കൃപ (grace)
അർഹിക്കാത്ത വ്യക്തിയുടെമേൽ പകരപ്പെടുന്ന ദൈവിക കരുണയാണ് കൃപ. ദൈവശാസ്ത്രത്തിൽ ആഴവും പരപ്പും ഉള്ള വിഷയമാണ് കൃപ. ആനന്ദം, സന്തോഷം, മാധുര്യം, ഭംഗി, ലാവണ്യം, അനുകമ്പ, കരുണ, ആർദ്രസ്നേഹം എന്നിങ്ങനെ വ്യത്യസ്തവും ബന്ധിതവും ആയ ആശയങ്ങളിൽ പ്രയോഗിക്കപ്പെട്ടിട്ടുള്ള പദമാണ് കൃപ. യജമാനൻ അടിമയോടു കാണിക്കുന്ന കരുണ കൃപയാണ്. പുതിയനിയമത്തിൽ വെളിപ്പെടുത്തിയിരിക്കുന്ന തലത്തിൽ കൃപയുടെ ആശയം സ്പഷ്ടമാക്കുന്ന പദം ‘അരുൾ’ അത്രേ. സംസ്കൃതത്തിൽ ‘പ്രസാദ’ എന്ന വാക്കാണ് ഉപയോഗിച്ചു കാണുന്നത്. വരപ്രസാദം എന്ന പ്രയോഗം ദൈവകൃപയെ വിവക്ഷിക്കുവാൻ പര്യാപ്തമാണ്. ഒരു വ്യക്തിയിലോ ഭാഷണത്തിലോ പ്രവൃത്തിയിലോ വിളങ്ങുന്ന സുഭഗത അഥവാ ചാരുത ആണ് ഗ്രീക്കുപദം വ്യക്തമാക്കുന്നത്. പാപം നിമിത്തം ദൈവത്തിൽനിന്നകന്നുപോയ മനുഷ്യനെ പാപം കണക്കിടാതെ രക്ഷയും നിത്യജീവനും സ്വായത്തമാക്കുവാൻ ക്ഷണിക്കുന്ന രക്ഷണ്യ സ്നേഹമാണ് പുതിയനിയമത്തിൽ കാണുന്ന കൃപ.
യോഹന്നാൻ 1:17-ൽ ന്യായപ്രമാണത്തിന്റെ വിരുദ്ധ കോടിയിൽ കൃപയെ അവതരിപ്പിച്ചിരിക്കുന്നു. “ന്യായപ്രമാണം മോശെമുഖാന്തരം ലഭിച്ചു; കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരം വന്നു.” ഇവിടെ വൈരുദ്ധ്യകഥനം താരതമ്യത്തിനു മാത്രമാണ്. പഴയനിയമത്തിൽ കൃപ ഇല്ലായിരുന്നു എന്ന് ഇതിനർത്ഥമില്ല. അന്നു കൃപ യിസ്രായേലിനു മാത്രമായി പരിമിതപ്പെട്ടിരുന്നു. എന്നാൽ ക്രിസ്തുവിലൂടെ ഉദിച്ച രക്ഷാകരമായ ദൈവകൃപ സാർവ്വലൗകികമാണ്. (തീത്താ, 2:11). ന്യായപ്രമാണത്തിനു മുമ്പു തന്നെ കൃപ നിലവിലുണ്ടായിരുന്നു. ദൈവം പിതാക്കന്മാരോടു വ്യക്തിപരമായി ഇടപെട്ടതും, നിയമം ചെയ്തതും കൃപയുടെ അടിസ്ഥാനത്തിലായിരുന്നു. നോഹയ്ക്കു യഹോവയുടെ കൃപലഭിച്ചു എന്നു പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്. (ഉല്പ, 6:8). സ്വന്തജനമായി യിസ്രായേലിനെ തിരഞ്ഞെടുത്തത് ദൈവത്തിന്റെ കൃപയാണ്. (ആവ, 7:7,8). യിസ്രായേലിനു ന്യായപ്രമാണം നല്കിയതും ദൈവത്തിൻ്റെ കൃപയാണ്. “അവയെ പ്രമാണിച്ചു നടപ്പിൻ; ഇതു തന്നെയല്ലോ ജാതികളുടെ ദൃഷ്ടിയിൽ നിങ്ങളുടെ ജ്ഞാനവും വിവേകവും ആയിരിക്കുന്നത്. അവർ ഈ കല്പനകളൊക്കെയും കേട്ടിട്ടു: ഈ ശ്രേഷ്ഠജാതി ജ്ഞാനവും വിവേകവും ഉള്ള ജനം തന്നേ എന്നു പറയും. നമ്മുടെ ദൈവമായ യഹോവയോടു നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെയും അവൻ നമുക്കു അടുത്തിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തിരിക്കുന്ന ശ്രേഷ്ഠജാതി ഏതുള്ളൂ? ഞാൻ ഇന്നു നിങ്ങളുടെ മുമ്പിൽ വെക്കുന്ന ഈ സകല ന്യായപ്രമാണവും പോലെ ഇത്ര നീതിയുളള ചട്ടങ്ങളും വിധികളും ഉള്ള ശ്രേഷ്ഠജാതി ഏതുള്ളൂ?” (ആവ, 4:6-8). ന്യായപ്രമാണം ഒരിക്കലും കൃപയെ ദുർബ്ബലമാക്കുന്നില്ല. (ഗലാ, 3:17-19).
