കർത്താവിന്റെ ദിവസം (Day of the Lord)
പഴയനിയമത്തിൽ യഹോവയെ കുറിക്കുന്ന പദമാണ് കർത്താവ്; പുതിയനിയമത്തിൽ യേശുക്രിസ്തുവിനെയും. അതിനാൽ, യഹോവയുടെ ദിവസവും കർത്താവിന്റെ ദിവസവും ഒന്നു തന്നെയാണ്. യഹോവയുടെ ദിവസത്തെക്കുറിച്ച് ആദ്യമായി പ്രസ്താവിച്ചത് ആമോസ് പ്രവാചകനാണ്. “യഹോവയുടെ ദിവസത്തിനായി വാഞ്ഛിക്കുന്ന നിങ്ങൾക്കു അയ്യോ കഷ്ടം! യഹോവയുടെ ദിവസംകൊണ്ടു നിങ്ങൾക്കു എന്തു ഗുണം? അതു വെളിച്ചമല്ല ഇരുട്ടത്രേ.” (ആമോ, 5:18). പ്രവാചകന്റെ കാലത്തു തന്നെ പ്രചാരം സിദ്ധിച്ചു കഴിഞ്ഞ ഒരു പ്രയോഗമാണ് ‘യഹോവയുടെ ദിവസം.’ യിസ്രായേലിനു വീണ്ടെടുപ്പും അനുഗ്രഹവും നല്കാൻ യഹോവ നേരിട്ടിടപെടുന്ന ദിവസമായിട്ടാണ് യിസായേല്യർ അതിനെ മനസ്സിലാക്കിയിരുന്നത്. എന്നാൽ, അത് അന്ധകാരത്തിന്റെയും കഷ്ടതയുടെയും കാലമായിരിക്കുമെന്നു പ്രവാചകൻ വ്യക്തമാക്കി. യഹോവയുടെ ദിവസത്തിന്റെ സമഗ്രമായ ഒരു ചിത്രം സെഫന്യാവിലുണ്ട്. “യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു; അതു അടുത്തു അത്യന്ത്യം ബദ്ധപ്പെട്ടു വരുന്നു; കേട്ടോ, യഹോവയുടെ ദിവസം വീരൻ അവിടെ കഠിനമായി നിലവിളിക്കുന്നു. ആ ദിവസം ക്രോധദിവസം, കഷ്ടവും സങ്കടവും ഉളള ദിവസം, ശൂന്യതയും നാശവും ഉളള ദിവസം, ഇരുട്ടും അന്ധകാരവും ഉള്ള ദിവസം, ഉറപ്പുളള പട്ടണങ്ങൾക്കും ഉയരമുള്ള കൊത്തളങ്ങൾക്കും വിരോധമായി കാഹളനാദവും ആരവവും ഉളള ദിവസം തന്നേ.” (സെഫ, 1:14-16). യെശയ്യാവ്, യെഹെസ്ക്കേൽ, യോവേൽ, സെഖര്യാവ് എന്നീ പ്രവാചകന്മാരും യഹോവയുടെ ദിവസത്തെക്കുറിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ദൈവജനത്തിന് വിരോധമായിരിക്കുന്ന ജനങ്ങൾക്ക് ദണ്ഡന ദിവസമായി യഹോവയുടെ ദിവസം വരുമെന്ന് പ്രവാചകന്മാർ ചൂണ്ടിക്കാണിച്ചു. ബാബേൽ (യെശ, 13:6,9,13), ഏദോം (ഓബ, 15), മിസ്രയീം (യിരെ, 46:10), ഫെലിസ്ത്യർ (യിരെ, 47:4) എന്നിവരോടുള്ള ബന്ധത്തിൽ യഹോവയുടെ ദിവസം പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക. ദൈവത്തിന്റെ പ്രതികാരദിവസം ദുഃഖിതന്മാരെ ആശ്വസിപ്പിക്കും. (യെശ, 61:2). മഹാപീഡനത്തോടു കൂടി ആരംഭിക്കുകയും സഹസ്രാബ്ദം മുഴുവൻ നീണ്ടുനില്ക്കുകയും ചെയ്യുന്ന കാലയളവാണ് കർത്താവിന്റെ ദിവസം. (യെശ, 65:17-19; 66:22; വെളി, 21:1). പുതിയനിയമതിൽ കർത്താവിന്റെ ദിവസമെന്നും ക്രിസ്തുവിൻ്റെ ദിവസമെന്നും പറഞ്ഞിരിക്കുന്നത് വിഭിന്ന അർത്ഥങ്ങളിലാണ്. ക്രിസ്തു വിശുദ്ധന്മാരെ ചേർക്കുന്നതിനു വേണ്ടി മദ്ധ്യാകാശത്തിൽ വരുന്നതിനോടു ബന്ധപ്പെട്ട കാലയളവാണ് ക്രിസ്തുവിൻ്റെ ദിവസം. (1കൊരി, 1:8; 5:5; 2കൊരി, 1:14; ഫിലി, 1:10; 2:16). കർത്താവിന്റെ ദിവസം ഭൂമിയിൽ ദൈവക്രോധം പകരപ്പെടുന്ന മഹാപീഡനകാലത്തു ആരംഭിച്ച് സഹസ്രാബ്ദവാഴ്ച മുഴുവൻ നീണ്ടു നില്ക്കും. (പ്രവൃ, 2:20; 2പത്രൊ, 3:13; വെളി, 41-19:16). മഹാപീഡനം ആരംഭിക്കുന്നത് സഭയുടെ ഉൽപാപണശേഷമാണ്. (വെളി, 3:10). സഭയുടെ പൂർത്തീകരണം വരെ കർത്താവിന്റെ ദിവസം ആരംഭിക്കയില്ല.
ഇത് വളരെ പ്രയോജനം ചെയ്യുന്ന ലേഖനങ്ങൾ ആണ്. അതുപോലെ ബൈബിൾ പഠനങ്ങളും
ന്യായ പ്രമാണത്തിൽ മൊത്തം 613 കല്പനകൾ ഉണ്ട്. അതുപോലെ പുതിയ നിയമത്തിലെ മുഴുവൻ കല്പനകളെയും കുറിച്ച് ഒരു പോസ്റ്റ് ഇടാമോ?
ദൈവം അനുവദിച്ചാൽ വേഗത്തിൽ ഇടാം ബ്രദറേ.