ഇരുപത്തുനാലു മൂപ്പന്മാർ
അപ്പൊസ്തലനായ യോഹന്നാൻ ആത്മവിവശനായി സ്വർഗ്ഗത്തിൽ ഒരു സിംഹാസനം വെച്ചിരിക്കുന്നതും സിംഹാസനത്തിൽ ഒരുവൻ ഇരിക്കുന്നതും കണ്ടു. സിംഹാസനത്തിനു ചുറ്റും പൊൻകിരീടം ധരിച്ച ഇരുപത്തിനാലു മൂപ്പന്മാർ ഇരിക്കുകയായിരുന്നു. (വെളി, 4:4, 5:8, 11:16, 19:4). ഈ മൂപ്പന്മാർ സ്വർഗ്ഗീയ ജീവികളാണെന്നും, ദൂതന്മാരാണന്നും, മനുഷ്യരുടെ പ്രതിനിധികളാണെന്നും, സഭയുടെ പ്രതിനിധികളാണെന്നും അഭിപ്രായഭേദങ്ങളുണ്ട്.
A. മൂപ്പന്മാർ ദൈവദൂതന്മാർ:
1. അവർ സ്വർഗ്ഗത്തിൽ ദൈവത്തെ ആരാധിക്കുന്നതിനും ദൈവത്തിനു സ്തുതി പാടുന്നതിനും നേതൃത്വം വഹിക്കുന്ന തേജസ്സുള്ള സ്വർഗ്ഗീയ ജീവികളാണ്.
2. ദൈവരാജ്യത്തിന്റെ പരിസമാപ്തിയിലേക്കുള്ള സംഭവങ്ങളുടെ എല്ലാ പ്രതിസന്ധികളിലും അവർ ആർത്തുപാടുന്നു.
3. പാപത്തിന്റെയും എതിർപ്പിന്റെയും ക്ഷമയുടെയും വിജയത്തിന്റെയും അനുഭവങ്ങൾ അവർ ഒരിക്കലും അറിഞ്ഞതായി തോന്നുന്നില്ല.
4. പ്രവാചകന്മാർ, വിശുദ്ധന്മാർ, പുർവ്വയുഗങ്ങളിലെ ഭക്തന്മാർ എന്നിവരിൽനിന്നു അവർ സ്വയം വ്യാവർത്തിപ്പിക്കുന്നു.
മൂപ്പന്മാർ സിംഹാസനങ്ങളിൽ ഇരിക്കയാണ്. സ്വർഗ്ഗീയ ജീവികൾ ഒരിക്കലും സിംഹാസനത്തിൽ ഇരിക്കുന്നതായി നാം വായിക്കുന്നില്ല. കെരൂബുകൾ നില്ക്കുന്നു (യെഹ, 1:24-25, 10:3, 17:19), സറാഫുകൾ പറക്കുകയും നില്ക്കുകയും ചെയ്യുന്നു (യെശ, 6:2), ഗ്രബീയേൽ ദൂതൻ ദൈവസന്നിധിയിൽ നില്ക്കുന്നു (ലൂക്കൊ, 1:19), ദൂതന്മാരും ജീവികളും നില്ക്കുകയാണു (1രാജാ, 22:19, 2ദിന, 18:18, വെളി, 4). എന്നാൽ സഭയെ സിംഹാസനത്തിലിരുത്തുമെന്നു പറഞ്ഞിട്ടുണ്ട്. (മത്താ, 22:30, വെളി, 20:4, 3:21). ദൂതന്മാരിൽ മൂപ്പന്മാർ ഉള്ളതായി തെളിവില്ല. ഈ മൂപ്പന്മാരുടെ എണ്ണം ഇരുപത്തിനാല് ആണെന്ന് ആറ് സ്ഥാനങ്ങളിൽ നിർദ്ദേശിച്ചു കാണുന്നു.
B. പഴയനിയമ പുതിയനിയമ വിശുദ്ധന്മാർ: യിസ്രായേലിൽ പ്രന്തണ്ട് ഗോത്രപിതാക്കന്മാർ ഉണ്ടായിരുന്നു; സഭയ്ക്ക് പ്രന്തണ്ട് അപ്പൊസ്തലന്മാരും. രണ്ടുംകൂടെ ചേരുമ്പോൾ ഇരുപത്തിനാലു ആകും.
ഈ വ്യാഖ്യാനം യിസ്രായേലിനെയും സഭയെയും ഒന്നായി കാണുന്നു. പഴയനിയമ വിശുദ്ധന്മാരുടെയും പുതിയനിയമ വിശുദ്ധന്മാരുടെയും പുനരുത്ഥാനം ഒരുമിച്ചാണെന്ന ധാരണയാണ് ഇതിന്റെ പിന്നിലുള്ളത്. എന്നാൽ യിസ്രായേലിന്റെ പുനരുത്ഥാനം ക്രിസ്തുവിന്റെ മഹത്വപ്രത്യക്ഷതയിലാണ്; അതു മഹാപീഡനത്തിനു ശേഷവുമാണ്. (ദാനീ, 12:1-2, യെശ, 26:19, യോഹ, 11:24). മാത്രവുമല്ല, സഭ പുനരുത്ഥാനശേഷം നിത്യാനുഗ്രഹത്തിലേക്ക് പ്രവേശിക്കും; യിസ്രായേൽ രാജ്യാനുഗ്രഹത്തിലേക്കും.
