ഗമാലീയേൽ (Gamaliel)
പേരിനർത്ഥം – ദൈവം നല്കുന്ന പ്രതിഫലം
ഹില്ലേൽ എന്ന പ്രസിദ്ധനായ വേദശാസ്ത്രിയുടെ പൌത്രൻ. യെഹൂദാനിയമപണ്ഡിതനും സന്നദ്രീം സംഘാംഗവുമായിരുന്നു. അഗാധപാണ്ഡിത്യവും സ്വഭാവമഹത്ത്വവും കൊണ്ടു സർവ്വാദരണീയനായിരുന്ന ഗമാലീയേൽ റബ്ബാൻ എന്ന വിശിഷ്ടപദവിയിൽ അറിയപ്പെട്ടിരുന്ന ഏഴു നിയമജ്ഞരിൽ ഒരാളായിരുന്നു. ‘ന്യായപ്രമാ ണത്തിന്റെ മനോഹരത്വം’ എന്ന് അദ്ദേഹത്തെ വിളിച്ചിരുന്നു. റബ്ബാൻ ഗമാലീയേൽ മരിച്ചതോടുകൂടി ന്യായപ്രമാണത്തിന്റെ തേജസ്സ് നിലച്ചുപോയി എന്നു തല്മൂദ് പറയുന്നു. ഒരു പരീശൻ ആയിരുന്നുവെങ്കിലും പരീശന്മാരുടെ സങ്കുചിതത്വം ഗമാലീയേലിനെ സ്പർശിച്ചില്ല. സ്വപക്ഷത്തിന്റെ മുൻവിധികൾക്കതീതനായി ചിന്തിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞു. അപ്പൊസ്തലന്മാരെ ന്യായാധിപസംഘത്തിന്റെ മുമ്പിൽ കൊണ്ടുവന്നപ്പോൾ അവരുടെ ധൈര്യവും ഉറപ്പും കണ്ടിട്ടു കോപപരവശരായി അവരെ ഒടുക്കിക്കളയുവാൻ ന്യായാധിപസംഘം ഒരുങ്ങി. അതിനെ തടഞ്ഞത് ഗമാലീയേലിന്റെ പ്രഭാഷണമായിരുന്നു: (പ്രവൃ, 5:34-39). തുടർന്നു അപ്പൊസ്തലന്മാരെ അടിച്ചശേഷം വിട്ടയച്ചു. അപ്പൊസ്തലനായ പൗലൊസ് ഗമാലീയേലിന്റെ കാല്ക്കലിരുന്നു ന്യായപ്രമാണം പഠിച്ചു എന്ന് ഏറ്റുപറഞ്ഞിട്ടുണ്ട്: (പ്രവൃ, 22:3). ന്യായപ്രമാണ വ്യാഖ്യാനത്തെ സംബന്ധിച്ച് രണ്ടു വിഭിന്ന ചിന്താഗതികളായിരുന്നു ഹില്ലേലിനും ഷമ്മായിക്കും. ഷമ്മായിയും കൂട്ടരും കടുത്ത യഥാസ്ഥിതികരും ന്യായപ്രമാണത്തിന്റെ ആക്ഷരികമായ അനുഷ്ഠാനത്തിൽ നിഷ്ക്കർഷ പുലർത്തിയവരുമായിരുന്നു. ഹില്ലേലിൻ പക്ഷക്കാർ ന്യായപ്രമാണം ലളിതമായി വ്യാഖ്യാനിക്കുന്നവരും അനാവശ്യമായ ഭാരം ജനങ്ങളുടെമേൽ കെട്ടിവയ്ക്കാൻ ഒരുമ്പെടാത്തവരുമായിരുന്നു.