കർത്താവായ യേശുക്രിസ്തുവിലൂടെ ദൈവം പാപിക്കു നല്കിയ അനുപമമായ വീണ്ടെടുപ്പിന്റെ അടിസ്ഥാനം ദൈവിക കൃപയാണ്. “കരുണാസമ്പന്നനായ ദൈവമോ നമ്മെ സ്നേഹിച്ച മഹാസ്നേഹം നിമിത്തം അതിക്രമങ്ങളാൽ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോടുകൂടെ ജീവിപ്പിക്കയും – കൃപയാലത്രേ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നു.” (എഫെ, 2:4,5). തൻ്റെ ഏകജാതനായ പുത്രനെ (ക്രിസ്തുവിനെ) ദൈവം കൃപയും സത്യവും നിറഞ്ഞവനായി (യോഹ, 1:14) ഭൂമിയിലേക്കയച്ചു. കർത്താവും രക്ഷിതാവുമായ ക്രിസ്തുവിൽ വിശ്വാസം അർപ്പിക്കുന്ന ഏവർക്കും ദൈവം കൃപ നല്കുന്നു.
കൃപാസിദ്ധാന്തത്തിന്റെ കാതലായ സത്യം ദൈവം നമുക്കുവേണ്ടി എന്നതത്രേ. നാം ദൈവത്തിനു ശത്രുക്കളായിരിക്കവെയാണ് ദൈവം നമുക്കുവേണ്ടി നിലകൊണ്ട്ത്. നാം ബലഹീനരും അഭക്തരും ആയിരിക്കുമ്പോൾ ദൈവം നമ്മെ സ്നേഹിച്ചു. (റോമ, 5:6,8). ക്രിസ്തുവിലൂടെ ദൈവം നമ്മെ തന്നോടു നിരപ്പിച്ചു. പുത്രനിലൂടെ ദൈവം നമ്മുടെ ദൈവമായിരിക്കേണ്ടതിന് സൗജന്യമായി ദൈവം തന്നെത്തന്നെ നമ്മോടു ബന്ധിപ്പിക്കുകയും നാം അവൻ്റേതായിരിക്കുവാൻ വേണ്ടി നമ്മെ തന്നോടു ബന്ധിപ്പിക്കുകയും ചെയ്തു. ഇനിയൊരിക്കലും നമ്മുടെ ശത്രുവായിരിക്കാതെ, നമ്മുടെ ശത്രുക്കൾക്കെതിരെ ദൈവം നമുക്കുവേണ്ടി നമ്മോടു കൂടെ നില്ക്കുകയാണ്. “ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ? സ്വന്തപുത്രനെ ആദരിക്കാതെ നമുക്കു എല്ലാവർക്കും വേണ്ടി ഏല്പിച്ചുതന്നവൻ അവനോടുകൂടെ സകലവും നമുക്കു നല്കാതിരിക്കുമോ?” (റോമ, 8:31,32).
