കിലിക്യ (Cilicia)
ഏഷ്യാമൈനറിന്റെ തെക്കുകിഴക്കു ഭാഗമാണ് കിലിക്യ. അതിന്റെ തെക്കു മെഡിറ്ററേനിയൻ സമുദ്രവും പടിഞ്ഞാറു പാംഫീലിയയും വടക്കു ടോറസ് പർവ്വത നിരയും കിഴക്കു അമാനസ് പർവ്വതനിരയും (ടോറസ് പർവ്വതത്തിന്റെ ദക്ഷിണ ശിഖരമാണു് ഇത്) കിടക്കുന്നു. പ്രാചീന ചരിത്രത്തിൽ ഏറിയകൂറും ഇതു തന്നെയായിരുന്നു കിലിക്യയുടെ അതിരുകൾ. ബി.സി. 9-ാംനൂറ്റാണ്ടിലെ ശിലാലിഖിതങ്ങളിൽ കാണുന്ന ഹിലാക്കു (Hilakku) എന്ന അശ്ശൂര്യൻ പദത്തിൽ നിന്നാണ് ഈ പേരു വന്നിരിക്കാൻ ഇടയുള്ളത്. കിലിക്യയെ രണ്ടു പ്രാകൃതിക വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്; സിലിഷ്യ ട്രാക്കിയയും (Cilicia Tracheia) സിലിഷ്യ പെഡിയാസും (Cilicia Pedias). അശ്ശൂരും പേർഷ്യയും കിലിക്യ അധീനപ്പെടുത്തിയിരുന്നു. ബി.സി. 333-ൽ മാസിഡോണിയയിലെ അലക്സാണ്ടർ ചകവർത്തിയുടെ സൈന്യം കിലിക്യ കവാടം വഴികടന്ന് ചെന്ന് ഇസൂസ്സ് യുദ്ധത്തിൽ പേർഷ്യൻ സൈന്യത്തെ തോല്പിച്ചു. റോമിന്റെ കീഴിൽ കിലിക്യ ഒരു പ്രവിശ്യയായി സംവിധാനം ചെയ്യപ്പെട്ടില്ല. ബി.സി. 67-ൽ പടിഞ്ഞാറെ കിലിക്യയിലുള്ള കൊള്ളക്കാരെ പോംപി അമർച്ച ചെയ്തതോടുകൂടിയാണു ഇവിടെ ഒരു ശരിയായ ഭരണം ആരംഭിച്ചത്. ബി.സി. 51-ൽ സീസറോ ആയിരുന്നു ഇവിടത്തെ ഗവർണ്ണർ. ബി.സി. 27-ൽ പ്രവിശ്യയെ വിഭജിച്ചു. വെസ്പേഷ്യന്റെ കാലം വരെ പൂർവ്വപശ്ചിമ ഭാഗങ്ങൾ ഒന്നായില്ല. തന്മൂലം അപ്പൊസ്തലികകാലത്ത് കിലിക്യയും അരാമും (സിറിയ) തമ്മിൽ അടുത്ത ബന്ധമുണ്ടായിരുന്നു. വെസ്പേഷ്യനാണ് ഈ രണ്ടു ഭാഗങ്ങൾളെയും ചേർത്ത് കിലിക്യ പ്രവിശ്യയാക്കിയതാ. കിലിക്യയിലെ പ്രസിദ്ധ പൌരനാണു് പൗലൊസ്. (ഗലാ, 1:21; പ്രവൃ, 15:23, 41). കിലിക്യയുടെ തലസ്ഥാനമായിരുന്ന തർശീശ് ആയിരുന്നു പൗലൊസിന്റെ ജന്മദേശം.