ഫിലിപ്പിൻ്റെ കൈസര്യ (Caesarea Philippi)
ഹെർമ്മോൻ പർവ്വതത്തിന്റെ അടിവാരത്തിൽ സ്ഥിതിചെയ്യുന്ന രമണീയമായ ഭൂപ്രദേശമാണാ ഫിലിപ്പിന്റെ കൈസര്യ. സമുദ്രനിരപ്പിൽ നിന്നും 350 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശം യോർദ്ദാൻ നദിയുടെ മുഖ്യസ്രോതസിൽ സ്ഥിതിചെയ്യുന്നു. പഴയനിയമത്തിലെ ബാൽഗാദ് (Baal-Gad) ഇതായിരുന്നിരിക്കണം. അക്കാലത്ത് ഇവിടെ ബാലിനെ ആരാധിച്ചിരുന്നു. ഗ്രീക്കുകാർ ബാലിന്റെ സ്ഥാനത്ത് പാൻ (Pan) ദേവനെ അവരോധിച്ചു, പട്ടണത്തെ പാനയാസ് (Paneas) എന്നും, പൂജാഗിരിയെ പാനിയൊൺ എന്നും വിളിച്ചു. മഹാനായ അന്ത്യൊക്കസ് മൂന്നാമനും ഈജിപ്റ്റും തമ്മിലുള്ള യുദ്ധരംഗമായിരുന്നു (ബി.സി. 200) ഈ പട്ടണം. മഹാനായ ഹെരോദാവ് തനിക്കു ഈ പട്ടണം നല്കിയ ഔഗുസ്തൊസ് കൈസരിന് ഒരു മാർബിൾ ക്ഷേത്രം പണിതു. ഇടപ്രഭുവായ ഫിലിപ്പോസ് പട്ടണത്തെ മോടിപിടിപ്പിച്ചു. ചക്രവർത്തിയുടെ ബഹുമാനാർത്ഥം പട്ടണത്തിനു കൈസര്യ എന്നു നാമകരണം ചെയ്തു. ഫിലിപ്പിൻ്റെ എന്നു കൂട്ടിച്ചേർത്തത് തീരപ്രദേശത്തുളള കൈസര്യയിൽനിന്ന് ഇതിനെ വേർതിരിക്കാനാണ്. നീറോയുടെ വാഴ്ചക്കാലത്ത് അഗ്രിപ്പാവ് രണ്ടാമൻ പട്ടണത്തെ വീണ്ടും വലുതാക്കുകയും മോടിപിടിപ്പിക്കുകയും ചെയ്തശേഷം അതിന് നെറൊണിയാസ് എന്ന പേരു നല്കി. നീറോയുടെ മരണത്തോടുകൂടി ആ പേരും അപ്രത്യക്ഷമായി. ഇന്നു പട്ടണത്തിന്റെ പേര് ബനിയാസ് ആണ്. പനയാസ് (Paneas) അറബിയിൽ ‘പ’യുടെ അഭാവം നിമിത്തം ബനിയാസ് ആകും. തിരുവെഴുത്തുകളിൽ ഒറ്റസംഭവം കൊണ്ടാണ് ഫിലിപ്പിന്റെ കൈസര്യ വിശുതമായിതീർന്നത്. അവിടെവച്ച് ശിമോൻ പത്രൊസ് യേശുവിനെ ‘ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു’ എന്നു ഏറ്റുപറഞ്ഞു. (മത്താ, 16:16). അതിനെത്തുടർന്നാണ് യേശു സഭാസ്ഥാപനവും (16:18-20), തന്റെ മരണപുനരുത്ഥാനങ്ങളും (16:21), പുനരാഗമനവും (16:27) വെളിപ്പെടുത്തിയത്.