കൃപ സൗജന്യമാണ്. ദൈവത്തിന്റെ പക്ഷത്ത് ഒരു കടപ്പാടായിരുന്നു കൃപ എങ്കിൽ അതൊരിക്കലും കൃപ ആകയില്ലായിരുന്നു. കൃപ കാണിക്കാൻ ദൈവം പ്രേരിതനായതല്ല, മറിച്ചു സൗജന്യമായി ചെയ്തതാണ്. പാപികൾ അർഹിക്കുന്നത് ദൈവത്തിന്റെ പ്രാതികൂല്യം മാത്രമാണ്. പാപത്തിന്റെ നേർക്കുള്ള ദൈവത്തിന്റെ വിദ്വേഷവും ശത്രുതയും പ്രകടമായി വെളിപ്പെട്ടത് ക്രൂശിലാണ്. ക്ഷമയ്ക്കർഹതയില്ലാത്ത പാപികളാണ് നാം. അതിനാൽ ദൈവം നമുക്കു പ്രതികൂലം ആയിരിക്കേണ്ടിയിരുന്നു. എന്നാൽ അത്ഭുതമെന്നു പറയട്ടെ, ഒരു നാശകനെയോ, ന്യായാധിപതിയെയോ നമുക്കെതിരെ അയയ്ക്കാതെ സ്വയം വിധിക്കപ്പെടുകയും മരിക്കുകയും ചെയ്തുകൊണ്ടു നമ്മെ രക്ഷിക്കാനായി ദൈവം തന്നെ വന്നു. ദൈവത്തിനെതിരെയുള്ള നമ്മുടെ ശത്രുതയുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തുകൊണ്ട് ദൈവം മനുഷ്യനു അനുകൂലമായി തിരിഞ്ഞു; അതാണ് കൃപ. ക്രിസ്തു മരണം അനുഭവിച്ച് ദൈവത്തിന്റെ വിശുദ്ധിയെ തൃപ്തിപ്പെടുത്താതിരുന്നെങ്കിൽ കൃപ അസാദ്ധ്യമാകുമായിരുന്നു.
ന്യായപ്രമാണവും കൃപയും തമ്മിലുള്ള ബന്ധം പൗലൊസിന്റെ എഴുത്തുകളിലെ ഒരു പ്രമുഖ വിഷയമാണ്. (റോമ, 5:1, 15-17; 8:1,2; എഫെ, 2:8,9; ഗലാ, 5:4,5). വിശ്വാസികൾക്കെല്ലാം ദൈവം രക്ഷ നല്കുന്നതു കൃപ എന്ന മാദ്ധ്യമത്തിലൂടെയാണ്. “സകല മനുഷ്യർക്കും രക്ഷാകരമായ ദൈവകൃപ ഉദിച്ചുവല്ലോ.” (തീത്തൊ, 2:11). ദൈവം ഒരു വ്യക്തിയെ വേർതിരിച്ചു വിളിക്കുന്നതു കൃപയാലാണ്. (ഗലാ, 1:15). കൃപയാൽ നാം രക്ഷിക്കപ്പെട്ടിരിക്കുന്നു. (എഫെ, 2:8). ക്രിസ്തീയ ജീവിതത്തിൽ നിലനില്ക്കാൻ നമ്മെ സഹായിക്കുന്നതും ദൈവകൃപയാണ്. (അപ്പൊ, 11:23; 20:32; 2കൊരി, 9:14). വിശ്വാസിയുടെ നിത്യരക്ഷ സുഭദ്രമാക്കുന്നതു കൃപയാലുള്ള ദൈവത്തിന്റെ പ്രാരംഭ പ്രവർത്തനമെന്നപോലെ തന്നെ ക്രിസ്തീയ ജീവിതത്തെ പൂർണ്ണമായി നിലനിർത്തുന്നതും, വീഴാതവണ്ണം കാത്തുകൊള്ളുന്നതും കൃപയാണ്. താഴ്മയുളളവർക്കു ദൈവം പ്രത്യേകം കൃപ നല്കുന്നു. (1പത്രൊ, 5:5; യാക്കോ, 4:6). പ്രതിഫലം എന്ന അർത്ഥത്തിൽ ഒരിടത്തു കൃപ (ഖാറിസ്) ഉപയോഗിച്ചിട്ടുണ്ട്. (ലൂക്കൊ, 6:32). ഇവിടെ സത്യവേദപുസ്തകത്തിൽ ‘ഉപചാരം’ എന്നു പരിഭാഷ. ഇതേ സന്ദർഭത്തിൽ മത്തായി ഉപയോഗിക്കുന്നതു ‘കുലി’ അഥവാ ‘പ്രതിഫലം’ എന്നർത്ഥമുള്ള മിതൊസ് അത്രേ. (മത്താ, 5:46). പുതിയനിയമ ലേഖനങ്ങളുടെ ഒടുവിൽ എഴുത്തുകാർ വായനക്കാർക്കു ദൈവകൃപ ആശംസിക്കുന്നുണ്ട്: (റോമ, 16:20; 1കൊരി, 16:23; 2കൊരി, 13:14; ഗലാ, 6:18; എഫെ, 6:24; ഫിലി, 4:23; കൊലൊ, 4:18; 1തെസ്സ, 5:28; തീത്താ, 1:4; ഫിലേ, 1:3; എബ്രാ, 13:25; ചില ലേഖനങ്ങളുടെ ആരംഭത്തിലും ഈ ആശംസകാണാം: (റോമ, 1:4; 1കൊരി, 1:3; 2കൊരി, 1:2; ഗലാ, 1:4; എഫെ, 1:2; ഫിലി, 1:2; കൊലൊ, 1:2; 1തെസ്സ, 1:2; 2തെസ്സ, 1:2; 1തിമൊ, 1:2; 2തിമൊ, 1:2; തീത്തൊ, 3:15; ഫിലേ, 1:25; 1പത്രൊ, 1:2; 2പത്രൊ, 1:2; 2യോഹ, 3; വെളി, 1:5).
