കള്ളന്മാരുടെ ഗുഹ
ഇന്ന് ഭൂമുഖത്ത് പതിനായിരക്കണക്കിന് ക്രൈസ്തവ ദേവാലയങ്ങൾ തല ഉയർത്തി നിൽക്കുന്നുണ്ട്. എന്നാൽ അവയെല്ലാം അത്യുന്നതനായ ദൈവത്തെ ആരാധിക്കുന്നതിനുള്ള ആലയങ്ങളായിട്ടല്ല ഇന്നു നിലനിൽക്കുന്നത്. ചില രാജ്യങ്ങളിൽ അവയിൽ പലതും പ്രാചീന വാസ്തുശില്പകലയുടെ സൗന്ദര്യരൂപങ്ങളായ ചരിത്ര സ്മാരകങ്ങളായും പുരാവസ്തു ഗവേഷകരുടെ പഠനകേന്ദ്രങ്ങളായും വിനോദസഞ്ചാരികളുടെ കൗതുകങ്ങളായും മാറ്റപ്പെട്ടിരിക്കുന്നു. സാമ്പത്തിക ഭദ്രതയുള്ള ക്രൈസ്തവ രാഷ്ട്രങ്ങളിൽപ്പോലും അറ്റകുറ്റപ്പണികൾക്ക് ആവശ്യമായ സാമ്പത്തികശേഷി ഇല്ലാത്തതിനാൽ ക്രൈസ്തവ ദേവാലയങ്ങൾ കച്ചവടസമുച്ചയങ്ങളും കായിക പരിശീലനകേന്ദ്രങ്ങളുമാക്കി മാറ്റുകയോ മറ്റു മതങ്ങൾക്കു വിൽക്കുകയോ ചെയ്യപ്പെടുന്നു. ദൈവത്തെ ആരാധിക്കുവാനായി പടുത്തുയർത്തിയിരിക്കുന്ന ദൈവാലയങ്ങൾ അതിന്റെ ലക്ഷ്യങ്ങളിൽനിന്നു വഴിമാറിപ്പോകുന്നതാണ് ഇപ്രകാരമുള്ള അധഃപതനത്തിനു കാരണമെന്നു തിരുവചനം നമ്മെ പഠിപ്പിക്കുന്നു. “എന്റെ ആലയം സകല ജനതകൾക്കും വേണ്ടിയുള്ള പ്രാർത്ഥനാലയം എന്നുക്കപ്പെടും” (യെശ, 56:7) എന്നു പ്രഖ്യാപിക്കുന്ന അത്യുന്നതനായ ദൈവം തന്റെ ആലയത്തെ ജനം “കള്ളന്മാരുടെ ഗുഹയാക്കി മാറ്റിയെന്നു” (യിരെ, 7:11) അരുളിച്ചെയ്യുന്നു. തന്റെ ജനം തന്നെമറന്ന് അന്യദൈവങ്ങളെ ആരാധിക്കുകയും പൊയ്തുമുഖങ്ങളോടെ തന്റെ ആലയത്തിൽ കടന്നുവരുകയും പാപത്തിൽ ജീവിതം തുടരുകയും ചെയ്തപ്പോൾ സർവ്വശക്തനായ ദൈവം തന്റെ പ്രമോദമായിരുന്ന യെരുശലേം ദൈവാലയം ചുട്ടുകരിക്കുവാൻ ശത്രുക്കളെ അനുവദിച്ചു. നീണ്ട 70 വർഷത്ത പ്രവാസത്തിനുശേഷം സെരുബ്ബാബേൽ പുനർനിർമ്മിച്ച യെരൂശലേം ദൈവാലയം ഹെരോദാവ് പുതുക്കിപ്പണിതു. ആ ദൈവാലയത്തിൽനിന്ന് യേശു വിൽക്കുന്നവരെയും വാങ്ങുന്നവരെയുമെല്ലാം പുറത്താക്കി, അവർ തന്റെ ആലയത്തെ കള്ളന്മാരുടെ ഗഹയാക്കി എന്ന് അരുളിച്ചെയ്തു. (മർക്കൊ, 11:15-17). പ്രസ്തുത ദൈവാലയം, കലിന്മേൽ കല്ലു ശേഷിക്കാതെ നാമാവശേഷമായി. മാത്രമല്ല, അതിന്റെ സ്ഥാനത്ത് ഇന്നു മറ്റൊരു മതത്തിന്റെ ആരാധനാലയം ഉയർന്നു നിൽക്കുകയും ചെയ്യുന്നു. സർവ്വശക്തനായ ദൈവം തന്റെ ആലയം അഥവാ ദൈവാലയം സർവ്വജനതകൾക്കുമായുള്ള പ്രാർത്ഥനാലയം എന്നാണു വിഭാവനം ചെയ്തിട്ടുള്ളത്.
എന്നാൽ കർത്താവിന്റെ ശരീരത്തിന്റെ അവയവങ്ങളായ വർണ്ണഭേദമുള്ള ക്രൈസ്തവ സഹോദരങ്ങൾക്ക് ഒരുമിച്ച് ആരാധിക്കുവാൻ ഇന്നത്തെ ക്രൈസ്തവ ദേവാലയങ്ങളിൽ സാധിക്കുന്നില്ല. വിവിധ സഭാവിഭാഗങ്ങളിലെ ജനങ്ങൾക്ക് ഒരുമിച്ച് ആരാധിക്കുവാൻ കഴിയുന്നില്ല. ദൈവാലയങ്ങളില്ലാത്ത ന്യൂനസമൂഹങ്ങൾക്ക് ആരാധനയ്ക്കായി സ്വന്തം ദൈവാലയങ്ങൾ തുറന്നുകൊടുക്കുവാനുള്ള സന്മനസ്സു പ്രദർശിപ്പിക്കുന്നില്ല. വ്യവഹാരങ്ങളുടെയും വക്കാണങ്ങളുടെയും കേളീരംഗമായ ഇന്നത്തെ ക്രൈസ്തവ ദേവാലയങ്ങളെ നോക്കി, “നിങ്ങൾ ഇതിനെ കള്ളന്മാരുടെ ഗുഹയാക്കി” എന്ന് കർത്താവ് പറയുമ്പോൾ, അതിന്റെ ഉത്തരവാദിത്വത്തിൽനിന്നു നമുക്കു രക്ഷപ്പെടുവാൻ കഴിയുകയില്ല. ദൈവത്തിന്റെ ആത്മാവ് വസിക്കുന്ന ദൈവത്തിന്റെ മന്ദിരങ്ങളായ നാം പാപത്താൽ നശിക്കുമ്പോഴാണ് നാം കെട്ടിപ്പടുക്കുന്ന ദൈവാല നങ്ങൾ നാശത്തിനിരയാകുന്നത്.