയനിയമ നിയമത്തിന്റെ കൽപ്പനകൾക്ക് നാം ഇനി അടിമകളല്ല. ദൈവകൃപയെ നിന്ദിക്കുകയും സുവിശേഷത്തോട് കൂട്ടുചേർക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഏതൊരാളെയും പൗലൊസ് ശക്തമായി അപലപിക്കുന്നു. (ഗലാ, 1:8-10). താൻ തന്റെ അപ്പസ്തൊലിക യോഗ്യത വ്യക്തമാക്കുന്നു. (1:11-2:14) ന്യായപ്രമാണത്താലാണ് നീതി വരുന്നതെങ്കിൽ ക്രിസ്തുവിൻ്റെ മരണം പ്രയോജനരഹിതമത്രേ. (2:21). വിശ്വാസികൾ അവരുടെ സ്വാതന്ത്ര്യത്തിൽ ഉറച്ചുനിൽക്കണം, ‘അടിമനുകത്തിൽ (മോശൈക നിയമം) വീണ്ടും കുടുങ്ങരുതു’ (5:1). ക്രിസ്തീയ സ്വാതന്ത്ര്യം ഒരാളുടെ പാപ സ്വഭാവത്തെ തൃപ്തിപ്പെടുത്തുന്നതിനുള്ള ഒരു ഒഴികഴിവല്ല; മറിച്ച്, നമ്മുടെ സ്വാതന്ത്ര്യം പരസ്പരം സ്നേഹിക്കാനുള്ള അവസരമാണ്. (5:13; 6:7-10). ക്രിസ്തീയജീവിതം ജഡികമല്ല, ആത്മാവിന്റെ അഭിലാഷമാണ്. (5:16-18). ജഡം ക്രിസ്തുവിനോടൊപ്പം ക്രൂശിക്കപ്പെട്ടു (2:20); അതിന്റെ ഫലമായി, വിശ്വാസിയുടെ ജീവിതത്തിൽ ആത്മാവ് തന്റെ ഫലം പുറപ്പെടുവിക്കാൻ അനുവദിക്കണം. (5:22-23).