C. മുപ്പന്മാർ സഭയുടെ പ്രതിനിധികൾ: ഈ നിഗമനത്തിനു ഉപോദ്ബലകമായ തെളിവുകൾ താഴെ കൊടുക്കുന്നു:
1. മൂപ്പന്മാരുടെ എണ്ണം ഇരുപത്തിനാലാണ്. ഇതുമുഴുവൻ പൗരോഹിത്യകമത്തിനും പ്രാതിനിധ്യം വഹിക്കുന്നു. (1ദിന, 24:1-4,19). പൗരോഹിത്യം സഭയുടെ ചിഹ്നമാണ്. യിസായേൽ പൗരോഹിത്യശുശ്രൂഷയ്ക്കായി വിളിക്കപ്പെട്ടുവെങ്കിലും (പുറ, 19:6) പാപംമൂലം അവർക്കതു നിർവ്വഹിക്കുവാൻ കഴിഞ്ഞില്ല. മഹാപീഡനകാല വിശുദ്ധന്മാരും യിസ്രായേല്യരും പൗരോഹിത്യശുശൂഷ നിർവ്വഹിക്കുന്നതു സഹസ്രാബ്ദവാഴ്ചയിലാണു. (വെളി, 6). വർത്തമാനകാലത്ത് പൗരോഹിത്യ ശുശ്രൂഷയ്ക്ക് അവകാശം ലഭിച്ചിട്ടുള്ളതു സഭയ്ക്കു മാത്രമാണ്. (1പത്രൊ, 2:5,9).
2. മൂപ്പന്മാർ കിരീടം ധരിച്ചിരിക്കുന്നു: അവരുടെ കിരീടം ചക്രവർത്തിയുടെ കിരീടം (ഡയഡീമാ അല്ല, വിജയികളുടെ കിരീടം സ്റ്റെഫാനൊസ്) ആണ്. വീണ്ടെടുക്കപ്പെട്ടവർക്കു മാത്രമാണ് കിരീടങ്ങൾ വാഗ്ദത്തം ചെയ്യപ്പെട്ടിരിക്കുന്നത്. (1കൊരി, 9:25, 1തെസ്സ, 2:19, 2തിമൊ, 2:11, വെളി, 2:10, 3:11).
3. മൂപ്പന്മാർ വെള്ളയുടുപ്പു ധരിച്ചിരിക്കുന്നു: (വെളി, 4:4). പ്രസ്തുത വിശേഷവസ്ത്രം വിശുദ്ധന്മാരുടെ നീതിപ്രവൃത്തികളാണ്. (വെളി, 19:8). വീണ്ടെടുക്കപ്പെട്ടവർക്കാണ് വെള്ളയുടുപ്പ് വാഗ്ദാനം ചെയ്തിട്ടുള്ളത്. (യെശ, 61:10, വെളി, 3:4-5).
4. മുപ്പന്മാർ സിംഹാസനങ്ങളിൽ ഇരിക്കുന്നു. സഭയ്ക്കാണ് ഈ പദവി വാഗ്ദത്തം ചെയ്തിട്ടുള്ളത്. (വെളി, 3:21, മത്താ, 19:28, യോഹ, 14:3). ദൂതന്മാർക്ക് ഈ പദവി ഇല്ല. അവർ സിംഹാസനത്തിനു ചുറ്റും നില്ക്കുകയാണു; ഇരിക്കുകയല്ല. യിസ്രായേലിനും ഈ ഭാഗ്യകരമായ പദവി ഇല്ല. അവർ സിംഹാസനസ്ഥന്റെ അധികാരത്തിനു വിധേയരാണ് അല്ലാതെ പ്രസ്തുത അധികാരത്തോടു ബന്ധപ്പെട്ടവരല്ല.
5. അവർ ദൂതന്മാരിൽനിന്നും, നാലു ജീവികളിൽനിന്നും വിവേചിക്കപ്പെട്ടിരിക്കുന്നു. (വെളി, 5:11, 7:11).
6. അവർ സർവ്വഗോത്രത്തിലും ഭാഷയിലും, വംശത്തിലും, ജാതിയിലും നിന്നുള്ളവരാണ്. (വെളി, 5:9).
7. മഹാപീഡനകാലത്തെ മഹാപുരുഷാരം സ്വർഗ്ഗത്തിൽ എത്തുമ്പോഴേക്കും അവർ സ്വർഗ്ഗത്തിൽ ആയിക്കഴിഞ്ഞിരുന്നു. (വെളി, 7:14).
