ക്രൂശും, ക്രശീകരണവും

ക്രൂശും, ക്രൂശീകരണവും

ക്രൂശിനെക്കുറിക്കുന്ന ഗ്രീക്കുപദം സ്റ്റൗറൊസ് (stauros) 28 പ്രാവശ്യവും, ക്രൂശിക്കുക എന്ന ക്രിയാപദം സ്റ്റൗറോ (stauroo) 46 പ്രാവശ്യവും പുതിയനിയമത്തിൽ പ്രയോഗിച്ചിട്ടുണ്ട്. ക്രൂശ് എന്ന പദത്തിന്റെ പ്രാഥമിക അർത്ഥം നിവർന്നതടി അഥവാ മരം എന്നത്രേ. വധശിക്ഷയുടെ ഉപകരണമായി ഉപയോഗിക്കുന്ന കുറ്റി എന്നത് അപ്രധാനാർത്ഥമാണ്. എന്നാൽ ഈ അർത്ഥമാണ് പുതിയനിയമ പ്രയോഗങ്ങൾക്കെല്ലാം ഉളളത്. ക്രൂശീകരണത്തെ വ്യഞ്ജിപ്പിക്കുന്ന രണ്ടു എബ്രായ പദങ്ങൾ ‘യാഖാ’യും (yaqa) (സംഖ്യാ, 25:4), ‘താലാഹും’ (talah) (ഉല്പത്തി, 40;49) ആണ്. തുക്കുക എന്നാണ് ഈ പദങ്ങളെ പരിഭാഷപ്പെടുത്തിയിട്ടുളളത്. കുറ്റക്കാരെ ജീവനോടെ ക്രൂശിച്ചതിനു തെളിവ് പഴയനിയമത്തിലില്ല. വധിച്ച ശേഷം മരത്തിൽ തൂക്കുന്നതിനെക്കുറിച്ചാണ് ഈ വിവരണങ്ങളിൽ കാണുന്നത് പഴയനിയമത്തിലെ വധദണ്ഡനം കല്ലെറിഞ്ഞു കൊല്ലുകയായിരുന്നു. എന്നാൽ മറ്റുള്ളവർക്കു താക്കീതായി ശവത്തെ മരത്തിൽ തൂക്കിയിരുന്നു: (ആവ, 21:22,23; യോശു, 10:26). മരത്തിന്മേൽ തൂങ്ങുന്നവൻ ശപിക്കപ്പെട്ടവനാണ്: (ഗലാ, 3:13). തന്മൂലം രാത്രിയാകുന്നതിനു മുമ്പ് ശവം മരത്തിൽ നിന്നിറക്കി കുഴിച്ചിടും: (യോഹ, 19:31). ക്രിസ്തുവിന്റെ ക്രൂശിനെ അപമാനസൂചകമായി മരം എന്നു പറഞ്ഞിട്ടുള്ളത് ഈ പശ്ചാത്തലത്തിലാണ്. (പ്രവൃ, 5:30; 10:39; 13:29). 

ഈജിപ്റ്റിലും (ഉല്പ, 40:19), കാർത്തേജിലും, പാർസ്യയിലും (എസ്ഥേ, 7:10 കഴുമരത്തിന്മേൽ തൂക്കുക), അശ്ശൂരിലും ഗ്രീസിലും റോമിലും ക്രൂശിൽ തറച്ചുകൊല്ലുന്ന സമ്പ്രദായം നിലവിലിരുന്നു. സോർ കീഴടക്കിയശേഷം പട്ടണത്തെ പ്രതിരോധിച്ച രണ്ടായിരം പേരെ കൂശിക്കുന്നതിനു അലക്സാണ്ടർ ചക്രവർത്തി കല്പന കൊടുത്തു. അടിമകളെയും അധമകുറ്റവാളികളെയും അല്ലാതെ റോമാപൗരന്മാരെ ക്രൂശിച്ചിരുന്നില്ല. പാരമ്പര്യമനുസരിച്ച് പത്രൊസിനെ ക്രൂശിക്കുകയും പൗലൊസിനെ ശിരശ്ച്ഛേദം ചെയ്യുകയും ചെയ്തു. പൗലൊസിന്റെ റോമാപൗരത്വമാണ് ഇതിനു കാരണം. ക്രൂശീകരണം നിർത്തലാക്കിയത് കോൺസ്റ്റന്റയിൻ ചക്രവർത്തി ആയിരുന്നു. 