അർഹിക്കാത്ത വ്യക്തിയുടെമേൽ പകരപ്പെടുന്ന ദൈവിക കരുണയാണ് കൃപയെന്ന് നാം മനസ്സിലാക്കി. എന്നാൽ എന്താണ് കരുണയെന്ന് മനസ്സിലാക്കാൻ ഒരു സംഭവംകൂടി പറയാം: ഒരിക്കൽ ഒരു അമ്മ മരണശിക്ഷയ്ക്കു വിധിക്കപ്പെട്ട തന്റെ മകനുവേണ്ടി ഫ്രഞ്ചു ചക്രവർത്തിയായ ‘നെപ്പോളിയൻ ബോണപ്പാർട്ടിന്റെ’ അടുക്കലെത്തി; അവനോടു കരുണ ചെയ്യണമെന്ന് അ പേക്ഷിച്ചു. എന്നാൽ അവൻ രണ്ടാം പ്രാവശ്യമാണ് ഒരേ കുറ്റത്തിന് വിചാരണ നേരിടുന്നത്; അതിനാൽ ന്യായമായും അവൻ മരണശിക്ഷയ്ക്ക് യോഗ്യനാണെന്ന് നെപ്പോളിയൻ പ്രതിവചിച്ചു. എന്നാൽ ആ അമ്മ ചക്രവർത്തിയോട് ഇപ്രകാരം പറഞ്ഞു: ഞാൻ നീതിക്കോ ന്യായത്തിനോ വേണ്ടിയല്ല അങ്ങയോട് അപേക്ഷിക്കുന്നത്; കരുണയ്ക്കു വേണ്ടിയാണ്. (ആ അമ്മയ്ക്ക് അറിയാമായിരുന്നു തൻ്റെ മകൻ ശിക്ഷായോഗ്യനാണെന്ന്). ‘പക്ഷെ അവൻ കരുണ അർഹിക്കുന്നില്ല’ എന്നു ചക്രവർത്തി വ്യക്തമാക്കി. ഉടനെ ആ അമ്മ ചക്രവർത്തിയോടു പറഞ്ഞു: ‘അർഹിക്കുന്നതു നല്കുന്നത് കരുണയല്ലല്ലോ; ഞാൻ അപേക്ഷിക്കുന്നത് അങ്ങയുടെ കരുണയ്ക്കു വേണ്ടിയാണ്. അതുകേട്ട ചക്രവർത്തി പറഞ്ഞു: ‘എങ്കിൽ അവനു കരുണ ലഭിച്ചിരിക്കുന്നു’ അങ്ങനെ കരുണ ലഭിച്ച യുവാവ് മരണത്തിൽനിന്ന് രക്ഷപെട്ടു. അർഹിക്കാത്ത സ്ഥാനത്ത് ലഭിക്കുന്ന ഭിക്ഷയാണ് ‘കരുണ’യെന്ന് മേല്പറഞ്ഞ സംഭവം വ്യക്തമാക്കുന്നു. മനുഷ്യരെല്ലാം പാപത്തിനും ശാപത്തിനും വിധേയരായി മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരായിരുന്നു നമ്മുടെ അവകാശം നിത്യനരകമായിരുന്നു. എന്നാൽ അതു നൽകാതെ; ദൈവം തന്റെ കൃപയാൽ സൗജന്യമായി (ഭിക്ഷ) നമുക്കു രക്ഷ നല്കി. അതിനാൽ നമുക്ക് നന്ദിയുള്ളവരായി കർത്താവിനെ സേവിക്കാം.
Nice