8. സഭയോടുള്ള ബന്ധത്തിൽ മൂപ്പന്മാർ എന്നപദം പുതിയനിയമത്തിൽ പ്രാതിനിധ്യസ്വഭാവത്തിൽ പ്രയോഗിച്ചിട്ടുണ്ട്. (തീത്തൊ, 1:5).
9. അവർ വീണ്ടെടുപ്പിന്റെ ഗാനം പാടുന്നു. ഈ ഗാനത്തിൽ ഞങ്ങളെ എന്ന ഉത്തമപുരുഷ സർവ്വനാമമാണ്. അംഗീകൃത കൈയെഴുത്തു പ്രതികളിൽ. ഞങ്ങളെ വിലയ്ക്കുവാങ്ങി, ഞങ്ങളെ രാജ്യവും പുരോഹിതന്മാരും ആക്കിവെച്ചു, ഞങ്ങൾ ഭൂമിയിൽ വാഴുന്നു (വെളി, 5:9-10) എന്നിങ്ങനെയാണ് കാണുന്നത്. സ്വീകൃത്രഗ്രന്ഥം, സീനായിഗ്രന്ഥം, ഫുൾഡെൻസിസ്ഗ്രന്ഥം എന്നിങ്ങനെ അനേകം കൈയെഴുത്തുപ്രതികളും കോപ്റ്റിക്, ലത്തീൻ, അർമ്മീനിയൻ വിവർത്തനങ്ങളും, പ്രസ്തുത പാഠത്തിനു സാക്ഷികളാണ്.
10. നീ അവരെ വിലയ്ക്കുവാങ്ങി എന്നു പ്രഥമപുരുഷനിൽ (third person) മൂപ്പന്മാർ പാടിയാലും സഭയെക്കുറിക്കുന്നതാകാൻ പ്രയാസമില്ല. തങ്ങളെത്തന്നെ പ്രഥമ പുരുഷനിൽ പാടാവുന്നതേയുള്ളൂ. ചെങ്കടൽ കടന്ന യിസായേൽ ജനം തങ്ങളെ രക്ഷിച്ചതിനെ പ്രഥമപുരുഷനിൽ പാടുന്നതു നോക്കുക. “നീ വീണ്ടെടുത്ത ജനത്തെ ദയയാൽ നടത്തി അവരെകൊണ്ടുവന്നു” “നീ അവരെ കൊണ്ടുചെന്നു.” (പുറ, 15:13,16,17).
11. മുപ്പന്മാർ അനുഭവിക്കാത്ത രക്ഷയെക്കുറിച്ചാണ് പാടുന്നതെന്നുവന്നാലും അവർ സഭയുടെ പ്രതിനിധികളല്ലെന്നു തെളിയുകയില്ല. മഹാപീഡനകാലത്തു ഭൂമിയിൽ പകരപ്പെടുന്ന ദൈവക്രോധത്തെക്കുറിച്ചു അവർക്കു വ്യക്തമായ അറിവുണ്ട്. മഹാപീഡനത്തിലെ വിശുദ്ധന്മാരുടെ വീണ്ടെടുപ്പിനെക്കുറിച്ചു അവർക്കു പാടാവുന്നതേയുള്ളൂ. (വെളി, 5:9-10, 20:6).
12. ദൈവത്തിന്റെ കാര്യപരിപാടികളെക്കുറിച്ച് അവർക്കുള്ള ഗാഢമായ അറിവു അവർ സഭയുടെ പ്രതിനിധികളാണെന്നതിന്റെ തെളിവാണ്. ദൈവത്തിന്റെ കാര്യപരിപാടികൾ മൂപ്പന്മാർക്കു വെളിപ്പെടുത്തിക്കൊടുക്കുന്നു. ഈ അടുത്ത അറിവു ക്രിസ്തു ശിഷ്യന്മാർക്കു വാഗ്ദാനം ചെയ്തതാണ്. “യജമാനൻ ചെയ്യുന്നതു ദാസൻ അറിയായ്കകൊണ്ട് ഞാൻ നിങ്ങളെ ദാസന്മാർ എന്നു ഇനി പറയുന്നില്ല. ഞാൻ എന്റെ പിതാവിനോടു കേട്ടതു എല്ലാം നിങ്ങളോടു അറിയിച്ചതുകൊണ്ടു് നിങ്ങളെ സ്നേഹിതിന്മാർ എന്നു പറഞ്ഞിരിക്കുന്നു” (യോഹ, 16:15).
13. പൗരോഹിത്യ ശുശ്രൂഷയിൽ അവർ ക്രിസ്തുവിനോടൊപ്പം പങ്കെടുക്കുന്നു. അവർ സഭയുടെ പ്രതിനിധികളാണെന്നു ഇതു വ്യക്തമാക്കുന്നു. അവർ വീണയും വിശുദ്ധന്മാരുടെ പ്രാർത്ഥന എന്ന ധൂപവർഗ്ഗം നിറഞ്ഞ പൊൻകലശവും പിടിച്ചുകൊണ്ട് കുഞ്ഞാടിന്റെ മുമ്പിൽ വീണു. (വെളി, 5:8).