ക്രേത്ത (Crete)
മെഡിറ്ററേനിയൻ സമുദ്രത്തിലെ അഞ്ചാമത്ത വലിയദ്വീപ്. ഈജിയൻ കടലിന്റെ തെക്കെ അറ്റത്തു കുറുകെ കിടക്കുന്ന ഈ ദ്വീപിനു 250 കി.മീറ്റർ നീളവും 11 മുതൽ 56 കി.മീറ്റർ വരെ വീതിയുമുണ്ട്. ഗ്രീസിനു ഏകദേശം105 കി.മീറ്റർ തെക്കുകിഴക്കായി കിടക്കുന്നു. കാസോസ് (Casos), കാർപ്പത്തൊസ് (Carpathos), റോഡ്സ് (Rhods) എന്നീ ചെറിയ ദ്വീപുകൾ ഒരു ചങ്ങലപോലെ ഏഷ്യാമൈനറിന്റെ തെക്കുപടിഞ്ഞാറെ മൂലയോടു ക്രേത്തയെ ബന്ധിപ്പിക്കുന്നു. ഈ ഇടുങ്ങിയ ദ്വീപു മുഴുവൻ പർവ്വത പ്രദേശമാണ്. ഏതാണ്ട് മദ്ധ്യത്തിലുള്ള ഇഡ (Ida) പർവ്വതത്തിന് സമുദ്രനിരപ്പിൽ നിന്നും 2450 മീറ്റർ പൊക്കമുണ്ട്. ഉത്തരതീരത്ത് നല്ല തുറമുഖങ്ങളുണ്ട്. ക്രേത്ത ദ്വീപിനെ അതേപേരിൽ പഴയനിയമത്തിൽ പറഞ്ഞിട്ടില്ല. ദാവീദിന്റെ അംഗരക്ഷകന്മാരിൽ ഒരു വിഭാഗമായിരുന്ന ക്രേത്യർ (Cherethites) ക്രേത്തരാണ്. കഫ്തോർ (Caphtor) മിക്കവാറും ഈ ദ്വീപിനെക്കുറിക്കണം. പെന്തെക്കൊസ്തിനു കൂടിയിരുന്നവരിൽ ക്രേത്തർ ഉണ്ടായിരുന്നു. (പ്രവൃ, 2:11). പൗലൊസ് വിചാരണയ്ക്കുവേണ്ടി റോമിൽ പോകുന്ന വഴിക്ക് ക്രേത്തദ്വീപിന്റെ മറപറ്റി ശല്മോനയ്ക്കു നേരെ ഓടിയതായി പറയുന്നു. (പ്രവൃ, 27:7-13, 21). ക്രേത്തയുടെ കിഴക്കെ തീരത്തുള്ള ശല്മോനയിൽനിന്ന് പടിഞ്ഞാറോട്ടുപോയി ശുഭതുറമുഖത്തിലെത്തി. ദക്ഷിണ തീരത്തിന്റെ മദ്ധ്യത്തിലുള്ള ലസയ്യ പട്ടണത്തിന്റെ സമീപമാണ് ശുഭതുറമുഖം. (പ്രവൃ, 27:8). ശീതകാലം അവിടെ കഴിക്കാമെന്നു പൗലൊസ് ഉപദേശിച്ചു. അതു വകവയ്ക്കാതെ, തെക്കുപടിഞ്ഞാറായി കിടക്കന്ന ഫൊയ്നീക്യ എന്ന ക്രേത്ത തുറമുഖത്തേക്കു യാത്ര തിരിച്ചു. എന്നാൽ ഈശാനമൂലൻ എന്ന കൊടുങ്കാറ്റടിച്ചു കപ്പൽ മെലിത്താ ദ്വീപിൽ (Malta) എത്തി. (പ്രവൃ, 28:1). റോമിലെ കാരാഗൃഹ വാസത്തിനുശേഷം പൌലൊസ് ക്രേത്ത സന്ദർശിച്ചിരിക്കണം. സഭയിലെ കാര്യങ്ങൾ ക്രമീകരിക്കുന്നതിനു പൗലൊസ് തീത്താസിനെ ക്രേത്തയിൽ ആക്കി. ക്രേത്തരെക്കുറിച്ചു അവരുടെ കവിയായ എപ്പീമെനെസ്സിന്റെ വാക്കുകളാണ് തീത്താസിൽ അപ്പൊസ്തലൻ ഉദ്ധരിച്ചിട്ടുള്ളത്: “ക്രേത്തർ സർവ്വദാ അസത്യവാദികളും ദുഷ്ടജന്തുക്കളും മടിയന്മാരായ പെരുവയറന്മാരും അത്രേ എന്നു അവരിലൊരുവൻ, അവരുടെ ഒരു വിദ്വാൻ തന്നെ പറഞ്ഞിരിക്കുന്നു. ഈ സാക്ഷ്യം നേർ തന്നെ.” (തീത്താ, 1:12,13).
ക്രേത്തരുടെ ആദ്യകാല ചരിത്രത്തെക്കുറിച്ചുള്ള നമ്മുടെ അറിവ് തുലോം തുച്ഛമാണ്. പുരാവസ്തു ഗവേഷണത്തിൽ നിന്നുലഭിച്ച അറിവാണ് ആകെക്കൂടിയുള്ളത്. നവീനശിലായുഗത്ത് അവിടെ കുടിപാർപ്പുണ്ടായി. ഒരു പ്രബലമായ സംസ്കാരം വളർന്നത് താമ്രയുഗത്തിലാണ്. ഒരക്ഷരമാല അവർക്കുണ്ടായിരുന്നു. പക്ഷേ അതാർക്കും വായിക്കാൻ കഴിഞ്ഞിട്ടില്ല. പില്ക്കാലത്തു രൂപംകൊണ്ട അവരുടെ എഴുത്തിനെ വായിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. അതു ഗ്രീക്കിന്റെ പ്രാചീനരൂപമാണ്. താമ്രയുഗത്തിന്റെ അവസാനത്തിൽ ഡോറിയൻ ഗ്രീക്കുകാർ ക്രേത്തയിൽ വന്നു. അതോടുകൂടി അയോയുഗം ആരംഭിച്ചു. ബി.സി. രണ്ടാം നൂറ്റാണ്ടോടുകൂടി ഈ ദ്വീപ് കടൽക്കള്ളന്മാരുടെ താവളമായി മാറി. ബി.സി. 67-ൽ പോമ്പി ക്രേത്തയെ കീഴടക്കി റോമൻ പ്രവിശ്യയാക്കി.