ഏഹൂദ് (Ehud)
പേരിനർത്ഥം – ഐക്യമത്യമുള്ള
ബെന്യാമീന്യനായ ഗേരയുടെ മകൻ. യിസ്രായേലിലെ രണ്ടാമത്തെ ന്യായാധിപനായിരുന്നു ഏഹുദ്. യിസ്രായേല്യർ യഹോവയെ ഉപേക്ഷിച്ചപ്പോൾ മോവാബ്യ രാജാവായ എഗ്ലോനെ യഹോവ ബലപ്പെടുത്തി. അമ്മോന്യരുടെയും അമാലേക്യരുടെയും സഹായത്തോടുകൂടെ എഗ്ലോൻ യെരീഹോനഗരം പിടിച്ചടക്കി: (ന്യായാ, 3:12,13). യിസ്രായേൽ പതിനെട്ടു വർഷം അവനു കപ്പം കൊടുത്തു. ഏഹൂദ് കപ്പവുമായി രാജാവിന്റെ അടുക്കൽ വന്നു. എഗ്ലോനോട് ഒരു രഹസ്യസന്ദേശം അറിയിക്കാനുണ്ടെന്നു പറഞ്ഞു് ഭൃത്യരെ പുറത്താക്കി. അവൻ തനിച്ചായപ്പോൾ ദൈവത്തിൽ നിന്നൊരു സന്ദേശം അറിയിക്കാനുണ്ടെന്നു ഏഹൂദ് പറഞ്ഞു. ദൈവിക സന്ദേശം സ്വീകരിക്കുന്നതിന് എഗ്ലോൻ ആദരപൂർവ്വം എഴുന്നേറ്റുനിന്നു . ഉടൻതന്നെ ഇടങ്കയ്യനായ ഏഹൂദ് ചുരികയെടുത്ത് എഗ്ലോൻ്റെ വയറ്റിൽ കുത്തിക്കടത്തി. മുറിയിൽ നിന്നിറങ്ങി മാളികയുടെ വാതിൽ അടച്ചുപൂട്ടി ഏഹൂദ് അവിടെനിന്നും രക്ഷപ്പെട്ട് സെയീരയിൽ ചെന്നുചേർന്നു. യിസായേൽമക്കളെ കൂട്ടിച്ചേർത്ത് അവൻ മോവാബ്യരോടു യുദ്ധം ചെയ്തു അവരിൽ പതിനായിരം പേരെ കൊന്നു. തുടർന്നു എൺപതുവർഷം ദേശത്തിനു സ്വസ്ഥത ലഭിച്ചു: (ന്യായാ, 3:15-30).