കുശിന്റെ രൂപം: ഒരു നെടും തടിയാണ് കുശ്. ഈ തടിയോടു ചേർത്ത് കുറ്റക്കാരനെ ബന്ധിക്കുകയും കൈകൾ തലയ്ക്കു മുകളിൽ ക്രൂശിനോടു ചേർത്തു കെട്ടുകയോ കൈകളിൽ ആണികൾ തറയ്ക്കുകയോ ചെയ്യുകയും ചെയ്യും. ചിലപ്പോൾ നെടുംതടിക്കു കുറുകെ മറ്റൊരു തടി വച്ച് കുറ്റക്കാരൻ്റെ കൈകളെ നീട്ടി അതിനോടു ബന്ധിക്കും. നാലുതരത്തിലുള്ള ക്രൂശുകളാണ് പ്രധാനപ്പെട്ടവ: 1. സാധാരണ ക്രൂശ്; ഒറ്റത്തടി; 2. വിശുദ്ധ അന്ത്രയാസിന്റെ ക്രൂശ്; ഇംഗ്ലീഷിലെ X പോലെ; 3. വിശുദ്ധ അന്തോണിയുടെ ക്രൂശ്; T പോലെ; 4. ലത്തീൻ കൂശ്; ചരിഞ്ഞ ക്രോസ്. മറ്റുവിധത്തിലുള്ള ചില ക്രൂശുകളും കണ്ടെടുത്തിട്ടുണ്ട്: നാലുഭുജങ്ങളും തുല്യ ദൈർഘ്യമുളളതാണ് ഗ്രീക്കു കൂശ്. കൂടാതെ ഇരട്ടക്കുരിശും, മുക്കുരിശും ഉണ്ടായിരുന്നു. വിശുദ്ധ അന്തോണിയുടെ ക്രൂശിൻ രൂപം (T) തമ്മൂസ് ദേവന്റെ അടയാളത്തിൽ (തൗ) നിന്നും വന്നതാണെന്നു കരുതപ്പെടുന്നു. ക്രിസ്തുവിനു മുമ്പും ക്രൂശ് പ്രതീകമായി ഉപയോഗിച്ചിരുന്നു . ഈജിപ്റ്റിലെ പ്രകാശദേവനായ ഹോറെസിൻ്റെ പുരോഹിതന്മാരുടെ വേഷത്തിൽ ക്രൂശിന്റെ അടയാളമുണ്ടായിരുന്നു. വളരെ മുമ്പുതന്നെ ഫിനിഷ്യയിലെ സ്മാരകങ്ങളിൽ ക്രൂശിന്റെ ചിഹ്നം ഉണ്ടായിരുന്നു.

ക്രൂശീകരണം: ക്രൂശിക്കുന്നതിനു മുമ്പ് ചമ്മട്ടി കൊണ്ടടിക്കുക പതിവായിരുന്നു. അധികം വേദനിപ്പിക്കുന്നതിനുവേണ്ടി അസ്ഥിഖണ്ഡങ്ങളും ആണികളും ചാട്ടയോടു ബന്ധിച്ചിരുന്നു. ക്രിസ്തുവിനെ അടിപ്പിച്ചത് വിധി പ്രസ്താവിച്ചതിനു ശേഷം നിയമപരമായി ആയിരുന്നില്ല: (ലൂക്കൊ, 23:23; യോഹ, 19:1). കുറ്റക്കാരൻ സ്വന്തം ക്രൂശ് ചുമക്കേണ്ടതാണ്. അല്ലെങ്കിൽ അതിന്റെ ഒരു ഭാഗമെങ്കിലും (കുറുംതടി) ചുമക്കേണ്ടതാണ്. മറ്റൊരാൾക്ക് കുറ്റക്കാരനുവേണ്ടി കൂശ് ചുമക്കാം: (ലൂക്കൊ, 23:26). വധശിക്ഷ നടത്തിയിരുന്നത് പട്ടണത്തിനു വെളിയിൽവച്ചായിരുന്നു: (1രാജാ, 21:13; പ്രവൃ, 7:58; എബ്രാ, 13:12). അവിടെ എത്തിക്കഴിഞ്ഞാലുടൻ കുറ്റക്കാരൻ വസ്ത്രം മാറ്റും. ഈ വസ്ത്രം പടയാളികളുടെ അവകാശമാണ്: (മത്താ, 27:35). ക്രൂശ് നിവർത്തി നിർത്തിയശേഷം കുറ്റവാളിയെ ചരടുകൊണ്ടു ബന്ധിക്കുകയോ ആണി തറയ്ക്കകയോ ചെയ്യും. ചിലപ്പോൾ കുറ്റക്കാരനെ ബന്ധിച്ചശേഷമായിരിക്കും ക്രൂശ് നിറുത്തുന്നത്. ക്രൂശോടു ചേർത്തു ബന്ധിക്കുന്നതിനു മുമ്പ് വേദന കുറയ്ക്കുന്നതിനും ഇന്ദ്രിയങ്ങളെ മരവിപ്പിക്കുന്നതിനുമായി കൈപ്പു കലക്കിയ വീഞ്ഞു കൊടുക്കും. ക്രിസ്തു അതു നിരസിച്ചു: (മത്താ, 27:34; മർക്കൊ, 15:23). 

ആണി അടിക്കുന്നതു വേദനയ്ക്കു കാരണമാണ്. എന്നാൽ അത് മരണത്തെ ത്വരിപ്പിക്കും. ഒമ്പതു ദിവസം വരെ ക്രൂശിൽ കിടന്നശേഷം മരിച്ചവരെക്കുറിച്ചുള്ള രേഖകളുണ്ട്. മരണകാലം ദീർഘിക്കുന്നതുകൊണ്ടാണ് പതിവനുസരിച്ചു ക്രിസ്തുവിനെ സൂക്ഷിക്കുവാൻ നാലു പടയാളികൾ അടങ്ങുന്ന ഒരു ഗണത്തെയും (യോഹ, 19:23) അവരുടെ ശതാധിപനെയും നിയമിച്ചത്: (മത്താ, 27:66). മരണത്തെ ത്വരിപ്പിക്കുവാൻ വേണ്ടി യെഹൂദന്മാർ കാലുകൾ ഒടിക്കും: (യോഹ, 19:31). രണ്ടു കളളന്മാരുടെയും കാൽ ഒടിച്ചു എങ്കിലും ക്രിസ്തു മരിച്ചു കഴിഞ്ഞിരുന്നതിനാൽ കാലുകൾ ഒടിച്ചില്ല: (യോഹ, 19:32-34). മുമ്പെ അനുഭവിച്ച പീഡകളാണ് ക്രിസ്തുവിന്റെ ശീഘ്രമരണത്തിനു കാരണമായത്. 

ക്രൂശ് ഏറ്റവും നിന്ദ്യമായിരുന്നെങ്കിലും വിശ്വാസികളുടെ ദൃഷ്ടിയിൽ അത് അമൂല്യവും വിശുദ്ധവുമായിത്തീർന്നു. രക്ഷയുടെ ശക്തി അനുഭവിക്കുന്നവർ ക്രൂശിൽ പ്രശംസിക്കും. എപ്പോൾ മുതലാണ് ക്രൂശ് ക്രിസ്ത്യാനികളുടെ അടയാളമായിത്തീർന്നതു എന്നു പറവാൻ നിവൃത്തിയില്ല. കോൺസ്റ്റന്റയിൻ ചക്രവർത്തിയുടെ കാലത്തിനു മുമ്പുതന്നെ ക്രൂശിനെ അടയാളമായി സ്വീകരിച്ചു. ആദിമ ക്രിസ്ത്യാനികളുടെ ശവക്കല്ലറകളിൽ ക്രൂശിന്റെ അടയാളമുണ്ടായിരുന്നു. 

ക്രൂശിന്റെ പ്രാധാന്യം: ദൈവപുത്രനായ യേശുക്രിസ്തുവിന്റെ ക്രൂശുമരണത്തിലൂടെ ഒരിക്കലെന്നേക്കുമായി പൂർത്തിയാക്കിയ നിത്യരക്ഷയാണ് ക്രൂശിന്റെ പ്രാധാന്യത്തിനു ഹേതു. രക്ഷയുടെ സുവിശേഷത്തിന്റെ പ്രതീകമാണ് ക്രൂശ്. യേശുക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിച്ചു; അതുകൊണ്ട് സുവിശേഷപ്രസംഗം കൂശിൻ്റെ വചനമാണ്. “ക്രൂശിൻ്റെ വചനം നശിച്ചുപോകുന്നവർക്കു ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവ ശക്തിയും ആകുന്നു:” (1കൊരി, 1:18). സുവിശേഷത്തെ എതിർക്കുന്നവർ ക്രൂശിൻ്റെ ശ്രത്രുക്കളാണ്: (ഫിലി, 3:18). അങ്ങനെ കർത്താവായ യേശുക്രിസ്തുവിന്റെ ക്രൂശ് പ്രശംസാവിഷയമായി. ക്രിസ്തുവിന്റെ പുനരുത്ഥാനത്തിനുശേഷം യേശുവിന്റെ ജനനം മുതൽ മരണം വരെയുളള കഷ്ടതയുടെ പ്രതിരൂപമായി കൂശ് മാറി; (എബ്രാ, 12:2). ക്രൂശിന്റെ വചനം നിരപ്പിന്റെ വചനമാണ്; (2കൊരി, 5:19). ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശ്രത്രുത്വം നീക്കി വേർപാടിന്റെ നടുക്കുവർ ഇടിച്ചുകളഞ്ഞ് യെഹൂദന്മാരെയും ജാതികളെയും ദൈവം നിരപ്പിച്ചതു് ക്രൂശിലൂടെയാണ്: (എഫെ, 2:14-16). ദൈവം പ്രപഞ്ചത്തിലുള്ള സകലത്തെയും തന്നോടു നിരപ്പിച്ച് സമാധാനം ഉണ്ടാക്കിയത് ക്രിസ്തു ക്രൂശിൽ ചൊരിഞ്ഞ രക്തത്തിലൂടെയായിരുന്ന്: (കൊലൊ, 1:20). ചട്ടങ്ങളാൽ നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന കൈയെഴുത്തുമായിച്ച് ക്രൂശിൽ തറച്ചു: (കൊലൊ, 2:14). വേദനാപൂർണ്ണമായ ആത്മത്യാഗത്തെ കൂശ് ചൂണ്ടിക്കാണിക്കുന്നു: (മത്താ, 16:24). ക്രൂശ് യെഹൂദന്മാർക്കു ഇടർച്ചയും ജ്ഞാനികളായ ജാതികൾക്കു ഭോഷത്വവും വിശ്വാസികൾക്കു ദൈവജ്ഞാനവും ആകുന്നു: (1കൊരി, 1:18,23,24). 

അപമാനത്തിന്റെയും താഴ്ചയുടെയും പ്രതിബിംബമാണ് ക്രൂശ്. യെഹൂദന്മാർക്കു അത് ശാപത്തിന്റെ അടയാളമാണ്: (ആവ, 21:23; ഗലാ, 3:13). ക്രിസ്തു അപമാനം അലക്ഷ്യമാക്കി ക്രൂശിനെ സഹിച്ചു (എബ്രാ, 12:2), കൂശിലെ മരണത്തോളം (ഫിലി, 2:8) ക്രിസ്തു താഴ്ച അനുഭവിച്ചു. കുറ്റക്കാരൻ ക്രൂശും ചുമന്നുകൊണ്ടു നടക്കുന്ന ഹീനമായ കാഴ്ച റോമൻ ഭരണകാലത്ത് ഒരു സാധാരണ ദൃശ്യമായിരുന്നു. അതുകൊണ്ടാണ് ശിഷ്യത്വത്തിന്റെ പാതയെ ക്രൂശു ചുമക്കലായി ക്രിസ്തു പറഞ്ഞത്: (മത്താ, 10:38; മർക്കൊ, 8:34; ലൂക്കൊ, 14:27). എല്ലാറ്റിലും ഉപരിയായി ക്രിസ്തുവിനോടുള്ള നമ്മുടെ ഐക്യത്തിന്റെ അടയാളമാണ് കൂശ്: (2കൊരി, 5:14). ക്രിസ്തുവിന്റെ പ്രായശ്ചിത്തമരണം നമുക്കുവേണ്ടി ആകയാൽ ക്രൂശിൽ നാം അവനിൽ മരിച്ചിരിക്കുകയാണ്. നമ്മുടെ പഴയമനുഷ്യൻ ക്രിസ്തുവിനോടുകൂടി ക്രൂശിക്കപ്പെട്ടു. അതിനാൽ നാം ജീവൻ്റെ പുതുക്കത്തിൽ നടക്കുന്നു: (റോമ, 6:4-6).

2 thoughts on “ക്രൂശും, ക്രശീകരണവും”

  1. ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശ്രത്രുത്വം നീക്കി വേർപാടിന്റെ നടുക്കുവർ ഇടിച്ചുകളഞ്ഞ്

    നടുച്ചുവർ

    ഈ അദ്ധ്വാനത്തെ ദൈവം അനുഗ്രഹിക്കുമാറാകട്ടെ
    ഇതിന്റെ പിന്നിൽഅണിനിരന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ
    പ്രാർത്ഥനയിൽ ഓർത്തുകൊണ്ട് സ്വന്തം സഹോദരൻ

Leave a Reply

Your email address will not be published. Required fields are marked *